Saturday, October 8, 2022

മേ ഹൂം മൂസ




ജനിച്ച നാട്ടിൽ  മരിച്ചു എന്ന് കരുതിയ ഒരാള് പത്തൊമ്പത് വര്ഷങ്ങള്ക്ക് ശേഷം മടങ്ങിയെത്തി നാട്ടുകാരുടെ ഇടയിൽ ,വീട്ടുകാരുടെ ഇടയിൽ  താൻ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ വേണ്ടി പെടാ പാടുപെടുന്നു എന്നത് ഒന്ന് ആലോചിച്ചു നോക്കൂ... എത്ര ഭീകരം ആയിരിക്കും അത്..





മൂസയുടെ കാര്യത്തിൽ അതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു..ഭാര്യയും മോളും ഒക്കെ മറ്റൊരു ജീവിതത്തിൻ്റെ ഭാഗമായി എന്ന് കൂടി മനസ്സിലാക്കുമ്പോൾ അയാളുടെ മാനസിക അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ...ജീവിച്ചിരുന്നു എങ്കിൽ കൂടി മരിച്ച ആളായി മാറിയ അവസ്ഥ.





കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്ന് കരുതി നാടും വീടും സ്മൃതി മണ്ഡപം കെട്ടി  ആരാധിക്കുന്ന മൂസയുടെ കഥ ശക്തം ആയിരുന്നു. സ്വന്തം നാട്ടിൽ മേൽവിലാസം ഉറപ്പിക്കാൻ ശ്രമിക്കുന്ന പട്ടാളക്കാരൻ്റെ ജീവിത കഥ നല്ല നിലയിൽ പറയുന്നതിന് പകരം തമാശ രൂപത്തിൽ അവതരിപ്പിച്ചത് സിനിമയുടെ ആസ്വാദനത്തെ നന്നായി ബാധിക്കുന്നു.കൂടാതെ മലപ്പുറം ഭാഷ പറയുവാൻ ഉള്ള സുരേഷ്ഗോപിയുടെ പെടാപാടും കല്ലുകടി ആകുന്നു എങ്കിലും മൂസ എന്ന കഥാപാത്രം നമുക്ക് വേറെ തലത്തിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു.



ടൈറ്റിൽ കാണിക്കുമ്പോൾ നമ്മുടെ ഇന്ത്യാ മഹാരാജ്യത്തെ പല സ്ഥലങ്ങൾ കാണിക്കുന്നത് പുതുമയായി..എടുത്ത് പറയേണ്ടത് ശ്രിന്ദ എന്ന അഭിനേത്രിയെ കുറിച്ച് കൂടിയാണ്..സുരേഷ് ഗോപി സൂചിപ്പിച്ചത് പോലെ ലളിത ചേച്ചിയുടെ അഭാവം നികത്തുവാൻ ആ കലാകാരിക്കു കഴിഞ്ഞേക്കും.




"ഈ മണ്ണിന് വേണ്ടി പൊരുതി മരിക്കാൻ തയ്യാറായ ഇസ്ലാമാണ്  അല്ലാതെ മറ്റുള്ളവരെ കൊന്നിട്ട് സ്വർഗത്ത്

 പോകാൻ നടക്കുന്ന മാപ്പിള അല്ല ഈ മൂസ " എന്നൊക്കെ ഉള്ള മാസ് ഡയലോഗ് തിയേറ്ററിൽ കയ്യടിയുടെ മേളം നൽകുന്നു.ചിലർക്കൊക്കെ നേരം വെളുത്തു എന്ന തോന്നൽ നമ്മൾ കൂടി കൈകൊട്ടി അതോടൊപ്പം ആഘോഷിക്കുന്നു 

പ്ര .മോ .ദി.സം




കുരുതിയാട്ടം

 



എല്ലാവരെയും പോലെ കളിച്ചും ചിരിച്ചും സൗഹൃദം പങ്ക് വെച്ചും ചങ്ങാതി കൂട്ടത്തിനൊപ്പം കബഡി കളിച്ചും എതിറ് ടീമുമായി കൊമ്പ് കോർത്തും നടന്ന യുവാവിന് ആകസ്മികമായി 

എതിർചേരിയിലെ കളിക്കാരനും നാട്ടിലെ കാര്യങ്ങൽ നിയന്ത്രിക്കുന്ന ഗ്യാങ്ങ് ലീഡറുടെ മകനുമായി ചങ്ങാത്തത്തിൽ ആകുന്നു.






