Wednesday, January 22, 2014

അമ്പലനടയില്‍ ......

അമ്പലത്തില്‍ നല്ല തിരക്കായിരുന്നു .ഇപ്പോള്‍ അങ്ങിനെയാണല്ലോ.എല്ലാവരും ദൈവത്തില്‍ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.പണ്ട് ദൈവമില്ല എന്ന് പറഞ്ഞവരൊക്കെ ഇന്ന് ദൈവത്തിന്റെ അനുഗ്രഹത്തിനുവേണ്ടി പരക്കം പായുന്നു.ഒളിഞ്ഞും മറഞ്ഞും ദൈവത്തെ കണ്ടിരുന്ന ഞാനടക്കമുള്ള "നിരീശ്വരവാദികള്‍ " ഇന്ന് എല്ലാവരും കാണ്‍കെ അമ്പലത്തില്‍ പോകുന്നു.പോകേണ്ടി വരുന്നു .അത്രക്ക്  മനസ്സില്‍ ഭാരം അടിഞ്ഞുകൂടിയിരിക്കുന്നു .എല്ലാം ഇറക്കി വെക്കണം..അതിനു മനുഷ്യന്‍ കണ്ടു പിടിച്ച വഴിയാണ് ആരാധനാലയങ്ങള്‍.നമ്മുടെ പ്രശ്നങ്ങള്‍ ആരോടോ പറഞ്ഞു എന്നൊരു തോന്നല്‍..ദൈവം അത് ഇല്ലാതാക്കും എന്നൊരു വിശ്വാസവും.   ഇപ്പോള്‍ മനുഷ്യന്  മനകട്ടിയെ  ഇല്ലാതായിരിക്കുന്നു ,എല്ലാം ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട്  മാത്രമായി ദിവസങ്ങള്‍ ..ഇപ്പോള്‍ ആരും  സ്വന്തമായി തീരുമാനം പോലുമെടുക്കുനില്ല അത് ജോല്സ്യനും മറ്റും വിട്ടു കൊടുത്തിരിക്കുന്നു.. ..അയാളുടെ കണ്ണുകള്‍ ആള്‍ കൂ ട്ടതിനിടയിലൂടെ ആരെയോ തേടി കൊണ്ടിരുന്നു...

"കാര്ന്നോരെ  മുന്നോട്ടു നടക്കൂ ദിവാസ്വപ്നം കണ്ടു നില്‍ക്കാതെ ...."

 പിന്നില്‍ നിന്നുള്ള ശബ്ദം അയാളെ ആലോചനകളില്‍ നിന്നും ഉണര്‍ത്തി.തിരക്കില്‍ വളരെ കഷ്ട്ടപെട്ടു അമ്പലത്തിന്റെ  ഉള്ളിലെക്കെത്തി .പ്രായമായവര്‍ക്ക് പ്രത്യേക ക്യു ഒക്കെ ഉണ്ട് പക്ഷെ പ്രായമായില്ല എന്ന തോന്നലാവാം അവിടെ പോവാതിരിക്കാനുള്ള കാരണം.പ്രായമായി എന്ന് ഈ അടുത്തകാലംവരെ ഒരിക്കലും തോന്നിയിരുന്നില്ല .പെന്‍ഷന്‍ പറ്റി വീട്ടിലെ ഏകാന്തതയില്‍ ബോറടിച്ചു ദിനങ്ങള്‍ തള്ളി നീക്കുമ്പോള്‍ ആണ് പ്രായം മനസ്സില്‍ വരുന്നത്.ഭാര്യ നേരത്തെതന്നെ  പോയതിനാല്‍ ആ കൂട്ടും നഷ്ട്ടപെട്ടിരുന്നു.മൂന്നു ആണ്മക്കളും ഭാര്യമാരും രാവിലെതന്നെ ജോലിക്ക് പോകും.കുട്ടികള്‍ സ്കൂളിലും ...വന്നാല്‍ തന്നെ അവര്‍ക്ക് അച്ഛനെ കാണുവാനോ സംസാരിക്കുവാനോ സമയമില്ല ...കുട്ടികള്‍ക്കും അവരുടെതായ പഠിത്തത്തിന്റെ തിരക്കുകള്‍.

