Friday, December 16, 2022

ഗാട്ടാ ഗുസ്തി

 



പെണ്ണുങ്ങൾ എപ്പൊഴും ആണുങ്ങളുടെ കാൽ കീഴിൽ കഴിയേണ്ടവറ് ആണെന്ന ധാരണ പല പുരുഷന്മാർക്ക് ഇന്നും ഉണ്ട്.അത് കൊണ്ട് തന്നെ പ്രായം,വിദ്യാഭ്യാസം,ജോലി,പണം എന്നിവ അളന്നു തിട്ടപ്പെടുത്തി മാത്രമേ കല്യാണം പോലും കഴിക്കൂ.



അടുക്കള പണിയും വീട്ടു കാര്യങ്ങളും കുഞ്ഞുങ്ങൾ പ്രായമായവർ എന്നിവരുടെ ഒക്കെയും ശുശ്രൂഷ ചെയ്യുവാൻ വേണ്ടി മാത്രമാണ് പെണ്ണുങ്ങളെ സൃഷിച്ചത് എന്നൊരു ചിന്തയും കൂടി വരുന്നതോടെ അവർ രണ്ടാം നിരകാർ ആയിപോകുന്നൂ.




കല്യാണം കഴിച്ചു കഴിഞ്ഞാൽ സ്വന്തം വീട്ടുകാർ പോലും ഭർത്താവിൻ്റെ ഇഷ്ട്ടത്തിന് അനുസരിച്ച് ജീവിക്കുവാൻ പറയുമ്പോൾ അവള് ഒറ്റപ്പെട്ടു പോകുകയാണ്.പിന്നെ അവളുടെ സ്വപ്നങ്ങൾ കുഴിച്ചുമൂടി ശവം പോലെ ഉള്ള ഒരു ജീവിതമാണ്.




എന്നാല് ചിലർ ഒഴുക്കിനെതിരെ നീന്തി പുരുഷന്മാരുടെ തോളോട് ചേർന്ന് നിൽക്കാൻ പ്രയത്നിക്കുന്നൂ.അപ്പോൾ അവൾക്ക് പലതരം പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം..ഭർത്താവിനോട് പോലും "ഗുസ്തി "ചെയ്യേണ്ടി വരും



അങ്ങനെയുള്ള ഒരു സിനിമ അടുത്ത കാലത്ത് മലയാളത്തിൽ സൂപർ ഹിറ്റായത് കൊണ്ട് തന്നെ അതേ പാറ്റേൺ പോലെ തോന്നൂന്ന ഈ ചിത്രം അത്ര ഹൃദ്യം അല്ലാതെ ആയി പോകാം.എങ്കിലും  മുഷിക്കാതെ കാണാൻ പറ്റും.


പ്ര .മോ .ദി. സം

Thursday, December 15, 2022

ഭാരത സർക്കസ്

 



നവോത്ഥാനം അതിൻ്റെ ഏറ്റവും ഉന്നതിയിൽ ആണ് നമ്മുടെ നാട്ടിൽ എന്ന് ഭയങ്കരമായി തള്ളും എങ്കിലും പ്രായോഗികമായി ഇന്നും നമ്മൾ എല്ലാ വിധ അന്ധവിശ്വാസങ്ങളും ജാതി മത മാമൂലുകളും സ്ത്രീ പുരുഷ വേർത്തിരുവുകളും ഉന്നതിയിൽ തന്നെ പിന്തുടരുന്ന നാട് തന്നെയാണ്. 



ഭരണകൂടം തന്നെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്  ചിലർക്ക് മാത്രം നവോത്ഥാനം "സംവരണം "ചെയ്യുമ്പോൾ അസംതൃപ്തരായ ഒരു വിഭാഗം ഉണ്ടാകും. മറ്റുള്ളവർക്ക് നവോത്ഥാനം ഉണ്ടാക്കാൻ തെരുവിൽ ഇറ ങ്ങിയവർ സ്വന്തം കാര്യം വരുമ്പോൾ നാവു അണ്ണാക്കിൽ ഇട്ടു ശരീരം വസ്ത്രങ്ങൾക്കുള്ളിൽ പേടിയോടെ ഒളിച്ചിരിക്കുന്നത് പോലും നമ്മൾ കണ്ടതാണ്.



