കഴിഞ്ഞ ദിവസം തൃശൂരിലെ ഒരു സ്കൂളിലെ ടീച്ചർ പറഞ്ഞ കാര്യം വോയ്സ് ക്ലിപ്പ് ആയി മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.അവർ പറയുന്നത് ഓണം എന്നത് ഹിന്ദുക്കളുടെ മാത്രം ആഘോഷം ആണെന്നും മുസ്ലിം സമുദായക്കാർ അത് ആഘോഷിക്കുവാൻ പാടില്ല എന്നതുമാണ്.ടീച്ചറെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ചില നാട്ടിലെ വിശ്വാസം അങ്ങിനെ ആയിരുന്നു താനും...അല്ലെങ്കിൽ മതം അവരെ അങ്ങിനെ വിശ്വസിപ്പിച്ചു.ഇന്നും അതിനു വലിയ മാറ്റം ഒന്നും വന്നിട്ടില്ല.മതം എന്നത് മനുഷ്യനെ വലിഞ്ഞു മുറുക്കുമ്പോൾ ഇതൊക്കെ സാധാരണം.
ഓണം മലയാളികളുടെ ദേശീയ ഉത്സവം ആണെങ്കിൽ പോലും പണ്ട് മുതലേ മലബാറിലെ മറ്റു മതസ്ഥർക്ക് അത് ഹിന്ദുക്കളുടെ മാത്രം ആഘോഷമാണ് .. കാരണം അവരോട് അവരുടെ പൂർവികൻമാർ ,അല്ലെങ്കിൽ അവരുടെ "പുരോഹിതർ" പറഞ്ഞു പഠിപ്പിച്ചത്
അങ്ങനെയായിരിക്കും.
എങ്കിലും അന്യ സമുദായ സുഹൃത്തുക്കൾ പൂക്കൾ പറിക്കാനും, പൂക്കളം ഒരുക്കാൻ ,ഓണാഘോഷം നടത്തുവാൻ ഒക്കെ കൂടെ ഉണ്ടാവും..അതുകൊണ്ട് തന്നെ ഓണസദ്യ ഉണ്ണാനും അവരെ പലരും വീട്ടിലേക്ക് വിളിക്കും.അവർ ഒന്നിച്ചു ആഘോഷിക്കും.
ആ കാലങ്ങളിൽ ഹിന്ദു മുസ്ലിം എന്നൊരു വേർതിരിവ് ഇന്നത്തെ പോലെ അത്ര ഭീകരമായിരുന്നില്ല..എല്ലാവരും മനുഷ്യന്മാർ ആണെന്ന് ഒരു "കൺസെപ്റ്റ്" ആയിരുന്നു ..അതുകൊണ്ട് തന്നെ അയൽക്കാരായ മുസ്ലിം വീടുകളിൽ ഓണത്തിന് എന്തെങ്കിലും സ്പെഷ്യൽ ആയി ടൗണിൽ നിന്നും വാങ്ങി ,അല്ലെങ്കിൽ വീട്ടിൽ നിന്നും തന്നെ ഉണ്ടാക്കുന്ന വിഭവങ്ങൾ കൊടുത്തുവിടുവാൻ അച്ഛനും അമ്മയും മുൻകൈ എടുത്തിരുന്നു. അവരുടെ നോയമ്പ് പെരുന്നാൾ സമയത്ത് അവരും സ്പെഷ്യൽ സാധനങ്ങൾ നമുക്കും നൽകിയിരുന്നു. ഇത് അയൽക്കാരായി അന്യ മതസ്ഥർ ഉള്ള പലരും ചെയ്യുന്ന കാര്യവുമായിരുന്നു.
ഈ അടുത്തകാലത്ത് അതിനു സ്കൂൾ കോളേജ് തലങ്ങളിൽ മാറ്റം വന്നിട്ടുണ്ട് എങ്കിൽ കൂടി വീടുകളിൽ ഇന്നും അതു ഹിന്ദുക്കളുടെ ആഘോഷം മാത്രമാണ്.മലബാറിൽ മറ്റു മതസ്ഥർ ഓണം ആഘോഷിക്കുന്നു എങ്കിൽ പോലും അത് ചെറിയ ശതമാനം ആയിരിക്കും. മതത്തിൻ്റെ പിടിമുറുക്കം തന്നെയാണ് കാരണം. പക്ഷേ കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ ഓണം എന്നത് മലയാളികളുടെ ഉത്സവം തന്നെയാണ്.
