Wednesday, April 2, 2014

കലാലയ നൊമ്പരങ്ങള്‍

ഒരിക്കലും മറക്കുവാന്‍ പറ്റാത്ത കലാലയ കാലം .സ്കൂള്‍ പഠിപ്പും മറ്റും കഴിഞ്ഞു അന്യ നാട്ടിലെ കലാലയ ജീവിതം..മിക്സഡ്‌ സ്കൂളില്‍ പഠിക്കാത്തത് കൊണ്ട് ആദ്യകാലങ്ങളില്‍ പെണ്‍കുട്ടികളുടെ ചിരി തന്നെ അസഹ്യമായ സമയം..ഒരു നാണം കുണുങ്ങി പയ്യനായി കാമ്പസിൽ ഒതുങ്ങി നടന്നു.പഠിത്തത്തില്‍ മാത്രം ശ്രദ്ധ...പെണ്‍കുട്ടികളെ കണ്ടാൽ ഒഴിഞ്ഞു മാറുവാനും ..പക്ഷെ ഒരു വര്‍ഷംകൊണ്ട് മനസ്സിലായി ഇത് നമുക്ക് പറ്റിയ പണിയല്ല അതോടെ ഉള്ള ധൈര്യം വെച്ച്  അവരോടു സംസാരം തുടങ്ങി. .കൂട്ടുകാരും സഹായിച്ചു ..അവിടുന്ന് ഇറങ്ങുമ്പോൾ നല്ല ഒരു പഞ്ചാരകുട്ടനായിരുന്നു.

.പിന്നെ നമ്മുടെ കണ്ണൂര്‍ ഐ റ്റി ഐ  കാമ്പസിൽ .വനിതാ ഐ ടി ഐ  കൂടിയുള്ള അവിടെ എനിക്ക് ചാകര ആയിരുന്നു..അത് കൊണ്ട് കാമ്പസിൽ കാണുന്ന പിള്ളേരെ ഒക്കെ പഞ്ചാര അടിച്ചു .കൂട്ടിനു പ്രദീപനും യൂസഫും ബോണിയും മധുവും   ഒക്കെ .എസ് .എഫ് ഐ യുടെ കുത്തകയായിരുന്നു അവിടം.അന്നേരം എനിക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല.നമ്മുടെ ക്ലാസ്സിൽ ഉള്ള കൂട്ടുകാർ ഒക്കെ ആ കൊടിക്ക് കീഴിലും.യൂസഫ്‌ ആണെങ്കിൽ അവിടുത്തെ  എസ് .എഫ് ഐ യുടെ നേതാവും കൂടാതെ എന്നെ പോലെ പഞ്ചാര പ്രിയനും..നമ്മൾ തമ്മിൽ എന്തോ ഒരു ആത്മബന്ധം ഉടലെടുത്തു. അങ്ങിനെ ഞാനും യൂസഫും ചക്കയും ഈച്ചയും പോലെ കഴിയുന്ന കാലം.അവൻ ചെയർമാൻ  ആയി മത്സരിക്കുന്നു.അവനു വേണ്ടി രാഷ്ട്രീയം നോക്കാതെ നമ്മുടെ ട്രേഡ്  മുഴുവൻ പ്രവർത്തിച്ചു ..അത് കൊണ്ട് ആ കാമ്പസിലെ പല വമ്പന്മാരെയും വബത്തികളെയും  പരിചയപെട്ടു,അവരെയൊക്കെ കൂട്ടുകാരാക്കി.അവരുടെ കീഴിൽ പിച്ചവെച്ച ഞാനും  കാമ്പസിൽ പരിചിത മുഖമായി.പക്ഷെ നമ്മൾ ചിലർ പ്രവർത്തനത്തെകാൾ  പെണ് പിള്ളേരുമായി  സംസാരിക്കുവാനാണ്  കൂടുതൽ സമയം കണ്ടെത്തിയത്.പഞ്ചാര കിട്ടാത്ത അവസരങ്ങള്‍ നല്ലപോലെ പ്രവര്‍ത്തിച്ചു.അതൊക്കെ കൊണ്ടാവാം വമ്പിച്ച ഭൂരിപക്ഷത്തിൽ അവൻ വിജയിച്ചു.യൂസഫ്‌  എന്ന നേതാവിലൂടെ ഞാനും കൂടി കാമ്പസിൽ അറിയപെട്ടു .നിഴലായി അവനോടൊപ്പം ഞാനും ...ചെയർമാന്റെ അടുത്ത കൂട്ടുകാരൻ എന്നത് കൊണ്ട്  എല്ലാവരില്‍ നിന്നും നല്ല പരിഗണനയും കിട്ടി.


