Monday, October 27, 2014

പിശുക്കനായ "അച്ഛന്‍ "



“അങ്കിളേ ..അങ്കിളിനെ പോലെയല്ല അച്ഛന്‍ ...മഹാ പിശുക്കനാ ..അങ്കിളും അച്ഛനും ജോലി ചെയ്യുന്നത് ഒരേ ഓഫീസില്‍ ..അച്ഛന്‍ ആണെങ്കില്‍  അങ്കിളിന്‍റെ ബോസ്.. എന്നിട്ടും അച്ഛന്‍  ഇപ്പോഴും ഉപയോഗിക്കുന്നത്  പഴയ മാരുതി800 കാര്‍ , ഫോണ്‍  ആണെങ്കില്‍  ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്  ,ബ്രാന്‍ഡ്‌  സാധനങ്ങള്‍  ഉപയോഗിക്കുകയേ ഇല്ല. ഡ്രസ്സ്‌  പോലും  മെറ്റീരിയല്‍ വാങ്ങി സ്റ്റിച്ച് ചെയ്യും  അതും പഴയ സ്റ്റൈലില്‍ ...ലഞ്ച്  ആണെങ്കില്‍  ഇവിടുന്നു പാക്ക്  ചെയ്തു   കൊണ്ടും പോകും.. എന്തിനു പറയുന്നു  ഞങ്ങളെയൊക്കെ പുറത്തു കൊണ്ടുപോയി ഹോട്ടെലില്‍   നിന്ന് ഒരു നേരം ഭക്ഷണം കൂടി വാങ്ങി തരില്ല ..അത്രക്ക്  പിശുക്കനാ ”


ഞാന്‍ വന്ന ഹ്യുണ്ടായി കാറും ,ഉപയോഗിക്കുന്ന സ്മാര്‍ട്ട്  ഫോണും ,ഇട്ടിരിക്കുന്ന ബ്രാന്‍ഡ്‌ ഐറ്റം വസ്ത്രങ്ങളും കണ്ടിട്ടാണ് അവന്‍റെ വിമര്‍ശനം...ഞാന്‍ ഒന്നും മിണ്ടിയില്ല .ചര്‍ച്ച വഴി തിരിച്ചു വിട്ടു .ബോസിനെ കുറിച്ച്  അവരുടെ മോനോട്  അഭിപ്രായം പറയുന്നത്  ശരിയല്ലല്ലോ .

“മോന്‍റെ പഠിത്തം  എന്ന് കഴിയും ?’

“ഇത്  ലാസ്റ്റ്‌ ഇയറാ “

“അപ്പൊ അടുത്ത കൊല്ലം ഈ വീട്ടില്‍ ഒരു ഡോക്ടര്‍  ഉണ്ടാകും എന്നര്‍ത്ഥം “

അവന്‍  ഗമയോടെ ചിരിച്ചു കൊണ്ട്  തലയാട്ടി .

“എങ്ങിനെയാണ് കോളേജില്‍  പോകുന്നത് ?”ബസ്സിലാ ..?”

“അല്ല  ബൈക്കിലാ ..അങ്കിള്‍  കണ്ടില്ലേ  പുറത്തു ഒരു പള്‍സര്‍ ..അത് എന്‍റെതാ ..ഈ ബസ്സില്‍ ഒക്കെ പോയി  അവിടെയെത്തലും തിരികെ വരവും  ഒക്കെ  ഒരു ചടങ്ങാ ...അത് കൊണ്ട്  രണ്ടാമത്തെ വര്‍ഷംതന്നെ അച്ഛന്‍ ഒരു ബൈക്ക് വാങ്ങി തന്നു.”

“ഭക്ഷണമൊക്കെ കൊണ്ട് പോകുമോ ..”

“ ഹേയി ..ഇല്ല ..കാന്‍റീന്‍ ഉണ്ട്  അവിടുന്ന്  കഴിക്കും ..ബൈക്ക്  ഉള്ളത് കൊണ്ട്  അധികവും പുറത്തു നല്ല  ഫുഡ്‌  തേടി പോകും .”

പെട്ടെന്ന് അവന്‍റെ ഫോണ്‍ റിങ്ങ് ചെയ്തു ..സംസാരിച്ചു തീര്‍ന്നപ്പോള്‍  ചോദിച്ചു 

“മോന്‍റെ ഫോണ്‍  ഏതാ ..ഇതൊരു  കിടിലന്‍  ആണല്ലോ ?’

