Thursday, January 26, 2023

പത്താൻ

 



നമ്മുടെ നാട്ടിൽ "സൂപ്പർ സ്റ്റാർ "ആയ ഒരു ബാബു ചേട്ടൻ ഉണ്ടായിരുന്നു.അഭിനയം,മിമിക്രി എന്നുവേണ്ട എല്ലാറ്റിലും അഗ്രഗണൃൻ ആയ ഒരു സകലകലാ വല്ലഭൻ..ആവർത്തന വിരസത വന്നപ്പോൾ സൂപർ സ്റ്റാർ വെറും സ്റ്റാർ ആയി അവസാനം പര ഗതിയില്ലാതെ ആയി...



കഷ്ടപ്പാടും ദാരിദ്രം ഒക്കെ ആയപ്പോൾ ഒരു "ബാബു ഷോ" നടത്തി അവനെ രക്ഷപ്പെടുത്തി എടുക്കാൻ നാട്ടുകാർ തീരുമാനിച്ചു.ബാബുവിൻ്റെ പരിപാടി മാത്രം നടത്തിയാൽ രക്ഷപ്പെടില്ല എന്നത് കൊണ്ട് മറ്റൊരു സ്റ്റാറിൻ്റെ കൂടി പരിപാടി കൂട്ടത്തിൽ ചേർത്തു്..പരിപാടി തല്ലുപോളി ആണെങ്കിൽ കൂടി ബാബുവിനെ രക്ഷിക്കാൻ മറ്റെ സ്റ്റാറിനെ കാണാൻ നാട്ടുകാർ ഇടിച്ചു കയറി പരിപാടി ഗംഭീരമാക്കി.



രണ്ടു ദിവസം കൊണ്ട് നൂറു കോടി നേടിയ പത്താൻ എന്ന ചിത്രത്തിന് ഇതുമായി സാമ്യമുണ്ട് എന്ന് ഞാൻ തർക്കിക്കുനില്ല..എന്നാലും പലർക്കും അറിയാത്ത ചില കാര്യം പറഞ്ഞാല് അല്ലെ അറിയാൻ പറ്റൂ.അല്ലേൽ ബാബു ചേട്ടൻ വീണ്ടും പട്ടിണി ആകും.



നഷ്ടപ്പെട്ടുപോയ തൻ്റെ സിംഹാസനം തിരിച്ചു പിടിക്കുവാൻ പണ്ട് മറ്റു നാട്ടുകാരുടെ സിനിമകളെ പുച്ഛം കൊണ്ട് നോക്കി ഇപ്പൊൾ  ദാരിദ്രം കൊണ്ട് നട്ടം തിരിയുന്ന ബോളിവുഡിൻ്റെ ശ്വാസം നിലനിർത്താൻ ഷാരൂഖ് ഖാൻ്റെ ഈ ചിത്രം എല്ലാവരും തിയേറ്ററിൽ പോയി തന്നെ കാണണം ..കാരണം തിയേറ്റർ എക്‌സ്പീര്യൻസ് കൊണ്ട് മാത്രമേ ഈ സിനിമ ആസ്വദിക്കുവാൻ പറ്റൂ.



വെറുതെ  ജെട്ടി വിവാദം ഉണ്ടാക്കിയ സംഘികൾ പോലും ഷാരൂിക്കുഖാൻ്റെ ദേശസ്നേഹം കൊണ്ടുള്ള ജയ് ഹിന്ദ് വിളിക്ക് കയ്യടിക്കുന്നത് തന്നെയാണ് ചിത്രത്തിൻ്റെ വിജയം.. നാളെ ഷാ രൂഖിനെ സംഘി ആക്കിയാൽ പോലും കുറ്റം പറയാൻ പറ്റില്ല.അത്രക്ക് നമ്മുടെ രാജ്യത്തിന് വേണ്ടി അദ്ദേഹം ഓടി നടന്നു കഷ്ടപ്പെടുന്നുണ്ട്.



കഴിഞ്ഞ ആഴ്ച ഇറങ്ങിയ അജിത്ത് ചിത്രം പോലെ ഇടി അടി വെടി പുക തിയേറ്ററിൽ ആസ്വദി ച്ചവർക്ക് ഇതും  ഒരു അധിക പറ്റൂ ആയി മാറില്ല.മോശം പറയരുത് അല്ലോ ഷാരൂഖ് തൻ്റെ മാക്സിമം നിറഞ്ഞു ആടിയിട്ടുണ്ട് . ആ സ്ക്രീൻ പ്രസൺസ് ആസ്വദിക്കണം എങ്കിൽ അടുത്തുള്ള നല്ല സൗണ്ട് സിസ്റ്റം ഉള്ള തിയേറ്ററിൽ പോയി തന്നെ കാണുക .


