Wednesday, October 19, 2022

ഒരു സർവ്വേ അപാരത

 


*നിങൾ ഇന്ന് പ്രഭാതഭക്ഷണം കഴിച്ചിരുന്നുവോ?


ഇല്ല..എഴുനേൽക്കാൻ വൈകിപ്പോയി..അത് കൊണ്ട് ഒന്നും കഴിക്കാതെ ജോലി സ്ഥലത്ത് എത്തേണ്ട അവസ്ഥയുണ്ടായി.


* നിങൾ ഇന്നലെ ഉച്ചക്ക് കഴിച്ചത് ബിരിയാണി ആയിരുന്നോ?


അല്ല...എനിക്ക് ഉച്ചക്ക് ബിരിയാണി കഴിക്കുന്നത് ഇഷ്ടമല്ല.നല്ല നാടൻ ചോർ ആണ് ഇഷ്ട്ടം.


* നിങൾ ജീവിതത്തിൽ ഇതുവരെ പിസ കഴിച്ചിട്ടുണ്ടോ?


അയ്യേ...എനിക്ക് തീരെ ഇഷ്ടമില്ലാത്ത സാധനമാണ് അത്..അത് കൊണ്ട് ഇതുവരെ കഴിച്ചിട്ടില്ല.


*കഴിഞ്ഞ ഒരാഴ്ച നിങൾ എന്തൊക്കെ നോൺവെജ് കഴിച്ചു?


ഒന്നും കഴിച്ചില്ല...നവരാത്രി കാലത്ത് ഞങ്ങൾ നോൺ വെജ് കഴിക്കാറില്ല.


*നിങൾ വളരെ ആഗ്രഹിച്ചു എങ്കിലും ഇതുവരെ കഴിക്കാൻ പറ്റാത്ത ഭക്ഷണം?


ഷാർക്ക് ഫിൻ സൂപ്പ്...വളരെ ആഗ്രഹം ഉണ്ടെങ്കിൽ പോലും അതിൻ്റെ സ്‌മെൽ എനിക്ക് പിടിക്കില്ല...അത് കൊണ്ട് ഇതുവരെ കഴിക്കാൻ പറ്റിയില്ല.


* കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിങ്ങൾക്ക് എത്ര ദിവസം കൃത്യമായ ഭക്ഷണം കഴിക്കാൻ പറ്റാതെ ആയിട്ടുണ്ട് ?


ഒരു സൽക്കാരത്തിൽ പങ്കെടുത്തു ഫുഡ് പോയിസൻ ആയത് കൊണ്ട്  ഒരാഴ്ചയെങ്കിലും .....


ഓകെ ..സർവേയില് പങ്കെടുത്തതിന് നന്ദി..


എടോ...ഇവന് വിചാരിച്ച ആഗ്രഹിച്ച ഒന്നും വേണ്ടപോലെ വേണ്ട സമയത്ത്  കിട്ടിയിട്ടില്ല....ഇവനെയൊക്കെ പട്ടിണി ഉള്ള ആൾക്കാരിൽ പെടുത്തിയേക്ക്....


നമ്മൾ ഭക്ഷ്യ സാധനങ്ങൾ ദാനം ചെയ്യുന്ന രാജ്യങ്ങൾ നമ്മളെക്കാൾ പട്ടിണി കുറഞ്ഞ രാജ്യങ്ങൾ ആയി നമുക്ക് മുന്നിൽ വരുന്നത് കൊട്ടി ഘോഷിക്കുമ്പോൾ ആരാണ് എങ്ങിനെയാണ് സർവേ നടത്തിയത് എന്ന് കൂടി ഗൂഗിൽ തിരഞ്ഞ് കണ്ടുപിടിക്കുക.അല്ലെങ്കിൽ "ലോജിക്ക് " എങ്കിലും നോക്കുക.


സത്യത്തിൽ രാജ്യത്ത് ഒരാൾ പട്ടിണി കിടക്കാൻ  (ആര് ഭരിച്ചാലും ) ഒരിക്കലും സർകാർ സമ്മതിക്കില്ല.അതിനാണ് റേഷൻ,സൗജന്യ വിദ്യാഭ്യാസം,മാസത്തിൽ മിനിമം ദിവസം എങ്കിലും തൊഴിലുറപ്പ് പദ്ധതി,പെൻഷൻ ,ഇൻഷുറൻസ് ,വായ്പ എന്നിവ കാലാകാലങ്ങളിൽ അനുവദിച്ചു കൊണ്ടിരിക്കുന്നത്..


