Tuesday, September 16, 2014

ഗൃഹപ്രവേശം

ഇന്നായിരുന്നു  സാജുവിന്റെ ഗൃഹപ്രവേശം .ഒന്നവിടെ മുഖം കാണിക്കണം..അല്ലെങ്കില്‍ അവന്‍  എന്ത് വിചാരിക്കും.ഇന്ന് നൂറുകൂട്ടം പണികള്‍ ഉള്ള ദിവസമായിരുന്നു ..അത് കൊണ്ട് തന്നെ കാലത്ത് ചടങ്ങിനു  പോകുവാന്‍ പറ്റിയില്ല .. കുറച്ചു ജോലി കൂടിയുണ്ട് തീര്‍ക്കുവാന്‍  ..അത് തീര്‍ക്കാന്‍ നിന്നാല്‍  ചിലപ്പോള്‍  ഇന്ന് പോകാന്‍ പറ്റില്ല  .അത് മോശമാണ് ..എന്തിനും ഏതിനും  സഹായത്തിനുണ്ടാവുന്ന ആളാണ്‌ .അത് കൊണ്ട്  ഇന്നുതന്നെ അവിടെ പോകുവാന്‍ സമയം കണ്ടെത്തിയെ  തീരൂ.അയാള്‍ ജോലി മതിയാക്കി എഴുനേറ്റു.

പാവം സാജു ..വീട് പണി തുടങ്ങിയിട്ട് കുറെ നാളായി.വിചാരിച്ചതുപോലെ  കാര്യങ്ങള്‍ നടക്കാത്തതുകൊണ്ട്  അവന്‍റെ" ബജറ്റ് "താളം തെറ്റി.അത് കൊണ്ട് തന്നെ കുറെ ദിവസം പണി നടന്നില്ല ..പിന്നെ പണി തുടങ്ങുമ്പോള്‍  കമ്പി സിമണ്ട് ,കൂലി തുടങ്ങി എല്ലാറ്റിനും വില കൂടിയിരുന്നു.കൂനിന്മേല്‍ കുരു വന്ന അവസ്ഥ.ഇനിയും കാത്തിരുന്നാല്‍  ഈ ജന്മത്തില്‍ പണി മുഴുമിക്കാന്‍  ആകില്ലെന്ന തോന്നലാവാം കിട്ടാവുന്ന സ്ഥലത്ത് നിന്നൊക്കെ കടം വാങ്ങി  വീട് പൂര്‍ത്തികരിക്കുവാന്‍  അവനെ പ്രേരിപ്പിച്ചത്.അതോടെ അവനാകെ ഒന്ന് ഉടഞ്ഞു..

താനും വീട് വെച്ചിരുന്നു.ഒരു ആവശ്യവും ഇല്ലായിരുന്നു.താമസിക്കുവാന്‍ നല്ല തറവാട് ഉള്ളപ്പോള്‍   ഭാര്യയുടെ നിര്‍ബന്ധത്തിനു  വഴങ്ങി ഒരു വീട് വെക്കേണ്ടി വന്നു..എല്ലാവരും പുതിയ വീട് വെക്കുമ്പോള്‍  പഴയ തറവാട് വീട് അവള്‍ക്കു ഒരു കുറച്ചിലായി തോന്നിയിരിക്കണം.കുറേകാലം ഒഴിഞ്ഞു മാറി നിന്നതാണ് .പക്ഷെ അവളുടെ നിര്‍ബന്ധം അസഹ്യമായപ്പോള്‍  പുതിയ വീടുവെച്ചു.ഇപ്പോള്‍  അപ്പുറത്ത് പഴയ തറവാട്  ആളനക്കമില്ലാതെ നശിക്കുന്നു.

വീട് പണി തുടങ്ങുമ്പോള്‍ അമ്മ ഉപദേശിച്ചത്  ഇന്നും മനസ്സിലുണ്ട്
“മോനെ ..മനുഷ്യന് തലചായിക്കുവാനാണ്   ഗൃഹം .അല്ലാതെ അവന്‍റെ പത്രാസ് കാണിക്കുവാനല്ല ...നിനക്ക് ഇപ്പോള്‍ താമസിക്കുവാന്‍  നല്ല അടച്ചുറപ്പുള്ള അസ്സല്‍  തറവാടുണ്ട് .പിന്നെ എന്തിനു നീ  പുതിയ വീട് വെക്കണം.?..നീ ഇപ്പോള്‍ ചെയ്യുന്നത്  ആഡംബരമാണ് അനാവശ്യമാണ് .ഇന്ന് പലരും ചെയ്യുന്നതും അതാണ്‌ ..സബാദിച്ചതു  മുഴുവനെടുത്തും കടം വാങ്ങിയും നാട്ടുകാരെ കാണിക്കുവാന്‍ വലിയ വീടുണ്ടാക്കും ..എന്നിട്ട് ശിഷ്ട്ട ജീവിതം കടം കയറി മനസമാധനമില്ലാതെ അതിനുള്ളില്‍  ഉരുകിഉരുകി ജീവിക്കും..ലോകത്തു എത്ര പേര്‍  ഒന്ന് തലചായ്ക്കാന്‍  ഇടമില്ലാതെ കഷ്ട്ടപെടുന്നുണ്ട്  എന്നറിയാമോ ?നമ്മള്‍  ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം ഉണ്ടാക്കി വേസ്റ്റ് ആക്കുന്നതുപോലെ തന്നെയാ അനാവശ്യത്തിനു വീടുണ്ടാക്കുന്നതും .താമസിക്കാന്‍ ആളില്ലാതെ കിടന്നു  നശിപ്പിക്കുന്നതും ..വീടില്ലാത്ത പാവങ്ങളോട് നമ്മള്‍ ചെയ്യുന്ന അനീതിയാണ്  അത്.....

സാമൂഹ്യ സേവനം ചെയ്തിരുന്ന ഒരു ടീച്ചറുടെ ജല്പനമായി മാത്രം താന്‍ അതിനെ തള്ളി...വീടുപണി ആരംഭിച്ചു.പക്ഷേ പുതിയവീട്  പൂര്‍ത്തിയാകുന്നതുവരെ   അമ്മ കാത്തുനിന്നില്ല .അവരുടെ സ്വപ്നം പോലെ പഴയ തറവാടില്‍ തന്നെ അവരുടെ ജീവിതം അവസാനിച്ചു.തറവാട് നശിച്ചുപോകുന്നത്  കാണാന്‍ ഒരിക്കലും അമ്മ   ഇഷ്ട്ടപെട്ടിരുന്നില്ല...ദൈവവും അറിഞ്ഞു കൊണ്ട് കനിഞ്ഞതാവും അമ്മയെ ...

സാജുവിന്റെ വീട്ടിലെത്തിയപ്പോഴാണ്   ചിന്തകളില്‍ നിന്നും വഴുതിമാറിയത്‌.വീടിന്‍റെപണി മുഴുവന്‍ കഴിഞ്ഞിട്ടില്ല ..എങ്കിലും അത്യാവശ്യം വേണ്ടതൊക്കെ  ചെയ്തിട്ടുണ്ട്. മഴയ്ക്ക് മുന്‍പേ കയറിതാമസം തുടങ്ങിയതാവാം.കാരണം ഇപ്പോള്‍ ഉള്ളത് കൂരയാണ്.രണ്ടു പെണ്‍ മക്കളും ഭാര്യയും അമ്മയും ഒക്കെ ആ അടച്ചുറപ്പില്ലാത്ത വീട്ടില്‍  ഈ മഴകാലത്ത് കൂടി കഴിയണ്ടാ എന്ന് അവന്‍ നിശ്ചയിചിരിക്കും ...അവനു ഒരു വീട് അത്യാവശ്യമാണ് ..അടച്ചുറപ്പുള്ള  സുരക്ഷിതമായ  ഒരിടം ..വളരെ കഷ്ട്ടപെട്ടു എങ്കിലും  അതവന്‍ സാധിച്ചു.

