Friday, July 25, 2025

J.S .K

 



ഒരു സിനിമയിലെ നായികയുടെ പേര് ദൈവത്തിൻ്റെ "ഭാര്യ"യുടെ പേര് ആയതു കൊണ്ട് സമൂഹത്തിൽ വലിയ പ്രശ്നം സൃഷ്ടിക്കും എന്ന് കരുതുന്ന സെൻസർ എ

മാൻമാർ ആരൊക്കെയോ സുഖിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ ചിത്രത്തിന് കത്രിക വെച്ചത്.


മുൻപ് "ദൈവങ്ങളെ" പറഞ്ഞതിന് കൈവെട്ടിയവരും ഈശോ എന്ന് സിനിമക്ക്  പേരിടാൻ പറ്റില്ലെന്ന്  പറഞ്ഞവരും ഈ സിനിമയുടെ  പേരിൽ ഇരട്ടത്താപ്പ് കാണിക്കുന്നതും മറ്റും കൗതുകമായി.


നല്ലൊരു തീം ഉണ്ടായിട്ടും സുരേഷ് ഗോപി എന്ന ഫയർ ബ്രാൻഡ് കൂടെ നിന്നിട്ടും അതിനനുസരിച്ച് ഒരു മാസ്സ് സിനിമ ഉണ്ടാക്കുവാൻ അവസരം ഉണ്ടായിട്ടും എന്തോ പ്രവീണ് നാരായണൻ എന്ന സംവിധായകൻ അതിനു ശ്രമിച്ചു കണ്ടില്ല. 


തുടക്കകാരൻ്റെ ബാലാരിഷ്ടത തിരക്കഥയിൽ ആവോളം ഉണ്ടായിട്ടും അതൊക്കെ മറികടന്ന് നല്ലൊരു എൻ്റർടെയിനർ കോർട്ട് ഡ്രാമ ഒരുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.


നമ്മുടെ നാട്ടിൽ സ്‌തീകൾക്കുള്ള സുരക്ഷയും അവരുടെ ആവശ്യങ്ങൾക്കുള്ള പരിധിയും കൃത്യമായി വ്യക്തമാക്കി തരുന്ന സിനിമ കോടതി സത്യം ജയിക്കുന്ന സ്ഥലമല്ല തെളിവുകൾ ജയിക്കുന്ന സ്ഥലം മാത്രമാണെന്ന് ഒന്നുകൂടി ഊന്നി പറയുന്നുണ്ട്.


ബിജിഎം ,ഗാനങ്ങൾ ഒക്കെ നല്ല നിലവാരം പുലർത്തിയ സിനിമയിൽ ചില അഭിനേതാക്കൾ മികച്ച രീതിയിൽ റോളുകൾ കൈകാര്യം ചെയ്തു എങ്കിലും ചില മിസ് കാസ്റ്റുകൾ സിനിമയെ വല്ലാതെ ബാധിച്ചിട്ടുണ്ട്.


കുറച്ചുകൂടി ശ്രദ്ധിച്ചു തിരക്കഥ ഒരുക്കി ചില വെട്ടി തിരുത്തലുകൾ കൂടി ഉണ്ടായെങ്കിൽ കുറച്ചുകൂടി ആസ്വദ്യമായേനെ എന്ന് തോന്നി.


പ്ര.മോ.ദി.സം

Thursday, July 24, 2025

ഫ്ലാസ്ക്

  



തീയേറ്ററിലേക്ക് ആകർഷിക്കുന്ന ചേരുവകകൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ സിനിമ എങ്ങനെയിരിക്കും എന്നൊരു ആശങ്കയോടെയാണ് കണ്ട് തുടങ്ങിയത്.പക്ഷേ മുന്നോട്ടു പോകുന്തോറും സിനിമയിലേക്ക് നമ്മൾ അലിഞ്ഞു പോകുന്നു.


സംവിധായകൻ രാഹുൽ റിജി നായർക്ക് ദേശിയ സംസ്ഥാന അവാർഡുകൾ മുൻപത്തെ സിനിമകൾക്ക് ലഭിച്ചു എന്നതും സൈജു കുറുപ്പ് ,സിദ്ധാർത്ഥ് ഭരതൻ,സുരേഷ്‌കൃഷണ എന്നിവർ ഉള്ളതുകൊണ്ട് എന്തെങ്കിലും ഒക്കെ ഉണ്ടാകും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. അതൊക്കെ അവർ വീണ്ടും നിലനിർത്തിയിരിക്കുന്നു .