നിങൾ അധികവും ഹോളിവുഡ് സിനിമ കാണുന്ന ആൾ ആണെങ്കിൽ പോലും ഈ ചിത്രം കാണണം .സൗത്ത് ഇന്ത്യ കേറി മേഞ്ഞ ബോളിബുഡിന് അല്പം ആശ്വാസം കൊടുക്കാൻ നിങ്ങളെ കൊണ്ട് മാത്രേ പറ്റൂ..ബാബു ചേട്ടനെ സപ്പോർട്ട് ചെയ്യാൻ സോറി ഷാരൂിക്ക് ചേട്ടനെ പുഷ് ചെയ്യാൻ വലിയൊരു താരം കൂടി ചിത്രത്തിൽ ഉണ്ട്....അത് സസ്പെൻസ്..പോയി കണ്ടാ മതി.


പ്ര .മോ. ദി .സം

Wednesday, January 25, 2023

എന്നാലും ൻ്റേഅളിയാ

 



ചില സിനിമകൾ  എന്നല്ല എല്ലാ സിനിമകളും നമുക്ക് രസിക്കുന്ന നേരമ്പോക്ക് ആയിട്ടാണ്  അനുഭവപെടെണ്ടത്.. കാരണം വിനോദ ഉപാധിക്കാണ് സിനിമ എന്നാണ് വെയ്പ്പ്...അതിനു വേണ്ടിയാണ് സിനിമയും..


എന്നാല്  തമ്മിൽ തമ്മിൽ മത്സരങ്ങൾ മുറുകിയപ്പോൾ അതിൽ പലതരം എച്ചുകൂട്ടലുകൾ ഉണ്ടായി...മുഷിപ്പിക്കത്തക്ക ഒന്നും ഇല്ലാതെ നമ്മുടെ കാഴ്ചകളെ ഉപയോഗപെടുത്തുവാൻ പറ്റുന്ന സിനിമകൾ അത് കൊണ്ട് തന്നെ ഇന്ന് കുറവാണ്..സ്റ്റാർ വാല്യൂ ,മറ്റു അനേകം  വാല്യൂ ഒക്കെ നോക്കി സിനിമകൾ തരം തിരിഞ്ഞു തുടങ്ങി.


എന്നാലും ചിലർ നമ്മളെ രസിപ്പിക്കാൻ നമ്മളെ കുറച്ചു സമയം ജീവിതത്തിലെ ടെൻഷണിൽ നിന്നും അകറ്റാൻ സിനിമ എടുക്കുന്നുണ്ട്..അതിൽ വലിയ താരങ്ങളും പാട്ടുകളും അടിയും പിടിയും സസ്പെൻസും ഒന്നും കാണില്ല. രസിച്ചു അങ് കാണാം എന്ന് മാത്രം.



ഈ സിനിമയും അത്തരം ഉദ്ദേശ്യത്തിൽ എടുത്ത സിനിമയാണ്..പൂർണമായും വിജയിച്ചില്ല എങ്കിൽ പോലും അധികം മുഷിവു അനുഭവപ്പെടുന്നില്ല. 


ദുബൈയിലേ ഒരു ഫ്ളാറ്റിലെ രണ്ടു മുറിക്കുള്ളിൽ ആണ് ഭൂരിഭാഗം സമയവും കഥ നടക്കുന്നത്..അത് കൊണ്ട് തന്നെ കൂടുതലും സംഭാഷണങ്ങളിൽ കൂടിയാണ് സിനിമ നമ്മളെ രസിപ്പിക്കുന്നതും നമ്മളെ പിടിച്ചിരുത്തുന്നതും..



സിദ്ദിഖ് ലേന കൂട്ടുകെട്ടിൻ്റെ രസതന്ത്രം തന്നെയാണ് സിനിമയുടെ ഹൈലറ്റ്..നാട്ടിൻപുറത്ത് കാരിയായ എന്തിനും എതിനും ടെൻഷൻ അടികുന്ന ടീനേജ് കാരിയുടെ ഉമ്മയായി ലെന തകർത്തു.


എന്ത് പ്രശ്നം വന്നാലും എത്ര വലിയ അടി നടന്നാലും  ഒത്തൊരുമിപ്പിക്കുവാൻ കൂട്ട് നിൽക്കുന്ന  നമ്മുടെ പലരുടെയും വീക്നെസ് ആയ "കാര്യം " കൃത്യമായി കാണിക്കുന്നുണ്ട്.അതിനു ശേഷം അത് കൊണ്ടുണ്ടാകുന്ന പൊല്ലാപ്പുകളും...



ജനിക്കുന്നു ..നാട്ടുകാര് എന്ത് പറയും എന്ന് വിചാരിച്ചു മോഹങ്ങൾ ഇഷ്ട്ടങ്ങൾ മറന്ന്  ജീവിക്കുന്നു...മരിക്കുന്നു...

ശരിക്കും ഇതല്ലേ  എൺപത് ശതമാനത്തോളം മലയാളി ജീവിതത്തിൻ്റെ നേർകാഴ്ച..?