ആ സൗഹൃദം അയാളുടെ അതുവരെയുള്ള ജീവിതം തലകീഴായി മറിക്കുകയികയും പല പ്രശ്നങ്ങളിൽ ഇടപെടുകയും കൂടിയാവുമ്പോൾ പല കാര്യങ്ങളും അയാളിൽ നിന്ന് അകന്നു പോകുന്നു.







അഥർവ മുരളി എന്ന പഴയകാല നടൻ മുരളിയുടെ മകൻ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ കാണിച്ച ശുഷ്കാന്തി ഈ ചിത്രത്തിലില്ല.പല താരങ്ങൾ മുൻപ് പയറ്റി അഭിനയിച്ചു പോയ കഥാപാത്രം വീണ്ടു സ്വീകരിച്ചു കരിയറിൽ പിന്നോട്ടേക്ക് പോയിരിക്കുന്നു.


പ്ര .മോ. ദി .സം

Friday, October 7, 2022

കൊത്ത്

 



കണ്ണൂർ എന്ന നാടിനെ കുറിച്ച് പലർക്കും പറഞ്ഞു കേട്ട അറിവുകൾ അല്ലാതെ അവിടെ പോകാത്തവർക്ക് കാര്യമായി വലിയ ധാരണ ഇല്ല എന്ന് അവർ പൊതുവായി പങ്കിടുന്ന കാര്യങ്ങളിൽ നിന്നും മനസ്സിലാകും.



വർഷം മുഴുവൻ കൊലപാതകവും ബോംബേറും ഹർത്താലും ആണെന്ന ധാരണ മറ്റുള്ളവരിൽ തിരുകി കയറ്റിയ മാധ്യമങ്ങൾ പലപ്പോഴും യഥാർത്ഥ കാര്യങ്ങൽ അറിയിക്കുവാൻ മിനക്കെടാറില്ല.കണ്ണൂർ രാഷ്ട്രീയത്തെ കുറിച്ച് പറയാൻ വന്ന സിനിമാക്കാരും കാര്യങ്ങൽ പൊലിപ്പിച്ചു കാണിക്കുവാൻ തന്നെയാണ് ശ്രമിച്ചതും.

കൂട്ടത്തിൽ സത്യസന്ധമായ  നാടിനെ കുറിച്ചുള്ള കാര്യം പറഞ്ഞ സിനിമ ആയാണ് കൊത്ത് കണ്ടപ്പോൾ തോന്നിയത്.




ഒരിക്കലും തമ്മിൽ പരിചയമോ പകയോ വിദ്വേഷമോ എന്തിന് കാണുക പോലും ചെയ്യാത്തവർ രാഷ്ട്രീയത്തിന് വേണ്ടി നേതാക്കന്മാരുടെ ആഞ്ഞാനുവർത്തി അനുസരിച്ച് പരസ്പരം കൊത്തി നുറുക്കി ബലിയാടുകൾ ആവുന്ന സംഭവങ്ങൾ സിബിമലയിൽ കൃത്യമായി കാണിക്കുന്നുണ്ട്.




അവിടെ പെറ്റവയർ നോവുന്ന അമ്മമാരുണ്ട്..വൈധവ്യം അനുഭവിക്കുന്ന ഭാര്യമാർ ഉണ്ടു അനാഥരായ കുഞ്ഞുങ്ങൾ ഉണ്ട്.. നേതാക്കൾ ഇതൊന്നും ശരിയായ കണ്ണിൽ കൂടി കാണുന്നില്ല.അവർ പാർട്ടിക്കുവേണ്ടി അവരെ ചാവേറുകൾ ആക്കുന്നു.