“എന്താട പുതിയ വീട്ടില്‍ കയറി കൂടിയിട്ടും ഒരു സന്തോഷമില്ലത്തത്  ..?’

സാജു ഒന്നും പറഞ്ഞില്ല .അവന്‍ ചിരിച്ചു എന്ന് വരുത്തി..അവന്‍റെ മക്കളും ഭാര്യയും അമ്മയും ഒക്കെ വളരെ സന്തോഷത്തില്‍കാണപ്പെട്ടു .അവരുടെ ഒരുപാട് കാലത്തെ സ്വപ്നം സഫലമായത് കൊണ്ടാവാം.ചായയൊക്കെ കുടിച്ചു കുശലങ്ങളൊക്കെ പറഞ്ഞു അവിടുന്ന് ഇറങ്ങുമ്പോള്‍  വൈകിയിരുന്നു.ചെറിയ ഒരു പൊതി സാജുവിന്റെ  കയ്യിലേല്‍പ്പിച്ചു  

രാത്രി ...ഉറക്കം വരാതെ സാജു അങ്ങോട്ടും ഇങ്ങോട്ടും ചെരിഞ്ഞു മറിഞ്ഞു കിടന്നു.സുഖമായി കിടന്നുറങ്ങുന്ന ഭാര്യയെ നോക്കി അയാള്‍ ദീര്‍ഘമായി  നിശ്വസിച്ചു..ചിലപ്പോള്‍  പെണ്‍മക്കള്‍ വളര്‍ന്നതിന് ശേഷം ആദ്യമായിട്ടയിരിക്കും ഭാര്യ സമാധാനമായി ആശങ്കകള്‍  ഇല്ലാതെ  കിടന്നുറങ്ങുന്നത്.ഇന്നലെവരെ   ചെറിയ ഒരു അനക്കം കേട്ടാല്‍  മതി അവള്‍ ഞെട്ടി ഉണരുമായിരുന്നു..മക്കളെ ശ്രദ്ധിക്കുമായിരുന്നു .മക്കളും യാതൊരു അല്ലലുമില്ലാതെ  അപ്പുറത്ത്  സുഖമായി കിടന്നുറങ്ങുന്നു...ഉറക്കത്തില്‍ ആധിയോടെയുള്ള അമ്മയുടെ ഉറക്കെയുള്ള  സംസാരവും ഇന്ന് കേള്‍ക്കുവാനില്ല ..എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പായി.

ഈ കെട്ടുറപ്പുള്ള  വീട്ടില്‍  ഉറക്കമില്ലാത്തത്  തനിക്ക് മാത്രമാണ് ...പലരോടും കടം വാങ്ങിയ ഭാരിച്ച തുക അയാളെ  വീര്‍പ്പുമുട്ടിച്ചു. പണം തിരിച്ചു വാങ്ങുവാന്‍ വരുന്നവരെ സ്വപ്നം കണ്ടു  അയാള്‍ പലപ്പോഴും ഞെട്ടി  ഉണര്‍ന്നു....വീണ്ടും ഒന്ന് മയങ്ങുമ്പോള്‍  അവരില്‍ ചിലരുടെ മുഖം വീണ്ടും പൊന്തി വരുന്നു .......അയാള്‍ക്ക്‌  ഉറക്കം മുന്‍പേ നഷട്ടപെട്ടിരുന്നു...എങ്കിലും പുതപ്പ് തലയില്‍ കൂടി വലിച്ചു മൂടി ഉറക്കം പ്രതീക്ഷിച്ചു  കൊണ്ട്  അയാള്‍ കിടന്നു..അയാളുടെ പ്രാരാബ്ധം കണ്ടിട്ടാവണം നിദ്രാദേവി കൂടി അയാളെ കടാക്ഷിച്ചില്ല ..എന്നെങ്കിലും ഈ വീട്ടില്‍ സമാധാനമായി കിടന്നുറങ്ങാന്‍ അയാള്‍ ദൈവത്തോട് പ്രാര്‍ഥിച്ചു കൊണ്ടിരുന്നു .


കഥ : പ്രമോദ്‌ കുമാര്‍.കെ.പി  

ജന്മദിനം

"അച്ഛാ  ജിത്തുവിന്റെ ബര്‍ത്ത്  ഡേ ഇന്നാണ്  ആഘോഷിക്കുന്നത് ..പക്ഷെ  അവന്‍ ജനിച്ചത്‌ സെപ്തംബര്‍  ഇരുപത്തിഒന്നിനാ ....അതെന്താ അവര്‍ ഇന്ന്  പാര്‍ട്ടി വെച്ചത് ?"

"ചിലപ്പോള്‍  അവന്റെ ജന്മനക്ഷത്രം  ഇന്നായിരിക്കും  വരുന്നത് ..."

"അവനും അങ്ങിനെയാണ് പറഞ്ഞത് ...അപ്പൊ  അച്ഛാ ഒരു സംശയം ..ഈ ഗാന്ധിജിക്ക്  ഒന്നും ജന്മനക്ഷത്രം ഇല്ലേ ..എപ്പോഴും ബര്‍ത്ത് ഡേ ഒക്ടോബര്‍ രണ്ടിനാ
  വരുന്നത് ...."

ഇപ്പോഴത്തെ കുട്ടികളുടെ ഓരോരോ സംശയമേ ....എന്താ പറയ്യാ .....


കഥ  : പ്രമോദ്‌ കുമാര്‍ .കെ.പി


Tuesday, September 2, 2014

ഭയം

വൈകുന്നേരം .. ദേഹമാകെ  വിയര്‍ത്തൊലിച്ചു  കൊണ്ട് അയാള്‍ നടന്നു ..വെയിലിനു അത്ര കാഠിന്യമൊന്നുമില്ല  എന്തോ  ഒരു തരം  ഭയമായിരുന്നു അയാളെ പിടികൂടിയിരുന്നത്..ഹര്‍ത്താല്‍  ആയതുകൊണ്ടോ  എന്തോ റോഡിലൊന്നും  ആരെയും കണ്ടില്ല .എല്ലാവരും  വീട്ടിനുള്ളില്‍  ഈ  ഹര്‍ത്താല്‍  ആഘോഷിക്കുകയായിരിക്കും...ഇപ്പോൾ കേരളത്തിലെ  ജനങ്ങൾക്ക്‌  ഹർത്താൽ  "ഉത്സവം " ആണല്ലോ ...എന്തെങ്കിലും  ശബ്ദം കേള്‍ക്കുമ്പോള്‍  ഭയത്തോടെ  അയാള്‍    ചുറ്റിലും   നോക്കി കൊണ്ടിരുന്നു..

റോഡുവിട്ടു  വീട്ടിലേക്കുള്ള ഇടവഴിയില്‍  കയറിയപ്പോള്‍  അയാളുടെ ഭയം ഒന്നുകൂടി വര്‍ധിച്ചു..ഇനി  സൂക്ഷിക്കണം..രണ്ടു ഭാഗത്തും  കാടുപോലെ  പുല്ലുകളും  ചെടികളും  വളർന്നു നില്‍ക്കുന്നു. അതിനുമപ്പുറം തോടും..അവിടെ എവിടെയെങ്കിലും  ശത്രുക്കള്‍ ഒളിച്ചിരുന്നാല്‍  കണ്ടുപിടിക്കുവാന്‍  തന്നെ പ്രയാസം..  എവിടെ നിന്നും എപ്പോള്‍  വേണമെങ്കിലും തനിക്കുനേരെ ആക്രമണം ഉണ്ടാവാം..കരുതലോടെ അയാള്‍ മുന്നോട്ടേക്കു നടന്നു.