പ്ര.മോ.ദി.സം

Monday, January 23, 2023

ആയിഷ

 



വിഖ്യാത പ്രതിഭയായ നിലമ്പൂർ ആയിഷയുടെ ജീവിതത്തിൽ നിന്നും ഉൾകൊണ്ട് മറ്റൊരു പാശ്ചാത്തലത്തിൽ കഥപറയുന്ന ആയിഷയിലൂടെ   കുറച്ചുകാലം തൻ്റെ പ്രതിഭയോട് സ്വയം കാട്ടിയ അനാദരവിൽ  നിന്നും മഞ്ജു വാര്യർ ശക്തമായി തന്നെ പുറത്ത് വന്നിരിക്കുന്നു.


ജീവിത സാഹചര്യങ്ങൾ കൊണ്ട് സൗദിയിലെ പണക്കാരൻ്റെ വീട്ടിൽ ഗദ്ധാമ്മ ആയി ജീവിക്കേണ്ടി വരുന്ന ആയിഷാക്ക്  പെട്ടെന്ന് തന്നെ അവിടുത്തെ മുതിർന്ന സ്ത്രീയുടെയും  അവർ പറഞ്ഞാല് മറുവാക്ക് ഇല്ലാത്ത മറ്റു  ആൾക്കാരുടെയുമോക്കെ പ്രീതി പിടിച്ചു പറ്റൂവാൻ  കഴിയുന്നു...


ഒരു ഷോപ്പിങ്ങിന് ഇടയിൽ വെച്ച് കണ്ടു മുട്ടുന്ന നാട്ടുകാരുടെ വെളി പ്പെടുത്തൽ കൊണ്ട് നമ്മൾ ആരാണ് ആയിഷ എന്ന് അറിയുകയാണ്..ഇവിടെ ഈ നിലയിൽ കാണേണ്ടി വന്ന ആയിഷയെ  സഹായിക്കുവാൻ അവർ ചെയ്ത  "പ്രവർത്തി" കൊണ്ട്  ആയീഷക്ക്  അവിടുത്തെ ജോലി നഷ്ടപ്പെടുന്നു.



ആയിഷ ഇല്ലാതെ മുന്നോട്ട് പോകാൻ വയ്യാത്ത അവസ്ഥയിൽ കുടുംബം അവളെ തിരികെ വിളിക്കുന്നതും അവള് അവർക്ക് വേണ്ടി തൻ്റെ "അഭിനയ" അനുഭവം കൊണ്ട് നേടിയ കാര്യങ്ങൽ പങ്കുവെക്കുകയും ചെയ്യുന്നു.



മുസ്ലിംപെണ്ണ് വീടിന് പുറത്തേക്ക് ഇറങ്ങുന്നതും പഠിക്കുന്നതും സ്റ്റേജിൽ കയരുന്നതും വിലക്കപ്പെട്ട ഒരു കാലഘട്ടത്തിൽ അതിനെയൊക്കെ ശക്തമായി നേരിട്ടു സമൂഹത്തിൻ്റെ മുന്നിലേക്ക് ഇറങ്ങിയ ആയിഷ എന്ന് നിലമ്പൂർകാരിക്ക് നൽകുന്ന ഒരു ആദരവ് ആകുന്നുണ്ട് ഈ ചിത്രം.



മലയാളത്തിലും അറബ് ഭാഷയിലും എടുത്തത് കൊണ്ട് കുറെ സബ് ടൈറ്റിൽ വായിക്കേണ്ടി വരുന്നു എന്നത് ആസ്വാദനത്തെ നന്നായി  ബാധിക്കുന്നുണ്ട്.


പ്ര .മോ.ദി .സം

Sunday, January 22, 2023

നൻ പകൽ നേരത്ത് മയക്കം

 



അടൂർ ഗോപാലകൃഷ്ണൻ ഭയങ്കര സംഭവം ആണെന്നും നമ്മുടെ സിനിമയുടെ അംബാസഡർ ആണെന്നും ഒക്കെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പതിവ് പോലെ തള്ളി വിടുന്നത് കണ്ടു. ആത്മാർത്ഥമായി പറയട്ടെ അദ്ദേഹത്തിൻ്റെ ഞാൻ കണ്ട സിനിമകൾ അസ്വസ്ഥതയോടെ മാത്രേ കണ്ടു തീർക്കാൻ 

പറ്റിയുള്ളൂ.


എൻ്റെ വീക്ഷണത്തിൻ്റെ,അല്ലെങ്കിൽ ആസ്വാദനത്തിൻ്റെ കുഴപ്പം തന്നെ ആയിരിക്കാം.. ക്ഷമിക്കുക...പറയേണ്ടത് കൃത്യമായി പറയുക അതാണ് പ്രേക്ഷകൻ ചെയ്യേണ്ടത്..അല്ലാതെ മറ്റൊരുത്തൻ നമ്മളാൽ തിയേറ്ററിൽ വഞ്ചിതൻ ആകരുത്.


