Thursday, August 28, 2025

ഓണവും "മതേതരം" അല്ലേ?

 



കഴിഞ്ഞ ദിവസം തൃശൂരിലെ ഒരു സ്കൂളിലെ ടീച്ചർ പറഞ്ഞ കാര്യം വോയ്സ് ക്ലിപ്പ് ആയി മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.അവർ പറയുന്നത് ഓണം എന്നത് ഹിന്ദുക്കളുടെ മാത്രം ആഘോഷം ആണെന്നും മുസ്ലിം സമുദായക്കാർ അത് ആഘോഷിക്കുവാൻ പാടില്ല എന്നതുമാണ്.ടീച്ചറെ  കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ചില നാട്ടിലെ വിശ്വാസം അങ്ങിനെ ആയിരുന്നു താനും...അല്ലെങ്കിൽ മതം അവരെ അങ്ങിനെ വിശ്വസിപ്പിച്ചു.ഇന്നും അതിനു വലിയ മാറ്റം ഒന്നും വന്നിട്ടില്ല.മതം എന്നത് മനുഷ്യനെ വലിഞ്ഞു മുറുക്കുമ്പോൾ  ഇതൊക്കെ സാധാരണം.


 ഓണം മലയാളികളുടെ ദേശീയ ഉത്സവം ആണെങ്കിൽ പോലും   പണ്ട് മുതലേ മലബാറിലെ  മറ്റു മതസ്ഥർക്ക് അത്  ഹിന്ദുക്കളുടെ മാത്രം ആഘോഷമാണ് .. കാരണം അവരോട് അവരുടെ പൂർവികൻമാർ ,അല്ലെങ്കിൽ അവരുടെ "പുരോഹിതർ" പറഞ്ഞു പഠിപ്പിച്ചത്

അങ്ങനെയായിരിക്കും.


എങ്കിലും അന്യ സമുദായ സുഹൃത്തുക്കൾ പൂക്കൾ പറിക്കാനും, പൂക്കളം ഒരുക്കാൻ ,ഓണാഘോഷം നടത്തുവാൻ ഒക്കെ കൂടെ ഉണ്ടാവും..അതുകൊണ്ട് തന്നെ ഓണസദ്യ ഉണ്ണാനും അവരെ പലരും വീട്ടിലേക്ക്  വിളിക്കും.അവർ ഒന്നിച്ചു ആഘോഷിക്കും.


ആ കാലങ്ങളിൽ ഹിന്ദു മുസ്ലിം എന്നൊരു വേർതിരിവ് ഇന്നത്തെ പോലെ അത്ര ഭീകരമായിരുന്നില്ല..എല്ലാവരും മനുഷ്യന്മാർ ആണെന്ന് ഒരു "കൺസെപ്റ്റ്" ആയിരുന്നു ..അതുകൊണ്ട് തന്നെ അയൽക്കാരായ മുസ്ലിം വീടുകളിൽ ഓണത്തിന് എന്തെങ്കിലും സ്പെഷ്യൽ ആയി ടൗണിൽ നിന്നും വാങ്ങി ,അല്ലെങ്കിൽ വീട്ടിൽ നിന്നും തന്നെ ഉണ്ടാക്കുന്ന വിഭവങ്ങൾ കൊടുത്തുവിടുവാൻ അച്ഛനും അമ്മയും മുൻകൈ എടുത്തിരുന്നു. അവരുടെ നോയമ്പ് പെരുന്നാൾ സമയത്ത് അവരും സ്പെഷ്യൽ സാധനങ്ങൾ നമുക്കും നൽകിയിരുന്നു. ഇത് അയൽക്കാരായി അന്യ മതസ്ഥർ ഉള്ള പലരും ചെയ്യുന്ന കാര്യവുമായിരുന്നു.


ഈ അടുത്തകാലത്ത് അതിനു സ്കൂൾ കോളേജ് തലങ്ങളിൽ മാറ്റം വന്നിട്ടുണ്ട് എങ്കിൽ കൂടി വീടുകളിൽ ഇന്നും അതു ഹിന്ദുക്കളുടെ ആഘോഷം മാത്രമാണ്.മലബാറിൽ മറ്റു മതസ്ഥർ ഓണം ആഘോഷിക്കുന്നു എങ്കിൽ പോലും അത്  ചെറിയ ശതമാനം ആയിരിക്കും. മതത്തിൻ്റെ പിടിമുറുക്കം തന്നെയാണ് കാരണം. പക്ഷേ കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ ഓണം എന്നത് മലയാളികളുടെ ഉത്സവം തന്നെയാണ്.


