Saturday, January 3, 2026

മൈ ചോയ്സ് - filim 2025

 



കുറെയേറെ സിനിമകൾ ഈ വർഷം കണ്ട് എങ്കിലും എനിക്ക് ഇഷ്ടപെട്ട ചില ചിത്രങ്ങളെ കുറിച്ച് പറയാം.കലക്ഷനെയോ മൂല്യങ്ങളെയോ അവാർഡുകളെയോ പരിഗണിക്കാതെ എനിക്ക് എൻജോയ് ചെയ്തു ഇഷ്ട്ടപെട്ടു കാണാൻ പറ്റിയ സിനിമകളെ കുറിച്ചാണ് പറയുന്നത്.ഇത് തന്നെയായിരിക്കും നിങ്ങളുടെ ചോയ്സ് എന്നും എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല..ഓരോരുത്തരുടെ അഭിരുചി വ്യത്യസ്തമായിരിക്കും


എക്കോ...


ഒരു മിസ്റ്ററി ത്രില്ലർ എന്ന നിലയിൽ ഈ വർഷം കണ്ട മികച്ച ചിത്രങ്ങളിൽ മുന്നിൽ തന്നെ വെക്കാം.ദിൽജിത് ബാഹു രമേശ് കൂട്ടുകെട്ട് മുൻ ചിത്രങ്ങളിൽ ഉണ്ടാക്കിയ പ്രതീക്ഷ അതിൽ കൂടുതൽ മികവോടെ നിലനിർത്തി എന്ന് തന്നെ പറയാം...പെർഫെക്ട് കാസ്റ്റിംഗ് തന്നെയാണ് സിനിമയുടെ വിജയം..കണ്ട് മാത്രം മനസ്സിലാക്കിയാൽ പോരാ ചിന്തിച്ചുകൂടി മനസ്സിലാക്കേണ്ടതുണ്ട് എന്ന് ചിത്രം ഓർമ്മിപ്പിക്കുന്നു. സിനിമ വിട്ടു ഇറങ്ങിയാലും കൂടെ പോരുന്ന കഥാപാത്രങ്ങൾ.


കളങ്കാവൽ


മമ്മൂട്ടിയുടെ അഴിഞ്ഞാട്ടം വില്ലൻ രൂപത്തിൽ കണ്ട ചിത്രം അദ്ദേഹത്തിൻ്റെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്നു..കണ്ടും കേട്ടും പഴകിയ തീം ആയിട്ട് പോലും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം പെരുത്ത് ഇഷ്ടമായി.വിനായകൻ തൻ്റെ റോൾ നന്നാക്കി എന്നതാണ് പറയാൻ കഴിയുക പ്രതീക്ഷിച്ച പ്രകടനം കിട്ടിയില്ല എന്ന് എനിക്ക് തോന്നുന്നു ..എന്തുകൊണ്ടും കണ്ടിരിക്കേണ്ട ചിത്രം.


3 BHK 


തമിഴിൽ നിന്നും എത്തിയ ചിത്രം  സ്വന്തമായ വീട് എന്ന സ്വപ്നം കണ്ടുനടക്കുന്ന സാധാരണക്കാരൻ്റെ വേവലാതികൾ കൃത്യമായി വരച്ചിടുന്നു.ശരത്കുമാർ,ദേവയാനി,സിദ്ധാർത്ഥ് അഭിനയമുഹൂർത്തങ്ങൾ മറ്റൊരു തലത്തിലേക്ക് നമ്മളെ കൊണ്ട് പോകുന്നു.കുറെയേറെ വൈകാരിക നിമിഷങ്ങളും സംഭാഷണങ്ങളും ഉള്ള ചിത്രം മികച്ചത് തന്നെ.


ഒരിക്കലും പൂർത്തീകരിക്കാൻ പറ്റാത്ത , സ്വപ്നമായ തൻ്റെ സ്വന്തം വീടിൻ്റെ കുറിച്ചുള്ള ആധി പേറി ജീവിക്കുന്ന കുടുംബസ്ഥർക്കു സമർപ്പണം ആണ് ഈ ചിത്രം


ദുരന്ധർ


പാകിസ്ഥാനിൽ പോയി ഒളി ജീവിതം നയിച്ചു നമ്മുടെ ശത്രുക്കളുടെ നീക്കങ്ങൾ മനസ്സിലാക്കി അവരിൽ ഒരാളായി നിന്ന് അവർക്കെതിരെ പോരാടുന്ന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ കഥ പറയുന്ന ചിത്രം ദേശഭക്തിയും ഇൻജക്ട് ചെയ്യുന്നുണ്ട്.ഹിന്ദിയിൽ മാത്രം ഇറങ്ങിയ ചിത്രം ഹിന്ദി ഭാഷ ലവലേശം  വശമില്ലാത്ത ആൾക്കാർക്ക് മാത്രം ദുരന്തമായി അനുഭവപ്പെടും ..നല്ലൊരു അനുഭവം തരുന്ന സിനിമ


