Wednesday, July 26, 2023

അനീതി

 



ഡയറക്ടർ ശങ്കർ എന്നത് കുറേകാലം നമ്മുടെ പ്രതീക്ഷ ആയിരുന്നു.ഒരു പക്ഷെ കുറെപേരെ തമിഴുസിനിമ പ്രേക്ഷകർ ആക്കിയ വ്യക്തി.ബ്രമാണ്ട ചിത്രങ്ങൾ എന്താണ് എന്ന് നമുക്ക് കാണിച്ചു തന്ന സംവിധായകൻ..ഹോളിവുഡ് നിലവാരം നമ്മുടെ നാട്ടിലും ഉണ്ടാക്കാം എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ പ്രതിഭ.



അദ്ദേഹം സംവിധായകന് പുറമെ ചില സമയത്ത് നിർമാതാവിൻ്റെ വേഷം അണിഞ്ഞു കുറെ പുതുമുഖങ്ങൾക്ക് സിനിമയിൽ അവസരം കൊടുക്കും..പലപ്പോഴായി തമിഴിൽ ശ്രദ്ധിക്കപ്പെട്ട താരങ്ങൾ ശങ്കറിൻ്റെ ഫാക്ടറിയിൽ നിന്നുള്ളവർ ആയിരുന്നു.അദ്ദേഹത്തിൻ്റെ ഇത്തരം കൊച്ചു സിനിമകൾ വലിയ വിജയവും പ്രേക്ഷക ശ്രദ്ധയും നേടിയതാണ്.



വസന്തബാലൻ എന്ന സംവിധായകൻ നല്ല ചെറിയ ചിത്രങ്ങളിലൂടെ തമിഴിൽ അറിയപ്പെടുന്ന സംവിധായകൻ ആണ്.. ഇവർ രണ്ടു പേരും ഒന്നിച്ചു ഒരു ഡാർക് ഷെയിട് സിനിമയാണ് അനീതി.




തനിക്ക് വിരോധം ഉള്ള ആരെ കണ്ടാലും കൊല്ലണം എന്ന് തോന്നുന്ന തിരു എന്ന ഫുഡ് ഡെലിവറി ബോയ് തൻ്റെ മാനസികാവസ്ഥ ക്കു മാറ്റം വരുവാൻ ട്രീറ്റ്മെൻ്റ് ആരംഭിക്കുന്നു.



ഒരു ഡെലിവറി സമയത്ത് പരിചയപ്പെട്ട ഹോം നഴ്സ് യുവതിയുമായി ഇടപഴകി കഴിയുമ്പോൾ അയാൾക്ക് എല്ലാറ്റിലും ശാന്തത കൈവരുന്നു. അവരുടെ സമാഗമം വീട്ടിലെ അമ്മ കണ്ടുപിടിച്ച അന്ന് രാത്രി തന്നെ അവർ മരിച്ചു കിടക്കുന്നു.


പോലീസ് അന്വേഷണത്തിൽ യുവതി തിരുവിനെതിരെ മുൻകാല പ്രശ്നങ്ങൾ ആലോചിച്ചു മൊഴി നൽകുമ്പോൾ  അറസ്റ്റിലായ തിരു വീണ്ടും പഴയ നിലയിലേക്ക് എത്തിപ്പെടുന്നു.




പിന്നീട് അവനിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളും പോലീസ് അന്വേഷണവും ഒക്കെയാണ് സിനിമ പറയുന്നത്..കുറെയേറെ ക്രൈം രംഗങ്ങൾ ഉള്ളത് കൊണ്ട് തന്നെ അല്പം അസഹ്യത നമുക്ക് സൃഷ്ടിക്കുന്നുണ്ട്..അത്തരം അസഹ്യത തന്നെയാണ് ചിത്രം ആസ്വദിപ്പിക്കുന്നതും


പ്ര.മോ.ദി.സം

Tuesday, July 25, 2023

മിയാ കുൽപ്പ

 



മഹാമാരി കഴിഞ്ഞതിനു പിന്നാലെ ചില ചിത്രങ്ങൾ എന്തിനാണ് എടുക്കുന്നത് എന്ന് പോലും അണിയറക്കാർ ആലോചിക്കാൻ മിനക്കെടാറില്ല..എന്നാല് എടുത്ത പടത്തിന് എല്ലാവർക്കും മനസ്സിലാകുന്ന ഒരു പേര് ഇടുക ആണെങ്കിൽ വല്ലവരും കണ്ട് അഭിപ്രായം എങ്കിലും പറയും.അങ്ങിനെ കുറച്ചു പേര്  സിനിമ lകാണും.മുടക്കിയ പണം എങ്കിലും കിട്ടിയേക്കാം..




