Tuesday, March 7, 2023

ബ്രമ്മാസ്ത്ര

 



അടിക്കടി കുഴിയിലേക്ക് വീണു കൊണ്ടിരുന്ന ബോളിവുഡിന് ഫസ്റ്റ് എയ്ഡ് കൊടുത്തു നിർത്തിയ ചിത്രമായിരുന്നു ബ്രമ്മാസ്ത്ര




"പത്താൻ ' ബോളിക്കാരുടെ ജീവൻ നിലനിർത്തുന്നത് കുറച്ചു കൂടി കഴിഞ്ഞ ശേഷമായിരുന്നു..എങ്കിലും പിന്നീട് വന്ന സിനിമകൾക്ക് വീണ്ടും ബോളിവുഡിൻ്റെ ക്ഷീണം വ്യക്തമാകുന്നുണ്ട്...ഇനി ചിലർക്കെങ്കിലും പ്രതീക്ഷയുള്ള ചില സിനിമകൾ കൂടി വരുമ്പോൾ വീണ്ടും പഴയ പ്രതാപത്തിൻ്റെ അടുത്ത് എങ്കിലും ഇന്ത്യൻ വുഡ് എത്തും എന്ന് വിചാരിക്കുക.




അമിതാബ്,ശാരൂഖ് ,നാഗാർജുന എന്നീ ഇന്ത്യൻ സിനിമയിലെ പ്രമുഖർ ഒത്ത് ചേർന്ന ഈ രൺബീർ ആലിയ ചിത്രം ഫാൻ്റസിയുടെ എക്സ്ട്രീം  പതിപ്പാണ്..അത്രക്ക് ഹാർഡ് വർക്ക് ചെയ്താണ് ഓരോരോ സീനും അയൻ മുഖർജി ചിട്ടപ്പെടുത്തി ക്യാമറയിൽ പകർത്തിയത്.




ബ്രമാസ്ത്രം മൂന്ന് ഭാഗങ്ങളായി തകർത്തപ്പോൾ അത് വീണ്ടെക്കുവാൻ വേണ്ടി ശ്രമിക്കുന്നവരും അതവർക്ക് കൊടുത്ത് ലോകാവസാനം ഇല്ലാതാക്കുവാൻ ശ്രമിക്കുന്നവരും തമ്മിൽ ഉള്ള പോരാട്ടത്തിൻ്റെ കഥ. അതിൽ ഓരോരോ ആൾകാർ പല സ്ഥലത്ത് വെച്ച് പലവിധത്തിൽ ഉൾപ്പെടുന്നു.




പുതിയ പുതിയ ഓരോ അസ്ത്രവും തങ്ങൾക്ക് ഉപയോഗിക്കും വിധം ഉണ്ടാക്കി ഉപയോഗിക്കുന്ന ശാസ്ത്രവും ഭക്തിയും വിശ്വാസവും ഒക്കെ ഒത്തുചേർന്നു ഉണ്ടാക്കിയ ഒരു നേരമ്പോക്ക് ഫാൻ്റാസി കഥയുടെ ഒന്നാം ഭാഗം ആണ് ഇത്..




ശിവ എന്ന ഈ ഒന്നാം ഭാഗം "അനാഥ"നായ ശിവയുടെ കഥ പറയുന്നു..അടുത്ത ഭാഗം ദേവ് എന്ന ശിവയുടെ അച്ഛൻ്റെയും അമ്മയുടെയും കഥയായിരിക്കും എന്നും സൂചിപ്പിക്കുന്നുണ്ട്.


പ്ര .മോ .ദി .സം

Monday, March 6, 2023

മൈക്കിൾ

 



സുദീപ് കിഷൻ,വിജയ് സേതുപതി,ഗൗതം വാസുദേവ് മേനോൻ എന്നിവർ ഒന്നിച്ചഭിനയിച്ച തെലുങ്ക് തമിൾ ചിത്രമാണ് മൈക്കിൾ.