ടൂറിസ്റ്റ് ഫാമിലി


ശ്രീലങ്കയിൽ നിന്നും അനതികൃതമായി  വന്നു ചെന്നയിൽ ആരോരുമറിയാതെ  താമസിക്കുന്ന കുടുംബത്തിൻ്റെ  കഥ പറയുന്ന ചിത്രം അഭയാർത്ഥികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. മികച്ച കാസ്റ്റിംഗ് കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന ചിത്രം സ്വന്തം രാജ്യം ഉണ്ടായിട്ടും അഭയാർത്ഥികൾ ആകേണ്ടി വരുന്നവരുടെ കഥയാണ് പറയുന്നത് .തമിഴിൽ നിന്നും വന്ന ഈ ചിത്രം മികച്ച പ്രകടനം കൊണ്ടും അവതരണം കൊണ്ടും വേറിട്ട് നിൽക്കുന്നു.


സർവ്വം മായ


മലയാള സിനിമയിലെ മാറ്റങ്ങൾ   ആഗ്രഹിക്കാത്ത 


 " വിവരദോഷികൾ " എഴുതി തള്ളിയ നിവിൻപോളി എന്ന താരത്തിൻ്റെ ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച ചിത്രം വിസ്മയതുംബത്തു,കൂടെ  ചിത്രങ്ങളുടെ പട്ടികയിൽ പെട്ടതാണെങ്കിലും അഖിൽ സത്യൻ്റെ അവതരണത്തിലൂടെ നിവിൻ, അജു, "ഡെലേലു" കൂട്ടുകെട്ടിൽ വിസ്മയം തീർക്കുന്നു. സകല റിക്കാർഡുകള് ഭേദിച്ച് മുന്നേറുന്ന സിനിമ നിവിൻ്റെ നൂറുകോടി ചിത്രമായി മാറി കഴിഞ്ഞൂ. തിയേറ്ററിൽ ചിരിയും കളിയും വേദനയും സൃഷ്ട്ടിക്കുന്ന് ചിത്രം ആസ്വാദർക്ക് മികച്ച അനുഭവം തന്നെ..


പൊൻമാൻ 


ഒരു കല്യാണ വീട്ടിൽ അന്നത്തെ   ആവശ്യത്തിന്  പൊന്നു കടം കൊടുത്തു അത് തിരികെ വാങ്ങുവാൻ വേണ്ടി നെട്ടോട്ടം ഓടുന്ന ജ്വല്ലറി  കമ്മീഷൻ ഏജൻ്റിൻ്റെയും തിരിച്ചു കൊടുക്കാൻ പറ്റാത്ത  വീട്ടുകാരുടെയും  അതിനിടയിൽ പെട്ടു പോകുന്ന പുതു പെണ്ണിൻ്റെയും കഥ പറഞ്ഞ ചിത്രം സ്വർണത്തിന് അടിക്കടി വില കൂടിവരുന്ന ഈ കാലത്ത് സാധാരണക്കാരുടെ പെൺകുട്ടികളുടെ വിവാഹ സ്വപ്നങ്ങളുടെ വേദന കൂടി പറഞ്ഞു വെക്കുന്നുണ്ട്.ബേസിൽ ജോസഫിൻ്റെ മികച്ച പ്രകടനം കാഴ്ച വെച്ച സിനിമ സമൂഹത്തിലെ ചില പുഴുകുത്തുകൾ ചൂണ്ടികാണിക്കുന്നു.


സർകീട്ട് 


ജനിതക രോഗമുള്ള  കുട്ടിയെ അവരുടെ പരാക്രമത്തിൻ്റെയും തങ്ങളുടെ പ്രൈവസിയുടെ പേരിലും റൂമിൽ അടച്ചിട്ടു വളർത്തുന്നവരുടെ കണ്ണ് തുറപ്പിക്കാൻ ഉതകുന്ന ചിത്രത്തിൽ കുട്ടിയുടെയും അപരിചിതനായ കൂട്ടുകാരൻ്റെയും ഗാഢബന്ധത്തിൻ്റെ കഥപറയുന്നൂത് നമ്മിൽ വേദന നിറക്കും..സിനിമ കുറച്ചുകൂടി വേഗത്തിൽ ആയിരുന്നുവെങ്കിൽ  കൂടുതൽ ഹൃദ്യമായേനെ.. ഗള്ഫില് വിസിറ്റിംഗ് വിസയിൽ എത്തി ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ഒരു സമർപ്പണം കൂടിയാകുന്നു ഈ ചിത്രം. പ്രാരാബ്ധങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്നും രക്ഷപ്പെടുവാൻ മരുഭൂമിയിൽ എത്തിയിട്ടും വിയർക്കേണ്ടി വരുന്ന ആളായി ആസിഫലി മികച്ച് നിൽക്കുന്ന പ്രകടനം കാഴ്ച വെച്ചു.