സിനിമയിലെ നായകൻ പറയുന്നതുപോലെ കണ്ണൂരിലെ പാർട്ടി അനുഭാവികളും മറ്റും കമ്മ്യൂണിസം പഠിച്ചോ മാർക്സിനെ അറിഞ്ഞോ ചെഗുവേരയെ കുറിച്ച് അന്വേഷിച്ചു  നടന്നോ ഒന്നും പാർട്ടിയിൽ വന്നവരല്ല. അവർക്ക് ആ കൊടിയോടുള്ള ബഹുമാനം കൊണ്ടും പാർട്ടി ചെയ്ത കാര്യങ്ങളിൽ ഉള്ള വിശ്വാസം കൊണ്ടും നടന്നു കയറിയവർ ആണ്.അവർക്ക് ഇലക്ഷന് ജയിക്കുക എന്നതിൽ കവിഞ്ഞ് സമൂഹത്തോട് ഒരു കടപ്പാട് കൂടി യുണ്ട്.




എവിടെ എങ്കിലും അനീതി കണ്ടാൽ അവർ പ്രതികരിക്കും..നീതിക്ക് വേണ്ടി മുന്നോട്ട് പോകും..അശരണരെ സഹായിക്കും..ഇന്നത്തെ കാലത്ത് ഇതൊക്കെ പാർട്ടിയിൽ ഉണ്ടോ എന്നു ചോദിച്ചാൽ കൃത്യമായ ഉത്തരവും നൽകാൻ പറ്റില്ല..എങ്കിലും വർത്തമാന കണ്ണൂർ രാഷ്ട്രീയത്തിൽ ഉള്ള സംഭവവികാസങ്ങൾ കൃത്യമായി വരച്ചിടുന്ന തിരക്കഥ തന്നെയാണ് സംവിധായകൻ വെള്ളിത്തിരയിലേക്ക് പകർന്നു നൽകിയിട്ടുള്ളത്.


പ്ര .മോ .ദി .സം

Thursday, October 6, 2022

ചട്ടമ്പി

 



ശ്രീനാഥ് ഭാസി മികച്ച നടൻ ആണെന്ന് തോന്നിയിട്ടില്ല. എന്നാലും അദ്ദേഹം കിട്ടുന്ന റോളുകൾ കുളമാക്കാതെ നോക്കാറുണ്ട്. എങ്കിലും ഇതിലും മികച്ച അഭിനയ പ്രതിഭകൾക്ക് കിട്ടുന്നതിൽ കൂടുതൽ അവസരം അയാൾക്ക് മലയാള സിനിമ കൊടുക്കുന്നുണ്ട്.അതിൻ്റെ പിന്നിലെ കാരണം എന്തെങ്കിലും ആകട്ടെ അതുകൊണ്ട് തന്നെ അഹങ്കാരം അൽപം കൂടുതൽ ഉണ്ടു എന്ന് അദ്ദേഹത്തിൻ്റെ ഇൻ്റർ വ്യൂ കണ്ടാൽ  ശരീരഭാഷ കണ്ടാൽ മനസ്സിലാകും.



തനിക്ക് പിന്നിൽ ആരൊക്കെ ഉണ്ടു എന്ന തോന്നൽ തന്നെയാണ് അദ്ദേഹത്തെ ഇൻ്റർവ്യൂ എടുക്കുന്ന കൊച്ചിനോട് തെറി പറയാനും അധിക്ഷേപിക്കാൻ ഒക്കെ പ്രേരിപ്പിച്ചു കാണുക..ഇന്നലെ ഒരു സൂപ്പർ സ്റ്റാർ പോലും അദ്ദേഹത്തെ  സപ്പോർട്ട് ചെയ്തപ്പോൾ മനസ്സിലാക്കാം അദ്ദേഹം വലിയ പുള്ളി ആയിരുന്നു എന്ന്.കാരണം ഇതിന് മുൻപ് പലരെയും വിലക്കിയിട്ടും വായ തുറക്കൻ മടിച്ചവർ ഈ "ചട്ടമ്പി" ക്കു വേണ്ടി വക്കാലത്ത് പറയുന്നത് എന്തെങ്കിലും കാരണം ഇല്ലാതെ ആവില്ലല്ലോ.