അധോലോകത്തിൻ്റെ കഥകൊപ്പം പ്രണയത്തിൻ്റെ കഥകൂടി പറയുന്ന ചിത്രത്തിന് പുതുമ ഒന്നും അവകാശപ്പെടുവാൻ കഴിയുന്നില്ല.നൂറാവർത്തി  പല ഭാഷകളിൽ പറഞ്ഞ ഡോൺ കഥ തന്നെയാണ് ഇതും..പണ്ട് മുതൽക്കേ അധോ ലോകത്തിലെ നായകൻമാരിൽ കണ്ടു വരുന്ന  മൈക്കിൾ എന്ന പേര് കൂടി മാറ്റിയിട്ടില്ല.



ഗുരുദത്ത് എന്ന അധോലോക നായകനെ എതിരാളികളുടെ അററാക്കിൽ നിന്നും രക്ഷിച്ച കുട്ടിയെ ഒപ്പം കൂട്ടുന്നതും പിന്നിട് അവൻ വളർന്നു പന്തലിച്ചു ഗുരുദത്തിന് എതിരെ പ്രവർത്തിക്കുന്നതും സാധാരണ പോലെ പിന്നീട് ഇവർ തമ്മിലുള്ള പോരാട്ടം തന്നെയാണ് സിനിമ പറയുന്നത്.



സ്ക്രീൻ പ്രസൻ്റ്സ് കുറച്ചേ ഉള്ളൂ എങ്കിലും സേതുപതി ,വരലക്ഷ്മി എന്നിവരുടെ വരവ് ചിത്രത്തിൻ്റെ അന്ത്യത്തിൽ ഒരു ഉണർവ്വ് നൽകുന്നുണ്ട്.


അധോലോക കഥയായത് കൊണ്ട് തന്നെ ത്രിൽ അടുപ്പിക്കുന്ന ധാരാളം സംഘടന രംഗങ്ങളും വയലൻസും കൂടുതൽ ഉണ്ട്.എൺപതുകളിലെ ഇനിയും പറഞ്ഞു തീരാത്ത ഡോൺ കഥകൾ കൊണ്ട് നടക്കുകയാണ് സിനിമക്കാർ ഇപ്പോഴും..


പ്ര .മോ. ദി .സം


ദി ഗോസ്റ്റ്

 



പേര് കേൾക്കുമ്പോൾ ഒരു പ്രേത കഥയോ ഹൊറർ സിനിമയൊ എന്ന് കരുതരുത്..ഇത്  നാഗാർജുന തെലുങ്കിൽ ചെയ്ത ആക്ഷൻ സിനിമയുടെ തമിഴു മൊഴിമാറ്റ ചിത്രം ആണ്.


ഇൻ്റർപോൾ ദുബായിൽ നടത്തുന്ന ഓപ്പറേഷനിൽ ഗുണ്ടകൾക്ക് ,കള്ള കടത്തുകാർക്ക് ,മറ്റു അനാശാസ്യ പ്രവർത്തനം നടത്തുന്നവർക്ക് പേടിസ്വപ്നം ആയ വിക്രം എന്ന ഉദ്യോഗസ്ഥനെ അവർ ഗോസ്റ്റ് എന്ന് വിളിക്കുന്നു ..ഗോസ്റ്റ്ന് മുന്നിൽ അവർ ഇല്ല പരിപാടികളും നിർത്തിവെച്ചു കീഴടങ്ങുകയാണ്.



ബോംബേ കലാപത്തിനിടയിൽ അനാഥയായ വിക്രം എന്ന കുട്ടിയെ പോലീസ് ഓഫിസർ തൻ്റെ അനു എന്ന മകൾക്ക് ഒപ്പം വളർത്തി ഇൻ്റർ പോളിലെ വലിയ ഉദ്യോഗസ്ഥൻ ആക്കുന്നു.തനിക്ക് ഇഷ്ട്ടപെട്ട ആളിനോപ്പം ഇറങ്ങിപോയത് കൊണ്ട് അച്ഛനും മകളും തെറ്റി പിരിയുന്നു.



ഇരുപത് വർഷങ്ങൾക്ക് ശേഷം സഹോദരൻ്റേ സഹായം തേടി സഹോദരി വിളിക്കുമ്പോൾ  വിക്രം ഓടിയെത്തുന്നു.ബിസിനെസ്സ് ശത്രുക്കൾ തൻ്റെയും മോളുടെയും ജീവന് ഭീഷണി ആണെന്ന് പറയുമ്പോൾ വിക്രം അവരുടെ രക്ഷകൻ ആയി അവിടെ  നിൽക്കുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ദുബായിൽ വിക്രം കീഴടക്കി മാപ്പ് നൽകിയവർ തന്നെയായിരുന്നു ഇവിടെയും ശത്രുക്കൾ.



