Saturday, September 18, 2021

ഹസീൻ ദിൽറുപാ

 



വിവാഹത്തിൽ ഒരു പെൺകുട്ടിക്ക് വളരെ അധികം സങ്കൽപ്പങ്ങൾ ഉണ്ടായിരിക്കും.പെണ്ണ് കാണൽ ചടങ്ങിൽ ഉണ്ടാകുന്ന ചുരുങ്ങിയ നിമിഷത്തിൽ തമ്മിൽ തമ്മിൽ മനസ്സിലാക്കുന്നത് ചെറിയ ഒരംശം മാത്രമായിരിക്കും..



പ്രതീക്ഷയോടെ കതിർമണ്ഡപത്തിൽ എത്തുന്ന കുട്ടിക്ക് അന്ന് തന്നെ താൻ പ്രതീക്ഷിച്ച "ഭർത്താവിനെ" അല്ല കിട്ടിയതെന്ന് മനസ്സിലാക്കുമ്പോൾ തൻ്റെ സങ്കൽപ്പങ്ങൾ ഒക്കെ ഉപേക്ഷിച്ച്  അഡ്ജസ്റ്റ് ചെയ്തു ഭർത്താവിനെ ഉൾകൊള്ളേണ്ടി വരുന്നു...പക്ഷേ എന്നിട്ടും ഭർത്താവ് അവളെ മനസ്സിലാക്കിയില്ല എങ്കിൽ അവൾക്ക് എന്ത് ചെയ്യാൻ പറ്റും?



അവൾക്ക് മുൻപിൽ കുറെ വഴികൾ ഉണ്ടാകും.. ഡിവോർസ്,തനിക്ക് പറ്റിയ ആളെ തേടി പോകുക , അതിനു വേണ്ടി ഭർത്താവിനെ ഇല്ലാതാക്കുക...അങ്ങിനെ പല വഴികൾ...



ഭർത്താവിനെ കൊലചെയ്ത് എന്നാരോപിച്ച് പോലീസ് അവൾക്ക് പിന്നാലെ പോകുന്നതും  തെളിവുകളുടെ അഭാവത്തിൽ അവള് രക്ഷപ്പെടുന്നത് ആണ് കഥ..



എന്നാല്  ആ രക്ഷപ്പെടൽ എങ്ങിനെ എന്നുള്ള യഥാർത്ഥ കഥ ത്രില്ലിംഗ് തന്നെയാണ്.ഇപ്പൊൾ ഉള്ള കൊലപാതകികൾ ഒക്കെ ഭയങ്കര ബുദ്ധിമാന്മാർ ആണ്.."ജോർജ് കുട്ടി" ക്കു ശേഷം ആണെന്ന് തോന്നുന്നു പോലീസിനെ പലവിധത്തിൽ കബളിപ്പിച്ച് കൊല നടത്തിയവർ രക്ഷപ്പെടുന്നത് സിനിമകളിൽ പതിവാകുന്നു.



അവരൊക്കെ രക്ഷപ്പെടുവാൻ ഉപയോഗിക്കുന്ന പുതുവഴികൾ ശരിക്കും പോലീസിന് പാഠഭാഗങ്ങൾ ആക്കി ഭാവിയിൽ കേസ് റഫറൻസിന് ഉപയോഗിക്കാവുന്നതാണ്.


തപ്സി പന്നു,വിക്രാന്ത് മാസെ,ഹർഷവർധൻ,ആദിത്യ ശ്രീവാസ്തവ,ആശിഷ് തുടങ്ങിയവർ ഈ ചിത്രത്തിൻ്റെ ത്രില്ല് നിലനിർത്തുന്നു.



കുടുംബ കഥയിൽ നിന്നും ക്രൈം തില്ലറിലേക്ക്  വിനിൽ മാത്യൂ എന്ന സംവിധായകൻ നല്ലവണ്ണം കൊണ്ട് പോയിരിക്കുന്നു.. അമൽ-അമിത് ത്രിവേദിയുടെ സംഗീതവും നല്ലൊരു ഓളം ഉണ്ടാക്കുന്നു ..


പ്ര .മോ .ദി. സം

Friday, September 17, 2021

കാണെക്കാണെ

 



ജീവിതത്തിലെ നമ്മുടെ ഒരു നിമിഷത്തെ സ്വാർഥത കൊണ്ട് ഒരു കുടുംബ ജീവിതം തന്നെ താളം തെറ്റിയേക്കാം..അതേപോലെ ജീവിതത്തിൽ ഏറ്റവും വെറുക്കപ്പെട്ട ആൾക്ക് ഒരു നിമിഷത്തെ നന്മകൊണ്ട് പുതിയൊരു ജീവിതം സമ്മാനിക്കാൻ കൂടി പറ്റിയേക്കും



മനുഷ്യമനസ്സിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങൾ കുടുംബ ബന്ധങ്ങളെ എങ്ങിനെയൊക്കെ ബാധിക്കുന്നു എന്ന് വരച്ചു കാട്ടുകയാണ് ബോബി- സഞ്ജയ് ടീം.



 എപ്പോഴും  കാതലായ കഥകൾ പറഞ്ഞു മലയാള സിനിമയിൽ തങ്ങളുടേതായ മേൽവിലാസം ഉറപ്പിച്ച  സഹോദരങ്ങളെ കഴിഞ്ഞ സിനിമയും തിരക്കഥയും ഏറെ പഴി കേൾപ്പിച്ചു എങ്കിലും ബോബിയും സഞ്ജയുംനല്ലൊരു കുടുംബ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ കയ്യിലെടുത്തു എന്ന് തന്നെ പറയാം.