തിരഞ്ഞെടുപ്പിന്  ശേഷം   കൊടിയുടെ നിറം നോക്കാതെയുള്ള സൌഹൃദങ്ങൾ .നമ്മൾ കുറച്ചു കൂട്ടുകാരികളും കൂട്ടുകാരും "ബൈപ്രംസ് " എന്ന പേരിൽ അറിയപെട്ടു.എല്ലാവരുടെയും ആദ്യാക്ഷരങ്ങൾ ചേർന്ന് ഒരു കൂട്ടുകാരി ഉണ്ടാക്കിയ പേര്.സിനിമ കണ്ടുംകൂൾബാറിൽ പോയും ടൂറുകൾ പോയും ഉത്സവം പങ്കുകൊണ്ടും പഞ്ചാരയടിച്ചും പരസ്പരം വീടുകൾ  സന്ദർശിച്ചും ഇണങ്ങിയും പിണങ്ങിയും നമ്മൾ കലാലയ ജീവിതം മനോഹരമാക്കി.അതിനിടയിൽ ചില പ്രേമങ്ങൾ ഒക്കെ ഉടലെടുത്തു.അതൊക്കെ  കാമ്പസിലെ മറ്റുള്ളവർ അറിയാതെ കൊണ്ടുപോയി.പക്ഷെ "ബൈ പ്രംസ് " അറിയാതെ ഒന്നും നടന്നില്ല.ഒഴിവു ദിനങ്ങള്‍ വേണ്ട എന്നുപോലും തോന്നിപോയ കാലം.


അങ്ങിനെ ഒരു ദിവസം തലശ്ശേരി അമ്പലത്തിലെ ഉത്സവം.എല്ലാവരും പോകുവാൻ പ്ലാൻ ചെയ്ത ദിവസം രാവിലെ ബോണി വന്നു പറഞ്ഞു

" ഇന്നലെ വൈകുന്നേരം ബസ്സിലെ കിളി  കയറാൻ വിട്ടില്ല എന്ന് മാത്രമല്ല തള്ളി താഴെയും ഇട്ടു"

.നമ്മുടെ വിദ്യാര്‍ഥികളുടെ രക്തം ചൂടുപിടിച്ചു.ബസുകാര്‍ എന്നും കുട്ടികള്‍ക്കൊരു  വീക്നെസ്  ആയിരുന്നു.അവരുമായി കൊര്‍ക്കുവാനുള്ള ഒരു സന്ദര്‍ഭവും പാഴാക്കാറില്ല.നമ്മൾ ഒന്നടക്കം ആ ബസ്‌ വരുന്നതും കാത്തു റോഡിലേക്കിറങ്ങി .ബസ്സിനെ കണ്ട നമ്മൾ കുറേപേര്‍  റോഡിൽ കയറി നിന്നു .സ്പീഡിൽ വന്ന ബസ്‌ റോഡിൽ കുട്ടികളെ കണ്ടാൽ നിൽക്കുമെന്ന നമ്മുടെ ധാരണ തിരുത്തി അത് മുന്നോട്ട്‌ കുതിച്ചു .പലരും ചെറിയ വ്യതാസത്തില്‍ തെന്നി മാറി പക്ഷെ യൂസഫിന് മാറാൻ പറ്റിയില്ല ..അപ്പോഴേക്കും അവനെ ബസ്‌ ഇടിച്ചു തെറിപ്പിച്ചിരുന്നു . ചോരയിൽ കുളിച്ച അവൻ റോഡിൽ കിടന്നു പിടഞ്ഞു.ഐ ടി ഐ യിലെ തന്നെ വണ്ടിയിൽ കണ്ണൂര് കൊയിലി ഹൊസ്പിറ്റലിൽ എത്തിച്ചു എങ്കിലും സീരിയസ്  ആയതിനാൽ മെഡിക്കൽ കോളേജിൽ കൊണ്ട് പോകുവാൻ പറഞ്ഞു.അന്ന് കുട്ടികള്‍ അതുവഴി വന്ന ബസ്സുകളൊക്കെ തടഞ്ഞു...ചിലതിനെ തകര്‍ത്തു .നേതാക്കള്‍ ഇടപെട്ടാണ് അവരെയൊക്കെ സമാധാനിപ്പിച്ചത് .

