Saturday, January 31, 2026

ബേബി ഗേൾ

 



ബോബി സഞ്ജയ്‌ എന്ന എഴുത്തുകാർ കുറച്ചു വര്ഷങ്ങളായി അത്രക്ക് ക്ലച്ചു പിടിക്കാതെ നടക്കുകയായിരുന്നു.. വളരെ നല്ല തിരക്കഥ എഴുതി യിരുന്നവർക്ക് എപ്പോഴോ താളം  പോയിരുന്നു..ഗ്യാരണ്ടി അനുഭവം തന്നവർക്ക് അടുത്തകാലത്തായി അതു നൽകാൻ കഴിയുന്നുണ്ടായിരുന്നില്ല.


മുൻപത്തെ അതേ ട്രാക്കിൽ വന്നില്ലെങ്കിലും ആരെകൊണ്ടും മോശം പറയിപ്പിക്കാതെ നല്ലൊരു തിരക്കഥ ഒരുക്കിയിട്ടുണ്ട്.. അരുൺ വർമ എന്ന സംവിധായകൻ അതു കണ്ടറിഞ്ഞു തന്നെ മികച്ച ദൃശ്യനുഭവം നൽകിയിട്ടുണ്ട്..


ജനിച്ചു മൂന്നാം നാൾ കാണാതെ പോകുന്ന പിഞ്ചു കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണവും അതിനു പിന്നിലെ സംഭവവികാസങ്ങൾ ഒക്കെയാണ് ചിത്രം പറയുന്നത്..


ആഗ്രഹിക്കാത്ത സമയത്ത് കാമം കൊണ്ട് മാത്രം ഒരു കുഞ്ഞു ജനിച്ചാൽ അതു എന്തൊക്കെ കാര്യങ്ങൾ തരണം ചെയ്യണം എന്നതും അതിന്റെ ഭാവി എങ്ങിനെ ആയിരിക്കും എന്നതുമൊക്കെ നമ്മളെ ഓർമ്മിപ്പിക്കുന്നു ഈ സിനിമ.


ഈ സിനിമയുടെ മികവ് എന്താണ് എന്ന് വെച്ചാൽ നിവിൻ പോളി മുതൽ  മുഖ്യ വേഷത്തിൽ ഉള്ള ആർക്കും തന്റെ സയിഫ് സോണിൽ വിള യാടുവാൻ ചാൻസ് നൽകാതെ കുറച്ചു ഗൗരവം നിറഞ്ഞ വേഷം കൊടുത്തിരിക്കുന്നതാണ്. അല്ലെങ്കിൽ അവരെയൊക്കെ വെരോരു രീതിയിൽ പരീക്ഷിച്ചു എന്നതാണ്.


സിനിമ തുടങ്ങി  മിനിറ്റുകൾക്കുള്ളിൽ നമ്മളെ എൻഗേജ് ആക്കുന്ന രീതിയിൽ ആണ് മുന്നോട്ടേക്ക് പോകുന്നത്.. പിഞ്ചു കുഞ്ഞിനെ തേടി നമ്മളും കൂടി അലയും എന്നതാണ് സിനിമയുടെ മെച്ചം..


കഥാപാത്രങ്ങൾ ആയവരൊ ക്കെ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ ലിജി മോളുടെ പ്രകടനം അല്പം മുന്നിൽ നിൽക്കുന്നു എന്ന് തന്നെ പറയാം.


മൊത്തത്തിൽ നിങ്ങള്ക്ക് അല്പം പോലും ലാഗ് ഇല്ലാതെ ക ണ്ടിരിക്കുവാൻ പറ്റിയ ചിത്രം തന്നെയാണ് ഈ സിനിമ 


പ്ര.മോ.ദി.സം

മാജിക് മഷ്‌റൂം

 



നാദിർഷാ അസാധ്യ കലാകാരൻ ആണെന്ന് മുൻപേ തെളിയിച്ച ആൾ ആണ്.. അദ്ദേഹത്തിന് പറ്റിയ പണി എന്താണെന്നു പലതവണ കേരളക്കരയിൽ കാട്ടികൊടുത്ത് ചിരിപ്പിച്ച  ആളുമാണ്. മലയാളികൾ ചിരിക്കാൻ വേണ്ടി എന്ത് ചെയ്യണം എന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.


അതു ഇപ്പോൾ നഷ്ടപ്പെട്ടു പോയിരിക്കുന്നു.പിന്നെ എന്തിന് ഇപ്പോൾ അദ്ദേഹം അടുപ്പിച്ചു അടുപ്പിച്ചു ജനങ്ങളുടെ അപ്രീതി പിടിച്ചു പറ്റുന്ന തരത്തിൽ ഉള്ള സിനിമ ചെയ്യുന്നു എന്നത് മാത്രം മനസ്സിലാകുന്നില്ല. നല്ലൊരു തിരക്കഥ തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ കൊണ്ട് കഴിയുനില്ല.


സിനിമയിലെ മുഴുവൻ പാട്ടുകളും കേൾക്കാൻ ഇമ്പം ഉള്ളവയാണ്.. സംഗീത സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന് അഭിമാനിക്കാം എങ്കിലും സംവിധായകൻ ആണ് സിനിമയുടെ ക്യാപ്റ്റൻ എങ്കിൽ തികച്ചും അദ്ദേഹം ഈ കാര്യത്തിൽ പൂർണ പരാജയം തന്നെയാണ്.


വിഷ്ണു ഉണ്ണികൃഷ്ണൻ ഒക്കെ നായകൻ ആവാൻ കൊള്ളാ ത്തവനാണ് എന്ന് പലവട്ടം തെളിയിച്ചവൻ ആണ്..സ്ക്രീപ്റ്റ് റൈറ്റിങ് ആണെങ്കിൽ അടിപൊളി ആയിരിക്കും.. സിനിമയിലും ടെലിവിഷനിലുമൊക്കെ തെളിയിച്ചതാണ്. നായകൻ ആയ സിനിമ ഒക്കെ മറ്റു പലരും ആയിരുന്നേൽ സിനിമയുടെ ജാതകം തന്നെ മാറിയേനെ.


അതുകൊണ്ട് രണ്ടുപേരും അവർക്കു അറിയുന്ന മേഖലയിൽ പ്രവർത്തിച്ചാൽ പ്രേക്ഷകർക്കു അല്ലെങ്കിൽ മലയാള സിനിമക്കു അതിന്റെ ഗുണം കിട്ടും. വിഷ്ണു ഒക്കെ കാലം കഴിഞ്ഞ നായകൻ ആണെന്ന് സ്വയം മനസ്സിലാക്കി മറ്റു റോളിലേക്ക് മാറി  അല്ലെങ്കിൽ  എഴുത്തിലേക്കു മടങ്ങി പ്രതിഭ നിലനിർത്തണം


നല്ല രീതിയിൽ കൊണ്ട് പോകാമായിരുന്ന ഒരു തീം തിരക്കഥയിലെ കഥയില്ലായ്മ കൊണ്ട് കാണികളിലേക്ക് എത്തിപ്പെടാൻ പറ്റാതെ പോകുന്ന ദുരന്തമായി മാറുന്നതാണ് നമ്മൾ കാണുന്നത്..


