Wednesday, August 7, 2013

ഒരു പെരുന്നാള്‍ ദിവസം .

"ഹോ ...ഈ അലാറം ഉറക്കം നശിപ്പിച്ചു ..സാധാരണ ലീവ് ആണെങ്കില്‍ തലേന്ന് തന്നെ അത് ഓഫ്‌ ചെയ്തു വെക്കാരുള്ളതാണ് ..ഇന്നലെ അത് മറന്നിരിക്കാം ,എന്തായാലും ഉറക്കം പോയി "

എന്നാലും കിടക്കയിൽ നിന്നും എഴുനെല്‍ക്കുവാന്‍ തോന്നിയില്ല ..ഒന്നുകൂടി പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.ഇന്ന് പെരുന്നാള്‍ ആണ് .പക്ഷെ പാവപെട്ട പ്രവാസിക്ക് എന്ത് പെരുന്നാള്‍ ?അവനു എല്ലാ ദിവസവും പോലെ തന്നെ ഈ ദിവസവും..ലീവ് ആയതുകൊണ്ട് ജോലിക്ക് പോകേണ്ടെന്നു മാത്രം.ഭൂരിഭാഗം പ്രവാസികളുടെ സന്തോഷവും  ജീവിതവും ഉത്സവവും  ഒക്കെ നാട്ടില്‍ മാത്രമേ ഉള്ളൂ .അയാള്‍ അവിടുന്ന് പുറപ്പെടുമ്പോള്‍ പലരും അതൊക്കെ അവിടെ ഉപേക്ഷിച്ചു വരികയാണ്.പിന്നെ ഇവിടെ ഒരു യന്ത്രം പോലെ .....പിന്നെ ഓരോരോ ദിവസങ്ങള്‍നാട്ടിലെ നല്ല ഓര്‍മ്മകള്‍ കിനാവ്‌ കണ്ടു തള്ളിനീക്കുന്നു .അടുത്ത അവധിക്കുവേണ്ടി കാത്തിരിക്കുന്നു.പക്ഷെ അവധി കിട്ടിയാലും സാമ്പത്തിക സ്ഥിതി പലപ്പോഴും നാട്ടിലേക്ക് വിടാറില്ല..ഇവിടെ തന്നെ പിടിച്ചു നിര്‍ത്തും. മറ്റുള്ളവര്‍ക്ക് വേണ്ടി പല ജോലിയും സ്വയം ചെയ്യേണ്ടിവരുന്ന ഒരു കൂട്ടം ഹതഭാഗ്യര്‍.അതാണ്‌ പല പ്രവാസികളും .പലപ്പോഴും വിചാരിക്കാറുണ്ട് ഒരു തിരിച്ചു പോക്കിനായി ..പക്ഷെ കഴിയുനില്ല ..ഓരോരോ പ്രശ്നങ്ങള്‍ എന്നെ ഇവിടെ തന്നെ തളച്ചിടുന്നു.

അരുതാത്ത പ്രവർത്തികൾക്ക് പോയി കടം കയറി മുങ്ങി താണ ഹംസ ഹാജി എന്ന ഉപ്പയെ രക്ഷിക്കുവാന്‍ വേണ്ടി കടല്‍ കടന്നു.ഒരു വിധം കരകയറി എന്ന് വിചാരിച്ചപ്പോള്‍ കാന്‍സറിന്റെ രൂപത്തില്‍ ഉമ്മയുടെ മേല്‍ പടച്ചോന്റെ വിളയാട്ടം.കടങ്ങള്‍ കുറെ ബാക്കിയാക്കി ഉമ്മ എല്ലാവരെയും വിട്ടുപോയി ...പിന്നെ കടം വീടുവാന്‍, വീട് പുലര്‍ത്തുവാന്‍ ഇവിടെ തുടരേണ്ടി വന്നു.രണ്ടു സഹോദരിമാരെയും നിക്കാഹ് ചെയ്തു അയച്ചപ്പോഴെക്കും നടുവ് ഒടിഞ്ഞിരുന്നു..പെട്ടെന്ന് നിവരാന്‍ പറ്റാത്തവിധം ..അതോ .ഒരിക്കലും നിവരാൻ പറ്റാത്തവിധമോ ?