ഡിക്ഷണറി നോക്കിയപ്പോൾ ഈ സിനിമയുടെ പേരിനു പല അർത്ഥങ്ങൾ ഉണ്ട്..അതിൽ എല്ലാ അർത്ഥങ്ങളും വേണേൽ   ഉപയോഗിക്കാൻ പറ്റും..കാരണം കഥ പോകുന്നത് ഇതിൽ എല്ലാറ്റിലും കൂടിയാണ്.





ചിലർക്ക് ജീവിതം എന്ന് പറയുന്നത് മറ്റുള്ളവരെ പറ്റിച്ചു കൊണ്ടും വഞ്ചിച്ചു കൊണ്ടും അങ്ങിനെ അങ്ങ് കൊണ്ടുപോകാനാണ് താല്പര്യം.അതിൽ മറ്റുള്ളവരുടെ വേദനകൾക്ക് നഷ്ട്ടങ്ങൾക്ക് ഒന്നും പ്രസക്തി കാണില്ല. അത്  മണ്ണ് .പണം ,പെണ്ണ് അങ്ങിനെ എന്തുമാകാം..തൻ്റെ ദൃഷ്ടിയിൽ പെട്ടത് ചതിച്ചു അനുഭവിക്കുക.





വഞ്ചനയെ കുറിച്ചും അതിൻ്റെ ഭീകരതയെ കുറിച്ചും മനസ്സിൽ ആലോചിക്കുക പോലും ചെയ്യാത്തവർ  തങ്ങളുടെ ഇന്നസെൻ്റ്സു കൊണ്ട് ഇവരുടെ കരാള ഹസ്തങ്ങളിൽ പെട്ട് പോകുന്നു..പിന്നീട് അവരുടെ ജീവിതം തന്നെ നരകത്തിലായി പോകുന്നു.




കുറച്ചുകാലം മുൻപ് വരെ അല്പമെങ്കിലും മാർക്കറ്റ് ഉള്ളവരെ മാത്രം ഉൾപ്പെടുത്തി എടുത്ത സിനിമ ആയതു കൊണ്ട് വലിയ മുതൽമുടക്ക് ഒന്നും കാണില്ല..എന്നാല് നമ്മുടെ സമയം ഉണ്ടല്ലോ അത് വിലമതിക്കാൻ ആവാത്തതാണ് എന്ന ബോധം സിനിമാക്കാർക്ക് ഉണ്ടാവണം.


പ്ര.മോ.ദി.സം


Monday, July 24, 2023

വാലാട്ടി

 



നസ്രാണി ചെക്കന് തൊട്ട അയൽവക്കത്തെ അയ്യങ്കാർ പെണ്ണുമായി പ്രേമം..പാത്തും പതുങ്ങിയും അവർ പലപ്പോഴും കണ്ടുമുട്ടി..ഒരിക്കൽ പിടിക്കപ്പെട്ടു വീട്ടുകാർ  വാർണിങ് കൊടുത്ത് എങ്കിലും അവള് ഗർഭിണി ആയെന്നു അറിഞ്ഞതോടെ ഇരുവരെയും വീട്ടുതടങ്കലിൽ ആക്കി.അവസരം കിട്ടിയ രാത്രിക്ക് രാത്രി അവർ ഒളിച്ചോടുന്നു. 



സുഖലോലുപരായി കഴിഞ്ഞിരുന്ന അവർ തെരുവിൽ അലയേണ്ടി വരുന്നു. തെരുവിലെ ഗുണ്ടയാൽ കോർക്കേണ്ടി വരുന്നു എങ്കിലും ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട  പ്രായമുള്ള ഒരാള് അവർക്ക് സഹായത്തിനു കൂടി അവരെ  ഭക്ഷണത്തിനും വിശ്രമത്തിനും സഹായിക്കുന്നു.



