Friday, September 13, 2013

ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍

ഓണകാലം ആയതു കൊണ്ടാവും.വണ്ടിയിൽ സൂചികുത്തുവാൻ ഇടമില്ല.എന്നാലും പോകാതെ നിവൃത്തിയില്ല .ദേവന്റെ സ്ഥിതി അത്രക്ക് മോശമാണെന്നാണ്  സുധി വിളിച്ചു പറഞ്ഞത്.എന്നെ കാണണം എന്ന് പറഞ്ഞു പോലും.കുറച്ചായി പിണക്കത്തിൽ ആണ് .കാരണം മറ്റൊന്നുമല്ല മദ്യത്തിന് അടിമപെട്ട് ജീവിതം കൊണ്ട് കളിക്കുന്ന അവന്‍ എന്റെ ഉപദേശങ്ങൾ ഇഷ്ട്ടപെട്ടില്ല .ഭാര്യയും  കുട്ടിയും വീടുവിട്ടുപോകും എന്ന അവസ്ഥ വന്നപ്പോൾ ഞാന്‍ പിന്നെയും ഉപദേശിച്ചു നോക്കി."എന്റെ  കുടുംബ കാര്യത്തിൽ നീ ഇടപെടേണ്ട "എന്ന്  തീർത്ത്‌ പറഞ്ഞു.അത് കൊണ്ട് ഒന്നകന്നു.സുധിയുടെ പെട്ടെന്നുള്ള വിവരമായതിനാൽ റിസർവ് ചെയ്യാൻ പറ്റിയില്ല.ബസ്സിനും ടികറ്റ് ഇല്ല.എല്ലാ വിധത്തിലും അന്വേഷിച്ചു ..ഒരു രക്ഷയുമില്ല .ഇനി ഈ ജനറൽ കംപാർട്ട് മെന്റിൽ എങ്ങിനെയും കയറി പറ്റണം .തിക്കും തിരക്കും കൂടി എങ്ങിനെയോ അകത്തെത്തി.കാലുകളൊന്നും നിലത്തു തട്ടുനില്ല .ആരുടെയൊക്കെയോ ബാഗിന്മേലും കാലിൻമേലും ആണെന്ന് തോന്നുന്നു..വേദനിക്കുമ്പോൾ ചിലർ പിറുപിറുക്കുന്നുമുണ്ട്.ചിലർ ദേഷ്യ പെടുന്നുമുണ്ട് .അതൊന്നും കാര്യമാക്കിയില്ല.എങ്ങിനെയെങ്കിലും നാട്ടിൽ എത്തിപെടണം.ഈ യാത്രയിൽ  പലരുടെയും ലക്‌ഷ്യം നാട്ടിൽ ഓണം ഉണ്ണണം എന്നതാണ്.എനിക്ക്  അങ്ങിനെ ലക്‌ഷ്യം ഉണ്ടായിരുന്നെങ്കിൽ മുൻകൂട്ടി ടിക്കറ്റ് കൈവശപെടുത്തിയേനെ .....പക്ഷെ എന്റെ യാത്ര മരണകിടക്കയിൽ എന്ന് വിധിയെഴുതിയ സുഹൃത്തിനെ കാണുക എന്നതാണ്.