വഴിയരികെ ചെടികൂട്ടങ്ങള്‍ക്കിടയില്‍  അനക്കം ശ്രദ്ധിച്ചു .. അയാള്‍ കിടുകിടാ വിറച്ചു.....മരണം മുന്നില്‍  എത്തിയിരിക്കുന്നു ..ഇനി  നിമിഷങ്ങള്‍  മാത്രം.ഇന്നലെ തന്റെ പാര്‍ട്ടികാര്‍  കൊന്നവന്റെ  അനുയായികള്‍  തന്റെ  ജീവനെടുത്തു ഇന്ന് ആഘോഷിക്കും.പകരത്തിനു പകരം ..രാഷ്ട്രീയ പ്രതിയോഗികളായ അവര്‍ ഇന്ന്   തന്റെ ചോരക്കുവേണ്ടി  അവിടെ  ഒളിച്ചിരിക്കുന്നു...പാടില്ല  ,അവരുടെ കത്തിമുനയില്‍  കുടുങ്ങരുത്...സകല ശക്തിയുമെടുത്തു അയാള്‍ മുന്നോട്ടെക്ക്ക്കോടി...തിരിഞ്ഞു പോലും നോക്കാതെ ....

കന്നി മാസത്തിലെ “ കൊയ്ത്തും  “കഴിഞ്ഞു സന്തോഷത്തോടെ ചെടിക്കള്‍ക്കിടയില്‍  നിന്നും വഴിയിലേക്കിറങ്ങിയ പട്ടികളെ അയാള്‍ കണ്ടില്ല...അയാളുടെ  ഓട്ടം കണ്ടു  അത്  കളിയാക്കിയതുപോലെ  കുരച്ചുകൊണ്ടിരുന്നു  .അതൊന്നും അയാൾ  അറിഞ്ഞില്ല .തിരിഞ്ഞു പോലും നോക്കാതെ അയാള്‍ ജീവനും  കൊണ്ട് ഓടുകയായിരുന്നു...

"വാളെടുത്തവന്‍  "എന്നെങ്കിലും" വാളാല്‍" തന്നെ തീരുമെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു...അത് എത്ര വലിയ രാഷ്ട്രീയപാർട്ടിയുടെ  പിന്തുണ ഉണ്ടെങ്കില്‍ കൂടി വിധിച്ചിരിക്കുന്നത്  ഏതെന്കിലും ശത്രുവിന്റെ കത്തിമുന ആയിരിക്കുമെന്ന്  നിശ്ചയമായിരുന്നു.....അങ്ങിനാണല്ലോ  ഇവിടെ  തുടർന്നുകൊണ്ടിരിക്കുന്നത് ...

നേതാക്കളുടെ  ആജ്ഞ കേട്ട്  മുൻപും  പിൻപും  നോക്കാതെ  എടുത്തുചാടി  പല  അവിവേകവും ചെയ്തതുകൊണ്ട് പ്രാണഭയത്തോടെ മാത്രം ശിഷ്ട്ടകാലം  ജീവിക്കാന്‍ വിധിക്കപെട്ട അനേകം ഹതഭാഗ്യരായ അണികളില്‍  പെട്ടെതായിരുന്നു  അയാളും..ശരവേഗത്തില്‍ വീട്ടിലേക്ക് ഓടി കയറിയ അയാള്‍ മുറിയില്‍ കയറി വാതിലടച്ചു..."കൊയ്ത്തു" കഴിഞ്ഞിറങ്ങിയ പട്ടികളെകാൾ   അപ്പോൾ  അയാള്‍  കിതക്കുന്നുണ്ടായിരുന്നു.


കഥ : പ്രമോദ്‌ കുമാര്‍.കെ.പി
ചിത്രങ്ങള്‍ : കേരള വാട്ടര്‍കളര്‍  സോസെറ്റി

Friday, August 29, 2014

കാലം മാറി കഥമാറി


അമ്പലത്തില്‍ നിന്നുമൊഴുകിവരുന്ന ഭക്തിഗാനം ഈ പുലര്ച്ച ക്ക് എന്തോ ഒരു ഊര്‍ജം തന്നിലേക്ക് നിറക്കുന്നു . ആരെയും ഉണര്‍ത്താതെ വാതില്‍ ചാരി പതിവുപോലെ മാധവന്‍ പ്രഭാതസവാരിക്കിറങ്ങി. റോഡിലേക്ക് ഇറങ്ങിയപ്പോള്‍ പത്രകാരന്‍ മനു സൈക്കിളില്‍ കുതിച്ചുപായുകയാണ് .ഇന്നെന്തോ വൈകി അതാണ്‌ ഈ പാച്ചില്‍ ...തണുപ്പല്ലേ ..പാവം ഉറങ്ങിപോയതാവും. സാധാരണ പോലെ ജാനുവേച്ചിയുടെ ചായകട തുറന്നിട്ടുണ്ട് പാൽകാരന്‍ കുഞ്ഞിരാമന്‍ പാല്‍ പാത്രവും തൂക്കി അവിടെ നിന്നും ചായ കുടിക്കുന്നുണ്ട്...അതിരാവിലെ ചായ അത്യാവശ്യമുള്ളവര്‍ ഒക്കെ കടക്കകത്തുണ്ട് .വഴിയില്‍ കണ്ടവരോടൊക്കെ കുശലം പറഞ്ഞു അയാള്‍ മുന്നോട്ടു നടന്നു.
 
അമ്പലകുളത്തില്‍ നിറയെ ആൾകാരായിരുന്നു.തന്നെ കണ്ട അബ്ദുൾ ഖാദർ വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു .സ്ഥിരമായിട്ടുള്ള ചോദ്യങ്ങള്‍ തന്നെ ..ഉത്തരം മാത്രം ചിലത് മാറിമറിഞ്ഞിരിക്കും.മാത്യുവും പണിക്കരും രമേശനുമൊക്കെ ലോഗ്യം പറഞ്ഞു.ആ ഗ്രാമത്തിലെ പലരും അതിരാവിലെ അവിടെ കണ്ടുമുട്ടുക പതിവായി..പൊതുവായ പലകാര്യങ്ങളുടെയും ചർച്ച  അവിടെ നിന്ന് ആരംഭിക്കുന്നു.. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അയല്കാരി സുബൈദ അടുക്കള വാതിലില്‍ കൂടി പുറത്തേക്കു പോകുന്നു.എന്തോ സാധനം വാങ്ങുവാന്‍ വന്നതായിരിക്കും.ഇവളും ഇവിടില്ലാത്തത് അവിടെ പോയി വാങ്ങാറുണ്ട് .നല്ല അയൽകാര്‍ ..പരസ്പര സഹകരണവും .ഓണവും പെരുന്നാളും ഒന്നിച്ചു ആഘോഷിക്കുന്നവര്‍... .

എത്ര പെട്ടെന്നാണ് വർഷങ്ങള്‍ കൊഴിഞ്ഞത്..അയാള്‍ കിടക്കയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ചു.റിട്ടയര്‍മെന്റിനു ശേഷം ഉറക്കം തീരെ കുറഞ്ഞു.വർഷങ്ങളായി ഉള്ള  പ്രഭാതസവാരി ഇന്നും തുടരുന്നുണ്ട്.അതുകൊണ്ടാവാം ശരീരം ഇതുവരെ കാര്യമായി ബുധിമുട്ടിച്ചില്ല.സമയം വൈകിപോയി എന്ന് തോന്നിയപ്പോള്‍ അയാള്‍ പതുക്കെ കിടക്ക വിട്ടു എഴുനേറ്റു .മുൻപ്  അമ്പലത്തിലെ ഭക്തിഗാനം കേൾക്കു  മ്പോള്‍ സമയം മനസ്സിലാക്കാമായിരുന്നു..ഇപ്പൊ അതും നിന്നുപോയി ..അല്ല ചിലർ  നിർത്തിച്ചു .