അയാളുടെ ഉപദേശപ്രകാരം തങ്ങിയ വീട്ടിൽ നിന്ന് അവർക്ക് ഒരു കൂട്ടുകാരനെ കിട്ടുന്നു.അവിടെ താമസിച്ചു ഉള്ളത് പരസ്പരം പങ്ക് വെച്ചു സന്തോഷത്തോടെ കഴിയുന്നു. 



പക്ഷേ ഒരു ദിവസം ഗർഭിണിയായ അവളെ കാണാതെ ആകുമ്പോൾ എല്ലാവരും ചേർന്ന് അവളെ തിരഞ്ഞു പോകുകയാണ്..അവിടെ വെച്ച് അവർ ഞെട്ടിപ്പിക്കുന്ന കുറെ സംഭവങ്ങൾക്ക് സാക്ഷിയാകുന്നു.



കഥയൊക്കെ കണ്ടും കേട്ടതു മായിരിക്കും..എന്നാല് ഈ കഥാപാത്രങ്ങൾ ഒക്കെ പട്ടികളും നായകളും ആണെങ്കിൽ....? അതാണ് ഈ സിനിമയുടെ പ്രത്യേകത..ഈ കാലത്ത് ഗ്രാഫിക്സ്ന് വലിയ സാധ്യത ഉണ്ടായിട്ടും എല്ലാം റിയൽ ശുനകന്മാരെ കൊണ്ട് എടുത്ത സിനിമ..ശരിക്കും കഷ്ടപ്പെട്ട് ചിത്രീകരിച്ചത് തന്നെയാണ്..അതിനു  അണിയറക്കാർക്ക് ഒരു ബിഗ് സല്യൂട്ട്.



അവരൊക്കെ നമുക്ക് പരിചയമുള്ള അഭിനേതാക്കളുടെ ശബ്ദത്തിൽ ആണ് സംസാരിക്കുന്നത്..അവരുടെ കൂട്ടിന് ഒരു പൂവൻ കോഴി കൂടി ഉണ്ട്.അതിനും നമ്മുടെ പ്രിയങ്കരനായ ഒരാള് ശബ്ദം കൊടുത്തിരിക്കുന്നു.




കുട്ടികളെ ലക്ഷ്യം വെച്ചാണ് സിനിമ എങ്കിലും ഈ കാലത്തെ ചില സാമൂഹിക വിഷയങ്ങൾ കൂടി കൈകാര്യം ചെയ്തിട്ടുണ്ട്... കോവിദ് കാലത്ത് അനേകം ഇംഗ്ലീഷ് ഗ്രാഫിക്സ് സിനിമകൾ  കണ്ടിട്ടുള്ള കുട്ടികൾ ഇത് എത്രമാത്രം സ്വീകരിക്കും എന്നതാണ് വിഷയം. നമ്മുടെ നടന്മാർ  മനുഷ്യന്മാർ ആയി തന്നെ  അഭിനയിക്കുന്നുണ്ട്..


പ്ര .മോ .ദി. സം


Sunday, July 23, 2023

ഏജൻ്റ്

 



നമ്മുടെ മമ്മൂട്ടി ചിലസമയത്ത് അന്യഭാഷ ചിത്രങ്ങളിൽ പോയി അഭിനയിക്കും..എന്നിട്ട് പൊട്ടി പൊളിഞ്ഞു  പണ്ടാരമടങ്ങി ഇത് നമുക്ക് പറ്റിയ സ്ഥലമല്ല എന്ന തിരിച്ചറിവിൽ തിരിച്ചു വരും..എന്നിട്ട് ഇവിടെ കൊറേ നല്ല ചിത്രങ്ങൾ ചെയ്യും.



എന്നാലും മുൻപത്തെ ചിത്രങ്ങൾ ഒക്കെ  അത്യാവശ്യം കാണാൻ കൊള്ളുന്നത് ആയിരുന്നു.അഭിനയ സാധ്യതയുള്ള ദളപതിക്കു ശേഷം കൊറേ അലമ്പ് പടം ചെയ്തു എങ്കിലും  പിന്നെ നല്ല പ്രകടനം കാഴ്ച വെക്കാൻ സാധിച്ച പേരൻമ്പ്,യാത്ര തുടങ്ങിയ ചിത്രങ്ങൾ ആയിരുന്നു അന്യഭാഷ കരിയറിൽ...