പല സന്ദർഭങ്ങളിലും ചെറിയൊരു തേങ്ങളോടെയല്ലാതെ ഈ ചിത്രം കാണുവാൻ കഴിയില്ല.കുടുംബ ബന്ധങ്ങളെ അത്രക്ക് ഊഷ്മളമായി രചിച്ചത് മനു അശോകൻ എന്ന സംവിധായകൻ "ഉയരെ" എന്ന ചിത്രം വെറും ആകസ്മികം ആയിരുന്നില്ല പ്രതിഭയുടെ നിഴലാട്ടം തന്നെയാണെന്ന് ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു.



ആദ്യകാലങ്ങളിൽ മിമിക്രി കളിച്ചു സിനിമയിൽ നിലനിന്നിരുന്ന സുരാജ് വെഞ്ഞാറ്മൂട് എന്ന അനൂഗ്രഹീത കലാകാരൻ്റെ കുറെ വർഷങ്ങൾ ഇപ്പൊൾ ഏതൊരു നടനും ആഗ്രഹിക്കുന്നത് പോലുള്ള വൈവിധ്യമാർന്ന വേഷങ്ങളാണ്. ഈ ചിത്രത്തിലും നിറഞ്ഞു നിൽക്കുന്നത് സുരാജിൻ്റെ അഭിനയ പാടവം തന്നെയാണ്..




ടോവിനോ ,ഐശ്വര്യ ,ശ്രുതി എന്നിവർ കൂട്ടിനുണ്ടെങ്കിൽ പോലും ഓരോ സീനിലും സുരാജ് വിസ്മയിപ്പിക്കുന്ന അഭിനയം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്.അത് തന്നെയാണ് ചിത്രത്തിൻ്റെ ആകർഷണീയതയും..



രണ്ടു മണിക്കൂറിനുള്ളിൽ പറയേണ്ടത് ബോറടിപ്പിക്കാതെ പറഞ്ഞു തീർത്ത ചിത്രം തിയേറ്ററിൽ ആണ് വന്നത് എങ്കിൽ കുടുംബ പ്രേക്ഷകരെ കൊണ്ട് നിറഞ്ഞെനെ...


പ്ര .മോ .ദി .സം

പൊന്മുട്ടയിടുന്ന താറാവ്

 



പൊന്മുട്ടയിടുന്ന താറാവിനെ ആരെങ്കിലും കൊല്ലുമോ? കൊല്ലും കൊല്ലും എന്ന് പറഞ്ഞു പലരെയും ആകാംഷയില് പ്രതീക്ഷയിൽ നിർത്തുകയല്ലാതെ അതിനെ കൊല്ലുക പോയിട്ട്  ഉപദ്രവിക്കും എന്ന് പോലും തോന്നുന്നില്ല..പറഞ്ഞു വരുന്നത് പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി യില് ആക്കുന്നതിനെ കുറിച്ച് തന്നെയാണ്.


ഇന്ന് മാലോകർ ഒക്കെ പ്രതീക്ഷിക്കുന്നത്  അതാണ്.ഇന്ന്  ജി എസ് ടി മീറ്റിംഗിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില അതിനു കീഴിൽ കൊണ്ടുവരും എന്നും ഇരുപത് മുതൽ മുപ്പതു രൂപ വരെ വില കുറയും എന്നുമാണ്....വെറുതെ ആശിക്കണ്ട ഒന്നും ഉണ്ടാവാൻ പോകുന്നില്ല...അഥവാ ഉണ്ടെങ്കിൽ തന്നെ അത് രണ്ടു മൂന്നു കൊല്ലം കഴിഞ്ഞ് നോക്കാം എന്നായിരിക്കും.


കേന്ദ്രത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും പൊന്മുട്ട ഇടുന്ന താറാവ് ആണ് ഇന്ധന വില.അത് കൂടുന്നത് കൊണ്ട് കുറെക്കാലമായി കേന്ദ്രം പഴി കേട്ട് കൊണ്ടിരിക്കുകയാണ്..അത് നമ്മൾ മാത്രം കേട്ടാൽ പോരാ സംസ്ഥാനങ്ങളും കൂടി കേൾക്കട്ടെ എന്നുള്ള ആരുടെയോ ബുദ്ധിയിൽ തെളിഞ്ഞ ഒരു ആശയം മാത്രമാണിത്.


ഇന്ധന വില കൂടുന്നത് കേന്ദ്രത്തിൻ്റെ പിടിപ്പു കേട് മാത്രമാണ് എങ്കിലും അതിൽ ലോട്ടറിയടിച്ചു കൊണ്ടിരിക്കുന്നത് സംസ്ഥാനങ്ങൾ കൂടിയാണ് പക്ഷേ പഴി കേന്ദ്രത്തിന് മാത്രവും...കൂടാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇവിടെ ഹർത്താലും ചക്ര സ്തംഭനവും ഒക്കെ നടത്തും..പാവം പൊട്ടൻമാരായ അണികളും ചില സാധാരണക്കാരും വിചാരിക്കും ഇവർ ചെയ്യുന്നത് മഹത്തായ കാര്യം ആയിരിക്കും എന്ന്..ഒക്കെ വെറും.. ഷോ..


