Tuesday, June 1, 2021

ദി ലാസ്റ്റ് ടൂ ഡേയ്സ്

 


ദീപക് പറമ്പോൽ എന്ന മലയാളത്തിലെ യുവനടന്റെ ഒരു ഇന്റർവ്യൂ അടുത്ത ദിവസം കാണുവാൻ ഇടയായി.


വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച നടൻ വിനീതിന്റെ തന്നെ "തട്ടത്തിൻ മറയത്ത്" കഴിഞ്ഞപ്പോൾ മലയാള സിനിമയിൽ അവസരങ്ങളുടെ ചാകര വരുമെന്ന് സ്വപ്നം കണ്ടു നാട്ടിലേക്ക് വണ്ടി കയറി.പക്ഷേ സ്വപ്നം സ്വപ്നമായി തന്നെ അവസാനിക്കും എന്നായപ്പോൾ രണ്ടു സുഹൃത്തുക്കളുമായി അവസരത്തിനായി  മലയാള സിനിമയുടെ ഹബ് ആയ കൊച്ചിയിൽ താമസം ആരംഭിച്ചു.



എന്നിട്ടും സിനിമയിൽ നിന്ന് മാത്രം കാര്യമായ വിളി  മാത്രം വന്നില്ല. രണ്ടു സുഹൃത്തുക്കൾ ജോലിക്ക് പോകുമ്പോൾ എന്നെങ്കിലും എനിക്ക് മലയാളത്തിൽ ഒരു ഇരിപ്പിടം കിട്ടും എന്ന പ്രതീക്ഷയിൽ ദീപക് അവിടെ തന്നെ നിന്നു.


കുറെ "ക്കോക്കസുകൾ" നിയന്ത്രിക്കുന്ന മലയാള സിനിമയിൽ അഭിനയിക്കാൻ അറിയുന്ന ദീപക്കിന് ഇപ്പോഴും   അവസരം കൊടുക്കുന്നുണ്ട് എന്ന് തോന്നുന്നില്ല.ഒന്ന് രണ്ടു ചിത്രങ്ങളിൽ നായകനായി വന്നു കുറെ ചിത്രങ്ങളിൽ ചെറിയ റോളുകളും..എങ്കിലും പ്രേക്ഷകർ ഓർമ്മിക്കുന്ന ഒരു മുഖമായി മാറുവാൻ ദീപക്കിന് ഇപ്പൊൾ കഴിഞ്ഞിട്ടുണ്ട്.



ചിലപ്പോൾ ദീപക് എന്ന നടന് ഒരു ബ്രേക്ക് നൽകിയേക്കും "ദ ലാസ്റ്റ് ടൂ ഡയിസ് "എന്ന ഇൗ ചിത്രം.ദീപക്കിന്റെ മാസ്മരിക പ്രകടനം ഒന്നും ഇല്ലെങ്കിലും ഒരു മിനിട്ട് പോലും ബോറടിപ്പിക്കാതെ ചെറിയ സമയത്തിനുള്ളിൽ നല്ലൊരു ക്രൈം ത്രില്ലർ തന്നെയാണ് സന്തോഷ് ലക്ഷ്മണൻ എന്ന സംവിധായകൻ പറയുന്നത്.



രാഷ്ട്രീയം എന്നാൽ ചിലർക്ക് അതൊരു ബിസിനസ് ആണ്..അധികാരത്തിനു വേണ്ടി പാർട്ടിയെ പിളർത്തി പുതിയ പാർട്ടി ഉണ്ടാക്കി മൽസരിച്ചു ജയിച്ചു വിലപേശി  "ഉന്നതങ്ങളിൽ" എത്തുന്ന രാഷ്ട്രീയക്കാരും പാർട്ടികളും നമ്മുടെ കൺമുന്നിൽ തന്നെ ഉണ്ട്.


അങ്ങിനെ പുതുതായി രൂപം കൊണ്ട പാർട്ടിയിലെ അടുത്ത ഇലക്ഷനിൽ മത്സരിക്കുവാൻ പോകുന്ന മൂന്ന് ചെറുപ്പക്കാർ മിസ്സ് ആവുന്നതും അത് അന്വേഷിക്കാൻ എത്തുന്ന പോലിസ് ഉദ്യോഗസ്ഥന്റെ യും ആ നാട്ടിലെ ചില സംഭവ വികാസ ങ്ങളുടെയും കഥയാണ് ഇത്.


ആലപ്പുഴയുടെ  കുട്ടനാടിന്റെ വശ്യ സൗന്ദര്യവും നാടിന്റെ ഭംഗിയും ക്യാമറമാൻ നന്നായി പകർത്തിയിട്ടുണ്ട്...അതുപോലെ ത്രസിപ്പിക്കുന്ന ബാക് ഗ്രൗണ്ട് മ്യൂസിക് തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു എനർജി.


ദീപക്കിനു പുറമെ അതിഥി രവി,ധർമജൻ,മുരളി ഗോപി,നന്ദൻ ഉണ്ണി, മേജർ രവി,ഹരി കൃഷ്ണൻ,വിനീത് മോഹൻ,ശ്യംഭവി സുരേഷ്,സുർജിത്ത് എന്നിവരും റോളുകൾ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.


വെറും ഒന്നേകാൽ മണിക്കൂറിനുള്ളിൽ നല്ലൊരു ക്രൈം ത്രില്ലർ കാഴ്ച വെച്ച അണിയറക്കാർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.


പ്ര .മോ .ദി .സം

No comments:

Post a Comment