“എടീ ..എഴുനേൽക്കൂ ....ആ വാതിലൊന്നു  അടക്കൂ ..ഞാന്‍ നടക്കാന്‍ പോകുകയാ “

മുൻപത്തെ  പോലെയല്ല ..വാതില്‍ചാരി പുറത്തേക്ക് ഇറങ്ങാന്‍ പറ്റില്ല.മനുഷ്യ മനസ്സുകളില്‍ പിശാചുക്കള്‍ താമസം തുടങ്ങിയ കാലമാണ്. എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് ഭാര്യ എഴുനേറ്റു.

“ഇന്ന് പോണോ ? കൊല്ലും കൊലയുമൊക്കെ നടക്കുന്ന കാലമല്ലേ ...?”

“അതൊന്നും   നമ്മുടെ സ്ഥലത്തല്ലല്ലോ ...അല്ലെങ്കിലും ഒരു പാർട്ടിയിലുമില്ലാത്ത ഞാനെന്തിനാടി പേടിക്കുന്നത് ?”

റോഡിലേക്ക് ഇറങ്ങിയെങ്കിലും ആരെയും കാണുവാനില്ല. പലരും പുറത്തിറങ്ങാൻ  മടിക്കുന്നു.രാഷ്ട്രീയകൊലപാതകം ,തമ്മില്‍ തമ്മില്‍ നിലനില്ക്കുന്ന സ്പർദ്ധ .. അതിന്റെ പരിണിതഫലങ്ങള്‍ പലരുടെയും വ്യായാമം വീട്ടിനുള്ളില്‍ തന്നെതളച്ചിടപ്പെട്ടു.അയാള്‍ മുന്നോട്ടേക്കു നടന്നു.ജാനുവേച്ചിക്ക് വയ്യെങ്കിലും പണ്ടത്തെപോലെ കച്ചവടം ഇല്ലെങ്കിലും ഇപ്പോഴും   കട തുറക്കാറുണ്ട്. മോന്‍ സഹായതിനുള്ളത്    കൊണ്ടാവും  .പതിവുപോലെയുള്ള “ബെഡ് കോഫി “ആൾകൂട്ടവും അവിടെ കണ്ടില്ല.

നടന്നു നടന്നു അമ്പലകുളത്തിനരുകിലെത്തി.പരിസരമൊ ക്കെ കാട് പിടിച്ചു കിടക്കുന്നു.ആൾ പെരുമാറ്റം കുറഞ്ഞത്‌  കൊണ്ടായിരിക്കും.കുളികാര്‍ ആരുമില്ല .അഹിന്ദുക്കള്ക്ക് പ്രവേശനമില്ല എന്ന ബോർഡ്‌  വന്നപ്പോള്‍ അന്യമതകാര്‍ വന്നു കുളിക്കാതെയായി...വീട്ടില്‍ സൌകര്യങ്ങള്‍ കൂടിയപ്പോള്‍ മറ്റുള്ളവരും. ആരുമില്ലാത്ത അമ്പലകുലത്തില്‍ കുളിക്കുന്നത് അയാൾക്കും ഇഷ്ട്ടമാല്ലതായി.പതിവായി ആരും കുളിക്കാത്തത് കൊണ്ടാവാം വെള്ളതിനൊക്കെ വല്ലാത്തൊരു കളര്‍.....പൂപ്പു പിടിച്ച  കുളപടികളും ..

എന്ത് രമ്യതയോടെ കഴിഞ്ഞിരുന്ന നാട്ടുകാരായിരുന്നു.അമ്പലത്തിലെ പുലർ ച്ചെയുള്ള ഭക്തിഗാനം കൊണ്ട്  കുട്ടികൾക്ക്   പഠനത്തില്‍ ശ്രദ്ധിക്കുവാന്‍ കഴിയുനില്ല എന്ന പരാതി വന്നതായിരുന്നു തുടക്കം.പരാതിപെട്ടത് അന്യ മതത്തില്‍പെട്ടവര്‍ ആയത്കൊണ്ട്  അതിനു  മറ്റൊരർഥം  കണ്ടു .അത് നാട്ടുകാർക്കിടയിൽ വലിയൊരു പ്രശ്നമായി ആളികത്തി.അതിനുശേഷമാണ് അമ്പലകുളത്തില്‍ ഇങ്ങിനത്തെ ബോര്‍ഡ്‌ വന്നതും.പിന്നെ പിന്നെ മത്സരമായിരുന്നു മനുഷ്യര്‍ തമ്മിലല്ല മതങ്ങള്‍ തമ്മില്‍ ..അത് പിന്നെ ചില പാർട്ടികളും ഏറ്റെടുത്തു .അയലത്തെ സുബൈദ കണ്ടാല്‍ ചിരിക്കുകയല്ലാതെ വീട്ടിലേക്കു വരാതെയായി.ഇരുവീടിന്റെയും  അതിരുകൾക്കിടയില്‍ വേർ പെടുത്തുവാനെന്നപോലെ മതിലുകള്‍ ഉയർന്നു . അതോടെ ഉച്ചസമയത്തെ അടുക്കളവര്‍ത്തമാനം നിലച്ചു..ഊഷ്മളബന്ധങ്ങളും ..സീരിയലില്‍ അഭയം തേടിയത് കൊണ്ട് അവൾക്കു നേരം പോയി കിട്ടി.

നടന്നു നടന്നു അയാള്‍ വീട്ടില്‍ തിരിച്ചെത്തി.നേരം ഇനിയും പുലർനിരുന്നില്ല .എന്നാലും അടുക്കളയില്‍ ശബ്ദം കേൾക്കുന്നുണ്ട് .അവൾ  പിന്നെ ഉറങ്ങി കാണില്ല .അയാള്‍ വരാന്തയിലെ  ചാരുകസേരയില്‍ കിടന്നു

ഈ ലോകത്ത് മനുഷ്യര്‍ ഇല്ലാതായിരിക്കുന്നു..സ്വന്തം സുഖത്തിനുവേണ്ടി സഹോദരങ്ങളെവരെ തിരിച്ചറിയാത്ത പിശാചുക്കള്‍ ആയി ഓരോരുത്തരും മാറിയിരിക്കുന്നു..ജാതിയും മതവും രാഷ്ട്രീയവും കാര്യങ്ങള്‍ തീരുമാനിക്കുന്നു..അവരുടെ കൂടെ കൂട്ട് കൂടിയത് കൊണ്ട് സമൂഹത്തിനു അന്ധത ബാധിച്ചിരിക്കുന്നു..കേൾവിശക്തി  നഷ്ട്ടമായിരിക്കുന്നു.കൈകാലുകൾ ബന്ധിക്കപെട്ടിരിക്കുന്നു.  . ഒന്നിനും കൊള്ളാത്ത മനുഷ്യപിണ്ടങ്ങൾ മാത്രം വസിക്കുന്ന നാടായി മാറിയിരിക്കുന്നു .ഇനി  കൂടുതൽ  നാളുകളില്ല ..നാശം തുടങ്ങുകയാണ്.കൂടുതലൊന്നും ആലോചിക്കുവാനിഷ്ട്ടപെടാതെ അയാള്‍ കണ്ണുകള്‍ ഇറുകിയടച്ചു.