ജോലി ആവശ്യങ്ങൾക്ക് മലബാർ വിട്ടു പുറത്തേക്ക് പോയപ്പോൾ ആണ് ഓണം എന്നത് കേരളത്തിലെ എല്ലാവരും ആഘോഷിക്കുന്ന് ഉത്സവം ആണെന്ന് മനസ്സിലാക്കിയത്.അവിടെയൊക്കെ ജാതി മത ഭേദ്യമെന്നെ എല്ലാവരും കോടികൾ ഉടുത്തും സദ്യ ഉണ്ടാക്കിയും  കലാപരിപാടികൾ  സംഘടിപ്പിച്ചും ഓണം വിപുലമായി ആഘോഷിക്കുന്നു.പക്ഷേ മലബാറുകാർക്ക് ആകെ അതിൽ കണ്ടെത്തുവാൻ ഉള്ള പോരായ്മ വിഭവങ്ങളിൽ നോൺ വെജ് ഉണ്ടായിരുന്നില്ല എന്നത് മാത്രമാണ്.തലശ്ശേരി കണ്ണൂർ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് നോൺ വെജ് നിർബദ്ധമാണ്.


ഇന്ന് ഓണാഘോഷത്തിന് വലിയ പ്രാധാന്യം ഉണ്ട്..സ്കൂൾ കോളേജ് തലത്തിൽ തുടങ്ങി വ്യവസായ മേഖലകളിൽ പോലും എല്ലാവരും ഒന്നിച്ചു കൂടിയുള്ള ആഘോഷങ്ങൾക്ക് സമയം കണ്ടെത്തി തുടങ്ങിയിരിക്കുന്നു..അത് ഇപ്പൊൾ വലിയ കൂട്ടായ്മയുടെ ആഘോഷമായി പരിണമിച്ചിരിക്കുന്നു.അവിടെ ജാതിയോ മതമോ വർണ്ണമോ പൊസിഷനോ ഒന്നും തടസ്സമാകുനില്ല.


ഇന്ന് ഓരോരുത്തരും ഓണാഘോഷം വീട്ടിൽ നിന്നും മാത്രമല്ല എന്നൊരു സ്ഥിതിയിൽ എത്തിയിരിക്കുമ്പോൾ നമ്മുടെ ടീച്ചർ ഇപ്പോഴും പഴയ നൂറ്റാണ്ടിൽ ആണ് എന്ന് കരുതുക അല്ലെങ്കിൽ മലബാർ ഭാഗങ്ങളിലെ " ജനങ്ങൾ" പിന്തുടരുന്ന അവസ്ഥയിൽ നിന്നും മാറാൻ ചിന്തിക്കുന്നില്ല എന്നും കരുതാം.


പണ്ട് നാട് ഭരിച്ച നല്ലൊരു അസുര  രാജാവിനെ അസൂയ മൂത്ത് ദേവാവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയപ്പോൾ തൻ്റെ പ്രജകളെ കാണുവാൻ ഭൂമിയിലേക്ക് വരാൻ  അനുവദിച്ച ഒരു ദിവസം ആണ് തിരുവോണം..ഓണത്തിൻ്റെ ഐതിഹ്യത്തിൽ ഒരിക്കലും ഹിന്ദു വിശ്വാസം കടന്നു വരുന്നില്ല..പിന്നെ എന്തുകൊണ്ട് ചില മതങ്ങൾ അത് ഹിന്ദുവിൻ്റെ ആഘോഷം ആണെന്ന് വിശ്വസിക്കുന്ന അവസ്ഥ ഉണ്ടാകുന്നു?


അപ്പോള് ആ കാലത്ത് ഹിന്ദുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ലോകത്തോട്  വിളിച്ചു പറയുകയാണ്  ഇത്തരക്കാർ..സത്യത്തിൽ നമ്മളൊക്കെ അധിനിവേശ കാർ  അല്ലെങ്കിൽ ഹിന്ദുമതത്തിൽ നിന്നും മാറി ഈ മതത്തിലേക്ക് വന്നവർ ആണെന്ന് "അവരറിയാതെ" പറഞ്ഞു പോകുന്നു..