അങ്ങിനെ ഉള്ള നാടകങ്ങളെ പ്രതിരോധിക്കാൻ കേന്ദ്രത്തിൻ്റെ

 " ബുദ്ധി" തന്നെയാണിത്..നമ്മൾ ജിഎസ്ടിയില് ഇന്ധന വില കൊണ്ട് വരുമ്പോൾ സംസ്ഥാനങ്ങൾ എതിർക്കും എന്ന് കേന്ദ്രത്തിന് ഉറപ്പുണ്ട് അപ്പൊ എതൊക്കെ സംസ്ഥാനങ്ങൾ എതിർക്കും എന്ന് ജനങ്ങൾക്ക് കാട്ടി കൊടുക്കുകയും ജനങ്ങളുടെ "പ്രാക്" അങ്ങോട്ടേക്ക് ഡൈവേർട്ട് ചെയ്തു വിടുക കൂടിയാണ് ഇതിൻ്റെ ഉദ്ദേശ്യം..ഇപ്പൊൾ ഇന്ധനവില വർധനവിന് എതിരെ വലിയ സമരം നടത്തിയ എന്തിന്  ഹർത്താൽ വരെ നടത്തിയ കേരളം ആ കെണിയിൽ പെട്ട് കഴിഞ്ഞു..ഇപ്പൊൾ മഹാരാഷ്ട്ര കൂടി കൂട്ടിനുണ്ട്..


ഭരിക്കുന്നവർ ക്കു  സുഖമായി അല്ലലില്ലാതെ ഭരിക്കണം എങ്കിൽ പണം വേണം അത് മറ്റു വിധത്തിൽ ഉണ്ടാക്കാൻ അറിയാത്തവൻ ജനങ്ങളെ പിഴിഞ്ഞ് തന്നെ ഉണ്ടാക്കും....അതുണ്ടാക്കുവാൻ ഇവിടെ ധാർമികതയും മാനുഷിക പരിഗണനയൊന്നും രാഷ്ട്രീയക്കാർക്ക് വിഷയമല്ല..


അല്ലാതെ നിഷ്കളങ്കരായ നാട്ടുകാരെ പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി യില് ഉൾപ്പെടുത്തുമെന്ന് നിങൾ കരുതുന്നുണ്ടോ?


പ്ര .മോ .ദി .സം

Tuesday, September 14, 2021

ലാഫിംഗ് ബുദ്ധ.

 



കേരളത്തിൽ ഓരോ വർഷവും എന്തോരം ദുരന്തങ്ങൾ വരുന്നു...അതൊക്കെ നമ്മുടെ കഠിനാധ്വാനം കൊണ്ടും ഇച്ഛാ ശക്തി കൊണ്ടും നമ്മൾ മറികടക്കാറുണ്ട് .അങ്ങിനെ കോവിടിൽ വിറങ്ങലിച്ചു നിക്കുന്ന നമുക്ക്  ഇടയിലേക്ക് വന്ന പുതിയ ദുരന്തമാണ് " "ലാഫിംഗ് ബുദ്ധ." എന്ന സിനിമ.



രമേശ് പിഷാരടി വല്യ തമാശകാരനും അവതാരകനും ഒക്കെ ആണ്..എന്നാല് അയാള് അഭിനയത്തിൻ്റെ കാര്യത്തിൽ സിനിമയിൽ റോളുകൾ തിരഞ്ഞെടുക്കുന്നതിൽ ഒരു വലിയ ദുരന്തം തന്നെയാണ്..ഈ അടുത്ത കാലത്ത് കണ്ട സ്റ്റേജ് ഷോയില് പോലും തൻ്റെ കറവ വറ്റി പോയി എന്ന് അദ്ദേഹം തെളിയിക്കുന്നുണ്ട്.



അങ്ങിനെ ഉള്ള രമേശിനെ നായകനാക്കി ഒരു സിനിമ എടുത്താൽ എന്തായിരിക്കും സ്ഥിതി?അതേ നിങ്ങളുടെ ഉള്ളിൽ നിന്നും വന്ന ഉത്തരം തന്നെയാണ് ഈ സിനിമ.


കുറെ പണം ഉള്ള ഒരു ബിസിനെസ്സ് കാരൻ    തൻ്റെ ഗർഭിണിയായ ഭാര്യയെ എപ്പോളും ചിരിപ്പിക്കുന്നതിന് വേണ്ടി ഒരു കോമഡിയനെ വീട്ടിലേക്ക് വാടകക്ക്  കൊണ്ട് വരുന്നതും അയാളുടെ ചളികൾ നമ്മൾ സഹിക്കേണ്ടി വരുന്നതുമാണ് കഥ .



അതിൽ  നായികയോട് രമേശ് പറയുന്നുമുണ്ട് " നമ്മൾ വളരെ കഷ്ടപ്പെട്ടു ഓരോ കോമഡി ഉണ്ടാക്കി നിങ്ങളെ ചിരിപ്പിക്കാൻ നോക്കും എന്നിട്ടും നിങൾ ചിരിക്കാതെ ഇരിക്കുമ്പോൾ നമ്മൾ കൂടുതൽ കോപ്രായം കാണിക്കും അവസാനം അത് കുളമാകും"


അത്രയേ ഈ ചിത്രത്തിനും സംഭവി ച്ചുള്ളൂ..


പ്ര .മോ .ദി സം

മിസ്റ്റർ & മിസ്സിസ് അർജുൻ

 



"നിങൾ നിങ്ങളുടെ റൂമിൽ നിന്നും വഴക്ക് കൂടിയാൽ അത് നിങ്ങളുടെ പേഴ്സണൽ വിഷയം..അത് മുറി വിട്ട് പുറത്തേക്ക് വന്നാൽ അത് ഈ കുടുംബത്തിൻ്റെ പ്രശ്നം.."