എങ്കിലും ഈ ഏജൻ്റ് എന്ത് കണ്ടിട്ട് പോയി അഭിനയിച്ചു എന്നതാണ് സംശയം.പ്രതിഫലം കേട്ട് കണ്ണ് മഞ്ഞളിച്ച് പോയതാണോ അതോ അക്കിനെനി കുടുംബത്തിൻ്റെ ആവശ്യ പ്രകാരം കുടുംബത്തിലെ ചെക്കന് സപ്പോർട്ട് കൊടുക്കാൻ പോയി തല വെച്ചത് ആണോ എന്നതാണ് സംശയം.



തെലുങ്ക് മസാല കൂട്ടുകൾ ആയ അടി ,ഇടി ,വെടി,പുക ചിത്രത്തിൽ ഉടനീളം കാണാം..ആയുധദാരികൾ ആയ ഒരു നൂറു പേരെ എങ്കിലും നായകൻ ഒരു പത്തി മിനിറ്റിനുള്ളിൽ കൊന്നു തള്ളി കളയുന്നുണ്ട്.. അതും ഒരു പോറൽ പോലും ഏൽക്കാതെ..



തെലുങ്കു പ്രേക്ഷകർ പോലും അതൊന്നും വിശ്വസിച്ചിട്ടില്ല എന്ന് ചിത്രത്തിൻ്റെ ദയനീയ പരാജയം ചൂണ്ടി കാണിക്കുന്നു..




ഇനി എന്തെങ്കിലും മണ്ടത്തരം കാണിച്ചു മനസ്സ് വിഷമിക്കും പോൾ ഈ ചിത്രം പോയി കാണുക..ബുദ്ധിമാനായ നടനായ മമ്മൂട്ടിക്ക് പറ്റിയ മണ്ടത്തരം കണ്ടാൽ നമ്മുടേത് ഒക്കെ നിസ്സാരം എന്ന് തോന്നിയേക്കാം.


പ്ര.മോ.ദി.സം

മാനഗരം 2

 



ചിലർക്ക് അറിയാവുന്ന പണി എടുക്കുവാൻ വലിയ താല്പര്യം ഉണ്ടാകില്ല.എന്നാലോ വെറുതെ ഇരിക്കുകയുമില്ല..അറിയാത്ത പണിയിൽ കൈ വെച്ച് അത് നശിപ്പിക്കുകയും ചെയ്യും.





കുറെ ചിത്രങ്ങളിൽ സംവിധാനം ചെയ്ത്  അല്പം എങ്കിലും ആ മേഖലയിൽ കഴിവ് തെളിയിച്ച സുന്ദർ സി ക്ക് അത് തുടർന്നാൽ നല്ല അവസരങ്ങൾ വരുമായിരുന്നു.എന്നാല് അഭിനയ മോഹം തലയിൽ കയറിയ അദ്ദേഹം ഇപ്പൊൾ അഭിനയിച്ച ചിത്രങ്ങൾ പ്രേക്ഷകരെ വെറുപ്പിക്കുകയാണ്.




ആദ്യത്തെ ഒന്ന് രണ്ടു ചിത്രങ്ങൾ പ്രേക്ഷകരിൽ അഭിപ്രായം ഉണ്ടാക്കിയപ്പോൾ പിന്നീട് അഭിനയ മേഖലയിൽ തുടരാം എന്ന് കക്ഷി വിചാരിച്ചു കാണും.ഭാര്യ കുഷ്ബു എങ്കിലും ഒന്ന് ഭയങ്കര ബോറാ ണ് എന്ന് ഉപദേശിച്ചു കൊടുക്കാമായിരുന്നു.






