Monday, February 17, 2025

ഒരു ജാതി ജാതകം


മലയാളത്തിലും മറ്റു ഭാഷകളിലും അടുപ്പിച്ചടുപ്പിച്ചു ക്രൈം ത്രില്ലർ മൂവികളും സസ്പെൻസ് ചിത്രങ്ങളും കുറ്റാന്വേഷണ സിനിമകളും കണ്ട് ഒരു ഷെർലക് ഹോംസോ മിനിമം ഒരു സേതുരാമയ്യറോ ആയി മാറാൻ പോകുമായിരുന്ന എന്നെയടക്കം പലരുടെയും ഗതി ഈ ചിത്രം മാറ്റി തന്നു.



തുടക്കം മുതൽ ഒടുക്കം വരെ ചിരിക്കാൻ സാധിച്ചു എന്നതാണ് ഈ ചിത്രം കൊണ്ടുള്ള മെച്ചം..ഓർതോർത്ത് ചിരിക്കാൻ ഒന്നുമില്ല സിനിമ തിയേറ്ററിൽ നിന്നും ഇറങ്ങിയാൽ ഓർമയിൽ വരുന്ന ചിരികളും അല്ല..എന്നാല് സിനിമ കാണുമ്പോൾ അതിൻ്റെ സിറ്റുവേഷൻ അനുസരിച്ച് ചിരിക്കുവാൻ വേണ്ടത് എൻ്റെ അഭിപ്രായത്തിൽ സിനിമയിൽ രാകേഷ് മണ്ടോടി എഴുതി വെച്ചിട്ടുണ്ട്..



ചിലരൊക്കെ മസില് പിടിച്ചു ചിരിക്കാതെ ഇരിക്കുന്നത് കണ്ടൂ..അവരുടെ ആസ്വാദനം ചിലപ്പോൾ നമ്മുടെ ക്ലാസ് ആയിരിക്കില്ല.."കുടുംബ"കാർ ഒത്തുചേർന്ന് ഒരു ചിരിപ ടമുണ്ടാക്കുവാൻ തന്നെയാണ് ശ്രമിച്ചിരിക്കുന്നത് അതിൽ അമ്മാവൻ എം.മോഹനനും മരുമക്കൾ വിനീതും രാകെഷും വിജയിച്ചു എന്ന് തന്നെ പറയാം.





വയസ്സ് നാൽപത്തിന് അടുത്ത് എത്തിയിട്ടും വിവാഹം കഴിക്കാൻ  വേണ്ടിയുള്ള പരക്കം പാച്ചിൽ പെണ്ണ് കാണലും പറ്റാതെ ആയപ്പോൾ ഉള്ള ഡിമാൻഡ്സ് ഒക്കെ കളഞ്ഞു കല്യാണം കഴിക്കാൻ ശ്രമിക്കുന്ന *ചെറുപ്പ* കാരനായി വിനീത് ശ്രീനിവാസൻ പൂണ്ടു വിളയാടി എന്ന് തന്നെ പറയാം.





നായികമാർ അനേകം ഉണ്ടെങ്കിലും ഓരോരോ അവസരങ്ങളിൽ കഥക്ക് അനുയോജ്യമായി വന്നൂ പോകുന്നു എന്നല്ലാതെ മുഴുനീള നായിക ഇല്ലെന്ന് തന്നെ പറയാം.







ലോജിക്കും മാജിക്കും ഒക്കെ നോക്കി മസിൽ പിടിച്ചിരുന്നാൽ ആസ്വദിക്കുവാൻ പറ്റാത്ത ചിത്രമാണ് ഇത്.ഒരു എൻ്റർടെയിനർ ആണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ ചിത്രത്തിൽ കുറ്റം പറയാൻ പഴുതുകൾ ഇല്ല..ക്ലൈമാക്സ് മാത്രം അല്പം രസിച്ചില്ല എന്നത് മാത്രമാണ് ഞാൻ കാണുന്ന കുറ്റം.

