Monday, October 28, 2024

കോഴിപന്നൈ ചെല്ലധുരൈ

അണ്ണൻ തമ്പി പാശം അണ്ണൻ തങ്കച്ചി പാശം അങ്ങിനെ പാശ ത്തിൻ്റെ ഓൾസൈൽ ആണ് തമിഴു സിനിമ.പാശം ഇല്ലെങ്കിൽ സിനിമ ഇല്ലാത്ത അവസ്ഥ.


അങ്ങിനെ കുറെ പേര് പറഞ്ഞു പഴകിയ കാര്യങ്ങളും മറ്റും പുതിയ താരങ്ങളെ വെച്ച് പുത്തിയകുപ്പിയിലെ പഴയ വീഞ്ഞ് വീണ്ടും കുടുപ്പിക്കുകയാണ് സീനു രാമസ്വാമി എന്ന സംവിധായകൻ.



അച്ഛനും അമ്മയും ഉപേക്ഷിച്ച് പോയത് കൊണ്ട് കുഞ്ഞു പെങ്ങളെ അധ്വാനിച്ച് വളർത്തി വലുതാക്കാൻ പെരിയപ്പ അയാളുടെ ഫാമിൽ ജോലി കൊടുത്ത് സഹായിക്കുന്നു എങ്കിലും മറ്റു പണികൾ കൂടി ചെയ്തു പണം സ്വരുക്കൂട്ടി വീട്,പെങ്ങളുടെ കല്യാണം എന്നൊക്കെ സ്വപ്നം കാണുന്ന ചെല്ലക്ക് പെങ്ങളുടെ പ്രേമം അംഗീകരിക്കുവാൻ കഴിയുന്നില്ല.



പിന്നീട് എല്ലാ സിനിമയിലും കാണുന്നതുപോലെ പിണക്കം,ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്ന അവസ്ഥ, തമ്മിൽ സംസാരിക്കാതെ തുടരുക തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം പുതിയ ചെറുക്കനെ അന്വേഷിച്ചു പോകുക...അങ്ങിനെ ഒരേ റൂട്ടിൽ...


ഇതിലൊരു മാറ്റം എന്താണ് എന്ന് വെച്ചാൽ തങ്ങളെ ഉപേക്ഷിച്ച് പോയ അച്ഛനും അമ്മയും പിന്നീട് ഗതികേട് കൊണ്ട് ഇവരെ ആശ്രയിക്കേണ്ട അവസ്ഥ വരുന്നുണ്ട് എന്നതാണ്..


യോഗി ബാബുവിനെ ഉൾപ്പെടുത്തിയത് അല്പം എങ്കിലും സ്റ്റാർ വാല്യൂ കിട്ടുവാൻ വേണ്ടി മാത്രം ആയിരിക്കണം. അതും ചിലപ്പോൾ അദ്ദേഹം പഴയ ഏതെങ്കിലും ബാധ്യത പേരിൽ അഭിനയിച്ചത് ആകാം. ഇല്ലെങ്കിൽ വ്യത്യസ്ത റോളുകൾ ചെയ്തു മുന്നേറുന്ന അദ്ദേഹത്തിന് ഇതിൽ തലവെച്ച് കൊടുക്കേണ്ട ആവശ്യം ഇല്ല.

ഏതൊക്കെയോ അവാർഡ് കിട്ടിയ കാര്യങ്ങളൊക്കെ തുടക്കത്തിൽ കാണിക്കുന്നുണ്ട്...എന്തിനാണീ പ്രഹസനം എന്ന് സിനിമ കണ്ടാൽ തോന്നിയേക്കാം.



പ്ര.മോ.ദി.സം

ബ്ലാക്ക്

  

തമിഴു സിനിമ പരീക്ഷണങ്ങളുടെ പിന്നാലെ പോകാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. പക്ഷേ പ്രശ്നം എന്താണ് എന്ന് വെച്ചാൽ ഒരാള് പരീക്ഷണം തുടങ്ങി വിജയിച്ചാൽ മറ്റു പലരും അതിൽ പിടി പിന്തുടർന്ന് അതെ പോലെ സിനിമ എടുത്തു നമ്മളെ വെറുപ്പിക്കും.


*ടൈം മെഷീൻ* എന്ന് പറഞ്ഞു കൊണ്ടുള്ള സിനിമ നമ്മൾ തമിഴിൽ തന്നെ മിനിമം പത്ത് എങ്കിലും കണ്ടിട്ടുണ്ടാകും.അതിൽ കൂടുതലും നമ്മളെ മനം മടുപ്പിച്ചും കാണും.. ഇത് അതെ പാട്ടേൺ ഉൾകൊണ്ട് ഉണ്ടാക്കിയ ചിത്രമാണ്.പൂർണമായും അതിലേക്ക് പോകുന്നില്ല എങ്കിൽ കൂടി ....


