Friday, October 24, 2014

നനഞ്ഞ പടക്കങ്ങള്‍

നാട്  മുഴുവന്‍  ദീപാവലി ആഘോഷത്തില്‍  ആണ് .സൈഡ് സീറ്റ്‌  ആയത് കൊണ്ട്  ആകാശത്തു വിടരുന്ന വര്‍ണ്ണവും ഭൂമിയില്‍  കത്തുന്നതും പൊട്ടി തെറിക്കുന്നതുമൊക്കെ  അയാള്‍ കണ്ടുകൊണ്ടിരുന്നു.  ഏതോ  പട്ടണം അടുത്തിരിക്കാം . ബസ്സിന്റെ  സ്പീഡ്‌  കുറഞ്ഞു .. പടക്കങ്ങളുടെ ഒച്ചയും അതിന്‍റെ രൂക്ഷഗന്ധവും   ബസ്സിനുള്ളിലേക്കും കടന്നു  വന്നു തുടങ്ങി.മറ്റു പലര്‍ക്കും അത്  ഉറക്കത്തിനു അസ്വസ്ഥത  ഉണ്ടാക്കിയെങ്കിലും അയാള്‍ക്കതു  പ്രതേകിച്ചു വലിയ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല  വിഷമവും തോന്നിച്ചില്ല ....എല്ലാവരെയും പോലെ ബസ്സില്‍  അയാള്‍ക്ക്‌ ഉറങ്ങുവാന്‍ പറ്റിയില്ല ..ഉറക്കം മുന്‍പേ തന്നെ അയാളെ  കൈവിട്ടിരുന്നു.എങ്ങിനെ എങ്കിലും വീട്ടില്‍  എത്തിച്ചേര്‍ന്നാല്‍ മതിയായിരുന്നു അയാള്‍ക്ക്‌...കയ്യിലെ പൊതി അയാള്‍  നെഞ്ചോടു ചേര്‍ത്തു പിടിച്ചു .


എല്ലാ ദീപാവലിക്കും അയാളുടെ  അവസ്ഥ ഇങ്ങിനാണ് ...ദീപാവലിയുടെ  തലേദിവസം അര്‍ദ്ധരാത്രി വരെ പിടിപ്പതു ജോലിയായിരിക്കും ..അത് കൊണ്ട് തന്നെ ഒരിക്കലും ദീപാവലി ദിവസമല്ലാതെ  വീട്ടില്‍ എത്തുവാന്‍ കഴിയാറില്ല ...മുതലാളിയെ പറഞ്ഞിട്ടും കാര്യമില്ല ..ആണ്ടില്‍  കിട്ടുന്ന ഈ കച്ചവടമാണ്  അയാളുടെ  സ്ഥാപനത്തെ  തന്നെ നിലനിര്‍ത്തുന്നത് ..ഇനി കുറച്ചുകാലം  വലിയ തിരക്ക് കാണില്ല   പണിയും .  ..കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍  വീണ്ടും പഴയപടി 

...ഈ ഉത്സവ സീസണിലാണ് ആണ്  എല്ലാവരും പണം വാരുന്നത്..മുതലാളിയായാലും തൊഴിലാളിയായാലും .അതുകൊണ്ട് തന്നെ ബോണസ്‌ ആയും അലവന്‍സ് ആയും ഓവര്‍ ടൈം ആയുമൊക്കെ കുറെയേറെ പണം കയ്യില്‍ വരും ...അത് കൊണ്ട് തന്നെ എന്തും സഹിച്ചു  എല്ലാവരും അവിടെ തന്നെ തങ്ങും.


അയാള്‍ വാച്ചിലേക്ക് നോക്കി ...സമയം മൂന്നുമണി  ..ഇനിയുമുണ്ട്  രണ്ടുരണ്ടര മണികൂര്‍ യാത്ര ..നാടും വീടും വിട്ടു  ചെറുപ്പത്തിലെ പോന്നതാണ്  ഈ നാട്ടില്‍ ..അതോടെ ഓണവും വിഷുവും മറന്നു .ദീപാവലിയും  പൊങ്കലും   ജീവിതത്തില്‍  ഇടം നേടി .കഴിയാവുന്ന പല ജോലികളും ചെയ്തു .. സ്വന്തമായി കുറച്ചു ഭൂമിയും വീടും ഉണ്ടാക്കി. സ്വയം പ്രയത്നത്തില്‍  അത്രയൊക്കെ ആയപ്പോള്‍ തനിക്ക്  പെണ്ണ് തരുവാനും  ഈ നാട്ടില്‍ ആളുണ്ടായി...ഓരോരോ സന്ദര്‍ഭങ്ങളില്‍  ജോലി മാറി മാറി വന്നു ..ഇപ്പോള്‍ കുറച്ചായി  വീട്ടില്‍  നിന്നും അകലെയുള്ള സ്ഥലത്താണ് പണി..ആഴ്ച്ചക്കോ രണ്ടാഴ്ച കൂടുമ്പോഴോ ചെല്ലും ...പക്ഷെ സീസണില്‍ അത്  മാസങ്ങള്‍ ആകും.എപ്പോള്‍ മൂന്നുമാസം കഴിഞ്ഞുള്ള യാത്രയാണ് .