പ്ര.മോ.ദി.സം

Sunday, February 16, 2025

ശശി തരൂരിൻ്റെ നിലപാടുകൾ

 


ചില നിലപാടുകൾ സ്വാഗതാർഹമാണ്..

രാഷ്ടീയത്തിനുപരി നേട്ടങ്ങൾ കാണുമ്പോൾ ഒരു രാഷ്ട്രീയക്കാരൻ  എതിർ ചേരിയിലുള്ള മറ്റുള്ളവരെ രാഷ്ട്രീയം മറന്ന്  അഭിനന്ദിക്കുന്നത് കാണുമ്പോൾ തീർച്ചയായും നമ്മൾ  കയ്യടിക്കണം..


മറ്റു സംസ്ഥങ്ങൾ പലവിധത്തിൽ  നേട്ടങ്ങൾ കൊയ്യുമ്പോൾ നമ്പർ വൺ നമ്പർ വൺ എന്ന് കൊട്ടി ഘോഷിച്ചു നമ്മുടെ കേരളം രാഷ്ട്രീയക്കാരുടെ ഇടയിൽ പെട്ട് ഞെങ്ങി ഞെരിങ്ങി കിടക്കുകയായിരുന്നു.പ്രവാസി പണം ഉള്ളതുകൊണ്ട് മാത്രം ഉയർന്ന നിലവാരം കൈവന്ന നാടിൻ്റെ മുഖച്ഛായയും ജനങ്ങളുടെ ജീവിതത്തിൻ്റെ ക്രെഡിറ്റും രാഷ്ട്രീയക്കാർ അങ്ങ് ഏറ്റെടുത്തു. ഇവിടെ ഇതൊക്കെ സാധ്യമായത് ഭരിച്ചിരുന്ന പാർട്ടികളുടെ കഴിവ് കൊണ്ടല്ല എന്നത് പച്ചയായ യാഥാർത്ഥ്യമാണ്.

തൊഴിലാളി സ്നേഹം പറഞ്ഞു വികസനത്തിന് എന്നും "തുരങ്കം"വെച്ചിരുന്ന ഒരു കൂട്ടം കഴിഞ്ഞ കുറെ വർഷങ്ങളായി വികസന പ്രവർത്തനങ്ങൾക്ക് മുൻപിൽ നിന്ന് നാടിൻ്റെ വികസനത്തിന്, പുരോഗതിക്ക് വേണ്ടി അശാന്തപരിശ്രമം നടത്തുന്നുണ്ട് എങ്കിൽ അതു കയ്യടിച്ചു പ്രോത്സാഹിപ്പിക്കണം അഭിനന്ദിക്കണം .അതാണ് ശശി തരൂർ ചെയ്തത്.


കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ചിന്തിക്കാൻ പറ്റാത്ത വിധത്തിൽ വികസനം ഉണ്ടായിട്ടുണ്ട്..റോഡുകൾ മികച്ച നിലവാരത്തിൽ പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്..പുതിയ ഹൈവേകൾ  വന്നിട്ടുണ്ട്. തൊഴിൽ മേഖലയിൽ സമരവും മറ്റും കുറഞ്ഞു അത് വളരെ അധികം ശക്തിപെട്ടിട്ടുണ്ട്.ടൂറിസം മേഖലയിൽ വലിയ ഉണർവ് ഉണ്ടായിട്ടുണ്ട്..രാഷ്ട്രീയ എതിർപ്പിൻ്റെ പേരിൽ ഇതിൽ തന്നെ കുറെയേറെ കുറ്റങ്ങൾ ചൂണ്ടി കാണിക്കാൻ പറ്റും എങ്കിലും മൊത്തം വികസനം എടുക്കുമ്പോൾ അതൊക്കെ തുലോം കുറവാണ്.

