Tuesday, July 19, 2022

ഇല വീഴാ പൂഞ്ചിറ

 



ഇലകൾ വീഴാൻ മരമില്ലാത്ത ഇല വീഴാ പൂഞ്ചിറ എന്ന പ്രകൃതിയുടെ സകല സൗന്ദര്യവും  ആവാഹിച്ച് സഞ്ചാരികളെ ആകർഷിക്കുന്ന  സ്ഥലം കോട്ടയം ഇടുക്കി ബോർഡർ ആയിട്ടുള്ള ഒരു ഹിൽ സ്റ്റേഷൻ ആണ്.പ്രകൃതി രമണീയമായ കാഴ്ചകൾ അനവധി ഉള്ളത് കൊണ്ട് തന്നെ സഞ്ചാരികൾ കൂട്ടമായി അവിടേക്ക് പോകും...വാഹന ഗതാഗതം അല്പം പ്രശ്നം ഉണ്ടെങ്കിൽ പോലും ആൾക്കാർക്ക് കുറവില്ല. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്ന ആൾക്കാർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ നല്ലൊരു സ്ഥലവും  കൂടിയാണ്.



എന്നാല് ചെറിയൊരു "വലിയ" പ്രശ്നം ഉണ്ട്..ഇവിടുത്തെ മിന്നൽ കൂടുതൽ  അപകടകാരിയാണ്..തുറസായ മല നിരകൾ ആയത് കൊണ്ടുതന്നെ കൊലയാളി മിന്നലിനെ ശരിക്കങ്ങു പേടിക്കണം..പ്രത്യേകിച്ച് ഉച്ചക്ക് ശേഷം മലകയറാതിരിക്കുന്നതാണ്  നല്ലത്.മഴയും കാറ്റും ഒക്കെ പ്രശ്‌നങ്ങൾ തന്നെയാണ്..കയറി നിൽക്കാൻ സ്ഥലമോ ഒന്നും ഇല്ല.അതൊക്കെ ജീവഹാനി വരുത്തിവെക്കും.



ഇതൊക്കെ വളരെ  സമർത്ഥമായി തന്നെ  സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇല വീഴ 

പൂഞ്ചിറ ഹിൽ സ്റ്റേഷനിലെ പോലീസ് വയർലെൻസ് ജീവനക്കാരായ ആൾക്കാരിൽ കൂടിയാണ് കഥ പോകുന്നത്.സ്ഥലത്തിൻ്റെ ഭംഗിയും അവരുടെ ജീവിതവും അവിടുത്തെ സന്ദർശകരെയും പറ്റി പറഞ്ഞു പോകുന്ന സിനിമ താഴ്‌വരയിൽ  കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തുന്നതോടെ ത്രില്ലറിലേക്ക് കടക്കുകയാണ്. ഈ ഉദ്യോഗസ്ഥന്മാരും ഈ അന്വേഷണത്തിൻ്റെ ഭാഗമായി മാറുന്നു.പിന്നീട് അങ്ങോട്ട് നമ്മളെ കോരിതരിപ്പിച്ചു പോവേണ്ട സിനിമ തിരക്കഥയിലെ,സംവിധാനത്തിലെ ഉഴപ്പു കൊണ്ടും  പാളിച്ച കൊണ്ടും എങ്ങും എത്താതെ അവസാനിക്കുകയാണ്.


ജോസഫ്,നായാട്ട് എഴുതിയ ഷാഹി കബീർ ആദ്യമായി സംവിധായകൻ ആവുകയാണ് ഈ ചിത്രത്തിൽ കൂടി.. ആദ്യ ഭാഗം കാണുമ്പോൾ നല്ലൊരു ചുവടുവെപ്പു നടത്തി എന്ന് തോന്നും എങ്കിൽ കൂടി സിനിമയുടെ അവസാനത്തോടെ ഇനിയും പാകപെട്ടിട്ടില്ല എന്ന് നമുക്ക് മനസ്സിലാകും...


ധൈര്യം ഇല്ലാത്തത് കൊണ്ടു ജോസഫ് സംവിധാനം ചെയ്യാതെ മറ്റൊരാളെ ഏൽപിച്ച ഷാഹി ഇതും മറ്റൊരാൾക്ക് കൊടുത്തിരുന്നു എങ്കിൽ  മനോഹരമായ ഒരു ക്രൈം ത്രില്ലർ കൂടി മലയാളത്തിൽ ഉണ്ടാകുമായിരുന്നു.ഇത്തരം ജേർണലിൽ പെട്ട സിനിമക്ക് വേണ്ട സ്പീഡ് ഷാഹി മറന്ന് പോയി എന്നത് തന്നെ വലിയ പോരായ്മയാണ്.



അടുത്തിടെ കുറെ ഊള വേഷങ്ങൾ ചെയ്തു പറയിപ്പിച്ച സൗഭിന് ഈ ചിത്രത്തിൽ കൂടി സൽപേര് വീണ്ടു കിട്ടും.അത്രക്ക് അതിശയിപ്പിച്ചു.സുധി കോപ്പ എന്ന മലയാള സിനിമ ഇപ്പോഴും ഉപയോഗിക്കുവാൻ മറന്ന് പോകുന്ന നടൻ്റെ ഗംഭീര പ്രകടനവും എടുത്ത് പറയണം.


"കൊന്ന പാപം തിന്നാൽ തീരും" എന്ന വാക്യത്തിന് അടിവര എടുത്തുകളയാൻ അവസാനം നമുക്ക് തോന്നുന്നുമുണ്ട്.


പ്ര .മോ .ദി .സം

Monday, July 18, 2022

എന്ന സൊല്ല പോകിറ

 



പ്രേമത്തെകുറിച്ച് അനവധി പുസ്തകങ്ങൾ  വിദേശത്ത് നിന്നും എഴുതി സെലിബ്രിറ്റിയായ യുവതിയും ഒരു റേഡിയോ ജോക്കിയും തമ്മിലുള്ള നാട്ടിലെ  "പെണ്ണ്കാണൽ "ചടങ്ങിനിടയിൽ യുവതി യുവാവിനോട് ആദ്യത്തെ പ്രണയത്തെ കുറിച്ച് ചോദിക്കുന്നു.





പ്രേമം ഇല്ലെന്ന് കളവ് പറഞ്ഞാല് കുറച്ചിൽ ആകുമോ എന്ന് കരുതി അയാള് ഇല്ലാത്ത പ്രേമത്തെ കുറിച്ച് പറഞ്ഞപ്പോൾ അവളെ ഒരി തവണ  കാണണം എന്ന് ആവശ്യപ്പെടുന്നു.കൂട്ടുകാരൻ്റെ സുഹൃത്തിൻ്റെ അഭിനയ കളരിയിലെ പെണ്ണ്കുട്ടിയെ ഇതിന് വേണ്ടി  ചില പരസ്പര നിബന്ധന പ്രകാരം സെറ്റ് ചെയ്യുകയും പ്രതിശ്രുത വധുവിന് പരിചയ പെടുത്തുകയും ചെയ്യുന്നു.






കല്യാണത്തിന് ഇഷ്ടം ഇല്ലാത്ത നടിയുടെ  വീട്ടിൽ നിന്നും ഇടക്കിടക്ക് നിർബന്ധിക്കുന്ന കല്യാണത്തിൽ നിന്നും തെന്നിമാറാൻ  അവളുടെ വീട്ടിൽ "കാമുകനായി" ഇയാളെയും പരിചയപ്പെടുത്തുന്നു.





വിദേശത്ത് നിന്നും വന്ന യുവതിക്ക്  ഇവിടെ കൂട്ടുകാരികൾ ഒന്നും ഇല്ലാത്തത് കൊണ്ട് "നടിയെ " നാട്ടിൽ എന്തിനും ഏതിനും കൂട്ടുകാരിയായി കൊണ്ട് നടക്കുന്നു. അങ്ങിനെ പലപ്പോഴും രണ്ടു പേരും ഒന്നിച്ചു  നായകൻ ഒന്നിച്ചും അല്ലാതെയും  സമയം ചിലവഴിക്കുന്നു.





അങ്ങിനെ "നാടക കളി" കല്യാണ ദിവസം അടുക്കുമ്പോൾ കാര്യമാകുകയാണ്.  ആരെ സ്വീകരിക്കണം എന്ന കൺഫ്യൂഷൻ നായകന് ഉണ്ടാകുന്നു.അങ്ങിനെ മൊത്തം നമ്മളെ  കൂടി കൺഫ്യൂഷൻ ആക്കി ചിത്രം മുന്നോട്ട് പോകുകയാണ്.



അധികം പുതുമ ഒന്നും ഇല്ലെങ്കിലും തമിൾ  സീരിയലും മറ്റും കൊണ്ട് നടക്കുന്ന അഭിനേതാക്കളെ വെച്ച് ഒരു സീരിയൽ മോഡൽ സിനിമ ഉണ്ടാക്കിയിരിക്കുന്നു.പ്രമകഥ പറയുമ്പോൾ വേണ്ട നല്ല ഈണമോ നല്ല കാഴ്ചകളും ഒന്നും ഇല്ലെങ്കിലും ഒരു വിധത്തിൽ എങ്ങിനെയൊക്കെയോ പറഞ്ഞു അവസാനിപ്പിക്കുന്നു


പ്ര .മോ .ദി .സം

Sunday, July 17, 2022

വീരപാണ്ഡ്യപുരം.. കുട്ട്രം കുട്രമെ..

 




ഒരേ നായകനും ഒരേ സംവിധായകനും ഒരേ വില്ലനും ഒരെ വർഷത്തിൽ   അടുത്തടുത്ത് തന്നെ ഒരുമിക്കുന്ന രണ്ടു ചിത്രങ്ങളാണ് ഇത്..തമിഴിലെ യുവതാരം ജയ് യുവതാരങ്ങളെ വെച്ച് കൊള്ളാവുന്ന സിനിമയെടുത്ത് പേരെടുത്ത സുശീന്ദ്രൻ എന്നിവർ ഒരേ കാലയളവിൽ തന്നെ ചെയ്ത രണ്ടു ചിത്രങ്ങൾ ആണ് ഇവ.ഒന്ന് തിയേറ്ററിൽ വന്നു ഒന്ന് ഡയറക്ട് ടിവി ചാനലും കയ്യടക്കി.







അത് കൊണ്ട് തന്നെ ആവണം ജയ്ക്കു രണ്ടു ചിത്രത്തിലും ഒരേ ലുക്ക് തന്നെ ആണ്.എങ്കിൽ പോലും രണ്ടു ചിത്രത്തിലും കഥാപാത്രത്തിന് അനുസരിച്ച്  വ്യത്യസ്തമായ അഭിനയ ശൈലി അദ്ദേഹം  കാഴ്ചവെച്ചത് കാണുന്നുണ്ട്.









വീരപാണ്ഡ്യപുരം പറയുന്നത് രണ്ടു നാടുകൾ തമ്മിലുള്ള  പകയുടെ കഥയാണ്.അത് കൊണ്ട് തന്നെ വയലൻസ് സീനുകൾ ധാരാളം ഉണ്ട്. ഒരു കൗൺസിലറുടെ തോൽവിയിൽ ഉടലെടുക്കുന്ന പക കുറെയേറെ പേരുടെ ജീവനെടൂത്തു പ്രതികാരം ചെയ്യുമ്പോൾ എതിർ ടീം അവസരം   നോക്കി തിരിച്ചടിക്കുന്നു. അതിനിടയിൽ ഉണ്ടാകുന്ന ചില വഴിത്തിരിവുകൾ ആകാംഷ നിറക്കുന്നുണ്ട്.





മറ്റെ സിനിമയിൽ എത്തുമ്പോൾ തികച്ചും വ്യത്യസ്തമാണ്..ഒരു ആത്മഹത്യയുടെ  കാരണം തേടിയുള്ള പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണം കുടുംബത്തിൽ മൊത്തം ഉള്ള പ്രശ്നങ്ങൾ വെളിയിൽ കൊണ്ട് വരുന്നു.കൊലപാതകം എന്ന് തുടക്കം മുതൽ തോന്നിപ്പിക്കുന്ന അന്വേഷണം മറ്റ് ചില മരണങ്ങളുടെ കൂടി ചുരുൾ അഴിച്ചു കാണിക്കുന്നു.






സിനിമ തുടങ്ങുമ്പോൾ ഡേറ്റ് ,വർഷം എന്നിവ കാണിച്ചു കൊണ്ടുള്ള രംഗങ്ങൾ നമ്മളിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട് എങ്കിലും അതെന്തിനാണ് എന്നത് സിനിമയുടെ അവസാന ഭാഗങ്ങളിൽ സമർത്ഥമായി ഉപയോഗിച്ചു നമ്മുടെ സംശയം തീർക്കുന്നുണ്ട്.





ജയ് യുടെ കഥാപാത്രത്തിൻ്റെ പോക്ക് രണ്ടു സിനിമയിലും നമുക്ക് സസ്പെൻസ് തരുന്നുണ്ട്..അത് അവസാനം വരെ നിലനിർത്തുവാൻ അദ്ദേഹത്തിൻ്റെ  മികച്ച പ്രകടനത്തിന് കഴിയുന്നുണ്ട്..


പ്ര .മോ. ദി .സം

Saturday, July 16, 2022

സാൻറാക്രൂസ്

 



കൊച്ചിയിലെ തെരുവുകളിൽ ആക്രി കച്ചവടം ചെയ്തും സിനിമാ തിയേറ്ററിൽ കപ്പലണ്ടി വിറ്റും ജീവിതത്തോട് പടപൊരുതി നല്ല നിലയിൽ ആയപ്പോൾ പോലും അയാളുടെ മനസ്സിൽ ഒരിക്കലും അണയാതെ നിൽക്കുന്ന  ഒരു സിനിമാ പ്രേമി ഉണ്ടായിരുന്നു.



തിയേറ്ററിൽ തൻ്റെ പഴയകാലത്ത് കേട്ട പ്രേക്ഷകരുടെ ആരവം അയാളുടെ കാതുകളിൽ എപ്പൊഴും തങ്ങി നിന്നിരുന്നു .അതുകൊണ്ട് മാത്രമാണ് വലിയ റിസ്ക് എന്നു. അറിഞ്ഞിട്ടും സ്വന്തമായി ഒരു സിനിമ ഉണ്ടാക്കുവാൻ  അദ്ദേഹം ഇറങ്ങി തിരിച്ചത്.



സിനിമ കൊറോണ പ്രതിബന്ധങ്ങൾ മറികടന്ന് തിയേറ്ററിൽ എത്തിയെങ്കിലും പ്രതീക്ഷിച്ച പോലത്തെ ഒരാരവം സൃഷ്ടിക്കാൻ സിനിമക്കായില്ല.സ്വന്തം അഭിനേതാക്കൾ പോലും സിനിമ പ്രമോട്ട് ചെയ്യാൻ വിസമ്മതിച്ചപ്പോൾ അയാൾക്ക് ചിലത് പറയേണ്ടി വന്നു.അങ്ങിനെയാണ് അയാളുടെ കഥ നമ്മൾ അറിഞ്ഞത്.



അയാള്  രാപകൽ അധ്വാനിച്ചു ഉണ്ടാക്കിയത് കൊണ്ട് ചിലവഴിച്ച ചിത്രമായിരുന്നു സാൻറക്രൂസ്.ഇതേ പേരിലുള്ള ഒരു ഡാൻസ് സ്കൂളിനെ പറ്റിയും അവിടുത്തെ നാല് ചങ്ങാതിമാരെ പറ്റിയും നല്ല രീതിയിൽ കഥ പറഞ്ഞു പോയെങ്കിലും അജു വർഗീസ് ഒഴിച്ച് സിനിമ ശാലയിലേക്ക് ആളെ കയറ്റാൻ പറ്റിയ ഒരു മുഖം ഇല്ലാത്തത് വലിയ വിനയായി.




ഡാൻസും കളിയും ചിരിയും പാട്ടും പ്രേമവും ഒക്കെയായി മുന്നോട്ട് പോകുന്ന ചിത്രം ആദ്യ പകുതിക്ക് ശേഷം പ്രതീക്ഷിക്കാത്ത രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്..മുഖ്യ കഥാപാത്രത്തിൻ്റെ ആകസ്മിക മരണവും അത് അന്വേഷിച്ചു പോകുമ്പോൾ കണ്ടെത്തുന്ന സത്യങ്ങൾ ഒക്കെ നമ്മെ പിടിച്ചിരുത്തി കളയും.എങ്കിലും വേണ്ടാത്ത ചില അവിശ്വസനീയ സംഭവങ്ങൾ രസം കൊല്ലി ആയി വന്നു  പോകുന്നുണ്ട്. കാസ്റ്റങ്ങും മറ്റും ഒന്ന് കൂടി ശ്രദ്ധിച്ചു കൈകാര്യം ചെയ്തിരുന്നു എങ്കിൽ സിനിമക്ക് ഈ ഗതി വരില്ലായിരുന്നു.


പ്ര .മോ .ദി .സം

Friday, July 15, 2022

ആഹാ സുന്ദര..




തെലുങ്കിൽ നിന്നും വരുന്ന മൊഴിമാറ്റ ചിത്രങ്ങൾ  പൊതുവേ ഹൈ പാക്കേജ് മാസ് ചിത്രങ്ങൾ ആയിരിക്കും..അതാണ് പതിവ്.. എന്നാൽ ആഹാ സുന്ദര എന്ന നാനി നസ്രിയ ജോഡി ചിത്രം നൽകുന്നത് ഫീൽ ഗുഡ് കുടുംബ ചിത്രമാണ്.






മാസ് രംഗങ്ങൾ, തട്ട് പൊളിപ്പൻ അടിപിടികൾ , മനം മയക്കുന്ന പാട്ട് സീനുകൾ  ,കോടികൾ വാരി എറിഞ്ഞു ഉണ്ടാക്കിയ സെറ്റുകൾ എന്നിവയാണ് ശരാശരി മൂന്ന് മണിക്കൂർ ഉള്ള തെലുങ്ക് സിനിമയുടെ ചേരുവകൾ.എന്നാല് ഇവയൊന്നും ഇല്ലാതെ ചെറിയ ഒരു കഥ പറഞ്ഞു അധികം ബോറടിപ്പിക്കാതെ മൂന്ന് മണിക്കൂർ  വിവേക് ആത്രെ  എന്ന സംവിധായകൻ നമ്മെ പിടിച്ചിരുത്തുന്ന സിനിമ.






അഗ്രഹാരത്തിലെ ഹിന്ദുവും നസ്രാണി പെണ്ണും പരസ്പരം പ്രേമിച്ചാൽ ഉണ്ടാകുന്ന പൊല്ലാപ്പുകൾ, അതിനെ മറികടക്കാൻ അവർ ചെയ്യുന്ന നാടകങ്ങൾ ,അത് അവരുടെ കുടുംബങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒക്കെ സരസമായി പറഞ്ഞിരിക്കുന്നു എങ്കിൽ കൂടിയും ജാതിയുടെയും മതത്തിൻ്റെയും പേരിൽ നമ്മുടെ നാട്ടിൽ നടക്കുന്ന പേകൂത്തുകൾക്കു നേരെ ഒളിയമ്പ് എയ്യുകയും ചെയ്യുന്നുണ്ട്.







നാനിയുടെയും നസ്രിയയുടെയും കുട്ടികാലം അവതരിച്ചപ്പോൾ ഉണ്ടാകുന്ന ലാഗ് മാത്രമാണ് അല്പം പ്രേക്ഷകനെ ബുദ്ധിമുട്ടിക്കുന്നത്..പിന്നീട് അങ്ങോട്ട്  താളത്തിൽ പോകുന്ന സിനിമ രസകരമായി തന്നെ പര്യവസാനിക്കുന്നുണ്ട്.


പ്ര .മോ. ദി .സം