ഇതുവരെ വായിച്ചതില്‍ നിന്നും കരളില്‍ തൊട്ടു എന്ന് പറയാവുന്ന ഒരു കഥാപാത്രത്തെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ് .കാരണം അനേകം കഥാപാത്രങ്ങള്‍ ഓരോരോ സമയത്ത് വന്നു കരളില്‍ തൊട്ടു പോയി.ചിലര്‍ ചിരിപ്പിച്ചു ,ചിലര്‍ കരയിച്ചു ,ചിലര്‍ ചിന്തിപ്പിച്ചു ..ചിലര്‍ കുറേസമയം സന്തോഷിപ്പിച്ചു പിന്നെ ബോറടിപ്പിച്ചു..വായന തുടങ്ങിയപ്പോള്‍ മായാവിയും ,ശിക്കാരി ശംഭുവും ,കപീഷും ,ഡിങ്കനും ഒക്കെ പലതവണ ഹൃദയത്തില്‍ കൂട് കെട്ടിയതാണ് .പിന്നെ അവിടെ രാമനും,ഹനുമാനും ,ബാലിയും ,കൃഷ്ണനും ,അര്‍ജുനനും ,കുന്തിയും ഖടോല്‍കച്ചനും അഭിമാന്യുവുമൊക്കെ വന്നുപോയി.ഓരോരോ വായനയില്‍ ഓരോരുത്തര്‍ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. പഠിപ്പിക്കാന്‍ അറിയുന്ന അധ്യാപകനിലൂടെ ഹക്കില്‍ബരി ഫിന്നും ടോം സായരും ഒക്ക കടന്നു വന്നു.
മയ്യഴിപുഴയിലൂടെ ദാസനും ,രണ്ടാമൂഴത്തിലൂടെ ഭീമനും,എന്‍റെ കഥയിലൂടെ എഴുത്തുകാരിയും ,ദൈവത്തിനെ വികൃതികളിലൂടെ ജാലവിദ്യകാരനായ സായിപ്പും തുടങ്ങി ഇപ്പോള്‍ പേര്‍ ഓര്‍മയില്‍ ഇല്ലാത്ത അനേകം പേരെ കുറച്ചുനാള്‍ ഹൃദയത്തില്‍ കൊണ്ട് നടന്നു. ഓരോ വായനയിലും പലരും വന്നും പോയും കൊണ്ടിരുന്നു.ഇതിഹാസങ്ങളിലെ കഥാപാത്രങ്ങള്‍ ഒഴിച്ച് മറ്റുള്ളവര്‍ ആരും മനസ്സില്‍ കൂടുകെട്ടിയില്ല .അവരില്‍ പലരും നമ്മുടെ ആരാധനമൂര്‍ത്തികള്‍ ആയതു കൊണ്ടുമാകാം .
പിന്നെ പിന്നെ വായന വലിയ പുസ്തകത്തില്‍ നിന്നും ചെറിയ പുസ്ത കങ്ങളിലേക്ക് പോയി.നോവലുകളെ തഴഞ്ഞു കഥകളോട് മമത പുലര്ത്തി . പിന്നെ വാങ്ങുന്നതും വായിക്കുന്നതും എഴുതുന്നതും കഥകള്‍ മാത്രം..സോഷ്യല്‍ മീഡിയകള്‍ വലിയ വായനകളൊക്കെ അപഹരിച്ചു എന്ന് പറയാം .ഇപ്പോള്‍ കൂടുതല്‍ വായനകള്‍ ഇവിടെ തന്നെ ..പല നവമുകുളങ്ങളും കാണുന്നുണ്ട് .പക്ഷെ പ്രോല്സാഹനത്തിന്റെ ഒരു കുറവു പലയിടത്തും കാണപ്പെടുന്നു.അതവരുടെ എഴുത്തിനെ വല്ലാതെ ബാധിക്കുന്നുമുണ്ട് .
