Thursday, September 19, 2024

കൊണ്ടൽ

 

"കൊണ്ടൽ "എന്ന മലയാള പദത്തിൻ്റെ അർത്ഥം പലരോടും ചോദിച്ചിട്ട് നിരാശയായിരുന്നു ഫലം.പിന്നെയുള്ള ആശ്രയമായ ഗൂഗിൽ അമ്മായി യൊട് ചോദിച്ചിട്ടും അവർ ആദ്യം "അറിയില്ല" എന്ന് പറഞ്ഞു എങ്കിലും പിന്നീട് തന്നതിൽ നിന്നും  കൃത്യമായ ഉത്തരം കിട്ടിയില്ല..



അവർ പറഞ്ഞ ചില അർത്ഥങ്ങൾ ഭഗവാൻ വെങ്കിടേശ്വരൻ മുതൽ നെല്ല് ഒഴിച്ചുള്ള കൃഷി,ഇരുണ്ട മഴ,മഴക്കാറ്, മേഘം പോലെ കറുത്തിരുണ്ട തലമുടി ,കിഴക്കൻ കാറ്റ് വരെ ഉണ്ട്..സിനിമയിൽ ഇതിൽ ഏതു ഇണങ്ങും എന്നത് കണ്ട് തീരുമാനിക്കാം.



കഴിഞ്ഞ ഓണത്തിന് RDX കൊണ്ട് ഓണം തൂക്കിയടിച്ച സോഫിയ പോൾ, ആൻ്റണി വർഗീസിൻ്റെ  കൂട്ടുകെട്ടിൽ ഈ ഓണത്തിന് അതെ പോലെ പുതുമുഖ സംവിധായകൻ അജിത്ത് മാമ്പള്ളി നമ്മളെ വിസ്മയിപ്പിക്കുന്ന ചിത്രമാണ് കൊണ്ടൽ.



ഈ സിനിമയുടെ പ്രത്യേകത എന്താണ് എന്ന് വെച്ചാൽ എൺപത് ശതമാനവും കടലിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്.ആൻ്റണി വർഗീസിൻ്റെ സിനിമയിൽ ആക്ഷൻ ആയിരിക്കും നമ്മൾ കാണുവാൻ പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കി തന്നെയാണ് ചിത്രത്തിൻ്റെ അവതരണം.



കരയിൽ നിന്നുള്ള ഗംഭീര അടിക്ക് ശേഷം അത് പിന്നീട് ബോട്ടിലും കടലിനടിയിൽ വരെ എത്തി നിൽക്കുന്നു..കടലില് ഉള്ള ഗ്രാഫിക്സ് രംഗങ്ങൾ സ്രാവിൻ്റെ അടക്കം തന്നെ നല്ല വെളിച്ചത്തിൽ ചെയ്തത് കൊണ്ട് മുൻപ് കണ്ട സിനിമകളിൽ ഉള്ള  ഇരുണ്ട കടൽ ഗ്രാഫിക്സ് പോലെ പ്രേക്ഷകനെ പറ്റീക്കുന്നില്ല.



കരയിലെ പ്രാദേശിക പ്രശ്നം കൊണ്ട് ഒളിവിന് കടലില് പണിക്ക് പോകുന്ന മാനുവൽ ബോട്ടിൽ വെച്ച് സഹപ്രവർത്തകരുമായി ഇടയേണ്ടി വരുന്നു..അതുവരെ മാനുവലിൻ്റെ ലക്ഷ്യം എന്താണെന്ന് ബോധ്യമില്ലതിരുന്ന നമ്മൾക്ക് അവൻ്റെ പൂർവ കഥ മനസ്സിലാക്കുന്നതോടെ സിനിമയും മുന്നോട്ടെക്ക് ആവേശകരമായി പോകുകയാണ് .


ആൻ്റണിക്ക് പുറമേ ഗൗതമി നായർ,രാജ് ബി ഷെട്ടി,ഷബീർ കല്ലറക്കൽ,മണികണ്ഠൻ എന്നിവർ അഭിനയിക്കുന്നു.സാം സി എസ്. സംഗീതം കൊണ്ടും ബി ജി എം കൊണ്ടും നമ്മളെ ആവേശത്തിലാക്കുന്നുണ്ട്.