തൊഴിലിലെ തിരക്കിൽ നിന്നും രക്ഷപ്പെടുവാൻ ദമ്പതികൾ ദൂരെ ഒരു റിസോർട്ടിൽ എത്തിപ്പെടുന്നത് എൻജോയ് ചെയ്യുവാൻ വേണ്ടിയായിരുന്നു.പക്ഷേ അവിടെ നടക്കുന്ന ഓരോരോ സംഭവങ്ങൾ അവരിൽ അസ്വസ്ഥത ഉണ്ടാക്കുന്നു.അവരേ പോലെ തന്നെ രൂപവും ഭാവവും പ്രവർത്തിയും ഉള്ള മറ്റൊരു ദമ്പതികളുടെ പ്രവർത്തികൾ അവർ ചെയ്യുന്നതോ ചെയ്തു വെച്ചതോ ആകുന്നതു അവർക്ക് ഭയം സൃഷ്ടിക്കുന്നു.


അവിടെ നിന്നും രക്ഷപെട്ടു പുറത്ത് കടക്കുവാൻ ശ്രമിക്കുന്നു എങ്കിലും അവർ അതിനൂള്ളിൽ തന്നെ വട്ടം കറ ങ്ങുകയല്ലാതെ പുറത്തേക്ക് പോകാൻ പറ്റുന്നില്ല..അവർ പോകുമ്പോൾ കടന്നു പോകുന്ന ബ്ലാക്ക് മാർക്ക് ആണ് അവരെ അവിടെ പിടിച്ചു നിർത്തുന്നത് എന്ന് മനസ്സിലാക്കിയ അവർ അത് ഒഴിവാക്കാൻ നടത്തുന്ന ശ്രമമാണ് സിനിമ.



നല്ല പോലെ ശ്രദ്ധിച്ചു ക്ഷമയുടെ കാണുകയാണെങ്കിൽ ആസ്വദിക്കുവാൻ പറ്റും അല്ലെങ്കിൽ ബോറടിച്ചു ചത്ത് പോകും.. കേ.ജീ ബാലസുബ്ര മണി  രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ജീവയും പ്രിയ ഭവാനി ശങ്കറും ആണ് പ്രധാന വേഷത്തിൽ..


പ്ര.മോ.ദി.സം

ബുള്ളറ്റ് ഡയറീസ്

ആഴ്ചയിൽ ധ്യാൻ ശ്രീനിവാസൻ പടം ഇറങ്ങിയ ഒരു കാലം ഉണ്ടായിരുന്നു.ഇപ്പോഴും ആഴ്ചയിൽ ഇല്ലെങ്കിലും ഇടക്കിടക്ക് പുള്ളിയുടെ സിനിമ വരുന്നുണ്ട്.തിയേറ്റർ പ്രധാന ലക്ഷ്യം അല്ലാത്തത് കൊണ്ട് തന്നെ പലപ്പോഴും ഓ റ്റി റ്റീ റിലീസ് ആവുമ്പോൾ ആണ് പലരും അറിയുന്നത്.






ഈ സിനിമയുടെ പാട്ടുകൾ മുൻപേ തന്നെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും സിനിമ തിയേറ്ററിൽ വന്നത് എപ്പോൾ എന്നൊരു നിശ്ചയമില്ലായിരുന്നു.ഇപ്പൊൾ ഒ റ്റീ റ്റീ വന്നത് കൊണ്ട് കാണാൻ പറ്റി..അല്ലെങ്കിലും തിയേറ്റർ എക്സ്പീരിയൻസ് വേണ്ടാത്ത സിനിമ ആയതു കൊണ്ട് തന്നെ പലരും  ചെറിയ സ്ക്രീനിൽ കാണാൻ കാത്തിരുന്നു എന്ന് മാത്രം.


അത്യാവശ്യം കാണാൻ ഉള്ള സിനിമ ആയിട്ടാണ് തോന്നിയത്.ഒരു ബുള്ളറ്റ് പ്രേമിയുടെ കഥ നല്ല രീതിയിൽ തന്നെ ചിത്രീകരിച്ചിട്ടുണ്ട്.


ബുള്ളറ്റ് ഒരു സമയത്ത് ചെറുപ്പക്കാരുടെ വികാരം ആയിരുന്നു.അതിൻ്റെ പ്രത്യേക ശബ്ദവും ഗാംഭീര്യവും കൊണ്ട് പലരുടെയും ഉറക്കം കെടുത്തിയ മൊതല്. എപ്പോൾ എങ്കിലും വണ്ടി എടുക്കുമ്പോൾ അത് ബുള്ളറ്റ് തന്നെ ആകണം എന്നൊരു തോന്നൽ പലർക്കും ഉണ്ടായിരുന്നു.