മതങ്ങൾ തമ്മിൽ എന്തിന്  ഉന്നത ജാതിക്കാരൻ ഒരു ബന്ധം അതിനു താഴെ ഉള്ളവരുമായി അല്ലെങ്കിൽ തിരിച്ചും ഇന്നും കീറാമുട്ടി തന്നെയാണ്.സത്യത്തിൽ ഈ ചിത്രത്തിൽ പറയുന്നത് നമ്മുടെ നാടിൻ്റെ കഥ ആയതുകൊണ്ട് ഭാരത സർക്കസ്സിനെക്കാൾ കേരള സർക്കസ് ആയിരുന്നു നല്ലത്.



സ്വന്തം മകളെ  നശിപ്പിച്ചു ആത്മഹത്യക്ക് പ്രേരിപ്പിച്ച ആളെ കണ്ടുപിടിക്കുവാൻ  പോലീസിനെ സമീപിച്ച അച്ഛന്  ജാതി വർണ്ണം എന്നിവ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും പോലീസ് അധികാരവും മുഷ്ട്ടിയും ജാതിയും  ഉപയോഗിച്ച് കേസുകൾ കളള കേസുകൾ ആക്കി നിരപരാധികളെ പീഡിപ്പിക്കുന്നത് ഒക്കെ ആണ് ചിത്രം പറയുന്നത്.


പോലീസുകാർ എങ്ങിനെ ഒക്കെ കള്ള കേസുകൾ ഉണ്ടാക്കി ഒരു നിരപരാധിയെ പൂട്ടി അധികാരത്തിൽ ഉയർച്ചയും സമൂഹത്തിൻ്റെ മുന്നിൽ മാന്യന്മാരുടെ ആവരണവും അണിയുന്നു എന്നതും ചിത്രം കാണിച്ചുതരുന്നു.ഇതൊക്കെ സമകാലിക സംഭവങ്ങൾ ആയതിനാൽ അവിശ്വസനീയ വുമല്ല



ബിനു പപ്പു എന്ന നടൻ മികച്ച അഭിനയത്തിലൂടെ അച്ഛനായി കസറുമ്പോൾ ഷൈൻ ടോം തൻ്റെ മുൻകാല അഭിനയത്തിൻ്റെ നിഴൽ മാത്രം ആയി പോകുന്നു.പോലീസ് ഓഫീസർ ആയി സംവിധായകൻ നിഷാദ് മികച്ച അഭിനയം കാഴ്ചവെക്കുന്നുണ്ട്..പതിയെ പോയി താളം കണ്ടെത്തുന്ന തിരക്കഥ അധികം ബോർ അടിപ്പിക്കുനില്ല.


പ്ര .മോ .ദി. സം

Wednesday, December 14, 2022

വീകം

 



ഇങ്ങിനെ ഒരു വാക്ക് മലയാളത്തിൽ കേട്ടിട്ടില്ല എന്ന സംശയത്തിൽ പലരോടും ചോദിച്ചു എങ്കിലും വീക്കം ആണോ  എന്നാണ് തിരിച്ചു ചോദിച്ചത്..അവസാനം ഗൂഗിൽ മാമനെ തപ്പിയപ്പോൾ ടൈറ്റിൽ എഴുത്തിൽ തന്നെ കാണിച്ചിട്ടുണ്ട് ബലാലെ എന്ന ഓർമിപ്പിച്ചത്.അതോടെ കാര്യം മനസ്സിലാക്കി.



ഇൻ്റർവ്യൂകൊണ്ട്  പ്രേക്ഷകരെ ഉണ്ടാക്കിയത് കൊണ്ട് മാത്രം വീണ്ടും അഭിനയിക്കാൻ കൂടുതൽ അവസരം ലഭിക്കുന്ന ധ്യാൻ ശ്രീനിവാസൻ, ടിവി താരമായ ഡയിൻ,ഡയാന,ദിനേശ് പ്രഭാകർ,ശീലൂ എബ്രഹാം,ജഗദീഷ് എന്നിവർ കേന്ദ്രകഥാപാത്രമായ ചിത്രം ഒരു സൈക്കോ കൊലയാളിയുടെ കഥ പറയുന്നു.