പ്ര.മോ.ദി.സം

Wednesday, September 18, 2024

കിഷ്കിന്ധകാണ്ഡം

 

ഈ കാലത്ത് ഒരു സിനിമ തിയേറ്റർ വിട്ടിറിങ്ങിയാൽ പോലും അതിലെ കഥാപാത്രങ്ങൾ നമുക്കോന്നിച്ച് വരുന്നു എന്ന് തോന്നുന്നു എങ്കിൽ അത്രക്ക് ഭംഗിയായി കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട് എന്ന് ഉറപ്പിക്കാം.അപ്പു പിള്ളയും അജയനും നിങ്ങൾക്ക് ചുറ്റിലും കുറച്ചു ദിവസം ഉണ്ടാകും.അടുത്ത കാലത്ത് വന്ന മലയാളത്തിലെ മികച്ച ത്രില്ലർ ആണ് ഈ സിനിമ.


ദിൻജിത്ത് അയ്യത്താൻ എന്ന സംവിധായകൻ തൻ്റെ പ്രതിഭയുടെ ഒരംശം കക്ഷി അമ്മിണി പിളള എന്ന ചിത്രത്തിലൂടെ നമുക്ക് കാട്ടി തന്നതാണ്.പിന്നീട് അദ്ദേഹം അണിയിച്ചൊരുക്കിയ ഈ ചിത്രം നിഗൂഡ തകൾ നിറഞ്ഞ ഒരു വീടിൻ്റെയും മനുഷ്യരുടെയും കഥ പറയുന്നു.


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തോക്ക് കൈവശം ഉളളവർ പോലീസ് സ്റ്റേഷനിൽ ബന്ധപെടുക എന്ന് സർക്കുലർ വന്നപ്പോൾ പഴയ ആർമികാരൻ അപ്പു പിള്ളക്ക് അത് ഹാജരാക്കാൻ കഴിയാതെ പോകുന്നതിൽ നിന്ന് തുടങ്ങുന്ന ചിത്രം പിന്നീട് അങ്ങോട്ട് അപ്പു പിള്ളയുടെ നിഗൂഢതകൾ വെളിവാക്കുന്ന സംഭവങ്ങൾക്കു പിന്നാലെ നമ്മളെ കൊണ്ട് പോകുകയാണ്.


ഭാര്യയും മകനും നഷ്ടപ്പെട്ടു പുനർവിവാഹം ചെയ്യുന്ന മകൻ അജയൻ്റെ ഭാര്യ അപ്പു പിള്ളയുടെ പിന്നാലെ കൂടി നിഗൂഢതകൾ കണ്ട് പിടിക്കുവാൻ ശ്രമിക്കുന്നു.പലപോഴും അപ്പുപിള്ള  കണ്ട് പിടിച്ച് വഴക്ക് പറയുന്നുണ്ട് എങ്കിൽ കൂടി അവള് മുന്നോട്ട് പോകുകയാണ്.അപ്പു പിള്ളയുടെ വിചിത്രമായ പെരുമാറ്റം അവളിൽ ആകാംഷ ജനിപ്പിക്കുന്നു.അതുകൊണ്ട് തന്നെ സത്യങ്ങൾ അറിയാൻ അവൾക്ക് ഇറങ്ങേണ്ടി വരുന്നു.


ഓരോ സീനും കഴിയുമ്പോൾ പിന്നെ എന്തായിരിക്കും എന്ന് നമ്മുടെ ചിന്തകൾക്ക്  അപ്പുറം പ്രവേശിക്കുന്ന തരത്തിൽ   തിരക്കഥ കൃത്തു ബാഹുൽ രമേശ് നമ്മളെ കൊണ്ട് പോകുകയാണ്.അത് ആകട്ടെ ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് വരെ..അദ്ദേഹത്തിൻ്റെ തന്നെയാണ്. ഛായാഗ്രഹണവും ,മുജീബിൻ്റെസംഗീതവും ചിത്രത്തിന് മുതൽക്കൂട്ടായി മാറുന്നു.


