ദുഃഖം തളംകെട്ടി നില്‍ക്കുന്ന അവളുടെ മുഖത്ത് നോക്കുമ്പോള്‍ തന്നെ അയാള്‍ക്ക് വിഷമം തോന്നുന്നു.അവന്‍ പോയതില്‍ പിന്നെ ശരിക്ക് അവള്‍ ഉറങ്ങിയിട്ടില്ല എന്തിനു കാര്യമായി ഭക്ഷണം കഴിച്ചിട്ട് തന്നെ രണ്ടു ദിവസങ്ങള്‍ ആയി .അന്ന് മുതല്‍ ഓരോ ബന്ധു വീടുകളില്‍ കയറിയിറങ്ങുകയാണ് രണ്ടു പേരും..അവന്‍ അവിടെ എങ്ങാനും പോയിട്ടുണ്ടോ എന്നറിയാന്‍.ഇന്നത്തെപോലെ ഫോണ്‍ വ്യാപകമായിട്ടില്ലാത്ത കാലമാണ്.ഒരു വിവരം പെട്ടെന്ന് അറിയണം എന്നുണ്ടെങ്കില്‍ പോയി തന്നെ തിരക്കണം.മലബാറിനുള്ളിലുള്ള ബന്ധുക്കള്‍ മാത്രമേ രണ്ടു പേര്‍ക്കും ഉള്ളൂ ..ഇപ്പോള്‍ തന്നെ പലരുടെയും വീട്ടില്‍ പോയി ..അതും അവന്‍ പോകും എന്നുറപ്പുള്ള വീടുകളില്‍ ഒക്കെയും ..പിന്നെ ഒരു പ്രതീക്ഷയുടെ പുറത്തു മറ്റിടങ്ങളിലും ..പക്ഷെ അവന്‍ അവിടെ എവിടെയും ചെന്നിട്ടില്ല ...ബസ് സ്റ്റാന്റ് ,റെയില്‍വേ സ്റ്റേഷന്‍ ഒക്കെയും നോക്കി കൂടാതെ നഗരത്തിലെ പല ഹോട്ടലിലും കയറി ഇറങ്ങി.ചാടി പോകുന്ന മക്കള്‍ അധികവും ആദ്യം നോക്കുക കുറച്ചു പണം ഉണ്ടാക്കാനാണ്.അതിനു അവര്‍ക്ക് എളുപ്പം ജോലി കിട്ടുക ഹോട്ടലില്‍ ആണ് താനും.
എല്ലാ ബന്ധു വീട്ടില്‍ നിന്നും ഒരേ ചോദ്യം കൊണ്ടാണ് സ്വാഗതം ചെയ്തത്.
"എന്തെ മോനെ കൊണ്ടുവന്നില്ല ?"
അത് കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മുഖം മങ്ങും .പക്ഷെ പുറത്തു കാണിക്കാതെ അവള്‍ പിടിച്ചു നില്‍ക്കും.എന്തെങ്കിലും കള്ളം പറയും .അവളെ സമ്മതിക്കണം .ഇത്രയും ദുഃഖം ഉള്ളിലൊതുക്കി അവരോടു കളി തമാശ പറയുന്നതും വിശേഷങ്ങള്‍ പങ്കു വെക്കുന്നതുമൊക്കെ കാണുമ്പോള്‍ അയാളുടെ ഉള്ളില്‍ തീ ആളി കത്തുകയാണ്.നെഞ്ച് എരിയുകയാണ് .പക്ഷെ ആ വീട്ടില്‍ നിന്നുമിറങ്ങിയാല്‍ അവള്‍ പൊട്ടി പൊട്ടി കരയും .എന്ത് പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുക .
.
.
"അവിടെയും ഇല്ലല്ലോ ചേട്ടാ ..നമ്മുടെ മോന്‍ പിന്നെ അവന്‍ എവിടെ പോയി ?"
"അവന്‍ വരും ...നീ സമാധാനിക്കു .." അത്രയുമേ അയാള്‍ക്ക് പറയാന്‍ കഴിഞ്ഞുള്ളൂ .