എന്നിട്ടും ഒരാള് പട്ടിണി കിടക്കുന്നു എങ്കിൽ നിങ്ങളുടെ വാർഡ് മെമ്പറുടെ അലെങ്കിൽ കൗൺസിലറുടെ കുറ്റമാണ്.. അവരുടെ അലസത യാണ്.നിങ്ങൾക്ക് കിട്ടേണ്ട പലതും അവർ നിങ്ങൾക്ക് അനുവദിക്കുന്നില്ല...അല്ലെങ്കിൽ അത് മറിച്ച് കടത്തുന്നവരെ സഹായിക്കുന്നു.  അവരെ കണ്ടു ശരിക്ക് ഒന്ന്

 " തലോടിയാൽ" തീരുന്ന പ്രശ്നം മാത്രേ ഉള്ളൂ..


വെറുതെയല്ല നമ്മുടെ ശത്രുക്കൾ രാജ്യത്തിന് പുറത്ത് അല്ല ഉള്ളിൽ തന്നെയാണ് എന്ന് പറയേണ്ടി വരുന്നത്..രാജ്യത്തിന് അപമാനം ഉള്ളത് മുന്നും പിന്നും നോക്കാതെ പൊക്കി കൊണ്ട് വരും... അഭിമാന മുള്ളത് പൂഴ്ത്തി വെക്കുകയും ചെയ്യും.


ഇനിയെങ്കിലും നന്നായി കൂടെ....


പ്ര .മോ. ദി. സം

Tuesday, October 18, 2022

കിംഗ് ഫിഷ്

 



ചില സിനിമകൾ എന്തുകൊണ്ട് തിയേറ്ററിൽ ഓടുനില്ല എന്ന് നമ്മൾ ചിന്തിച്ചേക്കാം..നല്ലൊരു തീമും അഭിനയവും പാട്ടും സംവിധാനവും എല്ലാത്തിനും ഉപരി ത്രിൽ ആയിട്ടുള്ള രംഗങ്ങൾ കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമകൾ.




ചില സമയത്ത് ഇതിനൊന്നും ഉത്തരം കിട്ടാതെ പോകും.പ്രേക്ഷകർ അങ്ങിനെയാണ്..മുൻവിധികൾ അവരെ നന്നായി വേട്ടയാടും.. എത്ര പൊട്ടത്തരങ്ങൾ കാട്ടിയാൽ പോലും സൃഷ്ടിച്ചെടുത്ത ഫാൻസ് ഉണ്ടു എന്ന ധൈര്യത്തിൽ വരുന്ന സൂപ്പർ താര സിനിമകൾ ഒരാഴ്ച കൊണ്ട് അവർ എടുത്ത പൈസ തിരിച്ചു കൊടുപ്പിക്കും എന്ന് അണിയറക്കാർക്കു അറിയാം. അവരൊക്കെ അതിനു പിന്നാലെ പോകും.




അതിനിടയിൽ പെട്ട് ചില അതിലും കാണാൻ കൊള്ളാവുന്ന സിനിമകൾ ചതഞരഞ്ഞ് പോകും..എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ എന്ന പോലെ ചിലത് ടൈമിംഗ് കൊണ്ട് രക്ഷപെട്ട ചരിത്രവും ഉണ്ട്.



കിംഗ് ഫിഷ് എന്ന പേരിൽ എഴുതിയ മൂന്ന് ബുക്ക് ബെസ്റ്റ് സെല്ലർ ആയെങ്കിലും  അത് ആരാണെന്ന് അഞ്ഞാതമായിരുന്ന് .അത് ആരാണെന്ന് തേടി പോകുന്ന *ഗോസിപ്പ്* പത്രപ്രവർത്തക.


തൊണ്ണൂറു കോടിയുടെ സ്വത്ത് കിട്ടും എന്നറിഞ്ഞപ്പോൾ വർഷങ്ങൾക്കു മുൻപ് കുടുംബ കലഹത്തിനിടയിൽ   പിണങ്ങി പിരിഞ്ഞ അമ്മാവൻ്റെ അടുത്തേക്ക് പോകുന്ന ബ്രോക്കർ ആയ മരുമകൻ.


ഒരു രാത്രിയിൽ ഈ ഭൂമിയിൽ അവശേഷിക്കുന്ന ഏക ബന്ധം തേടി ദുരൂഹതകൾ നിറഞ്ഞ വീട്ടിലേക്ക്ത്തുന്ന യുവതി.


