Friday, June 28, 2013

ഞാന്‍ സ്ത്രീ

 സൂസന്‍ എബ്രഹാം ,വയസ്സ് ,20(വിദ്യാര്‍ഥിനി)
-------------------------------------------------
നേരം പുലരുന്നതെ ഉള്ളൂ ..സൂസന്‍ വാടക വീട് പൂട്ടി പുറത്തേക്കിറങ്ങി .ഇപ്പോള്‍ വിട്ടാല്‍ ഫസ്റ്റ് ബസ്‌ കിട്ടും .അങ്ങിനെയെങ്കില്‍ കൃത്യസമയത്ത് തന്നെ അവിടെ എത്തിച്ചേരാം .കാര്യങ്ങള്‍ പ്രതീക്ഷിച്ചത് പോലെ നടന്നു കിട്ടിയാല്‍ മതിയായിരുന്നു.കയ്യിലുള്ള ബാഗ്‌ ഒന്നുകൂടി നെഞ്ചില്‍ അമര്‍ത്തിപിടിച്ചു ,വേഗം ബസ്‌ സ്റ്റാന്റ് ലക്ഷ്യ മാക്കി നടന്നു.മുന്‍പൊക്കെ ഇരുട്ടില്‍ ഒറ്റയ്ക്ക് പോകാന്‍ പേടിയായിരുന്നു .കുറെ കാട്ടാളന്മാര്‍ ഇപ്പോള്‍ ഇവിടുണ്ട് .സ്ത്രീകളുടെ ശരീരം ആര്‍ത്തിയോടെ കവര്ന്നെടുക്കുവാന്‍.കാത്തു നില്‍ക്കുന്നവര്‍ ...പക്ഷെ ഇന്ന് എന്തോ ഒരു ധൈര്യം കിട്ടിയത് പോലെ ..കുറച്ചു ബസ്സുകള്‍ യാത്രക്ക് തയ്യാറായി നില്‍പ്പുണ്ട് .അവള്‍ ഓരോ ബസ്സിന്റെ ബോര്‍ഡും നോക്കി .പോകേണ്ട സ്ഥലത്തിന്റെ പേര് കണ്ണിലുടക്കിയപ്പോള്‍ അതിലേക്കു കയറി .മധ്യഭാഗത്തിരുന്ന് പുറകിലേക്ക്  ചാഞ്ഞു .കഴിഞ്ഞു പോയ കുറച്ചു വര്‍ഷങ്ങള്‍ മനസ്സിലൂടെ ഓടിപോയി .എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു ...പക്ഷെ പഠനം അടക്കം ഒക്കെ പലതും വഴിയില്‍ തട്ടി വീണു ..എങ്കിലും വിട്ടു കൊടുക്കില്ല ..നഷ്ട്ടപെട്ടത്‌  ഓര്‍ത്തു ദുഖിച്ചിട്ടു കാര്യമില്ല .


മായ സതീഷ്‌ ,വയസ്സ് 26(ഷോപ്പിംഗ്‌ സെന്റര്‍ ജോലിക്കാരി )
------------------------------------------------------------
ആരുടെയോ മൊബൈല്‍ ശബ്ദം കേട്ടപ്പോള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി.ട്രെയിന്‍ കുതിച്ചു പായുകയാണ് .വാച്ചില്‍ സമയം നോക്കി .അഞ്ചര ....ഇനിയും മിനിമം ഒന്ന് രണ്ടു മണിക്കൂര്‍ യാത്രയുണ്ട്.കുറച്ചു കൂടി ഉറങ്ങാം .ഇനി ഇതുപോലെ എല്ലാം മറന്നു ഉറങ്ങാന്‍ പറ്റുമോ എന്ന് ദൈവം തീരുമാനിക്കും.പക്ഷെ എല്ലാം മറന്നു താന്‍ ഉറങ്ങിയോ ?ഒന്ന് രണ്ടു വര്‍ഷമായി ഉറക്കമില്ലാത്ത രാത്രികള്‍ ....ഒരു പെണ്‍കുട്ടി അനുഭവിക്കുന്നതിലും കൂടുതല്‍ ഈ വയസ്സിനുള്ളില്‍ അനുഭവിച്ചു.ആരും വെറുതെ വിട്ടില്ല ..പലര്‍ക്കും  സ്ത്രീ എന്നാല്‍ ഭോഗവസ്തു ...അത് മാത്രം ആയി കണക്കാക്കുന്ന ഒരു ദുഷിച്ച സമൂഹം...അവര്‍ക്കിടയില്‍ ജീവിക്കുന്ന ,ജീവിക്കുവാന്‍ പാടുപെടുന്ന എന്നെപോലെയുള്ള സ്ത്രീകള്‍.എല്ലാം മറന്നു കുറച്ചുസമയം ഒന്നുറങ്ങാന്‍ അവള്‍ പുതപ്പിനുള്ളിലേക്ക് ഊര്‍ന്നു .