ഫ്ലാസ്ക് ചുമക്കൽ ആയിരിക്കും മുഖ്യ പണി എന്നുള്ളത് കൊണ്ട് തന്നെ ജില്ലാ ജഡ്ജിയുടെ അംഗ രക്ഷകന് (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഓഫീസർക്കു S.P.O)സേനയിൽ ഫ്ലാസ്ക് എന്നതാണ് വിളിപ്പേര്...എപ്പോഴും ജഡ്ജിക്ക് ഒപ്പം നിന്ന് അവർക്കൊപ്പം താമസിച്ചു അയാളുടെ സുരക്ഷക്ക് വേണ്ടി പട്ടിയെപ്പോലെ ആജ്ഞ നുവർത്തിയായി നിൽക്കുക തന്നെയാണ് പണി.


ഔസേപ്പച്ചൻ്റെ ,ജോൺസൻ്റെ,രവീന്ദ്രൻ്റെ പാട്ടുകൾ പാടി ഗാനമേളകളിൽ തകർക്കുന്ന പാട്ടുകാരന് പ്രേമിച്ച പെണ്ണിനെ കിട്ടൻ വേണ്ടി പോലീസിൽ ചേരേണ്ടി വരുന്നു. തനിക്ക് ഒരിക്കലും ചേരാത്ത പണിയായത് കൊണ്ട് തന്നെ ഒരിക്കലും അതിനോട് നീതിപുലർത്തുവാൻ പറ്റാത്ത അയാൾക്ക് അച്ചടക്ക നടപടി മൂലം ജില്ലാ ജഡ്ജിയുടെ കാവൽക്കാരൻ ആവേണ്ടി വരുന്നു.


കർക്കശകാരനായ അദ്ദേഹവുമായുള്ള ഈ പോലീസുകാരൻ്റെ  ഔദ്യോദിക ജീവിതമാണ് സിനിമ പറയുന്നത്.അതിനിടയിൽ ഉണ്ടാകുന്ന ചില സംഭവങ്ങൾ അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.


നർമത്തിൽ ചാലിച്ച് കഥപറയുന്ന ചിത്രത്തിൽ സൈജു കുറുപ്പ് കൗണ്ടറുകൾ കൊണ്ട് നിറഞ്ഞാടിയുന്നുണ്ട്.അധികം p

പ്രതീക്ഷയില്ലാതെ പോയാൽ നല്ല ഒരു ചെറു ചിത്രം കണ്ട് ആസ്വദിക്കുവാൻ കഴിയും എന്ന് ഉറപ്പു നൽകുന്നു.


പ്ര.മോ.ദി.സം

Tuesday, July 8, 2025

ധീരൻ

 


ചെറുപ്രായത്തിൽ ഒരാളെ മുങ്ങി മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് രക്ഷപ്പെടുത്തി എടുത്തതിനു പ്രസിഡൻ്റിൻ്റെ ധീരതക്കുള്ള നേടൽ നേടിയ എൽദോസ് പിന്നീട് നാട്ടുകാർക്ക് ധീരൻ ആയിരുന്നു.


അതെ അപകടത്തിൽ അപ്പൻ നഷ്ടപ്പെട്ടു പോയപ്പോൾ പിന്നീട് ബസ്സിൽ പണിയെടുത്ത് അമ്മയെയും പെങ്ങളെയും നോക്കിയ ധീരൻ നാട്ടിൽ ഉണ്ടായ ചില അപ്രതീക്ഷിത പ്രശ്നങ്ങൾ കൊണ്ട്  നാട്ടുകാരുടെ മൊത്തം ശാപം ഏറ്റുവാങ്ങി നാട്ടിൽ നിന്നും മുങ്ങുന്നു.