ഒരു ആക്ഷൻ ചിത്രങ്ങൾക്ക് വേണ്ടുന്ന എല്ലാ  മസാല ചേരുവകളും  കുത്തിനിറച്ച് ചിത്രം   ദുബായിയുടെയൂം,ഊ ട്ടിയുടെയും ദൃശ്യങ്ങൾ നന്നായി ഒപ്പിയെടുത്തു കളർ ആക്കിയിട്ടുണ്ട്.


പ്ര .മോ. ദി .സം

Sunday, March 5, 2023

ഇന്ത്യ ലോക്ക്ഡൗൺ

 



രണ്ടു വർഷങ്ങൾക്കു മുൻപ് മഹാമാരിയെ പേടിച്ചു മനുഷ്യജീവൻ നിലനിർത്തുവാൻ ലോകത്താകമാനം പൂട്ടിയിട്ടപ്പോൾ ജനങ്ങൾ ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിച്ചു..



ജനജീവിതം ആകെ സ്തംഭിച്ചു നിന്ന ആ കാലത്ത്  നമ്മുടെ ഇന്ത്യയിൽ നടന്ന ചില ആൾക്കാരുടെ പ്രശ്നം പറയുകയാണ് മധുർ ഭണ്ടർക്കർ എന്ന വിഖ്യാത സംവിധായകൻ.



ലോക് ഡൗൺ കാരണം പ്രസവം അടുത്ത് നിൽക്കുന്ന ഹൈഡ്രബാദ് ഉള്ള  മകളെ കാണാതെ ബോംബയിൽ  ലോക് ആയി പോകുന്ന അച്ഛൻ റിസ്ക് എടുത്ത് ഡ്രൈവ് ചെയ്തു അവിടേക്ക് പോകുന്നു.യാത്രയിലും തൊട്ടു മുൻപും അയാൾക്ക് സംഭവിക്കുന്ന പ്രശ്നങ്ങൾ..യാത്രക്കിടയിൽ സംഭവിക്കുന്ന ആക്സിഡൻ്റ് പോലും ചിലരുടെ അതിജീവനത്തിന് വേണ്ടി ആയിരുന്നു.



ഒന്നിച്ചു പഠിച്ചു സ്നേഹിച്ച കമിതാക്കൾ പരസ്പരം കാണാതെ നീറി നീറി ഇണക്കങ്ങളും പിണക്കങ്ങളും കൊണ്ട് ബോംബയിൽ തന്നെ ഉള്ള രണ്ടു സ്ഥലത്തെ ഫ്ളാറ്റുകളിൽ...അതിനിടയിൽ അയാളിലേക്ക് വന്നടുക്കുന്ന വിമാന പൈലറ്റ് ആൻ്റി.അവരുടെ ബന്ധം വേറെ വഴിയിലേക്ക് പോകുന്നു എങ്കിലും സമർത്ഥമായ ഇടപെടലുകളിൽ കൂടിയുള്ള അവരുടെ വിടവാങ്ങൽ..




വട്ടി പലിശക്കു കടം എടുത്ത് വഴിയോര കച്ചവടം ചെയ്യുന്ന ആൾക്ക് ലോക് ഡൗൺ വന്നപ്പോൾ പിടിച്ചു നിൽക്കാൻ ആകാതെ സ്വന്തം ഗ്രാമത്തിലേക്ക് കുടുംബ സമേതം പോകുമ്പോൾ ഉള്ള പ്രശ്നങ്ങൾ..പട്ടിണി ആയാലും പരിവട്ടവും ദുരിതവും ആയാൽ പോലും പെണ്ണിൻ്റെ മേലുള്ള കഴുകൻ കണ്ണുകൾക്കും പ്രവർത്തികൾക്കും പ്രത്യേക ഊർജം കിട്ടുമെന്ന് തെളിയിക്കുന്ന സംഭവങ്ങൾ..