ഈ അടുത്ത കാലത്താണ് പ്രശസ്തനായ ഡോക്ടര്‍ വി.പി. ഗംഗാധരന്‍ അനുഭവങ്ങള്‍ പങ്കുവെച്ച “ജീവിതമെന്ന അത്ഭുതം “ എന്ന പുസ്തകം വായിച്ചത്.അതിലെ ഓരോ കഥാപാത്രവും ഡോക്ടറും ഇപ്പോഴും ഹൃദയത്തിലുണ്ട് .വളരെ പ്രാക്ടിസ് കുറഞ്ഞ ഒരു ഡോക്ടര്ക്ക്ക്യാന്‍സര്‍ വന്നപ്പോള്‍ അയാള്‍ അതിനെ ഒരുവിധം തരണം ചെയ്യുന്നതും ആറ്റുനോറ്റുണ്ടായ മകനെ അമ്മയും അച്ഛനും ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സിക്കുന്നതും ആ നന്ദി ആ മകനില്ലാതെ പോകുന്നതും , അരി വണ്ടി വരുമ്പോള്‍ മാത്രം ചികില്‍സക്ക് വരുന്ന ഇക്കയും,കല്യാണം കഴിഞ്ഞു അധികമായിലെങ്കിലും ക്യാന്‍സര്‍ വന്നപ്പോള്‍ ഉപേക്ഷിക്കുവാന്‍ പല കോണില്‍ നിന്നും സമ്മര്‍ദം ഉണ്ടായിട്ടും ഉള്ള നല്ല ജോലി കളഞ്ഞു ഭാര്യയെ ചികില്‍സിക്കുന്ന സ്നേഹമതിയായ ഭര്‍ത്താവും ,അന്ധവിശ്വാസം കൊണ്ട് നാട്ടുകാരാല്‍ ജീവിതം നഷട്ടപെടുത്തിയ ചെരുപ്പകാരനും ,മോളുടെ അസുഖം നേരിടാനാവാതെ ഹൃദയം നിലച്ചുപോയ അച്ഛനും ,ഭിക്ഷാടനം നടത്തി ഭര്‍ത്താവിനെ ചികില്‍സിക്കുന്ന ഭാര്യയും കുട്ടികളും ,കുട്ടികളുടെ വാര്‍ഡ് ഉത്സവ പറമ്പ് ആക്കുന്ന സിസ്റര്‍ ഐടയും അവിടുത്തെ കണ്ണിലുണ്ണി മോളും ഒക്കെ ഇപ്പോഴും ഹൃദയത്തിലുണ്ട് ..കൂട്ടത്തില്‍ ചികിത്സയുടെ പേരില്‍ പലരും മുതലെടുക്കുന്നതും ഡോക്ടര്‍ വിവരിക്കുന്നുണ്ട് ..പണമായും പെണ്ണായും
.ക്യാന്‍സര്‍ എന്നാ മഹാവിപത്തിനെ ഭയക്കാത്തവര്‍ സ്വന്തം നാട്ടുകാരെ ഭയക്കേണ്ടി വന്ന സംഭവവും നമ്മളെ ചിന്തിപ്പിക്കും...ആശുപത്രിയില്‍ മരിച്ചുപോയ രോഗിയുടെ കുടുംബത്തിന് നല്‍കുന്ന സഹായങ്ങളും ആസ്പത്രിയില്‍ നിശ്ചയിച്ച ദിവസം വരുവാന്‍ കഴിയാത്തവരെ വരെ അന്വേഷിച്ചുപോയി ചികില്സിക്കുന്നതും ഈ കാലത്ത് നന്മകള്‍ ബാക്കിയുണ്ട് എന്ന് നമ്മെ മനസ്സിലാക്കിപ്പിക്കുന്നു.മയക്കുമരുന്ന് ഉപയോഗം രോഗാവസ്തയിലാക്കിയെന്കിലും തനിക്ക് രോഗമില്ല എന്ന് സ്വയം വിധിച്ചു ചികില്‍സ നേടുന്നയാള്‍ ഡോക്ടര്ക്കും ആശുപത്രിക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ഡോക്റ്റര്‍ കണ്ടുപിടിച്ചതൊക്കെ വെറും നിഗമനങ്ങള്‍ മാത്രമാണെന്ന വാദവും ഒരു ഡോക്റ്ററെ എന്തുമാത്രം ബുദ്ധിമുട്ടിക്കുമെന്നും നമുക്ക് പറഞ്ഞുതരുന്നു.