തണുത്ത കാറ്റ്  തഴുകിയപ്പോള്‍  അയാളുടെ കണ്ണുകള്‍ അടഞ്ഞു ..ഭാര്യയു ടെയും മക്കളുടെയും   ദീപാവലി ആഘോഷം അയാള്‍ സ്വപ്നത്തില്‍  കണ്ടു.താന്‍  വാങ്ങി കൊണ്ട്ചെന്ന പുത്തന്‍ ഉടുപ്പുകളിട്ടു  പടക്കങ്ങള്‍ പൊട്ടിച്ചും ,കത്തിച്ചും കുട്ടികള്‍ സന്തോഷിക്കുന്നു..,.പെട്ടെന്ന്  സീന്‍  മാറി മറിഞ്ഞു .എന്തോ ഭീകരമായ ഒരു ശബ്ദം ...കുറച്ചു സമയത്തേക്ക്  ചുറ്റിലും ഇരുട്ടും പുകയും മാത്രം .എന്തോ ദേഹത്ത് വന്നു  പതിച്ചിരിക്കുന്നു ..ആ ഭാഗത്ത്‌ വല്ലാത്ത ഒരു ചൂട് അനുഭവപ്പെട്ടു .ശരീരത്തിലൂടെ  എന്തോ ഒഴുകി പോയി .അയാള്‍  ശബ്ദം കേട്ട   സ്ഥലത്തേക്ക് ഓടി ...പിറകെ കുറെയാളുകളും അവിടെ  അവര്‍ കണ്ടത് ഭീകരമായ  ദൃശ്യങ്ങള്‍ .   ചിന്നി  തെറിക്കുന്ന  മാംസകഷ്ണങ്ങള്‍ ...അട്ടഹാസങ്ങള്‍ ...  ദീനരോദനങ്ങള്‍  ...ജീവനുവേണ്ടിയുള്ള ആര്‍ത്തനാദങ്ങള്‍ ..പാതി കത്തുന്ന ദേഹവുമായി  ജീവനുവേണ്ടി  മല്ലിടുന്ന  കുറേപേര്‍ .....രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആളുകള്‍ ഓടി കൂടുന്നു ......വാഹനങ്ങള്‍  ചീറി പാഞ്ഞു ..പെട്ടെന്ന് ഒരു തീനാളം അയാളിലേക്ക് പതിച്ചു 

‘അമ്മേ ..’ എന്ന് വിളിച്ചു അയാള്‍ ഞെട്ടി ഉണര്‍ന്നു ....ബസ്സിലെ പലരും ശബ്ദം  കേട്ട് ഞെട്ടി  ഉണര്‍ന്നു...ഉറക്കം നഷ്ട്ടപെടുത്തിയവനെ   രൂക്ഷമായി നോക്കി  അവര്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതി..

വീട്ടിലേക്കു കയറി ചെല്ലുമ്പോള്‍  നേരം വെളുത്തിരുന്നു.കണ്ടപാടെ ഭാര്യ വന്നു പൊട്ടി കരഞ്ഞുകൊണ്ട് കെട്ടി പിടിച്ചു..ശരീരത്തിലെ ഓരോ സ്ഥലവും അവള്‍ പരിശോധിച്ച്  കൊണ്ടിരുന്നു.തനിക്കൊന്നും പറ്റിയിട്ടില്ല എന്ന്  പലതവണ ഉരുവിട്ടിട്ടും അവളതു ചെവികൊണ്ടില്ല .എല്ലാം പരിശോധിച്ച് ഉറപ്പു വരുത്തുകയായിരുന്നു അവള്‍ ..അമ്മയുടെ കരച്ചില്‍ കേട്ടതുകൊണ്ടാവും   മക്കളും എഴുനേറ്റു..അവരും വന്നു അയാളെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടിരുന്നു.