വാൾ എടുത്തവൻ വാളാൽ തന്നെ ഒടുങ്ങുന്ന പ്രതികാരത്തിൻ്റെ കഥയാണ് ചട്ടമ്പി പറയുന്നതും.തൻ്റെ നിഴലിൽ നിന്നുവളർന്നവൻ തന്നെക്കാൾ വലിയ വൃക്ഷം ആകുമ്പോൾ ഉണ്ടാകുന്ന വൻ വൃക്ഷത്തിൻ്റെ അസ്വസ്ഥത തന്നെയാണ് ചിത്രത്തിൻ്റെ കഥാതന്തു.



തൻ്റെ എല്ലാ പ്രവർത്തികൾക്ക് ഒന്നിച്ചു നിന്നവൻ വഴിമാറുന്നു എന്ന തോന്നൽ ഉണ്ടാകുമ്പോൾ അയാളോട് ഉരസിയത് കൊണ്ട് തൻ്റെ ജീവിതത്തിന് തന്നെ ഭീഷണി  ആകുമ്പോൾ അയാളെ "ഇല്ലായ്മ" ചെയ്യുവാൻ ആരും ആഗ്രഹിക്കും.പക്ഷേ അത് മറ്റൊരു വിധത്തിൽ  പോകൂമ്പോൾ   ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിൽ ആകർഷണീയത ഉണ്ടാക്കുന്നത്.


പ്ര .മോ. ദി. സം

Wednesday, October 5, 2022

ഈശോ


 

കുറച്ച് കഥാപാത്രങ്ങൾ, ജയ സൂര്യയുടെ ജാഫർ ഇടുക്കിയുടെ മികച്ച പെർഫോംമൻസ്, മുൻപ് കേട്ട സംഭവങ്ങൾ ആണെങ്കിലും നാദിർഷയുടെ മെയ്കിങ് കൊണ്ട് അധികം മുഷിയാതെ കാണാൻ പറ്റിയ ചിത്രമാണ് ഈശോ.





ആദ്യ രണ്ടു ചിത്രങ്ങൾ വലിയ വിജയം ആയെങ്കിലും പിന്നീട് ആ മികവിലേക്ക് എത്താൻ നാദിർഷാ ക്കു എന്തുകൊണ്ട് കഴിയുന്നില്ല എന്നത് ചിന്തിക്കേണ്ടതുണ്ട്.. ആ ചിന്ത എത്തിച്ചേരുന്നത് തിരക്കഥയുടെ ബലഹീനത യിലേക്കാണ്.



ആദ്യ ചിത്രത്തിൻ്റെ വിഷയം തന്നെയാണ്  ഈ ചിത്രത്തിൻ്റെ സാരം എങ്കിലും വ്യത്യസ്തമായ അവതരണ രീതി കൊണ്ട് മിഴിവുണ്ടാക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.



ഇന്ന് പോക്സോ കേസുകൾ കൂടിക്കൂടി വരുകയാണ്.കഠിനമായ നിയമങ്ങൾ ഉണ്ടായിട്ടു കൂടി തെളിവുകളുടെ അപര്യാപ്തത കൊണ്ടും സാക്ഷികളുടെ കൂറ് മാറ്റം കൊണ്ടും പലപ്പോഴും പ്രതികൾ രക്ഷപ്പെടുകയും ഇരകൾ അപമാനിതരാവുകയും ചെയ്യുന്നു. 