ലിജോ ജോസ് ചിത്രങൾ പലരും തള്ളി മറീക്കുന്നത് പോലെ

 " ക്ലാസിക്കുകൾ " ആയി എനിക്ക് തോന്നിയിട്ടില്ല..തുടക്കത്തിലേ രണ്ടു ചിത്രങ്ങളും. പിന്നെ ഏതോ രണ്ടു ചിത്രങ്ങളും കുറച്ചു ഇഷ്ട്ടപെട്ടു എന്ന് മാത്രം..പിന്നെ എൽ ജേ പി ചിത്രങ്ങൾ കഴിയുന്നതും ഒഴിവാക്കി..


പക്ഷേ നമ്മുടെ മമ്മൂട്ടിയെ എങ്ങിനെ ഉപയോഗിച്ച് എന്നറിയാൻ ഈ ചിത്രം പ്രതീക്ഷയോടെ കാണേണ്ടി വന്നു..അദ്ദേഹം തള്ളി വിട്ടത് പോലെ എന്നല്ല  മമ്മൂക്കയുടെ കഴിവ് പത്ത് ശതമാനം പോലും ഉപയോഗിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.


ഒരു മയക്കം വിട്ട് വരുമ്പോൾ മറ്റൊരാൾ ആയി മാറുന്ന പരകായ പ്രവേശം മമ്മൂക്കാക്ക് അനായാസം കഴിഞ്ഞു എങ്കിലും തിരക്കഥയിലെ പോരായ്മകൾ അത് പ്രേക്ഷകനിൽ എത്തിക്കുവാൻ അദ്ദേഹം പരാജയപ്പെടുന്നു.


പിന്നെ ലിജോയുടെ സിനിമ എന്ന് കരുതി പറഞ്ഞാല്  മോശം  ആയി പോകുമോ എയറിൽ നിർത്തി കളയുമോ എന്ന പേടിയിൽ പലർക്കും അസത്യം വിളംബേണ്ടി വരുന്നുണ്ടാകാം..


പ്ര .മോ.ദി .സം

ക്യാപ്റ്റൻ


 


ചില ചിത്രങ്ങൾ അവയുടെ ആശയങ്ങൾ ഒക്കെ പുതിയത് അല്ലെങ്കിൽ പോകും സായിപ്പിൻ്റെ ഭാഷയാണ് സംസാരിക്കുന്നത് എങ്കിൽ നമ്മൾ വാഴ്ത്തി പാടും..പറഞ്ഞിട്ട് കാര്യമില്ല..വിജയ് ചെയ്യുന്നത് ഇവിടെ പൃഥ്വിരാജ് ചെയ്താൽ അംഗീകരിക്കുവാൻ മ ടിക്കുന്ന ഗഡികൾ ആണല്ലോ നമ്മൾ.





ലക്ഷകണക്കിന് ഏക്കർ ഉള്ള വനത്തിനുള്ളിലെ 42 സെക്ടർ എന്ന സ്ഥലത്ത് പോകുന്നവരുടെ അസാധാരണ അനുഭവങ്ങളും അതിനുശേഷം ഉണ്ടാകുന്ന ദുരന്തങ്ങളും അന്വേഷിക്കാൻ പോകുന്ന ക്യാപ്റ്റനും സംഘവും നേരിടുന്ന പ്രശ്നങ്ങൾ ആണ് സിനിമ.





കാടിൻ്റെ സൗന്ദര്യം ഒപ്പിയെടുക്കുന്ന ക്യാമറാമാനും എഡിറ്റിംഗ് കൊണ്ട് നമ്മെ മോഹിപ്പിക്കുന്ന എഡിറ്ററും തന്നെയാണ് സിനിമയെ  മുന്നോട്ട് കൊണ്ട് പോകുന്നത്. പലരും പറയുന്ന  ഹോളിവുഡ് നിലവാരം അല്ലെങ്കിൽ പോലും തെറ്റ് പറയാൻ പറ്റാത്ത സൂഷ്മത യോടെ തൻ്റെ ദൗത്യം നിർവഹിച്ചിരിക്കുന്നു.



സിമ്രാൻ,ഐശ്വര്യ ലക്ഷ്മി എന്നിവർ ഒക്കെ ഉണ്ടെങ്കിലും ആര്യയുടെ സിനിമ ആയി മാത്രമേ ഇതിനെ കാണാൻ കഴിയൂ..തൻ്റെ സുഹൃത്തിനും ടീം അംഗത്തിനും ഉണ്ടായ ചീത്തപ്പേര് മായ്ച്ച് കളയുവാൻ മറ്റു ടീം അംഗങ്ങളുമായി കാട്ടിൽ പോയി സത്യാവസ്ഥ ലോകത്തിന് കാഴ്ചവെക്കുന്ന ക്യാപ്റ്റൻ ആയി ആര്യ പതിവ് പ്രകടനം കാഴ്ച വച്ചു


പ്ര .മോ. ദി .സം

Thursday, January 19, 2023

നിതം ഒരു വാനം

 



നല്ല ഒരു ഫീൽ ഗുഡ് മൂവി ആണ്...തുടക്കം നമ്മുടെ ഫഹദ് ഫാസിൽ സിനിമ ആണെന്ന് സംശയിച്ചു എങ്കിലും അത് പാത്രസൃഷ്ട്ടിക്ക് വേണ്ടി മാത്രം ആയിരുന്നു..അവസാന രംഗവും ചില മലയാളം സിനിമയെ ഓർമിപ്പിച്ചു എങ്കിലും അതും വെറുമൊരു ഷോട്ടിൽ അവസാനിച്ചു.