പണത്തിനുവേണ്ടി ഏതു റോളും ജീവിതത്തിൽ അഭിനയിക്കുന്ന എങ്കിലും  തൻ്റെ ഭൂതകാലം എല്ലാവരിൽ നിന്നും മറച്ചു വെക്കുന്നവൾ




ഇവരുടെയൊക്കെ കഥകൾ അവസാനം ഒരു ബിന്ദുവിൽ ഒത്ത് ചേരുന്നു.അതാണ് കിംഗ് ഫിഷ്..ഒരിക്കലും മടുപ്പിക്കത്തെ നല്ല അവതരണം കൊണ്ടും ഗാനം കൊണ്ടും അനൂപ് മേനോൻ അണിയിച്ചൊരുക്കിയ നല്ലൊരു കൊച്ചു ചിത്രം


പ്ര .മോ .ദി .സം

Monday, October 17, 2022

വിശുദ്ധ മെജോ

  



മെജോ നമുക്കിടയിൽ ഉള്ള ഒരാളാണ്.അധികം ആരോടും ചങ്ങാത്തം കാണിക്കാതെ ഉള്ള ഒന്നോ രണ്ടു കൂട്ടുകാരിൽ പൂർണ വിശ്വാസം ഉള്ള എന്തിനും ഏതിനും സ്വയം ശ്രമിക്കാതെ ഈ കൂട്ടുകാരുടെ സപ്പോർട്ട് കൊണ്ട്,ആശ്രയം കൊണ്ട് മാത്രം എന്തെങ്കിലും ചെയ്യുന്ന ഒരാൾ.




സിനിമയിലെ മെജോ അമ്മ നഷ്ടപ്പെടുന്നത് വരെ സാധാരണ കുട്ടിയായിരുന്നു .അമ്മയുടെ മരണത്തോടെ അവനു ആരോട് എങ്ങിനെ പെരുമാറണം ,എങ്ങിനെയൊക്കെ സംസാരിക്കണം,എങ്ങിനെ സ്നേഹിക്കണം എന്ന് പോലും അറിയാത്തത് പോലെയായി പോയി.എന്തിന് സ്വന്തം അച്ഛനെ സ്നേഹം കൊണ്ട് കെട്ടിപിടിക്കുവാൻ കൂടി അവനു പറ്റാതായി..എന്തോ ഒരു പിന്നോട്ട് അടുപ്പിക്കൽ...




അവനും ജോലിയും അച്ഛനും ആകെ ഉള്ള ഒരു സുഹൃത്തും മാത്രമായി മാറി അവൻ്റെ ലോകം.അങ്ങിനെ അവൻ്റെ ഇടയിലേക്ക് പണ്ട് ചെന്നയിൽ പഠിക്കാൻ പോയ കളികൂട്ടുകാരി മടങ്ങി എത്തുന്നതോടെ അവനു പുതിയൊരു കൂട്ട് കൂടി ഉണ്ടാവുകയും അവൻ്റെ ലോകം വികസിക്കുന്നു.



അതിനു ശേഷം അവൻ്റെ ജീവിതത്തിലെ മാറ്റവും മറ്റു സംഭവങ്ങള്മാണ് പുതുമുഖ സംവിധായകൻ കിരൺ പറയുന്നത്..ചെറിയൊരു സിനിമ അധികം പ്രതീക്ഷകൾ ഇല്ലാതെ പോയാൽ മനം കുളിർക്കും.


പ്ര .മോ. ദി .സം

Sunday, October 16, 2022

താങ്ക്യൂ

 



തെലുങ്ക് സിനിമ കാണുവാൻ നല്ല രസമാണ്..ഞാൻ പറഞ്ഞു വരുന്നത് മാസ് പടങ്ങൾ അല്ല ചെറിയ നടന്മാരുടെ ചിത്രങ്ങൾ മലയാളത്തിലേക്കൂ ഡബ്ബ് ചെയ്തു വരുന്നവ. 





എറ്റവും ആകർഷകം മലയാളത്തിലേക്ക് മൊഴി മാറ്റുമ്പോൾ ഉള്ള തർജിമ യാണ്..അത് ഒരിക്കലും കഠിന പദങ്ങൾ ആയിരിക്കില്ല..പാട്ടുകൾ  പോലും എല്ലാ വരിയും നമുക്ക് മനസ്സിലാകും. മലയാളത്തിൽ പോലും  അത് മനസ്സിലാവാൻ വളരെ  പാട് പെടുന്ന നമ്മക്ക്...ട്രോളുകൾ കുറെ വന്നെങ്കിലും പലർക്കും അത് ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അത്തരം ചിത്രങ്ങൾ ഇവിടെ വിജയിക്കുന്നത്.





