Saturday, August 27, 2016

തീവണ്ടിയില്‍ ഒരു വെളുപ്പാന്‍ കാലത്ത് (BASED ON A TRUE INCIDENT)

"എന്താ കൊച്ചിന് പ്രശ്നം? "

 ചോദ്യം കേട്ട് അവള്‍ തല ഉയര്‍ത്തി .അവള്‍ എന്ന് പറയുമ്പോള്‍  മുപ്പതിന്റെ മുകളില്‍ പ്രായം കാണും,കൊച്ചിന് ഇരുപതിനടുത്തും.ഒരു മനുഷ്യനു മൂന്ന് തരം വയസ്സുണ്ട് എന്നാണ് ഒരു സുഹൃത്ത്‌ പറഞ്ഞു തന്നത്.ഒന്ന് ഒറിജിനല്‍ ,രണ്ടു  കാണുന്നവര്‍ക്ക് തോന്നുന്നത് ,മൂന്നു മനസ്സില്‍ സ്വയം തോന്നുന്നത്.ഇപ്പോള്‍ ഞാന്‍ കാണുന്നവനാണ് അത് കൊണ്ടുള്ള ഒരു കണക്കുകൂട്ടല്‍ .

അവര്‍ എന്റെ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.പാളത്തില്‍ വെച്ച് പരിചയപെട്ട, ഒപ്പമിരുന്ന പെണ്‍കുട്ടിക്കും ആകാംഷയായി.പറയണമോവേണ്ടയോ എന്ന് അവര്‍ ശങ്കിച്ച് നിന്ന്.രണ്ടുപേരെയും മാറി മാറി  നോക്കി.പൊടുന്നനെ അവന്‍ വീണ്ടും ബഹളം വെച്ചുകൊണ്ടിരുന്നു.ഒപ്പമുള്ള യാത്രകാര്‍ വളരെ ബുദ്ധി മുട്ടുന്നു എന്നവര്‍ക്ക് മനസ്സിലായി.അവരോടൊപ്പം ഒരു യുവാവും ഒരു പ്രായം  ചെന്ന ആളും ഉണ്ട് .യുവാവാണെങ്കില്‍ ഒന്നും ശ്രദ്ധിക്കുന്നു കൂടിയില്ല ..യുവാവാണെങ്കില്‍ ഫോണില്‍  എന്തൊക്കെയോ കുത്തി കളിക്കുന്നു..പ്രായമുള്ളയാള്‍ അവനെ പലതും പറഞ്ഞു ആശ്വസിപ്പിക്കുണ്ട് .പക്ഷെ ആര് കേള്‍ക്കാന്‍ .മടുത്തുപോയ പ്രായം ചെന്നയാള്‍ അസഹ്യതയോടെ  എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്.അവന്‍ ഓരോ കാര്യത്തിലും വാശി കാണിക്കുന്നു, നിര്‍ബന്ധമായി ഓരോന്ന് ആവശ്യപെടുന്നു .അത് കിട്ടില്ലെന്ന്  വരുമ്പോള്‍ ശബ്ദം ഉണ്ടാക്കുന്നു,അയാളുടെ ഷര്‍ട്ടില്‍ പിടിച്ചു വലിക്കുന്നു ,മുഖത്തു മാന്തുന്നു ..അങ്ങിനെ പലതരത്തിലും അവരെ ഉപദ്രവിച്ചുകൊണ്ടേയിരിക്കുന്നു.

പെട്ടെന്ന് അവന്‍ എഴുനേറ്റു തീവണ്ടിയുടെ വാതിലിനരുകിലേക്കോടി..പ്രായമുള്ള മനുഷ്യനു അവനെ  പിന്തുടരുക ബുദ്ധിമുട്ടായിരുന്നു ,യുവാവ് ആണെങ്കില്‍ അത് ശ്രദ്ധിച്ചു കൂടിയില്ല.അതിനും അവള്‍ക്കു തന്നെ പോകേണ്ടി വന്നു.അവള്‍ ആ ഡോര്‍ അടച്ചു കുറ്റിയിട്ടപ്പോള്‍ അവന്‍ ആ തറയില്‍ ഇരുന്നു ..വൃത്തികേടായ ആ തറയില്‍ അവനിരിക്കുന്നതില്‍ അവര്‍ക്ക് വലിയ വിഷമം ഉണ്ടെന്നു ആ മുഖം കണ്ടപ്പോള്‍ തോന്നി.അവര്‍ എത്ര പറഞ്ഞിട്ടും അവന്‍ ഒച്ച ഉണ്ടാക്കുന്നു ,അവരെ ഉപദ്രവിക്കുന്നു എന്നല്ലാതെ  അവിടുന്ന് അനങ്ങിയില്ല.അവര്‍ നിര്ബന്ധിക്കുമ്പോള്‍ അവന്‍ അവിടെ നിലത്തു കിടക്കും.അവര്‍ എല്ലാം സഹിച്ചു സഹികെട്ട് നിന്ന്.എന്തോ ആലോചിച്ചത്  പോലെ അവര്‍ വൃദ്ധനെ വിളിച്ചു