‘ഇത് ഗാലക്സി   ഫോര്‍ ...കഴിഞ്ഞ ബര്‍ത്ത്ഡേ ക്ക്  അച്ഛന്‍റെ ഗിഫ്റ്റ്  .”


അച്ഛന്‍റെ  ആഗമനം കണ്ടോ എന്തോ അവന്‍  സംസാരം നിര്‍ത്തി  അകത്തേക്ക്  പോയി.

ഈ കുടുംബത്തെ വളരെകാലമായി  അറിയാം .വീട്ടമ്മയായ ഭാര്യയും  ,രണ്ടു കുട്ടികളും..ഇരുവരും   ഉന്നത വിദ്യാഭ്യാസം നേടുന്നു .എന്നിട്ടും എനിക്ക് മനസ്സിലായില്ല ഇത്രയൊക്കെ അവനു ചെയ്തു കൊടുത്തിട്ടും അവന്‍റെ അച്ഛന്‍ എങ്ങിനെ അവനു “പിശുക്കന്‍ “ ആയി എന്ന് ..

“പലപ്പോഴും തിരിച്ചറിയപ്പെടാത്ത ,കൊട്ടിഘോഷിക്കപെടാത്ത നിശബ്ദസ്നേഹമാണ്  അച്ഛന്‍..ആ സ്നേഹം  മനസ്സില്‍ കിടന്നങ്ങിനെ  വിങ്ങും ..പലപ്പോഴും  പുറത്തുവരാതെ ... “

ആരോ പറഞ്ഞത്  എത്ര ശരിയാണെന്ന്  തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ ..

കഥ : പ്രമോദ്‌ കുമാര്‍.കെ.പി 

ചിത്രങ്ങള്‍  :കേരള വാട്ടര്‍ കളര്‍ സോസെറ്റി

6 comments:

  1. പണവും,പ്രതാപവുമുള്ള അച്ഛന്‍റെ മകന്‍ ആ നിലയില്‍ പ്രതാപത്തോടെ ജീവിക്കണം,അതാണ്‌ അച്ഛന്‍റെ ചിന്ത.
    മകനറിയില്ലല്ലോ അച്ഛന്‍റെ അച്ഛന്‍ പണക്കാരനായിരുന്നില്ലെന്ന്..........!
    ആശംസകള്‍

    ReplyDelete
    Replies
    1. അച്ഛന്റെ സ്നേഹം പലപ്പോഴും മക്കള്‍ കാണുനില്ല .നല്ല ഒരു അമ്മയ്ക്ക് അത് മനസ്സിലാക്കി കൊടുക്കുവാന്‍ കഴിയും ..പലപ്പോഴും അമ്മയെന്ന സ്നേഹ പ്രപഞ്ചത്തിനുമുന്നില്‍ അച്ഛന്റെ സ്നേഹം മരഞ്ഞുപോകുന്നു

      പല അച്ചന്മാരും ഇങ്ങിനാണ് ..സമൂഹത്തിനു മുന്നില്‍ പിശുക്ക് കാട്ടി തന്റെ കുടുംബത്തിനെ സന്തോഷം ഇഷ്ട്ടപെടുന്നു...ഓണത്തിനും പെരുന്നാളിനും പ്രവാസകാലത്ത് ആഘോഷിക്കാതെ നാട്ടില്‍ മക്കള്‍ക്ക്‌ ഉടുപ്പും നല്ല ഭക്ഷണവും ആഗ്രഹിക്കുന്ന കുറെ അച്ഛന്മാര്‍ ....മക്കള്‍ സുഖമാണോ എന്ന് ചോദിക്കുമ്പോള്‍ പലപ്പോഴും "സുഖം " എന്ന് കള്ളം പറയുന്ന നമ്മള്‍

      Delete
  2. പലപ്പോഴും തിരിച്ചറിയപ്പെടാത്ത ,കൊട്ടിഘോഷിക്കപെടാത്ത നിശബ്ദസ്നേഹമാണ്  അച്ഛന്‍..

    ReplyDelete
  3. മക്കള്‍ക്ക് എല്ലാ സുഖ സൌകര്യങ്ങളും ഉണ്ടാക്കി കൊടുക്കുന്നതിന്റെ ഭാഗ്യമായി സ്വന്തം ആഗ്രഹങ്ങള്‍ മാറ്റിവെച്ചതാകാം......അങ്ങനെയാകാനേ വഴിയുള്ളൂ...

    ReplyDelete
    Replies
    1. അതെ അതുതന്നെയാണ് സത്യവും ...മനസ്സിലാക്കാതെ പോകുന്ന സ്നേഹം

      Delete