Friday, March 21, 2014

ഞാന്‍ ആഗ്രഹിക്കുന്നു


ഓ .രാജഗോപാല്‍  ജയിക്കണം,മോദി അധികാരത്തില്‍ വരികയാണെങ്കില്‍  കേരളത്തിനുവേണ്ടി പലതും ചെയ്യുന്ന ഒരു മന്ത്രിയെ കിട്ടും.ഇപ്പോഴതെതുപോലെ "എട്ടിന്റെ " പണി കിട്ടില്ല

ബിന്ദു കൃഷ്ണ എന്തായാലും ജയിക്കാന്‍ പാടില്ല.അഹങ്കാരത്തിന്  കയ്യും കാലും വെച്ചിരിക്കയ ...ഇനി കൂടുതല്‍ വേണ്ട.വായില്‍ നിന്ന് വരുന്നത് ആദ്യം നിയന്ത്രിക്കാന്‍ പഠിച്ചശേഷം ജയിപ്പിക്കാം

പ്രേമചന്ദ്രന്‍ ജയിക്കരുത് .കാലുമാറ്റം ഒരിക്കലും നമ്മള്‍ പ്രോത്സാഹിപ്പിക്കരുത്  എന്തൊക്കെ ന്യായം നിരത്തിയാലും



ബിജു ജയിക്കണം തോറ്റാലും സാരമില്ല.ഷീബയും നല്ല കുട്ടിയാ ഡല്‍ഹിയില്‍ പോകേണ്ട കുട്ടി തന്നെയാ

കൊടിക്കുന്നില്‍ സുരേഷ് ജയിക്കണം ഇനിയും ഇളനീര്‍  "വാണിഭ്യം "നടക്കെണ്ടാതല്ലേ .പത്രവും ചാനലും കാണുവാന്‍ ഒരു രസം ഒക്കെ വേണ്ടേ .ചെങ്ങറ ഡല്‍ഹിയില്‍ പോകാന്‍ സമയമായിട്ടില്ല

ജോസ്  കെ മാണി തോല്‍ക്കണം .കേരള കൊണ്ഗ്രെസ്സിന്റെതു  പരിസ്ഥിതിയെ കുറിച്ച് ള്ളത് കള്ളകണ്ണുനീര്‍ ആണെന്നുള്ളത് നമുക്ക് മനസ്സിലാകുന്നു  എന്ന് അവരെ അറിയിക്കണം പക്ഷെ തോല്‍ക്കില്ല കാരണം എതിര്‍ സ്ഥാനാര്‍ഥി അത്ര പോരാ...കിട്ടില്ല എന്ന് ഉറപ്പിച്ച സീറ്റ ...പക്ഷെ കൊടുത്തപ്പോള്‍ നില്‍ക്കാന്‍ ആളില്ല .ഒരു എം എല്‍ എ ജയിക്കരുത് .ഖജനാവിനാ നഷ്ട്ടം .

ദീന്‍ ജയിക്കരുത് ..മത പോക്കിരികളെ കൊണ്ട് കേരളത്തിലെ മികച്ച പാര്‍ലിമെന്റ് അംഗത്തിന്റെ കണ്ണുനീര്‍ വീണ മണ്ണില്‍ വേറൊരു കൊണ്ഗ്രെസ്സുകാരന്‍ ജയിക്കരുത് .ഇനി എപ്പോഴെന്കിലും ജയിക്കുന്നുവേന്കില്‍ അത് പി സി തന്നെ ആകണം

ഫിലിപോസ് തോമസ്‌  ജയിക്കരുത്.സ്ഥാനമാനത്തിനു വേണ്ടി പാര്‍ട്ടിയില്‍ നിന്നും ചാടി പോരുന്നവരെആരും  സംരക്ഷിക്കരുത് .നാളെ ഇവന്‍ മറുകണ്ടം ചാടിയെക്കും .

ഇതുവരെ കിട്ടാത്ത ചില വികസനം "നാടിനു "കൊണ്ട് വന്ന കെ.സി വേണുഗോപാല്‍ ജയിക്കണം .എങ്കിലേ ഉണ്ടെന്നു പറയപ്പെടുന്ന സരിതമസാല ദഹിക്കൂ ..എതിരാളി അത്ര പോര എന്നാണ് തോന്നുന്നത്

എം .ബി .രാജേഷ്‌  അല്ലാത്ത മറ്റൊരാളെ കുറിച്ച് ചിന്തിക്കുകപോലും അരുത്.ആളില്ല പാര്‍ട്ടി ജയിച്ചാല്‍  നീര്‍കോലികളും ഫണം വിടര്‍ത്താന്‍ ആരംഭിക്കും .

തോമസ്‌ മാഷ്‌ തന്നെ ജയിക്കണം .അണികളുടെ വികാരം മനസ്സിലാക്കാതെ കെട്ടിഇറക്കിയവരെ വിജയിപ്പിക്കരുത് .മാഷ്‌ ജയിച്ചാല്‍ ഒന്നുമില്ലെന്കിലും ഇല്ലാത്ത വികസനം സ്വന്തം പേരില്‍ എഴുതി ചേര്‍ക്കും .

തൃശൂര്‍ എന്താ പറയ ...ധനപാലനും നല്ല ആളാണ്‌  സി എന്നും മോശം അല്ല ..തോല്‍പ്പിക്കാന്‍  തട്ടിയ ധനപാലന്‍  ......

ചാലകുടിയില്‍ ഇന്നസെന്റ് ജയിക്കണം സ്വന്തം മണ്ഡലത്തെ തള്ളിപറഞ്ഞ അഹങ്കാരികള്‍ ജയിക്കാന്‍ പാടില്ല

ഇ അഹമദ്‌ സാഹിബ് ജയിച്ചാല്‍ മണ്ഡലത്തില്‍ വരുമെന്നുരപ്പില്ല .ക്ലിപ്പിംഗ് കാണുമ്പോള്‍ അത്രക്ക് അവശനാണ് .മത വോട്ടു കൊണ്ട് എന്തുമാകാം എന്ന് ധരിചിരിക്കുന്നവര്‍  ജയിക്കരുത്.അഞ്ചു കൊല്ലം കഷ്ട്ടിച് പോയിട്ട്  നാട്ടുകാര്‍ക്ക് എന്ത് ഗുണം ?ഖജനാവിന് നഷ്ട്ടം ഉണ്ടാവരുത്.

ഇ റ്റി  സാഹിബ്  തന്നെ ജയിക്കണം .കാലുമാറികള്‍  ജയിക്കരുത്.മത വോട്ട് ആണെങ്കിലും സാഹിബു വിവരമുള്ള ലീഗുകാരില്‍ പെടും കുറച്ചു പേരെ ഉള്ളു എങ്കിലും

കോഴികോട്  രണ്ടുപേരും നല്ലവരാണ് പക്ഷെ ഒരാളെ ജയിക്കൂ ....അതാ പ്രശ്നം .

മണ്ഡലത്തില്‍ വരാത്ത അവരുടെ പ്രശ്നം കാണാത്ത ടി വി യില്‍ വലിയ വായില്‍ കള്ളം പറയുന്ന എംപി യെ ക്കള്‍  നല്ലത് സത്യന്‍ മൊകേരി ജയിക്കുന്നതാ.

 വടകര മുല്ലപ്പള്ളി തോല്‍ക്കണം.കേരളത്തില്‍ രാഷ്ട്രീയവിധവ കെ കെ രമ മാത്രമേ ഉള്ളോ ?അത്തരം ചിന്ത ആണ് ഈ കേന്ദ്ര മന്ത്രിക്ക് ..പോരാത്തതിന്  നമ്മുടെ ചെക്കന്‍ ഷംസീര്‍ ഡല്‍ഹിയില്‍ പോയാല്‍ മറ്റൊരു "രാജേഷ്‌ "ആകും തീര്‍ച്ച.ഇങ്ങിനെയുള്ള യുവാക്കള്‍ മുന്‍നിരയിലേക്ക് വരണം

വലിയ വായിലെ വര്‍ത്തമാനം കണ്ണൂരില്‍ മാത്രമേ ഉള്ളൂ എന്ന് സുധാകരന്‍ പാര്‍ലിമെന്റില്‍ തെളിയിച്ചു.പിന്നെ എന്തിനാ ഇങ്ങിനത്തെ ഒരു ജനപ്രതിനിധി.?

ടി വിയില്‍ ഒക്കെയുള്ള  പ്രകടനം  കണ്ടു സുരേന്ദ്രനോട് ഒരു ഇഷ്ട്ടകൂടുതല്‍ ...കഷ്ട്ടമാണ് ജയിച്ചു കയറാന്‍ എന്നാലും ആഗ്രഹത്തിന് വിലക്കില്ലല്ലോ ?


ഇത് എനിക്കുള്ള ആഗ്രഹം മാത്രമാണ്.ഇതില്‍ ആരും എന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല ..അത് കൊണ്ട് തന്നെ കലവുമായി ആരും വരേണ്ട പൊങ്കാല ഇടുവാന്‍

-പ്രമോദ്‌ കുമാര്‍ .കെ.പി

Friday, March 14, 2014

കുറെ ഫീലിങ്ങുകള്‍

ജനങ്ങളെ മുഴുവന്‍ ദ്രോഹിച്ച കൊണ്ഗ്രെസ്സ് സര്കാരിനെതിരെ കേരളത്തില്‍ ഒരു വിധി എഴുതുണ്ടാകുമെന്നു കരുതിയത്‌ ഇപ്രാവശ്യവും നടക്കുമെന്ന് തോന്നുനില്ല...അണികളെയും സഖ്യന്മാരെയും വെറുപ്പിച്ചു കൊണ്ടുള്ള മാര്‍കിസ്റ്റ് സ്ഥാനാര്‍ഥി പട്ടിക കാണുമ്പോള്‍ അതാണ്‌ തോന്നുന്നത് .നല്ല നേതാക്കളെ നിര്‍ത്തിയാല്‍ എളുപ്പം ജയിക്കുമായിരുന്ന പല സീറ്റിലും അയല്‍വാസികള്‍ക്ക് പോലും പരിചയമില്ലാത്തവരും ജനപിന്തുണ ഇല്ലാത്തവരും മാനത്തു നിന്നും താഴെ ഇറങ്ങിയവരും ......ഈ സി പി എമ്മില്‍  അത്രക്ക്  വംശനാശം സംഭവിച്ചുവോ ?സ്വതന്ത്രന്‍ മാരാണ്  കൂടുതല്‍ ...ജയിച്ചു കയറിയാലും അവര്‍ മറ്റുള്ളവര്‍ എന്ന തസ്തികയില്‍ ആണ് വരിക.അങ്ങിനെ എങ്കില്‍ ആര്‍ എസ്  പി ക്കും എന്‍ സി പി ക്കും ഫോര്‍വേഡ് ബ്ലോക്കിനും ഒക്കെ സീറ്റ്‌  കൊടുത്തിരുന്നുവെങ്കില്‍  ഇടതുപക്ഷം എന്നെങ്കിലും പറയാമായിരുന്നു.

ഫീലിംഗ് : അമ്മാവ എന്നെ തല്ലേണ്ട ഞാന്‍ നന്നാവൂല 

നിങ്ങള് സോണിയയെയോ രാഹുലിനെയോ തള്ളി പറഞ്ഞോ പക്ഷെ മതനേതാക്കളെ തള്ളി പറഞ്ഞാല്‍ എത്ര വലിയവനായാലും പണി കിട്ടും .മതങ്ങളെ ജാതികളെ ഉള്ളം കയ്യില്‍ വെച്ച്  പോപ്പ്  എന്ന സ്വപ്നത്തില്‍  കഴിയുന്നവരെ  വിമര്‍ശിച്ചതിന്  പലര്‍ക്കും സീറ്റ്‌ കൊടുക്കേണ്ടെന്ന് തീരുമാനിച്ച കൊണ്ഗ്രെസ്സ് നേതാക്കള്‍ തോണ്ടിയത് ചിലയിടത്തെങ്കിലും ശവകുഴികള്‍ ആണ് .സുധീരന്‍ വന്നപ്പോള്‍പൊടുന്നനെ  അണികളില്‍ ഉണ്ടായ ഉണര്‍വിലൂടെ കിട്ടാമായിരുന്ന ഒന്ന് രണ്ടു സീറ്റ്‌ ഇനി കിട്ടണം  എങ്കില്‍  നന്നായി വിയര്‍ക്കേണ്ടി വരും.അല്ലലില്ലാതെ  ജയിച്ചു വരാ മായിരുന്ന സീറ്റിലെ സ്ഥാനാര്‍ഥിയെ സ്തുതിഗീതം പാടി  കാലുകഴുകി പിടിക്കുന്നവന് വേണ്ടി മാറ്റിയതിലൂടെയും അവര്‍ പാപ്പരത്തം തെളിയിച്ചു.