അതുകൊണ്ട് ടീചർമാരെ പോലെ ഇത്തരം വിഡ്ഢിത്തങ്ങൾ ഇനിയും എഴുന്നള്ളിക്കാതെ കേരളത്തിൻ്റെ ദേശീയ ഉത്സവമാണ് ഓണം എന്ന് സമർത്ഥിച്ചു എല്ലാവരും ഒത്തൊരുമയോടെ ഓണാഘോഷത്തിൽ പങ്കെടുക്കുക 


പ്ര.മോ.ദി.സം

Wednesday, August 20, 2025

യമഘാതകി

 



ഒരു സിനിമയിൽ ഏറെക്കുറെ മുഴുവൻ പുതുമുഖങ്ങൾ ആയാൽ അതിനു വലിയ മാർക്കറ്റ് ഉണ്ടാകുവാൻ സാധ്യതയില്ല..പ്രേക്ഷകർ അടക്കം ചിലപ്പോൾ അതിനോട് മുഖം തിരിച്ചു കളഞ്ഞു എന്നു വരാം.


പക്ഷേ ഇതുപോലെ ഉള്ള ചിത്രങ്ങൾ കണ്ട് കഴിഞ്ഞ പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി കൊണ്ട് നിറഞ്ഞ സദസ്സിൽ ഓടി ഹിറ്റ് ആയ ചരിത്രങ്ങളും നിരവധിയുണ്ട്..ഈ സിനിമയുടെ കാര്യം കൃത്യമായി അറിയില്ല.


പെപ്പിൻ ജോർജ് ജയശീലൻ എന്ന സംവിധായകൻ വിശ്വാസവും അന്ധവിശ്വാസവും ഒക്കെ കോർത്തിണക്കി അവതരിപ്പിച്ച ചിത്രം ഒരു സസ്പെൻസ് ത്രില്ലെർ ആണ്..തുടക്കം മുതൽ ഒടുക്കം വരെ നല്ലൊരു മൂഡ് നിലനിർത്തി കൊണ്ടുപോകുന്ന സിനിമ.


പുതുമുഖങ്ങളെ മാറ്റി അറിയപ്പെടുന്ന താരങ്ങളെ അഭിനയിപ്പിച്ചാൽ ചിലപ്പോൾ  സൂപ്പർ ഹിറ്റു ആകുമായിരുന്ന ചിത്രം ഫ്രഷ് നെസ്സ് നിലനിർത്താൻ അതുവഴി പോകാത്തത് കൊണ്ട് തന്നെ നല്ലൊരു ഫീലിംഗ് നൽകുന്നു.


ജന്മനാ അസുഖകാരിയായ ഒരു  യുവതിയുടെ ആത്മഹത്യ  സ്വാഭാവിക മരണം ആണെന്ന്  പറഞ്ഞു നാട്ടുകാരെ വിശ്വസിപ്പിക്കുന്നതും പക്ഷേ ശവസംസ്കാരത്തിന്  മൃതദേഹം എടുക്കാൻ ശ്രമിക്കുമ്പോൾ അത്  എടുക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ   അത് ദൈവങ്ങളുടെ കോപം ആണെന്ന് കരുതുന്ന കുടുംബം അത്  ആത്മഹത്യ എന്ന് തുറന്നു പറയേണ്ടി വരുന്നു.


പോലീസും ഡോക്ടറും എത്തി ആത്മഹത്യയുടെ കാരണം   അറിഞ്ഞിട്ടും ശവം "വരാൻ" കൂട്ടാക്കുന്നില്ല.അത് കട്ടിലില് തന്നെ എഴുന്നേറ്റു നിൽക്കുന്ന  അവസ്ഥയിലേക്ക് വരുന്നു.


പിന്നീട് പോലീസ് അന്വേഷണത്തിൽ കാര്യങ്ങള് ഒക്കെ തീരുമാനം ആകുമ്പോൾ ശവം "പിടിവാശിയില്ലത്ത" സാധാരണ മൃതദേഹം ആയി മാറുന്നു.


ഈ സിനിമയിൽ വിശ്വാസത്തിൽ ഊന്നിയാണ് കഥപറയുന്നതെങ്കിലും ചില അദൃശ്യ ശക്തികൾ ചില മരണങ്ങൾക്ക് കാരണം കണ്ടുപിടിക്കാൻ സഹായിക്കും എന്ന് കേട്ടറിഞ്ഞിട്ടുണ്ട്.


പ്ര.മോ.ദി.സം 


Tuesday, August 19, 2025

പറന്നു പോ

 



ഇപ്പോഴത്തെ നമ്മുടെ കുട്ടികളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവർക്ക് മണ്ണിൽ നടക്കാനും പൂക്കളോട് പുഴകളോട് തുമ്പികളോട് സംസാരിക്കാനോ  അടുത്ത വീട്ടിലെ കുട്ടികളെ കൂട്ടുകാർ ആക്കുവാൻ പോലും സമയമോ സന്ദർഭമോ കിട്ടുന്നില്ല അല്ലെങ്കിൽ കൊടുക്കുന്നില്ല എന്ന് തന്നെ പറയാം.