പെട്ടെന്ന് റോഡില്‍ എന്തോ വലിയ ശബ്ദം കേട്ടു ...ആരുടെയോക്കെയോ കരച്ചിലും ...അൽസമയത്തിനു ശേഷം തന്റെ  തൊടിയിലൂടെ കുറച്ചുപേര്‍ പലവഴിക്ക് ഓടിപോകുന്നതും കണ്ടു..എന്തെന്ന് പോലും തിരക്കാന്‍ നിൽ ക്കാതെ സ്വാർഥതയോടെ യോടെ അയാള്‍ അടുക്കള വഴി അകത്തു കയറി വാതിലടച്ചു .ഭാര്യയോട് വിവരം പറഞ്ഞു കത്തിനിൽക്കുതന്ന ലൈറ്റ് ഒക്കെ ഓഫ്‌ ചെയ്തു .അനങ്ങാതെ അവിടെ തന്നെ ..അയാൾ എന്തുകൊണ്ടോ  ഭയന്ന് വിറക്കുന്നുണ്ടായിരുന്നു . അശാന്തിയുടെ ദിനങ്ങള്‍ അവസാനിക്കുന്നില്ലെന്നു അയാൾക്ക് ‌ മനസ്സിലായി. ഭയം കൊണ്ട് അയാളുടെ ചുണ്ടുകളുരുവിടുന്ന
പ്രാര്‍ഥനാശകലങ്ങള്‍ അവിടങ്ങളില്‍ നിറഞ്ഞുനിന്നു.

കഥ :പ്രമോദ്‌ കുമാര്‍.കെ.പി
ചിത്രങ്ങൾ :കേരള വാട്ടർകളർ സോസെററി

Saturday, August 23, 2014

കൊടുത്തു ...വാങ്ങി



ക്ലാസ്സിലേക്ക്  കയറുമ്പോള്‍ തന്നെ മനം കുളിര്‍ത്തു.നിറയെ പെണ്‍ കുട്ടികള്‍  ഇല്ലെങ്കിലും ഉള്ളതൊക്കെ സുന്ദരികള്‍ .ഇവിടെ നിന്ന് പഠിച്ചു പാസായി ഇവറ്റകള്‍  ഒക്കെ ഈ ഫീല്‍ഡില്‍  എന്തോന്ന് ചെയ്യാന്‍ ?എന്തായാലും പഠിപ്പിനിടയില്‍  ആണ്‍പിള്ളേരുടെ ബോറടി മാറ്റുവാനെന്കിലും ഉപകരിക്കും.ഇപ്പോള്‍ പഠിപ്പൊക്കെ പലര്‍ക്കും ഒരു ഫാഷന്‍ ആണ് ..പേരിന്റെ ഒപ്പം കൂട്ടിയെഴുതുവാന്‍ കുറെ ഡിഗ്രികള്‍  സമ്പാദിക്കുന്നവരാ ഇപ്പോള്‍ കൂടുതല്‍ .അല്ലെങ്കില്‍ ഈ കോഴ്സുകലൊക്കെ പഠിചിറങ്ങുന്ന പെമ്പിള്ളേര്‍ എവിടെ പോയി മറയുന്നു.?എന്തിനു പെമ്പിള്ളേര്‍.. ആണ്‍ പിള്ളേര്‍ തന്നെ എവിടെ ? അത്രയധികം പേര്‍  പഠിച്ചു പാസ്സായി പുറത്തിറങ്ങിയിട്ടുണ്ട് ..പക്ഷെ അത്രത്തോളം  ഒഴിവുകള്‍  ഈ മേഖലയില്‍  ഇപ്പോള്‍ ഉണ്ടോ ? .ചിലര്‍ക്ക് പഠിത്തം ഒരു ഹോബിയാണ് ..അവര്‍ എത്ര ഉന്നതിയിലെത്തിയാലും പഠിച്ചു കൊണ്ടേയിരിക്കും ..അവര്‍ക്ക് അത് ഒരു ഹരമാണ് ..പലതരം അറിവുകള്‍  നേടുവാനുള്ള  ഒരു ഹരം.പഠിച്ചതുമായി ബന്ധപെട്ട ജോലി ചെയ്യുന്നവര്‍  ഇന്ന് ചുരുക്കം.കിട്ടുന്ന ജോലിയിലേക്ക് പോകുകയാണ് പലരും .


പട്ടണത്തിലെ  തന്നെ മികച്ച കോളേജ്‌ ആണ്.നല്ല റിക്കാര്‍ഡും ഉണ്ട് .അത് കൊണ്ട് തന്നെയാണ്  അഡ്മിഷന് കുറച്ചു പണിപെട്ടത്.ലക്ചര്‍  ക്ലാസ്സില്‍ കയറുന്നതുവരെ രാഹുലിന് പലതരം ചിന്തയായിരുന്നു.അടുത്തിരിക്കുന്നവരൊക്കെ മസില്  പിടിചിരുന്നതിനാല്‍  അവരെ പരിച്ചയപെടുവാനോന്നും മിനകെട്ടില്ല ..ഇന്ന് തുടക്കമല്ലേ വഴിയെ എല്ലാവരിലെക്കുമിറങ്ങി ചെല്ലാം.



ആദ്യത്തെ മണിക്കൂറുകള്‍  വെറും ബോര്‍ ആയിരുന്നു.ഈ കോഴ്സിനെപറ്റിയും കോളേജിനെ പറ്റിയും ഇവിടെ  പഠിച്ചു ഈ കോഴ്സ്  ചെയ്യുന്നത് കൊണ്ടുള്ള ഗുണത്തെ പറ്റിയും വാചാലരാകുവാനാണ് വന്നവര്‍ ശ്രമിച്ചത്‌. കോളേജിനെ പുകഴ്ത്തി  പുകഴ്ത്തി  ലക്ച്ചര്മാര്‍  കിട്ടുന്ന പണത്തിന്റെ നന്ദി അറിയിച്ചുകൊണ്ടിരുന്നു. പിന്നെ വന്നവരും അത് തുടര്‍ന്നപ്പോള്‍  രാഹുലിന് സഹികെട്ടു .ഇവനിട്ടു ഒരു പണി കൊടുക്കണം അവന്‍ മനസ്സിലോര്‍ത്തു .സുമുഖനായ ലക്ചര്‍  പുകഴ്ത്തല്‍  പരിപാടി തുടരുകയാണ്.


“നിങ്ങള്‍ ഈ കോഴ്സ്  പൂര്‍ത്തിയാക്കി പുറത്തിറങ്ങിയാല്‍ നിങ്ങളെ ഓരോരുത്തരെയും കാത്തിരിക്കുന്നത്  പുതിയൊരു ലോകമാണ് ..അനന്തമായ സാധ്ദ്യതകള്‍  ഉള്ള  വലിയൊരു ലോകം. സൗഭാഗ്യത്തിന്റെ പെരുമഴയാണ് പിന്നെ  ജീവിതത്തിലുടനീളം  അനുഭവപെടുക..ഇവിടുന്നു ഇറങ്ങേണ്ട താമസം  കമ്പനികള്‍  വന്നു നിങ്ങളെ കൊത്തികൊണ്ട് പോകും.നിങ്ങള്‍ പറയുന്ന  സാലറി  തരും. നിങ്ങൾ ആവശ്യപെടുന്ന മറ്റു സൌകര്യങ്ങള്‍ തരും.ഇപ്പോള്‍  തന്നെ ഈ ഫീല്‍ഡില്‍  ഹൈ സാലറിയാണ്..എന്നെ പോലെ വായിലെ വെള്ളം വറ്റിച്ചു ജീവിക്കേണ്ട ഗതികേട്  നിങ്ങള്‍ക്കുണ്ടാവില്ല “

രാഹുലിന്റെ മനസ്സിലൊരു ലഡു പൊട്ടി.പെട്ടെന്ന് അവന്‍ ചോദിച്ചു.