പ്രേക്ഷകർക്ക് മടുപ്പില്ലാത്ത രീതിയിൽ കാണാൻ പറ്റിയ സിനിമകൾ ഉണ്ടാക്കാൻ രണ്ടുപേരും ഹോം വർക് ചെയ്യണം.. കിട്ടിയ കഥയും കൊണ്ട് സിനിമ ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെടരുത്.. നിർമാതാവിനെ കുറിച്ചും പ്രേക്ഷകരെ കുറിച്ചും ചിന്തിക്കുക.


കട്ടപ്പനയിലെ ഋതിക്ക് റോഷന്റെ ഹാങ്ങ്‌ ഓവരിൽ നിന്നും നാദിർഷായും വിഷ്‌ണു വും പുറത്തു കടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


വെറുതെ റിവ്യൂ ഇടുന്നവരെ വല്യ വായിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. മര്യാദക്ക് പ്രേക്ഷകരെ കയ്യിലെ ടുക്കുവാൻ പറ്റുന്ന തരത്തിൽ ഉള്ള സിനിമ എടുക്കണം..അതിനുള്ള ശ്രമമെങ്കിലും ഉണ്ടാവണം


പ്ര.മോ.ദി.സം

Saturday, January 24, 2026

ചത്താ പച്ച

 



ഇതെന്തു പേര് എന്ന് സിനിമയുടെ ആദ്യ സൂചനകൾ വന്നപ്പോൾ ചിന്തിച്ചിരുന്നു...  കൂട്ടുകാർക്ക് പോലും എന്താണ് ഇതിന്റെ അർത്ഥം എന്ന് അറിയില്ലായിരുന്നു.. പിന്നീടുള്ള തിരച്ചിലിൽ കൊച്ചിയിൽ മാത്രം ഉള്ള നാട്ടുസംസാരത്തിലേ ഡു ഓർ ഡൈ ആണ് ഇതെന്ന് മനസ്സിലാക്കി... അതും എറണാകുളം ആൾക്കാർക്ക് പോലും അറിയാത്ത ഒന്ന്...


ഇപ്പോൾ സിനിമക്കാരുടെ സ്ഥിരം പരിപാടിയാണ് ആളെ പറ്റിച്ചു പൈസ പിടുങ്ങുക എന്നുള്ളത്.. ഏതെങ്കിലും സൂപ്പർ താരത്തെ കൊണ്ട് കാമിയോ റോൾ ചെയ്യിച്ചു അയാളുടെ ആരാധകരെ കൂടി ആദ്യദിവസം കയറ്റി മാക്സിമം കളക്ഷൻ ഒപ്പിക്കുക എന്ന ബിസിനസ്സ് തന്ത്രം.


മോഹൻലാൽ കഴിഞ്ഞ മാസം ഒരു കോമാളി വേഷം ആടി തീർത്തത് പോലെ ഇപ്രാവശ്യം മമ്മൂക്കയുടെ ഊഴം ആയിരുന്നു.. ഇവർ രണ്ടു പേര് ഇല്ലെങ്കിൽ തന്നെ സിനിമ അതിന്റെ വഴിക്കു പോകുമായിരുന്നു.


തുടക്കം മുതൽ സിനിമയുടെ മുന്നോട്ടുള്ള പോക്കിന്  കാണാമറയത്തു  സാനിധ്യമായ  "വാൾട്ടർ" സ്‌ക്രീനിൽ വന്നപ്പോൾ നനഞ്ഞ പടക്കമായി പോയി.


കിടിലൻ ഇടി പടം എന്ന് പറയാം.. തിയേറ്റർ. കുലുക്കി ഉള്ള അടിപൊളി സ്റ്റണ്ട്...കഥ പുതുമ ഒന്നും ഇല്ലെങ്കിലും അദ്വൈത് എന്ന സംവിധായകൻ അവതരിപ്പിച്ച രീതി പ്രേക്ഷകനെ പിടിച്ചിരുത്തും.


ചില സെന്റിമെന്റ്സ് സീൻ ഒക്കെ കുടുംബ പ്രേക്ഷകരെ കയറ്റുവാൻ വേണ്ടി ചെയ്തിട്ടുണ്ട്.. ബോളിവുഡ് സംഗീത സംവിധായകരുടെ മലയാളം അരങ്ങേറ്റം കൊള്ളാം..മുജീബിന്റെ ബി ജി എം പൊളി..


  അഭിനേതാക്കളുടെ എഫർട്ടും അവരുടെ ഹൈ വാട്ട് സ്റ്റണ്ട് രംഗം ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ നല്ല പണി എടുത്തിട്ടുണ്ട്..മൊത്തത്തിൽ എല്ലാവരും നല്ലപോലെ പണി എടുത്തിട്ടുണ്ട് എങ്കിലും മൊത്തത്തിൽ അതിന്റെ റിസൾട് പ്രേക്ഷകർക്കു കിട്ടിയില്ല.


ഒട്ടിട്ടി വന്നാൽ കാണാൻ കാത്തു നിൽക്കരുത്..ശോകം ആയിരിക്കും.. തിയേറ്ററിൽ തന്നെ പോയാൽ മാത്രമേ അടിയുടെ എഫക്ട് കിട്ടുകയുള്ളൂ.


പ്ര.മോ.ദി.സം

Thursday, January 22, 2026

ഇമ്പം

  



ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ എന്ന് പറഞ്ഞത് പോലെ ഈ സിനിമ കാണുവാൻ ഇപ്പോൾ ആണ് തോന്നിയത്.. രാഷ്ട്രീയത്തിൽ നടക്കുന്ന പുഴുക്കുത്തുകൾ നല്ല രീതിയിൽ അവതരിപ്പിച്ചതു കൊണ്ട് തന്നെ ഈ സിനിമ നല്ല രീതിയിൽ കണക്ട് ആകുന്നുണ്ട്.


മാങ്കൂട്ടം വിഷയം ഇപ്പോൾ എയറിൽ നിൽക്കുന്നത് കൊണ്ട് തന്നെ എങ്ങിനെയാണ് ജീവിതയും അതിജീവിത ഒക്കെ എന്ന് നമുക്ക് സമകാലിക സംഭവങ്ങൾ മനസ്സിലാക്കി തന്നു.മുൻപേ ആയിരുന്നു എങ്കിൽ ചിലപ്പോൾ ഇത്രകണ്ടു ഈ ചിത്രത്തിൽ സംഭവിക്കുന്നത് അവിശ്വസനീയം ആയേനെ..


കരുണൻ നടത്തുന്ന ശബ്ദം എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിലേക്കു എത്തുന്ന നിധി എന്ന കാർട്ടൂണിസ്റ്റും അവിടുത്തെ സന്തത സാഹചാരിയും ചേർന്ന് കരുണനെയും  തങ്ങളെയും ഉപദ്രവിച്ച പ്രേമരാജൻ എന്ന രാഷ്ട്രീയ കാരനെ പൂട്ടാൻ ശ്രമിക്കുന്നത് രാഷ്ട്രീയ കുതന്ദ്രം കൊണ്ട് തിരിച്ചു പണി കിട്ടുന്നതും അതിൽ നിന്നും ഊരാൻ ശ്രമിക്കുന്നത് ഒക്കെയാണ് ശ്രീജിത്ത്‌ ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം പറയുന്നത്.