വിദ്യാഭ്യാസം എന്നത് അത്യന്താപേക്ഷിതമായ ഈ കാലഘട്ടത്തിൽ അവനെ അല്ലെങ്കിൽ അവളെ നമ്മൾ നാല് ചുവരുകൾക്കുള്ളിൽ പൂട്ടിയിടുകയാണ്. സ്കൂൾ,ട്യുഷൻ ,ഗൃഹപാഠങ്ങൾ എന്നുവേണ്ട അവനെ പഠിത്തം പഠിത്തം എന്ന് പറഞ്ഞു അവരുടെ കൊച്ചു സന്തോഷങ്ങളും പ്രതീക്ഷകളും ഒക്കെ നമ്മൾ തന്നെ തല്ലി കെടുത്തുകയാണ്.


നമ്മൾ ചെറുപത്തിൽ അനുഭവിച്ച സ്വതന്ത്രങ്ങളും മറ്റും അവരിൽ നിഷേധിച്ചു കൊണ്ട് നമ്മൾ അവരെ ഉന്നതിയിൽ എത്തിക്കുവാൻ ശ്രമിക്കുമ്പോൾ അവർ റോബോട്ട് ആയി പോകുകയാണ്..


ഈ ചിത്രം പറയുന്നത് അങ്ങിനെ ഒരു കഥയാണ്...പുസ്തകം കൊണ്ടും മാതാപിതാക്കളുടെ പ്രാരാബ്ധം കൊണ്ടും എല്ലാത്തരം സ്വതന്ത്രവും നിഷേധിക്കപ്പെട്ട കുട്ടി തനിക്ക് അവസരം കിട്ടുമ്പോൾ അതിലൊക്കെ ചെന്നു ചേരുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഈ ചിത്രം മനോഹരമായി പറഞ്ഞു വെച്ചിരിക്കുന്നു.


ശിവ,ഗ്രേസ് ആൻ്റണി,അഞ്ജലി,അജു വർഗീസ്,വിജയ് യേശുദാസ് എന്നിവർ അഭിനയിച്ച ചിത്രം റാം ആണ് സംവിധാനം ചെയ്തിരിക്കുന്നത്.


പ്ര.മോ.ദി.സം 


3 B.H .K

 



പതിവ് തമിഴ് ബഹളങ്ങൾക്കിടയിൽ ഇത് പോലെ കുറെയേറെ ഫീൽ ഗുഡ് സിനിമകൾ തമിഴിൽ വർഷം തോറും വരുന്നുണ്ട് എങ്കിലും പലതും അതിർത്തി കടന്ന് പുറത്തേക്ക് വരില്ലായിരുന്നു.


ഇപ്പൊൾ ഇന്ത്യ മുഴുവൻ റിലീസ്  ആയപ്പോൾ എല്ലാത്തരം ചിത്രങ്ങളും തിയേറ്ററിൽ അല്ലെങ്കിൽ ഓ.ടി.ട്ടി യില് കാണാൻ പറ്റുന്ന തരത്തിൽ പ്രേക്ഷകർ  മാറി.എന്തിന് കന്നഡ,തെലുങ്ക് സിനിമകൾ വരെ ഡബ്ബിംഗ് ആവശ്യമില്ലാതെ  അതെ ഭാഷയിൽ കണ്ട് രസിക്കുന്ന പ്രേക്ഷകരായി നമ്മൾ മാറി.


ഒരു വീട് എന്നത് ഓരോരുത്തരുടെയും വലിയ സ്വപനമായിരിക്കും.എന്നാല് സാധാരണക്കാരനായ , ഭാര്യയും രണ്ടു  കുട്ടികളുമുള്ള ശമ്പളക്കാരൻ വർഷങ്ങൾക്ക് മുൻപ് ആഗ്രഹിച്ചിട്ടും കുട്ടികൾ വലുതായിട്ടു പോലും സാധാരണക്കാരൻ്റെ ദൈനംദിന പ്രശ്നങ്ങൾ കൊണ്ട്  ആഗ്രഹ പൂർത്തീകരണം ഉണ്ടാകുന്നില്ല.


പഠിക്കുന്ന മകനിൽ പ്രതീക്ഷ പുലർത്തിയെങ്കിലും അയാൾക്ക് ഇഷ്ടപ്പെടാത്ത വിഷയത്തിൽ മറ്റുള്ളവരുടെ അഭിപ്രായം കേട്ട് അയാള് തിരുകി കയറ്റിയപ്പോൾ  ഓരോ പ്രാവശ്യവും തപ്പിതടഞ്ഞൂ മുന്നോട്ടു പോകുകയായിരുന്നു.