ശരിയല്ലേ?നമ്മൾ റൂമിൽ വെച്ച് പരിഹരിക്കാൻ ശ്രമിക്കേണ്ടത് പുറത്തേക്ക് കൊണ്ട് വരുമ്പോൾ അല്ലെ അതിര് വല്യ പ്രശ്നം ആകുന്നത്...ഇത് പോലത്തെ കുറെ ഡയലോഗുകൾ ഉണ്ട്

" രംഗ് ദേ" എന്ന്  പേരിൽ തെലുങ്കിൽ വന്നു  പേരും മൊഴിയുംമാറ്റിയ ഈ തമിഴു ചിത്രത്തിൽ.



ചെറുപ്പം മുതൽ തന്നെ  നല്ല സുഹൃത്ത് ആയിരിക്കുകയും കുടുംബത്തിൽ വേണ്ടപ്പെട്ടവർ ആയിരിക്കുകയും ഒരേ കുടുംബം പോലെ കഴിയുകയും  എന്നാല് ഓരോരോ കാരണങ്ങൾ കൊണ്ട് "വെറുക്കപ്പെട്ട" അയൽക്കാരി പെണ്ണിനെ വിവാഹം കഴിക്കേണ്ടി വരുന്ന ഒരാളുടെ അവസ്ഥ എന്തായിരിക്കും ? ആ കഥയാണ് ഈ ചിത്രം പറയുന്നത്.



നവീൻ,കീർത്തി സുരേഷ്,വിനീത്,രോഹിണി,കൗസല്യ,നരേഷ്, തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന് മുൻപ് കണ്ട ഏതോ ഒരു മലയാള സിനിമയുടെ ഗന്ധമുണ്ട്.



പി സി ശ്രീറാം എന്ന ജീനിയസിൻ്റെ ക്യാമറയും ദേവി ശ്രീ പ്രസാദിൻ്റെ സംഗീതവും വെങ്കി അതിലൂറിയുടെ മയ്കിങ്ങും കണ്ടിരിക്കാൻ കൊള്ളാവുന്ന ചിത്രമാക്കി മാറ്റിയിട്ടുണ്ട്.



പതിവ് തെലുഗു ഒച്ചപ്പാട് , കളർ മസാല ചിത്രങ്ങളിൽ നിന്നും പുറത്തേക്ക് ഇറങ്ങി  രക്ഷപെട്ട ഒരു കൊച്ചു ചിത്രം.


പ്ര.മോ.ദി. സം

Sunday, September 12, 2021

തുഗ്ലക് ദർബാർ

 



വളരെ ചുരുങ്ങിയ സമയം കൊണ്ട് തമിൾ മക്കളെ കയ്യിൽ എടുത്ത നടനാണ് വിജയ് സേതുപതി.അത് കൊണ്ട് തന്നെ കരിയറിൽ ചിത്രങ്ങളുടെ ബഹളം തന്നെയാണ്.


എന്നാല് മുൻകാലത്ത് സേതുപതി ചിത്രങ്ങളിൽ എന്തെങ്കിലും ഒരു ആകർഷണീയത ഉണ്ടാകുമായിരുന്നു .തിരഞ്ഞെടുക്കുന്ന ചിത്രങ്ങളും അത് പോലെ ബുദ്ധിപൂർവം തന്നെയായിരുന്നു.പക്ഷേ ഈ അടുത്ത കാലത്ത് സേതുപതി ചിത്രങ്ങളിൽ  ആ ഒരു ഫ്രഷ്നസ് കാണുന്നില്ല.. കിട്ടുന്നതൊക്കെ അഭിനയിച്ചു കളയാൻ വേണ്ടിയുള്ള ഒരു തിടുക്കം പോലെ...



ചെറുപ്പം മുതൽ തന്നെ കാണുന്ന വിജയിച്ചു നിൽക്കുന്ന ഒരാളെ മാതൃക ആകുവാൻ നമ്മുടെ മനസ്സ് കൊതിക്കും. എപ്പോൾ എങ്കിലും അയാളെ പോലെ ആകുവാൻ വേണ്ടി കഠിനാധ്വാനം ചെയ്യും അല്ലെങ്കിൽ കുറുക്കു വഴിയിലൂടെ അയാളെ പോലെ ആകുവാൻ ശ്രമിക്കും..



രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവിടെ ന്യായം നീതി കടപ്പാട് ബന്ധങ്ങൾ ഒക്കെ പുറം തിരിഞ്ഞു നിൽക്കും. എത് വിധേനയും ലക്ഷ്യം മാത്രം ആകും മുൻഗണന..


അങ്ങിനെ തൻ്റെ ലക്ഷ്യം പൂർത്തിയാക്കുവാൻ ശ്രമിക്കുന്ന ശിങ്കാര വേലൻ എന്ന "ശിങ്ക"ത്തിൻ്റെ കഥയാണ് തുഗ്ലക് ദർബാർ.



എല്ലാം മറന്ന് ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ എപ്പോൾ എങ്കിലും ഒരടി കിട്ടുമ്പോൾ അവനു മാനസാന്തരം ഉണ്ടാകും..അങ്ങിനെ    സിനിമയിലെ ക്ലിക്ഷേകൾ പുറത്തേക്ക് വന്നാൽ മാത്രമേ സിനിമ ഇവിടെ എങ്കിലും അവസാനിപ്പിക്കാൻ പറ്റൂ..