നഗരത്തിലെ ഒന്നാമനാകാൻ ഗുണ്ടകൾ തമ്മിലുള്ള മത്സരത്തിൽ കട്ടയും പടവും മടക്കി ഒതുങ്ങി കൂടുന്ന പഴയ ഗുണ്ട യാദൃശ്ചികമായി വലിച്ചിഴക്കപെടുന്നതും പിന്നീട് അയാള് വീണ്ടും പഴയ പ്രവർത്തിയിലേക്ക് വരുന്നതുമാണ് ചിത്രം പറയുന്നത്.






പതിവ് ഗുണ്ടാ കഥ അല്ലാതെ പുതുമകൾ ഒന്നും ഇല്ല..രണ്ടര മണിക്കൂർ നേരം ബോറടിച്ചു പലരുടെയും പിതാമഹൻമാരെ സ്മരിക്കണം എങ്കിൽ തീർച്ചയായും തല വെച്ച് കൊടുക്കാം


പ്ര.മോ.ദി.സം

Friday, July 21, 2023

ഫർഹാന

 



സിനിമയിൽ  വിവാദം ഉണ്ടാകുമ്പോൾ മുൻപ് അണിയറക്കാർ ഭയന്നിരുന്നു. അത് കൊണ്ട് തൻ്റെ സിനിമ പെട്ടിയിൽ  തന്നെ ആയിപോയി നഷ്ട്ടം ഉണ്ടാകുമോ എന്ന് പോലും വേവലാതി കൊണ്ട  കാലം ഉണ്ടായിരുന്നു.





ഇപ്പൊൾ വിവാദം ഉണ്ടാക്കുക എന്നത് ചിലർക്ക് ബിസിനെസ്സ് ആണ്..വിവാദത്തിലൂടെ സിനിമക്ക് പബ്ലിസിറ്റി നൽകി മാക്സിമം പേരെ കാണിക്കുക..അത് കൊണ്ട് തന്നെ ഇപ്പൊൾ ഇപ്പൊൾ ഒട്ട് മിക്ക സിനിമകളും വിവാദം ഉണ്ടാക്കുവാൻ വേണ്ട കാര്യങ്ങൽ ചിലരുടെ മുന്നിലേക്ക് എറിഞ്ഞു കൊടുക്കുകയാണ്.





യാഥാസ്ഥിക മുസ്ലിം കുടുംബത്തിലെ ഫർഹാന ജോലിക്ക് പോകുന്നത് കുടുംബത്തിലെ കാരണവർക്ക് ഇഷ്ട്ടം ആകുന്നില്ല .പെണ്ണുങ്ങൾ ജോലിക്ക് പോയി കൊണ്ടുവന്ന്  തിന്നുന്നത് കുടുംബത്തിന് നല്ലത് അല്ല എന്ന പഴയ പിന്തിരിപ്പൻ നയം മാത്രമാണ് ഈ ചിത്രത്തിൽ ഉള്ളത്.അത് മതവുമായി കൂട്ടി കലർത്തി വിവാദം ഉണ്ടാക്കി സിനിമക്ക് വലിയ സ്കൂപ്പ് നൽകി എങ്കിലും സിനിമ ശരാശരിയിൽ ഒതുങ്ങി.





കോൾ സെൻ്ററിലെ പെണ്ണുങ്ങളുടെ ജീവിതവും അതിലെ ചതിക്കുഴികളിൽ വലവിരിച്ച് കാത്ത് നിൽക്കുന്നവരുടെയും കഥ പറയുന്ന ചിത്രം ചാറ്റ് റൂമുകളിൽ നടക്കുന്ന "ഫോൺ വ്യഭിചാരം" കൂടി പരാമർശിക്കുന്നു.

 





ഐഡൻ്റിറ്റി ഉള്ള നായകന്മാർ ഇല്ലാതെ അടുത്തകാലത്ത്  ഒറ്റയ്ക്കുള്ള ഐശ്വര്യ രാജേഷിൻ്റെ സിനിമകൾ അഭിനന്ദനം അർഹിക്കുന്നു എങ്കിലും  ചിത്രങ്ങൾ തിയേറ്ററിൽ ആളുകൾ കണ്ടില്ലെങ്കിൽ നയൻസിന് സംഭവിച്ചത് പോലെ ഒതുങ്ങി പോകുവാൻ സാധ്യതയുണ്ട്.


പ്ര .മോ.ദി.സം