അടഞ്ഞു കിടന്നത് മൂലം ശരീരം വിറ്റു ജീവിച്ച ചുവന്ന തെരുവിൽ കഴിയുന്ന ആൾകാർ വരുമാനത്തിന് വേണ്ടി ഫോൺ സെക്സ് ചെയ്തു പണം ഉണ്ടാക്കുമ്പോൾ ഉണ്ടാക്കി വെച്ച  പണം കവർന്നു പോകുന്നതും അതിൻ്റെ പിന്നാലെ ഉള്ള യാത്രയിൽ കണ്ടു പിടിക്കുന്ന യാഥാർത്ഥ്യങ്ങളും...



അങ്ങിനെ പല തുറയിൽ പെട്ട മനുഷ്യരുടെ അടച്ചിടല് കാലത്തെ സംഭവങ്ങൾ കൃത്യമായി വരച്ചിടുന്ന ചിത്രം.ലോക് ഡൗൺ ചിലരുടെയോക്കെ ജീവിതങ്ങളിൽ എത്രമാത്രം പ്രതിസന്ധി സൃഷ്ട്ടിച്ചിരിക്കുന്ന് എന്ന് അടയാളപ്പെടുത്തുന്ന ചിത്രം.


പ്ര .മോ. ദി. സം

അപ്പവും വിൽക്കാം "കുഴിയും" എണ്ണാം..

 


കെ റെയിൽ ഭാവിയിലേക്ക് വേണ്ടിയുള്ളതാണ് എന്ന് തുടരെ തുടരെ ആണയിട്ടു നേതാക്കന്മാർ പറഞ്ഞപ്പോൾ അതിൻ്റെ പിന്നിൽ ഇത്ര ദീർഘവീക്ഷണം ഉണ്ടാകുമെന്ന് കരുതിയില്ല..


കമ്മികളും സംഘികളും കാലാകാലങ്ങളായി  പറഞ്ഞു പരത്തുന്നത് പോലെ  ബംഗാളിലെയും ത്രിപുരയിലെയും ഒക്കെയുള്ള ലോക്കൽ സിക്രട്ടറിമാരാണ് ഇവിടെ  പൊറോട്ട അടിക്കുന്നത് എങ്കിൽ ഈ റെയിൽ പാത ഭാവിയിലേക്ക്  അത്യാവശ്യം തന്നെയാണ്...


കാരണം  താനകണം സുപ്പീരിയർ എന്ന അഹംഭാവം കൊണ്ട് തമ്മിൽ അടിക്കുന്ന  പ്രതിപക്ഷവും  കേന്ദ്രത്തിൽ അധികാരം ഉണ്ടായിട്ടും "ഈ ഡി" യെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുകയും മറ്റൊന്നും  ഫലപ്രദമായി  ഉപയോഗിക്കുവാൻ അറിയാത്ത നട്ടെല്ലില്ലാത്ത സവർണ്ണ പാർട്ടിയും ഉള്ള കാലത്തോളം ഇനിയും അധികാര തുടർച്ച ഉണ്ടാകും എന്ന് ഉറപ്പിക്കാം.


അങ്ങിനെ ബംഗാൾ പോലെ ത്രിപുര പോലെ ഇരുപതും മുപ്പതും കൊല്ലം ഒന്നിച്ചു കമ്മ്യുണിസ്റ്റ് പാർട്ടി ഭരിക്കുമ്പോൾ അവിടുത്തെ അതേ ഗതി തന്നെയാകും പാർട്ടിക്ക് ഇവിടെയും  എന്ന് സിക്രട്ടറി മുൻകൂട്ടി കണ്ടിരിക്കും..


അപ്പോ പഴയ സിക്രട്ടറി മാർ ഒന്നുകിൽ അന്യസംസ്ഥാന അതിഥി "സിക്രട്ടറിമാർ" ഉണ്ടാക്കുന്ന "അപ്പം" കൊണ്ടുപോയി  വിൽക്കേണ്ടി വരും അല്ലെങ്കിൽ സ്വന്തമായി "അപ്പം" ഉണ്ടാക്കി വിൽക്കേണ്ടി വന്നേക്കും എന്ന് സാരം.


ഇതുവരെ പറഞ്ഞത് ഒരു തമാശ കലർന്ന  വിമർശനം..ഇനി കാര്യം..