ഫീലിംഗ് : പോപ്‌ നായരുടെ വീഴ്ച്ച പ്രതീക്ഷ നല്‍കിയെങ്കിലും ഇപ്പോഴും കൊന്തയും പൂണൂലും ഒക്കെ തന്നെയാ കൊണ്ഗ്രെസ്സ് പട്ടിക തയ്യാറാക്കുന്നത് 

ഒരു നിയമസഭ പോലും കയ്യിലില്ല കിട്ടുവാന്‍ താല്പര്യവുമില്ല  നേതാക്കന്മാരോക്കെ  സ്ഥാനമാനം മാത്രം ആഗ്രഹിച്ചുള്ള  പ്രവര്‍ത്തനം.കൊഴിയുന്നവരെ പിടിച്ചുവേക്കുവാനോ ആള്‍കാരെ ആകർ ഷിക്കുവാനോ  ഒരു  പ്രവർതനവുമില്ല .അന്യോനം കുറ്റം പറച്ചിൽ മാത്രം മുറക്ക് നടക്കുന്നുണ്ട്. എങ്കിലും മത്സരിക്കുവാന്‍ സ്ഥാനാർഥ്വിയാകാൻ അടിയും പിടിയും പാരവെപ്പും ...ഇത്തവണയും വോട്ട് ഒക്കെ കച്ചവടം ചെയ്തു കാഷ്‌ അടിക്കുവാന്‍ തന്നെയാണ് പരിപാടി എങ്കില്‍ എന്തിനാ ബി ജെ പി ക്കാരെ ഈ പ്രഹസനം ?ഓരോ പാര്‍ട്ടിയും അന്നന്ന് വോട്ടുകള്‍ കൂട്ടി വാങ്ങുമ്പോള്‍ നിങ്ങള്‍ കേരളത്തില്‍ മാത്രമെന്തേ പടവലങ്ങ പോലെ വളരുന്നത്.? വോട്ടു വിട്ടു പുട്ടടിക്കുകയാണ്  എന്ന് ജനങ്ങള്‍ക്ക്‌ തോന്നിയാല്‍ തെറ്റില്ല

ഫീലിംഗ് : കേരളത്തിലെ നീര്‍കോലികള്‍ക്കും ഫണം വിടര്‍ത്തുവാന്‍ മോഹം 

സംസ്ഥാന അധ്യക്ഷന്റെ കാലുനക്കി ദേശീയ അധ്യക്ഷന്‍ സീറ്റ്‌ തരപെടുത്തുന്ന അപൂർവ കാഴ്ച കഴിഞ്ഞ ദിവസം കേരളത്തിൽ കണ്ടു..മണ്ഡലത്തെ തിരിഞ്ഞു നോക്കാതെ ലോകത്തില്‍ അലഞ്ഞു തിരിഞ്ഞ "വിദേശ "മന്ത്രി അവസാനം രാഷ്ട്രീയം എന്തെന്നു അറിയില്ലെങ്കിലും കുടുംബപേര്  ഉള്ളതുകൊണ്ട്  സംസ്ഥാന പ്രസിഡണ്ട്‌ ആയവനെ   കരഞ്ഞു കാലുപിടിച്ചു സീറ്റ്‌ തരപ്പെടുത്തുന്നു ..അതും അയാളെ  നമുക്ക് ഇവിടെവേണ്ട  എന്ന് പറഞ്ഞ അണികളുടെ വികാരം മനസ്സിലാക്കാതെ .ജയം ഉറപ്പാണെങ്കിലും ഇല്ലെങ്കിലും കുഴിയിലേക്ക് കാലും നീട്ടിയവരെ മാത്രമേ ലീഗിന് അവതരിപ്പിക്കുവാനുള്ളൂ ...നല്ല യുവ നേതാക്കള്‍ പാർട്ടിയിൽ ഇല്ലാത്തതിന്റെയോ അതോ കുറെ രഹസ്യങ്ങള്‍ ജനങ്ങള്  അറിയും എന്ന് ഭയന്നോ ...?നിങ്ങള്‍ എന്ത് പറഞ്ഞാലും മലപ്പുറത്തെ രണ്ടു സീറ്റും ലീഗിന് തന്നെ

ഫീലിംഗ് :  ...ഈ ഒരു കാര്യത്തില്‍ മാത്രം ഇവരെ "ഡല്‍ഹിക്ക് അയക്കുന്ന മലപ്പുറംകാര്‍ക്ക് "ഇനിയും വിവരം വെക്കത്തത് എന്തെ ? 

എല്‍ ഡി എഫില്‍ സി പി എം ഇപ്പോഴും വല്യേട്ടന്‍ കളി കളിക്കുന്നു ,സീറ്റ്‌ അവര്‍ തീരുമാനിക്കുന്നു,അവർ പ്രഖ്യാപിക്കുന്നു  കൂടെയുള്ള   ആരെയും അനുസരിക്കുനില്ല എന്നൊക്കെയാണ്  അതിലുള്ള എല്ലാമറ്റു പാര്‍ട്ടികളുടെയും പല വർഷങ്ങൾ  ആയുള്ള പരാതി.
എന്നാല്‍ പിന്നെ അവിടെയുള്ള  പാർട്ടികൾ എല്ലാവര്ക്കും ചേര്‍ന്ന് സി പി എമ്മിനെ എല്‍ ഡി എഫില്‍ നിന്നും അങ്ങ് പുറത്താക്കിയാല്‍ പോരെ .(കടപ്പാടുണ്ട് ഈ അഭിപ്രായത്തിനു മാത്രം )

ഫീലിംഗ് :നമ്മളെ കൊണ്ട് ഒറ്റയ്ക്ക് ഒന്നുമാകില്ല .അത് കൊണ്ട് ആ വലിയൊരു മരത്തിന്റെ 
തണലില്‍ നിന്ന് കൊണ്ട് നമ്മള്‍ക്കും പലതും വെട്ടിപിടിക്കണം പക്ഷെ ഇലയോ പൂവോ കാക്കകാഷ്ട്ടമോ ഒന്നും തലയില്‍ വീഴാന്‍ പാടില്ല .

രണ്ടു സീറ്റ്‌ നമ്മള്‍ക്ക് നിര്‍ബന്ധമായി തരണം അല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ഭയാനകമായിരിക്കും എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കോട്ടയം മാത്രം കിട്ടിയപ്പോള്‍ സന്തുഷ്ട്ടരായി.ഇപ്പോൾ ആ പാര്‍ട്ടി ഇടുക്കി എന്ന്  കേട്ടിട്ടുപോലുമില്ല

ഫീലിംഗ് : കോട്ടയത്ത്‌  "സ്വന്തം ചെക്കനെ "തോല്‍പ്പിക്കാന്‍ കൊണ്ഗ്രെസ്സ്കാര്‍ വിചാരിച്ചാല്‍ കഴിയുമെന്ന് മാണിസാറിന് നല്ല നിശ്ചയമുണ്ട് .


ഇന്റര്‍വ്യൂ  നടത്തി  സ്ഥാനാര്‍ഥികളെ  നിശ്ചയിക്കുന്നത് ഒരു പുതിയ പരിപാടിയാണ്.പക്ഷെ അതിനു ആ കാര്യത്തില്‍ നല്ല വിവരമുള്ളവര്‍ ആണ് അത് നടത്തേണ്ടതും ആള്‍കാരെ തിരഞ്ഞുപിടിക്കെണ്ടതും...ഇവിടെ അത് നടത്തിയത്  അതിനു പൂര്‍ണ യോഗ്യത ഇല്ലാത്തവരും .അതുകൊണ്ട് ആപ്  എന്ത് കോപ്പും കാട്ടി ജനങ്ങളെ പറ്റിക്കരുത്. ജനങ്ങളുടെ കയ്യടി നേടാന്‍ എന്ത് കോപ്പും കാട്ടികൂട്ടരുത് ..കയ്യില്‍ കിട്ടിയ ഡല്‍ഹി നിയമസഭ വിട്ടിട്ട്  പാര്‍ലിമെന്റ്  പിടിക്കുവാന്‍ നടക്കുന്നു.

ഫീലിംഗ് :ഇന്ത്യ മുഴുവന്‍ നേതാക്കളെ  തിരഞ്ഞെടുക്കുവാന്‍ അവര്‍ ഈ കാര്യം ചെയ്തോ എന്ന് സംശയമുണ്ട്‌  ? കൂടുതലും ജോലി ആവശ്യങ്ങള്‍ക്കും പഠനത്തിനുമൊക്കെ  ഈ പരിപാടി നടക്കാറുണ്ട് .അവര്‍ ഇത് കൊണ്ട് ഇതിലെതാ ഉദ്ദേശിച്ചത് ? രാഷ്ട്രീയ പഠനമോ രാഷ്ട്രീയ ജോലിയോ ?

ജനസേവനം ഒന്നുമല്ല നേതാക്കളുടെ ലക്‌ഷ്യം ജനങ്ങളെ എങ്ങിനെയെങ്കിലും പിഴിയുക എന്നിട്ട് സ്വന്തമായി നന്നാവുക എന്നത് മാത്രമാണ് .ജയിക്കുന്ന പലരും അവന്റെ കുടുംബം നന്നാക്കും ജനങ്ങളെ കണ്ടെന്നു പോലും നടിക്കില്ല.കാലാകാലമായി  നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നതും അത് തന്നെയാണ് .എന്നാലും നമ്മള്‍ ഓരോരുത്തനെ ഡല്‍ഹിക്ക് വണ്ടി കയറ്റിവിടും നമ്മുടെ മേലില്‍ കുതിരകയരുവാന്‍..ചില നേതാക്കള്‍ പാര്‍ലിമെന്റില്‍  വായ തുറക്കുന്നത്  ആവിയിടാന്‍ മാത്രമാണ് ..എഴുനെല്‍ക്കുന്നത്  മുണ്ട് മുറുക്കി കെട്ടുവാനും ...നല്ല പാര്‍ലിമെന്റ്  അംഗങ്ങള്‍ ഇവിടുന്നു പോകുന്നുണ്ട്  ജനങ്ങള്‍ക്കുവേണ്ടി  ശബ്ദം ഉയര്‍ത്തുന്നുമുണ്ട്  അത് വിസ്മരിക്കുനില്ല .

അവസാനത്തെ ഫീലിംഗ് :പൊതുജനം കഴുതകള്‍ തന്നെ അല്ലെ ..അതിനു മാത്രം ഒരു 
 മാറ്റവുമില്ല

ഇനിയുമുണ്ട്  ഒരുപാട് ഫീലിങ്ങ് ..അതൊക്കെ ചെറുപാര്‍ട്ടികളെ  കുറിച്ചുള്ളതായത്  കൊണ്ട് ചെറിയ ഫീലിംഗ്സ്  മാത്രം .അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോള്‍ അവര്‍ ഉണ്ടാകുമോ എന്നുകൂടി  പറയാന്‍ കഴിയില്ല .അതുകൊണ്ട്  ആ ഫീലിംഗ്സ്  ഒഴിവാക്കുന്നു.

വാല്‍കഷ്ണം :കടപ്പാട്  വെച്ച് തന്നെ പറയാം.ഏപ്രില്‍ ഒന്നിന്  ഫൂള്‍ ആയാല്‍ ഒരു ദിവസം മാത്രം ഫൂള്‍ ആയാല്‍ മതി എന്നാല്‍ ഏപ്രില്‍ പത്തിന് ഫൂള്‍ ആയാല്‍ അഞ്ചു കൊല്ലം അത് നമ്മള്‍ സഹിക്കണം

Saturday, March 8, 2014

അനിവാര്യം

ആശുപത്രിയിലേക്ക് കടക്കുമ്പോൾ തന്നെ   നെഞ്ചിടിപ്പ്  കൂടിയമാതിരി...കയ്യും കാലും വിറക്കുന്നുണ്ടോ ?ശരീരം വിയർപ്പിൽ കുതിരുന്നുവോ ?ഇത് ഇന്നത്തോടെ അവസാനിപ്പിക്കണം ..അല്ലെങ്കിൽ ടെൻഷൻ കൊണ്ട് ചത്തുപോകും..പല തവണ ആലോചിച്ചും ചിന്തിച്ചുമാണ്  അവസാനം ഈ തീരുമാനത്തിൽ എത്തിയത്. റിസപ്ഷനിൽ ചോദിച്ചു മനസ്സിലാക്കി ഡോക്ടറുടെ റൂം കണ്ടു പിടിച്ചു.അടഞ്ഞുകിടന്ന വാതിലിനു മുകളിലെ ബോർഡ്‌ നോക്കി .. അതെ ഡോക്ടർ സൂസന്ന റായി  തന്നെ ...വലിയ കൂട്ടം തന്നെ അവിടുണ്ടായിരുന്നു.എന്തായാലും വിളിച്ചു പറഞ്ഞു അപോയിന്റ്മെന്റ്  മുൻപേ വാങ്ങിയതിനാൽ തനിക്കു പ്രശ്നം ഉണ്ടാവില്ല .പതിനൊന്നു മണിക്ക് എത്തുവാനാണ് പറഞ്ഞത് .സമയം ഇനിയുമുണ്ട് ..പലരുടെ  കൂടെയും കൂട്ടിനു ആളുണ്ട് .അത് ഭർത്താവ്  ആകാം അച്ഛൻ ആകാം സഹോദാരനാകാം  അമ്മയോ ചേച്ചിയോ മറ്റു ബന്ധുക്കളോ കൂട്ടുകാരോ ആവാം.ഞാൻ മാത്രം തനിച്ചു ..എനിക്ക് കൂട്ട് വരേണ്ടവൻ ...വേണ്ട  ഒന്നും ഓർക്കരുത് ...ചിന്തകൾ ചൂട് പിടിക്കുമെന്ന് തോന്നിയപ്പോൾ ആ ഭാഗം വിട്ടു..നിറയെ ഗർഭിണികൾ അവിടവിടായി നില്ക്കുന്നു..കൂട്ടുവന്നവർ ഇരുന്നു പരസ്പരം സൊറ പറയുന്നു...നില്ക്കാനും മറ്റും വിഷമം ഉള്ളവരെ സീറ്റ്‌  കൊടുത്ത് സഹായിക്കുവാൻ കൂടി ആരും താല്പര്യപെടുനില്ല...പലരും അവരെ കണ്ടില്ലെന്നു നടിച്ചു പല പ്രവർത്തികളിൽ  മുഴുകുന്നു. വേറെ ചിലർ റൂമിന്റെ വാതിൽ തുറക്കുന്നതും പേര് വിളിക്കുന്നതുംകാത്തിരിപ്പാണ്.

"മീര  "...പേര് വിളിച്ചത് കേട്ടപ്പോൾ അവൾ ഓർമകളിൽ നിന്നും ഞെട്ടി.ഹൃദയ മിടിപ്പോടെ അവൾ അകത്തേക്ക് കടന്നു .പുഞ്ചിരിക്കുന്ന സിസ്റ്റരെയും കടന്നു അവൾ ഗൌരവം പൂണ്ടിരിക്കുന്ന ഡോക്ടറുടെ മുന്നിലേക്ക്‌ ചെന്നു .അവർ ചൂണ്ടികാട്ടിയ കസേരയിൽ ഇരിക്കുമ്പോൾ വിയർക്കുന്നുണ്ടായിരുന്നു.