ദീപക്, ദർശന, ലാലു അലക്സ്, ഇർഷാദ് എന്നിവർ മുഖ്യവേഷത്തിൽ എത്തിയ ചിത്രം ബോറടിയില്ലാത്ത രീതിയിൽ കണ്ടിരിക്കാൻ പറ്റുന്നുണ്ട്.. കേൾക്കാൻ സുഖം തോന്നുന്ന ഗാനങ്ങളും ഉണ്ട്‌ 


പ്ര.മോ.ദി.സം

Sunday, January 18, 2026

പെണ്ണ് കേസ്

 



ഞാൻ അറിയുന്ന ഒരു സ്ത്രീ യുണ്ട്.. അവൾ കുറെയേറെ പേരെ ഒരേസമയം "സ്നേഹിച്ചു " പറ്റിച്ചു കൊണ്ടിരുന്നു. പിടിക്കപ്പെടുമ്പോൾ പറയുന്ന കളവുകൾ കൊണ്ട് സെന്റി അടിച്ചു പിന്നെയും

 " വേണ്ടപ്പെട്ടവരെ" ഉണ്ടാക്കി കൊണ്ടിരുന്നു.


ഈ സിനിമ കാണുമ്പോൾ ഞാൻ അവരെയാണ് ഓർത്തത്‌. അവർ ഇപ്പോഴും ആ പരിപാടി തുടർന്ന് പോകുന്നുണ്ട്. ഒരളവുവരെ വിജയിക്കുന്ന പ്രവർത്തിയും തന്നെ. അവർ പറയുന്ന കള്ളം ഞാൻ ആസ്വദിച്ചു കേൾക്കും..


 സത്യം മനസ്സിലാക്കിയ എന്നോട് കള്ളം പറയുമ്പോൾ അതു കേട്ടു അവർക്കു സംശയമില്ലാത്ത വിധത്തിൽ  ആസ്വദിക്കുവാൻ  ഞാൻ പാടുപെടും എങ്കിലും  കേ ട്ടിരിക്കാൻ നല്ല രസമാണ്. 


 ഞാൻ ഇഷ്ട്ടപെടുന്ന ആളുകൾ കള്ളം പറഞ്ഞാൽ ഞാൻ അതു അവരോടു കള്ളനല്ലേ നീ എന്ന് ചോദിക്കില്ല.. കാരണം അവരെ എനിക്കിഷ്ടം ആയതുകൊണ്ട് കൂട്ട് നഷ്ടപ്പെട്ടു പോകരുത് എന്ന് കരുതുന്നത് കൊണ്ട് മാത്രം...


ഈ സിനിമയിൽ ഉള്ള മാറ്റം എന്താണ് എന്ന് വെച്ചാൽ ഇവിടെ "വേണ്ടപ്പെട്ടവർക്ക്" പകരം അവർ ഉണ്ടാക്കുന്നത് ഭർത്താക്കന്മാരെ ആണ്.. ആവശ്യങ്ങൾ ഒക്കെ സെയിം തന്നെ.


സാഹചര്യങ്ങൾ ആണ് സിനിമയിൽ അവരെ വില്ലത്തി ആക്കുന്നത്. അവരുടെ കഥ പോലീസും ശരിവെക്കുമ്പോൾ നമുക്ക് അവരോടു സഹതാപം തോന്നും..അവരുടെ ജീവിതം ഇങ്ങിനെ ആയിപോയല്ലോ എന്ന് ചിന്തിച്ചു...


ക്ലൈമാക്സ്‌ നന്നായി എന്നു പറയാം. അജുവിന്റെയും കൂട്ടാളിയുടെയും നർമങ്ങൾ നന്നായിട്ടുണ്ട്.. പഠിക്കാൻ കുറെയൊന്നും ഇല്ലെങ്കിലും കുറച്ചുണ്ട്.. നമ്മൾ  പലരെയുംഅവരുടെ വാക്ക് കൊണ്ട് മാത്രം പൂർണമായി വിശ്വസിക്കരുത് എന്ന് ചിത്രം ഊന്നി പറയുന്നുണ്ട്


പ്ര.മോ.ദി.സം

Wednesday, January 14, 2026

പാത്ത്

  



ഒരു പാട്ടിനെ ചുറ്റിപറ്റി ഉള്ള സിനിമയാണ്..നവ മാധ്യമം വഴി താൻ കേട്ട ഒരു പാട്ട് തന്റെ മുത്തശ്ശിയിൽ നിന്ന് കൂടി കേട്ടപ്പോൾ ആ പാട്ടിനു പിന്നിൽ എന്തോ ഉണ്ടെന്നു ക്യാമറമാനും എഡിറ്റർ കൂടിയായ അയാൾക്കും കാമുകിക്കും തോന്നുന്നു.



മുത്തശ്ശി പാടുന്നത് ലൈവ് ആയി ഫേസ് ബുക്കിൽ ചേർത്തപ്പോൾ പലർക്കും ഈ പാട്ട് അറിയാമെന്നു അറിയിക്കുന്നു..


അങ്ങിനെ അറിയും എന്ന് പറഞ്ഞ പലരിൽ കൂടിയും ഈ പാട്ട് ഏതു ഭാഷയിൽ ആണ്, ആരാണ് എഴുതിയത്, എന്താണ് ഇതിന്റെ അർത്ഥം എന്ന അന്വേഷണം ആണ് ചിത്രം.


പാട്ട്  ഉറവിടം തേടി പോയി ഓരോരുത്തരും പറയുന്ന കാര്യങ്ങളും മറ്റുമാണ് ചിത്രത്തെ രസിപ്പിക്കുന്നത്. ജാതി, മതം, വർഗം, ഭാഷ, ദേശം തുടങ്ങി വ്യത്യസ്ത അഭിപ്രായങ്ങൾ പലരും പറയുമ്പോൾ അതു കേട്ടിരിക്കാൻ നല്ല കൗതുകം തോന്നുന്നു.


മനുഷ്യർ പോയ വഴികളിൽ ഒക്കെ പാട്ട് ഉണ്ട്‌ എന്ന സത്യം മനസ്സിലാക്കി തരുന്നുമുണ്ട് ചിത്രം.


ചിത്രത്തിൽ അധികവും ഫ്രഷ് മുഖങ്ങൾ ആയതു കൊണ്ട് തന്നെ സിനിമ കണ്ടിരിക്കുവാൻ നല്ല ഫീൽ കിട്ടുന്നുണ്ട്.. മുഖ്യമായി വേഷം ചെയ്ത രണ്ടുപേർ അടക്കം എല്ലാവരും തങ്ങളുടെ റോൾ കണ്ടറിഞ്ഞു അഭിനയിച്ചിരിക്കുന്നു


പ്ര.മോ.ദി.സം 

പർപ്പിൾ പോപ്പിൻസ്

 



യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി രൂപപ്പെട്ട സിനിമ ആണെന്ന് തുടക്കം എഴുതി കാണിക്കുന്നുണ്ട്.. പിന്നെ അവസാനം വളരെ വ്യക്തമായി തന്നെ ചിത്രങ്ങൾ സഹിതം വിവരണവും തരുന്നുണ്ട്.