മോൻ പിണങ്ങി ഇരിക്കുകയാണ്.ഈ പ്രാവശ്യം ഓണത്തിനു അവനെ സ്കൂൾ അവധിയാണ്.ഈ അന്യ സംസ്ഥാനത്ത് അവനു ആദ്യമായാണ് ഓണം നാളിൽ ലീവ് കിട്ടുന്നത്. അത്  കൊണ്ട് തന്നെ ഞാൻ കൂടി ലീവ് എടുത്തു ഓണം ഗംഭീരമായി കൊണ്ടാടുവാൻ പ്ലാൻ ചെയ്തിരുന്നതാണ്.പൂക്കളവും സദ്യയുമായി നല്ല ഒരോണമായിരുന്നു അവൻ സ്വപ്നം കണ്ടിരുന്നത്‌.പക്ഷെ ഇന്ന് വന്ന സുധിയുടെ ഫോണ്‍കാൾ എല്ലാം താറുമാറാക്കി.ഞാൻ ഇറങ്ങുമ്പോൾ അവൻ മുഖം വീർപ്പിച്ചു ഇരിക്കുകയാണ്.എവിടെയെങ്കിലും പോകുമ്പോൾ പതിവായുള്ള മുത്തവും റാറ്റയും ഒന്നും അവൻ തന്നില്ല.അതിൽ നിന്ന് തന്നെ അവന്റെ മനസ്സ് എത്രമാത്രം വേദനിച്ചു എന്ന് മനസ്സിലാക്കി.അവൾ ഓരോന്നും പറഞ്ഞു അവനെ സമാധാനിപ്പിക്കുന്നുണ്ട്...അത് കണ്ടു കൊണ്ടാണ് ഇറങ്ങിയതും...


"സാർ ...കുറച്ചു ഉള്ളിലേക്ക് നടക്കോ  ...'..എന്തെങ്കിലും പറയുന്നതിനും മുൻപ് തള്ളുകിട്ടി .ഏതോ സ്റ്റേഷൻ എത്തിയിരിക്കുന്നു.അവിടെയുമുണ്ട് കുറേപേർ കയറുവാൻ.ടോയിലറ്റിന്റെ സൈഡിലേക്ക്  മാറി നിന്നു .മൂക്കുപൊത്തിയെ അവിടെ നില്ക്കുവാൻ കഴിയൂ...ആരെങ്കിലും അകത്തു പോകാൻ  വാതിൽ തുറക്കുമ്പോൾ, തിരിച്ചു വരുമ്പോൾ ദുർഗന്ധം അസഹ്യമാകുന്നു.ദൈവമേ ഈ രാത്രി മുഴുവൻ ഇതും സഹിച്ചു കഴിയേണ്ടിവരുമോ ..?മൂക്ക് ഒന്ന് കൂടി പൊത്തിപിടിച്ച്‌ അവിടുന്ന്  എങ്ങിനെ മാറാം എന്ന് നിരീക്ഷിച്ചു.അവിടെ നില്ക്കുന്ന കരുത്തു തടിച്ച മനുഷ്യന് കാര്യം മനസ്സിലായി.അയാൾ ചെറു ചിരിയോടെ ചോദിച്ചു

"എവിടെക്കാ ..?'

"തലശ്ശേരി "

"ഞാനും അന്തപക്കം താൻ ....കാലിക്കട്ട് .."തമിഴും മലയാളവും കലർത്തി അയാൾ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.സമയം പോകുവാൻ  ഞാനും നല്ല കേൾവികാരനായി.അതയാളെ രസം പിടിപ്പിചിരിക്കാം.അയാള് പറഞ്ഞുകൊണ്ടിരുന്നു.അയാൾ ഒരു എജന്റ്റ്  ആയിരുന്നു.പൂവും പച്ചകറികളും പല നാട്ടിലേക്കും സപ്ലൈ ചെയ്യുന്ന ആൾ.അയാൾ പറഞ്ഞത് നമ്മുടെ മലയാളികളുടെ കുറ്റവും കുറവും മാത്രമായിരുന്നു.സ്വന്തം നാട്ടിൽ പണിയെടുക്കുവാൻ മടിയന്മാരായ മലയാളികൾ വേറെ നാട്ടിൽ പോയി കഷ്ട്ടപെടുന്നതിനെ അയാൾ കളിയാക്കികൊണ്ടിരുന്നു.അത് കൊണ്ടാണ് അയാളെ പോലുള്ളവർ ജീവിക്കുന്നത് എന്ന സത്യവും അയാൾ മറച്ചുവെച്ചില്ല...ഇപ്പോൾ തിന്നുവാനും കുടിക്കുവാനും പോലും അയൽ സംസ്ഥാനത്തെ ആശ്രയിക്കുന്ന നമ്മുടെ നാടിനെ കുറിച്ച് അയാൾ പറഞ്ഞതത്രയും ശരിയായിരുന്നു.അത് കൊണ്ട് തന്നെ മറുത്തു ഒന്നും പറയുവാനും തോന്നിയില്ല ,കഴിഞ്ഞുമില്ല .ഒരു തമിഴന്റെ ലോറി മുടങ്ങിയാൽ ദുരിതമനുഭവിക്കുന്ന നാട്ടുകാരെ മനസ്സിൽ കണ്ടു.