തലവര


ശരീരത്തിൽ  ഉണ്ടായ പാണ്ട് കൊണ്ട് ജീവിതം മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയിൽ അതിനെ വിസ്മരിച്ചു ജീവിതത്തിൽ വിജയം കാണുന്ന യുവാവിൻ്റെ കഥ പറയുന്ന ചിത്രം ജീവിതത്തോട് പോരാടിക്കുന്നവർക്ക് വേണ്ടിയുള്ളത് ആണ്.സമൂഹം എന്ത് പറഞ്ഞാലും വിജയിക്കുമെന്ന് തീരുമാനമെടുത്തു അതിൻ്റെ പിറകെ പോകുന്ന യുവാവിൻ്റെ കഥ പറയുന്നു.


നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ പിഴവ് കൊണ്ടാണെന്ന് കരുതി ഒതുങ്ങി കൂടാതെ സമൂഹത്തിൽ ഇറങ്ങി അതിനെ പരിഹസിക്കുന്നവർക്ക് നേരെ പോരാടി വിജയിക്കണം എന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു.


പെരുസു


അധികം ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഈ തമിഴ് ചിത്രം പറയുന്നത് മരണ വീട്ടിലെ കഥയാണ്.


നല്ലൊരു തീം ഒന്നുമല്ലെങ്കിലും കൈവിട്ടാൽ ആഭാസം ആയി പോകുന്ന തീം എങ്ങിനെ രസിപ്പിക്കും എന്ന് തെളിയിക്കുന്നു.മരണവീട്ടിൽ പോലും ചിരി ഉണ്ടാക്കാം എന്ന് കാട്ടി തരുന്നു.മലയാളത്തിലെ വ്യസനസമേതം ബന്ധു മിത്രാദികൾ പോലെ മരണ വീട്ടിലെ  തറ കോമഡി കൊണ്ടല്ല ചിരിപ്പിക്കുന്നത്. ഇതിൽ  ചിരി നമ്മുടെ ചുണ്ടിൽ ഉണ്ടാക്കാൻ അതിൻ്റേതായ കാരണം ഉണ്ട്.


തുടരും


മോഹൻലാൽ എന്നൊരു നടനെ കിട്ടിയാൽ വെറും കസർത്ത് മാത്രം കളിപ്പിക്കാതെ അദ്ദേഹത്തിന് പറ്റിയ കഥാപാത്രം കൊടുത്താൽ  കേരള ജനത ഏറ്റെടുക്കുന്ന സിനിമ എങ്ങിനെ ഉണ്ടാക്കാം എന്ന് തരുൺ മൂർത്തി എന്ന സംവിധായകൻ കാണിച്ചു തന്നു.കുടുംബ ബന്ധങ്ങളിലെ ഊഷ്മളതയും ആകുലതകളും ശരിയായി പറഞ്ഞു തന്ന ചിത്രം,മോഹന്ലാലിൻ്റെ ,ശോഭനയുടെ പിള്ളേരുടെ അഭിനയം കൊണ്ട് ഹൃദ്ധ്യമാക്കുന്നു.


" ജോർജ് സാർ" എന്ന വില്ലനെയും കൂടി ചേർത്തപ്പോൾ നല്ലൊരു ദൃശ്യവിസ്മയം തന്നു..മാസ്സ് മാത്രം കാണിച്ചു ആളെ പറ്റിക്കുന്ന നടൻ മാത്രമല്ല മോഹൻലാൽ എന്ന് പൃഥ്വിരാജിനെ  പോലെ ഉള്ള സംവിധായകരെ ഓർമ്മിപ്പിക്കുന്ന ചിത്രം കൂടിയായി.


അവിഹിതം


വളരെ ചെറിയൊരു സിനിമ, ഉള്ള സമയം നമ്മളെ പിടിച്ചിരുത്തി രസിപ്പിക്കുന്നുണ്ട് എങ്കിൽ അതിൻ്റെ അണിയറപ്രവർത്തകർക്കു കൊടുക്കാം വലിയൊരു കയ്യടി..