"മീര ..അല്ലെ ? കാര്യം പറയൂ .."

എവിടുന്നോ കിട്ടിയ ധൈര്യം കൊണ്ട് എല്ലാം പറഞ്ഞവസാനിപ്പിച്ചു .സിസ്ടരുടെ ചിരിച്ചുവോ ?അങ്ങിനെ തോന്നി .

"മീര ...ഇങ്ങിനെ ഒരു പ്രശ്നം ഉണ്ടായാൽ നിങ്ങൾ ആദ്യം അവനെതിരെ പോലീസിൽ  കമ്പ്ലൈന്റ് കൊടുക്കണം.അല്ലാതെ നിങ്ങളുടെ വയറ്റിലെ കുഞ്ഞിനെ കൊല്ലുകയല്ല വേണ്ടത് .അതിനെ പ്രസവിച്ചു അതിന്റെ അച്ഛനെ കാണിക്കണം..അച്ഛൻ ആരാണെന്ന്  തെളിയിക്കണം .നിങ്ങളെ പോലുള്ളവരാണ് ഇത്തരകാർക്കു ,ഇതുപോലത്തെ  ഫ്രോടുകൾക്ക് ഈ സമൂഹത്തിൽ നിലനില്ക്കുവാൻ പ്രേരണ ആവുന്നത്...നിങ്ങളെ പോലെ വിദ്യാഭാസം ഉള്ളവർ ഇവർക്കെതിരെ  പ്രതികരിക്കണം. അബോർഷൻ എന്ന് പറയുന്നത് ഒരുതരം കൊലപാതകമാണ് ..അത് നിയമ വിരുദ്ധവുമാണ് ......"

"എനിക്ക് വേണ്ടത് ഉപദേശമല്ല ...ജീവിതമാണ് ..."

മീര ബാഗിൽ നിന്നും ഒരു കെട്ടു നോട്ട്‌ എടുത്തു ഡോക്ടറുടെ മേശപുരത്തിട്ടപോൾ അവരുടെ വായ അടഞ്ഞു.അവരതെടുത്തുകൊണ്ട് പറഞ്ഞു

"എന്നാൽ നമുക്ക്  ഈ വരുന്ന  വെളളിയാഴ്ച  ചെയ്താലോ ?'

അവൾ  സമ്മതം മൂളി ..

"എങ്കിൽ രാവിലെ ഒൻപതു മണിക്ക് വരിക ..കൂട്ടത്തിൽ ആരെയെങ്കിലും കൊണ്ട് വരണം.ചില ഫോർമാലിട്ടീസ്‌   ഒക്കെ  ഉണ്ട് "

സമ്മതം   എന്ന്  തലയാട്ടി  റൂമിന് പുറത്തേക്കിറങ്ങുമ്പോൾ തന്നെ നോക്കികൊണ്ടുള്ള സിസ്ടരുടെ "അളിഞ്ഞ "ചിരി മീര അവഗണിച്ചു.

ഉപദേശം തരുവാൻ പലരുമുണ്ടാകും ..പക്ഷെ ജീവിതം തന്റെതാണ് ...കേസിനും മറ്റും പോയാൽ ചിലപോൾ വിജയിക്കുമായിരിക്കും .നീതി കിട്ടുമായിരിക്കും..പക്ഷെ സമയമെടുക്കും ..അത്രയും നാൾ മാധ്യമങ്ങൾ തന്നെ കടിച്ചുകീറും .ചുരുങ്ങിയ പക്ഷം നാട്ടുകാർ  എങ്കിലും...കുടുംബത്തിന്  ചീത്ത പേരുണ്ടാകും ..അച്ഛനും ചേട്ടനുമൊക്കെ തലതാഴ്ത്തി നടക്കേണ്ടി വരും അമ്മ കുടുംബത്തിൽ അവഗണിക്കപെടും നാട്ടുകാർക്കിടയിൽ  ചീത്തവൾ  എന്നാ പേരുദോഷം ഉണ്ടാകും .തന്റെ ജീവിതം അതോടെ തീരും .വേണ്ട .അഥവാ നീതി കിട്ടിയാൽ തന്നെ കോടതി അടിചേൽപ്പിക്കുന്ന ഒരു ബന്ധമായെ അവൻ കരുതൂ ഒരിക്കലും തനിക്കു സമാധാനം കിട്ടില്ല എത്ര ദുസ്സഹമായിരിക്കും  ആ ജീവിതം .അത് വേണ്ട ...എനിക്ക് ജീവിക്കണം .എല്ലാവരെയും പോലെ .....സമാധാനത്തോടെ ..അവൾ ഹൊസ്റ്റലിലെക്കു വലിച്ചു നടന്നു.

വെള്ളിയാഴ്ച വൈകുന്നേരം റീജയുടെ കയ്യും പിടിച്ചു ആശുപത്രിയിൽ നിന്നും ഇറങ്ങുമ്പോൾ തന്റെ ശരീരത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളൊക്കെ പുറംതള്ളിയതുപോലെ മീരക്ക് അനുഭവപെട്ടു.താൻ ശുദ്ധീകരിക്കപെട്ടിരിക്കുന്നു .കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നം പോലെ കരുതിമറക്കണം .തനിക്കും ഒരു ജീവിതം വേണം ..ഭാര്യയായി, മരുമകളായി  ,അമ്മയായി ,അമ്മൂമ്മയായി  ..എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്ന ഒരു ജീവിതം തനിക്കും ഉണ്ടാകണം ....വഞ്ചന ആണെന്നറിയാം ..സ്വാർഥത ആണെന്നറിയാം ...എന്നാലും ജീവിക്കുവാനുള്ള   ആഗ്രഹം ഉള്ളതുകൊണ്ട് മരണത്തെ വരിക്കുവാൻ കഴിയില്ല ... അത് കൊണ്ട് എനിക്ക് ജീവിക്കണം എല്ലാവരെയുംപോലെ  തലയുയർത്തി പിടിച്ചു കൊണ്ട് തന്നെ .......നിസ്സഹായയായ എന്നെ ദൈവം കാത്തുകൊള്ളും ...എന്റെ തെറ്റുകൾ അവൻ പൊറുത്തുകൊള്ളും ..മീര  ഏങ്ങി ഏങ്ങി  കരഞ്ഞു...റീജ അവളുടെ കയ്യില മുറുകെ പിടിച്ചു .."താനൊന്നും പേടിക്കെണ്ടാടോ മറക്കുവാനുള്ളത് മറക്കണം  അത് എന്ത് തന്നെയായാലും" ..എന്ന് ചെവിയിലും പറഞ്ഞപ്പോൾ അതൊരു വലിയ ആശ്വാസമായി അവൾക്കു തോന്നി ..അവളുടെ ചുണ്ടിൽ വരണ്ട ഒരു ചിരി വിടർന്നു .

സൈറൻ  അടിച്ചു വലിയ ശബ്ദത്തോടെ വന്ന ആംബുലൻസിൽ നിന്നും ഇറക്കിയ ചോരയിൽ കുളിച്ച രൂപത്തെ കണ്ടു മീര ഞെട്ടി. അവിടേക്ക് കുതിക്കുവാനോരുങ്ങിയ മീരയെ റീജ തടഞ്ഞു .അവളെ മുറുക്കെ പിടിച്ചു കൊണ്ട് വലിച്ചു നടക്കുമ്പോൾ അവൾ ആവർത്തിച്ചു

"മറക്കുവാനുള്ളത് മറക്കണം  അത് എന്ത് തന്നെയായാലും" ..

അതാണ്‌ ശരിയെന്നു മീരക്കും തോന്നി....എല്ലാം മറക്കുവാൻ അവൾ ശ്രമിക്കുകയായിരുന്നു.എല്ലാ പ്രശ്നങ്ങളും അകന്നകന്നു പോകുന്നതായി അവള്‍ക്കനുഭവപെട്ടു.അവളും റീജക്കൊപ്പം ആശുപത്രിക്ക്  പുറത്തേക്ക് വലിച്ചു നടന്നു


കഥ :പ്രമോദ് കുമാർ .കെ.പി



Wednesday, February 26, 2014

വ്യഭിചരിച്ചു മുന്നിലെത്തുന്നവര്‍

മാധ്യമങ്ങള്‍ ഇന്ന് ശരിക്കും പക്ഷപാതം കാണിക്കുകയാണ് .അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടോ മതത്തോടോ അല്ല അവരെ ശരിക്കും പ്രോത്സാഹിപ്പിക്കുന്ന പൊതുജനത്തോടാണ് അവര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത്.സമൂഹത്തിലെ അഴിമതിയെ കുറിച്ച്  രാത്രി പത്തുമണിക്ക് ആഴ്ച്ചക്ക് രണ്ടു തവണ നമ്മുടെ മുന്നില്‍ പ്രത്യക്ഷപെട്ട്  വായിട്ടലക്കുന്ന മഹതി  ജെര്‍ണലിസ്റ്റ്കള്‍ക്ക് ഗവര്‍മെന്റ് അനുവദിച്ച ഫ്ലാറ്റുകളില്‍ കൃത്രിമം നടത്തിയത് ആരും വലിയ വാര്‍ത്തയാക്കിയില്ല.അവര്‍ ഇന്നും അഴിമതിയെകുറിച്ച് വാ തോരാതെ സംസാരിച്ചു ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു.

           മാധ്യമങ്ങള്‍ക്ക് പരസ്യഇനത്തില്‍ വലിയ വരുമാനം നേടി കൊടുക്കുന്ന കമ്പനിയുടെ മോശമായ ഉത്പന്നങ്ങള്‍ റയിഡ് നടത്തിപിടിച്ചാലോ കമ്പനി നികുതി വെട്ടിച്ചാലോ വലിയ വാർത്തയാക്കില്ല.അതൊക്കെ എല്ലാവരും ഒത്തു ചേർന്ന് കുഴിച്ചുമൂടും.അതൊക്കെ കൊണ്ട് തന്നെയാണ് സഹിക്കെട്ട ഒരു നേതാവിന് "മന്ത്രിമാരുടെ പി എ യുടെ പിന്നാലെ പോകാതെ മനുഷ്യ ദൈവങ്ങളുടെ പിന്നാലെ പോയി അവിടുത്തെ കാര്യങ്ങൾ  ജനങ്ങളെ അറിയിക്കൂ " എന്ന് പറയേണ്ടിവന്നത്.

  കിണറിൽ ഒരു തവളയെ കണ്ടാൽ എക്സ്ക്ലുസിവ് ആക്കുന്ന പല മാധ്യമങ്ങളും  "വിശുദ്ധനരകം "എന്ന പുസ്തകമേ  കണ്ടില്ല.അതിലെ കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്നറിയുവാൻ ജനങ്ങൾക്ക്‌  അവകാശമുണ്ട്‌ .കേരളകരയിൽ എങ്കിലും അത് ചർച്ചകൾ ചെയ്യപെടെണ്ടത് തന്നെയാണ്.കാരണം അമൃതപുരിയെയും അവിടുത്തെ കാര്യങ്ങളെയും  വിശ്വസിക്കുന്ന ലക്ഷകണക്കിന് ഭക്തർ   ഉണ്ട് ...അവിശ്വസിക്കുന്ന കോടികണക്കിന് മറ്റുള്ളവർ ഉണ്ട് ..അവരുടെ വിശ്വാസം കാക്കണം ...കിംവദന്തികൾ ആണെകിൽ അത് മുളയിലെ നുള്ളി കളയണം.ഈ സംഭവം മതപരമായി മുതലെടുക്കുവാനും കുറേപേർ ശ്രമിച്ചു കൊണ്ടിരുന്നു.മറ്റുള്ളവരുടെ അമ്മക്ക് ഭ്രാന്തു പിടിക്കുമ്പോൾ കാണിക്കുന്ന രസം തന്നെ അവയ്കൊക്കെ പിന്നിൽ ...

പല മനുഷ്യ ദൈവങ്ങൾക്കും പിന്നിൽ ചില ഗൂഡപ്രവർത്തികൾ ഉണ്ടെന്നു കാലം തെളിയിച്ചതാണ്.അതിൽ പെട്ടവർ എല്ലാ ജാതിയിലും മതത്തിലും ഉണ്ട്.എന്നിട്ടും ജനങ്ങൾ ഇപ്പോഴും അങ്ങിനെ ഉള്ളവരിൽ തന്നെ അഭയം പ്രാപിക്കുന്നു.അങ്ങിനെ എന്തെങ്കിലും  നിഗൂഡതകൾ അവർക്ക്  പിന്നിൽ  ഉണ്ടെങ്കിൽ പുറത്തു കൊണ്ട് വരേണ്ടത് മാധ്യമങ്ങളാണ് ,ഭരിക്കുന്നവരാണ് ..പക്ഷെ രണ്ടു വിഭാഗവും മൌനം പാലിക്കുന്നു.ഒന്നുകിൽ അവരെ പേടിക്കുന്നത് കൊണ്ട് അല്ലെങ്കിൽ നല്ലൊരു തുക അവരിൽ നിന്നും "കാണിക്ക" കിട്ടിയത് കൊണ്ട്.

ഒരു വിമർശനം അല്ലെങ്കിൽ ഒരു ആരോപണം ഉണ്ടായാൽ അത് തെറ്റാണെന്ന് തെളിയിക്കുകയാണ് അതുമായി ബന്ധപെട്ടവർ ചെയ്യേണ്ടത് അല്ലാതെ അവർ മുൻപ് ചെയ്ത പുണ്യപ്രവർത്തികൾ അക്കമിട്ടുപറഞ്ഞു ന്യായീകരിക്കുകയല്ല .നമ്മൾ ഒക്കെ ഒരു നിയമവ്യവസ്ഥയുടെ കീഴിലുള്ളവർ ആണ് .നിയമം എല്ലാവർക്കും ബാധകമാണ് നൂറുകോടി ദാനം കൊടുത്തെന്നുകരുതി ആർക്കും കൊലനടത്തുവാനോ നിയമം അനുസരിക്കാതിരിക്കുവാനോ കഴിയില്ല.വിമർശിക്കുന്നവർ ഒക്കെ പോഴന്മാർ ആണെന്നും അവരെയൊക്കെ ജയിലിലടക്കും എന്ന് ഭീഷണി പെടുത്തുന്നതും  ഈ രാജ്യത്തിന് യോജിച്ചതല്ല..