വഴിയിൽ ഉടനീളം ഇങ്ങിനെ മണ്ടത്തരങ്ങൾ വിളിച്ചു പറയുന്ന ഒരാളെ ആണല്ലോ തെക്ക് വടക്ക് നടത്താൻ പാർട്ടിക്ക് കിട്ടിയിരിക്കുന്നത് ...


ആധികാരികമായി കാര്യങ്ങൾ പറഞ്ഞു ജനങ്ങളിൽ പാർട്ടിയെ കുറിച്ച് മതിപ്പുണ്ടാ ക്കണം..ഒന്നാം സർക്കാരിൽ വിശ്വസിച്ച് രണ്ടാം സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നു എങ്കിലും തെറ്റ് പറ്റി പോയി എന്ന് ചിന്തിക്കുന്നതിന് മുൻപ് ജനങ്ങളെ വീണ്ടും പഴയ അതേ  വിശ്വാസത്തിൽ കൊണ്ടുവരണം.. ഇപ്പൊൾ ഉണ്ടായിട്ടുള്ള പ്രതിപക്ഷ വിമർശനങ്ങൾ വെറും ജല്പനങ്ങൾ മാത്രമാണെന്ന് തെളിയിച്ചു കൊടുക്കണം..അല്ലാതെ യാത്രയിൽ ഉടനീളം മണ്ടത്തരങ്ങൾ വിളിച്ചു പറഞാൽ യാത്ര വെറും തെക്ക് വടക്ക് നടത്തം മാത്രമായി പോകും..പാർട്ടിക്ക് ഒരു ഗുണവും ഉണ്ടാകില്ല..പിന്നെ അപ്പവും തിന്നു കുഴി എണ്ണികൊണ്ട് ഇരിക്കേണ്ടി വരും ...


ഇത് ഖേരളമാണ് ഇവിടെ ഒന്നും നടക്കില്ല എന്ന് കരുതരുത് ..അങ്ങിനെ കരുതിയ നാടുകൾ ഒക്കെ പണത്തിൻ്റെയും അധികാരത്തിൻ്റെയും മറവിൽ മാറി തുടങ്ങി..ചിലപ്പോൾ ഒക്കെ ജനാധിപത്യത്തെ വെല്ലു വിളിച്ചു കൊണ്ട്....


പ്ര .മോ. ദി. സം

Saturday, March 4, 2023

പകലും പാതിരാവും

 



കന്നഡ സിനിമ കേജി എഫ് മുതലാണ് ഇന്ത്യ ഒട്ടാകെ മാസ് ആയി  ശ്രദ്ധിക്കപ്പെട്ടത് എങ്കിലും മുൻപേ തന്നെ വലിയ  കാമ്പുള്ള ചെറിയ  ചിത്രങ്ങൾ അവിടെ ഇറങ്ങിയിരുന്നു..സന്ദാൽ വുഡിന് മറ്റു ദക്ഷണേന്ത്യൻ ചിത്രങ്ങളെ പോലെ മാർക്കറ്റ് ഇല്ലാത്തതിനാൽ പലതും കർണാടക  സംസ്ഥാനത്ത്  മാത്രം ഒതുങ്ങി പോയി.എങ്കിലും നിരൂപകർക്കിടയിൽ നല്ല സിനിമ ആസ്വദിക്കുന്ന ആൾക്കാർക്കിടയിൽ  ഈ ചിത്രം ശ്രദ്ധ നേടി.



 2018 മധ്യത്തിൽ ഇറങ്ങിയ "ആ കരാള രാത്രി " എന്ന പരീക്ഷണ ചിത്രം  ഇന്ത്യയിൽ ഒട്ടാകെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് പലരും മൊഴിമാറ്റ ശ്രമം ആരംഭിച്ചു എങ്കിലും മഹാമാരി അത് ഒരു പരിധിവരെ വൈകിപ്പിച്ച് കൊണ്ടിരുന്നു.




കുറെ പുതുമുഖങ്ങൾ അഭിനയിച്ച ചിത്രം കന്നഡ അറിയുന്നത് കൊണ്ട് തന്നെയും ആ സമയത്ത് തന്നെ നല്ല അഭിപ്രായം കേട്ടത് കൊണ്ട് കണ്ടതും ഇഷ്ടപ്പെട്ടതും ആയിരുന്നു..