സമൂഹത്തിൽ ചീത്ത മേൽവിലാസം ഉണ്ടാകുന്ന അവർക്ക് ആത്മഹത്യ അല്ലാതെ മറ്റുവഴികൾ മുന്നിൽ ഉണ്ടാവില്ല..അത്തരത്തിൽ  നമുക്ക് അറിയാൻ കഴിഞ്ഞ ഒരു സംഭവമാണ് ചിത്രം പറയുന്നത്.


 ജാഫർ ഇടുക്കി എന്ന കലാകാരൻ്റെ പിള്ള എന്ന കഥാപാത്രത്തിൻ്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ജീവൻ.അയാൾക്ക് ഒരവസരത്തിൽ കൂട്ടായി എത്തുന്ന ജയസൂര്യയുടെ  ഈശ്ശോ സഹായിക്കാൻ ആണോ ഉപദ്രവിക്കാൻ ആണോ എന്ന കൺഫ്യൂഷൻ പ്രേക്ഷകർക്ക് നൽകാൻ സിനിമക്ക് കഴിയുന്നു എങ്കിലും ഒരവസരത്തിൽ ചിത്രത്തിൻ്റെ ക്ലൈമാക്സ് എന്താണ് എന്ന് പ്രേക്ഷകർക്ക് പിടികിട്ടുബോൾ   അതുവരെ മികച്ചു നിന്ന ആസ്വാദനം പെട്ടെന്ന് ചോർന്നുപോകുന്നു.


നാദിർഷയുടെ ഗാനം പഴയ അദ്ദേഹത്തിൻ്റെ പാട്ടിനെ തന്നെ ഓർമിപ്പിക്കുന്നു..ഛായാഗ്രാഹകൻ നന്നായി ജോലി ചെയ്തിട്ടുണ്ട് .ഫ്രെയിമുകൾ ഒക്കെ മികച്ചു നിൽക്കുന്നു. തിയറ്ററുകളെക്കാളും ഒ ടി ടീ ക്കു പറ്റിയ ചിത്രം തന്നെയാണ് ഈശോ

 പ്ര .മോ. ദി .സം

Sunday, October 2, 2022

പൊന്നിയിൻ ശെൽവൻ

 


ഈ ചിത്രത്തെ കുറിച്ച് റീലീസ് ദിനം മുതൽ  മോശം കമൻ്റ് കാണുന്ന ഒരു  സിനിമ ഫീൽഡിൽ ഉള്ള സുഹൃത്ത് പറയുകയാണ് ഇത് കോടികൾ ചിലവാക്കി കുറേപ്പേർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചിത്രമാണ്. സിനിമയില് ഉള്ള ആയിരങ്ങൾ വളരെ നാളുകൾ അധ്വാനിച്ച സൃഷ്ടിയാണ്.. കഷ്ടപ്പെട്ട അവരുടെ അധ്വാനം  പണം ഒന്നും നിങൾ കാരണം പാഴായി പോകരുത് എന്ന്..


ആ സുഹൃത്തിന് ഒരു രസികൻ കൊടുത്ത കമൻ്റ് മറുപടിയാണ് അതിലേറെ രസമായി തോന്നിയത്..പാലം പണിയും റോഡ് പണിയും ഒക്കെ ആയിരങ്ങൾ  കഷ്ടപ്പെട്ട് അധ്വാനിച്ചു തന്നെയാണ് ഉണ്ടാക്കുന്നത്. അത് പൊളിഞ്ഞു നഷ്ട്ടം ഉണ്ടാക്കിയാൽ കോൺട്രാക്റ്റ് എടുത്തവനെ അല്ലെങ്കിൽ മന്ത്രിയെ മാത്രേ കുറ്റം പറയാൻ പറ്റൂ...ഉണ്ടാക്കുമ്പോൾ നന്നായി ഉണ്ടാക്കണം..അല്ലെങ്കിൽ നഷ്ട്ടം സംഭവിച്ചവൻ പ്രതികരിക്കും.നിങൾ കഷ്ടപ്പെട്ട്  ചിലവഴിച്ചു ഉണ്ടാക്കിയ സിനിമ കാണാൻ നമ്മൾ പോകുന്നത് പൈസ മാവിൽ നിന്നും പറിച്ചു എടുത്തല്ല ഓരോരുത്തനും അധ്വാനിച്ചു ഉണ്ടാക്കിയത് കൊണ്ട് തന്നെയാണ്.