വൃദ്ധന്‍ അവിടെ  വാതിലിനരുകില്‍ എത്തിയപ്പോള്‍ അവര്‍ സീറ്റിലേക്ക് വന്നു .പെണ്‍കുട്ടി ഭയപ്പാടോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.അവള്‍ക്കു എന്തൊക്കെയോ സംഭവിചേക്കുമെന്ന ഭയമുണ്ടായിരിക്കും.സ്ത്രീ വന്നു അവളുടെ തൊട്ടരുകില്‍ സീറ്റിലിരുന്നു

"സാര്‍ ഒരു ഉപകാരം ചെയ്യുമോ ?"
"പറയൂ "
"അവനു പോലിസിനെ ഭയങ്കര പേടിയാണ് ..ഒന്ന് പോലീസ് ആയി അഭിനയിക്കുമോ ?"

എന്റെ മറുപടിക്ക്  നില്‍കാതെ  പ്രതീക്ഷയോടെ  അവര്‍ എഴുനേറ്റു ഡോറിനരുകിലേക്ക് നടന്നു .പെണ്‍ കുട്ടി കണ്ണുകള്‍ കൊണ്ട് പോയികൂടെയെന്നു യാചിച്ചു .അത്കണ്ടാവണം പിന്നാലെ ഞാനും ...അവിടെയെത്തിയ അവര്‍ എന്തൊക്കെയോ അവനോടു പറയുന്നുണ്ടായിരുന്നു .പെട്ടെന്ന് അവന്‍ എഴുനേറ്റു നിന്ന് ഭയത്തോടെ എന്നെ നോക്കി കൊണ്ടിരുന്നു.പോലീസ് വരുന്നുണ്ടെന്നു അവര്‍ അവനോടു പറഞ്ഞിരിക്കാം.

"എന്താ അവിടെ നില്‍ക്കുന്നത് ?" ഗൌരവത്തില്‍ എന്റെ ചോദ്യം വീണപ്പോള്‍ അവന്‍ കിടുങ്ങിയോ ?

'ഒന്നുമില്ല ..വെറുതെ "

" ഡോറിന്റെ അടുക്കല്‍ നിന്ന് യാത്ര ചെയ്യരുതെന്നറിയില്ലേ ...പോയി സീറ്റില്‍ ഇരിക്കൂ ":

അവന്‍ അനുസരണയോടെ സീറ്റിലേക്ക് നടന്നു  ..നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളും.പോകാനൊരുങ്ങിയ വൃദ്ധന്‍ എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു.നിങ്ങള്‍ ചോദിച്ചത് ഞാന്‍ കേട്ട്.അവള്‍ക്കു പറയാന്‍ ബുദ്ധിമുട്ടായിരിക്കും അത്കൊണ്ടാ പറയാത്തത് .ഞാന്‍ പറയാം.

'ചെറുപ്പം നല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു .അത് കൊണ്ട് തന്നെ നല്ല ഒരു മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടി ..പക്ഷെ അത് അവന്റെ നാശത്തിനായിരുന്നു എന്ന്  തോന്നുന്നു.സീനിയര്‍ കുട്ടികള്‍ റാഗ് ചെയ്തതാണ് ..അത് ഒരു പരിധിയില്‍ കൂടുതല്‍ ആയപ്പോള്‍ ഇവന്‍ പ്രതികരിച്ചു തുടങ്ങി.അതിനു അവര്‍ ഇവനെ ശാരീരികമായി ഉപദ്രവിച്ചു.മാനസികമായി തകര്‍ത്തു.ലഹരി സാധനങ്ങള്‍ നിര്‍ബ്ബന്ധപൂര്‍വ്വം ഉപോയോഗിപ്പിച്ചു ...കുറേകാലം ഹോസ്പിറ്റലില്‍ ആയിരുന്നു ..കേസായി ,ബഹളമായി , സസ്പെന്‍ഷന്‍  ആയി  ..എന്ത് പ്രയോജനം ..അവസാനം ഇവനെ ഇങ്ങിനെയാണ്‌ കിട്ടിയത്.എന്തിനും ഏതിനും വാശി ..ചില സമയത്ത് ആക്രമിക്കും.എന്റെ മോള് സഹിക്കുകയാ ..അവളെയാണ് ഇവന്‍ കൂടുതല്‍ വിഷമിപ്പിക്കുന്നത് ,ഉപദ്രവിക്കുന്നത് .അവളുടെ ദേഹമാകെ ഇവന്‍ മാന്തി കീറിയിരിക്കുകയാ .എന്തെങ്കിലും ആവശ്യപെട്ടു കൊടുത്തില്ലെങ്കില്‍ ഇവന്‍ അവളെ  ഉപദ്രവിക്കും..മുടി പിടിച്ചു വലിക്കും ,മാന്തി കീറും . .എന്ത് ചെയ്യാം അമ്മയായിപോയില്ലേ ...സഹിക്കുകയാണ് അവള്‍ ..സമാധാനത്തോടെ അവള്‍ ഉറങ്ങിയിട്ട് മാസങ്ങളായി എന്തിനു സന്തോഷിച്ചിട്ട് തന്നെ ...ഇപ്പൊ അവനെ ട്രീറ്റ്‌ മെന്റിന്  കൊണ്ട് പോകുകയാ ." നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അയാള്‍ പറഞ്ഞു നിര്‍ത്തി