താന്‍ കൊണ്ടുവന്ന പൊതി അയാള്‍ മക്കളെ ഏല്‍പ്പിച്ചു. പുതു വസ്ത്രങ്ങളും മധുര പലഹാരങ്ങളും എടുത്തു കട്ടിലില്‍  വെച്ച്  കവര്‍ മടക്കി  അവര്‍ പുറത്തേക്ക് നടന്നു ..പടക്കം  പൊട്ടിക്കുവാന്‍  പോയതാവും .താന്‍  വന്നാലെ അവര്‍ക്ക് പടക്കം  കിട്ടൂ ..കുറെയായി  അതാണല്ലോ  പതിവ്.പക്ഷെ പുറത്തു  നിന്നും ശബ്ദം ഒന്നും കേട്ടില്ല .  എഴുനേറ്റു പുറത്തുപോയി നോക്കുമ്പോള്‍  രണ്ടുപേരും  തിരിച്ചു കയറുന്നു

“എന്താ മക്കളെ പടക്കം പൊട്ടിച്ചില്ലേ ? ...”

രണ്ടുപേരും വലിയ വായില്‍  കരഞ്ഞുകൊണ്ട് പറഞ്ഞു ..

”അപ്പയുടെ   ജീവന്‍ പണയപ്പെടുത്തി ഉണ്ടാക്കുന്ന പടക്കം പൊട്ടിച്ചു  നമ്മള്‍ എങ്ങിനെയാ സന്തോഷിക്കുക ..”

അയാള്‍ അവരെ ചേര്‍ത്തു പിടിച്ചു.



അയാളുടെ മനസ്സില്‍ രണ്ടു  ദിവസം  മുന്‍പ് കണ്ട  ഭീകര ദൃശ്യം മായാതെ കിടന്നു..തൊട്ടപ്പുറത്തെ പടക്കനിര്‍മാണ ശാലയാണ്  കത്തിയമര്‍ന്നത്...രണ്ടു മൂന്നു പേര്   അപ്പോള്‍ തന്നെ പോയി...പത്തു പതിനഞ്ചു പേര്‍    ഇപ്പോഴും ആശുപത്രിയിലുണ്ട് ...പകല്‍ സമയം ആയിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം  പെട്ടെന്ന് തുടങ്ങി .അത് കൊണ്ട് തന്നെ  മരണസംഖ്യ കുറഞ്ഞു  .വേഗം തീ അണക്കുവാന്‍  കഴിഞ്ഞത് കൊണ്ട്  അടുത്തുള്ള മറ്റു പടക്ക നിര്‍മാണ സ്ഥാപനങ്ങള്‍ക്ക്  തീ പിടിച്ചില്ല ..അഥവാ ത്തെ പടര്‍ന്നുവെങ്കില്‍  ..?അയാള്‍ ഭയത്തോടെ കണ്ണുകളടച്ചു..

തമ്മില്‍ ദിവസവും കാണുന്നവരാണ് കത്തിയമര്‍ന്നത്‌ ..അന്നത്തെ  ഒരു ദിവസത്തിനു  ശേഷം എല്ലാം പഴയപടി..പണത്തിനു മുന്നില്‍ നിയമവും ബന്ധുക്കളും ഒക്കെ കീഴടങ്ങുന്നത് അയാള്‍ കണ്ടു .സീസണ്‍ കച്ചവടം പോകാതിരിക്കുവാന്‍  എല്ലാ മുതലാളിമാരും ഒത്തുചേര്‍ന്നു..ജീവന്‍ പണയം വെച്ചുകൊണ്ട് കുറേപേര്‍  വീണ്ടും പണി തുടങ്ങി...മണിക്കൂറുകള്‍  കൊണ്ട് എല്ലാവരും എല്ലാം  മറന്നു തുടങ്ങിയിരുന്നു.ആര്‍ക്കും ആരോടും ബാധ്യതയില്ല  സഹതാപം മാത്രം ചിലപ്പോള്‍ ഉണര്‍ന്നു  ..പണം എന്നും മുന്നില്‍ തന്നെ  നില്‍ക്കുന്നു മനുഷ്യന്‍റെ  ജീവനേക്കാള്‍  തലയുയര്‍ത്തി.....

എന്നിട്ടും പുറത്തു  കെട്ടികിടന്ന ചളി വെള്ളത്തില്‍  മക്കള്‍   ഉപേക്ഷിച്ച പടക്കം കണ്ടപ്പോള്‍ അയാള്‍ക്ക്‌ മനം നൊന്തു .ഞാനടക്കം പലരും ജീവന് പണയം വെച്ചുണ്ടാക്കിയത് തന്റെ മക്കള്‍  നശിപ്പിചിരിക്കുന്നു  ..കുറെയേറെപേരുടെ പ്രയത്നം അതിന്‍റെ  കര്‍മ്മം  നിര്‍വഹിക്കുവാന്‍   വിടാതെ  അവര്‍ നശിപ്പിച്ചു   കളഞ്ഞു  . .. അപ്പോഴും അയാള്‍  തന്‍റെ തൊഴിലിലെ  മഹത്വം  മാത്രം കാണുകയായിരുന്നു ..അതിലെ   നഷ്ട്ടങ്ങള്‍ മാത്രം വിലയിരുത്തുകയായിരുന്നു..