ചെറിയ ഒരു വഴക്കാണ് എല്ലാറ്റിനും കാരണം .അപ്പുറത്തെ വീട്ടിലെ ആഷിക്കിന്റെതുപോലെ ഒരു സൈക്കിള്‍ അവനും വേണം .മാസാമാസം ചിലവുകള്‍ തന്നെ കഷ്ട്ടിച്ചു കൊണ്ട് പോകുന്ന അയാള്‍ക്ക് അത് നിറവേറി കൊടുക്കുവാന്‍ കഴിയില്ലായിരുന്നു.ആഷിക്കിന്റെ ഉപ്പ ഗള്‍ഫില്‍ ആണെന്നും നല്ല പൈസ കൈവശം ഉണ്ടെന്നും അതുപോലെ അച്ഛന് കഴിയില്ല എന്നും പറഞ്ഞു കൊടുത്തു അവള്‍ ...പക്ഷെ അതൊന്നും അവന്‍ ചെവികൊണ്ടില്ല .അവനു ഒരേ വാശി ആയിരുന്നു സൈക്കിള്‍ വേണം ..അവസാനം സഹികെട്ട അയാള്‍ അവനെ ഒന്നടിച്ചു .അതിനു പിണങ്ങി പോയതാണ് .ഉച്ച്ക്ക് ഭക്ഷണം പോലും കഴിക്കാന്‍ വന്നില്ല....കൂട്ടുകാരുടെ വീട്ടില്‍ ഉണ്ടാവുമെന്നുകരുതി ..ചിലപ്പോള്‍ അവന്‍ അവിടുന്നൊക്കെ ഭക്ഷണം കഴിക്കാറുണ്ട്..പിണങ്ങിയത് കൊണ്ട് അങ്ങിനെ ചെയ്തതാവും എന്ന് കരുതി...വൈകുന്നേരമായി ..സന്ധ്യയായി ...മനസ്സില്‍ ആദി കയറി തുടങ്ങി ...രാത്രിയായി .ഇരുപ്പുറക്കാതെയായി .അവന്‍ വന്നില്ല ആരെയും മിസ്സിംഗ് കാര്യം അറിയിച്ചില്ല .അവള്‍ സമ്മതിച്ചില്ല അതാണ് സത്യം..പലരും നമ്മളെ കുറ്റപെടുത്തും .അവനെയും..അത് വേണ്ട ...അവന്‍ വരും എന്ന് അവള്‍ അയാളെ സമാധാനിപ്പിച്ചു.എന്നിട്ടും ഇരുപ്പുറക്കാതെ .അവന്റെ കൂട്ടുകാരുടെ ഒക്കെ വീടുകളില്‍ അയാള്‍ വെറുതെ പോയി നോക്കി..നിരാശ ആയിരുന്നു ഫലം .മിസ്സിംഗ് എന്ന് പറഞ്ഞാല്‍ എല്ലാവരും ഇടപെടും .നാളെ അവന്‍ ഓടിപ്പോയ കുട്ടിയായി സമൂഹം കളിയാക്കും..അത് വേണ്ട .കൂടാതെ .അവന്‍ ഇവിടെ എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുവെങ്കില്‍ അവിടുന്ന് മുങ്ങും..അതും വേണ്ട .... .മനസ്സില്‍ ഭീതി കൂടി കടന്നു കയറിയപ്പോള്‍ അയല്‍ക്കാരോടു ആലോചിച്ചു പോലീസില്‍ അറിയിക്കുവാന്‍ തീരുമാനിച്ചു.പക്ഷെ അവള്‍ സമ്മതിച്ചില്ല .നല്ല അയല്‍ക്കാരോടു പോലും പറയാന്‍ വിട്ടില്ല..അവള്‍ക്കു ഒരു കാര്യം ഉറപ്പായിരുന്നു .
".പട്ടണത്തിലെ മാമന്റെ വീട്ടില്‍ പോയിരിക്കും.......പിണക്കം തീര്‍ന്നാല്‍ അവന്‍ നാളെ ഇങ്ങു വരും ..അല്ലെങ്കില്‍ വേണ്ട നമുക്ക് തന്നെ രാവിലെ പോയി വിളിച്ചു കൊണ്ട് വരാം."