ഈ ഓണക്കാലത്ത് ഈ ചിത്രം ഈ പേരും വെച്ച്  ഇറങ്ങിയാൽ  രക്ഷപ്പെടുമോ എന്നൊരു സന്ദേഹം ഉണ്ടായിരുന്നു..ഇതിലും മികച്ച ഒരു പേര് ഈ ചിത്രത്തിന് വേറെ ഇല്ല...കാരണം കിഷ് കിന്ധ വാനരനുമായി ബന്ധപ്പെട്ടത് ആണ്..ഇതിലും വാനരൻ മുഖ്യകഥാപാത്രമാണ്. "വാനരൻമാർ" ആയി വരുന്നവര് പലപ്പോഴും നമ്മുടെ പ്രെഡീക്ഷൻ തന്നെ മാറ്റി മറിക്കുന്നുണ്ട്.  കാണരുത് ,കേൾക്കരുത് ,പറയരുത്...എന്നത് മൂന്നു കുരങ്ങന്മാർ വളരെ മുൻപ് തന്നെ നമ്മളോട് സൂചിപ്പിക്കുന്നുണ്ട്.അത് തന്നെയാണ് തിരക്കഥ ബ്രില്ലിയൻ്റ്റ്.


തുടക്കം മെല്ലെ തുടങ്ങിയ ചിത്രം കലക്ഷനിലും അതുപോലെ ആയെങ്കിലും സിനിമ പോലെ അതും  മുന്നോട്ട് കുതിക്കുകയാണ് . കഥാപാത്രങ്ങൾ ആകട്ടെ തിയേറ്ററിൽ നിന്നും നമുക്കൊപ്പം ഇറങ്ങി വരുന്നു...അജയനും അപ്പു പിള്ളയും ഇനി എന്തൊക്കെ ചെയ്യും എന്നു നമ്മളെ കൊണ്ട് ചിന്തിപ്പിക്കുന്നു.


പ്ര.മോ.ദി.സം 


Monday, September 16, 2024

മൈ പെർഫെക്റ്റ് ഹസ്ബൻ്റ്

 


ഇരുപത്തി അഞ്ചു വർഷമായി ഒന്നിച്ചു കഴിയുന്ന മാതൃക ദമ്പതികൾ..തൻ്റെ ഭർത്താവ് സരസ്വതി എന്ന തന്നേയല്ലാതെ  മറ്റൊരു സ്ത്രീയുടെ മുഖത്ത് പോലും നോക്കില്ല എന്ന വിശ്വാസത്തോടെ ജീവിച്ചു പോരുന്നു. എവിടെയും തങ്ങളുടെ ജീവിതത്തെ കുറിച്ച് വാചാകയാവുകയും ചെയ്യുന്നു.



ഇവരുടെ ജീവിതം മക്കൾക്ക് പോലും മാതൃകയായി മാറുമ്പോൾ മൂത്ത മകന് വിവാഹം ആലോചിക്കുന്നു.കേരളത്തിലെ ആലപ്പുഴയില് ഉള്ള കുട്ടിയെ  ഇവർക്ക് ബോധിക്കുന്ന് എങ്കിലും ഈ കല്യാണം വേണ്ട എന്ന് മാതൃക ഭർത്താവ് കട്ടായം പറയുമ്പോൾ സീരിസിൻ്റെ ട്രാക്ക് മാറുകയാണ്.


തൻ്റെ ഭർത്താവ് പെർഫെക്റ്റ് അല്ലെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും അതിനു ഭർത്താവ് നടത്തുന്ന "അതിജീവന" നാടകങ്ങളാണ് സത്യരാജ് നായകനായ സീരീസ് പറയുന്നത്.




വലിയ കമ്പനികൾ സ്വയം സീരീസുകൾ നിർമിച്ചു സ്ട്രീം ചെയ്യുമ്പോൾ ആർക്കും കാണാൻ കൊള്ളാത്ത സിനിമകളും സീരീസൂമെടുത്ത് ഇത്തരം കമ്പനികളെയും   പ്രേക്ഷകരെയും പറ്റിച്ചു കൊണ്ടിരുന്ന "പവർ ഗ്രൂപ്പിന്" ഇപ്പൊൾ  വലിയ അടി കിട്ടിയിട്ടുണ്ട്.



വലിയ തോതിൽ കള്ളപ്പണം വെളുപ്പിക്കാൻ കൂടി ഇത്തരം സിനിമകൾ മലയാളത്തിൽ ധാരാളം ഉണ്ടാക്കിയപ്പോൾ തന്നെ പലരും അതിനു പിന്നിലെ ദുരൂഹതകൾ തിരിച്ചറിഞ്ഞത് ആണ്.