ഡൽഹി പ്രസാദ് ദീനദയാൽ എന്ന സംവിധായകൻ വളരെ പാടുപെട്ടു തട്ടി കൂട്ടി എടുത്ത ഈ ചിത്രത്തിൻ്റെ സംഗീതം ഗോവിന്ദ് വസന്ത ആണ്..ബാക് ഗ്രൗണ്ട് മ്യൂസിക് ഗോവിന്ദ് നന്നായി ചെയ്തിരിക്കുന്നു എങ്കിലും പാട്ടുകൾ നിലവാരത്തിൽ എത്തിയില്ല .



പാർത്ഥിപൻ, സത്യരാജ്,രാശി കന്ന,മഞ്ജിമ മോഹൻ, ഭഗവതി പെരുമാൾ എന്നിവർ ഒക്കെ സീനിൽ ഉണ്ടെങ്കിലും വലിയ പെർഫോർമൻസ് ഒന്നും നൽകുന്നില്ല.സിനിമയുടെ നീളവും പ്രശ്നം തന്നെയാണ്.


പ്ര .മോ. ദി .സം

Saturday, September 11, 2021

അർജുൻ അനു




വേറെ ഏതോ പേരിൽ തെലുങ്കിൽ വന്ന സിനിമ "അർജുൻ അനു" എന്ന പേരിൽ മലയാളികളെ കാണിക്കുവാൻ വേണ്ടി മൊഴിമാറ്റം നടത്തി കൊണ്ടുവന്നതാണ്.

ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഐടി സ്കാം കഥ ആണ് ചിത്രം പറയുന്നത്.നമ്മൾ മുന്നേ തന്നെ ഇത് പോലത്തെ കുറെ സിനിമകൾ കണ്ട് പോയതിനാൽ വല്യ ഹരം ഒന്നും കിട്ടാൻ പോകുന്നില്ല..എങ്കിലും കോവിഡ് പ്രതിസന്ധികൾക്ക് ഇടയിൽ ടൈം പാസ്സ് വേണേൽ ഓകെ.


പണത്തിൻ്റെ വില  അതില്ലാതെ ആയാൽ  സമൂഹത്തിൽ  നിന്നും കിട്ടുന്ന "പ്രതികരണങ്ങൾ ഇവയൊക്കെ  "നന്നായി" അനുഭവിച്ചറിഞ്ഞ ആൾകാർ പണം സബാദിക്കുവാൻ തുടങ്ങിയാൽ പിന്നെ അവനു നിയമവും നീതിയും സത്യവും  ഒക്കെ ചിലപ്പോൾ  നോക്കി "ബിസിനസ്" നടത്തി എന്ന് വരില്ല...അനുഭവത്തിൻ്റെ തീ ചൂളയിൽ അവനു പണം ഒരു ലഹരിയായി മാറിയിരിക്കും.


ഇന്ത്യയിൽ ഇരുന്നു കൊണ്ട് അമേരിക്കൻ പൗരന്മാരെ പറ്റിച്ചു കോടികൾ സമ്പാദിച്ച ആൾക്കാരെ നിയമത്തിന് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ഈ ചിത്രം പറയുന്നത്  ഇവിടെയുള്ള മുൻ അനുഭവങ്ങളിൽ നിന്ന് നമുക്ക് വിശ്വസിക്കാതിരിക്കുവാൻ പറ്റില്ല.


ഇന്ത്യയിൽ നിന്നും പല സ്ഥലത്ത് നിന്നും ഉള്ള ഇത്തരം അഴിമതി കഥകളിൽ പെട്ടവർ ഒക്കെ ലോകത്തിൻ്റെ പല സ്ഥലങ്ങളിൽ സേഫ് ആയിരിക്കുന്നത് നമുക്ക് മുന്നിൽ കുറെ ഉണ്ട്.ആരും ശിക്ഷി ക്കപെട്ടതായോ പണം മുഴുവൻ തിരിച്ചു പിടിച്ചതായി ഒന്നും പിന്നെ അറിയിപ്പുണ്ടാകാറില്ല.


ഇത്തരം നിയമങ്ങളിൽ ഉണ്ടാകുന്ന അപാകതകൾ തന്നെയാണ് കുറ്റവാളികൾ സൃഷ്ടിക്കപ്പെടുന്ന അവസ്ഥകൾ ഉണ്ടാക്കുന്നതും.

പ്ര.മോ.ദി.സം

Wednesday, September 8, 2021

ചെഹരെ

 



നമുക്ക് വളരെ അടുപ്പം തോന്നുന്ന വളരെ അധികം വിശ്വസിക്കുന്ന ആൾ  ഒരു കാര്യം പറയുമ്പോൾ മുന്നും പിന്നും നോക്കാതെ അതിലേക്ക് എടുത്ത് ചാടി അപകടത്തിൽപെട്ട കുറെ ആൾകാർ ഉണ്ട്..പെട്ടെന്നുണ്ടാകുന്ന ഹീറോയിസം കാരണം അതിൻ്റെ ശരി തെറ്റുകൾ യാഥാർത്ഥ്യം എന്നിവയൊന്നും ആരും അന്വേഷിക്കാറില്ല.


അതൊരു സ്ത്രീ ആണെകിൽ അവരുടെ കണ്ണുനീരും പതം പറച്ചിലും ഏതൊരു പുരുഷൻ്റെയും  ഹൃദയം കഠിനം ആണെങ്കില് കൂടി അവരെ സഹായിക്കുവാൻ വെമ്പൽ കൊള്ളുന്ന അവസ്ഥയിലേക്ക് മാറും.



