Saturday, June 15, 2024

ഗോളം

 



സൂപ്പർ താര ചിത്രങ്ങൾ ആണെങ്കിൽ ഫാൻസ് തള്ളി മറിച്ച് ആൾക്കാരെ കൂട്ടി കൊള്ളും.അടുത്ത കാലത്ത് വന്ന ടർബോ,ഗുരുവായൂർ അമ്പല നടയിൽ ഇവ ഉദാഹരണം..നല്ല സിനിമ ആണെങ്കിൽ ജനം കാണും എന്ന "പഴമൊഴി" ഈ അടുത്തായി പലപ്പോഴും പാളിപോകുന്നുണ്ട്.




സിനിമയിൽ വന്നിട്ട് അധികം നാളുകളായിട്ടില്ലാത്ത  ഒരാള് നായകനായ ഒരു സിനിമ നല്ലത് ആണെങ്കിൽ പോലും  ജനശ്രദ്ധ പിടിച്ചു വാങ്ങുവാൻ പലതരം പൊടികൈകൾ പ്രയോഗിക്കേണ്ടതുണ്ട്.അത് കൊണ്ട് തന്നെ രഞ്ജിത്ത് സജീവ് എന്ന താരതമെന്യ പുതുമുഖ നടൻ്റെ സിനിമ ജനശ്രദ്ധ പിടിച്ചു വാങ്ങാൻ കണ്ടവരുടെ അഭിപ്രായം മാത്രം മതിയാകില്ല..നല്ല രീതിയിൽ അണിയറക്കാർ തുടക്കംമുതൽ പരസ്യം കൊടുക്കണം.




ഈ കാര്യത്തിൽ സംജദ് സംവിധാനം ചെയ്ത ചിത്രം അല്പം പുറകോട്ടു ആയിപ്പോയി എന്നാണ് തോന്നുന്നത്.മലയാളത്തിൽ അടുത്ത കാലത്ത് വന്ന നല്ലൊരു ക്രൈം ത്രില്ലർ ആയിട്ട് കൂടി പരസ്യത്തിൻ്റെ അഭാവം കളക്ഷനിൽ കാണാൻ പറ്റുന്നുണ്ട്.




നല്ല രീതിയിൽ കഥ പറഞ്ഞു കാണികളെ ഒരു മിനിട്ട് പോലും ബോറടി നൽകാതെ പോകുന്ന ഇൻവെ്സ്റ്റിഗേറ്റീവ് ത്രില്ലർക്ക് അതിനനുസരിച്ച പരിഗണന ഇനിയും കിട്ടിയിട്ടില്ല എന്ന് ഉറപ്പിച്ചു പറയാം.വരും ദിവസങ്ങളിൽ മൗത്ത് പബ്ലിസിറ്റി കൊണ്ട് നേട്ടം ഉണ്ടാക്കുവാൻ പറ്റിയാൽ രണ്ടാം ഭാഗം ഉണ്ടാകും എന്ന സൂചന നൽകുന്ന ചിത്രം ജനം കാണാൻ കയറും.




നമ്മൾ അറിയാതെ നമ്മെ പരീക്ഷണത്തിൻ്റെ ഗിനി പന്നികൾ ആക്കുന്ന മാഫിയക്ക് നേരെ പിടിച്ച കണ്ണാടിയാണ് ചിത്രം..നല്ല ക്രൈം ത്രില്ലർ കഥകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു വിരുന്നു തന്നെയാണ് എന്നത് ഗ്യാരണ്ടി.


പ്ര.മോ.ദി.സം


Wednesday, June 12, 2024

ലിറ്റിൽ ഹാർട്ട്സു്

 



ഫീൽ ഗുഡ് സിനിമകൾ നമ്മുടെ മലയാള സിനിമയോട് മുഖം തിരിച്ചു നിന്നിട്ട് നാളുകൾ കഴിഞ്ഞു.ചിലപ്പോൾ ഒക്കെ ചില പ്രയത്നങ്ങൾ ഉണ്ടാകുമെങ്കിലും ഇപ്പൊൾ തമിഴു തെലുഗു സിനിമകൾ പോലെ ഉള്ള ലോജിക് ഇല്ലാത്ത ലക്കും ലഗാനുമില്ലാതെ പോകുന്ന കഥകൾ ആണ് പ്രേക്ഷകരെ ആകർഷിക്കുന്നത്.