വളരെ റിയലിസ്റ്റിക് ആയിട്ട് ഒരാളുടെ ജീവിതത്തിൽ കൂടി ക്യാമറ കാഴ്ചകൾ ചലിക്കുമ്പോൾ നല്ലൊരു ചിത്രം ശ്രീ ഗണേഷ് എന്ന സംവിധായകൻ നമുക്ക് സമ്മാനിക്കുന്നു.സിദ്ധാർത്ഥ് ,ശരത് കുമാർ,ദേവയാനി എന്നിവരുടെ അഭിനയം മികവ് തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.


സിദ്ധാർത്ഥിൻ്റെ മേക്ക് ഓവർ എടുത്തു പറയേണ്ടത് ആണെങ്കിൽ കൂടി ശരത്കുമാർ സിദ്ധാർത്ഥ് അഭിനയ മത്സരത്തിൽ ആരാണ് മുന്നിട്ടു നില്കുന്നത് എന്ന് തിരിച്ചറിയുക പ്രയാസമാണ്.


പ്ര.മോ.ദി.സം

Friday, August 15, 2025

കൂലി

 



സുഹൃത്ത് ഉണ്ണി പാലക്കാട്  ഇട്ട പോസ്റ്റ് കൊണ്ട് തുടങ്ങാം


"ഇന്നലെ പണിക്ക് പോയവർക്ക് കൂലി കിട്ടും എന്നാല് കൂലിക്ക് പോയവർക്ക് പണി കിട്ടും"


..അത്രക്ക് കറക്ടായി അദ്ദേഹം പറഞ്ഞതിൽ തന്നെ ഈ ചിത്രത്തിൻ്റെ മൊത്തം കാര്യങ്ങളും അടങ്ങിയിട്ടുണ്ട്..ലോകേഷും രജനിയും ഒന്നിക്കുമ്പോൾ വല്ലതും ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്ന നമ്മൾക്ക് മൊത്തം നിരാശയിരിക്കും ലഭിക്കുക.


വലിയ ചിത്രങ്ങളുടെ  അണിയറക്കാരുടെ തള്ളുകൾ നമ്മൾ പലതും കേട്ടതാണ്..അത്രയേ ഇതും ഉള്ളൂ.. കൂട്ടത്തിൽ നല്ലൊരു ഇഫക്ട് ഉണ്ടാക്കേണ്ട കഥാപാത്രം സൗബിൻ്റെ ആയിരുന്നു.. മിസ് കാസ്റ്റ് കൊണ്ട് അതും നശിപ്പിച്ചു.. രജനിയുടെ സൗബിനെ കുറിച്ചുള്ള  പരാമർശത്തിൽ ഞാനും വിമർശിച്ചു എങ്കിലും രജനി  സംശയിച്ചത് പോലെ  ഇയാളെ കൊണ്ട് എന്തിനിതു ചെയ്യിച്ചു എന്നത് പ്രേക്ഷകർക്ക് തോന്നിയാൽ സംശയം സ്വഭാവികം.


നെയ്മീൻ,ആവോലി,മത്തി,കിളിമീൻ, കട്ട്ല,കൊഞ്ച് എന്നിവയൊക്കെ നല്ല മീനുകൾ ആണ്..അവ പ്രത്യേകം പ്രത്യേകം പാചകം ചെയ്താൽ നല്ല സ്വാദ് ഉണ്ടാകും എന്നാല് എല്ലാം ഒന്നിച്ചു ഇട്ടു കറി വെച്ചാലോ?


ഈ ചിത്രവും അതുപോലെ തന്നെയാണ്..ജയിലർ എന്ന ചിത്രത്തിൽ പരീക്ഷിച്ചു വിജയിച്ച വിവിധ ഭാഷകളിൽ നിന്നും  പ്രധാന താരങ്ങളെ കഥാപാത്രങ്ങളാക്കി മൾട്ടി സ്റ്റാർ മാസ്സ് പടം..


പക്ഷേ ലോകേഷിന് അവർക്കൊന്നും കൃത്യമായ സ്പേസ് ഉണ്ടാക്കി കൊടുക്കാൻ കഴിയാത്തതു് കൊണ്ട് സിനിമ നനഞ്ഞ പടക്കം ആയിപ്പോയി.ഇനി തലൈവരുടെ ഫാൻസിനെ കൊണ്ട് മാത്രേ നിർമാതാക്കൾക്ക് വല്ലതും ചെയ്തു കൊടുക്കാൻ പറ്റൂ.


പ്ര.മോ.ദി.സം