ഇരട്ട കൊലപാതകം പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വരുന്ന ഫോരൻസിക് വിദ്യാർഥികളുടെ ചെറിയ അശ്രദ്ധ കേസിനെ വഴി തെറ്റിക്കുന്ന അവസ്ഥയിൽ എത്തുന്നു .അവരെ തേടി പോലീസും കൊലയാളിയും സഞ്ചരിക്കുമ്പോൾ കൊലയാളിയെ തേടി അവരും പുറപ്പെടുന്നു.



ദിനേശ് പ്രഭാകർ എന്ന നടൻ ആണ് ത്രൂ ഔട്ട് സിനിമ മുന്നോട്ട് കൊണ്ട് പോകുന്നത്...തന്നെ സ്നേഹിക്കുന്ന ഒരാളുടെ "സ്നേഹം" മറ്റുള്ളവരും പങ്കുവെക്കുന്നു എന്നറിയുമ്പോൾ തകർന്നു പോകുന്ന നിർമല ഹൃദയം ഉള്ള  ഒരാൾക്ക് ആ സ്നേഹം പങ്കുവെക്ക പെടാതിരിക്കാൻ ചെയ്യേണ്ടിവരുന്ന "പൊല്ലാപ്പുകൾ "ആണ് കഥ..ദിനേശ് ശരിക്കും നമ്മളെ ഞെട്ടിക്കുന്നു.



നിർമാതാവ് ആയത് കൊണ്ട് മാത്രം പ്രാധാന്യമുള്ള വേഷം ശീലു വീണ്ടും അഭിനയിച്ചു കുളമാക്കുന്ന കാഴ്ചയും നമ്മൾ കാണേണ്ടി വരുന്നു.ഇനിയെങ്കിലും പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അർഹതപെട്ടവർക്ക് കൊടുക്കണം.


പ്ര .മോ. ദി. സം

Tuesday, December 13, 2022

വിറ്റ്നസ്

 






മലകുഴികൾ ഇന്ന്  നഗരങ്ങളുടെ വലിയ ബാധ്യത തന്നെയാണ്.ഒരു സെപ്റ്റിക് ടാങ്ക് ബ്ലോക്ക് ആയാൽ മതി നഗരത്തിൽ തിങ്ങി നിറഞ്ഞ വീടുകൾക്കും ഫ്ലാറ്റുകൾക്ക് ഒക്കെ പണി കിട്ടും. റോഡുകളിൽ മാലിന്യം അടിയും.


യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് ക്ലീൻ ചെയ്യണം എന്ന് നിർബന്ധം ഉള്ളപ്പോൾ തന്നെ പണത്തിൻ്റെ ലാഭത്തിനു വേണ്ടി


കരാറുകാർ തൊഴിലാളികളെ ഉപയോഗിച്ച് അവരെ മലകുഴികളിൽ ഇറക്കി ക്ലീൻ ചെയ്യിക്കുന്നു.




കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നൂറിൽ പരം പേര് വിഷവാതകം ശ്വസിച്ച്  ചെന്നയിൽ മാത്രം മരിച്ചു എങ്കിലും ഒന്നും നിയമങ്ങൾ നോക്കു കുത്തിയായി നഗരവാസികൾക്ക് വേണ്ടി പണിയെടുക്കുന്നു.




ഇന്ദ്രാണിക്കും പാർത്ഥിപൻ എന്ന മകൻ നഷ്ടപ്പെട്ടത് അയാള് താഴ്ന്ന ജാതിക്കാരൻ ആയത് കൊണ്ടും ഈ തൊഴിൽ എടുക്കുന്നവർ എന്ന് സമൂഹം അടിച്ചേൽപ്പിച്ചു വെച്ചത് കൊണ്ടുമാണ്..


ഇനിയൊരു ആൾക്കും ഈ ഗതി വരാതെ ഇരിക്കുവാൻ ഇന്ദ്രാണിയും തമിഴ്നാട്ടിലെ  "യഥാർത്ഥ" സഖാക്കളും ചേർന്ന് നടത്തുന്ന നിയമ യുദ്ധമാണ് ചിത്രം പറയുന്നത്.