അവളുടെ ധൈര്യം കണ്ടു അന്തിച്ചു..ഉറക്കം വരാതെ കട്ടിലില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിയുമ്പോള്‍ എന്തോ ഞരക്കം കേട്ട്നോക്കി.പുതപ്പിനുള്ളില്‍ മുഖമമര്‍ത്തി ഒച്ച ഇല്ലാതെ കരയുന്ന അവള്‍.അവള്‍ക്കും ഉറക്കമില്ല .പൊന്നോമന മകനെ ഓര്‍ത്ത്...എല്ലാം ഉള്ളിലോതുക്കുക ആയിരുന്നു ആ അമ്മ..അയാള്‍ വിഷമിക്കാതിരിക്കുവാന്‍...അയാളുടെ കണ്ണുകളും ഈറനായി.അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു .
എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു ..രാവിലെ തന്നെ പട്ടണത്തിലേക്ക് ഇറങ്ങി .മാമന്റെ വീട് ആയിരുന്നു ലക്ഷ്യം.അവിടെ ചെന്നപ്പോള്‍ നിരാശ തന്നെ ആയിരുന്നു ഫലം.അതോടെ അവളുടെ ധൈര്യം ചോര്‍ന്നു പോയി.ഇപ്പോള്‍ മൂന്നു ദിവസമായി അവന്‍ പോയിട്ട്.അന്വേഷണവും....ഇനി എവിടെ പോകും ?എന്റെ മോനെ നീ ഞങ്ങളെ പരീക്ഷിക്കരുതെ...
.സന്ധ്യ ആയതോടെ അന്നത്തെ അന്വേഷണവും പൂര്‍ത്തിയാക്കി .അവര്‍ വീട്ടിലേക്കു മടങ്ങി.ഇനി പോലീസ് മാത്രമേ രക്ഷ ഉള്ളൂ എന്ന് മനസ്സ് പറഞ്ഞു...ഏതായാലും ഇന്ന് എല്ലാവരെയും അറിയിച്ചു അടുത്ത കാര്യങ്ങള്‍ തീരുമാനിക്കണം.അവരുടെ അഭിപ്രായം പോലെ ചെയ്യാം.അന്നുതന്നെ പോലീസിനെ അറിയിച്ചാല്‍ മതിയായിരുന്നു.പക്ഷെ വരും വരും എന്നുള്ള പ്രതീക്ഷ അതില്‍ നിന്നും വിലക്കി .അവന്‍ കയ്യെത്താത്ത ദൂരത്തേക്ക് എത്തിപോയോ ?
ക്ഷേത്രത്തില്‍ നിന്നും മണിയടി കേള്‍ക്കുന്നുണ്ട്.ചിലര്‍ തിരക്കിട്ട് ക്ഷേത്രത്തിലേക്ക് പോകുന്നു.സന്ധ്യ വിളക്ക് കാണുവാന്‍ ആയിരിക്കും.പരിചിതര്‍ അയാളെ ചിരിച്ചു .അയാളും ...
"ചേട്ടാ ഒരു മിനുട്ട് ...ഇതുവരെ മോനെ കാണാതായത് നമ്മള്‍ ആരോടും പറഞ്ഞില്ല.ഇനി അത് ഒളിച്ചു വെയ്ക്കേണ്ട ..ഞാന്‍ പറഞ്ഞിട്ടുവരാം.അതും പറഞ്ഞു അവള്‍ ക്ഷേത്രത്തിലേക്ക് കയറി.ഒരിക്കലും അമ്പലത്തില്‍ കയറാത്ത അയാളെ അവള്‍ വിളിച്ചുമില്ല.എങ്കിലും ആദ്യമായി അയാള്‍ മനമുരുകി ദൈവത്തിനെ വിളിച്ചു.തന്റെ മകന് വേണ്ടി ..
