Sunday, January 28, 2024

ധനുഷ്ക്കോടി

 



ഒരു "ദുരന്തം " എങ്ങിനെ കുറപേർക്ക് സന്തോഷം നൽകുവാൻ പറ്റും എന്ന് നേരിട്ട് അറിയാൻ പറ്റിയ ദിവസങ്ങൾ ആണ് കടന്നു പോയത്. അത് എത്ര സമർത്ഥമായി സര്ക്കാര് സഞ്ചാരികളെ ആകർഷിക്കുവാൻ ഉതകുന്ന തരത്തിലേക്ക് മാറ്റിയിരിക്കുന്നു എന്നത് സമ്മതിക്കണം.അടുത്തുള്ള പ്രസിദ്ധമായ രാമേശ്വരം   കോവിലിൽ വരുന്ന  തീർഥാടകരെ മുഴുവൻ സഞ്ചാരികൾ ആക്കുവാൻ കഴിഞ്ഞത് തമിഴു സർക്കാരിൻ്റെ കഴിവ് തന്നെ.




അറുപതുകളിൽ കടൽ വിഴുങ്ങിയ ഒരു നഗരത്തിൻ്റെ ശേഷിപ്പുകൾ കാണുവാൻ അത് കണ്ട് "ആനന്ദി"ക്കുവാൻ ദിവസവും ആയിരക്കണക്കിന് പേരാണ് ധനുഷ്ക്കോടി യിലേക്ക് എത്തുന്നത്.ശരിക്ക് പറഞാൽ ഭൂമിയുടെ    ഒരു അറ്റത്തേക്ക്...പ്രേത നഗരം എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ഥലത്തേക്ക് പോകുന്ന കിലോമീറ്ററുകൾക്ക് ഇരുവശവും  വിജനമാണ്..രണ്ടു വശത്തും   ഉള്ള കടലും മറ്റും നമുക്ക് ആനന്ദം നൽകുമെങ്കിലും നിഗൂഢത നിറഞ്ഞ എന്തൊക്കെയോ നമ്മുടെ മനസ്സിനെ ഭയപ്പെടുത്തി കൊണ്ടിരിക്കും.




അറബ് കടലും ബംഗാൾ ഉൾക്കടലും ചുംബിച്ച് നിൽക്കുന്ന ധനുഷ്ക്കോടി യിലേക്കുള്ള യാത്ര പ്രത്യേക അനുഭവം തന്നെയാണ്..ഇരുവശത്തും കടൽ . .അതിനു നടുവിൽ കൂടി ചീറി പാഞ്ഞു പോകുവാൻ പറ്റുന്ന ഹൈവേ..അതിൽ കൂടി നൂറിലധികം വാഹനങ്ങൾ ആയിരത്തിൽ അധികം സന്ദർശകർ.എല്ലാവരും ഭാരതത്തിൻ്റെ ഒരു അറ്റത്തേക്ക്... അതിനു അപ്പുറം ലങ്കയാണ്.."നോക്കിയാൽ" കാണുന്ന ദൂരത്തിൽ...




അവിടെ രണ്ടു പ്രായമായ ആൾക്കാർ സന്ദർശകരായി വരുന്ന ആളുകളോട് ബൈനോക്കുലർ വഴി ഇരുപത് രൂപക്ക് ശ്രീലങ്ക കാണിച്ചു തരാം എന്ന് പറഞ്ഞു വിളിക്കും..അതിലൂടെ നോക്കിയാൽ നമ്മൾ നേരിട്ട് കാണുന്ന അത്ര പോലും കാണാൻ പറ്റില്ല..അത് കൊണ്ട് കഴിയുന്നതും അത് ഒഴിവാക്കുക. നേരിട്ട് കാഴ്ചയുള്ളള കണ്ണുകളെ കബളിപ്പിക്കുകയാണ് അവർ.




 സുരക്ഷ കാരണങ്ങൾ കൊണ്ട്  രാവിലെ ആറുമണിക്ക് പ്രവേശനം തുടങ്ങി വൈകുന്നേരം നാലുമണിക്ക് വരെ സന്ദർശകരെ അനുവദിക്കുന്ന ധനുഷ്കോടി യിലേക്ക് ജനങ്ങളുടെ പ്രളയം തന്നെയാണ്. റോഡ് ആരംഭിക്കുന്നത് മുതൽ കാണാം ഒരു നഗരം തകർന്നു തരിപ്പണമായി മാറിയ കാഴ്ചകൾ.അതിൻ്റെ ശേഷിപ്പുകൾ




കടൽ തിന്നത് കൊണ്ട് തകർന്നടിഞ്ഞു പോയ പള്ളിയും അമ്പലവും മറ്റു നിർമ്മിതികളും തുടങ്ങി കടൽ കൊണ്ട് പോയവരുടെ പിന്മുറക്കാർവരെ അവിടെയുണ്ട്..കുറെയേറെ വിജനമായ പ്രദേശങ്ങൾ താണ്ടിയ ശേഷം  മാത്രമാണ് ഓരോരോ കാഴ്ചകളും നമുക്ക് സമ്മാനിക്കുക.




ഓർക്കേണ്ടത് പോകുന്ന വഴിയിൽ  ഭക്ഷണം ഒന്നും കിട്ടില്ല എന്നുള്ളതാണ്..ഉള്ള സ്ഥലത്ത് മാക്സിമം കിട്ടുന്നത് ചായ ,കാപ്പി ,വെള്ളം ഇവ മാത്രമാണ്..കടലിൽ നിന്നും കിട്ടിയ വസ്തുക്കൾ കൊണ്ടുള്ള നിർമ്മിതികൾ വിൽക്കുന്ന കടകൾ ഉണ്ട്.

ധനുഷ്കോടി യാത്രയുടെ ശേഷിപ്പുകൾ ഓർത്തുവേക്കാൻ ഇവ വാങ്ങി വെക്കാം..മുത്തുകളും ,കടൽ തള്ളി കളയുന്ന വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയ വസ്തുക്കൾ ആകർഷണീയത ഉള്ളത് തന്നെയാണ്.





നമുക്ക് ആനന്ദം നൽകുന്ന അനേകം കാഴ്ചകൾക്ക് പിന്നിൽ വലിയൊരു രോദനം ഉണ്ട്..അതിൻ്റെ പിന്നാമ്പുറം ആരും ചികഞ്ഞു നോക്കില്ല എങ്കിലും അതൊരിക്കലും നമുക്ക് മറക്കുവാൻ പാടില്ലാത്തതാണ്.അതാണ് ധനുഷ്കോടിയുടെ ജീവനും ചരിത്രവും.


പ്ര.മോ.ദി.സം

1 comment:

  1. കടൽ വിഴുങ്ങിയ കാലം.. 👍🏻

    ReplyDelete