ആവേശവും  ടുർബോവും മറ്റും പ്രേക്ഷകരിൽ ആവേശം നിറക്കുന്നതും ഇതൊക്കെ കൊണ്ട് തന്നെ. സിനിമയുടെ പ്രമോഷൻ സമയത്ത് ജനശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി "എന്ത് "കാര്യവും സ്വന്തം തടിക്ക് കേടാകാതെ വെട്ടി തുറന്നു പറയുന്ന ഷയിൻ നിഗം ഈ സിനിമയുടെ റിലീസ് സമയത്തും ഉണ്ണി മുകുന്ദനെ അപമാനിച്ചു എങ്കിലും കയ്യിൽ നിന്ന് പോയപ്പോൾ മാപ്പ് പറഞ്ഞു രക്ഷപെട്ട് കളഞ്ഞു..




സിനിമയുടെ പ്രമോഷന് വേണ്ടി ഏത് വളഞ വഴിയും നോക്കുന്ന ഇന്നത്തെ ചില നടന്മാരിൽ ഒരാളായി ഷയിനിനെ കരുതുന്നത് കൊണ്ട് തന്നെ സിനിമക്ക് അത് കൊണ്ട് വലിയ പ്രയോജനം ഒന്നും ലഭിച്ചില്ല..മുൻപത്തെ നെഗറ്റീവ് ഒക്കെ പ്രേക്ഷകർ അദേഹത്തിൻ്റെ മുൻപത്തെ RDX എന്ന  ഒറ്റ ചിത്രത്തിൽ കൂടി മറന്നു എങ്കിലും വീണ്ടും തനതു സ്വഭാവം പുറത്തേക്ക് വന്നത് ഈ ചിത്രത്തെ നന്നായി ബാധിച്ചിട്ടുണ്ട്. കാണാൻ കൊള്ളാവുന്ന സിനിമ ആയിട്ട് കൂടി പലരും മുഖം തിരിഞ്ഞു നിൽക്കുന്നു.




മലയോര കർഷകൻ്റെ നന്മകളുടെ കഥ പറയുന്ന ചിത്രം ഗേ കഥ കൂടി ഉൾപ്പെടുത്തി മറ്റൊരു രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു എങ്കിലും കുറെയേറെ ചിത്രങ്ങൾ കൂട്ടീ ചേർത്ത് ഒരു ചിത്രം ആക്കിയത് പോലെ ഉള്ള ഒരു ഫീലിംഗ് അനുഭവിപ്പിക്കുന്നു. മുൻപത്തെ പല സിനിമകളിലെ രംഗങ്ങളും ക്ലീഷെ ആയി വന്നു ചേരുന്നു .

കേൾക്കുവാൻ ഇമ്പം ഉള്ള കുറെയേറെ പാട്ടുകളും ബാബുരാജ് ഷെയ്ൻ കൂട്ട് കെട്ടിൻ്റെ രസതന്ത്രവും കണ്ണിന് കുളിരേകുന്ന മലയോര കാഴ്ചകളും  അവിടുത്തെ ജീവിതങ്ങളുടെ അനുഭവങ്ങളും കാണാൻ പോയ  പ്രേക്ഷകരെ ആകർഷിക്കുന്നു.


പ്ര.മോ.ദി.സം.



Tuesday, June 4, 2024

മൂന്നാമൂഴം ??

  



മോദിയുടെ ഭരണം എപ്പോഴും മൃഗീയ ഭൂരിപക്ഷത്തോടെ ആയിരുന്നു...അത് ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി ആയപ്പോഴും...ഘടക കക്ഷികൾ ഒക്കെ വെറും മുന്നണിയിൽ ഉള്ള അംഗ സംഖ്യ മാത്രമായിരുന്നു.



ഇനി ബിജെപി തന്നെ ഭരിച്ചു മോദി തന്നെ പ്രധാനമന്ത്രി ആവുകയാണെങ്കിൽ പോലും ഘടക കക്ഷികളുടെ അഭിപ്രായം കൂടി ആരായേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു.മുൻപത്തെ പോലെ ഏകാധിപത്യ തീരുമാനം എടുക്കുവാൻ കഴിയില്ല എന്ന അവസ്ഥ.