 ഇപ്പോൾ  ഒരു മാധ്യമം പുറത്തു വിട്ടിരിക്കുന്നത്  കേരളത്തിലെ ഒരു  ആശ്രമവും അവരുടെ കെട്ടിടങ്ങളും മറ്റും പഞ്ചായത്ത് നിയമം കാറ്റിൽ പറത്തിയാണ് പോലും ഉണ്ടാക്കിയിരിക്കുന്നത് കൂടാതെ ലക്ഷകണക്കിന് നികുതി കുടിശ്ശികയും വരുത്തിയിട്ടുണ്ടെന്ന് ...ഇത് പരമാർതമാണെങ്കിൽ  മുഖം നോക്കാതെ അന്വേഷിക്കണം ..നടപടിയെടുക്കണം..കിട്ടാനുള്ള പണം ഗവര്‍മെന്റില്‍ എത്തിക്കണം .


ചാനലുകളും പത്രങ്ങളും കുറേകാലം ചർച്ചകൾ ചെയ്ത ഐ പി എൽ  കോഴ വിവാദം നമ്മുടെ നാട്ടുകാരനായ ശ്രീ അടക്കം കുറെ പേരെ ജയിലിൽ എത്തിച്ചു ,അവരുടെ ഭാവി നശിപ്പിച്ചു.ഇന്ത്യൻ ക്യാപ്ടൻ ധോണിയും കൂട്ടാളി റൈനയും  ഒത്തുകളിച്ചവരിൽ  ഉണ്ടെന്നു  ന്യൂസ്‌ വന്നിട്ടും അത് പല മാധ്യമങ്ങളും ഒളിച്ചു വെച്ച് മുക്കി. അതെ കുറിച്ച്  അന്വേഷണവും ഉണ്ടായില്ല.ഇപ്പോള്‍ ആ കേസിലെ മുഖ്യ പ്രതികളിലോരാൾ  പറയുന്നു ശ്രീശാന്ത്‌ നിരപരാധിയാണെന്ന് ..ശ്രീനിവാസനും ശരത് പവാറും തമ്മിലുള്ള കളികളാണ് ഇതിനു പിന്നില്‍ എന്ന്.വിജയ്‌ മല്യ എന്ന ടീം ഉടമക്കും ഇതൊക്കെ അറിയാമെന്നു...ഈ വാർത്തക്ക് പ്രാധാന്യം കൊടുക്കുവാനോ ചർച്ച ചെയ്യുവാനോ മാധ്യമങ്ങൾ ഇനിയും തയ്യാറായിട്ടില്ല.ഭാവി നഷ്ട്ടപെട്ടവർക്കും മാനഹാനി സംഭവിച്ചവർക്കും ഇനി അതൊന്നും തിരിച്ചുകിട്ടില്ല കാരണം അതൊക്കെ വിറ്റു ഉളുപ്പുകെട്ട മാധ്യമ വർഗം തടിച്ചു ചീർത്തില്ലേ .


മത്സരങ്ങൾ മുറുകിയതോടെ ഇപ്പോൾ ന്യൂസ്‌ ഉണ്ടാക്കുവാൻ ശ്രമിക്കുകയാണ്  ചാനലുകളും പത്രങ്ങളും  .അത് കൊണ്ട് എന്ത് നെറികെട്ട പണികളും അവർ  ചെയ്യും.അത് ഒരു കുടുംബത്തെ നശിപ്പിക്കുമെന്നൊ സമൂഹത്തിൽ പ്രശ്നം ഉണ്ടാക്കുമെന്നോ എന്നൊന്നും അവർക്ക് കാര്യമല്ല.എങ്ങിനെയെങ്കിലും എല്ലാവരുടെയും മുന്നിൽ എത്തണം ...ആ ഒരു ചിന്ത മാത്രം .അത് സ്വന്തം അപ്പനെയോ അമ്മയെയോ കൊന്നിട്ടാണ്  വരുന്നതെങ്കിൽ അതിനും തയ്യാറായി കുറെയെണ്ണം .....നാണമില്ലാത്ത  ന്യൂ ജനറേഷൻ  മാധ്യമപടകൾ ..

വാല്‍കഷണം  : ഇവരെ സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ്  പത്രവായന നിര്‍ത്തിയത്  ഇങ്ങിനെയാണെങ്കിൽ  ന്യൂസ്‌ ചാനലുകളും  ഉപേക്ഷിക്കേണ്ടി വരും

-പ്രമോദ്‌ കുമാര്‍ .കെ.പി

Monday, February 10, 2014

ഇരകള്‍

മൂന്നു വർഷങ്ങൾക്കു മുൻപ് ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടയിൽ വെച്ചാണ്  നവാസിനെ പരിചയപെട്ടത് .ആരും ആദ്യം അടുക്കുവാൻ കൊതികാത്ത രൂപമായിരുന്നു അവന്റെത്‌.മുഖം മുഴുവൻ താടിരോമങ്ങൾ കൊണ്ട് മറച്ചതുപോലെ ...മീശ ആണെങ്കിൽ ഒരു ഒതുക്കവുമില്ലാത്തത് പോലെ ..തലയില്‍ മുസ്ലിം പണ്ഡിതര്‍ ധരിക്കുന്നത്  പോലത്തെ  തൊപ്പിയും ..കണ്ടാൽ ഒരു ബിൻലാദൻ സ്റ്റൈൽ .പലതരം സിനിമകളിലും നമ്മുടെ സംവിധായകർ പരീക്ഷിച്ച ടെറരിസ്റ്റ്  രൂപം.ആ കാലത്ത് ഇങ്ങിനെ രൂപമുള്ളവരെ ഒക്കെ നമ്മുടെ സമൂഹം വേറെ വിധത്തിൽ നോക്കി കണ്ടിരുന്നു.അതിനു പ്രധാന കാരണം സിനിമാക്കാർ  തന്നെ.അവരുടെ  വില്ലന്മാർക്കു ഇതേ  രൂപമായിരുന്നു.പക്ഷെ പരിചയപെട്ടപ്പോൾ നവാസ് എന്ന മനുഷ്യസ്നേഹിയെ കുറിച്ച് പലതും  മനസ്സിലാക്കി.പിന്നെ അങ്ങോട്ട്‌ നമ്മൾ നല്ല സുഹൃത്തുക്കൾ ആയി.

മതത്തിൽ അപാര പാണ്ഡിത്യം ഉള്ളവൻ ..അത് അവന്റെ മതത്തിലെതു  മാത്രമല്ല എല്ലമതത്തെ കുറിച്ചും ...മുസ്ലിം മതത്തിന്റെ പേരിൽ ചിലർ നടത്തുന്ന കോപ്രായങ്ങൾ ആ മതത്തെ എന്തു മാത്രം ബാധിക്കുന്നു ,തെറ്റിധരിപ്പിക്കപെടുന്നു എന്നതിൽ നവാസിന് വിഷമമുണ്ടായിരുന്നു.പലരും മുസ്ലിമുകളെ തീവ്രവാദികളായി കരുതുന്നതും ആ കാലത്ത് പതിവായിരുന്നു.ബംഗ്ലൂരിലെ പ്രശസ്തമായ ഐ .ടി കമ്പനിയിലായിരുന്നു അവനു ജോലി.സോഫ്റ്റ്‌ വെയറിൽ മാത്രമല്ല ഹാർഡ് വെയറിലും നല്ല ജ്ഞാനമുണ്ടായിരുന്നു.അതുകൊണ്ട് തന്നെ കമ്പനിയിലെയും വീട്ടിലെയും  കംപ്യുട്ടറുകൾ എന്തെങ്കിലും കമ്പ്ലൈന്റ്റ്  വന്നാൽ അവൻ ശരിയാക്കി തരുമായിരുന്നു.കൂട്ടുകാർക്കുവേണ്ടിയും ഞാൻ അവനെ അയക്കുമായിരുന്നു.അങ്ങിനെയും നമ്മൾ കൂടുതൽ അടുത്തു.

"പ്രമൊദെട്ട ...ഈ കംപ്യുട്ടർ മാറ്റേണ്ട കാലം കഴിഞ്ഞു ....പുതിയതൊന്നു വാങ്ങൂ ..."എന്റെ കമ്പ്യൂട്ടർ ചൂണ്ടി അവൻ പറഞ്ഞു.

"ഞാൻ നിന്നെ പോലെ വാരി കോരി തരുന്ന ഐ റ്റി  കമ്പനിയിൽ അല്ല ജോലി ചെയ്യുന്നത്...ഇന്ത്യൻ  പൈസയുടെ വിനിമയനിരക്ക് മാറുമ്പോൾ പണിയില്ല എന്ന് പറഞ്ഞു ഫണ്ട് ക്ലിയർ ചെയ്യാത്തവർ ഉള്ള  ബിസിനെസ്സ് മേഖലയിലാണ് .....അത് കൊണ്ട് ഓടുന്നതുവരെ ഓടട്ടെ ....ചത്താൽ നമുക്ക് മാറ്റാം .ഇപ്പോള്‍ പുതിയതിനെ കുറിച്ച് ചിന്തിക്കുവാന്‍ കഴിയില്ല  '

"അങ്ങിനെ ചിന്തിക്കരുത്.ഈ കമ്പ്യൂട്ടരില്‍ പല ഫയലും ഉണ്ട് നിങ്ങള്ക്ക് അത്യാവശ്യം വേണ്ടത് ..പെട്ടെന്നൊരു ദിവസം അതൊക്കെ ഇല്ലാതായാല്‍ എന്താവുമെന്ന് ഒന്ന് ചിന്തിച്ചേ ?അത് വീണ്ടും ഉണ്ടാക്കിയെടുക്കേണ്ട  കഷ്ട്ടപാട്  ആലോചിച്ചേ ....ചിലപ്പോള്‍  ഒരിക്കലും തിരിച്ചു  ഉണ്ടാക്കാന്‍ പറ്റില്ല.അതുകൊണ്ട് നമ്മള്‍ എപ്പോഴും സേഫ്  ആയ കാര്യം ചെയ്യണം.വേണ്ടത് വേണ്ട സമയത്ത് തന്നെ ചെയ്യണം."


കൂടുതല്‍ അടുത്തപ്പോള്‍ അവൻ അവനെ കുറിച്ച്  കൂടുതൽ പറഞ്ഞു തന്നു.ബാല്യത്തിൽ മാത്രം കണ്ട ഉപ്പ .കഷ്ട്ടപെട്ടാണ് ഉമ്മ നാല് മക്കളെ വളർത്തിയത് .പക്ഷെ ഒരിക്കൽ ഉമ്മാക്ക് വയ്യാതായപ്പോൾ യത്തീംഖാനയില്‍ എത്തിപെട്ടു.നല്ല ജീനിയസ് ആയ അവൻ സ്വയപ്രയത്നത്തിൽ ഇന്ന് ഈ നിലയിൽ  എത്തി.അനാഥ മന്ദിരങ്ങളുടെ പ്രയാസങ്ങൾ നേരിട്ട് കണ്ടറിഞ്ഞ അവൻ ഇന്ന് അവരെ വളരെയധികം സഹായിക്കുന്നു..അങ്ങിനെ അവൻ സമ്പാദിക്കുന്ന കാശുമുഴുവൻ കൊടുക്കുന്നത് അനാഥമന്ദിരങ്ങൾക്ക് വേണ്ടിയായിരുന്നു.ഉമ്മ ഇന്നില്ലെങ്കിലും സഹോദരങ്ങൾ നാട്ടിൽ നല്ല നിലയിൽ  ജീവിക്കുന്നു.എല്ലാം ഇവന്‍ ഒരാള്‍ മൂലം.

ഒരിക്കൽ എത്ര വിളിച്ചിട്ടും അവനെ കിട്ടുന്നില്ല.പലരോടും അന്വേഷിച്ചുവെങ്കിലും കാര്യമായ വിവരവും ലഭിച്ചില്ല.ഒന്ന് രണ്ടു ദിവസം കഴിഞ്ഞു അവൻ കമ്പനിയിൽ വന്നു.

"നീ എവിടായിരുന്നെടാ ..."

"ഓരോരുത്തര് ചെയ്യുന്ന അനീതിക്ക് നമ്മളെയാ പോലീസു  പൊക്കുന്നതു .."

"എന്താടാ ...സംഭവിച്ചത് ?"

"മുസ്ലിംങ്ങള്‍ക്കിടയില്‍  തീവ്രവാദികള്‍ കൂടിയിരിക്കുന്നു പോലും ..ഐ ടി ഫീൽഡിൽ കുറെ തീവ്രവാദികൾ കടന്നുകൂടിയിട്ടുണ്ടെന്ന്  ...അവർ പുതിയ ആശയങ്ങള്‍ കണ്ടുപിടിച്ചു  രാജ്യത്തെ നശിപ്പിക്കുവാന്‍  ശ്രമിക്കുന്നു എന്ന വിവരം പോലീസിനു കിട്ടി.അങ്ങിനെ മുസ്ലിം പേരുള്ള കുറേ ഐ ടി കാരെ പൊക്കി.എന്നെയും ...പലരെയും ചോദ്യം ചെയ്തു വിട്ടു.എന്നെ മാത്രം അന്ന് വിട്ടില്ല."

"എന്താ കാര്യം ?"