പിന്നീട് തമിഴുനാട്ടിൽ നടന്ന ഫാക്റ്ററി തീപിടുത്തത്തിൽ ധീരൻ മരണപ്പെട്ടു എന്ന പത്രവാർത്ത കണ്ട് ബോഡി എടുക്കുവാൻ നാട്ടുകാർ പരിഭവം മറന്നു പോകുന്നതും അതിനിടയിൽ സംഭവിക്കുന്ന രസകരമായ കാഴ്ചകള് ആണ് നവാഗതനായ ദേവദത്ത് ഷാജി ഒരുക്കിയിരിക്കുന്നത്.


ചിരിക്കു വേണ്ടി ഒരുക്കിയത് കൊണ്ട് തന്നെ ചില കാര്യങ്ങളിൽ നമുക്ക് കണ്ണടക്കേണ്ടി വരും.. സിറ്റ് വേഷൻ കോമഡി ആണ് ഉദ്ദേശിക്കുന്നത് എങ്കിലും ചിലയിടത്തു  അത് ലവലേശം പോലും വർക്ക് ആവുന്നില്ല.


ഗുരുവായൂർ അമ്പല നടയിൽ,പൈങ്കിളി,വ്യസനസമേതം ബന്ധുമിത്രാധികൾ,പ്രാവിൻ കൂട് ഷാപ്പ്  അടക്കം സഹിച്ച പ്രേക്ഷകർക്ക്  ഇതും രസിക്കുന്നുണ്ട് എന്ന് തിയേറ്റർ റസ്പോൺസ് സൂചിപ്പിക്കുന്നു.


വിൻ്റ്റേജ് താരങ്ങളായ അശോകൻ,ജഗദീഷ്,സുധീഷ്,വിനീത്,മനോജ് കെ ജയൻ എന്നിവരോടൊപ്പം പുതിയ തലമുറയിലെ താരങ്ങൾ കൂടി നമ്മെ "ചിരി"പ്പിക്കുവാൻ ഒരുങ്ങിയിറങ്ങിയിട്ടുണ്ട്.


പ്ര.മോ.ദി.സം

Monday, July 7, 2025

യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള

 



നമ്മുടെ കുട്ടികൾ എന്തുകൊണ്ട് നാട് വിട്ടു മറ്റു രാജ്യങ്ങളിൽ ചേക്കേറുന്നു എന്നതിന് പലതരം അഭിപ്രായങ്ങൾ ഉണ്ടെങ്കിലും കൃത്യമായ ഒന്ന് നമ്മുടെ നാട്ടിൽ അവർ ഉദ്ദേശിക്കുന്ന സ്പേസ് കിട്ടുന്നില്ല എന്നതാണ്.അത് എന്ത് കൊണ്ട് കിട്ടുന്നില്ല എന്നത് നമ്മൾ ഓരോരുത്തരും കണ്ട് പിടിക്കേണ്ടതാണ്..


രാജ്യം വിട്ടു പോകുന്ന മുഴുവൻ കുട്ടികളും സ്വന്തം ഇഷ്ടപ്രകാരം മാത്രം പോകുന്നത് അല്ല..അവൻ്റെ നിരീക്ഷണത്തിൽ അനുഭവത്തിൽ ഇവിടെ നിന്നാൽ അവനു ഭാവി ഉണ്ടാ കില്ല എന്നൊരു തോന്നൽ അവർക്കിടയിൽ ഉണ്ടാകുന്നത്കൊണ്ടാണ്.അതുപോലത്തെ പല അനുഭവങ്ങളും അവർക്ക് അധികാരികളിൽ നിന്ന് ഉണ്ടായിട്ടുണ്ടാകും അല്ലെങ്കിൽ അനുഭവിച്ചവർ പറഞ്ഞു കൊടുത്തിരിക്കും.


ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം  കേരളത്തിലെ ഭരണ പ്രതിപക്ഷത്തിൽപെട്ട മൂന്നു പ്രമുഖര് ഒരു പത്രസമ്മേളനം വിളിക്കുന്നതിലൂടെ ആരംഭിക്കുന്ന ചിത്രം ഇവരുടെ നമ്മൾ ഓരോരുത്തരുടെയും മനസ്സിൽ പതിയേണ്ട പ്രസ്താവനയോടെയാണ് അവസാനിക്കുന്നത്.


