Monday, February 3, 2025

വൺസ് അപ്പോൺ എ ടൈം ഇൻ മദ്രാസ്

 


മദ്രാസിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് എന്ന് ടൈറ്റിലിൽ എഴുത്ത് ഉള്ളത് കൊണ്ട് തന്നെ പ്രസാദ് മുരുകൻ സംവിധാനം ചെയ്ത  ചിത്രം ആൾക്കാർക്ക് മനസ്സിലാക്കാൻ അധികം കൺഫ്യൂഷൻ ഉണ്ടാകില്ല..അല്ലെങ്കിൽ ചില സംഭവങ്ങൾ ഇങ്ങിനെയൊക്കെ. സംഭവിക്കുമോ എന്ന് ഒരു സംശയം പ്രേക്ഷകർക്ക് ഉണ്ടായേനെ...



ഒരു പ്രസ്സ് വാഹനം എങ്ങിനെ ഒരേ സമയത്ത് രണ്ടു പേര് ഉപയോഗിക്കുന്നു എന്നൊരു കൺഫ്യൂഷൻ മാറാൻ എനിക്ക് സിനിമയുടെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു.അത് പോലെ മറ്റു പലർക്കും എഡിറ്റിംഗ് കൊണ്ടുണ്ടായ സംശയം സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിരിക്കും



കുറ്റകൃത്യം നടത്തിയ തോക്കു തെളിവ് നശിപ്പിക്കുവാൻ ഒരു എക്സ് ആർമിക്കാരൻ ഉപേക്ഷിക്കുന്നതും പിന്നീട് അത് പകരുടെ കയ്യിൽ എത്തി ധർമ്മത്തിനും അധർമ്മത്തിനും വേണ്ടി ഉപയോഗിക്കുന്നതുമാണ് സിനിമയുടെ കഥ.






നഗരസഭക്ക് വേണ്ടി കുപ്പ ജോലി ചെയ്യുന്ന സ്ത്രീ തൻ്റെ മകൾക്ക് വേണ്ടിയുള്ള പ്രതികാരത്തിന് വേണ്ടിയും,കല്യാണത്തിന് മുൻപ് കൃമിനൽ ആയ ആൾ ഭാര്യയുടെ ഓപ്പറേഷന് വേണ്ടി പണം കണ്ടെത്തുന്നതിനും,പത്രക്കാരൻ തൻ്റെ ജാതിയുടെ അന്തസ്സ് നിലനിർത്തുന്നതിനും, കുടുംബിനി തൻ്റെ ജീവിതം ചതിയിലൂടെ തകർത്ത ആളുകൾക്ക് നേരെയും പ്രയോഗിക്കുന്ന ആയുധം ചിലരിൽ പാളി പോകുന്നുണ്ട്.






നല്ല രീതിയിൽ ആസ്വദിക്കുവാൻ പറ്റിയ ചിത്രം മുൻപേ പറഞ്ഞത് പോലെ എഡിറ്റിങ്ങിലെ പരീക്ഷണം കൊണ്ടോ കൈപ്പിഴ കൊണ്ടോ ചിത്രത്തെ നല്ലപോലെ ബാധിച്ചിട്ടുണ്ട്.


പ്ര.മോ.ദി.സം

Sunday, February 2, 2025

ബഡ്ജറ്റ്

 


പതിവുപോലെ കേരളത്തെ തഴഞ്ഞു കൊണ്ടുള്ള ബജറ്റ് കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നു.ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല..കേരളവും കേന്ദ്രവും ഒരേ പാർട്ടി ഭരിക്കുമ്പോഴും നമ്മൾ പലപ്പോഴും പാർശ്വ വൽക്കരിക്കപെട്ടിട്ടുണ്ട്.ഇപ്പൊൾ കുറച്ചു കൂടുതലായി കാണപ്പെടുന്നു എന്നത് സത്യം.

രാഷ്ട്രീയം ഇതിൽ വലിയൊരു ഘടകം തന്നെയാണ് എന്നാണ് ഇപ്രാവശ്യത്തെ ബജറ്റ് വിളിച്ചു പറയുന്നത്.ബീഹാറിൻ്റെ പിന്തുണ ഇല്ലാതെ ഭരണം തുടരാൻ പറ്റില്ല എന്ന് മനസ്സിലാക്കി ആ സംസ്ഥാനത്തിന് വാരിക്കോരി കൊടുത്തിട്ടുണ്ട്. അതുപോലെ ആവശ്യം ഉണ്ടെന്നു തോന്നുന്നവർക്ക്..