“ഇത്രേം അവസരവും സാലറിയും കിട്ടുമെങ്കില്‍  നല്ല വിവരമുള്ള സാറെന്താ ഈ കോഴ്സ് പാസ്സായി ഭാവി ശോഭാനമാക്കാതെ  വായിലെ വെള്ളം വറ്റിച്ചു കൊണ്ട് ഇവിടെത്തന്നെയായി പോയത്.?”

ക്ലാസ്സില്‍  കൂട്ടച്ചിരി ഉയര്‍ന്നു..അപ്രതീക്ഷിത ചോദ്യം മാഷെയും വിഷമിപ്പിച്ചു.പക്ഷെ പെട്ടെന്ന്  അയാള്‍  മറുപടികൊടുത്തു .

“മൈല്‍കുറ്റിക്ക് അതിന്മേല്‍  എഴുതിയ സ്ഥലത്തേക്ക്  പോകുവാന്‍  കഴിയില്ല വഴികാട്ടികൊടുക്കുവാനെ  കഴിയൂ  “

ഇപ്പോള്‍ ക്ലാസ്സിലുയര്‍ന്ന കൂട്ടചിരിക്കിടക്ക്  തല താഴ്ന്നുപോയത്  രാഹുലിന്റെതായിരുന്നു

കഥ : പ്രമോദ്‌കുമാര്‍ .കെ.പി 
ചിത്രങ്ങൾ : കേരള വാട്ടർ സോസെറ്റി 

Thursday, August 21, 2014

പാപ്പാത്തി



“ഇപ്പോള്‍  കുട്ടിയുടെ നില അതീവഗുരുതരമാണ് .നമുക്ക് ചെയ്യുവാന്‍ പറ്റുന്നത് മാക്സിമം ചെയ്യുന്നുണ്ട്.പക്ഷെ വലിയ ഒരു മാറ്റം ഒന്നും കാണാനില്ല .ശരീരം ചികിത്സയോട് ശരിയായി പ്രതികരിക്കുനില്ല .ഇനി എല്ലാം ദൈവത്തിന്റെ തീരുമാനം പോലെയായിരിക്കും..:” ഡോക്റ്ററുടെ  വാക്ക് കേട്ട് നയന നടുങ്ങി .തനിക്ക് ആകെയുള്ളത്  ഇവന്‍ മാത്രമാണ് .ബന്ധുക്കള്‍  എന്ന് പറയുന്നവരൊക്കെ ഒളിച്ചോടിയ കല്യാണത്തോടെ നഷ്ട്ടപെട്ടു. പണം വാരുവാനുള്ള  “ജോലി തിരക്ക് “കൊണ്ട്  ഭര്‍ത്താവിനും തന്നെ മടുത്തു.അല്ലെങ്കില്‍  അയാള്‍ ......ഭൂതകാലം ഒന്നും ഓര്‍ക്കുവാന്‍ നയന ഇഷ്ട്ടപെട്ടില്ല.

“കുട്ടി ബോധം വരുമ്പോള്‍ ആരുടെയോ പേര് പറയുന്നുണ്ട് ..പക്ഷെ വ്യക്തമാകുനില്ല ..അത് ആരാണ്  എന്ന് ആദ്യം  മനസ്സിലാക്കണം . അവരുടെ സാന്നിധ്യം ചിലപ്പോള്‍ കുട്ടിയുടെ നില മെച്ചപെടുത്തിയേക്കും.അസുഖം തുടങ്ങിയ നാളില്‍ അവനു വേണ്ടുന്ന പരിചരണം കിട്ടിയില്ല.ഒറ്റപെട്ടു എന്ന തോന്നല്‍  കുട്ടിയുടെ മനസ്സില്‍ കടന്നു കൂടിയത് പിഞ്ചുമനസ്സിന് വലിയ ആഘാതമായി.  അത് കൊണ്ടാണ് കാര്യം ഇത്ര വഷളായത്..കുട്ടിയുടെ  മനസ്സ് ശാന്തമായാലെ ചികില്‍സ ഫലപ്രദമാകൂ ...  പ്രാര്‍ഥിക്കുക”

“ആരുടെ പേരാണ് ഡോക്ടര്‍  മോന്‍  പറയുന്നത്  ?”

“കുട്ടി നിങ്ങളെ എന്താണ് വിളിക്കുന്നത്‌ ?”ഡോക്ടര്‍ മറുചോദ്യം ചോദിച്ചു .

നയന പരുങ്ങി.എന്താണ് അവന്‍ തന്നെ വിളിച്ചിരുന്നത്‌ .?എന്തെങ്കിലും വിളിക്കാറുണ്ടോ ?ജോലിയുടെ തിരക്കില്‍  അവനെ ശ്രദ്ധിക്കാറില്ല..രാവിലെ പോകുമ്പോള്‍ അവന്‍ ഉറങ്ങുകയായിരിക്കും . വൈകി എത്തുബോഴും അങ്ങിനെ തന്നെ .ഒഴിവു ദിവസവും പലപ്പോഴും ലാപ്പിനു കീഴില്‍   ജോലിയിലാകുന്ന ഞാന്‍  അവനെ  അങ്ങിനെ  ശ്രദ്ധിക്കാരുമില്ല വല്ല്പോഴും ഇടയ്ക്കു ലാളിക്കും .പക്ഷെ അവന്‍ പിടി തരില്ല ...ചിലപ്പോള്‍  ചിനുങ്ങും ..അവനു താന്‍ അന്യയാണല്ലോ .അച്ഛന്റെ  കൂടെ കൂട്ടുണ്ട് .അധികവും കാണുന്നത് കൊണ്ടാവാം ..ഈ കാര്യത്തിനു അയാള്‍ പലപ്പോഴും തന്നെ വഴക്കും പറഞ്ഞിട്ടുണ്ട്  ഉപദേശിച്ചിട്ടുണ്ട് ..നീ ഒരു അമ്മയാണോ എന്ന്  കുറ്റപെടുത്തി ചോദിച്ചിട്ടുണ്ട് ..ആര് കേള്‍ക്കാന്‍  .ആര്‍ത്തിയായിരുനില്ലേ  ജോലിയോട്  അല്ല പണത്തോട് ...പലപ്പോഴും  വാക്കുകള്‍ കൊണ്ട്  പരസ്പരം യുദ്ധം ചെയ്തു ..പിന്നെ അത് ശാരീരികമായി...പക്ഷെ താന്‍  നന്നായില്ല .വിട്ടുകൊടുത്തുമില്ല . ഞങ്ങള്‍  ഒരുമിച്ചപ്പോള്‍  അകന്നുപോയത്  രണ്ടുപേരുടെയും  കുടുംബമായിരുന്നു...തന്റെ പെരുമാറ്റം അയാള്‍ക്ക്  സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.അത് കൊണ്ടുണ്ടായ  നഷ്ട്ടങ്ങളും വേദനകളും അതിലേറെയും  .അത് കൊണ്ടാണല്ലോ അയാള്‍ ......