വീട്ടിലെത്തുമ്പോള്‍ ഇരുട്ട് വ്യാപിച്ചിരുന്നു.അയാള്‍ വരാന്തയിലെ ലൈറ്റ്ഓണ്‍ ചെയ്തു.വീട് തുറക്കാന്‍ ശ്രമിക്കവേ ഇറയത്ത് അങ്ങേയറ്റത്ത് കസേരയില്‍ അവശനായി കിടക്കുന്ന മകനെ കണ്ടു ....അന്നേരമാണ് അവളും അത് ശ്രദ്ധിച്ചത് .ഒരു എങ്ങലോടെ അവര്‍ ഓടി അവന്റെ അടുത്തെത്തി ...മയങ്ങി കിടക്കുന്ന അവനെ വിളിച്ചുണര്‍ത്തി.
"എവിടെയാ അമ്മെ പോയത് ...ഞാന്‍ വന്നിട്ട് എത്ര സമയമായി എന്നറിയാമോ ?വിശന്നിട്ടു വയ്യ ..രണ്ടു ദിവസമായി വെള്ളമല്ലാതെ ഒന്നും കഴിച്ചുമില്ല"..
അവനെ കെട്ടിപിടിച്ചു അവള്‍ പൊട്ടി പൊട്ടി കരഞ്ഞു .സന്തോഷവും സങ്കടവും കൊണ്ട് അവള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. .അയാള്‍ വേഗം വീട് തുറന്നു ..മോനെ എടുത്തുകൊണ്ട് അയാളും അവളും വീട്ടിലേക്കു കയറി.മോനെ കട്ടിലില്‍ കിടത്തിയിട്ടു അയാള്‍ പൊടുന്നനെ പുറത്തേക്കോടി ..വീട്ടില്‍ പെട്ടെന്ന് തിന്നുവാന്‍ പറ്റിയ ഒന്നുംകാണില്ല... ...രണ്ടു മൂന്നു ദിവസമായി യാത്രയല്ലേ .....ഇവനെ തേടി ........അവനാനെങ്കില്‍ ഭയങ്കര വിശപ്പും...അവന്‍ ഉപേക്ഷിച്ചു പോയ സ്നേഹവാത്സല്യങ്ങള്‍ വീണ്ടും അനുഭവിച്ചു കൊണ്ടിരുന്നു.
മണിയൊച്ച കേട്ടപ്പോള്‍ ഓര്‍മകളില്‍ നിന്നും അയാള്‍ ഞെട്ടി.അമ്മ പറഞ്ഞു കൊടുത്ത കാര്യങ്ങളാണ് മനസ്സിലൂടെ ഓടിപോയത്.തന്നെ കുറിച്ചുള്ള കാര്യങ്ങള്‍.തന്റെ ചെറുപ്പത്തിലെ ഒളിച്ചോട്ടം അവരില്‍ രണ്ടുമൂന്നു ദിവസം ഉണ്ടാക്കിയ വേദനകള്‍ ...
അയാള്‍ ദേവിക്ക് മുന്നില്‍ മനമുരുകി പ്രാര്‍ഥിച്ചു .."ദേവി ആ മകനാണ് ഞാന്‍ .. ....അമ്മ ഇന്നും വിശ്വസിക്കുന്നു ദേവിയാണ് എന്നെ തിരികെ കൊടുത്തതെന്ന് ..സത്യം മറ്റു പലതുമാണ് ..എങ്കിലും അത് വിശ്വസിക്കുവാനാണ് അമ്മക്ക് ഇഷ്ടം.അയാള്‍ അമ്മക്ക് വേണ്ടി പ്രാര്‍ഥിച്ചു .അമ്മ പെട്ടെന്ന് സുഖം പ്രാപിച്ചു എഴുനേറ്റു വരണമേ ദേവി ...ഞാന്‍ മാസങ്ങളായി ആവശ്യപെടുകയാണ് .