അവർ ചിലപ്പോൾ വിലപേശൽ മുൻപേ തുടങ്ങി കാണും.ഇവിടുന്നു രണ്ടു സഭയിലും കൂടി മുപ്പതോളം പ്രതിനിധികൾ,മറ്റു സ്ഥാനങൾ കേരളത്തിൻ്റെ നികുതി പണം തിന്നു നിലനിർത്തുന്നുണ്ടെങ്കിലും കേരളത്തിന് ഒരു ഗുണവും ഇല്ലാത്ത പടുവാഴകൾ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.

ബജറ്റ് വന്നതിനു ശേഷം അയ്യേ കേരളത്തെ തഴഞ്ഞു എന്ന് നി ലവിളിച്ചു മുതലക്കണ്ണീർ ഒഴുക്കുന്നതിന് മുൻപ് എല്ലാവരും ഒത്ത് ചേർന്ന് ചേർന്ന് കേരളത്തിൻ്റെ ആവശ്യങ്ങൾ,പ്രശ്നങ്ങൾ,ബാധ്യതകൾ  കൂട്ടമായി ചേർന്ന്  വിലയിരുത്തി  നേരിട്ട്  മന്ത്രിയെ കണ്ട് അവതരിപ്പിച്ചു എങ്കിൽ മാറ്റം ഉണ്ടായേനെ..അങ്ങിനെ ചെയ്തിരുന്നു എങ്കിൽ ഇത് ഒരു രാഷ്ട്രീയ പകപോക്കൽ ആയി കണക്കാക്കാം.

രണ്ടു കേന്ദ്ര മന്ത്രിമാർ ഉണ്ടായിട്ടും കേരളത്തിന് ഒന്നും വാങ്ങി തരാൻ പറ്റിയില്ല എന്നത് അവർക്കാണ് നാണക്കേട് ഉണ്ടാക്കുന്നത് എങ്കിലും നഷ്ട്ടം കേരളത്തിന് തന്നെയാണ്. ഒരു AIMS വർഷങ്ങളായി നമ്മൾ പ്രതീക്ഷിക്കുന്നത് ആണെങ്കിലും അത് പോലും തന്നില്ല.

ഇപ്പൊൾ പലരും ഉയർത്തി പറയുന്നത് പന്ത്രണ്ട് ലക്ഷം ടാക്സ് പരിധിയുടെ കാര്യമാണ്...ലാസ്റ്റ് ബോളിൽ സിക്സർ അടിച്ചു വിജയിച്ചത് പോലെ കൊണ്ടാടുകയും ചെയ്യുന്നു.അത് കൊണ്ട് എത്ര പേർക്ക് ഗുണം ഉണ്ടാകും എന്നത് കാത്തിരുന്നു കാണാം..

ഇന്ത്യ  സിക്സർ അടിച്ചു ജയിച്ചാൽ കപ്പ് ഇന്ത്യയ്ക്ക് കിട്ടുമെങ്കിലും ജനങ്ങൾ മുഴുവൻ ആഘോഷിക്കും എങ്കിലും   കളിക്കുന്നവനും അതുമായി ബന്ധപ്പെട്ട കുറച്ചുപേർക്കും മാത്രമേ ഗുണം ഉണ്ടാകും എന്ന് ചിന്തിക്കുവാൻ വേണ്ട ബുദ്ധി നമുക്കു പലപ്പോഴും നഷ്ടപ്പെട്ടു പോകുന്നു.


പ്ര.മോ.ദി.സം

Saturday, February 1, 2025

സ്വർഗം

 


ഇവിടെയാണ് സ്വർഗം..അത് മരിച്ചു മണ്ണടിഞ്ഞു നമ്മൾ പോകേണ്ട സ്ഥലമല്ല..എന്തിന് വിദ്യാഭ്യാസമുള്ള പുതിയ തലമുറ തന്നെ ശാസ്ത്രമേളയിൽ വിഡ്ഢിത്തം പുലമ്പുന്നത് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു നിൽക്കുന്ന അന്ധരായ അധ്യാപകരുടെ കാര്യം തന്നെ ഇങ്ങിനെ ആണെങ്കിൽ സാധാരണ ജനങ്ങളുടെ സ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ.