സ്വന്തമായ ഒരു ജീവിതം വേണം എന്ന തോന്നലുകള്‍ പോലും ഉണ്ടായില്ല.പക്ഷെ പലരുടെയും നിര്‍ബന്ധം കൂടിയപ്പോള്‍ സുഹിന ജീവിതത്തിലേക്ക് കടന്നുവന്നു.കല്യാണം കഴിക്കേണ്ട പ്രായം ഒക്കെ കഴിഞ്ഞിരുന്നു ..എന്നിട്ടും സുന്ദരിയായ യുവതി ജീവിതത്തിലേക്ക് കടന്നു വന്നത് അവളുടെ വീട്ടിലെ പ്രാരാബ്ധങ്ങള്‍ കൊണ്ട് മാത്രം...പാവം ആയിരുന്നു അവള്‍ .എല്ലാവരെയും അനുസരിക്കാന്‍ മാത്രം അറിയുന്ന പച്ച പാവം.ഇപ്പോഴും തനിക്കുവേണ്ടി പലതും സഹിച്ചു കഴിയുന്നു.പാവപെട്ട പ്രവാസിയുടെ ഭാര്യ ആയത് കൊണ്ട് മാത്രം ജീവിതം ഹോമിക്കപെട്ട അനേകം സ്ത്രീകളില്‍ സുഹിനയും ഉള്‍പ്പെടും.പത്തു പണ്ട്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഒന്നിച്ചു നിന്നത് ചുരുക്കം ചില മാസങ്ങള്‍ മാത്രം.രണ്ടോ മൂന്നോ വര്ഷം കൂടുമ്പോള്‍ ഒന്നോ ഒന്നര മാസമോ ലീവ് കിട്ടും.അത് മതിയായിരുന്നു തനിക്കും ...കൂടുതല്‍ അവധിദിവസങ്ങള്‍ ഉണ്ടായാല്‍ വരുമാനം കുറയും നാട്ടില്‍ നില്‍ക്കുവാനുള്ള ചിലവ് വേറെയും...കടങ്ങള്‍ തലയ്ക്കു ചുറ്റുമുള്ള സാധാരണ പ്രവാസിക്ക് നെഞ്ചില്‍ എപ്പോഴും തീയാണ് ..അവനു സന്തോഷങ്ങള്‍ പുറമേ മാത്രമേ ഉള്ളൂ ...അവനെ സ്നേഹിക്കുന്നവരെ വിഷമിപ്പിക്കാതിരിക്കുവാന്‍ അവന്‍ എപ്പോഴും സന്തോഷം അഭിനയിക്കുകയാണ്.നാട്ടുകാരുടെ ഇടയില്‍ വലിയ പുള്ളി ആയിരിക്കും.പക്ഷെ കടം വാങ്ങിയാണ് നാട്ടില്‍ നില്‍ക്കുന്നത് എന്ന സത്യം ആര്‍ക്കും അറിയില്ല ആരെയും അറിയിക്കാറില്ല എന്നതാണ് സത്യം..ഈ അഭിനയം തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി ...നിര്‍ത്താമെന്നു വിചാരിച്ചാലും നടക്കില്ല ..അത്രയധികം ബാധ്യതകള്‍ തന്നെ മൂടിയിരിക്കുന്നു.അത് ചുറ്റും നിന്നും തന്നെ ആക്രമിക്കുന്നു.

എന്തായാലും ഒന്ന് വീട്ടിലേക്കു വിളിക്കാം .പെരുന്നാള്‍ അല്ലെ ..ജാംശീര്‍ മോനെ ഇന്നലെ വിളിച്ചപ്പോള്‍ കിട്ടിയതുമില്ല .അവന്‍ കളിയ്ക്കാന്‍ പോയിരുന്നു.മെല്ലെ പുതപ്പിനുള്ളില്‍ നിന്നും അയാള്‍ പുറത്തേക്കിറങ്ങി.ഉപ്പയാണ് ഫോണ്‍ എടുത്തത്.

"ഇഞ്ഞി  ഇന്നലെയല്ലട ബിളിച്ചത് ബലാലെ ...പിന്നെ ഇന്ന് ബീണ്ടും ..കായി വെറുതെ പോകില്ലെട ഹമുക്കെ ...കടമകൾ മറക്കണ്ടാ ...."

"ഉപ്പ ..ഇന്നലെ മോനെ കിട്ടിയില്ല അതോണ്ട .."

ഉപ്പയുടെ കടം വീട്ടാനാണ് ഞാൻ ഇവിടേയ്ക്ക് വന്നത്.പിന്നെ പലതും ഉപ്പ തന്നെ തലയിലേക്ക് വെച്ച് തന്നു.താൻ എതിരൊന്നും പറഞ്ഞില്ല .എല്ലാം എന്റെ കടമകൾ ആയി കരുതി.എന്നിട്ട് ഉപ്പ ഇപ്പോൾ തന്നെ ഉപദേശിക്കുന്നു.പണം നശിപ്പിക്കാതിരിക്കാൻ ...കടമകൾ മറക്കാതിരിക്കാൻ ജാംശീര്‍ മോന്റെ ശബ്ദം മറുതലക്കു  വന്നപ്പോൾ കണ്ണുകൾ തുടച്ചു .

"ഉപ്പ എപ്പോഴാ വരിക ?' അവന്റെ സ്ഥിരം ചോദ്യം .