ആയിരം പേര്‍  പൊട്ടി ചിതറി  മരിച്ചാലും വീണ്ടു വീണ്ടും പടക്കത്തിന്‍റെ  ശബ്ദങ്ങളും വര്‍ണങ്ങളും  കൂടുതല്‍ കൂടുതല്‍ വേണമെന്ന് വാശിപിടിക്കുന്ന സമൂഹം ...അവരാണല്ലോ ഈ തൊഴിലിന്‍റെ  അനുഗ്രഹവും ശാപവും .എന്തൊക്കെയോ  ആലോചിച്ചു അയാള്‍  നെടുവീര്‍പ്പിട്ടു ...പുറത്തു അപ്പോഴും പടക്കങ്ങള്‍  വലിയ ശബ്ദത്തോടെ  പൊട്ടിചിതറിക്കൊണ്ടിരുന്നു

കഥ :പ്രമോദ്‌ കുമാര്‍ .കെ.പി
ചിത്രങ്ങള്‍ : കേരള വാട്ടര്‍കളര്‍ സോസെറ്റി



11 comments:

  1. ആഗ്രഹങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അപകടവും വിടാതെ പിടികൂടുന്നു. അത് കഴിഞ്ഞാല്‍ ബാക്കിയുള്ളവര്‍ എല്ലാം മറന്ന് പഴയപടി ജീവിതം തുടരുന്നു.

    ReplyDelete
    Replies
    1. ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനിക്കില്ല അത് കൊണ്ട് അപകടവും തുടര്കഥയായി ഉണ്ടാവും

      Delete
  2. മരിച്ചവര്‍ക്ക് മാത്രമാണ് നഷ്ട്ടം!..rr

    ReplyDelete
    Replies
    1. മുന്‍പ് ആ കുടുംബത്തിനും കൂടി ആയിരുന്നു ..ഇപ്പോള്‍ വിലപെശാലാനല്ലോ ..

      Delete
  3. This comment has been removed by the author.

    ReplyDelete
  4. അല്ലെങ്കിൽ തന്നെ... ജീവിതത്തിനു എന്തു ഗ്യാരണ്ടിയാണുള്ളത്??? നമ്മുടെ ഉള്ളിലുള്ള ഹൃദയമൊന്നു പണിമുടക്കിയാല്‍ തീരാവുന്നതല്ലേയുള്ളൂ.....

    ReplyDelete
    Replies
    1. അത് നമ്മള്‍ സംരക്ഷിക്കുന്നില്ലേ ? ചിലപ്പോള്‍ എങ്കിലും ..

      Delete
  5. കുടുംബം പോറ്റാന്‍ ജീവന്‍ പണയംവെച്ച് കഴിയുന്നവര്‍.....
    ആശംസകള്‍

    ReplyDelete
    Replies
    1. ഒരു നരകം തന്നെയാണ് അത്.ചെറിയ ഒരു തീപൊരി മതി അനേകം സ്വപ്‌നങ്ങള്‍ ചാമ്പല്‍ ആക്കുവാന്‍

      Delete
  6. ആയിരം പേര്‍ പൊട്ടി ചിതറി മരിച്ചാലും വീണ്ടു വീണ്ടും പടക്കത്തിന്‍റെ ശബ്ദങ്ങളും വര്‍ണങ്ങളും കൂടുതല്‍ കൂടുതല്‍ വേണമെന്ന് വാശിപിടിക്കുന്ന സമൂഹം ...അവരാണല്ലോ ഈ തൊഴിലിന്‍റെ അനുഗ്രഹവും ശാപവും .എന്തൊക്കെയോ ആലോചിച്ചു അയാള്‍ നെടുവീര്‍പ്പിട്ടു ...പുറത്തു അപ്പോഴും പടക്കങ്ങള്‍ വലിയ ശബ്ദത്തോടെ പൊട്ടിചിതറിക്കൊണ്ടിരുന്നു

    ReplyDelete
    Replies
    1. ഇതെന്താ കോപ്പി പേസ്റ്റ് ആണോ ഷാഹിദജി

      Delete