ജീവിതത്തിൽ ഒരു പ്രതിസന്ധിയും ഇല്ലാതെ ജീവിക്കുന്നത് അപകടമാണ്..എന്തെങ്കിലും ചെറിയ പ്രശ്നം വരുമ്പോൾ നമ്മെ തകർക്കുവാൻ പോലും കഴിഞ്ഞേക്കും..അയാൾക്കും അങ്ങിനെയായിരുന്നു...എന്തും ഏതും വിചാരിച്ചത് പോലെ നേടിയ വൃത്തി രാക്ഷസൻ ആയ അയാൾക്ക് എൻഗേജ്മെൻ്റിന് ശേഷം  ജീവിതത്തെ മാറ്റി മറിച്ച പ്രശ്നം ഉണ്ടാകുന്നു.




വായന ഇഷ്ടപ്പെടുന്ന അയ്യാൾക്ക് ചെറുപ്പം മുതൽ അതിൽ ഉള്ള കഥാപാത്രങ്ങൾ ഒക്കെ താനും ചുറ്റും ഉള്ളവരും ആണെന്ന് ഒരു തോന്നൽ ഉണ്ടാകുന്നു.അത്ര സമർപ്പണം വായനയിൽ ഉണ്ടായ ഒരാൾക്ക് ജീവിതത്തിൽ ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ അതിനു പരിഹാരം തേടി കുടുംബ ഡോക്ടറെ കാണുന്നു. ഡോക്ടർ കാര്യങ്ങൽ പറഞ്ഞു മനസ്സിലാക്കുവാൻ ശ്രമിക്കുന്നു എങ്കിലും അയാള് വഴങ്ങുന്നില്ല.അവസാന പ്രയോഗം എന്ന നിലയിൽ താൻ എഴുതിയ കഥകൾ  നിറഞ്ഞ ഡയറി വായിക്കുവാൻ കൊടുക്കുന്നു..




അപൂർണമായ കഥകളിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവർ ആണെന്ന് അറിയുമ്പോൾ അവരെ തേടി അയാള് യാത്രയാകുന്നു..അവരെ കണ്ടുമുട്ടുന്നത് അയാളുടെ ജീവിതത്തെ മാറ്റി മറിക്കുന്നതാണ് കഥ.


പ്ര.മോ.ദി.സം

Tuesday, January 17, 2023

ജിന്ന്

 



സിദ്ധാർത്ഥ് ഭരതൻ എന്ന സംവിധായകൻ വൈവിധ്യങ്ങളുടെ നിറക്കൂട്ട് തന്നെയാണ്..ഓരോ ചിത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്തം.മറ്റു സംവിധായകർ ഒക്കെ വിജയ പാറ്റേൺ വീണ്ടും വീണ്ടും ഉപയോഗിച്ച് സെയിഫ് കളി കളിക്കുമ്പോൾ താൻ ചെയ്യുന്ന ഓരോ ചിത്രത്തിലും വൈവിധ്യങ്ങൾ കൊണ്ട് വരികയാണ് സിദ്ധാർത്ഥ്.




നടനിൽ നിന്നും സംവിധായകനിൽ എത്തുമ്പോൾ സിദ്ധാർത്ഥ് വലിയ വിജയം തന്നെയാണ്.. നായിക നായകന്മാരെ എന്തിന്  ഒരു പക്ഷെ നടീ നടന്മാരെ പോലും  ആവർത്തിക്കാതെ തൻ്റെ സിനിമക്ക് ആവശ്യമായത് മാത്രം തിരഞ്ഞെടുക്കുകയാണ് അദ്ദേഹം..എങ്കിലും ഈ ചിത്രത്തിൽ സൗബിൻ്റെ തിരഞ്ഞെടുപ്പ് അല്പം പാളിയില്ലേ എന്നൊരു സംശയം വരാൻ സാധ്യതയുണ്ട്..തൻ്റെ കോമഡി ഇമേജിൽ നിന്നും പുറത്തേക്ക് വരുവാൻ സൗബിന് പലപ്പോഴും കഴിയുന്നില്ല എന്നു തോന്നി പോകുന്നുണ്ട്.