രഹന ,വയസ്സ്  32, (വീട്ടമ്മ ആയിരുന്നു )
---------------------------------------------------------------
താന്‍ എങ്ങിനെ അനാഥയായി.?ഭര്‍ത്താവിനോടും കുട്ടികളോടും കൂടി എന്ത് സന്തോഷത്തില്‍ കഴിഞ്ഞിരുന്നതാണ് .പക്ഷെ ഒരു മിസ്സ്‌ കാള്‍ തന്റെ ജീവിതം മാറ്റിമറിച്ചു.വെറുതെ തമാശക്ക് തുടങ്ങിയ ബന്ധം തകര്‍ത്തെറിഞ്ഞത്  ഒരു കുടുംബം മൊത്തത്തില്‍ ആയിരുന്നു.ആദ്യമേ ഭര്‍ത്താവിനോട് എല്ലാം തുറന്നു പറഞ്ഞാല്‍ മതിയായിരുന്നു .പക്ഷെ ഓരോരോ ഒളിപ്പിക്കലുകള്‍ തകര്‍ത്തത് തന്റെ ജീവിതം ആയിരുന്നു.അവസാനം വഞ്ചന കുറ്റത്തിന്  അഴിയും എണ്ണി.ഇപ്പോള്‍ ചില നല്ല ആള്‍ക്കാരുടെ കാരുണ്യത്തില്‍ അഭയം കിട്ടുന്നു.

നേരം വെളുത്തു വരുന്നതെ ഉള്ളൂ ..ഏതോ ഒരു ടൌണില്‍ എത്തിയിരിക്കണം.ബസ്സില്‍ എല്ലാവരും നല്ല ഉറക്കമാണ്.വെറുതെ വെളിയിലേക്ക് നോക്കി .പത്രക്കാറും പാല്കാരും അവരുടെ ജോലി തുടങ്ങി കഴിഞ്ഞു തൊഴിലാളികള്‍ റോഡുകള്‍ ക്ലീന്‍ ചെയ്യുന്നുമുണ്ട് ...ഇനിയും കുറെ പോകുവാനുണ്ട് .വെറുതെ കണ്ണുകളടച്ചു .മനസ്സില്‍ മക്കളുടെ രൂപം...അവര്‍ ഇപ്പോള്‍ എവിടെ ആയിരിക്കും.?സ്വഭാവ ദൂഷ്യമുള്ള ഭാര്യയെ പേടിച്ചു മക്കളെയും കൊണ്ട് നാട് വിട്ട മനോഹരേട്ടന്‍.എവിടെ എന്ന് ഇതുവരെ അറിയില്ല .ഇനി എന്നെങ്കിലും കാണുമോ ?അറിയാതെ കണ്ണ് നീര്‍ പുറത്തേക്ക് ചാടി.സീറ്റിലേക്ക് ചാരി കിടന്നു കണ്ണുകള്‍ തുടച്ചു.