  അബോധാവസ്ഥയിലുള്ള അവനെ കണ്ടു കൊണ്ടാണ് അന്ന് കോഴികോട് മെഡിക്കൽ കോളേജ് വിട്ടത്.മനസ്സ് മുഴുവൻ പ്രാർത്ഥനയുമായിരുന്നു.അവൻ തിരിച്ചുവന്നാൽ മുത്തപ്പസന്നിധിയിൽ എത്തിക്കാമെന്നും നേർച്ച നടത്തി.അത്  ഒരാളോട് മാത്രം പറഞ്ഞു യൂസഫിനെ ഇഷ്ടപെട്ട പെണ്‍ കുട്ടിയോട് മാത്രം..അവളുടെ ദയനീയ മുഖം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു .

"അവനു ഒന്നുമില്ല മുത്തപ്പന്‍ സഹായിച്ചു അവന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചു വരും ..ഞാന്‍ നേർന്നിട്ടുണ്ട് .അവനെയും കൊണ്ട്  ഞാൻ പറശിനിയിൽ പോകും ... "

പിന്നീടു രണ്ടു തവണ കൂടി അവനെ കാണുവാൻ പോയെങ്കിലും അവിടുത്തെ കുറെ നിബന്ധനകൾ കൊണ്ട് കാണാൻ അനുവാദം കിട്ടിയില്ല.അന്നെരമോക്കെ അവൻ അബോധാവസ്ഥയിലും ...സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ് അവന്റെ കിടപ്പ്  എന്നറിഞ്ഞപ്പോൾ കാണുവാനുള്ള ആഗ്രഹം ഉപേക്ഷിച്ചു.കണ്ണൂരിൽ നിന്നും കോഴികൊടിലെക്കുള്ള  ദൂരം ,യാത്രക്കുള്ള പണം ,അത്രയും യാത്ര പോകുവാൻ വീട്ടിൽ നിന്നും ലഭിക്കേണ്ട അനുവാദം ഒക്കെ ആ കാലത്ത് വലിയ ഒരു കടബയും ആയിരുന്നു.

അതിനിടയിൽ എല്ലാവരും ചേർന്ന് അവനു നല്ല ചികിത്സക്കുള്ള പണം കണ്ടെത്തുവാൻ മാർഗം ആരംഭിച്ചു.ഒരു ടീം ഉണ്ടാക്കി.എന്നെ ആ ടീമിൽ പ്രധാന മെമ്പർ ആക്കി.അങ്ങിനെ ദിവസം മുഴുവൻ  അലഞ്ഞു അവനുള്ള ചികിത്സക്ക് വേണ്ടിയുള്ള ഫണ്ട്‌ പിരിവിൽ മുഴുകി.ഇന്നത്തെ കാലം പോലെ മൊബൈൽ ഇല്ലാത്തതിനാൽ നമ്മൾ തമ്മിലുള്ള സംസാരവും നടനില്ല. .പാർട്ടികാർ മാറി മാറി അവിടെ പോയി അവനെയും കുടുംബത്തെയും സഹായിച്ചു .കിട്ടുന്ന പണം നമ്മൾ അവർ വശം കൊടുത്തയച്ചു..അവർ അവന്റെ  ആരോഗ്യനിലയെ  കുറിച്ചുള്ള കൃത്യമായ വിവരങ്ങളും കൊണ്ടുവന്നു.കുറെ ദിവസത്തെ ആശുപത്രി വാസവും വീട്ടിലെ റെസ്റ്റും ഒക്കെ കഴിഞ്ഞു അവൻ ഒരു ദിവസം കാമ്പസിൽ എത്തി.