തിരഞ്ഞെടുത്ത പ്രമേയത്തിൽ വലിയ പുതുമ ഒന്നും അവകാശപ്പെട്വാൻ ഇല്ലെങ്കിലും ഒരേ മുഖമുള്ള അല്പം ലൂസായ ആളും ക്രൂരനായ ഒരു ഗ്യാങ്സ്റ്ററും തമ്മിൽ ഉള്ള ആൾമാറാട്ടം ആണ് ഇത്തവണ വിഷയം ..കുടുംബവും സെൻ്റിയും ഹാസ്യവും ഒക്കെ ചേരുംപടി ചേർത്ത് ഒരു വിധം നല്ല വിധത്തിൽ കണക്ട് ചെയ്യുന്നു എങ്കിലും മറ്റു ചിത്രങ്ങളുടെ ബാഹുല്യം കൊണ്ട് എത്ര ദിവസം തിയേറ്ററിൽ പിടിച്ചു നിൽക്കും എന്നത് ചോദ്യചിഹ്നം തന്നെയാണ് .


പ്ര .മോ. ദി. സം

Monday, January 16, 2023

ബട്ടർഫ്ലൈ

 



പ്രശസ്ത ലോയർ ഔദ്യോഗിക ആവശ്യത്തിന് ഡൽഹിക്ക് പോകുമ്പോൾ കുട്ടികളെ സഹോദരിയെ ഏൽപ്പിച്ചു കൊടുക്കുന്നു. സ്കൂളിലേക്ക് പോകാൻ താമസിക്കുന്ന ഫ്ലാറ്റിൻ്റെ പടിക്കെട്ടുകൾ ഇറങ്ങി പോകുന്ന അവർ വഴിക്ക് വെച്ച് മിസ്സ് ആകുന്നു.




ഫ്ലാറ്റ് മുഴുവൻ അരിച്ചു പെറുക്കി നോക്കി എങ്കിലും കുട്ടികളെ കണ്ടുപിടിക്കാൻ കഴിയുന്നില്ല.വൈകുന്നേരം ചേച്ചി വരുന്നതിനു മുൻപ് കുട്ടികളെ കണ്ടു പിടുക്കുവാനുള്ള അനിയത്തിയുടെ ഓട്ടമാണ് ചിത്രം പറയുന്നത്.




പ്രേമത്തിലൂടെ മലയാളത്തിൽ തരംഗമായി എങ്കിലും ഇവിടെ തുടരാതെ തെലുങ്കിൽ പോയി തൻ്റേതായ ഇടം കണ്ടെത്തിയ അനുപമ പരമേശ്വരൻ്റെ മൊഴിമാറ്റ ചിത്രമാണ് ഇത്..അനുപമ തൻ്റെ റോൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു.



കണ്ടുമടുത്ത മുഖങ്ങൾ അധികം ഇല്ലാത്തത് കൊണ്ട് തന്നെ സിനിമക്ക് ഒരു ഫ്രഷ്നെസ് ഒക്കെയുണ്ട്. കഥാന്ത്യം അല്പം സസ്പെൻസ് ഒക്കെ ഉണ്ടെങ്കിൽ പോലും  എന്തായിരിക്കും എന്ന് ഏറെക്കുറെ മനസ്സിലാക്കുവാൻ പാകത്തിൽ ഒരു സീരിയൽ ടൈപ്പ് അവതരണം ആണ് ചിത്രത്തിൻ്റെത്.


പ്ര .മോ. ദി .സം

Sunday, January 15, 2023

ലാത്തി

 



സിനിമ കണ്ട് കഴിയുന്ന ഏതൊരാളും ആദ്യം ചിന്തിക്കുക തമിഴു നാട്ടിൽ ഇത്ര അധികം ഗുണ്ടകൾ ഉണ്ടോ എന്നതാണ്..അത് പോട്ടെ ഈ വിശാൽ ഇതിനെയൊക്കെ ഒറ്റയടിക്ക് കൊന്നു കളഞ്ഞാൽ അടുത്ത സിനിമയിൽ അജിത്തും വിജയിയും ധനുഷും ഒക്കെ എന്തോന്ന് ചെയ്യും?



കുടുംബത്തോട് ഒപ്പം ജീവിക്കുന്ന സാധാ കോൺസ്റ്റബിൾ ആയ മുരുകൻ ഒരു റേപ്പ് കേസിലെ പ്രതിയെ മർദ്ദ്ച്ചതിൻ്റെ പേരിൽ സസ്പെൻഷനിൽ ആകുന്നു.തൻ്റെ  ജോലി തിരിച്ചു കൊടുത്ത മേല് ഉദ്യോഗസ്ഥന് വേണ്ടി ഒരു ഗുണ്ടയെ തല്ലിയത് കൊണ്ട് ഗുണ്ടകൾ മുഴുവൻ മുരുകനെ തേടി ആക്രമിക്കുന്നു.



അതിൽ നിന്നുള്ള മുരുകൻ്റെ അതിജീവനം ആണ് ലാത്തി..മൊത്തത്തിൽ ലാത്തി തന്നെയാണ്.ലോജിക് മാറ്റി വെച്ച് കാണേണ്ട മറ്റൊരു തമിഴു സിനിമ.