'ഇപ്പൊ നമ്മ ആളുകൾ അങ്കെ വേലയ്ക്കു വരാത് ...ഇപ്പൊ അതൊക്കെ ബംഗാളിയും ബീഹാറിയും സേർന്ന ..."സത്യമായിരുന്നു.അവരുടെ ഗവർമെന്റ് നല്ല തൊഴിലവസരങ്ങൾ ഉണ്ടാക്കി കൊടുത്തത് കൊണ്ട് ഇപ്പോൾ നമ്മൾ "അണ്ണാച്ചി "എന്ന് വിളിച്ചു കളിയാക്കി കൊണ്ടിരുന്നവർ ഇപ്പോൾ ജോലിക്ക് കേരളത്തിൽ വരാറില്ല.അവരുടെ ഈ തലമുറയ്ക്ക് ഇപ്പോൾ അവരുടെ നാട്ടിൽ  തന്നെ ധാരാളം തൊഴിലവസങ്ങൾ ..നമ്മുടെ നാട് എന്നാണാവോ നന്നാവുക..ഈ കീശ വീർപ്പിക്കുന്ന രാഷ്ട്രീയകാർ ചത്തു തുലയണം ..ഓരോന്ന് ഓർത്ത്‌ കൊണ്ടിരുന്നു...നിന്ന നില്പിൽ അല്പം മയങ്ങിപോയോ ..?

"സാർ ഇങ്കെ വാങ്കോ .." അയാളുടെ വിളികേട്ടു ഞെട്ടി.അയാൾ എങ്ങിനെയോ ഒരു സീറ്റ് കൈവശപെടുത്തിയിരിക്കുന്നു.അവിടെ എന്നെയുംകൂടി ഇരിക്കുവാനാണ് വിളിക്കുന്നത്‌.അയാൾക്ക്‌ ഇത്തിരി  ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും വേറെ വഴിയില്ലാത്തത് കൊണ്ട് അവിടെപോയിരുന്നു.

"സാറ്  തൂന്ഗിക്കോ ..."അയാൾ  അല്പം കൂടി ഒതുങ്ങിയിരുന്നു...ഉറക്കം പലപ്പോഴും മുടങ്ങി കൊണ്ടിരുന്നു.ഒരുവേള ഞെട്ടിയപ്പോൾ അയാൾ അടുത്തുണ്ടായിരുന്നില്ല..ഞാൻ നോക്കുമ്പോൾ അയാൾ നിലത്തിരിക്കുകയായിരുന്നു.എനിക്കും നല്ല സൗകര്യം കിട്ടാൻ വേണ്ടി ആയിരിക്കാം.നമ്മൾ പല മലയാളികളിലും കാണാത്ത ഒരു നന്മ അയാളിൽ കൂടി അനുഭവിച്ചറിഞ്ഞു.
ഞാൻ നിലത്തിരിക്കാം എന്ന് പറഞ്ഞിട്ട് അയാൾ സമ്മതിച്ചില്ല.കൂടെ ചിരിച്ചു കൊണ്ട് പരിഹസിക്കുകയും ചെയ്തു.

"നിങ്ങള് മലയാളീസ് നിലത്തിരിക്കുമോ ..."