"എന്റെ ഈ രൂപം തന്നെ ...അവൻ ചിരിച്ചു.പിന്നെ ഓഫീസിൽ നിന്നും ആളു വന്നു  ഇന്നിറക്കി .ഞാനും പലപ്പോഴും ശ്രദ്ധിച്ചതാണ് ..ഷോപ്പിംഗ്‌ മാളിലും ,ബസ്‌ സ്റ്റൊപ്പിലും  ഒക്കെ എനിക്ക് നേരെയുള്ള തുറിച്ചു നോട്ടം."

"എന്നാൽ പിന്നെ നിനക്ക് ഈ രൂപമൊന്നു മാറ്റികൂടെ നവാസേ ..?"

"എന്തിനാ പ്രമോദേട്ടാ ..ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ..അതെനിക്കറിയാം.ഈ രൂപം ഞാൻ വർഷങ്ങളായി കൊണ്ട് നടക്കുന്നതാണ്.ഇങ്ങിനെ ഒരു പ്രശ്നത്തിന്റെ പേരിൽ ഇത് മാറ്റിയാൽ എനിക്ക് എന്ത് വ്യക്തിസ്വാതന്ത്രം ഉണ്ട് ഇവിടെ .അതിലും നല്ലത് ഞാൻ എന്ന വ്യക്തി ഇല്ലതാവുന്നതല്ലെ  ?ഇത് ഒരു മതത്തെ മാത്രം ടാര്‍ജെറ്റ്‌ ചെയ്തിട്ടുള്ളതാ .അത് കൊണ്ട് എനിക്ക് എന്തോ ഒരു വാശി ...തെളിയിക്കണം ഈ സമുദായത്തിലെ എല്ലാവരും തീവ്രവാദികൾ അല്ലെന്നു .അല്ലെങ്കിൽ ഈ രൂപം എങ്കിലും തീവ്രവാദികളുടെതല്ലെന്നു .. എന്റെ മനസമാധാനത്തിനു വേണ്ടിയെങ്കിലും....  എനിക്ക് ഈ രൂപം മതി..പടച്ചോൻ എന്റെ കൂടെയുണ്ട് ..അത് മതി  അത് തന്നെ ധാരാളം. "

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.അവൻ പറഞ്ഞതല്ലേ ശരി .അവൻ ഒരു തെറ്റും ചെയ്തിട്ടില്ല .ഒരു മതത്തില്‍ പെട്ടത് കൊണ്ട് മാത്രം അവന്‍ വേട്ടയാടപ്പെടുന്നു.പിന്നെ എന്തിനു അവൻ അവന്റെ ആഗ്രഹം ഇല്ലാതാക്കണം.പിന്നെയും ബംഗ്ലൂരിൽ അവനു പല പ്രശ്നങ്ങളും അവന്റെ രൂപത്തിന്റെ പേരിൽ ഉണ്ടായി .പക്ഷെ അവൻ എപ്പോഴും അവന്റെ വിശ്വാസത്തിൽ ഉറച്ചു നിന്നു .

അവന്റെ കമ്പനി അവനെ വിദേശത്തേക്ക് അയക്കുമ്പോൾ യാത്ര പറയുവാനെത്തി.ഒരു വർഷത്തേക്ക് യു .എസ്സി ലേക്ക്...വേണമെങ്കിൽ നീട്ടാം.അവിടുത്തെ പെര്‍ഫോര്‍മന്‍സ് പോലെയിരിക്കും കാര്യങ്ങള്‍ .എന്നെ കാണാന്‍ വന്ന അവനെ അനുഗ്രഹിച്ചു പറഞ്ഞുവിട്ടു.അവിടുന്ന് വല്ലപോഴും ഫോണ്‍ ചെയ്യും .ഒരിക്കല്‍ അവനു ഈ രൂപത്തിന്റെ പേരിൽ അവിടെയും ഉണ്ടാകുന്ന വിഷമതകൾ പറഞ്ഞു."എന്നിട്ട് നീ  താടി വടിച്ചോ  "എന്ന് ചോദിച്ചപ്പോള്‍ അവന്‍ വീണ്ടും അവന്റെ നിലപാട് വ്യക്തമാക്കി.പക്ഷെ ഒരിക്കല്‍പോലും ഒരുമണികൂറിലധികം അവനെ അവിടുത്തെ പോലീസുകാർ പിടിച്ചുവെച്ചില്ല എന്നും പറഞ്ഞു.

ഒരുവർഷം കഴിഞ്ഞു അവൻ വന്നപ്പോഴും അതെ രൂപം തന്നെയായിരുന്നു.വീണ്ടും അവൻ ഇവിടെത്തന്നെ തുടർന്നു ...ഇനിയും അവിടെത്തന്നെ തുടരുവാൻ അവസരം ഉണ്ടായിട്ടും അവനു ജൊലിയെടുക്കുവാൻ താല്പര്യം നമ്മുടെ രാജ്യം തന്നെയായിരുന്നു.

ഒരിക്കൽ സുന്ദരനായ ഒരു അപരിചിതൻ  ഓഫീസിലേക്ക് കയറിവന്നു .ഞാൻ ഇരിക്കുവാൻ പറഞ്ഞു ...ആഗമനൊദേശ്യം ചോദിച്ചു . അയാൾ  പൊട്ടി ചിരിച്ചു ..എനിക്ക് കാര്യം മനസ്സിലായില്ല .

"പ്രമൊദെട്ട ..ഞാൻ നവാസാണ് ......"

ഞാൻ അമ്പരന്നു അവനെ സൂക്ഷിച്ചു നോക്കി...ഇവൻ ഇത്ര സുന്ദരനാണെന്നുള്ളത്  വർഷങ്ങളായി ആ താടി മറച്ചു പിടിക്കുകയായിരുന്നു.

"എന്താടാ നീ നിന്റെ വ്യക്തി സ്വാതന്ത്രം ഒക്കെ വേണ്ടെന്നു വെച്ചോ ?"

"എന്ത് ചെയ്യാനാ ...നമുക്ക് നമ്മുടെ സ്വാതന്ത്രം ഉപയോഗപെടുത്തണമെങ്കിൽ ഇവിടെ പല കടമ്പകളും കടക്കണം .അത് ഞാന്‍ മൂലം പലരെയും ബാധിക്കുന്നു.ഈ രൂപം വെച്ച് നമ്മുടെ നാട്ടിൽ  ജീവിക്കണമെങ്കിൽ വലിയ പാടാ ...അതെനിക്ക് ഇപ്പോൾ മനസ്സിലാകുന്നു...എന്റെ ആഗ്രഹം അല്ലെങ്കിൽ മനസ്സിന്റെ വാശി ..അത് ഇനി വേണ്ട  .അത് കൊണ്ട് ഞാൻ മാത്രമല്ല എനിക്ക് ചുറ്റുമുള്ളവരും അതിന്റെ ഭവിഷ്യത്തിൽ കുടുങ്ങുന്നു..ഞാൻ കാരണം മറ്റുള്ളവർക്ക് ദുരിതം ഉണ്ടാവാൻ പാടില്ല.അതുകൊണ്ട് ഞാൻ ഇനിമുതൽ  ഈ രൂപത്തിലാ ജീവിക്കുക.ദാ ..ഇപ്പോൾ  അവിടുന്ന്  ചെയ്യിച്ചതാണ് ഈ രൂപം ..ഇനി കൂട്ടുകാരെ കൂടി ഞെട്ടിക്കണം ." അവൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും എന്തോ ഒരു നഷ്ടബോധം അവനിലുണ്ടായിരുന്നു.


പിറ്റേന്ന്  ഒരു അശുഭ വാർത്ത  കേട്ടാണ്  ഉണർന്നത് .രാത്രിയിൽ  നടന്ന ഒരപകടത്തിൽ പെട്ട് നവാസ് പോയി.മണികൂറുകൾ ചോരവാർന്നു  റോഡിൽ കിടന്ന അവനെ മെട്രോ സംസ്കാരത്തിന്റെ അഹന്തയിൽ ആരും തിരിഞ്ഞു നോക്കിയില്ല.അവരുടെ തിരക്കുപിടിച്ച ജീവിതത്തിൽ പതിവായി കാണുന്ന ഒരു സംഭവം പോലെ .... ആരും മൈൻഡ് ചെയ്യാതെ അതിലൂടെ കടന്നുപോയി..അതിലും ദയനീയമായി തോന്നിയത് അവന്റെ സുഹൃത്തുക്കൾ ആ അപകടം നടന്നത് കണ്ടുവെങ്കിലും  ആളെ തിരിച്ചറിയാൻ പറ്റാത്തതുകൊണ്ട് കാണികളായി മാത്രം ഒതുങ്ങി എന്നറിഞ്ഞപ്പോഴാണ്...അവൻ അന്ന് കാലത്ത് അവന്റെ രൂപം തന്നെ മാറ്റിയിരുന്നല്ലൊ ..കൂട്ടുകാരുപൊലും അറിയാതെ ..

"ഈ രൂപം ഞാൻ വർഷങ്ങളായി കൊണ്ട് നടക്കുന്നതാണ്.ഇങ്ങിനെ ഒരു പ്രശ്നത്തിന്റെ പേരിൽ ഇത് മാറ്റിയാൽ എനിക്ക് എന്ത് വ്യക്തിസ്വാതന്ത്രം ഉണ്ട് ഇവിടെ .അതിലും നല്ലത് ഞാൻ എന്ന വ്യക്തി ഇല്ലതാവുന്നതല്ലെ  ?" അവൻ എന്നോട് പറഞ്ഞത്  അറം പറ്റുകയായിരുന്നോ ?

നവാസ് എന്ന ചെറുപ്പകാരൻ പോയതുകൊണ്ട് വിഷമിക്കുക അവനു ചുറ്റിലും ഉണ്ടായിരുന്നവർ മാത്രമാണ് ..അവന്റെ സഹായം കൊണ്ട് മാത്രം ജീവിച്ചിരുന്നവരും...നിങ്ങൾ ഒരു വർഷം മുൻപത്തെ പത്രത്തിൽ വായിച്ചിരിക്കും ...ആരും സഹായിക്കുവാൻ തയ്യറാകാത്തതുകൊണ്ട്  കൊണ്ട് മാത്രം ബംഗ്ലൂർ  നഗരത്തിൽ റോഡിൽ കിടന്നു ചോരവാർന്നു മരിച്ച മലയാളി സോഫ്റ്റ്‌വയർ എഞ്ചിനീയറെ കുറിച്ച് ...അതവനായിരുന്നു .

ഇന്നും ബംഗ്ലൂർ മാറിയിട്ടില്ല ..പലരും അപകടങ്ങൾ കണ്മുന്നിൽ കണ്ടാലും   അവഗണിക്കുന്നു.ചിലർകൊക്കെ സഹായിക്കുവാൻ ആഗ്രഹമുണ്ട് ...പക്ഷെ  നമ്മുടെ നിയമങ്ങൾ  അതവരെ അതിൽ നിന്നും അകറ്റുന്നു. കുറെയൊക്കെ നമ്മുടെ നിയമനൂലാമാലകളുടെ പ്രശ്നം തന്നെയാണ്.നിയമങ്ങൾ കുറെ ഉദാരമാക്കിയെങ്കിലും ഇന്നും ശരിയായ നിലയിൽ പ്രാബല്യത്തിൽ വരുത്തിയിട്ടില്ല ...അത് തുടരുന്ന കാലത്തോളം അനേകം പേർ ഇനിയും സഹായിക്കുവാനാളില്ലാതെ റോഡിൽ പിടഞ്ഞു മരിക്കും ....തീർച്ച ...നല്ല ഒരു ബോധവല്ക്കരണം ഈ കാര്യത്തിൽ ആവശ്യമുണ്ട് .അത് എത്രയും പെട്ടെന്നുതന്നെ ഉണ്ടാവണം .നമ്മളാണ്  അല്ലെങ്കില്‍ നമ്മളില്‍ ഒരാളാണ്  അപകടത്തില്‍പെട്ടത് എന്നൊരു  ചിന്ത  നമുക്കുണ്ടാകണം.ഒരാപത്തു വരുമ്പോൾ മാത്രം ഉണരുകയും അതിനെക്കാൾ വേഗത്തിൽ അസ്തമിക്കുകയും ചെയ്യുന്നതാണ് നമ്മുടെ അധികാരികളുടെ ഓരോ പ്രവർത്തനങ്ങളും ....അതാണ്‌ നമ്മുടെ നാടിന്റെ ശാപവും...


-പ്രമോദ് കുമാർ .കെ.പി


Friday, February 7, 2014

സമരം ചെയ്യാന്‍ ഓരോരോ കാരണങ്ങള്‍ ..

സമരങ്ങള്‍ നമ്മുടെ കൂടെത്തന്നെയുണ്ട് ..ജനിച്ച അന്നുമുതല്‍ നമ്മള്‍ കാണുവാന്‍ തുടങ്ങിയതുമാണ് .സമരങ്ങളാണ് നമ്മുടെ നാടിനെ സ്വതന്ത്രമാക്കിതന്നതും ..സമരങ്ങളാണ് നമുക്ക് ഇന്നനുഭവിക്കുന്ന പല ആനുകൂല്യങ്ങളും നേടിതന്നതും..അതൊക്കെ വേണ്ട വിധത്തില്‍ വേണ്ട തരത്തില്‍ ബുദ്ധിയുള്ളവര്‍ ചെയ്തതുകൊണ്ട്  ചരിത്രമായി.