നമ്മുടെ സിസ്റ്റം എങ്ങിനെയൊക്കെ പണക്കർക്കും അധികാരം ഉള്ളവർക്കും വേണ്ടി പ്രവർത്തിക്കുന്നു എന്നും ദീപക് സംവിധാനം ചെയ്ത ചിത്രം പറഞ്ഞു തരും.


പ്ര .മോ .ദി .സം

Saturday, December 10, 2022

ടീച്ചർ

 



മുൻപ് കാലത്തെ അധ്യാപകരെന്ന് പറയുന്നത് വിദ്യാർഥികൾക്ക് ദൈവതുല്യർ ആയിരുന്നു.അല്പം ഭയത്തോടെ അല്ലെങ്കിൽ കൂടുതൽ ബഹുമാനത്തോടെ തിരിച്ചു ആത്മാർഥതയോടെ ,ചെറിയ ശിക്ഷ കൊണ്ടും ശിക്ഷണം കൊണ്ടും മിതമായ വാത്സല്യത്തോടെ പരസ്പരം ഒന്നിച്ചു നീങ്ങിയവർ..എങ്കിലും ചിലർ തല്ല് കൊടുത്ത് കുട്ടികളുടെ "ശാപം" വാങ്ങിയിരുന്നു.



കാലം മാറിയപ്പോൾ അധ്യാപക വൃത്തി എന്നത് പലർക്കും ഒരു ജോലി മാത്രം ആയപ്പോൾ ചിലർക്ക് വാത്സല്യവും ശിക്ഷണവും ആത്മാർഥതയും കുറഞ്ഞു കുറഞ്ഞു വന്നു..ഗുരു ശിക്ഷ്യ ബന്ധങ്ങളിൽ വിള്ളലുകൾ വന്നു.




അധ്യാപകർ ശിക്ഷിച്ചാൽ കോടതിക്ക് വരെ തീർപ്പ് കൽപ്പിക്കുന്ന സ്ഥിതി എത്തി.ചിലർ പരസ്പരം പോരടിച്ചു കൊണ്ടിരുന്നു..അധ്യാപികമാർ പോലും ചില കുട്ടികളുടെ കണ്ണിൽ സ്തീ "ശരീരം" മാത്രമായി.


കുട്ടികളെ വളരെ വാത്സല്യത്തോടെ കണ്ട ഒരു ടീച്ചർക്ക് അവരിൽ നിന്നുണ്ടായ ഒരു അനുഭവം അവരുടെ  ജീവിതം തന്നെ  തുലച്ച് കളഞ്ഞപ്പോൾ അവർ പ്രതികരിക്കുന്നത് ആണ് ചിത്രം പറയുന്നത്..



മഞ്ജുപിള്ള എന്ന നടിയുടെ തുടക്കത്തിലേ പെർഫോർമൻസ് കണ്ടപ്പോൾ പിന്നീട് അങ്ങോട്ട് കിടിലം ആയിരിക്കും എന്ന് കരുതിയെങ്കിലും കൃത്യമായ സ്പേസ് കൊടുക്കാതെ ശക്തമായ കഥാപാത്രത്തെ സൈഡിൽ ഒതുക്കി കളഞ്ഞു.



പല രീതിയിൽ പലപ്പോഴും പല രൂപത്തിൽ വന്ന കഥ ഒന്ന് പൊടി തട്ടി മാറ്റിയ അനുഭവം മാത്രേ ചിത്രം നൽകൂ..വെറും നായകന്മാരുടെ നിഴലായി സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഇല്ലെന്ന് വീമ്പിളക്കിയ അമലപോൾ തള്ളുന്നതിന് മുൻപ് ഒരു ഗൃഹപാഠം ചെയ്യുന്നത് നല്ലതായിരുന്നു.


പ്ര .മോ. ദി .സം

Thursday, December 8, 2022

സൗദി വെള്ളക്ക

 



പതിനൊന്നു മില്ലിയൻ കേസുകൾ കെട്ടികിടക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് ഒരു കേസിൽ പെട്ടുപോകുന്ന ആളുടെ ഗതി എന്ത് എന്ന് സമർത്ഥമായി കാണിക്കുകയാണ് തരുൺ മൂർത്തി എന്ന ജീനിയസ് ആയ സംവിധായകൻ.