എനിക്ക് ഒരു വളിച്ച ചിരി ചിരിക്കുവാനെ കഴിഞ്ഞുള്ളു ഉറക്കത്തിൽ നിന്നും ഞെട്ടുമ്പോൾ വടകര പിന്നിട്ടിരുന്നു..ഞാൻ ഉറക്കത്തിലായിരിക്കാം..അയാൾ കോഴിക്കോട് ഇറങ്ങിപോയിരിക്കാം...യാത്ര പറയാൻ അയാൾ എന്നെ വിളിച്ചുമില്ല.ഉറക്കം ശല്യപെടുത്തേണ്ട എന്ന് കരുതി കാണും.ജീവിതം ഇതുപോലത്തെ യാത്രയാണ് ..പലരെയും കണ്ടുമുട്ടും ...ചിലർ പരിചിതരാവും ചിലര് അപരിചിതരായി തന്നെ തുടരും..ചിലർ കുറേകാലം അടുത്തുണ്ടാവും ചിലര് പെട്ടെന്ന് പിരിയും.

ആശുപത്രി കിടക്കയിലുള്ളത് ദേവൻ തന്നെയാണോ എന്ന് തന്നെ സംശയിച്ചു.അത്രക്ക് മാറിപോയിരിക്കുന്നു.മെലിഞ്ഞുണങ്ങി അസ്ഥി കഷ്ണം മാത്രം.താടി രോമങ്ങൾ മുഖത്തിന്റെ കൂടുതൽ ഭാഗം മറച്ചിരിക്കുന്നു.കണ്ണുകളൊക്കെ കുഴിഞ്ഞു താണിരിക്കുന്നു.

"ദേവാ ..."സുധി വിളിച്ചു

ആയാസപെട്ടു കണ്ണ് തുറന്നു അവൻ എന്നെ നോക്കി .ആളെ മനസ്സിലായപ്പോൾ അവൻ ചിരിച്ചു
.
'നീ വന്നു അല്ലേട ...പിണക്കം ഒക്കെ മാറിയോ ?പിണക്കം മാറി വേറെയും ആളുകൾ വന്നിട്ടുണ്ട് ..പക്ഷെ എനിക്ക് ഇനി സമയം ഉണ്ടാവുമോ ?.."

ഞാൻ സംശയ ഭാവത്തിൽ സുധിയെ നോക്കി .അവനു ഉത്തരം പറയേണ്ടി വന്നില്ല.വാതിൽ തുറന്നു  രമയും മോനും കടന്നു വന്നു. അവൾ എന്നെ നോക്കി വിളറിയ ഒരു ചിരി തന്നു.പിന്നെ കൊണ്ട് വന്ന ദോശയും ചായയും കഴിക്കാൻ കൊടുത്തപ്പോൾ ദേവൻ "കുറച്ചു കഴിയട്ടെ "എന്ന് പറഞ്ഞു.അവൻ എന്നോട് സംസാരം തുടങ്ങി.

"എടാ ...നിന്നെ കൊണ്ട് കഴിയില്ല എന്നറിയാം ..എന്നാലും ചോദിക്കട്ടെ ...ഇവരൊക്കെ വന്നത് കൊണ്ട് എനിക്ക് ജീവിക്കണം എന്ന് തോന്നുന്നു.വല്ല വഴിയുമുണ്ടോ ..നീ ഒന്ന് ഡോക്റ്റരോട്  ചോദിക്കുമോ ..എന്റെ മോൻ  ആൾ ഇന്ത്യ ക്വിസ് മത്സരത്തിൽ അടുത്ത മാസം പങ്കെടുക്കുവാ ...അതുവരെ എങ്കിലും ...എന്റെ ശരീരത്തിൽ മാറ്റി വെക്കെണ്ടതൊക്കെ മാറ്റി വെച്ച് ...പണം എത്ര വേണമെങ്കിലും കൊടുക്കാം.എങ്ങിനെ എങ്കിലും കൊടുക്കാം..?'