ഇപ്പൊൾ വർഷങ്ങൾക്ക് ഇപ്പുറത്ത് അത് മലയാളം സംസാരിക്കുന്നു .കുഞ്ചാക്കോയുടെ പകലും പാതി രാവും എന്ന അജയ് വാസുദേവ് ചിത്രത്തിൽ കൂടി..



മാവോയിസ്റ്റ് സാന്നിധ്യം ഉള്ള കേരള കർണാടക അതിർത്തി ഗ്രാമത്തിൽ ഒരു പകലും രാത്രിയും ആയി നടക്കുന്ന കഥ യാണ് ഇത്.. ശീട്ട് കളിച്ചും മദ്യപിച്ചും സ്വത്തുക്കൾ നശിപ്പിച്ച അച്ഛനും അത് കൊണ്ട് തന്നെ കഷ്ടപ്പെട്ട് ജീവിക്കുന്ന അമ്മയും മോളും അടങ്ങിയ കുടുംബത്തിലേക്ക്  വണ്ടി കേടായത് കൊണ്ട് ഒരു രാത്രി താമസിക്കുവാൻ ഒരു അപരിചിതൻ എത്തുന്നതും അന്നവിടെ നടക്കുന്ന സംഭവ വികാസങ്ങളും ആണ് നിഷാദ് കോയ രചിച്ച ചിത്രം പറയുന്നത്.



അഭിനയിക്കുന്ന ആൾക്കാർക്ക് മൊത്തം ബിജിഎം ഇട്ടും അവരെയൊക്കെ സ്ലോ മോഷനിൽ നടത്തിച്ചും  ചിലപ്പോൾ ഒക്കെ വെറുപ്പിക്കുന്ന സിനിമ കന്നഡ പോലെ കഥ വൃത്തിയായി പറയുന്നതിൽ പരാജയപ്പെട്ടു..അജയ് വാസുദേവൻ ഒരു ചുവടുമാറ്റം ആഗ്രഹിക്കുന്നു എങ്കിൽ കൂടി അദ്ദേഹത്തിൻ്റെ ഉള്ളിൽ കയറി കൂടിയ മാസ്സ് ഇടക്കിടക്ക് ചിത്രത്തിൽ പുറത്തേക്ക് എടുക്കുന്നുണ്ട്.


രജീഷ വിജയൻ എന്ന അഭിനേത്രിയുടെ മാസ്മരിക പ്രകടനം ചിലപ്പോൾ ഒക്കെ നമ്മളെ ഞെട്ടിക്കുന്നു..മനോജ് കേ യു എന്ന അനുഗ്രഹീത നടനും ചിത്രത്തിന് മുതൽക്കൂട്ട് തന്നെയാണ്..കന്നഡ സിനിമ കണ്ടില്ല എങ്കിൽ ഈ ത്രില്ലർ നിങ്ങൾക്ക് രസം പകരും.


പ്ര .മോ .ദി .സം


Friday, March 3, 2023

ഇരട്ട





കഴിഞ്ഞ ദിവസങ്ങളിൽ കൂതറ സിനിമകളെ പ്രേക്ഷകർ വിമർശിച്ചതിന് പത്രസമ്മേളനം നടത്തി "പ്രമുഖര്" കുറെ ഡയലോഗ് ഒക്കെ അടിച്ചിരുന്നൂ...സ്ഥിരം ഡയലോഗ് തന്നെ...സിനിമയെ നശിപ്പിക്കാൻ  നിരൂപകര് എന്ന പേരിൽ  ഒരു ഗൂഡ സംഘം പ്രവർത്തിക്കുന്നു ...




അനേകം പേരുടെ അധ്വാനം ആണ് സിനിമ...അത് അവരുടെ ഭാവിയെ  ബാധിക്കും എന്നൊക്കെ...അതായത് അനേകം പേര് എന്തെങ്കിലും പരട്ട സാധനങ്ങൾ ഉണ്ടാക്കിയാൽ അത് നമ്മൾ ഒന്നുമറിയാതെ വെട്ടി വിഴുങ്ങാൻ....മോശം ആണേൽ മിണ്ടാതെ ഇരുന്നോളണം എന്ന്....