അതിനിടയിൽ നമ്മുടെ സിസ്റ്റം നമ്മുടെ കുട്ടികളെ മനസ്സില്ല മനസ്സോടെ വെളിയിലേക്ക് അയക്കുന്ന കാരണങ്ങൾ അടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്.കൂടെ ഇപ്പൊൾ വെളിയിൽ ഉള്ള രാജ്യങ്ങളിൽ  തൊഴിലില്ലായ്മയും ജീവിത പ്രാരാബ്ധം കൂടി പറഞ്ഞു വെക്കുന്നുണ്ട്.എന്നാലും എല്ലാം സഹിക്കാൻ തീരുമാനിച്ചു അവർ പോകുകയാണ്.


ഓരോ രക്ഷിതാവും കുട്ടികളെ വിദേശത്ത് അയയ്ക്കുന്നതിന് മുൻപ് ഈ ചിത്രം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. ഈ ചിത്രം രണ്ടു മൂന്ന് വർഷം  മുൻപേ റിലീസ് ആയിരുന്നു എങ്കിൽ ഞാൻ ഒന്ന് കൂടി ചിന്തിച്ചു ചില തീരുമാനങ്ങൾ എടുത്തെനെ...


പ്ര.മോ.ദി.സം

Tuesday, July 1, 2025

റോന്ത്

 



പോലീസ് എന്ന് പറഞാൽ പലർക്കും മനുഷ്യപറ്റില്ലാത്ത ജന്മങ്ങൾ ആണ്..ചുരുക്കം ചിലർ സേനയിൽ നിന്ന് കൊണ്ട് ചെയ്യുന്ന പ്രവർത്തികൾ ആണ് മൊത്തം പോലീസുകാരെ പഴി കേൾപ്പിക്കുന്നത്.


പോലീസ് ഒരിക്കലും സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റുന്ന ഒരു സംവിധാനം ആയി മാറുവാൻ രാഷ്ട്രീയക്കാർ അനുവദിക്കുകയില്ല..മാറി മാറി വരുന്ന ഭരണകർത്താക്കൾ അവരുടെ ചൊല്പടിക്ക് നിൽക്കുന്ന അല്ലെങ്കിൽ നിർത്തിക്കുന്ന സംവിധാനമായി പോലീസ് സേന മാറുന്നു.


പോലീസും മനുഷ്യരാണ്...മൂന്നാല് കോടി ജനങ്ങളെ സംരക്ഷിക്കുവാൻ നമ്മുടെ നാട്ടിൽ സേനയിലെ അംഗങ്ങൾ കുറവാണ് എന്നത് സത്യമാണ് എങ്കിലും സിനിമയിൽ പറയുന്നതുപോലെ ഇവിടെ അധികം കുറ്റകൃത്യം ഇല്ലാതിരിക്കുന്നത് കോടതിയെയും ജയിലിനെയും പേടിച്ചല്ല പോലീസിൻ്റെ ഇടി പേടിച്ചിട്ടു തന്നെയാണ്.


കണ്ണൂരിലെ മലയോര പ്രദേശത്ത് ഒരു രാത്രി രണ്ടു പോലീസുകാർ  റോന്ത് ചുറ്റുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് ഷാഹി കബീർ സംവിധാനം ചെയ്ത ഈ റിയലിസ്റ്റിക് ചിത്രം പറയുന്നത്.


കിഡ്നാപ്പ്, ഗാർഹിക പീഢനം,ആത്മഹത്യ, പോക്സോ,വ്യഭിചാരം,മണൽ ലോറി കടത്ത് , ഒളിച്ചോട്ടം തുടങ്ങി വിവിധ കേസുകൾ സമർത്ഥമായി ഒരു രാത്രിയിലെ റോന്ത് കൊണ്ട് കൈകാര്യം ചെയ്യേണ്ടി വരുന്ന പോലീസുകാരുടെ ജീവിതമാണ് സിനിമ പറയുന്നത്.


ഒരേ സേനയിൽ ആയിരുന്നിട്ടും സ്വാർഥതകൊണ്ടും സ്വജന പക്ഷപാതവും കൊണ്ട് ഒട്ടപെട്ടുപോകുന്ന നന്മയുള്ള പോലീസുകാരെയും അവർക്കു പണി കൊടുക്കുന്ന സേനയിലെ പുഴുകുത്തുകളെയും സിനിമ ചൂണ്ടി കാണിച്ചു തരുന്നു.


പ്ര.മോ.ദി.സം