ഒരു അവിഹിതവും അതിൻ്റെ പിന്നിലെ സംഭവങ്ങളും നല്ലരീതിയിൽ പറഞ്ഞ ചിത്രം മികച്ച് തന്നെ നിൽക്കുന്നു. ഏറെക്കുറെ പുതുമുഖങ്ങൾ ആയതു കൊണ്ടു തന്നെ നല്ലൊരു ഫ്രഷ് നസ്സ് ചിത്രത്തിനുണ്ട്. നാട്ടിൽ പുറത്ത് നടക്കുന്ന കഥയായത് കൊണ്ട് തന്നെ സംഭവങ്ങൾ യാധർത്ഥ്യത്തത്തോട് ചേർന്ന് നിൽക്കുന്നു.


വള 


ഒരു വളയും അതിനെ ചുറ്റിപ്പറ്റിയുള്ള ചില സംഭവങ്ങൾ നല്ലരീതിയിൽ പറഞ്ഞ ചിത്രം നമുക്ക് ആസ്വദിക്കുവാൻ നല്ലരീതിയിൽ ചെയ്തു വെച്ചിട്ടുണ്ട്.അതിനിടയിൽ ആർത്തിയും പ്രാപ്തിയും ഒക്കെ വിഷയമാകുന്ന ചിത്രം നല്ലൊരു അനുഭവം നൽകുന്നുണ്ട്.വളയുടെ ചരിത്രം കുറച്ചു സഹിക്കുന്നില്ല എങ്കിൽ കൂടി നല്ലൊരു അനുഭവം നൽകുന്നുണ്ട് ചിത്രം.


സു ഫ്രം സോ 


കന്നടയിൽ നിന്നും മൊഴിമാറ്റി ജെപി തൂമിനാട് നായകനായി സംവിധാനം ചെയ്ത ചിത്രം ഗ്രാമത്തിൻ്റെ നന്മയും ഐശ്വര്യവും സമൃദ്ധിയും വിശുദ്ധിയും കാണിക്കുന്നതിന് ഒപ്പം അവിടുത്തെ അന്ധവിശ്വാസവും പറഞ്ഞു വെക്കുന്നുണ്ട്..പഴയ സത്യൻ അന്തിക്കാട് സിനിമ പോലെ നന്മ നിറഞ്ഞു ചിരിച്ചു രസിച്ചു ആസ്വദിക്കുവാൻ പറ്റിയ ചിത്രം


നാരാണിടെ മൂന്നു ആൺമക്കൾ


പഴയ തറവാട് പാർട്ടീഷൻ കഥ പറയുന്ന ചിത്രം സ്വത്തിന് വേണ്ടി കൂടപ്പിറപ്പുകളുടെ "യുദ്ധം "കാട്ടിത്തരുന്നു..കൂട്ടത്തിൽ ബന്ധങ്ങളുടെ ആഴം,അതിൻ്റെ മൂല്യം മനസ്സിലാക്കാതെ ഇടപെടുന്ന പുതിയ തലമുറയെ കൂടി പരാമർശിക്കുന്നുണ്ട്.മിക്ച രീതിയിൽ കഥ പറഞ്ഞ ചിത്രം നല്ലൊരു അനുഭവം നൽകുന്നുണ്ട്.


നരിവേട്ട 


കുറച്ചുകാലം മുൻപ് നമ്മുടെ നാട്ടിൽ നടന്ന പോലീസ് അതിക്രമത്തിൻ്റെ സത്യാവസ്ഥ വേറൊരു കോണിൽ കൂടി പറയുന്ന സിനിമ വൈകാരിക രംഗങ്ങൾ കൊണ്ടും മറ്റും നമ്മെ പിടിച്ചിരുത്തി കളയുന്നു.പഴയ സംഭവം ആണെങ്കിലും ചില സിനിമാറ്റിക് പ്രയോഗങ്ങൾ നടത്തിയത് കൊണ്ട് മികച്ച ചിത്രം തന്നെയായി.


ഇനിയും ഇഷ്ടപെട്ട സിനിമകൾ ഉണ്ട്..കൂടുതലായി എഴുതുവാൻ പറ്റാത്തത് കൊണ്ട് പേരിൽ കൂടി പരാമർശിച്ചു പോകാം..


ഛാവ,രാമം രാഘവം,ദീയസ് ഏറെ,സ്വർഗം,ഡ്രാഗൺ,ഔസേപ്പിൻ്റെ ഒസ്യത്ത്, എന്നിവ കൂടി ഇതിൻ്റെ കൂട്ടത്തിൽ പെടുത്താം.ഇതിനൊക്കെ മുകളിൽ കൊടുത്ത  ചിത്രങ്ങളുടെ പിന്നിൽ മാത്രമേ സ്ഥാനം കൊടുക്കാൻ പറ്റൂ 


പ്ര.മോ.ദി.സം

No comments:

Post a Comment