പലവിധത്തിലുള്ള സമരങ്ങള്‍ ഉണ്ട് ശാന്തമായതും ഭീകരമായതും ..ചില ആള്‍കാരുടെ ഇടപെടല്‍ മൂലം ശാന്തമായ അനേകം സമരങ്ങള്‍ ഭീകരമാകുന്നുമുണ്ട്.സമരമാര്‍ഗം നല്ലത് തന്നെ ..നമ്മുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ വേണ്ടി ഭരണാധികാരികള്‍ക്ക് എതിരായി ആണ് മിക്ക സമരങ്ങളും ഉണ്ടാവുക ..വിലകയറ്റം ,നഷ്ട്ടപെട്ടു പോകുന്ന ഭൂമി ,വസ്തുക്കൾ ,പിടിച്ചു വെക്കപെടുന്ന ആനുകൂല്യങ്ങൾ ഇവയ്ക്കു വേണ്ടിയാണ് കൂടുതലും സമരം ഉണ്ടാകുന്നത്.ഇതിനൊക്കെ എതിരായി ഒരു വിഭാഗവും ഉണ്ടാവും .ഭരണ വർഗത്തിനു വേണ്ടപെട്ടവർ ..സമരകാരുടെ ഭാഷയിൽ പറഞ്ഞാൽ കരിങ്കാലികൾ .ഇവർ സമരത്തിനു എതിരായിരിക്കും അത് ഏതു വിധേനയും പരാജയപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യും.എന്നാൽ സമരം വിജയിച്ചാൽ കിട്ടുന്ന ആനുകൂല്യങ്ങൾ ഒരു ഉളുപ്പിമില്ലാതെ അനുഭവിക്കുകയും ചെയ്യും.അത് ഒരിക്കലും വേണ്ട എന്ന് പറയുകയുമില്ല.സമരത്തിനു എതിരായിട്ടള്ളവർ , ഞാൻ ഈ സമരത്തിനു എതിരായിരുന്നു അതുകൊണ്ട് എനിക്ക് ഈ ആനുകൂല്യങ്ങൾ വേണ്ട എന്ന് പറയാൻ ചങ്കൂറ്റം കാണിക്കണം അത് അനുഭവിക്കുകയും അരുത്.പക്ഷെ മാറി മാറി വരുന്ന ഭരണകാർ ഇത് കാലാകാലമായി തിരിച്ചും മറിച്ചും തുടരുന്നു.അതുകൊണ്ട്  ആര്‍ക്കും ഈ കാര്യത്തില്‍ പരാതിയില്ല.രാഷ്ട്രീയ ലാഭമാണ് എല്ലാവരുടെയും ലക്‌ഷ്യം.അധികാരവും .....

വികസനങ്ങൾ എപ്പോഴും ഒരു വിഭാഗത്തിന് ലാഭവും മറ്റു പലർക്കും നഷ്ട്ടവും ഉണ്ടാക്കുന്നു.അത് കൊണ്ട് തന്നെ ഈ സമരത്തിനു രണ്ടു വിഭാഗം ഉണ്ടാവുക സ്വാഭാവികം.അപ്പോൾ നാശവും നഷ്ട്ടവും കൂടുതൽ ഉണ്ടാവുന്നവർക്ക്  അതിന്റെ വ്യാപ്തി കുറയ്ക്കുകയാണ് വേണ്ടതും.അത് ഉണ്ടാകാത്തതുകൊണ്ടാണ്  പല വികസന പ്രവർത്തനവും കോടതി കയറുന്നത്.പലരും ലാഭം മാത്രം ലക്‌ഷ്യം വെക്കുന്നു.

പലതും  ന്യായങ്ങൾക്കു വേണ്ടിയുള്ള സമരമായാണ് നമ്മള്‍ കണ്ടത്..പക്ഷെ കഴിഞ്ഞ ആഴ്ച കുറച്ചു സമരങ്ങൾ നമ്മൾ കണ്ടു.ഇതൊക്കെ എന്തിനു വേണ്ടിയായിരുന്നു എന്ന് നമുക്ക് സംശയം തോന്നുന്നു.കാരണം ഇതിന്റെയൊക്കെ തുടക്കവും ഒടുക്കവും അത്തരത്തിലായിരുന്നു.


കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായിരുന്നു പോലും ആർ .എം .പി  നേതാവ് സ: ടി .പി യുടേത്.ഇവരൊക്കെ വലുതെന്നു പറയുന്നത് വെട്ടിന്റെ എണ്ണം കൂട്ടി നോക്കിയിട്ടാണോ എന്നറിയില്ല .മാസങ്ങളോളം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു ആ സംഭവം.അതിനിടയിൽ മറ്റു രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നുവെങ്കിലും ആർക്കും അതുകൊണ്ട്  ഉപകാരം കിട്ടില്ല എന്ന് പലരും മനസ്സിലാക്കിയതിനാൽ അതൊക്കെ പെട്ടെന്ന് തന്നെ വിസ്മ്രിതിയിലായി പോയി.അങ്ങിനെ തിരുവഞ്ചൂരിന്റെ പോലിസ് അന്വേഷിച്ചു അന്വേഷിച്ചു കൊലയാളി സംഘം അടക്കം കുറച്ചുപേരെ ജയിലിൽ അടച്ചു.മാർക്സിസ്റ്റ് പാർട്ടി തങ്ങൾക്കു പങ്കില്ല എന്ന് എത്ര തവണ ആവർത്തിച്ചാലും അച്ചുതാനന്ദൻ സഖാവ് പറയുന്നതുപോലെ അരിആഹാരം കഴിക്കുന്നവർക്ക് കാര്യം പണ്ടേ പിടി കിട്ടിയതാണ്.

അന്വേഷണം കഴിഞ്ഞു വിധി ഒക്കെ വന്നപ്പോൾ പലരും പ്രതീക്ഷിച്ചത് പോലെ ആയില്ല .അത് കൊണ്ട് ടി .പി യുടെ വിധവയെ നിരാഹാരം കിടത്തി  സി ബി ഐ അന്വേഷണം വേണമെന്ന് പറഞു ആർ .എം .പി  കാർ തിരുവനന്തപുരത്ത് സമരം തുടങ്ങി.പക്ഷെ പ്രതീക്ഷിച്ചതുപോലെ പലരും കൊടുത്ത വാഗ്ദാനങ്ങൾ  പാലിക്കപെട്ടില്ല എന്ന് മാത്രമല്ല തള്ളി സമരത്തിലേക്ക് നയിച്ച പലരും  സപ്പോർട്ട് പോലും കൊടുത്തില്ല.ആര്‍ എം പി  യുടെ  ചോട്ടാ നേതാക്കൾ ടിവിയിലും മറ്റും വാചകകസർത്തുകൾ  തുടങ്ങി സപ്പോര്‍ട്ട് കൊടുക്കേണ്ട ഭരണകാരേയും വെറുപ്പിച്ചു .അതോടെ അവരും പിടിമുറുക്കി.ഇപ്പോൾ പാവം രമ പട്ടിണികിടക്കുന്നു.

മമ്മൂട്ടി എന്ന മഹാനടൻ സിനിമയിൽ കത്തികയറി കേരളകരയിൽ തരംഗം സൃഷ്ട്ടിച്ച സി ബി ഐ പവര്‍ സിനിമയിൽ മാത്രമേ ഉള്ളൂ എന്ന്  തെളിയിക്കുന്നതായിരുന്നു അടുത്തകാലത്തെ കേരളത്തിലെ പല ഒറിജിനൽ സി ബി ഐ അന്വേഷണങ്ങളും .അത് രമക്കും ആർ .എം .പി ക്കും അറിയാത്തതല്ല .പക്ഷെ തുടക്കം മുതൽ എങ്ങിനെയെങ്കിലും പിണറായിയെയും കോടിയേരിയും ജയരാജനെയും കുടുക്കുക എന്നതായിരുന്നു അവരുടെ പ്രാഥമിക ലക്‌ഷ്യം.ആ ഒരു ചിന്ത പലരിലേക്കും പടർന്നതാണ് ഈ കേസിന്റെ ഒടുക്കം ഇങ്ങിനെയാകുവാൻ കാരണം.അതിൽ ഇനി പരിതപിച്ചിട്ട്‌ കാര്യമില്ല.സി ബി ഐ അന്വേഷണത്തിലൂടെ അവർ ലക്ഷ്യമിടുന്നതും ഈ  ഉന്നതരെ കുടുക്കുവാൻ ...അവര്‍ക്ക്  ഒരു ലക്ഷ്യമുണ്ട്  -മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി.അതുകൊണ്ട് മാത്രമാണ് ഈ കേസ് ഇപ്പോള്‍ ജനങ്ങള്‍ക്ക് താല്പര്യം ഇല്ലാതാകുന്നതും അവര്‍ അത് അവഗണിക്കുന്നതും.അഥവാ അന്വേഷണം നടന്നാൽ തന്നെ ഇതിൽകൂടുതലൊന്നും അവർക്കും കിട്ടാൻ ഇടയില്ല എന്നാണ് വിദഗ്ധമതം.ഈ നിരാഹാരത്തോടെ പലതരം പഴികള്‍ ആണ് രമ കേള്‍ക്കുന്നത് ...ഇതൊക്കെ വേണമായിരുന്നോ ?അവര്‍ പറയുന്നതു പോലെ  നാടകം  തുടരട്ടെ ...കാണികള്‍ കുറയുമ്പോള്‍ നിര്‍ത്തുമായിരിക്കും.

മണല്‍ മാഫിയക്കെതിരെ ഡല്‍ഹിവരെ പോയി സമരം ചെയ്തപ്പോള്‍ ജസീറ കേരളത്തിനു വീരപുത്രിയായിരുന്നു.അവരുടെ പോരാട്ട വീര്യം നമ്മള്‍ കണ്ടതുമാണ്.സമരം വിജയിചിട്ടാണോ  എന്നറിയില്ല ,അവിടുന്ന് മുങ്ങി കേരളത്തിലെത്തി ബിസിനെസ്സ്‌ കാരനായ ചിറ്റിലപള്ളിക്കെതിരെ വേണ്ടാത്ത കാര്യത്തിന് സമരം തുടങ്ങിയപ്പോൾ അവർ വളരെ "ചെറുതായി " പോയി.മാത്രമല്ല കുടുംബത്തിലേക്ക് വരേണ്ടിയിരുന്ന അഞ്ചു ലക്ഷവും സ്വാഹ ....പക്ഷെ അത് കൊണ്ടുണ്ടായ ഒരു ഗുണം അബ്ദുള്ളകുട്ടി എന്ന പഴയ സഖാവിന്റെ തനിനിറം കണ്ടു എന്നതാണ്.


ടി .പി യുടെ കൊലപാതകികളെ ജയിലിൽ മർദിച്ചു എന്നാരോപിച്ച് അവരുടെ ബന്ധുക്കൾ ജയിലിനു മുന്നിലും സമരം നടത്തി.ഇപ്പോൾ ആ കേസിൽ ജയിലിലുള്ള പലരും ആദ്യമായിട്ടൊന്നുമല്ല പ്രതിആകുന്നതും ജയിലിൽ കിടക്കുന്നതും.അവർക്കുവേണ്ടി സമരത്തിന്‌ വന്നവരിൽ പലരും മുൻപ് തന്നെ അവരെ വീട്ടിൽ  വെച്ച് ഉപദേശിച്ചോ ചെറിയ അടികൊടുത്തോ  നേർവഴിക്കു നയിച്ചിരുന്നുവെങ്കില്‍  വെറുതെ അന്യന്റെ കയ്യിലുള്ളത്  ഇപ്പോള്‍ വാങ്ങേണ്ടി വരില്ലായിരുന്നു,എനിക്ക് അടികൊണ്ടേ എന്ന് മോങ്ങേണ്ട ആവശ്യവുമില്ലയിരുന്നു.കൊടുത്താല്‍ വിയ്യൂരും കിട്ടും എന്ന് വേണമെങ്കിലും പറയാം.

ഇതൊക്കെ മാധ്യമങ്ങള്‍ ആഘോഷിച്ച വേണ്ടാത്ത സമരങ്ങള്‍ ..എന്നാല്‍ പ്ലാചിമടയില്‍ അനുഭവിക്കപെട്ടവര്‍ നീതിക്കുവേണ്ടി നടത്തിയ സമരവും എന്റൊസൾഫാൻ ഇരകൾ നടത്തിയ ന്യായ സമരവും അധികം ചാനലുകളും പത്രകാരും കണ്ടില്ല ..ന്യൂസ്‌ അവറിൽ അവരെ പറ്റി ചർച്ചയും വെച്ചില്ല  .അതോ കണ്ടിട്ട് സ്കൂപ്പ് ഒന്നും ഇല്ലാത്തതുകൊണ്ട് മാധ്യമങ്ങൾ മുഖം തിരിച്ച് കളഞ്ഞതോ ?



വാൽകഷ്ണം : ഇതൊക്കെ വായിച്ചു ആരും എന്റെ മേലെ കുതിരകയറരുത്.ദിവസവും ടി വി ചാനലും പത്രങ്ങളും ഫേസ് ബുക്കും കാണുന്ന ഒരാളുടെ ചിന്തകൾ ആയി കണക്കാക്കുക 


-പ്രമോദ് കുമാർ .കെ.പി 

Wednesday, January 29, 2014

വീണ്ടും ഒരു പ്രണയകഥ

കാമ്പസിലെ ഒരു വൈകുന്നേരം ..
----------------------------------------
"രൂപേഷ് , എന്റെ കല്യാണം ഉറപ്പിക്കുവാൻ പോകുന്നു.ചടങ്ങ് ഈ വരുന്ന സണ്‍‌ഡേ ആണ്.കല്യാണം ആറുമാസം കഴിഞ്ഞു മാത്രം.ചെറുക്കൻ എയർ ഫോർസിൽ  ആണ്.നല്ല ജോലി ,നല്ല ശമ്പളം ..പോരാഞ്ഞു  നല്ല പേരുകേട്ട കുടുംബവും .ഞാൻ കുറെയേറെ ആലോചിച്ചു എടുത്ത തീരുമാനമാണ്.വഞ്ചിച്ചു എന്ന് തോന്നരുത്.അത് കൊണ്ട് തന്നെ രൂപെഷിനോട് പറയാതിരിക്കുവാൻ  കഴിയില്ല .ഞാൻ ആഗ്രഹിച്ചതായിരുന്നു നിന്റെ കൂടെയുള്ള ഒരു ജീവിതം ..പക്ഷെ രൂപേഷിന്റെ പഠിത്തം കഴിഞ്ഞു ജോലിയൊക്കെ കിട്ടി സെറ്റിൽ  ആയി വരുന്നതുവരെ കാത്തിരിക്കുവാൻ വീട്ടുകാർ ഒരു കാരണവശാലും എന്നെ അനുവദിക്കില്ല.നിനക്ക് വേണ്ടി പല കാരണങ്ങൾ പറഞ്ഞു പല ആലോചനകളും ഞാൻ ഒഴിഞ്ഞിരുന്നു.പക്ഷെ ഈ ആലോചന വന്നപ്പോൾ എനിക്കും താല്പര്യം തോന്നി.കാരണം കുറെ ദിവസമായി ഞാൻ എന്റെ ഭാവിയെപറ്റി ചിന്തിക്കുകയായിരുന്നു. ... അത് കൊണ്ട് തന്നെ  ഇത്രയും നല്ല ഒരു ബന്ധം വേണ്ടെന്നു വെയ്ക്കുവാൻ  എനിക്ക് തോന്നിയില്ല .അത് കൊണ്ട് സമ്മതിക്കേണ്ടി വന്നു ...എനിക്ക് വിഷമമുണ്ട് ...."