അതാണ് ശശി തരൂർ പറഞ്ഞത്...അത് യാഥാർത്ഥ്യവും ആണ്..പക്ഷേ സ്വന്തം പാളയത്തിൽ ഉള്ള അടുത്ത പ്രാവശ്യം ഭരണം കിട്ടുമെന്ന് വിദൂര സ്വപ്നം ആണെങ്കിലും പ്രതീക്ഷിക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് അഭിനന്ദന തുറന്നു പറച്ചിൽ വലിയ തിരിച്ചടിയായി പോയി.


സ്വന്തം പാളയത്തിൽ പട നയിക്കാതെ കിട്ടിയ ചില വമ്പൻ അവസരങ്ങൾ ഇടതു സർക്കാരിന് എതിരെ ഈ നേതാക്കൾ  നടത്തി ജനമധ്യത്തിൽ ഇറങ്ങിയിരുന്നു എങ്കിൽ കോൺഗ്രസിനും മുന്നണിക്കും ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല.


മറ്റൊന്ന് താൻ പാർട്ടിയിൽ തഴയപ്പെടുന്നു എന്ന മോഹഭംഗത്തിൽ നിന്നാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങൾ  ആദേഹത്തിൽ നിന്നും ഉണ്ടാകുന്നത് എങ്കിൽ ശശി തരൂരിനെ വെറും "ശശി"യായി മാത്രമേ ജനങ്ങൾ കാണൂ.

വാൽകഷ്ണം: അമേരിക്കയിൽ നിന്നും നാടുകടത്തിയവരെ വിലങ്ങും കൈയാമവും വെച്ച് കൊണ്ട് വന്നപ്പോൾ ശക്തമായി  നിലപാട് എടുത്ത ആളും ശശി തരൂർ ആണ്. വ്യക്തമായ രേഖകൾ ഇല്ലാതെ ആർക്കും ഒരു രാജ്യത്തും കഴിയാൻ അവസരം ഇല്ല എന്നും അമേരിക്കയുടെ നിലപാട് സ്വാഗതാർഹം ആണെന്നും എന്നാല് ആ രാജ്യം തിരിച്ചയച്ച രീതി അംഗീകരിക്കാൻ കഴിയില്ല എന്നതും അദ്ദേഹം കൃത്യമായി വിളിച്ചു പറഞ്ഞു..ഇതും അവിടെക്കു നമ്മുടെ രാജ്യത്തെ   കള്ളത്തരം കാട്ടി  അപമാനിച്ചു പോയവർക്ക് ഒപ്പം നിന്ന കോൺഗ്രസിന് സഹിക്കാൻ പറ്റിയിട്ടില്ല.


പ്ര.മോ.ദി.സം

Friday, February 14, 2025

തണ്ടെൽ

 

ബയോപിക്ക് ഒക്കെ സിനിമാറ്റിക് അംശങ്ങൾ കൂട്ടിച്ചേർത്തു സ്ഥിരം പാറ്റേൺ അല്ലാത്ത വിധത്തിലുള്ള സിനിമകൾക്കു പിന്നാലെ പോവാതെ മാറി ചിന്തിച്ചു നല്ല രീതിയിൽ എടുത്താൽ അത് കാണുവാൻ ആൾക്കാർ ഉണ്ടാകും.

അമരൻ എന്ന ചിത്രത്തിൻ്റെ വിജയത്തിൻ്റെ മുഖ്യഘടകം അത് തന്നെയായിരുന്നു ഒപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും....നേതാവ് എന്ന അർഥം വരുന്ന ഈ ചിത്രത്തിൻ്റെ വിജയത്തിൻ്റെ കാരണവും ഈ രണ്ടു ഘടകങ്ങളും തന്നെയാണ്.

ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചു ഫാൻസിനേ ഉണ്ടാക്കാൻ ശ്രമിക്കാത്ത സായ് പല്ലവി എന്ന മികച്ച അഭിനേത്രി തന്നെയാണ് അമരൻ പോലെ ഈ ചിത്രത്തിൻ്റെയും മുഖ്യ ആകർഷണം..വ്യത്യസ്തത നിറഞ്ഞ സ്റ്റെപ്പുകൾ കൊണ്ടുള്ള നൃത്തം കൊണ്ടും അഭിനയം കൊണ്ടും ജനപ്രീതി നേടിയ ആളാണ് അവർ..തൻ്റെ കരിയറിൽ ഏറ്റവും മികച്ച വേഷം ചെയ്തു നാഗചൈതന്യ കട്ടക്ക് നിന്നപ്പോൾ നല്ലൊരു ചലച്ചിത്ര അനുഭവമായി മാറി.

 ഇവരുടെ കോംബിനേഷൻ സീനുകൾ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്..ഇവരുടെ പ്രേമവും വിരഹവും അത് തിരിച്ചു പിടിക്കാനുള്ള ശ്രമവും ഒക്കെ ഓരോ പ്രേക്ഷകൻ്റെയും ഹൃദ് യത്തിലേക്ക് കുടിയേറുന്നുണ്ട്.

പാകിസ്ഥാൻ അതി ർത്തിയിലേക്ക് കയറിയത് കൊണ്ട് പിടിക്കപ്പെട്ടു അവിടെ ജയിലിൽ ആയ ഇരുപത്തിൽപരം മത്സ്യത്തൊഴിലാളികളുടെ ജയിലിലെ  അനുഭവവും കരയിലെ ജീവിതവും സിനിമയാക്കിയപ്പോൾ അതിൽ ഓരോരുത്തരും മികച്ചു നിന്നു.

ദേവിശ്രീ പ്രസാദിൻ്റെ സംഗീതം കൂടിയായപ്പോൾ "ബുജികുട്ടി" എല്ലാവരാലും ഇഷ്ട്ടപെട്ടു പോകുകയാണ് എന്ന് സിനിമയുടെ കലക്ഷൻ സൂചിപ്പിക്കുന്നു.


പ്ര.മോ.ദി.സം





വനവാസ്

  


നമ്മുടെ നാടുകൾ മുഴുവനും വൃദ്ധസദനം ആയി കൊണ്ടിരിക്കുകയാണ്..മുൻപത്തെപോലെയുള്ള  മാനുഷിക മൂല്യങ്ങൾ അസ്തമിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് പ്രായമുള്ളവർ വീട്ടിനു അധി കപറ്റായി തോന്നുന്ന കലികാലമാണ് ഇപ്പൊൾ..


അതുകൊണ്ട് തന്നെ വൃദ്ധസദനങ്ങളിൽ ആളുകൾ നിറയുന്നു.അതിനു കെൽ പ്പില്ലാത്തവരും സ്വാർത്ഥ മനസ്സുള്ളവരും അവരെ വഴിയിൽ ഉപേക്ഷിക്കുന്നു.അവിടെ ബന്ധങ്ങൾ നഷ്ടപ്പെടുത്തുകയാണ്..മൂല്യങ്ങളും..


മൂന്നു മക്കളെ ഒരു കുറവും വരുത്താതെ നോക്കി സംരക്ഷിച്ചു നല്ല നിലയിൽ എത്തിച്ച അച്ഛൻ അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടു പോകുന്നു.ചെറുമക്കൾക്ക് ഇഷ്ടമാണ് എങ്കിൽ കൂടി മക്കളും ഭാര്യമാരും അടക്കം 

 മറ്റുള്ളവർക്ക് അയാള് ഭാരമായി മാറുന്നു.


അല്പം ഓർമ്മക്കുറവ് കൂടി മനസ്സിനെ ബാധിച്ചപ്പോൾ മൂന്നുമക്കളും ഭാര്യമാരും അയാളെ ബനാരസിൽ ഉപേക്ഷിക്കുന്നു..നാട്ടിലെ സ്വത്തുക്കൾ പങ്കിടുന്നു..

ഓർമ പൂർണമായി നശിച്ച അയാളുടെ ബനാരസിലെ ഒറ്റപ്പെടലും അതുജീവനവും ഒക്കെയാണ് അനിൽ ശർമ സംവിധാനം ചെയ്ത ചിത്രത്തിൻ്റെ കഥ.