അമ്മ കിടപ്പിലായതില്‍ പിന്നെ ദൂരെ ഉള്ള നല്ല ജോലി ഒക്കെ ഉപേക്ഷിച്ചു നാട്ടില്‍ തന്നെയാണ്.സഹായത്തിനു വീട്ടില്‍ ഒരു ഹോം നേഴ്സ് ഉണ്ട്. ജീവിതവഴിയില്‍ കിട്ടിയ കയ്പ്പുള്ള അനുഭവം കല്യാണത്തില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ കാരണമായി. അതില്‍ മാത്രമായിരുന്നു അമ്മക്ക് അയാളോട് ദേഷ്യം.പല തവണ നിര്‍ബന്ധിച്ചിട്ടും അയാള്‍ വഴങ്ങിയില്ല.ആ നഷ്ട്ട പ്രണയത്തിന്റെ വേദന തന്നെയാണ് നാട്ടില്‍ നിന്നും അകറ്റി നിര്‍ത്തിയതും..പക്ഷെ അമ്മ വീണപ്പോള്‍ നഗരത്തില്‍ നിന്നും ഓടിയെത്തിയതാണ് ..പിന്നെ പോയില്ല...കുറെ പണം ഉണ്ടാക്കി ..ആര്‍ക്കു വേണ്ടി ? ദൂരെ നഗരത്തില്‍ വന്നു നില്ക്കാന്‍ അമ്മക്ക് താല്പര്യം ഉണ്ടായിരുനില്ല ....അച്ഛന്റെ ഓര്‍മകളില്‍ കടിച്ചു തൂങ്ങി നാട്ടില്‍ കഴിയുവാനായിരുന്നു തീരുമാനം..അത് കൊണ്ട് ഇടയ്ക്കിടെ വന്നു ഒന്ന് രണ്ടാഴ്ച അമ്മയ്ക്കൊപ്പം..അങ്ങിനെ വര്‍ഷങ്ങള്‍ പോയി...സഹായത്തിനു നാണിയമ്മ ഉണ്ടായിരുന്നു.അവരും പോയപ്പോള്‍ അമ്മ തനിച്ചായി..പ്രായവും കൂടി വന്നു ..അസുഖങ്ങളും ...നാട്ടില്‍ ഒരു ജോലിക്ക് ശ്രമിക്കവേ ആണ് അമ്മ വീണത്.അതോടെ എല്ലാം ഉപേക്ഷിച്ചു നാട്ടില്‍ തന്നെ ...ഇപ്പോള്‍ ആറേഴു മാസമായി ഇവിടെ തന്നെ ..അമ്മയ്കൊപ്പം ..ജോലി ഒക്കെ അമ്മയുടെ അസുഖം മാറിയതിനു ശേഷം ...
അയാള്‍ അമ്പലത്തിന്റെ ചുറ്റുമതിലിനുള്ളില്‍ നിന്നും പുറത്തിറങ്ങി തോളിലുള്ള ഷര്‍ട്ടു ഇട്ടു.പതിയെ ആല്‍മരത്തിനടുത്തെക്ക് നടന്നു.അവിടെ കുറച്ചു സമയമിരുന്നാല്‍ ഒരു എനര്‍ജി വരുന്നതുപോലെ തോന്നാറുണ്ട്.കൂടാതെ യാചക വൃത്തിക്കായി അവിടെ ഇരിക്കുന്ന വൃദ്ധയായ സ്ത്രീയ്ക്ക് മാസങ്ങളായി ദിവസവും എന്തെങ്കിലുമൊക്കെ കൊടുക്കും.നോട്ടു ആയും നാണയം ആയും.ചിലപ്പോള്‍ ഭക്ഷണവും ..അപ്പോള്‍ അവരുടെ ക്ഷീണിച്ചു ശോഷിച്ച മുഖത്ത് വരുന്ന ചിരി കാണുവാന്‍ തന്നെ നല്ല ഭംഗിയാണ്.മനസ്സ് കുളിര്‍ക്കും.അവരുടെ കണ്ണുകള്‍ തന്റെ അമ്മയുടെ കണ്ണുകള്‍ പോലെയാണ്.എന്നയാള്‍ക്ക് പലപ്പോഴും തോന്നി.പ്രകാശം പരത്തുന്നു എന്ന് തോന്നിക്കുന്ന വലിയ ഉണ്ട കണ്ണുകള്‍ ....അതാവും അയാളെ അവരോടു അടുപ്പിച്ചതും..അവര്‍ക്കും അയാളോട് സ്നേഹമായിരുന്നു ..വാത്സല്യവും ..പരസ്പരം വിശേഷങ്ങള്‍ പങ്കുവെക്കും .അവര്‍ പറയുന്നകാര്യങ്ങള്‍ വ്യക്തമല്ലെങ്കിലും അയാള്‍ തലയാട്ടും..കേള്‍ക്കാന്‍ ഒരാളുണ്ടല്ലോ എന്ന സന്തോഷം അവര്‍ക്കും ..