ഒഴിവുദിനങ്ങളില്‍ പോലും പലപ്പോഴും അവര്‍ വീട്ടില്‍ കാണില്ല .അവരുടെ ബന്ധുക്കള്‍ ,സുഹൃത്തുക്കള്‍  തുടങ്ങിയവയുടെ പിടിയിലാകും.തികച്ചും ഒറ്റപെട്ട ജീവിതം .അവര്‍ക്ക് ഞാന്‍ ഒരു ഭാരമാണെന്ന് മനസ്സിലാക്കിയത് ഈ അടുത്തകാലത്താണ്.വായനശാലയില്‍ പോയി വരുന്ന വഴി അടിതെറ്റി വീണു .കാലിനു ഉളുക്കുണ്ടായി.ഒരാഴ്ച കട്ടിലിലും കസേരയിലുമായിരുന്നു ..പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ .എന്നിട്ടും മക്കള്‍ക്കും മരുമക്കള്‍ക്കും അച്ഛനുവേണ്ടി  "അമൂല്യമായ" ലീവ് കളയുവാന്‍ വയ്യ.ഒന്ന് രണ്ടു ദിവസം മാറി മാറി അവര്‍ നിന്നു.പിന്നെ പിന്നെ പിറ്പിറ്ക്കലുകള്‍ തുടങ്ങി ...പലതും ഹൃദയത്തിനെ കീറി മുറിച്ചു കൊണ്ടിരുന്നു. .പ്രായമായാല്‍ വീടിന്റെ ഒരു മൂലയില്‍ ഒതുങ്ങുകയല്ലേ വേണ്ടതെന്ന്  ഉപദേശവും..കേട്ടില്ല കണ്ടില്ല എന്ന് ഭാവിച്ചു.ഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ മരിച്ചുപോയാലുള്ള അവസ്ഥ ഭീകരമാണെന്ന്  അന്നുമുതല്‍ മനസ്സിലായി.അന്ന് തോന്നിയതാണ് അവര്‍ക്ക്  ഒരിക്കലും താന്‍ ഭാരമാകരുതെന്നു....അതുകൊണ്ടാണ് ഇന്ന് ആരോടും പറയാതെ വീടുവിട്ടിറങ്ങിയത്.എല്ലാം ശാപമായിരിക്കാം അമ്മയുടെ ശാപം...പെറ്റമ്മയുടെ  ശാപം.അമ്മയോട് ഇത്രക്ക് അപരാധം ചെയ്യുവാന്‍ എങ്ങിനെ തോന്നി തനിക്ക് ?

പണം പണ്ടുമുതലേ അയാള്‍ക്ക്‌ അന്യനായിരുന്നു.ഒരിക്കലും ഒന്നിച്ചു നിന്നില്ല.സര്‍ക്കാര്‍ ജോലി ഉണ്ടായിട്ടും പലപ്പോഴും ഒന്നിനും തികഞ്ഞില്ല.ചെറിയ നിലയില്‍ നിന്നും അവിടംവരെ എത്തുവാന്‍ തന്നെ വളരെ കഷ്ട്ടപെട്ടു.മക്കളിലായിരുന്നു പ്രതീക്ഷ മുഴുവനും. മൂന്നു ആണ്‍ മക്കളുടെ പഠിത്തം ..വീടിന്റെ ലോണ്‍ ,ഭാര്യയുടെ ആഡബര ജീവിതം ,അമ്മയുടെ അസുഖം ഒക്കെ തന്നെ പലപ്പോഴും കടക്കാരനാക്കി .വന്ന അന്ന് മുതല്‍ ഭാര്യയും അമ്മയും തമ്മില്‍ ഒത്തു പോകില്ലായിരുന്നു.രണ്ടു പേരിലുമുള്ള ഈഗോ പ്രശ്നങ്ങള്‍ പലപ്പോഴും വീട്ടില്‍ കലാപമുണ്ടാക്കി.പ്രായം കൂടുംതോറും അമ്മക്ക് വാശിയും കൂടി.പലപ്പോഴും ഭാര്യയുടെ ഭാഗത്താണ് ശരി എന്ന് തോന്നിതുടങ്ങിയപ്പോള്‍ അമ്മ ഒരു ഭാരമായി.അല്ലെങ്കില്‍ അങ്ങിനെ വിശ്വസിപ്പിച്ചു.പിന്നെ ആരും ചെയ്യാത്ത പ്രവര്‍ത്തിയായിരുന്നു ചെയ്തത്.ഒരു മകന്‍ ഒരിക്കലും ചെയ്യരുതാത്ത പ്രവര്‍ത്തി.

അയാള്‍ പ്രദക്ഷിണം കഴിഞ്ഞു അമ്പലത്തിനുള്ളില്‍ കഴിച്ചുകൂട്ടി .വരുന്നവരെയും പോകുന്നവരേയും ഒക്കെ വീക്ഷിച്ചു കൊണ്ടിരുന്നു.നിന്നു തളര്‍ന്നപ്പോള്‍ പ്രസാദകൌണ്ടറിനു താഴെയുള്ള പടിയില്‍ പോയിരുന്നു.ഇവിടെ അമ്മയെ ഇരുത്തി പ്രസാദം വാങ്ങിക്കട്ടെ എന്ന് പറഞ്ഞു മുങ്ങിയതാണ് .ഈ അമ്പലത്തില്‍  അമ്മയെ ഉപേക്ഷിച്ചു കളഞ്ഞു .ഒരു ദാക്ഷിണ്യവുമില്ലാതെ...ഇപ്പോള്‍ ഇരുപതു കൊല്ലം കഴിഞ്ഞിരിക്കും...ഇപ്പോഴും അമ്മ ജീവിചിരിക്കുന്നുണ്ടാവുമോ ?അയാളുടെ കണ്ണുകള്‍ അമ്മയെ തിരഞ്ഞു കൊണ്ടിരുന്നു.