  പിന്നെ വാശിയായിരുന്നു. അയാള്‍ ഇല്ലാതെയും ഇവിടെത്തന്നെ ജീവിക്കണം ആഗ്രഹിച്ചതൊക്കെ നേടണം എന്നുള്ള വാശി.പിന്നെ  തന്നെ തനിച്ചാക്കി പോയികളഞ്ഞ  അയാളോടുള്ള  വെറുപ്പും ..അത് മോനിലെക്കും പടര്‍ന്നിരിക്കണം. പലപ്പോഴും മോനെ ശ്രദ്ധിക്കാരായി .എല്ലാം ജോലികാരെ ഏല്പിച്ചു. .അങ്ങിനെ അവന്‍ തന്നില്‍ നിന്നും കൂടുതല്‍  അകലുകയായിരുന്നു,അല്ല അകറ്റുകയായിരുന്നു. കമ്പനിയിലെ ഒന്നാമന്‍  ആകുവാനുള്ള ഓട്ടത്തിനിടയില്‍  അങ്ങിനെ അകന്നുപോയത്  പലതുമായിരുന്നു...സംരക്ഷിക്കപെടെണ്ടതും സൂക്ഷിക്കേണ്ടതുമായ  പലതും


.അവനു ഒരു വയസ്സ് ആകുന്നതിനു മുന്‍പ് തന്നെ അവന്‍ എന്നില്‍ നിന്നും പൂര്‍ണമായും  അകന്നിരുന്നു.അമ്മിഞ്ഞപാലിന്റെ ബന്ധം കൂടിയില്ലതിരുന്ന എന്നെ അവന്‍ എന്ത് വിളിക്കുവാന്‍.? ആയ ആയിരുന്നു അവന്റെ എല്ലാം..അവര്‍ കാര്യങ്ങള്‍  നല്ലരീതിയില്‍ നോക്കിയതും തനിക്ക് തുണയായി.പണത്തിനും അന്ഗീകാരത്തിനും പിന്നാലെ ആയിരുന്നു മനസ്സും ശ്രദ്ധയും ..അതിനുവേണ്ടി എപ്പോഴും ഓടി കൊണ്ടിരുന്നു...അതെ ഇപ്പോഴും ഓടുന്നു.പക്ഷെ അവനു അസുഖം വന്നു ഈ അവസ്ഥയില്‍  ആയപ്പോള്‍ ...എന്തോ ഒരു കുറ്റബോധം...

“നയന ഒന്നും പറഞ്ഞില്ല.”അവളുടെ പരുങ്ങലില്‍ ഡോക്ടര്‍ക്ക് കാര്യം മനസ്സിലായി.അയാള്‍ ഉള്ളില്‍ ചിരിച്ചു.

“നിങ്ങളെ പോലുള്ള മാതാപിതാക്കളാണ് കുട്ടികളുടെ ശാപം..എന്തിനു വേണ്ടിയാണ് നിങ്ങള്‍ മത്സരിച്ചു ഓടുന്നത് ?പണം വാരുന്നത് ? ആര്‍ക്കുവേണ്ടിയാണ് ?ഒരിക്കലെങ്കിലും അത് ആലോചിച്ചിട്ടുണ്ടോ ?ഇവിടെ തന്നെ നിങ്ങളെ ഒന്ന് കണ്ടു കിട്ടുവാന്‍  ഞാന്‍ തന്നെ എത്ര ശ്രമിച്ചു ?കാര്യത്തിന്റെ ഗൌരവം മുന്‍പേ നിങ്ങളെ പറഞ്ഞു മനസ്സിലാക്കെണ്ടതായിരുന്നു.പക്ഷെ നിങ്ങള്ക്ക് സമയമില്ല  നിങ്ങള്‍ ഒരു ചടങ്ങ് പോലെ ഇവിടെ വരും പോകും.അതുംഒരിക്കലും ഡോക്റ്ററെ കാണുവാന്‍  പോലും കാത്തുനില്‍ക്കാതെ ..... ഇവിടെ പണം അടച്ചാല്‍  എല്ലാമായി  എന്ന്  നിങ്ങളെ പോലുള്ളവര്‍ വിദ്യാഭ്യാസമുള്ളവര്‍ വിചാരിക്കരുത്..അവനവന്റെ  ഉത്തരവാധിത്വം മറ്റുള്ളവര്‍ ചെയ്യില്ല .നീങ്ങളില്‍ നിന്നും ഈ പ്രായത്തില്‍  കുട്ടികള്‍ക്ക്    വേണ്ടത്  സ്നേഹവും സംരക്ഷണവുമാണ്....അത് കിട്ടിയില്ലെങ്കില്‍ അവര്‍ നിങ്ങളില്‍ നിന്നും അകലും..അവര്‍ക്ക് ഈ പ്രായത്തില്‍ വേണ്ടത്  നിങ്ങളുടെ കൂട്ടാണ് .....അല്ലാതെ  പണമല്ല.പണം വേണം നമ്മുടെ ആവശ്യത്തിന് മാത്രം..അല്ലാതെ അതിന്റെ മാത്രം പിന്നാലെയോടി ജീവിതം നശിപ്പിക്കരുത്.നിങ്ങളുടെതു മാത്രമല്ല  കുട്ടിയുടെയും ..”


“ലീവ് ദാറ്റ്‌  ...കുട്ടി എന്താണ്  അച്ഛനെ വിളിക്കുന്നത്‌ ?”

“അവനു വിളിക്കേണ്ട പ്രായമായപ്പോഴെക്കും അവര്‍ പോയി ഡോക്റ്റര്‍ “

“സോറി അറിഞ്ഞിരുനില്ല ....അവന്‍  പാതി  ബോധത്തില്‍  “പപ്പാ “എന്നോ “അപ്പ “എന്നോ ആണ് പറയുന്നത് .ഒരു കാര്യം ചെയ്യുക .നിങ്ങള്‍ കുറച്ചു സമയം അവനടുത്തിരിക്കുക ..എന്താണ് പറയുന്നത് എന്ന് ഊഹിചെടുക്കുക .അതോ ബിസി എന്നു പറഞ്ഞു ഇന്നും മുങ്ങുമോ ?”

“ഇല്ല ഡോക്ടര്‍ ...ഇനി ഞാന്‍ ഇവിടെ തന്നെ ഉണ്ട് ..കാര്യത്തിന്റെ ഗൌരവം ഞാന്‍ മനസ്സിലാക്കുന്നു.”

പെട്ടെന്ന് ഡോര്‍ തള്ളി തുറന്നു നേഴ്സ്  അകത്തേക്ക് വന്നു.
“സാര്‍  കുട്ടിക്ക്  ബോധം വന്നു  അവന്‍  പറയുന്നത്  “പാപ്പാത്തി ““പാപ്പാത്തി “ എന്നാണ്.ഡോക്ടര്‍  സംശയത്തോടെ നയനയെ നോക്കി.
 
“ആരാണ് ഈ പാപ്പാത്തി ?”

“അത് ..അത്  മോന്റെ മുന്‍പത്തെ ആയയാണ്..അവര്‍ ഇവന്റെ ജീവനാണ്.അവരോടോപ്പമായിരുന്നു അവന്‍  ജനിച്ചപ്പോ തൊട്ടു കഴിഞ്ഞ മാസം വരെ.ഇവന്‍  അവരെ അങ്ങിനാ വിളിക്കുന്നത്‌..പാപ്പാത്തി എന്ന്
 
“ഇപ്പൊ അവര് ?’

“കഴിഞ്ഞ  മാസം കല്യാണം കഴിഞ്ഞു ഇപ്പൊ അവര്‍ അവരുടെ  നാട്ടിലാ ..അങ്ങ് തമിഴുനാട്ടിലെവിടെയോ ആണ്  നാട് .മുന്‍പ് പറഞ്ഞത് ഓര്‍മയുണ്ട് .”