താങ്ക്യൂ എന്നത് അവിടുത്തെ പണം വാരി പടം ആണോ എന്ന് നിശ്ചയമില്ല..എങ്കിലും രണ്ടു മണിക്കൂർ നമ്മളെ ബോറടിപ്പിക്കാതെ കാണാൻ അനുവദിക്കുന്നുണ്ട്..സിമ്പിൾ കഥയും കാര്യങ്ങളും ഒക്കെയാണ് എങ്കിലും അത് ഒരുക്കിയവർക്ക് താങ്ക്യൂ പറയുവാൻ നമ്മളെ പ്രേരിപ്പിക്കുന്നു.




നമ്മളെ ഒരു പരിധിവരെ വെറുപ്പിക്കുന്ന നാഗചൈതന്യ എന്ന നായകനെ പിന്നെ അയാളുടെ ചെയ്തികൾ കൊണ്ട്  നമുക്ക് ഇഷ്ടപ്പെട്ടു പോകുകയാണ്.




 ഒളിചോട്ടത്തിനിടയിൽ ഒന്നിലും കോമ്പ്രമൈസ് ചെയ്യരുത് എന്ന് പഠിപ്പിക്കുന്ന കാമുകി നഷ്ടപ്പെട്ടു എങ്കിലും അവള് പറഞ്ഞതിലൂടെ മുന്നേറുന്ന നായകൻ എല്ലാം വെട്ടി പിടിക്കുന്നു എങ്കിലും പലതും നഷ്ടപ്പെടുമ്പോൾ അയാൾക്ക് വന്ന വഴിയിലേക്ക് തിരിഞ്ഞു നടക്കേണ്ടി വരുന്നു .




അയാളെ ഈ നിലയിൽ എത്തിച്ചവർക്ക് നന്ദി പറയുവാൻ വേണ്ടി മാത്രം തിരിഞ്ഞു നടന്ന അയാൾക്ക് പലതും തിരികെ നേടാൻ പറ്റുന്നു.മൂന്ന് നായികമാർ ഉണ്ടെങ്കിലും അവരെ മൂലയിൽ ഒതുക്കാതെ ഓരോരുത്തർക്കും നല്ല വേഷങ്ങൾ നൽകി അടയാളപ്പെടുത്തുന്നു.


പ്ര .മോ .ദി .സം

Saturday, October 15, 2022

സോളമൻ്റെ തേനീച്ചകൾ

 



പഠിപ്പിൽ മിടുക്കനായ ഒരു വിദ്യാർത്ഥി കുറെക്കാലം ഉഴപ്പിനടന്ന് പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും പിന്നെ എന്തോ ബോധോദയം ഉണ്ടായപ്പോൾ പഠിച്ചു തുടങ്ങുകയും...ചെറിയ ചെറിയ വിജയങ്ങൾ നേടി കൊണ്ട് പഴയ പ്രതാപത്തിൻ്റെ ലക്ഷങ്ങൾ കാണിച്ചു തുടങ്ങുകയും ചെയ്യുന്നു.





പറഞ്ഞത് ചിത്രത്തിൻ്റെ കഥയല്ല.സംവിധായകനെ കുറിച്ചാണ്..മുൻപ് ഉണ്ടായിരുന്ന പ്രതിഭയുടെ ലേശം പോലും കുറെയായി ലാൽജോസിൻ്റെ സിനിമ കണ്ടാൽ തോന്നില്ല.പക്ഷേ ഈ ചിത്രത്തിൽ താൻ മടങ്ങി വരും എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.മടങ്ങി വന്നാൽ നല്ലത്..അദ്ദേഹത്തിനും മലയാള സിനിമക്കും ഗുണം ചെയ്യുക തന്നെ ചെയ്യും.






 നല്ല സുഹൃത്തുക്കൾ ആയ  രണ്ടു പോലീസുകാരികളിലൂടെ  ആണ് കഥ പോകുന്നതും.എന്തിനും ഏതിനും പരസ്പര കൂട്ടുള്ള ഒന്നിച്ചു താമസിക്കുന്ന അവരിലേക്ക് ഒരാള് കടന്നു വരുന്നു.  അതിൽ ഒരാള്മായി പ്രണയത്തിലാകുന്നു. മുൻപും പിൻപും അറിയാത്ത അയാള് മൂലം ഇവർ  രണ്ടു പേരും ഒരു പ്രശ്നത്തിൽപെടുന്നതും  അത് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന വെല്ലുവിളികൾ ആണ് 

സോളമൻ്റെ തേനീച്ചകൾ.