എന്നെ കണ്ട അവൻ ആദ്യം മൈൻഡ് ചെയ്തില്ല ,എനിക്ക് വല്ലാതെയായി.കരഞ്ഞു പോകും എന്ന് വരെ തോന്നി.കുറച്ചു കഴിഞ്ഞു അവൻ അടുത്തു വന്നു പറഞ്ഞു

"ഞാൻ ചത്തിട്ടില്ല .....കെട്ടഡാ  മോനെ .. .."

എനിക്കൊന്നും മനസ്സിലായില്ല ..."നീ എന്താ യൂസഫെ പറയുന്നത് ?"

"ഞാൻ ചാവും എന്ന് കരുതിയാവും  നീ എന്നെ കാണുവാൻ വരാത്തത് അല്ലെ ?"

അതോടെ എൻറെ കണ്ണുകൾ നിറഞ്ഞു .ഒന്നും പറയുവാൻ തോന്നിയില്ല ഞാൻ പതുക്കെ അവിടുന്ന് മാറി.ഒരിക്കലും മനസ്സിൽ പോലും കരുതാത്ത കാര്യം.

.
.ഇവനെന്ത് പറ്റി ?

ആകെ തകർന്നുപോയ ഞാൻ അന്നത്തെ ക്ലാസ് ഉപേക്ഷിച്ചു റോഡിലേക്കിറങ്ങി .വെറുതെ ബസ്‌ ഷെൽട്ടറിൽ ഇരുന്നു.അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന വാഹനങ്ങൾ നോക്കിയിരുന്നു.എത്ര സമയം എന്നറിഞ്ഞില്ല ആരൊക്കെയോ വന്നു യൂസഫ്‌ വന്നതിനെ കുറിച്ചും മറ്റുമായി എന്തൊക്കെയോ ചോദിച്ചു പലതിനും മറുപടിയും പറഞ്ഞു എന്ന് തോന്നുന്നു.ചിലർ എന്തോ തൃപ്തരായില്ല ...ആള്‍കൂട്ടത്തില്‍ ഒറ്റപെട്ടവനായി ഞാനിരുന്നു...എന്റെയും യൂസഫിന്റെയും കുറെ നല്ല നിമിഷങ്ങള്‍  മനസ്സിലൂടെ കടന്നുപോയി.

കുറച്ചു   കഴിഞ്ഞു യൂസഫ്‌ ഓടി കിതച്ചു വന്നു ...ചിരിയോടെ കെട്ടിപിടിച്ചു  കൊണ്ട് ചോദിച്ചു

"എപ്പോഴാണ്  പറസ്സിനികടവ് മുത്തപ്പനെ  കാണുവാൻ പോകേണ്ടത് ?'

ഞാൻ സംശയത്തോടെ അവനെ നോക്കി .

"അവൾ എല്ലാം പറഞ്ഞു ..ആ ദിവസം തീ തിന്നു കൊണ്ടുള്ള നിന്നെ പറ്റിയും എനിക്കുവേണ്ടി പണം കണ്ടെത്തുവാനുള്ള നിങ്ങളുടെയൊക്കെ തത്രപാടിനെ കുറിച്ചും ....മാപ്പ് ....നിന്നെകുറിച്ച് അങ്ങിനെ ചിന്തിച്ചതിനും പറഞ്ഞതിനും ........ഒരു മണിക്കൂർ ആയി നിന്നെ കാമ്പസ് മുഴുവൻ തപ്പുകയാ ..നീ പിണങ്ങി പോയെന്നു കരുതി....അപ്പോൾ  ദിനേശൻ പറഞ്ഞു പിച്ചും പേയും പറഞ്ഞു നീ ഇവിടിരുപ്പുണ്ട് എന്ന് ....."

