കാർത്തിക് സുബ്ബ് രാജ് എന്നൊരു യുവസംവിധായകൻ വ്യത്യസ്ത ചിത്രങ്ങൾ കൊണ്ട് തമിഴിൽ കുറച്ചായി തരംഗങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ നിരൂപകരും മാധ്യമങ്ങളും പലരെയും പൊക്കി പിടിച്ചു കുറച്ചു ദിവസം ആഘോഷിക്കും..അങ്ങിനെ ഒരു പൊക്കി പിടുത്തം മാത്രമാണ് സുബ്ബരാജ് എന്ന് ഇപ്പൊൾ തോന്നി പോകുന്നുണ്ട്.
വ്യക്തിപരമായി പറഞ്ഞാല് വിഷയവും ആശയങ്ങളും ഒക്കെ കൊള്ളാം എങ്കിലും സിനിമ ഇഴഞ്ഞു നീങ്ങി ബോറടിപ്പിക്കാതെ സുബു പ്രേക്ഷകരെ വിടില്ല..അത് സൂപ്പർ സ്റ്റാർ രജനിയുടെ സിനിമ ആയാലും വിജയ് സേതുപതിയെ വെച്ചുള്ള സിനിമ ആയാലും....
ജഗമേ തന്തിരം എന്ന ധനുഷ് ചിത്രവും നീങ്ങുന്നത് അതേ വഴിയിൽ കൂടി തന്നെയാണ്. ലാഗ് കൊണ്ട് പെരുന്നാൾ ഉണ്ട്..പിന്നെ ഇടക്കിടക്ക് കുറെ വെടിയും പുകയും..ഇതൊക്കെ അവിടെ സംഭവിക്കുമോ എന്ന് ചോദിക്കരുത്...സിനിമയിൽ ചോദ്യമില്ല.പ്രത്യേകിച്ചും തമിഴിൽ..
ധനുഷ് അസാധാരണ പ്രതിഭയുള്ള ഒരു നടനാണ്..പല ചിത്രങ്ങളും അദ്ദേഹത്തിന്റെ മിടുക്ക് കൊണ്ട് മാത്രം ബോക്സ് ഓഫീസ് വിജയം കണ്ടിട്ടുണ്ട്..ചിത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്നതിൽ വളരെ മിടുക്കൻ ആണെങ്കിലും ചിലപ്പോൾ ഒക്കെ പാളി പോകാറുണ്ട്..അങ്ങിനെ പറഞ്ഞാല് ഒരിക്കലും ധനുഷിന് സൂട്ട് ആകാത്ത ഒരു റോളാണ് ഇതിലെ സുരുളി.ശരിക്കും പാളി.
പിന്നെ തമിഴിൽ ആകുമ്പോൾ ആരു നായകൻ ആയാലും ഒരു പത്തിരുപത് പേരെ ഒക്കെ ഒറ്റയ്ക്ക് നേരിടുന്നതിൽ ,അവരെ പരാജയപ്പെടുത്തി നായകൻ വിജയിക്കുന്നത് മലയാളിക്ക് പോലും പ്രശ്നം ഇല്ലാത്തത് കൊണ്ടു ചിത്രം ഓടിയേക്കും.മലയാളത്തിൽ ആണെങ്കിൽ അവർ ലോജിക്ക് ഒക്കെ പറഞ്ഞേക്കും.
അഭയാർഥികൾ ഒരു പ്രശ്നം തന്നെയാണ്..അവരെ സ്വീകരിക്കുവാൻ ലോകത്തിൽ എല്ലാ രാജ്യങ്ങൾക്കും പ്രശ്നമുണ്ട്.ലോകത്ത് സ്വന്തമായി ഒരു നാട് പോലും ഇല്ലാത്ത അവർ അതിജീവനത്തിന് വേണ്ടി സാഹസപെട്ട് പലരുടെയും വാതിലിൽ മുട്ടും..ഒരിക്കലും തുറക്കില്ല എന്ന് കരുതി അവർ രാജ്യങ്ങളിൽ അതിക്രമിച്ചു കടന്നു കയറും..പിന്നീട് ചിലരൊക്കെ നിയമ വഴിയിൽ പൗരത്വം നേടും.
അവിടെ അവരെ സംരക്ഷിക്കുവാൻ സഹായിക്കുവാൻ ആരെങ്കിലും ഉണ്ടെങ്കിൽ വരുന്നവരുടെ എണ്ണവും കൂടും.അത് ഒരിക്കലും തദ്ദേശീയർക്കും മറ്റും ഇഷ്ടപ്പെട്ടു എന്ന് വരില്ല. അങ്ങിനെ അവർക്കിടയിൽ പക വളരും.പല രാജ്യങ്ങളിലും ഇത് ഇപ്പൊൾ സർവ സാധാരണമാണ്.
പീറ്റർ ,ശിവദാസ് എന്നീ യുകെ യിലെ രണ്ടു ഡോണ് മാഫിയക്ക് ഇടയിൽ നാട്ടിൽ നിന്നും സൂരുളി എന്ന മറ്റൊരു വഴക്കാളി എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് ചിത്രം പറയുന്നത്. അതി നാടകീയത കൊണ്ട് സമ്പന്നമാക്കി ചിത്രത്തെ കൊല്ലാ കൊല ചെയ്യുന്നുണ്ട്.
നമ്മുടെ ജോജുവിനേ ടൈറ്റിൽ കാർഡിൽ പരിചയപ്പെടുത്തുന്നത് പോലും "ജോസഫ് ജോജു" എന്നാണ് ..ജോസഫ് തമിഴിൽ നല്ല പേര് കിട്ടിയ ചിത്രം ആയിരിക്കും.കൂട്ടിനു മലയാളത്തിൽ നിന്നും ഐശ്വര്യ ലക്ഷ്മിയും വിദേശത്ത് നിന്ന് ജെയിംസ് കോസ്മോ എന്ന ഇംഗ്ലീഷ് നടനും ഉണ്ട്.
മൊത്തത്തിൽ രണ്ടരമണിക്കൂർ കൂടുതൽ ഉള്ള ചിത്രം ഒന്ന് വെട്ടി ഒതുക്കി പാകപ്പെടുത്തി എങ്കിൽ കാണാൻ നല്ല ഹരം വന്നേനെ...
നമ്മുടെ ഓരോരത്തരുടേയും കാഴ്ചകളും അനുഭവങ്ങളും ആസ്വാദനവും വ്യത്യസ്തമായിരിക്കും..അതുകൊണ്ട് സിനിമ കണ്ടു മാത്രം ചിത്രത്തെ വിലയിരുത്തുക..നിരൂപണങ്ങൾ വായിച്ചു മാത്രം സിനിമ കാണുന്നത് കാണാതിരിക്കുന്നത് നല്ല പ്രവണതയല്ല.
പ്ര. മോ ദി .സം
No comments:
Post a Comment