മോദിയുടെ ഗ്യാരണ്ടിയിൽ ജനങ്ങൾക്ക് വിശ്വാസം കുറവാണ് എന്നൊരു മുന്നറിയിപ്പ് കൂടി ജനങ്ങൾ കൊടുത്ത് കഴിഞ്ഞിരിക്കുന്നു. പത്ത് വർഷം തുടർച്ചയായി ഭരിച്ചപ്പോൾ അല്പം അഹങ്കാരം ഉണ്ടായി എന്നും അതിനു കൊടുക്കുന്ന മുന്നറിയിപ്പ് ആണ് എന്നും മാധ്യമങ്ങൾ ഇപ്പൊൾ തള്ളി മറിക്കുന്നുണ്ട്.. ശരിയാവാം....



എന്നാലും ഇന്നലെ വരെ മുന്നൂറിൽ പരം സീറ്റുകൾ പ്രവചിച്ചവർ  മോദി തരംഗം ഉറപ്പിച്ചവർ തന്നെ ഇപ്പൊൾ സമർത്ഥമായി  പ്ലേറ്റ് മറിച്ചിരിക്കുന്നു...മോദി വിരുദ്ധത രാജ്യം മുഴുവൻ നിലനിന്നിരുന്നു പോലും....അതിൻ്റെ പ്രതിഫലനം ആണ് ഇതെന്ന്...



കാലിനിടയിലെ മണ്ണ് ചെറുതായി ഒലിച്ചു പോകുന്നത് മനസ്സിലാക്കി വേണ്ട പോലെ പ്രതിവിധികൾ ചെയ്തു വർഗീയതയും വിഭാഗീയതയും കൊണ്ട് മാത്രം വോട്ട് വീഴില്ല എന്ന ബോധം ബിജെപിക്ക്  ഉണ്ടായാൽ ഇനിയും വാഴാം...അല്ലെങ്കിൽ സാമ്പാർ മുന്നണികളുമായി തൊണ്ണൂറുകളിൽ ഉള്ളതുപോലെ "ഇന്ത്യ"യിൽ ഭരണം മാറി മാറി വന്നേക്കും...


പ്ര.മോ.ദി.സം

Sunday, June 2, 2024

ഗരുഡൻ

 



മലയാളത്തിൽ ഹാസ്യതാരങളെ  നിരീക്ഷണ ബുദ്ധി ഉള്ള സംവിധായകർ അവരുടെ കഴിവുകൾ മനസ്സിലാക്കി ക്യാരക്ടർ റോളുകളും മറ്റും ചെയ്യിച്ചു  ദേശീയതലത്തിൽ പ്രശസ്തരും അവാർഡ് ജേതാക്കളും ആക്കിയപ്പോൾ മറ്റു 

ഭാഷകാർക്കും തങ്ങൾ വെറും വിദൂഷകരായി കരുതിയ  നടന്മാരിൽ കഴിവുണ്ട് എന്ന് മനസ്സിലാക്കി തുടങ്ങി.




വടിവേലു,സൂരി,,യോഗി ബാബു, തുടങ്ങിയ നടന്മാർ ക്വാറക്ടർ  റോളുകളിൽ കസറി തുടങ്ങിയപ്പോൾ അവരിൽ തമിഴു സിനിമ പുതിയ നായകന്മാരെ കണ്ട് തുടങ്ങി.




വിടുത്തലൈ പാർട്ട് 1 സൂരി നമ്മളെ അൽഭുത പ്പെടുത്ത്യപ്പോൾ വെറും കോമാളി വേഷത്തിൽ ഒത്ങ്ങേണ്ട നടനല്ല അദ്ദേഹം എന്ന് നമ്മൾ മനസ്സിലാക്കി.



സൂരി,ശശികുമാർ,മലയാളത്തിൻ്റെ ഉണ്ണി മുകുന്ദൻ എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച ചിത്രം പറയുന്നത്  അനാഥരായ മൂന്നു സുഹൃത്തുക്കളുടെ കഥയാണ്..