സോഷ്യൽ ഡ്രാമ എന്ന പേരിൽ പലരും മലയാളത്തിൽ പല തട്ടിക്കൂട്ട് കോപ്രായങ്ങൾ കാണിച്ചു ചുറ്റുമുള്ളവരെ കൊണ്ടു കയ്യടിപിച്ച് വല്യ സംഭവം ആക്കുമ്പോൾ എന്താണ് അത് എന്ന് കൃത്യമായി കാണിക്കുന്നു ഈ സിനിമ.



ചെറുപ്പകാലത്ത് അഭിലാഷ് എന്ന കുട്ടിയുമായി ബന്ധപ്പെട്ട് നടന്ന കേസ് പത്ത് പതിമൂന്ന് കൊല്ലം അയാളെയും കുടുംബത്തെയും അയൽകാരെയും എങ്ങിനെയൊക്കെ ബാധിക്കുന്നു എന്നും അത് കൊണ്ടുണ്ടാകുന്ന വിഷമതകളും പ്രശ്നങ്ങളും കൃത്യമായി വരച്ചു കാട്ടുന്നു.




ഇതിൽ പ്രധാന കഥാപാത്രം ആയി അഭിനയിച്ച ഒരു" ഉമ്മ "ഉണ്ട്. അവരുടേതായ പരിമിതികൾ പുറത്ത് കാണിക്കാതെ നമ്മളെ അവർ ഞെട്ടിക്കുന്നു സ്വാഭാവിക അഭിനയ മുഹൂർത്തം കൊണ്ട്..




മഹേഷിൻ്റെ പ്രതികാരത്തിൽ വില്ലനായ നടൻ ഇതിൽ അഭിനയം കൊണ്ട് നമ്മളിൽ അസൂയ വളർത്തും. പിന്നെ എടുത്ത് പറയേണ്ടത് ബിനു പപ്പൻ...പോലീസ് വേഷങ്ങളിൽ അധികവും കണ്ട നടൻ്റെ കിടിലൻ പെർഫർമൻസ്.വെറും ഒന്നോ രണ്ടോ സീനിൽ വരുന്നവരെ വരെ മാക്സിമം അഭിനയിപ്പിച്ച് വിടുന്നത് സംവിധായകൻ്റെ സാമർത്ഥ്യം.




ഉള്ളിൽ തട്ടുന്ന കുറെ മുഹൂർത്തങ്ങളും സംഭാഷണങ്ങൾ കൊണ്ടും നിറഞ്ഞു നിൽക്കുന്ന ഈ കൊച്ചുചിത്രം എല്ലാവരെയും നല്ലപോലെ രസിപ്പിക്കും.അടുത്തടുത്ത് മലയാളത്തിൽ  "വല്യ ആൾകാർ ഇറക്കിയ കുറെ ചവറുകൾക്ക് പ്രേക്ഷകരോട് പുതിയ തലമുറയുടെ ഒരു പ്രായശ്ചിത്തം.


പ്ര .മോ. ദി .സം

Wednesday, December 7, 2022

സിനം

 



അരുൺ വിജയ് കഴിവുണ്ടായിട്ടും കൃത്യമായി ഒരിടം തമിൾ സിനിമയിൽ ഇനിയും ലഭിക്കാത്ത നടനാണ്. അജിത്ത്,വിജയ് ടൈപ്പ് സിനിമകൾ ചെയ്യുന്നു എങ്കിലും അവരോളം വളരാൻ എന്തോ അരുണിന് കഴിഞ്ഞിട്ടില്ല.



ഈ വർഷം തന്നെ മൂന്നോളം വ്യതസ്ത ചിത്രങ്ങൾ വന്നു നല്ല പ്രശംസ കിട്ടിയെങ്കിലും  ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ട്ടിക്കുവാൻ കഴിഞ്ഞിട്ടില്ല..അച്ഛൻ വിജയകുമാർ അറിയപ്പെടുന്ന തമിഴിൽ ഒരുകാലത്ത് അത്യാവശ്യം വേണ്ട  നടൻ ആയിരുന്നിട്ടും അതുപയോഗപ്പെത്തുവാൻ കഴിഞ്ഞിട്ടില്ല.