പ്ര .മോ.ദി.സം



Friday, January 13, 2023

വാരിസു

 



ഒരു ബിസിനസ്സ് കുടുംബത്തിലെ ഇളയ പുത്രൻ അച്ഛൻ്റെ പ്രവർത്തിയിൽ ഇഷ്ടം ഇല്ലാത്തത് കൊണ്ട് വീട് വിട്ടു ഇറങ്ങി പോകുന്നു. മൂത്ത രണ്ടു മക്കളുമായി ബിസിനെസ്സ് നടത്തുന്ന അച്ഛൻ ഈ ഇളയമകൻ തൻ്റെ അവകാശി പോലും അല്ലെന്ന് പ്രഖ്യാപിക്കുന്നു. ഇവരിൽ ആരെങ്കിലും ആയിരിക്കും തൻ്റെ "വാരിസ്" എന്ന് പ്രഖ്യാപിക്കുന്നു.



അമ്മയുടെ ആവശ്യപ്രകാരം വീട്ടിൽ തിരിച്ചെത്തിയ ഇളയ മകന് അച്ഛൻ്റെ ബിസിനെസ്സ് ശത്രുക്കളെ കുറിച്ചും ചേട്ടന്മാർ ബിസിനെസ്സ് കൊളമാക്കുന്നതും മനസ്സിലാക്കുന്നു. അച്ഛനെ ചതിച്ചു എതിരാളികളായ ബിസിനെസ്സ് കാരുമായി കൂട്ട് കൂടിയത് മനസ്സിലാക്കിയ അച്ഛൻ ഇളയമകനേ അവകാശിയായി വാഴിക്കുന്നു



കലിപൂണ്ട മൂത്ത മക്കൾ എതിരാളികളായ ആൾക്കാർക്ക് ഒപ്പം നിന്ന് അച്ഛനോടും സഹോദരനോടും യുദ്ധം പ്രഖ്യാപിച്ചു ഏറ്റുമുട്ടുന്നു. അവരെ ഓരോരുത്തരെയും അവരുടെ തെറ്റുകൾ മനസ്സിലാക്കി കൊടുത്ത് ഇളയമകൻ കുടുംബത്തോട് ഒപ്പം ചേർക്കുന്നു.



ഈ കഥ മുൻപ് കേട്ടിട്ടുണ്ടോ? നിങൾ പല തവണ ഹിന്ദി,തെലുഗു,മലയാളം,തമിഴ് ചിത്രങ്ങളിൽ കണ്ട പ്രമേയം ഇപ്രാവശ്യം വിജയിക്ക് കൊടുത്ത് പുതിയ വീഞ്ഞ് ആക്കിയിരിക്കുന്നു. അത്ര തന്നെ...പിന്നെ ഇത് വിജയ് വേർഷൻ ആയത് കൊണ്ട് പതിവ് മസാലകൾ കൂട്ടി ചേർത്തു കൊഴുപ്പിച്ചു എന്ന് മാത്രം..


പ്ര .മോ.ദി .സം

Thursday, January 12, 2023

തുനിവ്

 



അടി ഇടി വെടി പൊക..ഇത് കാണുവാൻ ആഗ്രഹം ഉളളവർ മാത്രം തുനിവു കാണാൻ തുനിഞ്ഞാൽ മതി.ഹോളിവുഡ് സ്റ്റൈലിൽ തിയേറ്ററിൽ കാണുവാൻ പാകത്തിൽ വിനോദും ബോണി കപ്പൂരും കൂടി കോടികൾ എറിഞ്ഞു സിനിമ പിടിച്ചിട്ടുണ്ട്.


അജിത്ത് എന്ന സൂപ്പർ സ്റ്റാർ തൻ്റെ രസികർക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ചിത്രമായി മാത്രമേ ഈ സിനിമ കൊണ്ട് ഉദ്ദേശിച്ച് കാണുകയുള്ളൂ..അവർക്ക് വേണ്ട എല്ലാത്തരം മസാലയും ചേരും പഠി ചേർത്ത് ഒരു ആക്ഷൻ ത്രില്ലർ പടച്ചു വിട്ടു എന്ന് മാത്രം.



ചിത്രത്തിൻ്റെ പ്രധാന ആകർഷണം അതിൻ്റെ മയ്കിങ് തന്നെയാണ്..പിന്നെ അജിത്തിൻ്റെ  പ്രസൻസും സ്റ്റണ്ട് സീനുകളും.....ഇന്ത്യൻ സിനിമയിൽ ഇത്രയും ജൻ്റിൽമാൻ  ലൂക്കിൽ  പ്രത്യക്ഷ പെടുന്ന മറ്റൊരു നടൻ ഇല്ലെന്ന് തോന്നിപ്പോകും.അജിത്ത് കരിഷ്മ നന്നായി ഉപയോഗിക്കുവാൻ സിനിമക്ക് കഴിഞ്ഞിട്ടും ഉണ്ട്.അത് കൊണ്ട് തന്നെ ഓരോ സീനും  അജിത്തിനാൽ മിന്നി മറിക്കുന്നുണ്ട്.കൂടെ ആക്ഷൻ ചെയ്യാൻ നമ്മുടെ മഞ്ജു വാര്യരും ഉണ്ടു.