നാന പടേക്കർ ,കുശുഭൂ അഭിനയിച്ച ചിത്രം നല്ലപോലെ വെട്ടി ഒതുക്കി വേണ്ടാത്ത കുറെ സീനുകൾ ഒഴിവാക്കിയിരുന്നു എങ്കിൽ മികച്ച ഒരു സിനിമ ആയേനെ..പുഷ്പ 2 റിലീസ് ചെയ്ത അന്ന് തന്നെ തിയേറ്ററിൽ എത്തിച്ച അണിയറക്കാർക്കു പറ്റിയത് മറ്റൊരു വലിയ പിഴവാണ്.


പ്ര.മോ.ദി.സം 

Saturday, February 8, 2025

വീഡാമുയർച്ചി

 

ചില "താരങ്ങൾ"മേലെ ആകാശത്ത് എത്തി കഴിഞ്ഞാൽ പിന്നെ ഭൂമിയിലേക്ക് ഇറങ്ങുക  എന്നത് വലിയ സാഹസമായിരിക്കും.



അത് കൊണ്ട് തന്നെ മാസ് കാണിക്കുന്ന സൂപ്പർ താരങ്ങൾ അത്തരം ചിത്രങ്ങൾക്ക് മാത്രമേ ഡേറ്റ്സ് കൊട് ക്കുകയുള്ളൂ..അവൻ്റെ അതിമാനുഷിക കഴിവും മറ്റും കൊണ്ട് പ്രേക്ഷകരിലേക്ക് എത്തുക അതുകൊണ്ട് ലോജിക്ക് മടക്കി വെച്ച് അവരെ രസിപ്പിക്കുക  അത് മാത്രമായിരിക്കും പിന്നീട് അങ്ങോട്ടുള്ള  അവരുടെ സിനിമകൾ.പല താരങ്ങളും അതു കൊണ്ട് തന്നെ ഇത്തരം വാരികുഴിയിൽ പെട്ട് പോയിട്ടുണ്ട്.



എന്നാല് "തല അജിത്ത്" എന്ന സൂപ്പർ മാസ് നായകൻ വെറും സാധാരണക്കാരൻ ആയി വീണ്ടും എത്തുന്ന ചിത്രമാണ് വീഡാമുയർച്ചി. മുൻപും അദ്ദേഹം മാസ് വിട്ടു സാധാരണക്കാരൻ ആയി വന്നു ചിത്രം സൂപ്പർ ഹിറ്റു ആക്കിയിട്ടുണ്ട്..ചിത്രീകരണം മുഴുവൻ വിദേശത്തും കഥ നടക്കുന്നത് അവിടെ ആയതുകൊണ്ടും  കഥാപാത്രത്തിന് ആവശ്യം ഉള്ളത് കൊണ്ടും കോട്ടും സൂട്ടും അണിഞ്ഞാണ് വരുന്നത്  എന്ന് മാത്രം.


ഇതിൽ വില്ലൻമാർ എടുത്തു അദ്ദേഹത്തെ ശരിയായ വിധത്തിൽ ഭീകരമായി പെരുമാറുന്നുണ്ട്..എന്തിന് വില്ലൻ്റെ അസിസ്റ്റൻ്റ്ൻ്റെ അസിസ്റ്റൻ്റ് പോലും എടുത്തു പെരുമാറിയിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയില് അദ്ദേഹം എത്തുന്നുണ്ട്....ഇപ്പൊൾ അദ്ദേഹത്തിലെ "നരസിംഹം" ഉണരുമെന്നും പതിവ് തമിഴു മസാല പോലെ  അദ്ദേഹം ഉയിർത്തെഴുന്നേറ്റു തിരിച്ചടിച്ചു തിയേറ്റർ കുലുക്കുമെന്നും പ്രതീക്ഷിച്ചാൽ നമ്മൾ നിരാശപ്പെടും.