ബാഹുബലി എന്ന വലിയ ഹിമാലയം കണ്ടു പോയത് കൊണ്ടു പ്രേക്ഷകർ പ്രതീക്ഷിക്കുക അതുക്ക് മേലെയാണ്....ഇനി ഇത്തരം ചിത്രങ്ങൾ ഉണ്ടാക്കുന്നവർ ഓർമിക്കേണ്ടത് അത് തന്നെയാണ്.


ഒരു ചരിത്ര കഥ അതേപോലെ പകർത്തുന്നത്   കാണാൻ മലയാളി പ്രേക്ഷകന് വലിയ രസം ഉണ്ടാകില്ല..തമിഴിൽ ചിലപ്പോൾ പറ്റൂമായിരിക്കും.സിനിമക്ക് വേണ്ടി അൽപം സ്വല്പം പൊടികൈകൾ മസാലകൾ  ഒക്കെ ചേർത്ത് പോലിപ്പിക്കണം. 



ഈ അടുത്ത കാലത്ത് വിനയനും മുൻപ് ജിജോവും ഹരിഹരനും ഒക്കെ ചെയ്തതുപോലെ ഇത്തരം  കഥ പറയുന്നതിലും അതുണ്ടാക്കുന്നതിലും ഒരു മിടുക്ക് ഒക്കെ വേണം. അല്ലേൽ സിംഹത്തെ പോലെ  "അറബിക്കടലിൽ" പോയി താഴും.


വിവിധ സംഭവങ്ങൾ കൊണ്ടു്, സംഭാഷണങ്ങൾ കൊണ്ട് ഒക്കെ ഉള്ള കളിയാണ് ചിത്രം.. ത്രസിപ്പിക്കുന്ന രംഗങ്ങൾ കുറവും..ഇത് അതുപോലെ പകർത്തി സായൂജ്യം അടയുവാൻ ആണ് മണിരത്നം ശ്രമിച്ചത് എങ്കിൽ മഹാഭാരതം പോലെ ഒരു ടെലി സീരിയൽ ആയിരുന്നു നല്ലത്..പക്ഷേ അതുപോലും ഓരോ എപ്പിസോഡുകൾ നമ്മളിൽ ഉദ്വേഗം നിറച്ചിരുന്നൂ.



കാർത്തി ,ജയം രവി,വിക്രം എന്നിവർക്ക്  മാത്രം വല്ലതും ചെയ്യുവാൻ ഉണ്ട്..മറ്റു പ്രഗത്ഭർ വന്നു സെന്ത മിഴു  മലയാളത്തിൽ ആക്കിയ ഡയലോഗ് അടിച്ചു പോകുന്നു  എന്നല്ലാതെ മൽട്ടിസ്റ്റാർ ചിത്രം കൊണ്ട് അവർക്ക് വലിയ ഗുണം ഒന്നും ഇല്ല..


Ar റഹ്മാൻ്റെ ആൾക്കൂട്ട ഗാനങ്ങളും  ക്ലീഷെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് അലോരസപ്പെടുത്തും..നായികമാർ പ്രായം മേക്കപ്പ് കൊണ്ട് മറയ്ക്കുന്നു എങ്കിലും  ഐശ്വര്യ അടിപൊളി ആയി "റായി" അല്ല "ലക്ഷ്മി.."



ഒന്നാം" പാലം "പണിയേ കഴിഞ്ഞുള്ളൂ..അടുത്ത വർഷം പൂർത്തിയാകുന്നു എന്ന് കാണിച്ച അടുത്ത പണിയെങ്കിലും നന്നായി ചെയ്താൽ തമിഴിൽ എന്നപോലെ മലയാളത്തിലും കോടികൾ വാരാം.

പ്ര .മോ. ദി. സം