ചില കൂതറ സിനിമകൾ ഇപ്പോഴും തിയേറ്ററിൽ കോടികൾ വാങ്ങുമ്പോൾ  ഇരട്ട പോലുള്ള കാമ്പുള്ള സിനിമകൾ എന്ത് കൊണ്ട് പെട്ടെന്ന് തന്നെ തിയേറ്ററിൽ നിന്നും ഒഴിവായി ഒ ടീ ടീ പ്ലാറ്റ് ഫോമിൽ എത്തിപെടുന്ന് എന്നതും ചർച്ച ചെയ്യണം. ഇതിൻ്റെ പിന്നിലും സിനിമയിലെ തന്നെ ഗൂഡസംഘങ്ങൾ തന്നെയാണ്...അത് ആദ്യം മനസ്സിലാക്കി മതി പ്രേക്ഷകരുടെ മോളിലേക്ക് കുതിര കയറാൻ...




ചില ചിത്രങ്ങൾ കണ്ടാൽ ഒരുതരം മരവിപ്പ് ആണ്...മണിക്കൂർ കണക്കെ മനസ്സിൽ നിന്നും വിട്ടു മാറാതെ...ഹോ...ഇരട്ടയുടെ ക്ലൈമാക്സ് അത്തരത്തിലുള്ള ഒന്നാണ്....



മന്ത്രി ഉൽഘാടനം ചെയ്യണ്ട ഒരു പോലീസുകാരുടെ 

ഫംങ്ഷണിൻ്റെ 

ഒരുക്കത്തിനിടയിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുന്നു..അതിനു പിന്നാലെയുള്ള അന്വേഷണം ആണ് ജോജു ഇരട്ട വേഷത്തിൽ. അഭിനയിക്കുന്ന ഇരട്ട...രണ്ടു പോലീസ് വേഷങ്ങളും അതിശയകരമായ മാറ്റങ്ങളിലൂടെ അദ്ദേഹം അവിസ്മരണീയമാക്കി.


പ്ര .മോ. ദി .സം

Thursday, March 2, 2023

എങ്കിലും ചന്ദ്രികേ...

 



സിനിമ കണ്ടു കഴിഞ്ഞ ഒരു പ്രേക്ഷകൻ്റെ ആത്മഗതം ആണ് ടൈറ്റിൽ എങ്കിലും ഇതിൽ അഭിനയിച്ച രണ്ടുപേരെ കുറിച്ച് പറയാതെ വയ്യ..



ചിത്രത്തിൽ സുരാജിൻ്റെ ചെറിയമ്മയായി അഭിനയിക്കുന്ന നടിയും സുരാജിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഒന്നിച്ചു നിൽക്കുന്ന പ്രായം ഉള്ള ബ്രോക്കർ ചേട്ടനും എന്താ നാച്ചുറൽ അഭിനയം...സിനിമയിൽ പുതിയ മുഖങ്ങൾ ആണെങ്കിൽ കൂടി അവരുടെ സ്വാഭാവിക അഭിനയം ചിത്രത്തിന് നല്ല എനർജി കൊടുക്കുന്നുണ്ട്..




സുരാജും  ചെറിയമ്മ ആയിട്ടുള്ള അവരും തമ്മിലുള്ള അടിപിടിയും സംഭാഷണവും തന്നെ ചിരി പ്ടർത്തുന്നുണ്ട്..അതിലൊക്കെ അവർ എത്ര ഭംഗിയായിട്ടാണ് പെർഫോം ചെയ്തിരിക്കുന്നത്.



സുമലത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ ഉള്ള സുഹൃത്തുക്കൾ എന്തിനും ഏതിനും ഒന്നിച്ചു നിൽകുന്നവർ ആണ്..കല്യാണ പ്രായം കഴിഞ്ഞിട്ടും കല്യാണം ആകാതെ ഇരിക്കുന്ന രണ്ടു പേര് ആ കൂട്ടത്തിൽ ഉണ്ട്.അതിൽ ഒരാൾക്ക് ചന്ദ്രികയൊട് പ്രണയം ആണ്.