മലയാളത്തിൽ തന്നെ ആശ്ചയിൽ മൂന്നും നാലും തട്ടിക്കൂട്ട് സിനിമകൾ ഇറങ്ങിയ കാലം ഉണ്ടായിരുന്നു..ഒറ്റിട്ടി കമ്പനികൾ പിടി മുറുക്കി യപ്പോൾ അതിനൊരു സമാപനം ആയിട്ടുണ്ട്.



ഇപ്പൊൾ മലയാളത്തിൽ അടക്കം ഇത്തരം കമ്പനികൾ സീരീസ് ,സിനിമകൾ നിർമിക്കുമ്പോൾ അതിൻ്റെ ഒരു  ക്വളിററി പ്രേക്ഷകർക്ക് കിട്ടുന്നുണ്ട്..സീരിയൽ വലിച്ചു നീട്ടൽ സ്വാഭാവികമായി അനുഭവപ്പെടുന്നുണ്ട്


പ്ര.മോ.ദി.സം

Sunday, September 15, 2024

ARM ( അജയൻ്റെ രണ്ടാം മോഷണം)

 



ടോവിനോ തോമസ് എന്ന നടൻ്റെ മുഴുവൻ കഴിവുകളും ഇതുവരെ ആരും ചെയ്യാത്ത തരത്തിൽ  ഊറ്റി എടുത്തു നമ്മളെ  വെള്ളിത്തിരയിൽ ഈ ഓണക്കാലത്ത്  വിസ്മയിപ്പിച്ചു കൊണ്ട്  എല്ലാവർക്കും രസിക്കുവാൻ  ജിതിൻ ലാൽ എന്ന നവാഗത സംവിധായകന് സുജിത് നായരുടെ തിരകഥ കൊണ്ട് കഴിയുന്നുണ്ട്.





യോദ്ധാവായ കേളു നായർ, മോഷ്ട്ടാവായ മണിയൻ, കഥ നടക്കന്ന തൊണ്ണൂറുകളിലെ സാധാരണക്കാരൻ അജയൻ എന്നീ മൂന്നു വേഷത്തിൽ  മൂന്നു വിധത്തിൽ പ്രകടനം നടത്തുന്ന ടോവിനോ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.





മണിയൻ എന്ന കഥാപാത്രമാണ് തിയേറ്ററിൽ കൂടുതൽ  ഓളം സൃഷ്ടിക്കുന്നത്.ശരിക്കും മണിയൻ്റേ കഥ മാത്രം പറഞാൽ പോലും ഒരു സിനിമക്കുള്ള വകയുണ്ട്. തിരക്കഥയില് ഉണ്ടായ ചില ന്യൂനതകൾ സംവിധാന മികവും ടോവിനോയുടെ പ്രകടനവും കൊണ്ട് മറികടക്കാൻ കഴിഞ്ഞിട്ടുണ്ട്.





ഒരു മുത്തശ്ശി കഥയായി അല്ലെങ്കിൽ ഒരു നാടോടി കഥപോലെ മനോഹരമായി പോകുന്ന ചിത്രത്തിൻ്റെ ക്യാമറയും സംഗീതവും ചിത്രത്തിൻ്റെ ഗ്രാഫ് മുകളിലേക്ക് കൊണ്ട് പോകുന്നുണ്ട്.





ചെറിയ സ്ക്രീനിൽ വന്നു കാണാൻ കാത്തുനിൽക്കാതെ ത്രീ ഡിയിൽ തിയേറ്ററിൽ പോയി തന്നെ കാണുന്നതാണ് ഉത്തമം.





സുരഭി ലക്ഷ്മി രണ്ടു കാലഘട്ട ത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ പ്രായമായ വേഷം അത്രക്ക് മികവ് അവകാശപ്പെടാൻ കഴിയില്ല.ഐശ്വര്യ ,രോഹിണി ,കൃതി ഷെട്ടി എന്നിവരാണ് മറ്റു നായികമാർ.





 രണ്ടര മണിക്കൂറിൽ കൂടുതൽ ഉള്ള ചിത്രം ഓണക്കാലത്ത് രസിപ്പിക്കാൻ വിസ്മയിപ്പിക്കാൻ തന്നെയാണ് ലക്ഷ്യമിടുന്നത്..കലാപരമായ മെന്മയെക്കാൾ വാണിജ്യം ലക്ഷ്യമിടുന്ന പാൻ ഇന്ത്യൻ ചിത്രം കളക്ഷനിൽ കോടികൾ വാരി തുടങ്ങിയിട്ടുണ്ട്.


പ്ര.മോ.ദി.സം