ഇതുപോലത്തെ നൂറു കണക്കിന് സംഭവങ്ങൾ നമുക്ക് ചുറ്റിലും നടന്നു എന്നത് കൊണ്ട് തന്നെ പ്രേക്ഷകരെ ഒരു വിധത്തിലും സ്വാധീനിക്കാൻ പറ്റാതെ പരമ ബോർ ആയിട്ട് ചെയ്തു വെച്ചിട്ടുണ്ട്.


മക്കളെ ഉപേക്ഷിച്ചു രണ്ടാം കെട്ടുകാരന്റെ കൂടെ അമേരിക്കയിൽ ജീവിക്കാൻ പോകുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന സഹോദരി സഹോദരൻമാരുടെ ജീവിക്കുവാൻ ഉള്ള പെടാപാടാണ് പറയുന്നത്.


സഹോദരൻ കൊച്ചു കുഞ്ഞു ആയതുകൊണ്ട് തന്നെ അവനെ വളർത്തി വലുതാക്കി പഠിപ്പിച്ചു നിർത്തേണ്ട ബാധ്യത സഹോദരിക്കു കൈവന്നപ്പോൾ  അവൾ അവന്റെ ഭാവി ഓർത്തു വിദേശത്ത് പോകാൻ ശ്രമിക്കുന്നത്, ചതിയിൽ പെട്ടു പോകുന്നത് ഒക്കെയാണ് പ്രമേയം.


കഥയുടെ പോക്ക് കാണുമ്പോൾ തന്നെ എന്താണ് സംഭവിക്കുവാൻ പോകുന്നത് എന്ന് ചിന്തിക്കുക പ്രയാസം ഇല്ല.. അതുകൊണ്ട് തന്നെ ഒരു പുതുമയുള്ള ഒന്നും ചിത്രത്തിൽ ഇല്ല.


സഹോദരി സഹോദര സ്നേഹം കാണിച്ചു സെന്റിമെന്റ്സ് സൃഷ്ടിക്കാൻ ശ്രമിച്ചത് പോലും ക്ലിക് aayillaആയില്ല 


പ്ര.മോ.ദി.സം 

അപ്പുറം

  



ഈ സിനിമ എങ്ങിനെ അന്ധവിശ്വാസികളെ ബാധിക്കാതെ അവരുടെ കണ്ണിൽ പെടാതെ റിലീസ് ആയി എന്നതാണ് ചിന്തനീയം..ഇതുപോലെ ഉള്ള സിനിമകൾ മുൻപ് സെൻസർ കത്രിക പൂട്ട് പൊളിച്ചു വരാൻ കഷ്ട്ടപെട്ടിട്ടുണ്ട്.


 രാമന്റെയും സീതയുടെയും പേര് പറഞ്ഞാൽ പോലും വിശ്വാസം പോയി എന്ന് പറഞ്ഞു വിഷമിക്കുന്ന കപട വിശ്വാസികൾ ഇതിന്റെ ക്ലൈമാക്സ് എങ്ങിനെ ഉൾക്കൊണ്ട്‌ എന്നത് അത്ഭുതം തോന്നിക്കുന്ന കാര്യമാണ്.


തന്റെ ജീവിതത്തിൽ ഒന്നും ആവാൻ പറ്റാത്തതിന്റെ   നഷ്ട്ട ബോധം മനസ്സിൽ കൊണ്ട് നടക്കുന്നത് കൊണ്ട് എപ്പോഴും ആത്മഹത്യക്കു ശ്രമിക്കുന്ന കുടുംബിനി പല തവണ രക്ഷപ്പെട്ടു എങ്കിലും ഒരിക്കൽ മരണത്തിനു കീഴടങ്ങുന്നു.


പിന്നീട് തറവാട്ടിൽ വെച്ചു മരണന്തര ക്രിയ നടത്തുമ്പോൾ ഉണ്ടാകുന്ന സംഭവം ആണ് അപ്പുറം പറയുന്നത്..അവിടെ പാരമ്പര്യവും ആദർശവും മഹിമയും കാത്തു സൂക്ഷിക്കുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ കഥയാണിത്.


ഒരാൾ പഠിക്കുവാൻ മിടുക്കി ആയിട്ടും തറവാട്ടിൽ അവൾ കൊണ്ടുവന്നിട്ടു തിന്നണ്ട എന്ന ഇരുണ്ട മനസ്സുള്ളവർ ജീവിക്കുന്ന ഇടത്തിൽ അവൾക്കു ഒരിക്കലും സ്വാതന്ത്രത്തോടെ ജീവിക്കുവാൻ കഴിയില്ല..


കിട്ടുന്ന അവസരത്തിൽ പുറത്തു ചാടി ജീവിക്കാൻ ശ്രമിക്കുന്ന അവൾക്കു പിന്നീട് തുടർന്ന് പഠിക്കാൻ പറ്റാത്തതിന്റെ നഷ്ടബോധം സമനില തെറ്റിക്കുപോൾ ഉണ്ടാകുന്ന വിപത്തുകൾ അതിനും അപ്പുറം ഉള്ള സംഭവങ്ങൾ ആണ് ഇന്ദു എന്നാ സംവിധായിക പറയുന്നത്.


പ്ര.മോ.ദി.സം 

രാജസാബ്

  



ബാഹുബലി എന്ന സിനിമ പ്രഭാസ് എന്ന നടന്റെ തലയിൽ എത്രത്തോളം ഭാരമാണ് കയറ്റി വെച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ അതു കഴിഞ്ഞു അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാൽ മതി..


പേരിന്റെ ബലത്തിൽ കളക്ഷൻ റിക്കാർഡുകൾ കിട്ടും എങ്കിലും ജനങ്ങളുടെ ഇടയിൽ വീണ്ടും വിസ്മയം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയാതെ പോയി.


ഈ സിനിമയും നാല് ദിവസങ്ങൾ കൊണ്ട് ഇരുന്നൂരു കോടിയിൽ കൂടുതൽ കളക്ട് ചെയ്തു എങ്കിലും സിനിമ എങ്ങിനെ എന്ന് ചോദിച്ചാൽ തെലുങ്ക് മാസ്സ് മസാല എന്നെ പറയാൻ പറ്റൂ.


ഹൊറർ കോമഡി സിനിമ ആണെങ്കിലും  അടുത്തു വന്ന സുന്ദർ സി ഹൊറർ ചിത്രങ്ങൾ പോലെ കുറേ സെറ്റിംഗ്‌സും പാട്ടും ഒക്കെ ഉണ്ടെങ്കിലും നമ്മളെ പേടിപ്പിക്കാൻ പറ്റിയിട്ടില്ല ചിരിപ്പിക്കാൻ ആണേൽ പിന്നെ പറയുകയും വേണ്ട. ഇതിലും ഭേദം അരമന സീരീസ് തന്നെയായിരുന്നു.

അൽഷിമെഴ്സ്സ് ബാധിച്ച പാട്ടിയുടെ ആഗ്രഹപ്രകാരം വർഷങ്ങൾക്കു മുൻപ് കാണാതായ താത്ത യെ അന്വേഷിച്ചുള്ള കൊച്ചു മകന്റെ പ്രയാണം ആണ് സിനിമ


പിന്നെ തിയേറ്റർ എക്സ്പീരിയൻസിൽ ഒരു മസാല സകല ലോജിക്കും മറന്നു കാണാൻ പറ്റും. ബബഭ ഒക്കെ ആഘോഷിച്ചോ എങ്കിൽ നിങ്ങള്ക്ക് തീർച്ചയായും ഈ സിനിമ ഇഷ്ടപെടും.