സിനം പുതുമയൊന്നും ഇല്ലാത്ത സാധാരണ ചിത്രമാണ്..ഒരു പോലീസ് ഓഫീസറുടെ ജീവിതത്തിൽ നടക്കുന്ന ഒരു ദുരന്തം അയാള് അന്വേഷിച്ചു സത്യം കണ്ടെത്തുന്ന പലപ്പോഴും നമ്മൾ കണ്ടു മടുത്ത തീം..




നമ്മളെ പിടിച്ചിരുത്തുന്ന ട്വിസ്റ്റ് ഇല്ല, പാടി നോക്കാം എന്ന്  തോന്നുന്ന പാട്ടുകൾ ഇല്ല,ചിരിപ്പിക്കാൻ ആരും ഇല്ല എന്തിന് ഞെട്ടിപ്പിക്കുന്ന അടിപിടി  പോലും ഇല്ല.ആകെ  ഉള്ളത് അരുൺ നടത്തുന്ന ചില പ്രകടനങ്ങൾ മാത്രം.


പ്ര .മോ .ദി .സം

Saturday, December 3, 2022

പടച്ചോനെ ഇങ്ങള് കാത്തോളീ..

 





നമ്മുടെ നാട്ടിൽ കുറെ നിരീശ്വരവാദികളും യുക്തിവാദികളും ഉണ്ട്..ജനങ്ങൾക്ക് മുന്നിൽ അവർക്ക് അന്ധമായ വിശ്വാസവും  പ്രവർത്തികളും ഇല്ല എങ്കിലും ഉള്ളിൻ്റെ ഉള്ളിൽ ഏതെങ്കിലും സ്രഷ്ടാവിനെ ഭയമായിരിക്കും.



അതുകൊണ്ട് തന്നെ അവർക്കു എപ്പോഴെങ്കിലും പ്രശ്നം വരുമ്പോൾ പാത്തും പതുങ്ങിയും പ്രാർത്ഥനയും പൂജയും തുടങ്ങി അന്ധവിശ്വാസത്തിൻ്റെ മാറാല മാറ്റി പതിയെ ഉള്ളിലേക്ക് കയറും.അല്ലെങ്കിൽ വിശ്വാസികൾ അവനെ വിശ്വസിപ്പിച്ചു പലതും ചെയ്യിക്കും.ഇവിടെ സഖാവ് ദിനേശൻ മാഷ്ക്ക് പ്രതിസന്ധി വന്നപ്പോൾ അയാൾക്ക് ഭക്തിയും വിശ്വാസവും  ഉണ്ടാവുന്നു.



ഈ സിനിമ സഖാക്കളേ അപമാനിക്കാൻ ആണോ അതോ അനുകൂലിക്ക്വാൻ ആണോ എന്നൊരു ചെറിയ കൺഫ്യൂഷൻ നിലനിർത്തുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.സത്യം പറഞ്ഞാൽ പറഞ്ഞത് ഒക്കെ കിറുകൃത്യമാണ്..രണ്ടു രാഷ്ട്രീയ വിഭാഗത്തെയും ശരിക്ക് ട്രോളി കൊല്ലുന്നുണ്ട്.



രാഷ്ട്രീയ പകപോക്കൽ തുടരെ നടക്കുന്ന കണ്ണൂരിൻ്റെ മണ്ണിലൂടെ ആയതുകൊണ്ട് വിശ്വാസ യോഗ്യമായ കഥ പറഞ്ഞിട്ടുണ്ട്..എങ്കിലും ചില ഫാൻ്റസി കൂടി കൂട്ടി ചേർത്ത് പറഞ്ഞതുകൊണ്ട് ആർക്കും പ്രശ്നം ഉണ്ടാകില്ല.



ശരിക്കും നല്ലൊരു തീം ആയിരുന്നു.. നല്ല രീതിയിൽ പറഞ്ഞു സിനിമക്ക് വളരെ നല്ല രീതിയിൽ   ഉപയോഗിക്കാൻ പറ്റുമായിരുന്നു..പക്ഷേ പേര് അടക്കം  ഇത്തരം ചിത്രത്തിന് അനുയോജ്യമായ് തോന്നുന്നില്ല.കുറച്ചു കൂടി പക്ക കാസ്റ്റിംഗ് നടത്തി കുറെ രംഗങ്ങൾ വെട്ടി ഒതുക്കി കുറച്ചു ഗൗരവത്തിൽ  നന്നായി പറഞ്ഞു എങ്കിൽ ചിത്രത്തിന് നല്ല റിസൽറ്റ് കിട്ടിയേനെ...