നമ്മൾ ജീവിക്കുന്നത് മണിമാളികയിൽ ആണെങ്കിൽ പോലും അവിടെ ശാന്തിയും സമാധാനവും ഐശ്വര്യവും ഇല്ലെങ്കിൽ അത് നരകം തന്നെയാണ്.സന്തോഷത്തോടെ പരസ്പര ധാരണയോടെ ബഹുമാനത്തോടെ ജീവിക്കുന്ന സ്ഥലം തന്നെയാണ് സ്വർഗം.




പല മത ഗ്രന്ഥങ്ങളും അതി ഭാവുകത്വത്തോടെ സ്വർഗത്തെ പറ്റി വിവരിച്ചപ്പോൾ പലരും അതിൽ വെള്ളം ചേർത്ത് ജനങ്ങളെ പറ്റിക്കുന്ന അവസ്ഥയുണ്ടായി.





ഭൂമിയിൽ നേരാവണ്ണം ജീവിക്കുന്നത്തിന് വേണ്ടി പഴമക്കാരുടെ സൂത്രമായിരുന്നു ഇതെന്നു പറഞ്ഞു കൊടുക്കുവാൻ തലയിൽ വെളിവുള്ള ഒരുത്തനും ഉണ്ടായില്ല..എന്നാലോ അത് തെറ്റിദ്ധരിപ്പിച്ച് അപ്സരസ്സും മദ്യപുഴയും ഹൂറിയും എന്നൊക്കെ പറഞ്ഞു ജനങ്ങളെ അരാജകത്വത്തി ലേക്ക് പറഞ്ഞയക്കാൻ ഇവിടെ ഉന്തും തള്ളുമാണ്.




സ്വർഗം എന്താണെന്നും നമ്മുടെ ജീവിതം എങ്ങിനെ സ്വർഗം ആക്കാമെന്നും പറയുന്ന കൊച്ചു ചിത്രമാണിത്.പുതുമുഖങ്ങൾ ഏറെ ഉണ്ടെങ്കിലും അവരൊക്കെ നന്നായി പെർഫോം ചെയ്തിട്ടുണ്ട് ഈ ഫീൽ ഗുഡ് സിനിമയിൽ


പ്ര.മോ.ദി.സം



ഓശാന

 


പുതുമുഖ നായകനായ ബാലാജി ജയരാജിൻ്റെ വ്യത്യസ്ത രൂപങ്ങൾ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്..ഓരോരോ കാലത്തിലും നമ്മെ ചെറുതായി  വണ്ടർ അടിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തെ മാറ്റി എടുക്കുവാൻ സംവിധായകൻ മനോജ് ശ്രമിച്ചിട്ടുണ്ട്.

മൂന്നു നാലു പ്രേമപരാജയങ്ങൾ കൊണ്ട് മനസ്സ് മരവിച്ചു ഫാദർ ആകുവാൻ വേണ്ടി പഠിക്കാൻ പോകുന്ന നായകന് തീവണ്ടിയിൽ വെച്ച് കണ്ട പെൺകുട്ടിയോട് ഇഷ്ടം തോന്നുന്നു.അവളും ദൈവത്തിൻ്റെ പാതയിലേക്ക് ആണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ അവർ പരസ്പരം ഇഷ്ടപ്പെടുന്നു.


കർത്താവിനു വേണ്ടി ജീവിക്കാൻ തീരുമാനിച്ച അവർ എല്ലാം മറന്ന് കർത്താവിൻ്റെ സന്നിധാനത്തിൽ ജീവിതം സമർപ്പിക്കുവാൻ ദൈവപാതെയിൽ പോകുന്നു.


സ്വന്തം ആശയും അഭിലാഷങ്ങളും സ്വപ്നങ്ങളും വീട്ടുകാരുടെ "നേർച്ച"കൊണ്ട് നഷ്ടപ്പെടുന്നവരുടെ കഥയാണ് ഓശാന..പിറന്നു വീഴുമ്പോൾ തന്നെ ദൈവത്തിനു വേണ്ടി "ബലി"യാക്കപ്പെടുന്നവരുടെ കഥയാണിത്..

"സന്യാസം" എന്നത് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ട കാര്യമാണ്..പക്ഷേ പലരും  അത് പലരിലും അവർക്ക് ഇഷ്ടമില്ലാത്ത വിധത്തിൽ അടിച്ചേൽപ്പിക്കുകയാണ്. അതിനു എല്ലാ മതങ്ങളും മത്സരവുമാണ്. എല്ലാ മതങ്ങളിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ പ്രവണത ഉണ്ട്.

മേജോ ജോസഫിൻ്റെ കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ ചിത്രത്തിൻ്റെ ആകർഷണമാണ്.


പ്ര.മോ.ദി.സം