പ്ര.മോ.ദി.സം 

Sunday, January 11, 2026

പരാശക്തി

  



സൂര്യയും ദുൽഖറും നസ്രിയയും ഈ സിനിമ റിജക്റ്റ് ചെയ്തു എന്ന് മുൻപ് കേട്ടപ്പോൾ അത്ഭുതമാണ് തോന്നിയത്. അവർ അവരുടെ കരിയറിൽ ചെയ്യുന്ന വലിയ ഒരബദ്ധം ആണെന്ന് തോന്നി.


ദേശീയ അവാർഡ് ഒക്കെ കിട്ടിയ സുധ കൊങ്കര എന്നാ ഈ ചിത്ര സംവിധായിക എനിക്ക് പുരുഷ സംവിധായകർക്കു കൊടുക്കുന്ന പ്രതിഫലം തരുന്നില്ല അതിന്റെ പകുതി മാത്രമേ തന്നുള്ളൂ എന്ന് കൂടി പറഞ്ഞപ്പോൾ എടുത്തു വെച്ചിരിക്കുന്നത് ഏതോ ബ്രമാണ്ട ചിത്രം ആയിരിക്കും എന്നും കരുതി.


ജനനായകൻ എന്ന വിജയ് ചിത്രത്തിനൊപ്പവും, പ്രഭാസിന്റെ രാജാ സാഹിബിനു ഒപ്പവും പൊങ്കൽ  മത്സരിക്കാൻ ഇറങ്ങി എന്ന് കേട്ടപ്പോൾ ചിത്രത്തെ കുറിച്ച് കൂടുതൽ പ്രതീക്ഷിച്ചു.


എന്നാൽ ഇതിൽ ഭയക്കേണ്ട ജനനായകൻ ഇല്ലാഞ്ഞിട്ടു കൂടി സിനിമക്കു ആളില്ല എങ്കിൽ എന്തായിരിക്കും കാണിച്ചു വെച്ചിട്ടുണ്ടാവുക..എന്ത്കൊണ്ട് തമിഴ് സ്നേഹം വിരിഞ്ഞു ഒഴുകുന്ന സിനിമ അണ്ണാച്ചികൾക്ക് പോലും ദഹിക്കാത്തത്?


അവർക്കു വിവരം വെച്ച് എന്ന് പറയാൻ പറ്റും. വെറും തമിഴ് മാത്രം പഠിച്ചു അവർ തമിഴ്നാട് വിട്ട് പല സ്ഥലങ്ങളിൽ എത്തിച്ചേർന്നു അനുഭവിക്കുന്ന ബുദ്ധിമുട്ട് അവർക്കു നല്ലപോലെ അറിയാം. വോട്ടു കിട്ടാൻ രാഷ്ട്രീയ സർക്കാസ് അല്ല ജീവിതം എന്ന് അവർ മനസ്സിലാക്കി.


ഒരു പിരീയഡ് മൂവി ചെയ്യുമ്പോൾ നല്ലവണ്ണം പഠിച്ചു  ചെയ്യുന്നതിൽ ഉപരി അതു ജനങ്ങൾക്ക്‌ ആസ്വദിച്ചു കാണാൻ പാകത്തിൽ ചുട്ടു എടുക്കണം.. ഹിന്ദി വിരോധം കാട്ടി തമിഴ്ൻ മാരുടെ കയ്യടി വാങ്ങുവാൻ ഉള്ള ഒരു ടൂൾ മാത്രമായി പോയി ഇത്.


ഓരോ ഭാഷയും പഠിക്കുന്നത് അതിന്റെതായ ഗുണങ്ങൾ ഉണ്ട്‌ എങ്കിലും അതു അടിച്ചേല്പിക്കുമ്പോൾ ആണ് ആസഹ്യമാകുന്നത്... സ്കൂളിൽ പത്താം ക്‌ളാസു വരെ പഠിച്ചിട്ടും പഠിക്കാത്ത ഹിന്ദി നമ്മളെ എത്ര പെട്ടെന്നാണ് ബംഗാളികൾ പഠിപ്പിച്ചത്.


പ്രാദേശിക വിഷയം സംസാരിക്കുന്ന വിഷയം എത്രപേർക്ക് സഹിക്കും എന്ന് അറിയില്ല.. എന്തായാലും ഈ സിനിമയിൽ തിരക്കഥ തന്നെയാണ് വില്ലൻ.. ശിവ കാർത്തികേയൻ, ജയം രവി, അഥർവ എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു എങ്കിലും ഗുണം ചെയ്യുക ജയം രവിക്ക് തന്നെയായിരിക്കും.


പ്ര.മോ.ദി.സം

Wednesday, January 7, 2026

തയ്യിൽ മെഷീൻ

 



ട്രെയിൻ യാത്രയിൽ സമയം കൊല്ലുവാൻ വേണ്ടി തല വെച്ച് കൊടുത്തതാണ്.. പിന്നെസിനിമയുടെ സമയവും കുറവ് ആയതു കൊണ്ട് താല്പര്യം തോന്നി.


സ്ഥലം മാറി വരുന്ന പോലീസ് ഉദ്യോഗസ്ഥൻ താമസിക്കുന്ന വീട്ടിൽ ആസ്വഭാവികത കണ്ടപ്പോൾ സഹപ്രവർത്തകനുമായി അതിന്റെ കാരണം തേടുകയാണ് അയാൾ.


അറിയുന്ന ആൾക്കാരോട് അതിന്റെ വിശദവിവരങ്ങൾ അന്വേഷിച്ചു ഏറെക്കുറെ കാര്യങ്ങൾ  മന സ്സിലാക്കുമ്പോൾ അവിടെ ഉള്ള ഒരു തയ്യൽ മെഷീൻ ആണ് പ്രശ്നം എന്ന് മനസ്സിലാക്കുന്നുണ്ട്.



 തന്നെ ആരാണ് കൊന്നത് എന്ന് അറിയാത്തതു കൊണ്ട് പ്രതികാരം ചെയ്യാൻ കഴിയാതെ വിഷമിക്കുന്ന പ്രേതത്തെ ഓർത്തു നമുക്ക് തന്നെ സങ്കടം വരും.കാരണം അവിടെ വരുന്ന ആൾക്കാരുടെ പേര് പ്രേതം വിളിക്കുന്നുണ്ട്.


ഇത്തരം കോപ്രായങ്ങൾ ഒറ്റിട്ടി യിൽ ആയതു കൊണ്ട് വലിയ നഷ്ട്ട ബോധം ഒന്നും തോന്നിയില്ല. അല്ലേലും ലേറ്റ് ആയി ഓടുന്ന ട്രെയിനിലെ വിരസതയിൽ ഇതൊക്കെ എന്ത്..


പ്ര.മോ.ദി.സം


Tuesday, January 6, 2026

ഇന്നസെൻ്റ്

 



അതുല്യനടൻ ഇന്നസെൻ്റുമായി സിനിമക്ക് ബന്ധമൊന്നും ഇല്ലെങ്കിലും ഇതിലെ നായകൻ ചില അവസരങ്ങളിൽ  ഇന്നസെൻ്റ് ആകുവാൻ നോക്കി പരാജയപ്പെടുന്നുണ്ട്.