ഒരു ഹിൽ സ്റ്റേഷനിൽ നിന്നും ഡൽഹിയിലേക്ക് ഉള്ള യാത്രയിൽ ഷോർട്ട് കട്ട് നോക്കി പോയ പരസ്യ ഏജൻസി ഉദ്യോഗസ്ഥൻ വഴിയിൽ മരം വീണു റോഡ് തടസ്സം നേരിട്ടത് കൊണ്ട് അവിടെ വെച്ച് പരിചയപ്പെട്ട ആളുടെ കൂടെ അവരുടെ സുഹൃത്തിൻ്റെ ബംഗ്ലാവിൽ  അവരുടെ കുറച്ചു കൂട്ടുകാരോടൊപ്പം  രാത്രി കഴിയാൻ നിർബന്ധിതനായി.


അവിടെ വെച്ച് അവരുടെ നിർബന്ധത്തിന് വഴങ്ങി കളിക്കേണ്ടി വരുന്ന "കോർട്ട് ഗയിമ്മിൽ" താൻ  മുൻപ് ചെയ്ത വലിയ "തെറ്റുകൾ" വിസ്തരിക്കപ്പെടുന്നൂ. അതിൽ പരമാവധി ശിക്ഷ കിട്ടുമെന്നും അത് തൻ്റെ മരണത്തിന് തന്നെ കാരണമായേക്കും എന്ന തിരിച്ചറിവിൽ അയാള് നടുങ്ങുന്നു.



കുറെയേറെ സംഭാഷണങ്ങൾ ഉള്ളത് കൊണ്ട് ഹിന്ദി ശരിക്ക് അറിയാത്ത ആളുകൾക്ക് ഈ ചിത്രം അത്രക്കങ്ങ് ഇഷ്ടപ്പെടില്ല.


അമിതാബ് ബച്ചൻ,ഇമ്രാൻ ഹാഷ്മി എന്നിവർ മുഖ്യ വേഷത്തിൽ എത്തിയ ചിത്രത്തിൻ്റെ കഥക്ക് വലിയ പുതുമ ഒന്നും ഇല്ലെങ്കിലും കഥ പറയുന്ന രീതിക്ക് പുതുമ ഉണ്ട്.


പ്ര .മോ .ദി. സം

Tuesday, September 7, 2021

"U "ടേൺ

 



റോഡ് അപകടങ്ങളിൽ ഓരോ വർഷവും മരിക്കുന്നതും വികലാംഗ രാകുന്നതും ലക്ഷങ്ങൾ ആണ്.അപകടത്തില് നിന്നും രക്ഷപെട്ട ഭൂരിഭാഗവും പിന്നീട് നയിക്കുന്നത് കയ്പ് നിറഞ്ഞ ജീവിതം ആയിരിക്കും..പല അപകടങ്ങളും ഉണ്ടാകുന്നത് നമ്മുടെ ചെറിയ പിഴവുകൾ കൊണ്ട് മാത്രമാണ്..അത് പിന്നീട് ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ ബാധിക്കുന്നത്  വലിയൊരു കുടുംബത്തെ തന്നെയാണ്.



ഫ്ലൈ ഓവറിന് മുകളിൽ യാത്രക്കാർ അനധികൃതമായി U ടേൺ എടുക്കുന്നത് കൊണ്ട് പതിവായി അപകടം ഉണ്ടാകുന്നു .അങ്ങിനെ ചെയ്യുന്ന ബൈക്കു യാത്രക്കാരെ കുറിച്ച് ഒരു ലേഖനം തയ്യാറാക്കാൻ രചന എന്നൊരു ജേർണലിസ്റ്റ് തയ്യാറാകുന്നു.നമ്പർ നോട്ട് ചെയ്യാൻ ഏർപ്പാട് ചെയ്ത യാചകനിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് ബൈക്കു ഉടമയെ തേടി ചെന്നപ്പോൾ  അയാള് പ്രതികരിക്കുന്നില്ല..തിരിച്ചു വന്ന രചനയെ തേടി കൊലപാതകം ആരോപിച്ചു പോലീസ് എത്തുന്നു .



പോലീസ് സ്റ്റേഷനിൽ വെച്ചുള്ള ചോദ്യം ചെയ്യലിന് ശേഷം അവർക്ക് മനസ്സിലാകുന്ന സത്യം എല്ലാവരെയും ഞെട്ടിക്കുന്നു ..വിശ്വസിക്കുവാൻ പ്രയാസം ഉണ്ടായിട്ടു കൂടി രചനയും പോലീസ് ഉദ്യോഗസ്ഥനും ചേർന്ന് നടത്തുന്ന അന്വേഷണം ആണ് ഈ ക്രൈം ത്രില്ലെർ.


മൂന്ന് നാ


ല് വർഷങ്ങൾക്ക് മുൻപ് യഥാർത്ഥ സംഭവം ചിത്രീകരിച്ചത് കൊണ്ട് തന്നെ  കന്നഡ സിനിമയിൽ സൂപ്പർ ഹിറ്റ് ആയ ഈ ചിത്രം പവൻ കുമാർ പല ഭാഷകളിലേക്ക് റീമേക്ക് ചെയ്തു ബോക്സ് ഓഫീസിൽ "കിലുക്കം" സൃഷ്ടിച്ചിരുന്നു.



സാമന്ത,നരേൻ, ആദി,ആടുകളം നരേൻ,രാഹുൽ, ബൂമിക,തുടങ്ങി തമിഴ്,തെലുങ്ക് നടന്മാർ അഭിനയിച്ച ഈ ചിത്രം വർഷങ്ങൾ മൂന്ന് കഴിഞ്ഞുവെങ്കിലും ഇപ്പോഴും നമ്മളെ ത്രില്ലടിപ്പിക്കുന്നു.