കൂട്ടത്തിൽ  തന്നെ ഉള്ള ജൂനിയർ പയ്യൻ 

ചന്ദ്രികയെ വിവാഹം കഴിക്കുവാൻ നിശ്ചയിക്കുന്നതോടെ ആ വിവാഹം മുടക്കുവാൻ   മുതിർന്ന ഒരു അവിവാഹിതൻ ശ്രമിക്കുന്നു. മറ്റേ അവിവാഹിതൻ പെണ്ണ് കണ്ട കുട്ടിയെ  കല്യാണം കഴിക്കണം എങ്കിൽ അവളുടെ അനുജത്തി ചന്ദ്രികയുടെ കല്യാണം മുടക്കണം എന്നും ആ പെൺകുട്ടി പറയുന്നു

പരസ്പരം അറിയിക്കാതെ അവർ രണ്ടുപേരും ആ കല്യാണം മുടക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ ആണ് രസകരമായി പറയുന്നത്.



കാലം തെറ്റി വന്ന  കഥയും സിനിമയും ആണെങ്കിൽ പോലും പുതുമുഖങ്ങളും സംവിധായകരും മലയാളത്തിലേക്ക് കൂടുതലായി വരുന്നതിന് അവസരം കൊടുക്കുന്ന ഫ്രൈഡേ ഫിലിംസ് എന്ന ബാനറിന് ,അതിൻ്റെ അമരക്കാരൻ വിജയ് ബാബുവിന് കയ്യടിക്കാം..


പ്ര .മോ. ദി .സം

Wednesday, March 1, 2023

വായ്ത്ത

 



നീതിയും ന്യായവും സാധാരണക്കാരന് ഇന്നും പലപ്പോഴും അപ്രാപ്യമാണ്..കോടതികളിൽ ആയിരുന്നു സാധാരണക്കാരൻ്റെ അവസാന പിടിവള്ളി..എന്നാല് അടുത്ത കാലത്ത് നടക്കുന്ന പല സംഭവങ്ങളിൽ നിന്നും വിധികളിൽ നിന്നും കോടതി പോലും അവരെ കൈവിട്ടു എന്ന് തോന്നി പോകും.




പണവും അധികാരവും പല വിധികളും മാറ്റി മറി ക്കുന്നത് അവിശ്വസനീയ മായ രീതിയിൽ വർത്തമാന കാലത്തിൽ നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്..എന്തെങ്കിലും വിമർശനം ചെയ്താൽ കോടതി അലക്ഷ്യമായി കരുതി നടപടികളും എടുക്കുന്നു.അങ്ങിനെ പണത്തിനും അധികാരത്തിനും വഴങ്ങി സാധാരണക്കാരൻ്റെ നീതീ നിഷേധിക്കുന്ന കഥയാണ് ഈ തമിഴു ചിത്രം പറയുന്നത്.




ചുരുങ്ങിയ സമയം മാത്രം സ്ക്രീനിൽ വരുന്ന നാസർ ഒഴിച്ച് ആരെയും അറിയാത്ത ആൾക്കാർക്ക് പോലും വിഷയത്തിൻ്റെ പേരിൽ ഈ ചിത്രം മുഴുവൻ കാണുവാൻ ആഗ്രഹം ഉണ്ടാകും..




ഇസ്തിരി ജോലി ചെയ്തു കുടുംബം നടത്തുന്ന വല്യപ്പൻ ബൈക്ക് വന്നു ഇടിച്ചത് കൊണ്ട് കൈ

 ഒടിയുകയും പിന്നീട് ജോലിക്ക് പോകാൻ പറ്റാതെ ആകുമ്പോൾ നാട്ടുകൂട്ടം നടത്തുന്ന ചർച്ച പരാജയപ്പെടുമ്പോൾ നീതിക്ക് വേണ്ടി കോടതിയെ സമീപിക്കുന്നതും പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങളും മറ്റുമാണ് കഥ. .വല്യപ്പൻ ആയി അഭിനയിച്ച വ്യക്തി അടക്കം അഭിനേതാക്കൾ ഒക്കെ മികച്ചു നിന്ന ചിത്രം ജാതിയിൽ ഉള്ള വേർതിരിവുകൾ കൂടി എങ്ങിനെയൊക്കെ നിയമവും നീതിയും നിഷേധിക്കുവാൻ കാരണമാകും എന്ന് വരെ പറഞ്ഞു വെക്കുന്നുണ്ട്.


പ്ര .മോ.ദി .സം