"ഡാ കൊല്ലം ഇത്ര കഴിഞ്ഞിട്ടും നിനക്കിനിയും പ്രസാദം കിട്ടിയില്ലേ ചെക്കാ ..."

അമ്മയുടെ ശബ്ദം കേട്ട് അയാള്‍ ഞെട്ടി.തൊട്ടു മുന്നില്‍ അമ്മ .താന്‍ ഉപേക്ഷിച്ചു പോയ തന്റെ അമ്മ.പ്രായം അമ്മയെ ബാധിച്ചതേയില്ല .അന്ന് ഉപേക്ഷിക്കുമ്പോള്‍ എങ്ങിനെയിരുന്നു അങ്ങിനെ തന്നെ....എന്ത് പറയണമെന്നറിയാതെ അയാള്‍ കുഴങ്ങി.

"അമ്മ എന്നോട് ക്ഷമിക്കണം " വിക്കി വിക്കി അയാള്‍ പറഞ്ഞൊപ്പിച്ചു .കണ്ണടച്ച് കൈകൂപ്പി അയാള്‍ നിന്നു.

"നിന്നോട് ഞാന്‍ എന്തിനാനെടാ ക്ഷമിക്കേണ്ടത് ....."

പരിചിതമല്ലാത്ത ശബ്ധം കേട്ട് ഞെട്ടി നോക്കുമ്പോള്‍  മുന്നില്‍ അമ്മയല്ല .വേറെ ഏതോ സ്ത്രീ ....അമ്മയെവിടെ പോയി.?അയാള്‍ ചുറ്റിലും നോക്കി.തിരക്കിലൂടെ അകന്നകന്നു പോകുന്ന ആ സ്ത്രീ രൂപം തന്റെ അമ്മയല്ലേ ?അയാള്‍ ആ തിരക്കിലൂടെ ആ രൂപത്തിന്റെ പിന്നാലെ ഓടി .ഓടുന്നതിനിടയില്‍ പലരെയും തള്ളിമാറ്റി കൊണ്ടിരുന്നു.ഭക്തരില്‍ നിന്നും നീരസമുണ്ടായെങ്കിലും അയാള്‍ അതൊന്നും വകവെച്ചില്ല.പെട്ടെന്ന് ആ രൂപം മറഞ്ഞു ....അയാള്‍ അവിടൊക്കെ തിരഞ്ഞെങ്കിലും കണ്ടുപിടിക്കുവാനായില്ല.

"എന്റെ കൃഷ്ണാ ...പരീക്ഷിക്കരുതെ ....ആദ്യമായി ആയാല്‍ മനമുരുകി ദൈവത്തിനെ വിളിച്ചു.അന്ന് മുഴുവന്‍ അയാള്‍ അവിടെയും പരിസരത്തിലുമൊക്കെ  അമ്മയെ തിരഞ്ഞു കൊണ്ടിരുന്നു.റോഡുകളിലും ഇടവഴികളിലും  അയാള്‍ കുറെയേറെ വൃദ്ധജനങ്ങളെ കണ്ടുവെങ്കിലും അമ്മയെ മാത്രം കണ്ടില്ല.അയാള്‍ കണ്ടത്  ഇപ്പോള്‍ ആരോരുമില്ലത്തവരെ ...യാചിച്ചും വെറും നിലത്ത് കിടന്നുറങ്ങിയും ജീവിതം തള്ളി നീക്കുന്നവരെ ....ഒരു ലക്ഷ്യവുമില്ലാതെ ദിനരാത്രങ്ങളെ ശപിച്ചുകൊണ്ട് മുന്നോട്ടു പോകുന്നവരെ ...അപ്പോള്‍ ഒരു കാര്യം മാത്രം അയാള്‍ക്ക്‌ മനസ്സിലായി ..ഇന്ന് മുതല്‍ ഞാനും ഇവരില്‍ ഒരാളാണ് ..മക്കളും മരുമക്കളും ഒക്കെ ഉണ്ടായിട്ടും ആര്‍ക്കും വേണ്ടാത്ത ജന്മമായി , ഈ നടയില്‍ മരണംവരെ ഞാനുമുണ്ടാകും ....അനാഥനായി ....ഭഗവാന്റെ കാരുണ്യം മാത്രം പ്രതീക്ഷിച്ചുകൊണ്ട് ....