പ്ര .മോ .ദി .സം

Sunday, September 5, 2021

വാഴി

 



ജീവിതം  ശരിക്കും ആസ്വദിക്കുവാൻ പറ്റാത്തവരുണ്ട്..കുടുംബ ബാധ്യതയും മറ്റു പ്രശ്നങ്ങൾ ഒക്കെയായി ഒതുങ്ങി കൂടെണ്ടി വന്നവർ..അവർക്ക് ജോലി ,വീട്, കുടുംബം പ്രാരാബ്ദങ്ങൾ ഒക്കെയായി ജീവിതം" ജീവിച്ചു" തീർക്കേണ്ട ചുറ്റുപാടുകൾ ആയിരിക്കും..



എന്നാല് ചിലർ ഉണ്ടു അവസരം ഉണ്ടായിട്ടു കൂടി ജീവിക്കുവാൻ ശ്രമിക്കാത്ത കുറെ പേർ. ..എല്ലാറ്റിലും നിന്നും ഒതുങ്ങി നിൽക്കുന്ന ആൾകാർ..ജോലി ആയി കൊള്ളട്ടെ പ്രേമം ആയി കൊള്ളട്ടെ എന്തിനും ഏതിനും ഒതുങ്ങി നിന്നു ജീവിക്കുന്ന ആൾകാർ..



ചിലരാകട്ടെ തനിക്ക് ഇഷട്ടപെട്ടത് കാത്തു സൂക്ഷിക്കുവാൻ വേണ്ടി എന്തും ചെയ്യുന്ന ആൾകാർ..യാത്ര എന്ന കുരുത്തംകെട്ട  സ്വഭാവ വൈകല്യം ഉള്ള വാശിയുള്ള മകനെ രക്ഷിക്കാൻ അമ്മക്ക് സ്വന്തം ഭർത്താവിനെ "ഉപേക്ഷിച്ച്" അവിടെ നിന്നും ഒളിച്ചോടെണ്ടി  വരുന്നു.



യാത്ര എന്ന കൊച്ചിനെ സുരക്ഷിത കരങ്ങളിൽ ഏല്പിച്ചു ഈ ലോകത്ത് നിന്നും രക്ഷപ്പെടുവാൻ വേണ്ടിയുള്ള യാത്രയിൽ ഇത്തരം വ്യത്യസ്ത ജീവിത സാഹചര്യങ്ങൾ ഉളളവർ കണ്ടുമുട്ടി എല്ലാവരും നല്ലൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതാണ് "വാഴി "എന്ന പുതുമുഖങ്ങൾ അണിനിരന്ന ചിത്രം പറയുന്നത്.



അരുൺ പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യാത്രകൾ ഒരു പാടുണ്ട്.അത് കൊണ്ട് തന്നെ ഓരോരോ ഫ്രയിമും മനോഹരമാണ്..അവസാനത്തെ കുറച്ചു സമയം വെറുതെ ലാഗിങ് ആയത് ഒഴിച്ചാൽ നല്ലൊരു അനുഭവം  തന്നെയാണ് ശിവ കാർത്തികേയൻ നിർമിച്ച ഈ കൊച്ചു തമിൾ ചിത്രം


പ്ര .മോ. ദി. സം

Friday, September 3, 2021

മാധ്യമ അ"ധർമ്മം"

 



ഇന്നത്തെ  മാധ്യമങ്ങളിലെ രണ്ടു വാർത്തകളാണ് ഇന്നത്തെ "ഇസ"ത്തിന് പ്രേരണയായത്.


എവിടെയോ ഒരു രാഷ്ട്രീയകാരന് വെട്ട് കൊണ്ടത് അവൻ്റെ പാർട്ടിയായ ബി ജെ പി ക്കാരന് വെട്ട് കൊണ്ട് എന്ന് വെണ്ടക്ക അക്ഷരത്തിൽ കൊടുത്തിട്ടുണ്ട്..നമ്മൾ ന്യായമായും ചിന്തിക്കും അത് എതിർഭാഗത്തുള്ള  സി പി എം കാരനോ കോൺഗ്രസ്സ്കാരനോ അല്ലെങ്കിൽ ലീഗ്  എസ് ഡി പി ഐ ഇവരിൽ ആരെങ്കിലും ആയിരിക്കും എന്ന്.... പക്ഷേ വാർത്ത വായിച്ചാൽ മനസ്സിലാകും അത്  രാഷ്ട്രീയം അല്ല കുടുംബവഴക്കും മുൻ വൈരാഗ്യവും ആയിരുന്നു എന്ന്...എന്നാലും "വേശ്യാ"മാധ്യമങ്ങൾ വെട്ട് കൊണ്ടവൻ്റെ പാർട്ടിയുടെ പേര് മറന്നില്ല...


അതേ ദിവസം തന്നെയുള്ള മറ്റൊരു വാർത്തയിൽ മാസങ്ങൾക്ക് മുൻപ്  തലസ്ഥാനത്ത് മരണപ്പെട്ട രണ്ടു  കോവിഡു മുന്നണി പോരാളികളുടെ  കുടുംബത്തിൻ്റെ കടബാധ്യത പാർട്ടി അംഗങ്ങൾ  ചേർന്ന് സ്വരൂപിച്ച് ബാങ്കുകളിൽ അടച്ചു  തീർത്ത വാർത്തയിൽ പാർട്ടിയുടെ പേരോ വിവരങ്ങളോ ഇല്ല..അത് ഭരണപാർട്ടിയായ മാർകിസ്റ്റ് പാർട്ടി ആയിരുന്നിട്ടും കൂടി....