"അവന്റെ അച്ഛന്‍ ..?"


അയാള്‍ പറഞ്ഞു തുടങ്ങുപോഴെക്കും  ബഹളവും  കരച്ചിലും കേട്ടു..അവരുടെ സീറ്റില്‍ നിന്നാണ്.പല സീറ്റില്‍  നിന്നും ആള്‍കാര്‍ അവിടേക്ക് ഓടി കൂടുകയാണ്.എന്തെന്നറിയാതെ ഞാനും വൃദ്ധനും അങ്ങോട്ട്‌ കുതിച്ചു.ചെല്ലുമ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു ..ആ യുവതിയുടെ കഴുത്തില്‍ രണ്ടു കൈകൊണ്ടും ഞെക്കി പിടിചിരിക്കുകയാനവന്‍..അവരുടെ കണ്ണ് തുറിച്ചു പുറത്തേക്ക് വരുന്നമാതിരി ..അവര്‍ ജീവന് വേണ്ടി പിടക്കുന്നുണ്ട് . ,പെണ്‍ കുട്ടി ഭയന്ന്പ വിറച്ചു  എഴുനേറ്റു നില്‍പ്പുണ്ട്.ആള്‍കാര്‍ അവന്റെ പിടി വിടുവാന്‍ ശ്രമിക്കുന്നുണ്ട് അവന്‍ വഴങ്ങുന്നില്ല അവനെ പിന്തിരിപ്പിക്കുവാനോ ,പിടിച്ചു മാറ്റുവാനോ അവരെ കൊണ്ടൊന്നും കഴിയുനില്ല.ഞങ്ങളും ശ്രമിച്ചു ..ഒരു ഫലവുമുണ്ടായില്ല..ചിലര്‍ അവനെ ഇടിക്കുന്നുണ്ട്‌ ..അതൊക്കെ അവന് ഒരു മാറ്റവും ഉണ്ടാക്കിയില്ല  ഇനിയും അവന്‍ അങ്ങിനെ തുടര്‍ന്നാല്‍ ഒരു മരണത്തിനു സാക്ഷി പറയേണ്ടി വരുമെന്ന് പലര്‍ക്കും തോന്നി തുടങ്ങി.പേടിച്ചു വിറച്ച പെണ്‍ കുട്ടി വിങ്ങി പൊട്ടി കരയുവാന്‍ തുടങ്ങി .അത് ഇനി നിലവിളിയായെക്കുമെന്നു ഭയന്ന ഞാന്‍ അവളെ കൂട്ടി തൊട്ടപ്പുറത്തുള്ള  സീറ്റില്‍ കൊണ്ട് പോയിരുത്തി...പേടിക്കേണ്ട  ഒന്നും സംഭവിക്കില്ലെന്നു പറഞ്ഞു ആശ്വസിപ്പിച്ചു.