‘ഗുഡ് ..നമുക്ക് ഇനി ഒരേ ഒരു വഴിയെ ഉള്ളൂ ..അവരെ എത്രയും പെട്ടെന്ന് ഇവിടെ എത്തിക്കുക  .ആ ഒരു പരീക്ഷണം മാത്രമാണ് ഇനി  നമ്മുടെ മുന്നിലുള്ളത് “

“സാര്‍  അവര്‍  ഇപ്പോള്‍ എവിടെയാണ്  എന്ന്  കൃത്യമായി  അറിയില്ല .അത്  അന്വേഷിച്ചു കണ്ടുപിടിക്കാം .എന്നാലും ഈ അടുത്തു കല്യാണം കഴിഞ്ഞ അവരെ ...എങ്ങിനെ കൊണ്ടുവരും  ?.. എനിക്ക് കല്യാണമേ വേണ്ട എന്നും ഇവിടെ ഞങ്ങള്കൊപ്പം  ജീവിക്കാമെന്നും കരഞ്ഞു പറഞ്ഞതാ അവള്‍ ..പക്ഷെ പിന്നീടുണ്ടാകുന്ന ബാധ്യതയോര്‍ത്തു  ഞാന്‍ തന്നെയാണ്  അവളെ ഇറക്കിവിട്ടതു...?”


‘നോ എസ്ക്യുസ് ...എങ്ങിനെയെങ്കിലും അവരെ കൊണ്ട് വരിക.കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കികൊടുക്കുക  ...നിങ്ങളുടെ എല്ലാ കഴിവും അതിനുവേണ്ടി ഉപയോഗപെടുത്തുക .അത് മാത്രമേ ഇനി  നേരിയതാനെന്കില്‍  പോലും  ഈ കാര്യത്തില്‍ ഒരു പ്രതീക്ഷക്ക് വകയുള്ളൂ  “

തമിഴുനാട്ടിലെ അറിയപ്പെടാത്ത ഏതോ ഗ്രാമത്തിലേക്ക് കേട്ടറിവ് വെച്ച്  പാപ്പാത്തിയെയും തേടി യാത്രയാവുമ്പോള്‍  അവളിലുണ്ടായിരുന്നത് പ്രതീക്ഷമാത്രമായിരുന്നു...അവളെ കണ്ടുപിടിക്കാം എന്നും താന്‍  വിളിച്ചാല്‍  പാപ്പാത്തി തിരിച്ചുവരുമെന്ന ഒരു പ്രതീക്ഷ ..അവള്‍ക്കു തന്റെ അപേക്ഷ കേള്‍ക്കാതിരിക്കുവാനാകില്ല എന്ന നേരിയ പ്രതീക്ഷ .
കിട്ടിയ വിവരമനുസരിച്ചുള്ള പലസ്ഥലത്തും അന്വേഷിച്ചെങ്കിലും അങ്ങിനെ ഒരാളെയോ വീടോ കണ്ടുപിടിക്കുവാന്‍  നയനക്ക് കഴിഞ്ഞില്ല.എന്നിട്ടും നയന  പ്രതീക്ഷയോടെ അന്വേഷിച്ചു  കൊണ്ടിരുന്നു


 രണ്ടു ദിവസത്തിനുശേഷം   വെറുംകയ്യോടെ ഹോസ്പിറ്റലില്‍  തിരിച്ചെത്തിയ നയന വിതുമ്പുകയായിരുന്നു.നഷ്ട്ടബോധത്തോടെ മകന്റെ വാര്‍ഡ്‌ ലക്ഷ്യമായി നടന്ന അവളുടെ ചുമലില്‍ ആരോ തട്ടി..ഞെട്ടി തിരിഞ്ഞ  അവള്‍ക്കു മുന്‍പില്‍  ഡോക്ടര്‍ ..
പൊട്ടികരഞ്ഞു കൊണ്ട്  അവള്‍ പറഞ്ഞു ..

“പറ്റിയില്ല ഡോക്റ്റര്‍  അവളെ കണ്ടുപിടിക്കാന്‍ പറ്റിയില്ല ...എന്നാലാവും വിധമൊക്കെ  തിരക്കി ”

ഡോക്റ്റര്‍  ഒന്നും പറഞ്ഞില്ല വരൂ എന്ന് ആഗ്യം കാണിച്ചു ഡോക്റ്റര്‍  മുന്നോട്ടേക്കു നടന്നു.പിന്നാലെ ഭീതിയോടെ നയനയും .മുഴുവനും  മറച്ച മോന്റെ മുറിയുടെ  കാണാവുന്ന ഭാഗത്ത്‌ കൂടി  അകത്തേക്ക് നോക്കിയ അവള്‍  ദൈവത്തെ സ്തുതിച്ചു . മകനോടൊപ്പം  പൊട്ടിച്ചിരിച്ചു കളിക്കുന്ന പാപ്പാത്തി അവള്‍ക്കു വിസ്മയമായി. ഒരു അമ്മയെക്കാളും  ആയക്ക് വലിപ്പമുണ്ടാകുന്നത് നയന അറിഞ്ഞു.പ്രസവിച്ചാല്‍ മാത്രം അമ്മയാവില്ലെന്ന  വലിയൊരു സത്യവും അവള്‍ക്കു ബോധ്യപെട്ടു.അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .


“നയന ഇനിയെങ്കിലും മോനെ സ്നേഹിക്കുക ...പാപ്പാത്തി  സ്നേഹിക്കുന്നതിലും കൂടുതല്‍  നയന അവനെ സ്നേഹിക്കുമ്പോള്‍  അവനെ നയനക്ക്  തന്നെ തിരിച്ചു കിട്ടും.ഗോഡ്‌  ഈസ്‌  ഗ്രേറ്റ്‌  .ദൈവഹിതമോ എന്തോ എന്നറിയില്ല എന്തോ ആവശ്യത്തിന് അടുത്ത പട്ടണത്തില്‍ വന്ന അവര്‍  നിങ്ങളുടെ മോനെകൂടി കാണണം എന്ന് തീരുമാനിച്ചതുകൊണ്ട്  ഇവിടെ എത്തപെട്ടു.. മോന്‍  ഇപ്പോള്‍ നല്ല ഉഷാര്‍  ആയി... ഇനി  ചികില്‍സ വേഗം ഫലിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഞാന്‍ അവരുടെ ഹസ്ബണ്ടിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് .അവര്‍ സഹകരിക്കും .കുറച്ചു നാളത്തേക്ക് ..നിങ്ങള്‍ മോന്റെ ശരിയായ “അമ്മ”യാവുന്നതുവരെയെങ്കിലും ..അവരെ ഒപ്പം പിടിച്ചു നിര്‍ത്തുക  .....”നയന ഡോക്ടര്‍ക്ക്‌  മുന്നില്‍ കൈകൂപ്പി. 


നയന നല്ല ഒരു അമ്മ ആകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു..തന്റെ കണ്മുന്നില്‍ മൂന്ന് വര്ഷം ഉണ്ടായിട്ടും നല്‍കാനാവാതെ പോയ സ്നേഹവാല്‍സല്യം പകര്‍ന്നു നല്‍കുവാന്‍ വെമ്പുന്ന ഹൃദയത്തോടെ അവള്‍ മുറിയിലേക്ക് കടന്നു .അപ്പോഴും മുറിയില്‍ കളിയും ചിരിയും തുടരുകയായിരുന്നു...ഇപ്പോള്‍ അവള്‍ക്കു അതിന്റെ ശബ്ദം കൂടി കേള്‍ക്കുവാന്‍ കഴിഞ്ഞു..

കഥ :പ്രമോദ്‌ കുമാര്‍.കെ.പി 
ചിത്രങ്ങള്‍ :കേരള വാട്ടര്‍കളര്‍ സോസെറ്റി

Wednesday, August 20, 2014

രക്ഷാബന്ധന്‍


കഴിഞകൊല്ലം രക്ഷാബന്ധന്‍ കെട്ടികൊടുത്തവള്‍ക്ക് ഈ കൊല്ലം അവന്‍ കെട്ടികൊടുത്തത് താലിമാലയായിരുന്നു

കഥ :പ്രമോദ് കുമാര്‍.കെ .പി