ഒരു കൂട്ടം സഖാക്കൾ നന്മ ചെയ്ത വാർത്തയിൽ അവർക്ക് പാർട്ടിയുടെ പേര് കൊടുക്കുന്നതിൽ എന്തോ ഒരു തരം വല്ലായ്മ....അവർക്ക്

" കിരാത" വാർത്തകൾക്ക് "ഹൈപ്പു" നൽകി മാലോകരെ  പറ്റിക്കുവാൻ  മാത്രംആണ് താൽപര്യം.നാളെ ഇത്തരം വാർത്തകൾ പാർട്ടികൾ തിരിഞ്ഞും വന്നേക്കാം..


ഇവിടെയാണ് മാധ്യമങ്ങൾ ജാതിയും മതവും രാഷ്ട്രീയവും നിലനിൽപ്പിന് വേണ്ടി അവരുടെ നാവുകൾ ആക്കുന്നത് നമ്മൾ കാണുന്നത്.


ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ..അവസരങ്ങൾക്ക് വേണ്ടി എന്ത് നാറിയ പണിയും ചെയ്യുന്നത് കൊണ്ട് തന്നെയാണ് ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ പത്രപ്രവർത്തകരും മാധ്യമങ്ങളും ഉള്ള നാട് ഭാരതം എന്ന് വിളിച്ചു പറയാൻ മറ്റുള്ളവർക്ക് കഴിയുന്നത്. അതിവിടെ മാധ്യമങ്ങൾ ദിനംപ്രതി തെളിയിക്കുന്നുമു്ണ്ട്..


പ്ര. മോ .ദി. സം

Thursday, September 2, 2021

99 സോങ്ങ്സ്

 



ഒരു പാട്ട് വൈറൽ ആയി അത് കംമ്പോസ്   ചെയ്തു പാടിയ ആൾ   "സെലിബ്രിറ്റി" ആകുമ്പോൾ ആ പാട്ട്  ഒന്നുകിൽ സൂപ്പർ ആയിരിക്കും എന്ന് മാത്രമല്ല   നമ്മുടെ കൂട്ടത്തിൽ പലരെയും ആകർഷിക്കുന്ന ഒന്നായിരിക്കും..



പക്ഷേ ഈ ചിത്രത്തിൽ അങ്ങിനെ ഉണ്ടാകുന്ന  ആ പാട്ട് ആരെയും അങ്ങിനെ ആകർഷിക്കുന്ന ഗാനം അല്ല എന്ന് മാത്രമല്ല സിനിമ കഴിഞ്ഞാൽ  അല്ലെങ്കിൽ സീൻ കഴിഞ്ഞാൽ തന്നെ ആ ഗാനം ആരും മൂളുക പോലുമില്ല..പിന്നീട്  ഒരിക്കൽ കൂടി കേൾക്കുവാൻ ആഗ്രഹിക്കുക പോലും ഇല്ല 



AR റഹ്മാൻ ആണ് സംഗീതം നൽകിയത് എന്ന് കരുതി പാട്ടൊക്കെ അടിപൊളി ആയിരിക്കും എന്ന് കരുതുന്ന കാലം ഒക്കെ പോയി..റഹ്മാൻ്റെ കയ്യിൽ ഉള്ളതൊക്കെ തീർന്നു പോയതായി ഇപ്പൊൾ അടുത്ത് കാലത്ത് അനുഭവപ്പെട്ടു തുടങ്ങി.


അതിനിടയിൽ "പരം പരം പരമസുന്ധരി "ഹിറ്റ് ആയത് വിസ്മരിക്കുന്നില്ല.എന്തായാലും റഹ്മാന് മുൻപുള്ള വിശ്വാസം ഇപ്പൊൾ പലർക്കും ഇല്ല.



സംഗീത പ്രാധാന്യം ഉള്ള ഒരു ചിത്രം ചെയ്യുമ്പോൾ അതിലെ ഒന്ന് രണ്ടു പാട്ട് എങ്കിലും ഹൃദ്യം ആയിരിക്കണം.99 സോങ്സ് എന്ന പേര് കൊടുത്തു ഒരു പാട്ട് പോലും ഇമ്പം ഇല്ലാതായാൽ മൊത്തത്തിൽ സിനിമ എങ്ങിനെ ഉണ്ടാകും?അത്രയേ ഈ സിനിമയെ കുറിച്ചും പറയുവാനുള്ളത്.


അത് കൊണ്ട് തന്നെ ആയിരിക്കും തിയേറ്ററിൽ വളരെ മുൻപ് വന്നിട്ടും ആരും കാണാതെ പോയതും.



കാമുകിയെ സ്വന്തമാക്കാൻ ലോകം ആകർഷിക്കുന്ന  പാട്ടൂണ്ടാക്കൻ പോകുന്ന കാമുകൻ സ്ഥിരം "ക്ലീഷെ "ആയ മയക്കു മരുന്ന് കേസിൽ ആളുമാറി കുടുങ്ങി പോകുന്നതും പിന്നെ അവിടെ നിന്ന് പുറത്ത് വന്നു കാമുകിയെ വീണ്ടെക്കുന്നതും ഒക്കെയാണ് കഥ. സംഗീതത്തിന് പുറമെ കഥ കൂടി എഴുതി റഹ്മാൻ ഇരട്ട അബദ്ധം ആണ് ചെയ്യുന്നത്.നിർമാണവും കൂടി പുള്ളിയുടെത് തന്നെ..


വിശേഷ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത ചിത്രത്തിൽ ഭൂരിഭാഗവും പുതിയ മുഖങ്ങൾ ആണ്.


പ്ര.മോ. ദി .സം