മണ്ണ് ,പണം,പെണ്ണ് ഇവയാണ് സുഹൃത്ത് ബന്ധം നശിപ്പിക്കന്നത് എന്ന് വീണ്ടും വിളിച്ചു പറയുന്ന ചിത്രം ഇവർ മൂന്ന് പേരുടെയും പ്രകടനം കൊണ്ട് സിനിമയെ  നല്ല ഗ്രാഫിൽ എത്തിക്കുന്നുണ്ട്.



വെട്രിമാരൻ കഥ പറഞ്ഞു നിർമ്മിക്കുന്ന ചിത്രം ദുരൈ സംവിധാനം ചെയ്യുന്നു.യുവൻ ശങ്കർ രാജയുടെ സംഗീതം ആകർഷകമാണ്.


പ്ര.മോ.ദി.സം

വൺസപ്പോൺ എ ടൈം ഇൻ കൊച്ചി

 


സകലകലാ വല്ലഭൻ "ആയിരുന്ന" നാദിർഷ സംവിധാനം ചെയ്ത് റാഫി എഴുതി റാഫിയുടെ മകൻ നായകനായ ചിത്രം ചിരിയിൽ പൊതിഞ്ഞു പറയുന്ന ഒരു കൊച്ചിൻ ക്രൈം ത്രില്ലർ ആണ്.

ആദ്യകാല നാദിർഷ ചിത്രത്തിൻ്റെ ആകർഷണം എന്തായാലും ഇല്ലാത്ത ചിത്രം അധിക പ്രതീക്ഷകൾ ഒന്നും ഇല്ലാതെ പോയാൽ നല്ലവണ്ണം ആസ്വദിക്കുവാൻ പറ്റുന്ന വിധത്തിൽ ഒരുക്കിയിട്ടുണ്ട്.




ലഹരിയുടെ കേരളത്തിലെ തലസ്ഥാനം കൊച്ചിയിൽ നിറഞ്ഞാടുന്ന മയക്കുമരുന്ന് മാഫിയക്ക് പിന്നാലെ പോകുന്ന എസ് ഐ ആനന്ദും അയാള് അതിലേക്കുള്ള വഴിയായി പിന്തുടരുന്ന ഹിബിയും ജാനകിയും  മയക്കു മരുന്ന് സംഘവും ഒക്കെ ചേർന്ന് നമുക്ക് സമ്മാനിക്കുന്നത് നർമ്മത്തിൽ ചാലിച്ച് കൊണ്ടുള്ള കൊച്ചിയുടെ ഇന്നത്തെ ജീവിതത്തിൻ്റെ ഒരേ ടാണ്..





എസ് ഐ ആനന്ദിൻ്റെ തിരോധാന അന്വേഷണത്തിൽ തുടങ്ങുന്ന സിനിമ വർത്തമാന കൊച്ചിയിലെ സകല "ഉടായിപ്പുകളും "കാണിക്കുന്നുണ്ട്..ചുരുങ്ങിയ കാലം കൊണ്ട് പണം ഉണ്ടാക്കുവാൻ ലഹരി കടത്തിലേക്ക് വഴിമാറി പോകുന്ന യുവതലമുറയുടെ ജീവിതവും ഒരിക്കൽ ഇറങ്ങി കഴിഞ്ഞാൽ തിരിച്ചു കയറാൻ പറ്റാത്ത വിധത്തിൽ കുടുങ്ങി പോകുന്നവരുടെ കഥ നമുക്ക് പരിചിതമാണ് എങ്കിൽ കൂടി അത് വേറൊരു വിധത്തിൽ റാഫി പറയുന്നത് രസകരമായി തോന്നുന്നു .






ജോണി ആൻ്റണി എന്ന നടൻ്റെ വ്യത്യസ്തമായ കഥാപാത്രമാണ് മറ്റൊരു ആകർഷണം..കോമഡിയില് നിന്നും മാറി  ഈ ചിത്രത്തിൽ സീരിയസ് ആയി മാറുന്നുണ്ട്.പുതുമുഖ നായകനും ഒന്ന് രണ്ടു ചിത്രത്തിൽ കൗമാര വേഷത്തിൽ കണ്ട നായികയും സഭാകമ്പമില്ലതെ അഭിനയിച്ച ചിത്രത്തിൽ ഗാനങ്ങൾ ഒക്കെ മികച്ചത് ആണെങ്കിലും പശ്ചാത്തല സംഗീതം അറും ബോറാണ്.