ഈ കാലത്തും ഇത്തരം വളിപ്പ്

സിനിമ എടുക്കുന്നവനെ മട ലെടുത്ത് അടിക്കണം..ഒരു അന്തവും കുന്തവും ഇല്ലാതെ സമൂഹത്തിന് അത്യാവശ്യമായ ഒരു  വിഷയം നല്ല രീതിയിൽ അതിൻ്റെ സെൻസ് ഉൾകൊണ്ട് എടുക്കുന്നതിന് പകരം കോമാളികൾക്കു അവസരം കൊടുത്തു വെറും കുട്ടികളിയായി മാറിയ അവസ്ഥ.


ഇതിലെ നായകൻ്റെ അതായത്  അൽതാഫിൻ്റെ മുഖത്ത് വരുന്നത് ഒരേ ഒരു ഭാവം മാത്രമാണ്...പുച്ഛം എന്ന് വേണമെങ്കിൽ പറയാം.. അതു വെച്ച് രണ്ടു മണിക്കൂർ ഒക്കെ എങ്ങിനെ പ്രേക്ഷകൻ സഹിക്കും എന്ന് മനസ്സിലാക്കാൻ ഉള്ള സാമാന്യബുദ്ധി പൈസ ചിലവഴിച്ചവർക്ക് ഉണ്ടെങ്കിൽ ആ പണം കീശയിൽ ഇരുന്നേനെ..


പ്ര.മോ.ദി.സം


ഇത്തിരി നേരം

 



ചില പ്രേമബന്ധങ്ങൾ നമുക്ക് ഒരിക്കലും മറക്കാൻ കഴിഞ്ഞു എന്ന് വരില്ല..ചില സംഭവങ്ങൾ പ്രേമത്തെ പരാജയമായി മാറ്റും എങ്കിലും വർഷങ്ങൾ കഴിഞ്ഞാലും അത് മനസ്സിനുള്ളിൽ എവിടെയൊക്കെയോ അടിഞ്ഞു കൂടി കിടപ്പുണ്ടാകും.


അതുപോലെ ഉള്ള ഒരു കഥയാണ് ഇത്തിരി നേരം.വർഷങ്ങൾക്ക് മുൻപ് അടിച്ചു പിരിഞ്ഞ കാമുകി വർഷങ്ങൾക്കുശേഷം ഫോണിൽ ബന്ധപ്പെടുമ്പോൾ ഒന്ന് കാണണം എന്നുള്ള മോഹം നവീണിന് ഉണ്ടാകുന്ന..


ഇത്തിരി നേരം കണ്ട് സംസാരിച്ചു പിരിയാം എന്നനിലയിൽ ഉറപ്പിച്ച കാര്യം കണ്ടതിന് ശേഷം വീണ്ടും പഴയ കാമുകികാമുകൻമാർ ആയി മാറുകയും ഒന്നിച്ചു കുറച്ചു സമയം ചിലവഴിക്കാൻ ശ്രമിക്കുന്നു.


അതുകഴിഞ്ഞ് പിന്നേടുണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ പറയുന്നത്.അധികം സംഭവങ്ങളോ ആളുകളോ ഇല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ പറയേണ്ടത് ഒക്കെ പറയുന്ന സിനിമ ചിലർക്ക് നോസ്ടാർജിയ സമ്മാനിച്ചേക്കും


പ്ര.മോ.ദി.സം

Saturday, January 3, 2026

മൈ ചോയ്സ് - filim 2025

 



കുറെയേറെ സിനിമകൾ ഈ വർഷം കണ്ട് എങ്കിലും എനിക്ക് ഇഷ്ടപെട്ട ചില ചിത്രങ്ങളെ കുറിച്ച് പറയാം.കലക്ഷനെയോ മൂല്യങ്ങളെയോ അവാർഡുകളെയോ പരിഗണിക്കാതെ എനിക്ക് എൻജോയ് ചെയ്തു ഇഷ്ട്ടപെട്ടു കാണാൻ പറ്റിയ സിനിമകളെ കുറിച്ചാണ് പറയുന്നത്.ഇത് തന്നെയായിരിക്കും നിങ്ങളുടെ ചോയ്സ് എന്നും എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല..ഓരോരുത്തരുടെ അഭിരുചി വ്യത്യസ്തമായിരിക്കും


എക്കോ...


ഒരു മിസ്റ്ററി ത്രില്ലർ എന്ന നിലയിൽ ഈ വർഷം കണ്ട മികച്ച ചിത്രങ്ങളിൽ മുന്നിൽ തന്നെ വെക്കാം.ദിൽജിത് ബാഹു രമേശ് കൂട്ടുകെട്ട് മുൻ ചിത്രങ്ങളിൽ ഉണ്ടാക്കിയ പ്രതീക്ഷ അതിൽ കൂടുതൽ മികവോടെ നിലനിർത്തി എന്ന് തന്നെ പറയാം...പെർഫെക്ട് കാസ്റ്റിംഗ് തന്നെയാണ് സിനിമയുടെ വിജയം..കണ്ട് മാത്രം മനസ്സിലാക്കിയാൽ പോരാ ചിന്തിച്ചുകൂടി മനസ്സിലാക്കേണ്ടതുണ്ട് എന്ന് ചിത്രം ഓർമ്മിപ്പിക്കുന്നു. സിനിമ വിട്ടു ഇറങ്ങിയാലും കൂടെ പോരുന്ന കഥാപാത്രങ്ങൾ.


കളങ്കാവൽ


മമ്മൂട്ടിയുടെ അഴിഞ്ഞാട്ടം വില്ലൻ രൂപത്തിൽ കണ്ട ചിത്രം അദ്ദേഹത്തിൻ്റെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്നു..കണ്ടും കേട്ടും പഴകിയ തീം ആയിട്ട് പോലും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം പെരുത്ത് ഇഷ്ടമായി.വിനായകൻ തൻ്റെ റോൾ നന്നാക്കി എന്നതാണ് പറയാൻ കഴിയുക പ്രതീക്ഷിച്ച പ്രകടനം കിട്ടിയില്ല എന്ന് എനിക്ക് തോന്നുന്നു ..എന്തുകൊണ്ടും കണ്ടിരിക്കേണ്ട ചിത്രം.


3 BHK 


തമിഴിൽ നിന്നും എത്തിയ ചിത്രം  സ്വന്തമായ വീട് എന്ന സ്വപ്നം കണ്ടുനടക്കുന്ന സാധാരണക്കാരൻ്റെ വേവലാതികൾ കൃത്യമായി വരച്ചിടുന്നു.ശരത്കുമാർ,ദേവയാനി,സിദ്ധാർത്ഥ് അഭിനയമുഹൂർത്തങ്ങൾ മറ്റൊരു തലത്തിലേക്ക് നമ്മളെ കൊണ്ട് പോകുന്നു.കുറെയേറെ വൈകാരിക നിമിഷങ്ങളും സംഭാഷണങ്ങളും ഉള്ള ചിത്രം മികച്ചത് തന്നെ.