രമയിൽ നിന്നും ഒരു തേങ്ങൽ പുറത്തേക്ക് ചാടി..അത് പൊട്ടികരച്ചിലായി ..അത് കണ്ടു നില്ക്കുവാനാകാതെ ഞാൻ പുറത്തേക്ക് നടന്നു.ആദ്യം ശരീരസ്ഥിതി അവതാളത്തിലായപ്പോൾ കുടി നിർത്തി ചികിത്സക്ക് കൊണ്ട് പോയതാണ്.അന്ന് എനിക്ക് പുറമേ ഡോക്റ്ററുടെ ഉപദേശം കൂടി മാനിക്കാതെ വീണ്ടും കുടിച്ചു..പിന്നെ പിന്നെ കൂടുതൽ  നശിച്ചു.വഴിയരുകിലും ഓടയിലും ഉറങ്ങി.ഉള്ള പണം ഒക്കെ പല വിധത്തിൽ നശിപ്പിച്ചു.ബന്ധത്തിനും കണ്ണുനീരിനും മദ്യത്തിനു മുന്നിൽ തീരെ വിലയില്ലെന്ന് കരുതിയവരൊക്കെ അവനെ വിട്ടുപോയി....പലരെയും അകറ്റി നിർത്തി എന്നെ പോലെ .

അവനോടു എന്ത് പറയും ?.സുധി വന്നു ചുമലിൽ തട്ടിയപ്പോൾ തിരിഞ്ഞു നോക്കി.

"ആവാവുന്നതൊക്കെ ചെയ്തു.ഇനി ഒരു രക്ഷയുമില്ല.അവനു കുറച്ചു നാൾ മുൻപ് ഇത് തോന്നിയിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നു...ഇപ്പോൾ അത്രക്ക് വൈകി പോയി.ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് ഡോക്റ്ററും പറഞ്ഞു .അതോണ്ട മുറിയിലേക്ക് മാറ്റിയതും .."

ഞാൻ തിരിച്ചു അവൻ കിടന്ന റൂമിലേക്ക്‌ ചെല്ലുമ്പോൾ ഡോക്ടറും നെഴ്സുമൊക്കെ അവന്റെ റൂമിലേക്ക്‌ കുതിക്കുകയായിരുന്നു.ഒരു നേഴ്സ്  ദേവന്റെ മകനെ ഞങ്ങളുടെ അടുത്താക്കി വീണ്ടും അകത്തേക്ക്  കുതിച്ചു.അടക്കി പിടിച്ച കരച്ചിൽ റൂമിന് പുറത്തേക്കൊഴുകി കൊണ്ടിരുന്നു.അനിവാര്യമായത്  സംഭവിച്ചിരിക്കാം.കേൾക്കുവാൻ ഒരിക്കലും ഇഷ്ട്ടപെടാത്ത ഒരു വാർത്തക്ക് വേണ്ടി ഞാനും സുധിയും റൂമിനു വെളിയിൽ കാത്തു നിന്നു .


കഥ :പ്രമോദ് കുമാർ .കെ.പി.





21 comments:

  1. ലഹരിനിമിത്തം!

    ReplyDelete
    Replies
    1. നമ്മുടെ നാടിനെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന ഈ മദ്യപാനം നിറുത്തണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ട് പക്ഷെ പലപ്പോഴും അവര്‍ നിര്‍ത്തുംപോഴെക്കും അവരുടെ ജീവിതവും നിന്നുപോയെക്കും

      Delete
  2. കരിന്തിരികത്തി തീരുന്ന ജന്മങ്ങള്‍......
    ആശംസകള്‍

    ReplyDelete
    Replies
    1. അറിഞ്ഞുകൊണ്ട് തന്നെ കത്തിതീരുകയാണ്.അവനവന്‍ കുഴിക്കുന്ന അവന്റെ തന്നെ മരണശയ്യ

      Delete
  3. അനുഭവത്തിന്‍റെ രക്തം പൊടിഞ്ഞ വരികള്‍... മനോഹരം... അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. നേരിട്ട് കണ്ട ചില ദാരുണമായ വിടവാങ്ങലുകള്‍

      Delete
  4. നമ്മുടെ ജീവിതം നമ്മള്‍ തന്നെ കുടിച്ചു തീര്‍ക്കുന്നു,,ഒരിക്കലും തിരിച്ചു നിറക്കാന്‍ കഴിയാത്ത ഒരു പത്രത്തില്‍ നിന്ന്...