പ്ര.മോ.ദി.സം

Sunday, May 26, 2024

മന്ദാകിനി

 



ഒരു കല്യാണവും ആ ഒരു ദിവസത്തെ സംഭവങ്ങളും കോർത്തിണക്കി നർമത്തിൽ ചാലിച്ച് അൽതാഫ് ,അനാർക്കലി നായിക നായകന്മാർ ആയി വിനോദ് ലീല അണിയിച്ചൊരുക്കിയ കൊച്ചു ചിത്രം.




 പഠന സമയത്ത്  ഗ്ലമറില്ലത്ത കൊണ്ട് ആരും പ്രേമിക്കാൻ മിനക്കെടാതെ ഒഴിവാക്കിയ  ഒരാൾ  തനിക്ക് കിട്ടിയ വധു സുന്ദരിയാണ് എന്നറിയുമ്പോൾ അന്നത്തെ ഒഴിവാക്കലിനും തഴയലിനും ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് തുടങ്ങുന്ന സിനിമ കല്യാണ ദിവസവും അന്ന് രാത്രിയും നടക്കുന്ന സംഭവങ്ങൾ പറയുകയാണ് നർമ്മത്തിൽ ചാലിച്ച്...




നമ്മുടെ നാട്ടിൽ വാറ്റ് നിയമം മൂലം നിരോധിച്ചു എങ്കിലും മലയാളി ബ്രിട്ടനിലും കാനഡയിലും പോയി വാറ്റി അവിടെ ഉള്ളവരെ കുടിപ്പിച്ചു  ഒരു ബ്രാൻഡ് തന്നെ ഉണ്ടാക്കിയ " മന്ദാകിനി"    സംഭവം തന്നെയാണ് ഈ ചിത്രത്തിന് പ്രചോദനം..




മദ്യം ആരോഗ്യത്തിന് ഹാനികരം ആണെങ്കിലും ചില സമയത്ത് ഗുണങ്ങൾ കൂടി ചെയ്തു വെക്കുന്നുണ്ട്.ഇപ്പൊൾ മലയാള സിനിമയിൽ മദ്യം ഒഴിച്ച് കൂടുവാനാകാത്ത തരത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ട്..ഇപ്പൊൾ സിനിമയിൽ നായികമാർ ഇല്ലെങ്കിലും മദ്യം എന്തായാലും ഉണ്ടാകുന്നുണ്ട്..


കേരളത്തിൽ ലഹരി ജീവിതത്തിൽ എത്രത്തോളം ഇടപെടുന്നു എന്നത് ഇപ്പൊൾ ഉള്ള മലയാള സിനിമകൾ കണ്ടാൽ മനസ്സിലാക്കാവുന്നതാണ്.

പക്ഷേ ഈ ചിത്രത്തിന് മറ്റുള്ള ചിത്രങ്ങളിൽ ഉള്ള പോലെ മദ്യ ത്തെ തിരുകി കയറ്റിയത് അല്ല അത് സിനിമക്ക് അത്യന്തം ആവശ്യം തന്നെയായിരുന്നു.




അല്പം ചിരിയും ചിന്തയും നൽകുന്ന ചിത്രം  ടർബോ സൂപ്പർ താര തല്ലും   നല്ല അഭിപ്രായം കൊണ്ട് കാണികളെ നിറ ക്കുന്ന ബിജു ആസിഫ് ചിത്രം തലവൻ ഒക്കെ ഉള്ളത് കൊണ്ട് തിയേറ്ററിൽ വിജയം നേടുമോ എന്ന് സംശയമാണ്..കുടുംബ പ്രേക്ഷകർ മറ്റു രണ്ടു ചിത്രങ്ങളെ കൈവിട്ടാൽ മാത്രം വിജയ  പ്രതീക്ഷ നൽകുന്നു. കാരണം ഒരു കാമ്പും ഇല്ലാത്ത സൂപ്പർ താര 

ചിത്രങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന അനേകം നല്ല ചിത്രങ്ങൾ ഉണ്ട്.


പ്ര.മോ.ദി.സം