അജിത്തിൻ്റെ മാസ് എൻട്രി ,മാസ് ഡയലോഗ്,മാസ് ആക്ഷൻ എന്നിവയൊക്കെ പ്രതീക്ഷിച്ചു പോകുന്നവർക്ക് കൂടുതൽ നിരാശ നൽകുന്നത് ആണ് ബ്രയ്ക് ഡൗൺ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മകിഴ് തിരുമേനി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം. എന്നാലും സിനിമയില് കഥ ആവശ്യപ്പെടുന്ന അത്യാവശ്യമായ ചില ആക്ഷൻ സീനുകൾ ഉണ്ട്..അത് മാസ് എന്നല്ല കൊല മാസ് ആയിത്തന്നെ ചിത്രീകരിച്ചിട്ടുണ്ട്..ഹമ്മറിന് ഉള്ളിലെ ഫൈറ്റ് സീൻ കിടിലോൽക്കിടിലം.


പതിവ് മസാല കൂട്ടുകൾ പ്രതീക്ഷിക്കാതെ നല്ലൊരു അനുഭവം പ്രതീക്ഷിച്ചു പോയാൽ നിരാശപ്പെടേണ്ടി വരില്ല..ചിത്രത്തിൻ്റെ പ്ലസ് പോയിൻ്റ് ക്യാമറയും സംഗീതവും അഭിനയവും തന്നെയാണ്..അസൈബ്ജാൻ ഹൈവേയ്‌കൾ അവിടെ നടക്കുന്ന സംഭവങ്ങൾ  അത്രയ്ക്ക് മികവാർന്ന രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട്.


അനിരുദ്ധ്ൻ്റെ ഒരു പാട്ട്  ചില സമയത്ത് മുൻപ് ചില സിനിമകൾക്ക് ചെയ്തത് പോലെ ആവർത്തന വിരസത കയറി വരുന്നുണ്ട് എങ്കിലും മറ്റു പാട്ടുകൾ നന്നാക്കിയിട്ടുണ്ട് .


അഭിനയത്തിൻ്റെ കാര്യത്തിൽ നായകനും നായികയ്ക്കും പുറമേ പ്രതിയോഗികളും നന്നായി ചെയ്തിട്ടുണ്ട്..എന്തിന് വിദേശ താരങ്ങൾ പോലും അറിഞ്ഞ് കണ്ട് മികച്ച പ്രകടനം പുറത്ത് എടുത്തിട്ടുണ്ട്.


പന്ത്രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പിരിയുന്ന ദമ്പതികൾ അവസാനമായി ഒന്നിച്ചു പോകുന്ന ഒരു യാത്രയിൽ സംഭവിക്കുന്ന അപ്രതീക്ഷിത പ്രശ്നങ്ങളും അതിനെ തുടരുന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ.ഇവരുടെ ബന്ധത്തിൻ്റെ ആഴം ഒരു പാട്ടിലോ പത്ത് മിനിറ്റിൽ കുറഞ്ഞോ കാണിക്കുന്നതിന് പകരം വലിച്ചു നീട്ടി അര മണിക്കൂർ വരെ എത്തിച്ചത് അല്പം ലാഗ് അടിച്ചു എങ്കിലും ഇപ്പൊൾ ഉള്ള അജിത്ത് അല്ലാതെ ഹാൻസം ആയ ക്ലീൻ ഷേവ് ചെയ്തു കുട്ടപ്പനായ പ്രായം തീരെ തോന്നാത്ത അജിത്തിനെ കാണാൻ പറ്റും.


അധികം പ്രതീക്ഷ വെക്കാതെ ക്ലീൻ ആയ ഒരു സിനിമ അനുഭവിക്കണം  എന്നു തോന്നുന്നു എങ്കിൽ നെഗറ്റീവ് പബ്ലിസിറ്റി ഒക്കെ അവഗണിച്ച് തീർച്ചയായും തീയേറ്ററിലേക്ക് പോകാം.


പ്ര.മോ.ദി.സം