    ReplyDelete
    Replies
    1. മദ്യത്തില്‍ അഭയം കണ്ടെത്തുന്നവര്‍ ...കാരണം അവര്‍ ഉണ്ടാക്കും ...ജനിച്ചാലും മരിച്ചാലും കല്യാണത്തിനും ഒക്കെ ........

      Delete
  5. ജീവിതം കൈ വിട്ടു പോയി കഴിഞ്ഞിട്ട് ദുഖിച്ചിട്ടു എന്ത് കാര്യം? :(

    ReplyDelete
    Replies
    1. അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ലേ ..കുടിക്കുന്ന ഓരോരുത്തനും അറിയാം അത് എന്നെ കൊന്നു കൊണ്ടിരിക്കുകയാണെന്ന് ........എന്നാലും ഇല്ലാതെ വയ്യ

      Delete
  6. മദ്യം മനുഷ്യനെ കുടിച്ചു തീര്‍ക്കുന്നു ..വിവരം വാക്കുകളില്‍ മാത്രം ഒടുങ്ങുന്നു ...മദ്യ വിമുക്ത ദേശം എന്നൊന്ന് ഉണ്ടാവുകയില്ല

    ReplyDelete
    Replies
    1. അത് സത്യം...നമ്മള്‍ ഒക്കെ എഴുതുകയും പറയുകയും ചെയ്യുകയല്ലാതെ കാര്യമായി ഒന്നും പ്രവര്‍ത്തിക്കില്ല .പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുവാന്‍ ഭരണകാര്‍ക്കു താല്പര്യം ഇല്ലാത്ത കാലത്തോളം ജനങ്ങള്‍ കുടിച്ചു മരിക്കും.

      Delete
  7. ഈ കാലഘട്ടത്തിനു യോജിച്ച കഥ.നന്നായിരിക്കുന്നു പ്രമോദ്..

    ReplyDelete
    Replies
    1. കഥകള്‍ എഴുതുവാന്‍ എളുപ്പമാണ് ..പക്ഷെ കാര്യത്തിലേക്ക് കടക്കുമ്പോള്‍ ഒന്നും നടക്കില്ല.അതാണ്‌ ഇന്നത്തെ തലമുറയുടെ ശാപവും

      Delete
  8. ഇന്നെല്ലാത്തിനും കുപ്പിയാണ്, നാശം തന്നെ

    ReplyDelete
    Replies
    1. നമ്മള്‍ തന്നെ അറിഞ്ഞുകൊണ്ട് നമ്മുടെ ശവകുഴി മാന്തുന്നു.കുപ്പിയില്ലാതെ ആഘോഷങ്ങള്‍ ഇല്ല എന്നായിരിക്കുന്നു

      Delete
  9. നമ്മുടെ ജീവിതം നമ്മള്‍ തന്നെ കുടിച്ചു തീര്‍ക്കുന്നു,,ഒരിക്കലും തിരിച്ചു നിറക്കാന്‍ കഴിയാത്ത ഒരു പത്രത്തില്‍ നിന്ന്

    ReplyDelete
    Replies
    1. കുടിച്ചു മരിക്കട്ടെ ....കുടുംബം കരയട്ടെ .....നരകിക്കട്ടെ ...എല്ലാവര്ക്കും അറിയാം എന്നാലും പിന്മാറില്ല

      Delete
  10. ലഹരി പാനിയങ്ങൾ ചെറു വീര്യത്തിന് മാത്രമായി
    കുടിക്കുക...., അല്ലാതെ വീര്യം കെടാൻ കുടിക്കാതിരിക്കുക

    ReplyDelete
    Replies
    1. അതാണ്‌ വലിയ കുഴപ്പം.ലഹരി ചെറുതും വലുതും ഒക്കെ നാശം വിതക്കും...ചെരുതില്‍ തുടങ്ങിയാല്‍ വലുതിലെക്കെത്തനമെന്ന ആഗ്രഹമാണ് പലരുടെയും ജീവിതം നശിപ്പിക്കുന്നത്.

      Delete