ഒരിക്കലും പൂർത്തീകരിക്കാൻ പറ്റാത്ത , സ്വപ്നമായ തൻ്റെ സ്വന്തം വീടിൻ്റെ കുറിച്ചുള്ള ആധി പേറി ജീവിക്കുന്ന കുടുംബസ്ഥർക്കു സമർപ്പണം ആണ് ഈ ചിത്രം


ദുരന്ധർ


പാകിസ്ഥാനിൽ പോയി ഒളി ജീവിതം നയിച്ചു നമ്മുടെ ശത്രുക്കളുടെ നീക്കങ്ങൾ മനസ്സിലാക്കി അവരിൽ ഒരാളായി നിന്ന് അവർക്കെതിരെ പോരാടുന്ന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ കഥ പറയുന്ന ചിത്രം ദേശഭക്തിയും ഇൻജക്ട് ചെയ്യുന്നുണ്ട്.ഹിന്ദിയിൽ മാത്രം ഇറങ്ങിയ ചിത്രം ഹിന്ദി ഭാഷ ലവലേശം  വശമില്ലാത്ത ആൾക്കാർക്ക് മാത്രം ദുരന്തമായി അനുഭവപ്പെടും ..നല്ലൊരു അനുഭവം തരുന്ന സിനിമ


ടൂറിസ്റ്റ് ഫാമിലി


ശ്രീലങ്കയിൽ നിന്നും അനതികൃതമായി  വന്നു ചെന്നയിൽ ആരോരുമറിയാതെ  താമസിക്കുന്ന കുടുംബത്തിൻ്റെ  കഥ പറയുന്ന ചിത്രം അഭയാർത്ഥികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. മികച്ച കാസ്റ്റിംഗ് കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന ചിത്രം സ്വന്തം രാജ്യം ഉണ്ടായിട്ടും അഭയാർത്ഥികൾ ആകേണ്ടി വരുന്നവരുടെ കഥയാണ് പറയുന്നത് .തമിഴിൽ നിന്നും വന്ന ഈ ചിത്രം മികച്ച പ്രകടനം കൊണ്ടും അവതരണം കൊണ്ടും വേറിട്ട് നിൽക്കുന്നു.


സർവ്വം മായ


മലയാള സിനിമയിലെ മാറ്റങ്ങൾ   ആഗ്രഹിക്കാത്ത 


 " വിവരദോഷികൾ " എഴുതി തള്ളിയ നിവിൻപോളി എന്ന താരത്തിൻ്റെ ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച ചിത്രം വിസ്മയതുംബത്തു,കൂടെ  ചിത്രങ്ങളുടെ പട്ടികയിൽ പെട്ടതാണെങ്കിലും അഖിൽ സത്യൻ്റെ അവതരണത്തിലൂടെ നിവിൻ, അജു, "ഡെലേലു" കൂട്ടുകെട്ടിൽ വിസ്മയം തീർക്കുന്നു. സകല റിക്കാർഡുകള് ഭേദിച്ച് മുന്നേറുന്ന സിനിമ നിവിൻ്റെ നൂറുകോടി ചിത്രമായി മാറി കഴിഞ്ഞൂ. തിയേറ്ററിൽ ചിരിയും കളിയും വേദനയും സൃഷ്ട്ടിക്കുന്ന് ചിത്രം ആസ്വാദർക്ക് മികച്ച അനുഭവം തന്നെ..


പൊൻമാൻ 


ഒരു കല്യാണ വീട്ടിൽ അന്നത്തെ   ആവശ്യത്തിന്  പൊന്നു കടം കൊടുത്തു അത് തിരികെ വാങ്ങുവാൻ വേണ്ടി നെട്ടോട്ടം ഓടുന്ന ജ്വല്ലറി  കമ്മീഷൻ ഏജൻ്റിൻ്റെയും തിരിച്ചു കൊടുക്കാൻ പറ്റാത്ത  വീട്ടുകാരുടെയും  അതിനിടയിൽ പെട്ടു പോകുന്ന പുതു പെണ്ണിൻ്റെയും കഥ പറഞ്ഞ ചിത്രം സ്വർണത്തിന് അടിക്കടി വില കൂടിവരുന്ന ഈ കാലത്ത് സാധാരണക്കാരുടെ പെൺകുട്ടികളുടെ വിവാഹ സ്വപ്നങ്ങളുടെ വേദന കൂടി പറഞ്ഞു വെക്കുന്നുണ്ട്.ബേസിൽ ജോസഫിൻ്റെ മികച്ച പ്രകടനം കാഴ്ച വെച്ച സിനിമ സമൂഹത്തിലെ ചില പുഴുകുത്തുകൾ ചൂണ്ടികാണിക്കുന്നു.


സർകീട്ട് 


ജനിതക രോഗമുള്ള  കുട്ടിയെ അവരുടെ പരാക്രമത്തിൻ്റെയും തങ്ങളുടെ പ്രൈവസിയുടെ പേരിലും റൂമിൽ അടച്ചിട്ടു വളർത്തുന്നവരുടെ കണ്ണ് തുറപ്പിക്കാൻ ഉതകുന്ന ചിത്രത്തിൽ കുട്ടിയുടെയും അപരിചിതനായ കൂട്ടുകാരൻ്റെയും ഗാഢബന്ധത്തിൻ്റെ കഥപറയുന്നൂത് നമ്മിൽ വേദന നിറക്കും..സിനിമ കുറച്ചുകൂടി വേഗത്തിൽ ആയിരുന്നുവെങ്കിൽ  കൂടുതൽ ഹൃദ്യമായേനെ.. ഗള്ഫില് വിസിറ്റിംഗ് വിസയിൽ എത്തി ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ഒരു സമർപ്പണം കൂടിയാകുന്നു ഈ ചിത്രം. പ്രാരാബ്ധങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്നും രക്ഷപ്പെടുവാൻ മരുഭൂമിയിൽ എത്തിയിട്ടും വിയർക്കേണ്ടി വരുന്ന ആളായി ആസിഫലി മികച്ച് നിൽക്കുന്ന പ്രകടനം കാഴ്ച വെച്ചു.


തലവര


ശരീരത്തിൽ  ഉണ്ടായ പാണ്ട് കൊണ്ട് ജീവിതം മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയിൽ അതിനെ വിസ്മരിച്ചു ജീവിതത്തിൽ വിജയം കാണുന്ന യുവാവിൻ്റെ കഥ പറയുന്ന ചിത്രം ജീവിതത്തോട് പോരാടിക്കുന്നവർക്ക് വേണ്ടിയുള്ളത് ആണ്.സമൂഹം എന്ത് പറഞ്ഞാലും വിജയിക്കുമെന്ന് തീരുമാനമെടുത്തു അതിൻ്റെ പിറകെ പോകുന്ന യുവാവിൻ്റെ കഥ പറയുന്നു.


നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ പിഴവ് കൊണ്ടാണെന്ന് കരുതി ഒതുങ്ങി കൂടാതെ സമൂഹത്തിൽ ഇറങ്ങി അതിനെ പരിഹസിക്കുന്നവർക്ക് നേരെ പോരാടി വിജയിക്കണം എന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു.


പെരുസു


അധികം ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഈ തമിഴ് ചിത്രം പറയുന്നത് മരണ വീട്ടിലെ കഥയാണ്.