 ഒരു ക്രൈം ത്രില്ലർ ഇനത്തിൽ പെട്ട സിനിമ അതിൻ്റെ വ്യതസ്ത  പാശ്ചാത്തലം കൊണ്ടും അവതരണ ഭംഗി കൊണ്ട് ഒക്കെ ശ്രദ്ധിക്കാപെടും. പഴയ താരങ്ങൾക്കൊപ്പം പുതിയവർക്കും നല്ലൊരു അവസരം കൊടുക്കുന്ന ചിത്രം വിദ്യാസാഗറിൻ്റെ സംഗീതം കൂടി തിരിച്ചു കൊണ്ട് വരുന്നുണ്ട്.


പ്ര .മോ .ദി. സം










Friday, October 14, 2022

പീസ്




മനുഷ്യർ എപ്പോഴാണ് എടാകൂടങ്ങളിൽ ചെന്ന് ചാടുക എന്ന് പറയുക വയ്യ.നമ്മുടെ ചെറിയ ഒരു അശ്രദ്ധ, ചിലപ്പോൾ ലഹരികൾ തരുന്ന ധൈര്യം, അല്ലെങ്കിൽ സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള എല്ലാം മറന്നുള്ള  ഓട്ടം അങ്ങിനെ പലതും നമ്മളെ എത്തിക്കുന്നത് ചിലപ്പോൾ വല്യ കെണികളിൽ ആയിരിക്കും.പറ്റിയ അബദ്ധങ്ങൾ മാറ്റാൻ നമ്മൾ വീണ്ടും വീണ്ടും പ്രശ്നങ്ങളിലേക്ക് പോകും.






"ഗ്ലാസ്സ്" മീറ്റ്മായി മകളുടെ വിവാഹം ഉറപ്പിച്ച സന്തോഷത്തിൽ മതിമറന്ന് ആഘോഷിച്ച രാത്രിയിൽ സുഹൃത്തിനെ കൊണ്ട് വിടുവാൻ അവൻ്റെ കൂട്ടുകാരോടൊത്ത് റെയ്ൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന "അപകടം" ഇവരുടെ ഒക്കെ ജീവിതം നിൽക്കകള്ളി യില്ലാതാക്കുന്നതാണ് പീസ് ഒന്നാം ഭാഗം പറയുന്നത്.






ഹാസ്യത്തിൻ്റെ മേമ്പൊടി കൊണ്ട് സമൂഹത്തിലെ പല കൊള്ളരുതായ്മകൾ ചൂണ്ടി കാണിക്കുന്ന ചിത്രം മുറിയാത്ത രസച്ചരട് നൽകുന്നുണ്ട്.ചില സമയത്ത് അതി നാടകീയത തോന്നും എങ്കിൽ കൂടി....






മദ്യപാനം,പുകവലി ,ലഹരിമരുന്ന് സയിൽ തുടങ്ങി ഇന്നത്തെ തലമുറയുടെ മുഴുവൻ തൊട്ടി ത്തരങ്ങളും നായകനും കൂട്ടാളികളും ചെയ്യുന്നുണ്ട്. പണം ഉണ്ടാക്കുവാൻ ഇതുവരെ ആരും ചെയ്യാത്ത പുതിയ ഒരു കാര്യം കൂടി ചിത്രത്തിൽ രസകരമായി അവതരിപ്പിക്കുന്നുണ്ട്.പണം ഉണ്ടാക്കാൻ ഇനി ചിലർ അതും പരീക്ഷിച്ച് നോക്കും.




അന്തരിച്ച അനിൽ നെടുമങ്ങാട്,കോട്ടയം പ്രേമൻ എന്നിവർ അഭിനയിച്ച അവസാന സിനിമ ആണെന്ന് തോന്നുന്നു.അനിലിന് മുഴുനീള വേഷം ഉണ്ടായിരുന്നു..അത് അദ്ദേഹം തകർത്തിട്ടുണ്ട്..രണ്ടാം ഭാഗം വരുന്നു എന്ന് പറയുന്നത് കൊണ്ട്  അനിവാര്യമായ അനിലിൻ്റെ റോൾ എന്ത് ചെയ്യും എന്ന സംശയവും നമുക്ക്  ഉണ്ടാവാം


പ്ര .മോ .ദി .സം