സുശീല്‍ കുമാര്‍ ,വയസ്സ് 35, (നീതുവിന്റെ  ചേട്ടന്‍ )

------------------------------------------------------

എന്ത് സന്തോഷമുള്ള കുടുബം ആയിരുന്നു.അച്ഛനും അമ്മയും ഞാനും നീതു മോളും.എല്ലാം അവസാനിച്ചത് പെട്ടെന്നായിരുന്നു .കോളേജില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ അറിയാതെ നീതു തുടങ്ങിയ ബന്ധം അവസാനം അവളുടെ ജീവനെടുത്തു.വഞ്ചിക്കപെടുകയായിരുന്നു എന്നവള്‍ മനസ്സിലാക്കിയില്ല എല്ലാം അറിഞ്ഞു വരുമ്പോഴേക്കും അവള്‍ക്കു എല്ലാം നഷ്ട്ടപെട്ടിരുന്നു .അതവക്ക് താങ്ങുവാനായില്ല .എല്ലാവരെയും ദുഖിപ്പിച്ചു അവള്‍ പോയി .വേദനയും വഞ്ചനയും നല്‍കാത്ത സ്ഥലത്തേക്ക് ...അച്ഛന് അതൊരു വലിയ ആഘാതമായിരുന്നു...അച്ഛന്‍ പിന്നെ കിടപ്പിലായി ...അച്ഛന് പിന്നാലെ അമ്മയും പോയി..താന്‍ ഒറ്റയ്ക്കും ..

കാറിന്റെ പിന്നിലിരുന്നു അയാള്‍ കണ്ണുകള്‍ തുടച്ചു...വെറുതെ പുറത്തേക്ക് നോക്കി കടകള്‍ ഒക്കെ തുറന്നു വരുന്നതേയുള്ളൂ .എട്ടു മണി കഴിഞ്ഞിരിക്കും.സ്കൂള്‍ ബസ്സുകള്‍ നിരത്തില്‍ കാണുന്നുണ്ട്.മൊബൈല്‍ പോക്കറ്റില്‍ നിന്ന് എടുത്തു നോക്കാനുള്ള മടികൊണ്ട് സമയം അറിയാന്‍ ശ്രമിച്ചുമില്ല..എന്തായാലും വൈകില്ല ..


സിന്ധുജ ,വയസ്സ്  18(വിദ്യാര്‍ഥിനി )
----------------------------------------------------
 "അപ്പോള്‍ നിങ്ങള്‍ എന്റെ കക്ഷിയെ ബ്ലാക്ക്‌ മെയില്‍ ചെയ്യുകയായിരുന്നു ..അല്ലെ ?"

വക്കീലിന്റെ വാക്കുകള്‍ കേട്ട് അവള്‍ നടുങ്ങി .അവള്‍ക്കു മറുപടി ഉണ്ടായിരുനില്ല .തെളിവുകള്‍ ഒക്കെയും അവള്‍ക്കു എതിരായിരുന്നു.അയാള്‍ എല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ട് എനിക്കെതിരായ തെളിവുകള്‍ഉണ്ടാക്കി വെച്ചിരുന്നു.അതൊക്കെ സമര്‍ത്ഥനായ ഒരു വക്കീലിന് കയ്യില്‍ കൂടി കിട്ടിയപ്പോള്‍ കാര്യങ്ങള്‍ എന്നില്‍ നിന്നും കൈവിട്ടു.അവള്‍ ദയനീയമായി വക്കീലിനെ  നോക്കി .അയാളില്‍ ഒരു ചിരി പടരുന്നത് കണ്ടു കണ്ണുകള്‍ പിന്‍വലിച്ചു.