ഡോക്റ്ററുടെ ജീവിതം മറ്റൊരാള്‍ പകര്‍ത്തിയ ചെറിയ ആ പുസ്തകത്തിലെ പല പേജുകളും പല പ്രാവശ്യം എന്റെ കണ്ണുകളെ ഈറനണിയിച്ചു.ക്യാന്‍സര്‍ എന്ന മഹാമാരിയെ കുറിച്ച് ഇന്നും കൂടുതല്‍ ശതമാനം പേര്‍ക്കും അജ്ഞതയാണ് .ക്യാന്‍സര്‍ പിടിച്ചാല്‍ എല്ലാവരും മരിച്ചു പോകും എന്നൊരു മിഥ്യധാരണയും നിലവിലുണ്ട്. ക്യാന്‍സര്‍ ദൈവകോപം കൊണ്ടുണ്ടാകുന്നതാണ് എന്ന് പോലും പലരും വിശ്വസിച്ച കാലമുണ്ടായിരുന്നു. അങ്ങിനെ ദുരിതത്തിലായ പെണ്‍ കുട്ടിയെ പറ്റിയും പറയുന്നുണ്ട് ..ഇതിനെയൊക്കെ കുറിച്ച് ചില തെറ്റിധാരണകള്‍ എനിക്കുമുണ്ടായിരുന്നു.ഒരു വര്ഷം മുന്‍പേ ചെറിയ ഒരു സര്‍ജറി ചെയ്തപ്പോള്‍ “ ബയോപ്സി “എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എനിക്ക് ക്യാന്‍സര്‍ വന്നു എന്ന് മനസ്സില്‍ വിധിയെഴുതിയവനാണ് ഞാന്‍ ..അങ്ങിനെ പലര്‍ക്കും ഈ രോഗത്തെക്കുറിച്ച് അത്രവലിയ പിടിയൊന്നുമില്ല ..കൂടുതല്‍ ഒന്നുമില്ലെന്കിലും ആ പുസ്തകത്തില്‍ നിന്നും കുറെയേറെ കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കുവാനുണ്ട്..അത്യാവശ്യം നമ്മള്‍ക്ക് ഈ രോഗത്തെ കുറിച്ച് അറിയാന്‍ കഴിയും .അതിന്റെ പല നിലയെകുറിച്ചും അതിലെ അപകടങ്ങളെ കുറിച്ചും ഡോക്ടര്‍ പറഞ്ഞു തരുന്നുണ്ട് .
ഡോക്റ്ററുടെ ആദ്യകാല ജീവിതവും ,പലപ്പോഴും ഉണ്ടായ വൈതരണികളും,സഹപ്രവര്‍ത്തകരുടെ അടുപ്പവും അകല്‍ച്ചയും രോഗികളുടെ സഹകരണവും നിസ്സഹരണവും ഒക്കെ നന്നായി പറഞ്ഞിരിക്കുന്നു..
പലരും കൈ ഒഴിഞ്ഞു അവസാനം ഡോക്റ്ററെ വന്നു കണ്ട ചില രോഗികള്‍ ഇപ്പോള്‍ രോഗമോക്കെ മാറി നല്ല നിലയില്‍ ജീവിക്കുന്നുണ്ട് ..ഡോക്റ്റര്‍ക്ക് രക്ഷപെടുത്തുവാന്‍ പറ്റാതെ പോയ ചിലരുടെ ജീവിതവും നമ്മുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നുണ്ട് ...ഇപ്പോള്‍ നിലവില്‍ എന്റെ കരളില്‍ തൊട്ട കഥാപാത്രം ഡോക്റ്റര്‍ തന്നെയാണ് .അത്ര ഹൃദ്യമായാണ് കെ എസ് അനിയനെന്ന ഗ്രന്ഥകര്ത്താ വ് ഡോക്റ്ററെ പരിചയപ്പെടുത്തിയിരിക്കുന്നത് .അവരിലൂടെയാണല്ലോ മറ്റുള്ളവര്‍ നമ്മില്‍ വന്നു നിറയുന്നതും നമ്മില്‍ പലവിധം നോവുകള്‍ സൃഷ്ട്ടിക്കുന്നതും .
....ഡോക്റ്റരുടെ നേട്ടങ്ങള്‍ മാത്രമല്ല അബദ്ധങ്ങളും പറഞ്ഞു വെക്കുന്നുണ്ട് .കുറെ സങ്കീര്‍ണതകള്‍ മനസ്സിനെ നോവിക്കുമ്പോള്‍ ഇത് നമ്മളില്‍ ഒരു റിലീഫുണ്ടാക്കുവാന്‍ സഹായിക്കുന്നുണ്ട്.എഴുത്തുകാരനും പ്രതീക്ഷിക്കുന്നത് ഇതുതന്നെ ആവാം . ഈ പുസ്തകം വായിച്ചവര്‍ക്ക് ഒരിക്കലും മറക്കുവാന്‍ കഴിയില്ല ഡോക്ട്ടരെയും മറ്റുള്ള പലരെയും .....സത്യം ..പലരും കൂട്ടത്തോടെ വന്നു നമ്മുടെ കരളില്‍ തൊടുകയാണ് ..