ജീന അവന്റെ മുഖത്തേക്ക് നോക്കി.ഇതുവരെ അവനെ നോക്കാതെ ഇത്രയും പറഞ്ഞൊപ്പിക്കുകയായിരുന്നു.അവന്റെ മുഖത്തു ഒരു ഭാവഭേദവും കണ്ടില്ല.അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു .

"ആശംസകൾ ജീന ...നല്ല തീരുമാനം.ജീന പറഞ്ഞതാണ് ശരി ..ഞാൻ ഈ കൊളെജോക്കെ വിട്ടു  ജോലിയൊക്കെ  കണ്ടുപിടിച്ചു എപ്പോൾ വരുവാനാണ്‌...?ഒരു നിശ്ചയവുമില്ല ...ഇങ്ങിനെ ഒരു വിടപറയൽ ഞാൻ ഭയന്നതായിരുന്നു ...പക്ഷെ ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന്  കരുതിയില്ല...അത് കൊണ്ട് ചെറിയ വിഷമമുണ്ട് ....സാരൊല്യ ...ഞാൻ എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി കൊള്ളാം .കുറച്ചു ദിവസം കൊണ്ട് എല്ലാം ശരിയാകും ."


മനസ്സിനകത്ത്  ആർത്തിരമ്പുന്ന ഒരു കടലിനെയും ,പെയ്യാൻ തയ്യാറായ പെരുമഴയെയും അവൻ പിടിച്ചുനിർത്തികൊണ്ട്‌  പറഞ്ഞു.

ജീന   പോയപ്പോൾ കോളേജ് മതിലിനരുകിലെ തണൽ മരത്തിനടിയിൽ രൂപേഷ് തളർന്നിരുന്നു .
ഒരിക്കലും കേൾക്കുവാൻ ആഗ്രഹികാത്ത കാര്യങ്ങളാണ് ജീന പറഞ്ഞിട്ട് പോയത്..ജീവിതകാലം മുഴുവൻ തന്റോടൊപ്പം ഉണ്ടാവുമെന്ന് വിശ്വസിച്ച പെണ്ണ് ...അവൾ എന്നിൽ നിന്നും മനസ്സിൽ  നിന്നും പടിയിറങ്ങുന്നു..അടുത്ത ആഴ്ച അവളുടെ  കല്യാണം നിശ്ചയിക്കുന്നു ..അതായത് അവൾ വേറെ ഒരാളുടെ കൂടെ ജീവിക്കുവാൻ പോകുന്നു.അവൾക്കു എങ്ങിനെ തോന്നി അങ്ങിനെ ചിന്തിക്കുവാൻ ?അല്ലെങ്കിൽ എന്നെ മറന്നു മറ്റൊരു ആളുടെ കൂടെ ജീവിക്കുവാൻ ?അത്രക്ക്  ഇഷ്ട്ടമായിരുന്നു  പരസ്പരം ....ഇപ്പോൾ  അവൾ  സ്വന്തം ഭാവിക്കുവേണ്ടി സ്വാർത്ഥയായോ ?രൂപെഷിനു ഉത്തരം കിട്ടിയില്ല.

എങ്ങിനെ അവളുമായി അടുത്തു എന്നറിയില്ല ..വിപ്ലവപാർട്ടിയിലൂടെയുള്ള കർമനിരതനായി നേർ വഴിക്കുള്ള സഞ്ചാരം  കോളേജ് മുഴുവൻ കൂട്ടുകാരെയുണ്ടാക്കി .കലാപരിപാടികളിലൂടെ ആരാധകരെയും ...  അങ്ങിനെ എപ്പോഴോ ജീന ആരാധികയായി ....പിന്നെ  പയ്യെ പയ്യെ മനസ്സിലേക്ക് കടന്നുവന്നു.പിന്നെ അവൾ അവിടെതന്നെ  കുടിയേറി.കോളേജ് അറിയാത്ത രഹസ്യ പ്രണയമായിരുന്നു .അവളുടെ കൂട്ടുകാരി സ്മിതയ്ക്ക് മാത്രം അറിയാം ...പിന്നെ തന്റെ ഒന്ന് രണ്ടു  കൂട്ടുകാർക്കും അതവർ രഹസ്യമാക്കി വെച്ചു .

അവൾ പറഞ്ഞതിന് ന്യായമുണ്ടായിരുന്നു.അത് കൊണ്ട് തന്നെ അവളെ കുറ്റപെടുത്തുവാൻ കഴിഞ്ഞില്ല.അതുകൊണ്ടാണ്  ആശംസ പറഞ്ഞു തിരിച്ചയച്ചത്.സമയം വൈകി എന്ന തോന്നലുണ്ടായപ്പോൾ  ബൈക്കെടുത്തു അയാൾ  കാമ്പസ് വിട്ടു റോഡിലേക്കിറങ്ങി ..കോളേജിലെ കുട്ടികൾ കുറേപേർ റോഡിലുണ്ടായിരുന്നു .അത് കൊണ്ടുതന്നെ മനസ്സിലെ വിഷമം പുറത്തുകാണിക്കാതെ അയാൾ ചിരിച്ചു കൊണ്ട് യാത്രയായി.

ഒരാഴ്ച കഴിഞ്ഞു  ഒരു  പകൽ ..
---------------------------------
ജീനയുടെ ഉറ്റ സുഹൃത്ത്  സ്മിത ഓടി വരുന്നത് കണ്ടു രൂപേഷ്  ബൈക്ക് നിർത്തി അവിടെ  തന്നെ നിന്നു .
"എന്താ സ്മിതെ ...ഇത്ര ധൃതിയിൽ  എവിടെക്കാ ..?

"ഞാൻ രൂപെക്ഷിനെ കാണുവാൻ തന്നെ വന്നതാ "

"എന്താ വിശേഷിച്ചു .."

"കഴിഞ്ഞ സണ്ടെ  ആയിരുന്നു ജീനയുടെ നിശ്ചയം .."

 "അവൾ എന്നോട്  പറഞ്ഞിരുന്നു "

"എന്നാൽ അത്  നടനില്ല ...അവർ വേണ്ടെന്നു വെച്ചു .."

"കാരണം ..?"

"കാരണം കുറേയുണ്ട് ...അയാള് അവളെ വന്നു കണ്ടത് മുതൽ ആ കുടുംബത്തിനു ഓരോരോ പ്രശ്നങ്ങൾ പോലും . അങ്ങിനത്തെ കാര്യങ്ങളിലൊന്നും വിശ്വാസമില്ലാത്ത അവർ അത് കാര്യമാക്കിയില്ല .ജാതകം പോലും ജീനയുടെ വീട്ടുകാർ നിർബന്ധിച്ചത്  കൊണ്ടാണ് പോലും കൊടുത്തത്.പക്ഷെ ഇന്നലെ അവർ വരുന്ന വഴിക്ക് അപകടമുണ്ടായി  അയാള്  കയ്യും കാലുമൊടിഞ്ഞു ആശുപത്രിയിലായി .തലമുതിർന്നവർ പോയി ജോത്സ്യനെ കണ്ടപ്പോൾ ഈ കല്യാണം നടന്നാൽ അയാൾക്ക്‌ അപകടമുണ്ടാകുമെന്നു പറഞ്ഞു ...അയാൾക്ക്‌ മാത്രമല്ല അവളെ ആര് കെട്ടിയാലും ...ഈ പറഞ്ഞത് നുണ ആയിരിക്കാം ..അല്ലെ ..."


"പിന്നല്ലാതെ ..ഈ നൂറ്റാണ്ടിൽ ആരെങ്കിലും ഈ കാര്യം വിശ്വസിക്കുമോ ?വെറും അന്ധ വിശ്വാസം .അത്ര തന്നെ ..'

"രൂപെക്ഷിനു അവളോട്‌ വെറുപ്പുണ്ടോ ?"

"എന്തിനു ..സ്മിത ..അവളൊരു പാവം കുട്ടിയല്ലേ ..അവളുടെ നല്ല ഭാവിക്കുവേണ്ടി അവളൊരു നല്ല തീരുമാനമെടുത്തു ..അത്രയെ ഞാൻ കരുതുന്നുള്ളൂ   .."

"അതല്ല ..അവൾ നാളെമുതൽ കോളേജിൽ വരുന്നുണ്ട് ...അതോണ്ടാ ..."

"നല്ലത് ...അത് തന്നെയാണ്  നല്ലത്...വെറുതെ എന്തിനു പഠിത്തം കളയണം .."

രൂപെക്ഷ്  അതും പറഞ്ഞുകൊണ്ട് ബൈക്ക്  സ്റ്റാര്‍ട്ട്‌ ചെയ്തു .


പിറ്റേന്ന് ..
-----------
ജീന കോളേജിൽ മുഴുവനും രൂപെക്ഷിനെ തിരഞ്ഞെങ്കിലും കണ്ടു പിടിക്കുവാനായില്ല.അവൻ രാവിലെ തന്നെ  കോളേജിൽ വന്നിട്ടുണ്ടെന്ന് സ്മിതയിൽ നിന്നും അറിഞ്ഞു.ഞാൻ വരുന്നുണ്ട്  എന്ന് സ്മിത രൂപെഷിനോട് സൂചിപ്പിച്ചത് കൊണ്ട്  എന്തായാലും കാണാൻ വരുമെന്ന് കരുതി..പക്ഷെ എവിടെ...?എന്നിൽ നിന്നും മറഞ്ഞു നില്ക്കുകയാണോ ? എന്നെ വെറുത്തിരിക്കും...അതാ  സത്യം ..ഞാൻ സ്വാർഥയല്ലെ  ....നല്ല ഒരു ബന്ധം വന്നപ്പോൾ  അവനെ മറക്കാൻ  കഴിഞ്ഞു..പല സംശയങ്ങളും അവളുടെ മനസ്സിനെ പിടിച്ചുലച്ചു കൊണ്ടിരുന്നു.

അന്ന് ക്ലാസിൽ പഠിപ്പിക്കുന്നതിലോന്നും  ശ്രദ്ധിക്കുവാൻ  അവൾക്കായില്ല .എങ്ങിനെയൊക്കെയോ  സമയം തള്ളി നീക്കി.സ്മിത അവളെ ആശ്വസിപ്പിച്ചു .വളരെ മൂകയായിട്ടാണ് അന്ന് ജീന വീട്ടിലേക്കു മടങ്ങിയത്.


ഒന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം ....
-------------------------------------------------------
ഇനിയും രൂപെക്ഷിനെ കാണാൻ പറ്റിയില്ലല്ലോ എന്ന് ചിന്തിച്ചു ക്ലാസിൽ നിന്നും വരുമ്പോൾ അതാ മുന്നിൽ  രൂപെക്ഷ് .ജീനയെ കണ്ട അവൻ  ചിരിച്ചു.പിന്നെ നടന്നു നീങ്ങി .

"രൂപേഷ് ...." ജീന വിളിച്ചു.അയാൾ  അവിടെ തന്നെ നിന്നത് കണ്ടു ജീന അവിടേക്ക് ഓടിചെന്നു  .

"എന്നോട് വെറുപ്പാണോ ..?"

"എന്തിനു വെറുക്കണം .?'

"പിന്നെന്താ  ഭയമാണോ ..?"

"എന്തിനു ജീന ..നീ എന്തൊക്കെയാ പറയുന്നത് ?"

"പിന്നെന്താ ഞാൻ വന്നതറിഞ്ഞിട്ടും കാണാൻ ശ്രമിക്കാത്തത് ..ഇപ്പോൾ കണ്ടിട്ടും സംസാരിക്കാത്തത് ?.എന്നോട്  കൂട്ട് കൂടുന്നവരൊക്കെയും അപകടത്തിൽ പെടുമെന്ന പേടിയാണോ ?"

"ജീന ഞാൻ പറയുന്നത് കേൾക്കൂ ...വരുന്ന കോളേജ് മീറ്റ് നന്നായി കൊണ്ടാടുവാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ .അത് കൊണ്ട് തന്നെ ഒന്ന് രണ്ടു ദിവസമായി അതിന്റെ തിരക്കിലാണ്.പരീക്ഷയും അടുത്തു വരുന്നു.പഠിപ്പും അത് കഴിഞ്ഞു ഉള്ള സമയത്ത്  മീറ്റിങ്ങും മറ്റുമായി....നീ വന്നു എന്നറിയാം ..മുൻപായിരുന്നുവെങ്കിൽ എങ്ങിനെയെങ്കിലും സമയം കണ്ടെത്തി കാണുവാൻ ഓടി വന്നേനെ.പക്ഷെ ഇപ്പോൾ എന്തിനു വരണം ..?നീ ഇപ്പോൾ എന്റെ   ആരാണ് ?ആരുമല്ല ....എനിക്ക് പഠിക്കണം നല്ല ഒരു ജോലി നേടിയെടുക്കണം ..എന്നാൽ മാത്രമേ ഇനി പ്രതീക്ഷക്ക്  വകയുള്ളൂ  ..മനസ്സിലുള്ള ആഗ്രഹങ്ങൾ നേടുവാൻ  കഴിയൂ...സ്വപ്‌നങ്ങൾ  യാഥാർത്ഥമാക്കുവാൻ  പറ്റുകയുള്ളൂ .നാളെ എതെങ്കിലും എയർഫോഴ്സ് കാരനോ ഫയർഫോർസ് കാരനോ  വന്നാൽ എന്റെ സ്വപ്‌നങ്ങൾ തകരാൻ  പാടില്ല.അന്ന് നീ പറഞ്ഞ അതെ കാരണങ്ങൾ പറഞ്ഞു കൊണ്ട് ഇനി ആരും എന്നെ വിട്ടുപോകരുത്....ഇപ്പോൾ ഈ ലോകത്ത്  ഓരോരുത്തർക്കും അവരവരുടെ കാര്യങ്ങൾ ആണ് വലുത് ..അത് നേടിയെടുക്കാൻ  എന്തും ഉപേക്ഷിക്കും. ഇനിയുള്ള എന്റെ സ്വപ്നങ്ങൾ ഒരിക്കലും കുഴിച്ചു മൂടപെടരുത് ...അത് കൊണ്ട് അതിന്റെ പരിശ്രമത്തിലാണ് ഞാൻ....എനിക്ക് ആരെങ്കിലുമൊക്കെ ആകണം .