മക്കള്‍ ഉപേക്ഷിക്കും മുന്‍പേ ഞാന്‍  സ്വയം എത്തി കൃഷ്ണാ നിന്റെ കാരുണ്യത്തിനായി നിന്റെ സന്നിധാനത്തില്‍ ...ഈ പാപിയെ നീ സംരക്ഷിക്കണമെ എന്റെ കൃഷ്ണാ .......ഒഴുകിയിറങ്ങിയ കണ്ണുനീര്‍ അയാളുടെ വസ്ത്രം നനച്ചുകൊണ്ടിരുന്നു.


കഥ :പ്രമോദ്‌ കുമാര്‍.കെ.പി 
ചിത്രങ്ങള്‍ : കേരള വാട്ടര്‍ കളര്‍ സോസെറ്റി

14 comments:

  1. അവസാനം കൃഷ്ണനെങ്കിലും രക്ഷിക്കട്ടെ

    ReplyDelete
    Replies
    1. പാപികളെ രക്ഷിക്കുമോ കൃഷ്ണന്‍ ?

      Delete
  2. നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. നന്ദി ഇനിയും വരിക .സ്വന്തം പേരില്‍ ആയാല്‍ സന്തോഷം

      Delete
  3. വാര്‍ദ്ധക്യ ചിന്തകള്‍ ആലോചിച്ചാല്‍ ഒരു പിടിയും കിട്ടില്ല. പക്ഷെ മാതാപിതാക്കളെ നല്ല വിധത്തില്‍ നോക്കുന്നവര്‍ ധാരാളമുണ്ട്. ആര്‍ത്തി വരുത്തിവെച്ച മനുഷ്യന്റെ തിരക്ക് എവിടെയും പ്രശ്നം തന്നെ.

    ReplyDelete
    Replies
    1. ആര്‍ത്തി കൊണ്ടുള്ള ഇന്നത്തെ തിരക്കുകള്‍ തന്നെയാണ് ബന്ധങ്ങള്‍ തരുവാന്‍ കാരണം.ഇന്ന് ഞാന്‍ നാളെ നീ എന്ന ചിന്ത പോലും ഉണ്ടാകുനില്ല
      നന്ദി

      Delete
  4. ചില ആനുകാലിക സംഭവങ്ങള്‍ കഥയിലേക്ക് ഒതുക്കാന്‍ ശ്രമിച്ചപ്പോള്‍ പൂര്‍ണ്ണമായും വിജയിച്ചുവോ ഈ കഥ എന്ന് സംശയം , മനസിലുള്ള ചില പ്രതികരണങ്ങള്‍ കഥയില്‍ കൂടി വായനക്കാരെ അടിച്ചേല്‍പ്പിക്കുന്നതായി തോന്നി , അക്ഷരതെറ്റുകളും കാണുന്നു , കൊടുത്ത ചിത്രങ്ങള്‍ നന്നായിരിക്കുന്നു , എഴുത്ത് തുടരുക , ആശംസകള്‍ .,

    ReplyDelete
    Replies
    1. നന്ദി ഫൈസല്‍ക്ക.മനസ്സില്‍ വന്നത് ചിലതൊക്കെ കുറിച്ച് കൊണ്ടിരുന്നു എന്ന് മാത്രം.അക്ഷരതെറ്റുകള്‍ ഇല്ലാതാക്കുവാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.ചില അക്ഷരങ്ങള്‍ പി സി വഴങ്ങുനില്ല.നന്ദി

      Delete
  5. പച്ച ഇല കരുതും അതൊരിക്കലും പഴുക്കില്ലെന്നു....

    ReplyDelete
    Replies
    1. പലര്‍ക്കും പച്ചില ആയിത്തന്നെ ജീവിക്കുവാനാണ് ഇഷ്ട്ടം..അവനും ഉണങ്ങി പഴുക്കുമെന്നു അവന്‍ ചിന്തിക്കുനില്ല

      Delete
  6. അവനവന്‍ ചെയ്യുന്നത് അവനവനു കിട്ടുന്നു.
    നല്ല ഗുണപാഠകഥ
    ആശംസകള്‍

    ReplyDelete
    Replies
    1. നമ്മള്‍ മറന്നുപോകുന്ന ചില കാര്യങ്ങള്‍.

      Delete
  7. ഉപ്പു തിന്നവൻ വെള്ളം കുടിച്ചേ തീരൂ.

    ReplyDelete
  8. അത് എല്ലാവരുടെയും മനസ്സിലിലുണ്ടായിരുന്നെകില്‍ .....

    ReplyDelete