-പ്രമോദ് കുമാര്‍ .കെ.പി
ഞാനും ഈ പുസ്തകത്തെ പറ്റി എഴുതി പ്രമോദ്
ReplyDeletehttp://anwarikal.blogspot.in/2013/05/blog-post.html
...........................
നെഞ്ചിടിപ്പിന്റെ പിന്നണിതാളത്തോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കുക സാധ്യമല്ല. നെഞ്ചകം കൊളുത്തി വലിക്കുന്ന ഭാഷയിലാണ് കെ എസ് അനിയൻ ഇത് എഴുതി പിടിപ്പിച്ചിരിക്കുന്നത് . ഇതിലെ പരാമർശിതർ നമ്മുടെ ആരോ ഒക്കെയായി മാറുന്നത് ഭാഷയുടെ മാന്ത്രിക സ്പർശം ഒന്ന് കൊണ്ട് തന്നെ ആണ്. ജീവിതം ഗ്രന്ഥ നാമം സൂചിപ്പിക്കുന്നത് പോലെ ഒരു അത്ഭുതം തന്നെ എന്ന് ഈ പുസ്തകം വായിക്കും തോറും നാം ബോധ്യപ്പെട്ടു തന്നെ ഇരിക്കും. മകളുടെ രോഗ കിടക്കയിൽ കാത്തു നിന്ന അച്ഛൻ മരണം വന്നു മാടി വിളിച്ചപ്പോൾ പോവുകയും, രോഗം സുഖപ്പെട്ട മകളോട് അത് ചൊല്ലാൻ ഡോക്ടർ തന്നെ നിയോഗിതനായതും ഈറൻ മിഴിയോടല്ലാതെ ആർക്ക് വായിച്ചു പോകാൻ കഴിയും? രണ്ടു നാൾ മാത്രം ഒപ്പം കഴിഞ്ഞ പത്നിക്കു വേണ്ടി ത്യാഗം ചെയ്ത പ്രവാസി യുവാവിനെ മനസ്സാ നമിക്കാതെ ആർക്ക് ഈ പുസ്തകം താഴെ വക്കാൻ കഴിയും? ഭിക്ഷയെടുത്തു കുടുംബം പോറ്റുമ്പോഴും 'മറ്റുള്ളവർക്കായി സ്വയം കത്തി എരിയുന്ന സു സനേഹ മൂർത്തിയെ' ആർക്ക് വിസ്മരിക്കാൻ കഴിയും? രോഗം തന്റെ കൂട് വിട്ടകന്നപ്പോൾ രോഗികൾക്കായി ചെയ്യുന്ന സേവനം പ്രതിഫലത്തിന്റെ തോതനുസരിച്ചെന്നു തീരുമാനിക്കപ്പെടുമ്പോൾ അതോർത്ത് വ്യാകുലപ്പെടാതിരിക്കാൻ ആർക്ക് സാധിക്കും? ഉദാത്ത ദാമ്പത്യത്തിന്റെ മാതൃകകളും വാശിയുടെയും വൈരാഗ്യത്തിന്റെ പ്രതീകങ്ങളും രോഗികൾക്കിടയിൽ കാണുമ്പോൾ മനുഷ്യ മനസ്സ് എത്ര ദുരൂഹം എന്ന് ചിന്തിക്കാതിരിക്കാൻ ആർക്കും പറ്റില്ലല്ലോ?
.............................
എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ് തയ്യാറാക്കിയത് .അന്വര്‍ക്കയുടെതും വായിച്ചു .നമ്മളെ കൊണ്ട് ചെയ്യുവാന്‍ കഴിയുന്നത് നമ്മള്‍ ചെയ്തു എന്ന് കരുതുന്നു .ഈ കുറിപ്പ് കണ്ടു കുറെ പേര്‍ ഈ പുസ്തകം വായിച്ചു എന്ന് പറഞ്ഞപ്പോള്‍സന്തോഷം തോന്നി
Delete