..പോക്കറ്റില്‍ നിന്നും നോട്ടെടുത്ത് കയ്യില്‍ പിടിച്ചു അയാള്‍ ആല്‍മരത്തിനടുത്തെത്തി ...അവരെ അവിടെ എങ്ങും കണ്ടില്ല ..അമ്പലത്തിനു ചുറ്റും പോയി നോക്കി.ഇല്ല ...വെറുതെ അപ്പുറത്തെ ഇടവഴിയിലും മറ്റും നോക്കി ..ആ പരിസരത്തു എവിടെയും അവര്‍ ഉണ്ടായിരുനില്ല.നിരാശയോടെ മടങ്ങി വന്നു ആല്‍മരത്തിനു ചുവട്ടിലിരുന്നു .എന്തോ ഒരു വല്ലായ്മ...അവരെ കാണാത്തത് കൊണ്ടായിരിക്കും ..എന്തോ ഒന്ന് നഷ്ട്ടപെട്ടത് പോലെ ...ആറുമാസത്തിനിടയില്‍ ആദ്യമായാണ് അവരെ കാണാത്തത് ...സംസാരിക്കാത്തത്
അങ്ങ് ദൂരെ നിന്നും വെപ്രാളത്തോടെ ദേവന്‍ മാമ വരുന്നത് കണ്ടു അയാള്‍ എഴുന്നെറ്റു. പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് ചെന്ന് കാര്യം തിരക്കി.
"എന്താ ദേവന്‍ മാമ .."
"നീ വേഗം വീട്ടിലേക്കു വാ ..ആ മുഖത്ത് അവന്റെ ചോദ്യത്തിനുള്ള ഉത്തരം എല്ലാമുണ്ടായിരുന്നു."അയാള്‍ വീട്ടിലേക്കു കുതിച്ചു .
ശവദാഹം ഒക്കെ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു..ആരോ അവിടെ ഉപേക്ഷിച്ച് പോയ സായാഹ്ന പത്രത്തില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി.
ദേവി ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി യാചക വൃത്തി ചെയ്തുകൊണ്ടിരുന്ന അജ്ഞാതയായ വൃദ്ധയുടെ മരണത്തെ കുറിച്ചുള്ള വാര്‍ത്ത വായിച്ചു കൊണ്ടിരിക്കുമ്പോള്‍ , എന്തോ ...അയാള്‍ക്ക് അമ്മയെ ഓര്മ വന്നത് കൊണ്ടാവണം കണ്ണുകള്‍ നിറഞ്ഞൊഴുകി ...ജീവിതത്തില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടായതായി അയാള്‍ മനസ്സിലാക്കി.തന്റെ ഒന്നിച്ചുണ്ടായിരുന്ന എല്ലാ സ്നേഹവും വാത്സല്യവും അകന്നു പോയതായും അയാള്‍ക്ക് തോന്നി .അയാളില്‍ നിന്ന് ഒരു കരച്ചില്‍ പുറത്തേക്ക് ചാടി ..വളരെ പണിപെട്ടു അതയാള്‍ പിടിച്ചു നിര്‍ത്തി.അപ്പോള്‍ അപ്പുറത്ത് ചിത ഏതാണ്ട് കെട്ടടങ്ങിയിരുന്നു .
കഥ :പ്രമോദ് കുമാര്‍ .കെ.പി
( ഇത് എന്റെ നൂറാമത്തെ ബ്ലോഗ് പോസ്റ്റ് ആണ് )