"എന്നാലും നീ അങ്ങിനെ എന്നെ പറ്റി പറഞ്ഞല്ലോ ....അതാ ...നിന്റെ ഉപ്പയെ പേടിച്ചാ വീട്ടിലും വരാഞ്ഞത് ...അവിടെ ചെന്നവരെയൊക്കെ  നിന്റെ ഉപ്പ....."

അവൻ എന്തൊക്കെയോ പറഞ്ഞു എന്നെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.ഞാൻ കരച്ചിൽ പിടിച്ചു നിർത്തി .നമ്മൾക്കിടയിലേക്ക് കടന്നു വന്ന "അവൾ " ചോദിച്ചത് കേട്ട് നമുക്ക് ചിരി പൊട്ടി.

"ഇതെന്താ ഇവിടെ ലവ് സീനോ ?..."

പത്തിരുപത്തിഅഞ്ചു വർഷം ആയിട്ടും തെറ്റിധരിക്കപെട്ട ആ നിമിഷം മനസ്സിൽ നിന്നും പോകുനില്ല.ഞാൻ എന്റെ ആ നേർച്ച "അവളോട്‌ " പറഞ്ഞില്ലയിരുന്നുവെങ്കിൽ ....എനിക്ക് ആലോചിക്കുവാൻ കൂടി കഴിയുനില്ല...ആ കൊല്ലത്തോടെ "ബൈപ്രംസ്‌ " ചിന്നഭിന്നമായെങ്കിലും എഴുത്തുകളിലൂടെ കുറച്ചുനാൾ പരസ്പരം അറിഞ്ഞു .എല്ലാവരും ജീവിതം കെട്ടിപടുക്കാനുള്ള ഓട്ടത്തി ലായിരുന്നു. പിന്നെ കാലപഴക്കത്തിൽ പരസ്പരമുള്ള എഴുത്തും  നിലച്ചു പോയി.ജീവിതയാത്രയിൽ പിന്നീടു  പലപ്പോഴായി  പലസ്ഥലത്തു വെച്ച് പലരെയും ആകസ്മികമായി കണ്ടു മുട്ടി.
.അപ്പോഴേക്കും അവരൊക്കെ  ഒരു ചിരിയോ ഷേക്ക്‌ ഹാണ്ടോ തന്നു യാത്ര പറയുവാൻ പറ്റുന്നത്ര പരസ്പരം അകന്നു പോയിരുന്നു. യൂസഫ്‌ സ്നേഹിച്ച "അവളെ " മാത്രം ഒരിക്കലും കണ്ടില്ല ..ഒരിക്കൽ പോലും എഴുത്തുകൾക്ക്  മറുപടിയും വന്നില്ല

  
ഇന്നും ആ വഴി പോകുമ്പോൾ യൂസഫും "അവളും "അവിടിരുന്നു സോള്ളുന്നത് പോലെ എനിക്ക് തോന്നും. നമ്മുടെ നാട്ടിലെ ജാതിയും മതവും അവർക്ക് ഒരിക്കലും ഒരുമിക്കുവാൻ അവസരം കൊടുക്കുമായിരുനില്ല. ..എല്ലാം മനസ്സിലാക്കിയ അവർ അതിനു തുനിഞ്ഞില്ല എന്ന് പറയുന്നതാണ് സത്യം .അത് കൊണ്ട് തന്നെയാവും അവൾ മറഞ്ഞിരിക്കുന്നതും .....