നല്ലൊരു തീം ഒന്നുമല്ലെങ്കിലും കൈവിട്ടാൽ ആഭാസം ആയി പോകുന്ന തീം എങ്ങിനെ രസിപ്പിക്കും എന്ന് തെളിയിക്കുന്നു.മരണവീട്ടിൽ പോലും ചിരി ഉണ്ടാക്കാം എന്ന് കാട്ടി തരുന്നു.മലയാളത്തിലെ വ്യസനസമേതം ബന്ധു മിത്രാദികൾ പോലെ മരണ വീട്ടിലെ  തറ കോമഡി കൊണ്ടല്ല ചിരിപ്പിക്കുന്നത്. ഇതിൽ  ചിരി നമ്മുടെ ചുണ്ടിൽ ഉണ്ടാക്കാൻ അതിൻ്റേതായ കാരണം ഉണ്ട്.


തുടരും


മോഹൻലാൽ എന്നൊരു നടനെ കിട്ടിയാൽ വെറും കസർത്ത് മാത്രം കളിപ്പിക്കാതെ അദ്ദേഹത്തിന് പറ്റിയ കഥാപാത്രം കൊടുത്താൽ  കേരള ജനത ഏറ്റെടുക്കുന്ന സിനിമ എങ്ങിനെ ഉണ്ടാക്കാം എന്ന് തരുൺ മൂർത്തി എന്ന സംവിധായകൻ കാണിച്ചു തന്നു.കുടുംബ ബന്ധങ്ങളിലെ ഊഷ്മളതയും ആകുലതകളും ശരിയായി പറഞ്ഞു തന്ന ചിത്രം,മോഹന്ലാലിൻ്റെ ,ശോഭനയുടെ പിള്ളേരുടെ അഭിനയം കൊണ്ട് ഹൃദ്ധ്യമാക്കുന്നു.


" ജോർജ് സാർ" എന്ന വില്ലനെയും കൂടി ചേർത്തപ്പോൾ നല്ലൊരു ദൃശ്യവിസ്മയം തന്നു..മാസ്സ് മാത്രം കാണിച്ചു ആളെ പറ്റിക്കുന്ന നടൻ മാത്രമല്ല മോഹൻലാൽ എന്ന് പൃഥ്വിരാജിനെ  പോലെ ഉള്ള സംവിധായകരെ ഓർമ്മിപ്പിക്കുന്ന ചിത്രം കൂടിയായി.


അവിഹിതം


വളരെ ചെറിയൊരു സിനിമ, ഉള്ള സമയം നമ്മളെ പിടിച്ചിരുത്തി രസിപ്പിക്കുന്നുണ്ട് എങ്കിൽ അതിൻ്റെ അണിയറപ്രവർത്തകർക്കു കൊടുക്കാം വലിയൊരു കയ്യടി..


ഒരു അവിഹിതവും അതിൻ്റെ പിന്നിലെ സംഭവങ്ങളും നല്ലരീതിയിൽ പറഞ്ഞ ചിത്രം മികച്ച് തന്നെ നിൽക്കുന്നു. ഏറെക്കുറെ പുതുമുഖങ്ങൾ ആയതു കൊണ്ടു തന്നെ നല്ലൊരു ഫ്രഷ് നസ്സ് ചിത്രത്തിനുണ്ട്. നാട്ടിൽ പുറത്ത് നടക്കുന്ന കഥയായത് കൊണ്ട് തന്നെ സംഭവങ്ങൾ യാധർത്ഥ്യത്തത്തോട് ചേർന്ന് നിൽക്കുന്നു.


വള 


ഒരു വളയും അതിനെ ചുറ്റിപ്പറ്റിയുള്ള ചില സംഭവങ്ങൾ നല്ലരീതിയിൽ പറഞ്ഞ ചിത്രം നമുക്ക് ആസ്വദിക്കുവാൻ നല്ലരീതിയിൽ ചെയ്തു വെച്ചിട്ടുണ്ട്.അതിനിടയിൽ ആർത്തിയും പ്രാപ്തിയും ഒക്കെ വിഷയമാകുന്ന ചിത്രം നല്ലൊരു അനുഭവം നൽകുന്നുണ്ട്.വളയുടെ ചരിത്രം കുറച്ചു സഹിക്കുന്നില്ല എങ്കിൽ കൂടി നല്ലൊരു അനുഭവം നൽകുന്നുണ്ട് ചിത്രം.


സു ഫ്രം സോ 


കന്നടയിൽ നിന്നും മൊഴിമാറ്റി ജെപി തൂമിനാട് നായകനായി സംവിധാനം ചെയ്ത ചിത്രം ഗ്രാമത്തിൻ്റെ നന്മയും ഐശ്വര്യവും സമൃദ്ധിയും വിശുദ്ധിയും കാണിക്കുന്നതിന് ഒപ്പം അവിടുത്തെ അന്ധവിശ്വാസവും പറഞ്ഞു വെക്കുന്നുണ്ട്..പഴയ സത്യൻ അന്തിക്കാട് സിനിമ പോലെ നന്മ നിറഞ്ഞു ചിരിച്ചു രസിച്ചു ആസ്വദിക്കുവാൻ പറ്റിയ ചിത്രം


നാരാണിടെ മൂന്നു ആൺമക്കൾ


പഴയ തറവാട് പാർട്ടീഷൻ കഥ പറയുന്ന ചിത്രം സ്വത്തിന് വേണ്ടി കൂടപ്പിറപ്പുകളുടെ "യുദ്ധം "കാട്ടിത്തരുന്നു..കൂട്ടത്തിൽ ബന്ധങ്ങളുടെ ആഴം,അതിൻ്റെ മൂല്യം മനസ്സിലാക്കാതെ ഇടപെടുന്ന പുതിയ തലമുറയെ കൂടി പരാമർശിക്കുന്നുണ്ട്.മിക്ച രീതിയിൽ കഥ പറഞ്ഞ ചിത്രം നല്ലൊരു അനുഭവം നൽകുന്നുണ്ട്.


നരിവേട്ട 


കുറച്ചുകാലം മുൻപ് നമ്മുടെ നാട്ടിൽ നടന്ന പോലീസ് അതിക്രമത്തിൻ്റെ സത്യാവസ്ഥ വേറൊരു കോണിൽ കൂടി പറയുന്ന സിനിമ വൈകാരിക രംഗങ്ങൾ കൊണ്ടും മറ്റും നമ്മെ പിടിച്ചിരുത്തി കളയുന്നു.പഴയ സംഭവം ആണെങ്കിലും ചില സിനിമാറ്റിക് പ്രയോഗങ്ങൾ നടത്തിയത് കൊണ്ട് മികച്ച ചിത്രം തന്നെയായി.


ഇനിയും ഇഷ്ടപെട്ട സിനിമകൾ ഉണ്ട്..കൂടുതലായി എഴുതുവാൻ പറ്റാത്തത് കൊണ്ട് പേരിൽ കൂടി പരാമർശിച്ചു പോകാം..


ഛാവ,രാമം രാഘവം,ദീയസ് ഏറെ,സ്വർഗം,ഡ്രാഗൺ,ഔസേപ്പിൻ്റെ ഒസ്യത്ത്, എന്നിവ കൂടി ഇതിൻ്റെ കൂട്ടത്തിൽ പെടുത്താം.ഇതിനൊക്കെ മുകളിൽ കൊടുത്ത  ചിത്രങ്ങളുടെ പിന്നിൽ മാത്രമേ സ്ഥാനം കൊടുക്കാൻ പറ്റൂ 


പ്ര.മോ.ദി.സം