പ്ര .മോ .ദി. സം

Friday, December 2, 2022

ഗോൾഡ്

 



ഈ സിനിമ ഗോൾഡ് അല്ല  സ്വർണം എന്ന പേരിൽ ആൾക്കാരെ പറ്റിക്കുന്ന മുക്ക് പണ്ടമാണ്..ഒരു സിനിമ എടു ക്കുന്നതിന് മുൻപ് രണ്ടു വട്ടം ആലോചിക്കാൻ സമയം കണ്ടെത്തണം..പിന്നെ എടുത്ത് കഴിഞ്ഞാൽ ഒന്നുകൂടി കണ്ടു എഡിറ്റ് ടേബിളിൽ വെച്ച് ഉറപ്പിക്കണം ഏതൊക്കെ വേണം വേണ്ട എന്ന്...അതോ വേണ്ട എന്ന് വെക്കണമോ എന്നും...



അൽഫോൻസ് പുത്രൻ എന്ന സംവിധായകന് ധാരാളം സമയം ഉണ്ടായിരുന്നു..പ്രേമം കഴിഞ്ഞു ഏഴ് വർഷം കഴിഞ്ഞാണ് ഇത് ചെയ്യുന്നത്.. ആലോചിക്കുവാനും മാറ്റി എഴുതുവാനും വേണ്ടെന്ന് വെക്കാനും ഒക്കെ എത്രയോ സമയം..പക്ഷേ തൻ്റെ പേരും,പൃഥ്വിരാജ്,നയൻതാര എന്നിവരുടെ സ്റ്റാർഡം ആവുമ്പോൾ ജനങ്ങൾ അങ്  ഇഷ്ട്ടപെട്ടു ഹിറ്റായി മാറ്റും എന്ന് കരുതിയോ?



സത്യത്തിൽ നയൻ ഈ ചിത്രത്തിൽ എന്തിനായിരുന്നു? അല്ലെങ്കിൽ നയൻ എന്തിനാണ് ഇത് പോലെ ഒരു.പ്രാധാന്യവും ഇല്ലാത്ത ചിത്രത്തിൽ അഭിനയിച്ചത്.? പൃഥ്വിയുടെ സീൻ ഇല്ലാത്ത കുറച്ചു രംഗങ്ങൾ മാത്രമുള്ള ഈ സിനിമയുടെ ലോ ജിക് എന്താണ്?



രണ്ടേ മുക്കാലോളം മണിക്കൂർ എന്തിനാണ്  പ്രേക്ഷകരെ ഇങ്ങിനെ ബോറടിപ്പിച്ച് കൊല്ലുന്നതു? ഇതിൽ കഥാപാത്രങ്ങൾ മുഴുവൻ പൊട്ടൻ മാർ ആണോ? പോലീസും ഗുണ്ടകളും ക്വട്ടേഷൻ ടീമും അങ്ങിനെ മൊത്തം പൊട്ടൻമാർ ആയ ഒരു സിനിമ..പിന്നീട്  കണ്ടിറങ്ങുന്ന നമ്മളെയും ആ ഗണത്തിൽപെടുത്തി....കോടികളുടെ സ്വർണം കാണാതെ പോയിട്ട് ഒരു പ്രശ്നവും ഇല്ലെന്ന് പറയുന്ന മുതലാളി എവിടെയാണ്?




ഒരു കോമിക് രൂപത്തിൽ കാർട്ടൂൺ ആക്കി ഈ സിനിമ ഉണ്ടാക്കിയിരുന്നു എങ്കിൽ എട്ടും പൊട്ടും തിരിയാത്ത പിള്ളേർ എങ്കിലും ചിരിച്ചേനെ...അല്ലാതെ മുതിർന്നവരെ പറ്റിക്കാൻ നടക്കരുത്..ഒന്ന് രണ്ടു ചക്ക വീണു മുയൽ ചത്തു എന്ന് കരുതി സ്വർണം വീണു മുയൽ ചാകും എന്ന് കരുതരുത്.


പ്ര .മോ. ദി .സം