ജോലി ആവശ്യങ്ങൾക്ക് മലബാർ വിട്ടു പുറത്തേക്ക് പോയപ്പോൾ ആണ് ഓണം എന്നത് കേരളത്തിലെ എല്ലാവരും ആഘോഷിക്കുന്ന് ഉത്സവം ആണെന്ന് മനസ്സിലാക്കിയത്.അവിടെയൊക്കെ ജാതി മത ഭേദ്യമെന്നെ എല്ലാവരും കോടികൾ ഉടുത്തും സദ്യ ഉണ്ടാക്കിയും കലാപരിപാടികൾ സംഘടിപ്പിച്ചും ഓണം വിപുലമായി ആഘോഷിക്കുന്നു.പക്ഷേ മലബാറുകാർക്ക് ആകെ അതിൽ കണ്ടെത്തുവാൻ ഉള്ള പോരായ്മ വിഭവങ്ങളിൽ നോൺ വെജ് ഉണ്ടായിരുന്നില്ല എന്നത് മാത്രമാണ്.തലശ്ശേരി കണ്ണൂർ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് നോൺ വെജ് നിർബദ്ധമാണ്.
ഇന്ന് ഓണാഘോഷത്തിന് വലിയ പ്രാധാന്യം ഉണ്ട്..സ്കൂൾ കോളേജ് തലത്തിൽ തുടങ്ങി വ്യവസായ മേഖലകളിൽ പോലും എല്ലാവരും ഒന്നിച്ചു കൂടിയുള്ള ആഘോഷങ്ങൾക്ക് സമയം കണ്ടെത്തി തുടങ്ങിയിരിക്കുന്നു..അത് ഇപ്പൊൾ വലിയ കൂട്ടായ്മയുടെ ആഘോഷമായി പരിണമിച്ചിരിക്കുന്നു.അവിടെ ജാതിയോ മതമോ വർണ്ണമോ പൊസിഷനോ ഒന്നും തടസ്സമാകുനില്ല.
ഇന്ന് ഓരോരുത്തരും ഓണാഘോഷം വീട്ടിൽ നിന്നും മാത്രമല്ല എന്നൊരു സ്ഥിതിയിൽ എത്തിയിരിക്കുമ്പോൾ നമ്മുടെ ടീച്ചർ ഇപ്പോഴും പഴയ നൂറ്റാണ്ടിൽ ആണ് എന്ന് കരുതുക അല്ലെങ്കിൽ മലബാർ ഭാഗങ്ങളിലെ " ജനങ്ങൾ" പിന്തുടരുന്ന അവസ്ഥയിൽ നിന്നും മാറാൻ ചിന്തിക്കുന്നില്ല എന്നും കരുതാം.
പണ്ട് നാട് ഭരിച്ച നല്ലൊരു അസുര രാജാവിനെ അസൂയ മൂത്ത് ദേവാവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയപ്പോൾ തൻ്റെ പ്രജകളെ കാണുവാൻ ഭൂമിയിലേക്ക് വരാൻ അനുവദിച്ച ഒരു ദിവസം ആണ് തിരുവോണം..ഓണത്തിൻ്റെ ഐതിഹ്യത്തിൽ ഒരിക്കലും ഹിന്ദു വിശ്വാസം കടന്നു വരുന്നില്ല..പിന്നെ എന്തുകൊണ്ട് ചില മതങ്ങൾ അത് ഹിന്ദുവിൻ്റെ ആഘോഷം ആണെന്ന് വിശ്വസിക്കുന്ന അവസ്ഥ ഉണ്ടാകുന്നു?
അപ്പോള് ആ കാലത്ത് ഹിന്ദുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് ഇത്തരക്കാർ..സത്യത്തിൽ നമ്മളൊക്കെ അധിനിവേശ കാർ അല്ലെങ്കിൽ ഹിന്ദുമതത്തിൽ നിന്നും മാറി ഈ മതത്തിലേക്ക് വന്നവർ ആണെന്ന് "അവരറിയാതെ" പറഞ്ഞു പോകുന്നു..
അതുകൊണ്ട് ടീചർമാരെ പോലെ ഇത്തരം വിഡ്ഢിത്തങ്ങൾ ഇനിയും എഴുന്നള്ളിക്കാതെ കേരളത്തിൻ്റെ ദേശീയ ഉത്സവമാണ് ഓണം എന്ന് സമർത്ഥിച്ചു എല്ലാവരും ഒത്തൊരുമയോടെ ഓണാഘോഷത്തിൽ പങ്കെടുക്കുക
പ്ര.മോ.ദി.സം
Well said
ReplyDelete