-പ്രമോദ്‌ കുമാര്‍.കെ.പി
ചിത്രങ്ങള്‍  :ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ സോസെറ്റി

("വാസ്തവം " ഗ്രൂപ്പിലെ മത്സരത്തിന് വേണ്ടി എഴുതിയത് )


15 comments:

  1. നല്ലൊരു ഓര്‍മ്മക്കുറിപ്പ്.
    ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
    ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ കണ്ടുമുട്ടുമ്പോള്‍ ഒരുചിരിയോ,ഷേയ്ക്ക് ഹാന്‍ഡോ നല്‍കി ധൃതിയില്‍ നടക്കുമ്പോഴും
    ഉള്ളില്‍ ഓര്‍മ്മകള്‍ ചലച്ചിത്രം പോലെ മിന്നിമറഞ്ഞുകൊണ്ടിരിക്കും....
    ആശംസകള്‍

    ReplyDelete
    Replies
    1. നമുക്ക് നഷ്ട്ടപെട്ട വലിയൊരു ഉത്സവ കാലാമാണ് അത് ...ഒരിക്കലും തിരിച്ചു കിട്ടാത്തത് ..നന്ദി

      Delete
  2. വായനക്കിടക്ക് തൊണ്ട കനത്തുവന്നു. നന്നായി എഴുതി ഓര്‍മ്മകള്‍. അനുഭവിക്കുന്നത് പോലെ വായിക്കാന്‍ കഴിഞ്ഞത് എഴുത്തിന്റെ മേന്മ.
    ചിത്രങ്ങളും വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും ....ഒരു അനുഭവകഥ ...ഒരിക്കലും മറക്കാന്‍ പറ്റാത്തത്

      Delete
  3. This comment has been removed by the author.

    ReplyDelete
  4. ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പ്

    ഇടയ്ക്ക് ചിലയിടത്ത് 'നമ്മൾ' എന്നു പ്രയോഗിച്ചു കാണുന്നു. പിന്നെ ചിലയിടത്ത് 'ഞാൻ', 'അവൻ', 'അവൾ'. തുടങ്ങിയവയും പ്രയോഗിച്ചു കാണുന്നു. ഇത് തമ്മിൽ ചേരായ്മയുണ്ട്. 'നമ്മൾ' എന്നതിനു പകരം 'ഞങ്ങൾ' എന്നായാൽ പ്രശ്നം തീരുമെന്ന് കരുതുന്നു. പലയിടത്തും അക്ഷരത്തെറ്റുകളും കാണാനുണ്ട്. ( പറസ്സിനികടവ്, ഒറ്റപെട്ടവനായി, കടബയും...)

    ReplyDelete
    Replies
    1. എന്നെ പലപ്പോഴും കുഴക്കുന്നതാണ് ഈ ഞാനും ഞങ്ങളും നമ്മളും ഒക്കെ ...തലശ്ശേരിയില്‍ നമ്മള്‍ എന്നാണ് പറയുക തെക്കിലേക്ക് പോകുമ്പോള്‍ ഞങ്ങളും ....രണ്ടും മാറി മാറി പരീക്ഷിക്കുന്നുണ്ട് ..അക്ഷര തെറ്റുകള്‍ പലപ്പോഴും വിനയാകുന്നുണ്ട് ..വേഗം തന്നെ പരിഹരിക്കാം ..ചില ഫോണ്ടുകള്‍ വഴങ്ങുനില്ല ..നന്ദി വിലയേറിയ അഭിപ്രായത്തിനു

      Delete
  5. Replies
    1. നന്ദി വന്നതിനു ..ഇനിയും വരിക

      Delete
  6. കുറിപ്പ് നന്നായിട്ടുണ്ട്..
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും ....

      Delete
  7. കാമ്പസ് കാലം!!
    നന്നായി എഴുതി ഓര്‍മ്മകള്‍!!!

    ReplyDelete
    Replies
    1. ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ആ കാമ്പസ്‌ കാലം.കളിയും ചിരിയും ഇണക്കവും പിണക്കവും ഒക്കെയായി ആ നല്ല കാലം.

      Delete