പുതുമ ഒന്നും ഇല്ലാത്ത കഥ രസികർക്കു ആസ്വദിക്കുവാൻ പാകത്തിൽ സംവിധായകൻ ഒരുക്കിയിരിക്കുന്നു...അത് കൊണ്ട് തന്നെ ചിത്രം തമിഴ് നാട്ടിൽ പണം വാരും..സിനിമ എന്നത് ഇപ്പൊൾ ഒരു ബിസിനെസ്സ് മാത്രം ആയ സ്ഥിതിക്ക് കോടികൾ വാരിയാൽ ഇനിയും ഇത്തരം ചിത്രങ്ങൾ ഈ കൂട്ട് കെട്ടിൽ നിന്ന് ഇനിയും ഉണ്ടാകും.


പ്ര .മോ. ദി .സം

Tuesday, January 3, 2023

മാളികപ്പുറം

 



ചിത്രം റിലീസിന് മുൻപ് തന്നെ ഹാലിളകിയ ചില കപടമതേതര വാദികൾ പ്രതീക്ഷിച്ചത് പോലെ  വിമർശിക്കുവാൻ പാകത്തിൽ ഈ ചിത്രത്തിൽ ഒന്നുമില്ല..ഇത്  അയ്യപ്പനെ പർവതീകരിക്കുന്ന ഒരു  ഭക്തി ചിത്രവുമല്ല..നൂറു ശതമാനം കുടുംബ ചിത്രം തന്നെയാണ്..ശബരിമലയും അയ്യപ്പനും ഒക്കെ വേണ്ടയിടത്ത് സമർത്ഥമായി ഉപയോഗിക്കുന്നു എന്ന് മാത്രം.



അയ്യപ്പ ഭക്തയായ ഒരു പെൺകുട്ടിയുടെ  അയ്യപ്പനെ കാണുവാൻ  ഉള്ള ഒരു യാത്ര.അത് കൊച്ചു കുട്ടിയുടെ മനസ്സിലൂടെ നമ്മളെയും കൂട്ടി കൊണ്ട് പോകുന്നു. ഇത്തരം സിനിമകളിൽ സ്ഥിരം കാണുന്നതുപോലെ ആരെയെങ്കിലും ഉയർത്തി കാട്ടുകയോ മറ്റുള്ളവരെ ഇകഴ്ത്തി കാണിക്കുകയോ പോലുമില്ല...മതവുമായി ഒരു ബന്ധവും ഇല്ല എന്നാല് വിശ്വാസവുമായി  നന്നായി തന്നെ ബന്ധം ഉണ്ട്..വിശ്വാസം അതാണല്ലോ പ്രധാനം.



ചില അലയൊലികൾ കേൾക്കുമ്പോൾ വോട്ട് മാത്രം ലക്ഷ്യമിട്ട്  കുനിഞ്ഞു നിൽക്കുവാനും ചില മന്ത്രങ്ങൾ കേൾക്കുമ്പോൾ ഉയർന്നു പൊങ്ങിയ ആൾ "ആസനസ്ഥ" നാകുന്നതും കണ്ട ഈ കാലത്ത് ഇത്തരം ഒരു ചിത്രത്തിൻ്റെ  വമ്പിച്ചവിജയം അനിവാര്യം തന്നെയായിരുന്നു. അയ്യപ്പൻ ആണല്ലോ ഏറ്റവും ഉന്നതനായ മതേതരവാദി.


കപട മതവാദികൾക്കും നിരീശ്വര വാദികകൾക്കും  നട്ടെല്ല് നിവർത്തി അഭിപ്രായം പറഞ്ഞത് കൊണ്ട് കണ്ടുകൂടാത്ത ഉണ്ണി മുകുന്ദൻ "അയ്യപ്പൻ " ആയി തകർത്തു ആടുന്നുണ്ട് .ഒരിക്കലും പ്രതീക്ഷിക്കാതെ നമ്മുടെ ചിന്തകളെ മുഴുവൻ അവഗണിച്ച് മാറി മാറി വരുന്ന കഥയുടെ ഗതി തന്നെയാണ് ചിത്രത്തിൻ്റെ ഹൈ ലൈറ്റ്.


കൊച്ചു കുട്ടികൾ രണ്ടും തകർത്തു അഭിനയിച്ചു. അവരുടെ ചില രംഗങ്ങളിൽ നമ്മുടെ ഉള്ളിൻ്റെ ഉള്ളിൽ ചില വിങ്ങലുകൾ സൃഷ്ടിക്കുവാൻ അഭിലാഷ് പിള്ളയുടെ തിരക്കഥയ്ക്ക് കഴിയുന്നുണ്ട്..വിഷ്ണു ശശിശങ്കർ അത് നമ്മെ ആകർഷിക്കും വിധത്തിൽ ഒരുക്കിയിരിക്കുന്നു.


പ്ര .മോ. ദി .സം