പിന്നെ ഞാൻ വിശ്വസിക്കുന്ന എന്റെ പാർട്ടിക്ക്  അന്ധ വിശ്വാസമോ ദൈവമോ ഒന്നുമില്ല.അത് കൊണ്ട് തന്നെ നിന്റെ ജീവിതത്തിൽ സംഭവിച്ചത് ജാതകദോഷമാണെന്ന വിശ്വാസവുമില്ല . അവർ ശ്രദ്ധയില്ലാതെ വണ്ടി ഓടിച്ചു കാണും.അതുകൊണ്ട്  അങ്ങിനെ സംഭവിച്ചു .അപകടം നടന്നത്  കൊണ്ട് അത് വിശ്വാസവുമായി കൂട്ടി കുഴച്ചു .അപ്പോൾ അവർക്ക്  ഈ ബന്ധത്തിൽ നിന്നും ഒഴിയണം എന്ന് തോന്നി കാണും.അതുകൊണ്ട് ഒരു കാരണം കണ്ടു വെച്ചതാ ....ഇത്ര കടുപ്പിച്ചു പറഞ്ഞില്ലെങ്കിൽ എല്ലാവരെയും വിളിച്ചുവരുത്തിയ ഒരു ചടങ്ങ്  മുടക്കുമ്പോൾ നാട്ടുകാര് കൈവെക്കും എന്നുറപ്പല്ലേ ......"

"എനിക്ക് ജീനയെ  മുൻപത്തെ പോലെ കാണുവാൻ കഴിയില്ല ..സുഹൃത്താകാനും പറ്റില്ല .ഈ കോളേജിലെ ഒരു വിദ്യാർത്ഥി ആയി മാത്രം കാണും.നീ അന്ന് ഒരു തീരുമാനം എടുത്തപ്പോൾ അന്ന് നിന്നെ ആശംസകൾ  പറഞ്ഞു മനസ്സിൽ  നിന്നും പടിയിറക്കി.ഇനി വേണ്ട നമ്മൾ തമ്മിൽ ഒരു കൂട്ടും ....എന്നെ മനസ്സിലാക്കുക ."

നിറഞ്ഞു തുളുമ്പിയ മിഴികൾ തുടച്ചു തുടച്ചു ജീന മുന്നോട്ടേക്ക് നടന്നു.രൂപെക്ഷ്  ഉള്ളിൽ  ചിരിക്കുകയായിരുന്നു.

"എടി പെണ്ണെ ...കാലം അനുവദിക്കുകയാണെങ്കിൽ ഞാൻ വരും ഒരു ദിവസം ..നിന്നെ പെണ്ണ് ചോദിച്ചു കൊണ്ട് നിന്റെ വീട്ടിലേക്കു ....എനിക്ക് നല്ല ഒരു ജോലി കിട്ടി ഒരു കുടുംബം പോറ്റുവാൻ കഴിയും എന്ന്  എനിക്ക് തോന്നുമ്പോൾ . ...അപ്പോഴേക്കും നീ ആരുടേയും ഭാര്യ ആയില്ലെങ്കിൽ  മാത്രം ..അതുവരെ വയ്യ ...നീ അകന്നുതന്നെ നില്ക്കണം ..ഇനിയും ഒരു വിടപറയലിനു എനിക്ക് വയ്യ ..അത്രക്ക് നിന്നെ ഞാൻ  ഇപ്പോഴും സ്നേഹിക്കുന്നു ജീന .....അത്രയ്ക്ക്  നിന്നെ സ്നേഹിക്കുന്നു ......



മൂന്നു വർഷങ്ങൾക്കു ശേഷം .....
---------------------------------------------
എയർ പോർട്ടിൽ തന്നെ സ്വീകരിക്കുവാൻ എത്തിയവരെ ആൾ കൂട്ടത്തിനിടയിൽ കണ്ണുകൾകൊണ്ട്  തിരയുകയായിരുന്നു രൂപേഷ്..ആദ്യമായാണ് നാട്ടിലേക്ക് വരുന്നത്.അച്ഛനും അമ്മയും ഒക്കെ വരുമെന്ന് പറഞ്ഞിരുന്നു.ആരെയും കാണുനില്ല.പെട്ടെന്ന് അപ്പുറത്ത് ബഹളം കേട്ട്  അങ്ങോട്ടേക്ക് നോക്കി.ബഹളം വെച്ചുകൊണ്ടിരിക്കുന്ന സ്ത്രീയുടെ മുഖം കണ്ണിലുടക്കി.അവന്റെ  ഉള്ളൊന്നു കാളി....ജീനയല്ലേ  അത്...? അവൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.അതെ ജീന തന്നെ ..അവരെ ആരൊക്കെയോ ചേർന്ന്  ബലമായി കാറിലേക്ക് കയറ്റുന്നു.തൊട്ടപ്പുറത്തു  ഉള്ള ആംബുലൻസിലെക്കു കയറാനുള്ള അവരുടെ ശ്രമം വിഫലമാക്കികൊണ്ട് ......അവനു ഒന്നും മനസ്സിലായില്ല .

ആരോ വന്നു കൈപിടിച്ചപ്പോൾ രൂപേഷ്  ഞെട്ടി തിരിഞ്ഞു നോക്കി .

.അനിയൻ ...അവൻ ചിരിച്ചു.

.ദൂരെ നിന്നും അമ്മയും ചേച്ചിയും  അനിയത്തിയും ഒക്കെ നടന്നു വരുന്നത് കണ്ടു.വർഷങ്ങൾ കഴിഞ്ഞു കണ്ടിട്ടും അവനു ഒരു പ്രതികരണവുമുണ്ടായില്ല .ഇപ്പോൾ കണ്ട പൊരുളറിയാത്ത കാഴ്ച്ചയുടെ നടുക്കത്തിലായിരുന്നു അവൻ .

അമ്മ വന്നു കെട്ടിപിടിച്ചു.എന്തൊക്കെയോ പറഞ്ഞു ..ചിലതിനൊക്കെ മറുപടിയും കൊടുത്തു .

അച്ഛൻ  വന്നില്ലേ ?അവൻ ചോദിച്ചു .

വന്നിരുന്നു .. ഇപ്പൊ അങ്ങോട്ടേക്ക് പോയതാ..രൂപെക്ഷ് നോക്കുമ്പോൾ ആംബുലൻസിനരുകിൽ നിന്നും അച്ഛൻ നടന്നു വരുന്നു.വന്നപാടെ രൂപെക്ഷിനെ കെട്ടിപിടിച്ചു.

"എന്തായിരുന്നു അച്ഛാ  അവിടെ ?'ആകാംഷയോടെ അവൻ ചോദിച്ചു

"നിനക്കറിയില്ലേ സഖാവ് കുഞ്ഞപ്പനെ ...അവന്റെ മോനാ ...ഗൾഫിൽ നിന്നും അപകടത്തിൽ മരിച്ചു.ശവം ഇന്നാ  കൊണ്ട് വന്നത്.കരഞ്ഞു ബഹളം വെച്ചത് അവന്റെ ഭാര്യയ ...പാവം ..കഴിഞ്ഞ ആഴ്ചയാ അവന്റെ അടുത്തേക്ക്‌ പോയത് ...കല്യാണം കഴിഞ്ഞു അധികമായതുമില്ല ..ഓരോരോ  വിധി ...

ഇപ്പോൾ രൂപേഷ് ശരിക്കും ഞെട്ടി ..ഈ ജോൽസ്യന്മാർ ജാതകം നോക്കി പറയുന്നത് സത്യം തന്നെയാണോ ?ജാതകത്തിൽ  വിശ്വസിക്കണമോ ?ഇത്തരം കാര്യത്തിൽ വിശ്വാസം ഇല്ലാത്ത  ഞാൻ ഇതെങ്ങിനെ അവിശ്വസിക്കും.അവന്റെ മനസ്സിനുള്ളിൽ വിശ്വാസവും അവിശ്വാസവും തമ്മിൽ പോര് തുടങ്ങി...


കഥ :പ്രമോദ് കുമാർ .കെ.പി 
 ചിത്രങ്ങള്‍ :കേരള വാട്ടര്‍ കളര്‍ സോസെറ്റി ,ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ ഗ്രൂപ്പ്‌ 
(പരാഗ് ,സധു,സര്‍ക്കോ ,പ്രദീപ്‌ ,ഭാവേഷ്‌ )
                      







Friday, January 24, 2014

കിളികൂട്ടില്‍ നിന്നും വന്ന സമ്മാനങ്ങള്‍ ....(.Nest Kerala(കിളിക്കൂട്-കേരളം)

ഫേസ് ബുക്കില്‍ ഒരു നൂറായിരം ഗ്രൂപ്പുകള്‍ എങ്കിലും കാണും.അതില്‍ മലയാളത്തില്‍ നിന്ന് തന്നെ അനവധിയുണ്ട് .പലതിന്റെയും ലക്‌ഷ്യം നമ്മുടെ സമൂഹത്തിലുള്ള എഴുത്തുകാരെ മുന്‍നിരയിലേക്ക്‌ കൊണ്ടുവരിക ,അവരെ മറ്റുള്ളവര്‍ക്ക് പരിച്ചയപെടുത്തുക എന്നതുമാണ്.അത് ഭൂരിഭാഗം ഗ്രൂപുകളും നന്നായി നിര്‍വഹിക്കുന്നുമുണ്ട്.പലരും എഴുതുന്നത്‌ മികച്ചത് ആകണം എന്നൊന്നുമില്ല .എങ്കിലും കൂടുതല്‍പേര്‍  ആസ്വദി ക്കുനുണ്ട്.ഒരു എഴുത്തുകാരന് കിട്ടിയിരിക്കുന്ന നല്ല ഒരു അവസരം തന്നെയാണിത്.അത് പലരും നന്നയി മുതലെടുക്കുന്നുമുണ്ട് .അത് കൊണ്ട് തന്നെ പലതരം കഥകളും കവിതകളും മറ്റു പംക്തികളും ദിവസേന ഉണ്ടാകുന്നു.നമുക്ക് കുറെ കഥകളും കവിതകളും ലേഖനങ്ങളും വായിക്കുവാനും വിലയിരുത്തുവാനും കഴിയുന്നു.അകന്നു നിന്നുപോയ നമ്മുടെ വായന തിരികെ വിളിക്കുവാനും ഇത്തരം ഗ്രൂപ്പുകള്‍ നമ്മളില്‍ പലരെയും സഹായിച്ചിട്ടുണ്ട് .



അങ്ങിനെ കുറച്ചുപേര്‍ ചേര്‍ന്ന് ഒരു കൊല്ലം  മുന്‍പ് തുടങ്ങിയ നല്ല ഒരു ഗ്രൂപ്പ്‌ ആണ് Nest Kerala(കിളിക്കൂട്-കേരളം) എന്ന ഗ്രൂപ്പ്.എന്നെ ആരോ അവിടെ മെമ്പര്‍ ആക്കി.ഞാന്‍ എന്റെ സൃഷ്ട്ടികള്‍  കൂട്ടുകാരുമായും പങ്കുവെച്ചു.അങ്ങിനെ അവര്‍ ഒരിക്കല്‍ നടത്തിയ ഒരു മത്സരത്തില്‍ പങ്കെടുത്തതിന് എനിക്ക് സമ്മാനമായി ഒരു പുസ്തകം അയച്ചു തന്നു,അതെനിക്ക് നല്ല ഒരു പ്രോത്സാഹനമായി.എം .മുകുന്ദന്‍  എഴുതിയ പ്രശസ്തമായ "മയ്യഴി പുഴയുടെ തീരങ്ങളില്‍ "



അവരുടെ ഒന്നാം വാര്‍ഷികത്തിന് കഥ അയച്ചതിന്റെ പേരില്‍ എനിക്ക് അവര്‍ പ്രോത്സാഹനമായി നല്‍കിയത് ഒന്നിനൊന്നു മെച്ചപെട്ട മൂന്നു പുസ്തകങ്ങള്‍ ആണ്.ഇത്തരം പ്രോത്സാഹനങ്ങള്‍ എന്നെ പോലുള്ളവര്‍ക്ക് അമൂല്യമാണ് .ഇനിയുള്ള എഴുത്തുകള്‍ക്ക് വലിയ പ്രചോദനം ആകുമെന്നും  ഉറപ്പാണ്.നെസ്റ്റ് ഗ്രൂപ്പിന്റെ അണിയറയില്‍ ഉള്ളവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ  നന്ദി.



 

 Nest Kerala(കിളിക്കൂട്-കേരളം)  കിളികൂട്ടിലേക്ക്  പോകണമെങ്കില്‍  താഴെയുള്ള അഡ്രസ്‌  വഴി പോകാം.
https://www.facebook.com/groups/nestkeralam/