നിസ്സഹായതയോടെ ഞങ്ങള്‍ നിന്ന് ...സമയം പോകുംതോറും ആ യുവതി അപകടത്തിലേക്ക് പോകുകയാണ് ആള്‍കാര്‍ പല അഭിപ്രായവും പറയുന്നുണ്ട് .പൊടുന്നനെ ആ സ്ത്രീ എവിടെ നിന്നോ കിട്ടിയ  ശക്തിയില്‍ കയ്യുയര്‍ത്തി ഒരടിയായിരുന്നു ..അവന്റെ തലയ്ക്കു തന്നെ കിട്ടി ...ആ അടിയില്‍ അവന് അവരുടെ കഴുത്തിലെ പിടി വിട്ടുപോയി..നല്ല ഒരടി കിട്ടിയിട്ടും വേദന പുറത്തു കാട്ടാതെ അവന്‍ അവിശ്വസനീയതയോടെ അവരെ തന്നെ നോക്കി നിന്ന്.ഒരിക്കലും പ്രതീക്ഷിക്കാത്ത ആളില്‍ നിന്നും അവനു ശിക്ഷ കിട്ടിയിരിക്കുന്നു.....അവനതു ഒരു ഷോക്ക്‌  ആയിട്ടുണ്ടാവും .അവന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി അത് പുറത്തേക്ക് ഒഴുകി കൊണ്ടിരുന്നു..ഒന്നും മിണ്ടാതെ  അനുസരണയോടെ  ശാന്തനായി  അവനവിടെ അവരുടെ അടുത്തു തന്നെ ഇരുന്നു
.
അവരപ്പോള്‍ കരഞ്ഞു കൊണ്ട്ചുമക്കുകയായിരുന്നു ,ചുമച്ചു കൊണ്ടെയിരിക്കുകയായിരുന്നു ..അപ്പോഴും അവര്‍ അവന്റെ തലയില്‍  ഒരു കൈ കൊണ്ട്  തഴുകി കൊണ്ടിരുന്നു  ...അവനു അടി കൊണ്ട മറ്റു സ്ഥലത്തും  തടവി കൊടുക്കുകയായിരുന്നു..അത്രക്ക് ശക്തിയായിട്ടാണ്  അവനെ പലരും  അടിച്ചതെന്ന് അവര്‍ക്ക് ബോധമുണ്ടായിരുന്നു. .അപ്പോഴേക്കും വീണ്ടും എല്ലാം സഹിക്കുന്ന ഒരമ്മയായി മാറിയിരുന്നു അവര്‍ ..അവരവനെ ചേര്‍ത്ത്  പിടിച്ചു .ഒരു കൈ അപ്പോഴും ശിരസ്സില്‍ തഴുകുന്നുണ്ടായിരുന്നു ..തന്റെ അടി അവനെ എത്രമാത്രം വേദനിപ്പിച്ചുണ്ടാകും എന്ന് ഓര്‍ത്തോ  എന്തോ അവരുടെ കണ്ണുകള്‍ ഒലിച്ചിറങ്ങി..ഇത് കണ്ടു നിന്ന പെണ്‍ കുട്ടിയും കരച്ചിലടക്കുവാന്‍ പാടുപെട്ടു.എത്ര  ഉപദ്രവിച്ചിട്ടും  അതില്‍ പരിഭവമില്ലാതെ  മകനെ സ്നേഹിച്ചു  തലോടുന്ന  ഒരമ്മയെ  അവള്‍ അവിടെ കണ്ടു.ഒരമ്മയുടെ വാത്സല്യം എന്തെന്ന് നേരിട്ട് കണ്ട അവള്‍ സ്വന്തം അമ്മയുടെ വാത്സല്യവും പരിരക്ഷയും  തിരിച്ചറിയാഞ്ഞിട്ടോ മനസ്സിലാക്കാത്തതുകൊണ്ടോ എന്തോ ഏങ്ങിഏങ്ങി കരഞ്ഞു കൊണ്ടിരുന്നു ..പുറത്തു ഒന്നും മിണ്ടാതെ ഓടി മറയുന്ന ജീവജാലങ്ങളെയും  നോക്കി ഞാനിരുന്നു.

കഥ :പ്രമോദ് കുമാര്‍,കെ,പി
ചിത്രങ്ങള്‍ :കേരള വാട്ടര്‍ കളര്‍ സോസെട്ടി ,ഗൂഗിള്‍




5 comments:

  1. കഥ എന്നതിലുപരി ഒരു സംഭവം വിവരിക്കുന്നതായേ എനിക്ക്‌ അനുഭവപ്പെട്ടുള്ളൂ. ഒരു ദൃക്സാക്ഷി വിവരണം പോലെ. എങ്കിലും വായനയ്ക്ക്‌ നല്ല ഒഴുക്കുണ്ട്‌. ആശംസകൾ.....

    ReplyDelete
  2. യഥാര്‍ത്ഥ സംഭവമാണ് ..അത് കൊണ്ട് ഒരു വിവരണമായേ എഴുതുവാന്‍ കഴിയുന്നിള്ളൂ

    ReplyDelete
  3. ശ്വാസം മുട്ടിയ ഒരു വായന.

    പെട്ടെന്ന് പറഞ്ഞ്‌
    തീർക്കാതെ അല്പം കൂടി പരത്തിപ്പറഞ്ഞിരുന്നെങ്കിൽ എന്ന് തോന്നി. എന്നുകരുതി എഴുത്ത്‌ മോശമാണെന്നല്ല,നല്ല വായനാസുഖമുണ്ടായിരുന്നു.
    ഇനിയും
    വരാം . .

    ReplyDelete
  4. നല്ല രചന
    ഒരു ദുരന്തത്തിന്‍റെ ചിത്രം മനസ്സിലേക്ക് ആവാഹിപ്പിക്കാന്‍ കഴിഞ്ഞു.
    ആശംസകള്‍

    ReplyDelete