പിന്നെ പിന്നെ നാട്ടിൽ കാക്കകളെകാളും കൂടുതൽ ബുള്ളറ്റ് ഇറങ്ങിയപ്പോൾ പഴയ പ്രൗഡിയും ഇഷ്ടവും നഷ്ടപ്പെട്ടു എങ്കിലും ചിലർക്ക് ഒക്കെ അത് ഒരു വികാരം തന്നെയായിരുന്നു.ഇപ്പോഴും ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാതെ കൊണ്ട് നടക്കുന്നവർ ഉണ്ട്.



അതുപോലെ ഉള്ള ഒരാളുടെ കഥയാണ് ഇതും. തൻ്റെ ബുള്ളറ്റ് മോഷ്ടിക്കപ്പെട്ടു പോയപ്പോൾ അതിനെ തേടി മറ്റെല്ലാം മറന്നു അലയുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥ.അതിൽ നമുക്ക് അറ്റാച്ച് ചെയ്യാൻ പറ്റിയ സംഭവങ്ങൾ കൂടി കോർത്തിണക്കി സംവിധായകൻ സന്തോഷ് മുണ്ടൂർ ഒരുക്കിയിരിക്കുന്നു.


പ്ര.മോ.ദി.സം

Sunday, October 27, 2024

പണി

  

മലയാള സിനിമയിൽ "പണി" അറിയാതെ വിവിധ മേഖലയിൽ കൈകടത്തി വെറുപ്പിക്കുന്നവർ ഉണ്ട്..സൂപ്പർ മെഗാ താരങ്ങൾ വരെ അങ്ങിനെ ഇടപെട്ട് കുളം ആക്കിയ കുറെ തിരക്കഥകൾ ഉണ്ട്..പണി അറിയുന്നവർ പണിതാൽ അത് ഉഗ്രൻ ആയിരിക്കും.


അഭിനയം കൊണ്ട് നമ്മുടെ മനസ്സ് കീഴടക്കിയ ജോജു ജോർജ് പലരെയും പോലെ "സ്വയം"സ്ഥാപിതനായ താരമല്ല..വർഷങ്ങളായി സിനിമയുടെ പിന്നാമ്പുറത്ത് നിന്ന് അധ്വാനിച്ച് സിനിമയുടെ ഓരോരോ വശവും മനസ്സിലാക്കി മുന്നിലേക്ക് വന്നു കഷ്ടപ്പെട്ട് പടിക്കെട്ടുകൾ കയറി ഉയരത്തിൽ എത്തിയ നടനാണ്.



അദ്ദേഹം തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്നു എന്നറിഞ്ഞപ്പോൾ വലിയ പ്രതീക്ഷയായിരുന്നു.അത് വെറുതെയായില്ല..തുടർ പ്രതീക്ഷ കൂടാതെ അദ്ദേഹത്തോടുള്ള ആരാധന

പതിന്മടങ്ങ് വർദ്ധിച്ചു എന്നാണ് സിനിമ കണ്ടിറങ്ങിയാൽ തോന്നുന്നത്.


ശരിക്കും തുടക്കം മുതൽ ഒടുക്കംവരെ നമുക്ക് കോരിത്തരിച്ചു ആസ്വദിക്കുവാൻ പറ്റൂന്ന അടിപൊളി ത്രില്ലർ തന്നെയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്.



പൂരവും പെരുന്നാളും നമ്മെ വിസ്മയിപ്പിക്കുന്ന ഗുണ്ടവിളയാട്ടത്തിൻ്റെ കൂടി തലസ്ഥാനമായ തൃശ്ശൂർ എന്ന സാംസ്കാരിക നഗരത്തിലാണ് കഥനടക്കുന്നത്..




പഴയ ഗുണ്ടകൾ ആണെങ്കിലും ഇപ്പൊൾ അടങ്ങി ഒതുങ്ങി ബിസിനസുമായി നടക്കുന്ന ഗിരിയുടെ കുടുംബത്തിലേക്ക് പുതിയ ക്വട്ടേഷൻ ചെക്കന്മാർ കൊടുക്കുന്ന പണി കുടുംബത്തെ ആകെ ബാധിക്കുമ്പോൾ കൈയ്യും കെട്ടി നിൽക്കാതെ ഫീൽഡിലേക്ക് ഇറങ്ങി തിരിച്ചു കൊടുക്കുന്ന് പണിയുടെ കാഴ്ചയാണ് നമ്മൾ ആസ്വഭിക്കുന്നത്.



 സാഗർ സൂര്യ ,ജുനെയ്സ് എന്നീ രണ്ടു യുവതാരങ്ങളുടെ പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്..ഇവർ പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്.. സീമ,അഭിനയ,ചാന്ദിനി,സുജിത് ശങ്കർ,പ്രശാന്ത് അലക്സാണ്ടർ,ബാബു നമ്പൂതിരി എന്നിവരാണ് സാം സി എസ് സംഗീതം നൽകിയ ചിത്രത്തിലെ താരങ്ങൾ.


പ്ര.മോ.ദി.സം