എന്തൊക്കെ വാഗ്ദാനങ്ങള്‍ ആയിരുന്നു.എല്ലാം വിശ്വസിച്ചു ..പക്ഷെ മുന്നില്‍ നില്‍ക്കുന്ന ആള്‍ എന്നെ വഞ്ചിക്കുക ആയിരുന്നു.ഇയാള്‍ക്ക് ഇത് തന്നെ ആണ് പണി എന്ന് മനസ്സിലാക്കുംപോഴേക്കും വൈകിപോയി.പലരുടെയും ജീവിതം കൊണ്ട് കളിച്ച ഇയാളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നു ഇയാളുടെ മുഖം പിച്ചിചീന്തി എറിയണം എന്ന് കരുതിയത്‌ കൊണ്ടാണ് ഞാന്‍ ഇവിടെയും അപമാനിതയാകുന്നത്.വലിയ ഒരു ബിസിനെസ്സ്‌ കാരന്റെ മകനായതിനാലും ഇപ്പോള്‍ സെലിബരിറ്റി ആയതിനാലും കുറച്ചു കാലം മാധ്യമങ്ങളും ജനങ്ങളും തന്നെയും തന്റെ കഥയും കൊണ്ട്  ആസ്വദിക്കുകയായിരുന്നു.ഇന്നത്തോടെ എല്ലാം തീരും ..ഞാന്‍ സമൂഹത്തിനു മുന്നില്‍ മോശപെട്ട സ്ത്രീ ആയിമാറും.എല്ലാം ചെയ്ത നീചന്‍ മാന്യനും ...അവള്‍ക്കു സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല .അവള്‍ അച്ഛന്‍ ഇരുന്ന ഭാഗത്തേക്ക്‌ നോക്കി.തലകുനിച്ച്  ഇരിക്കുന്നു.പാവം ...എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു ഈ മകളെ കുറിച്ച് ..എല്ലാം എത്ര പെട്ടെന്നാണ്  അവസാനിച്ചത്.നാട്ടുകാരുടെയും കുടുംബ്ക്കാരുടെയും മുന്നില്‍ അപഹാസ്യനായി ........



വിധി വന്നു കാണും ..വെറുതെ വിട്ട  സന്തോഷത്തോടെ അയാള്‍ കോടതിക്ക് പുറത്തിറങ്ങി .ദൂരെ പാര്‍ക്ക്‌ ചെയ്ത കാറിലേക്ക്  പോകുവാന്‍ റോഡ്‌ മുറിച്ചു കടക്കാന്‍ ശ്രമിക്കവേ പെട്ടെന്ന് ഒരു സ്ത്രീ ഏതോ ആയുധം കൊണ്ട് അയാളെ ആക്രമിച്ചു .പൊടുന്നനെ രണ്ടു സ്ത്രീകള്‍ കൂടി എവിടെ നിന്നോ പാഞ്ഞു വന്നു.ആദ്യം ആക്രമിച്ച സ്ത്രീക്ക് ഒന്നും മനസ്സിലായില്ല..ആര്‍ക്കും തമ്മില്‍ തമ്മില്‍ പരിചയമില്ല .എങ്കിലും തന്റെ വഴി തന്നെയാണ് മറ്റുള്ളവരുടെതെന്നും അവര്‍ പെട്ടെന്ന് മനസ്സിലാക്കി.പിന്നെ കൂട്ട ആക്രമണം ആയിരുന്നു.എന്താണ് സംഭവിക്കുന്നതെന്ന് ആള്‍ക്കാര്‍ക്ക് മനസ്സിലാകും മുന്‍പ് എല്ലാം കഴിഞ്ഞിരുന്നു.ഓടികൂടിയ നാട്ടുകാര്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് അവര്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു .സുശീല്‍ ഓടി എത്തുമ്പോഴേക്കും നിലത്തുവീണ ആള്‍ ശവമായി മാറിയിരുന്നു.തന്റെ തോള്‍ സഞ്ചിയിലെ ആയുധം വെറുതെ ആയല്ലോ എന്ന് തോന്നിയെങ്കിലും അയാള്‍ ആ ജന്തുവിന്റെ മരണത്തില്‍ സന്തോഷിച്ചു.ആള്കൂട്ടത്തിനിടയിലൂടെ അയാള്‍ പുറത്തേക്കു കടന്നു റോഡിലേക്കിറങ്ങി...പോകുന്നവഴിയിലെ കുറ്റികാട്ടിലേക്ക് അയാള്‍ ആ തോള്‍സഞ്ചി വലിച്ചെറിഞ്ഞു.എവിടെയോ ചെന്ന് കൊണ്ട്  ആയുധം വലിയ ശബ്ദമുണ്ടാക്കി ....അതയാള്‍ കേട്ടില്ല ...അയാളുടെ മനസ്സ്  അപ്പോള്‍ കുഞ്ഞുപെങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു ..

കഥ :പ്രമോദ്‌ കുമാര്‍ .കെ.പി
 പെയിന്റിംഗ് കടപ്പാട് :ഗൂഗിള്‍

2 comments: