Sunday, April 25, 2021

വൂൾഫ്‌


"ഇർഷാദ് "എന്നൊരു  നല്ല നടൻ ഉണ്ട്  നമ്മുടെ മലയാള സിനിമയിൽ..വർഷങ്ങളായി വിസ്മയിക്കുന്ന അഭിനയം തുടരുന്ന നടനുമാണ്.അഞ്ചാറു വർഷങ്ങൾക്കു മുൻപ് കാവ്യാമാധവന്റെ ജോഡി ആയിട്ടും അഭിനയിച്ചിട്ടുണ്ട്..ആർക്കെങ്കിലും ഓർമയുണ്ടോ? 



ഓർക്കാൻ ബുദ്ധിമുട്ടും കാരണം അഭിനയത്തിന്റെ ഏഴ് അയലത്ത് പോലും എത്തിയിട്ടില്ലാത്ത കുറെയെണ്ണം സൗഹൃദത്തിന്റെയും പണത്തിന്റെയും മറ്റു അസന്മാർകിക കൂട്ട് കൊണ്ടും മലയാള സിനിമ ഭരിക്കുമ്പോൾ അഭിനയം രക്തത്തിൽ അലിഞ്ഞു പോയ് കുറെ ആൾകാർ ഇതുപോലെ വിസ്മരിക്കപെട്ടു പോകും.


കിട്ടുന്ന റോളുകൾ ഒക്കെ നല്ല രീതിയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന നടൻ ആണെങ്കിലും മലയാള സിനിമ പാർശ്വവൽകരിച്ച അനേകം നടന്മാരിൽ ഒരാളായി ഇന്നും ചെറിയ ചെറിയ വേഷങ്ങൾ കൊണ്ട് ഇർഷാദ് നമുക്കിടയിൽ സംതൃപ്തി അടയുന്നു. 


വൂൾഫ് എന്ന ചിത്രം കണ്ടാൽ മതി ഇർഷാദ് ആരെന്നു മനസ്സിലാക്കുവാൻ..ഓരോ നോട്ടത്തിലും ഭാവത്തിലും അദ്ദേഹം നമ്മളെ ഞെട്ടിക്കുകയാണ്..അത്ര സൂക്ഷ്മമായ അഭിനയമാണ് അദ്ദേഹം പുറത്തെടുത്തത്.


ഷാജി അസീസ് എന്ന പുതിയ സംവിധായകൻ ദാമർ ഫിലിംസ് എന്ന മലയാളത്തിലെ വൻകിട ബാനറിൽ കീഴിൽ  ചെയ്ത നല്ലൊരു എന്റർടൈനർ ആണ് വൂൾഫ്.


പറയാനുള്ളത് കുറച്ചു സമയം കൊണ്ട് പറഞ്ഞു തീർത്തു എന്നതാണ് വലിയ പ്രത്യേകത..ഒരു ലോക് ഡൗൺ ദിവസം വുഡ്ബീ യുടെ വീട്ടിൽ കുടുങ്ങി പോകുന്ന പ്രതിശ്രുത വരൻ ..അവിടെ മറ്റൊരാൾ കൂടി എത്തുമ്പോൾ അവർക്കിടയിൽ  ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ്  ചിത്രം പറയുന്നത്.


ഒരു പെണ്ണ് കരഞ്ഞു പറയുമ്പോൾ എത്ര "വന്യനായ "ആണുങ്ങളും എന്തും സഹിച്ചും എവിടെ ആണെങ്കിലും  അവളുടെ സഹായത്തിനുണ്ടാകും. അതാണ് ആണുങ്ങളുടെ ഒരു രീതി..അതിനു വായനോക്കി, കോഴി ,അങ്ങിനെ പലതും സമൂഹം കൽപ്പിച്ചു നൽകിയിട്ടുണ്ട് എങ്കിലും അന്നേരം അവനിൽ അവളെ രക്ഷിക്കണം എന്ന ഒരു നന്മ മാത്രമേ ഉണ്ടാകൂ.


അർജുൻ അശോകൻ,സംയുക്ത,ഷൈൻ ടോം ചാക്കോ ,ജാഫർ ഇടുക്കി എന്നിവർ കൂട്ടിനുണ്ടെങ്കിലും ഒരു വീടും അതിൽ ഉള്ള മൂന്ന് പേരും ആണ് ചിത്രത്തിൽ ഭൂരിഭാഗവും..അത് കൊണ്ട് തന്നെ പ്രമേയം ബോറടി യിലേക്ക്   കൈവിട്ടു പോകാനുള്ള സാധ്യത കൂടുതൽ ഉണ്ടെങ്കിലും നമ്മളെ ബോറടിപ്പിക്കാതെ ഒരു കൊച്ചു ചിത്രം ഉണ്ടാക്കാൻ ഷാജി ക്കുംം കൂട്ടുകാർക്കും കഴിഞ്ഞിരിക്കുന്നു.


പ്ര .മോ. ദി .സം

No comments:

Post a Comment