"വരാം മോനെ ..മോന്റെ  സ്കൂൾ  അടക്കുമ്പോൾ വരാം "

"എന്നിട്ട് നമുക്ക് വണ്ടർലയിൽ പോകണം ...എന്റെ കൂട്ടുകാര്  ഒക്കെ പോയി വന്നു ..."

"ങ്ഹാ ..പോകാം മോനെ ..." കളവാണ് പറയുന്നത് എന്നറിഞ്ഞിട്ടും പറയേണ്ടി വന്നു.സ്കൂൾ അടക്കുന്ന സമയത്ത് ലീവ്  കിട്ടാൻ സാധ്യതയില്ല .പക്ഷെ അവനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി..

"ഉപ്പ ..ഇന്ന് പെരുന്നാൾ  അല്ലെ ..ഞാൻ പുതിയ ഉടുപ്പാണ് ഇട്ടിരിക്കുന്നത്...ഇപ്പൊ പള്ളീൽ പോയി വന്നിട്ടേ ഉള്ളൂ ...ഉപ്പ പള്ളീല്‍ പോയോ ?ഉപ്പയും പുത്തൻ ഉടുപ്പാണോ ഇട്ടിരിക്കുന്നത് .."

ഒരു കരച്ചിൽ തൊണ്ടയിൽ കുരുങ്ങി ..വീണ്ടും കള്ളം പറഞ്ഞു.

"അതെ .പുത്തന്‍ ഉടുപ്പാ ....."വെറുതെ എന്റെ പഴകിയ കുപ്പായത്തിലേക്ക് നോക്കി പോയി.

"ഉമ്മ ബിരിയാണി ഉണ്ടാക്കുകയ .....ഉപ്പക്കും ഇന്ന് ബിരിയാണി തന്നെയല്ലേ ?"

"ങ്ങും " കളവുകള്‍ പറയുന്നത് കൂടി വന്നു.

പിന്നെയും അവൻ ഓരോരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു .അവന്റെ കൂട്ടുകാരെ കുറിച്ചും സ്കൂളിലെ കാര്യങ്ങളും ഒക്കെ...കാര്യം ഒന്നുമില്ലെങ്കിലും അവനു അതൊക്കെ ഭയങ്കര സംഭവങ്ങൾ തന്നെ ആയിരുന്നു.പിന്നില്‍ നിന്നും ഉപ്പയുടെ ശബ്ദം കേട്ട് തുടങ്ങി.അതടുത്തടുത്തു വന്നു .പെട്ടെന്ന് ഫോണ്‍ കട്ട് ആയി.ഉപ്പ ചെയ്തതായിരിക്കാം.എന്റെ പണം പോകരുതല്ലോ .

പെരുന്നാൾ ദിനം ആണ്.ഒന്നിനും ഒരു താല്പര്യം തോന്നുനില്ല.രാവിലെ തന്നെ പള്ളിയിലെങ്കിലും പോകേണ്ടതായിരുന്നു.പക്ഷെ അത് കൂടി താൻ മുടക്കുന്നു.എന്ത് പറ്റി തനിക്ക് ?ഇങ്ങിനെ ഇതുവരെ ഉണ്ടായിട്ടില്ല.പെരുന്നാൾ ദിവസം ഇവിടെ എനിക്ക് ഒരിക്കലും ആഘോഷവും ഒന്നും ഉണ്ടാകാറില്ലെങ്കിലും നിസ്കാരം കൃത്യമായി ചെയ്യാറുണ്ട്.പക്ഷെ ഇന്ന് ...അതും മുടങ്ങുന്നു ....വീണ്ടും കട്ടിലിലേക്ക്  ചാഞ്ഞു ..

മനസ്സ് ചെറൂപ്പകാലത്തേക്ക്  ഓടിപോയി.സമ്പന്നതയുടെ മടിയിലെ കുട്ടികാലം.എല്ലാ പെരുനാളിനും വിലകൂടിയ ഡ്രെസ്സും കയ്യില്‍ നിറയെ സക്കാത്തു  പണവും..ചില കൂട്ടുകാര്‍ക്ക് തന്നോട് അസൂയയായിരുന്നു..അടുത്ത കൂട്ടുകാരുമായി പള്ളിയിലോക്കെ ഒന്നിച്ചു പോകും ..പക്ഷെ സുധിയെയും സുനിയെയും മാത്രം  പള്ളിയില്‍ കയറ്റില്ല ...അവരുടെ അമ്പലത്തില്‍ എന്നെയും ...പക്ഷെ നമ്മള്‍ ഒന്നിച്ചു പോകും ആ ഗേറ്റ് വരെ മാത്രം
..
 എന്തുകൊണ്ടാണ് നമ്മളെ ഉള്ളിലേക്ക്  വിടാത്തത് എന്ന് മനസ്സിലാക്കുവാന്‍ പിന്നെയും വര്‍ഷങ്ങള്‍ എടുത്തു.അവര്‍ പള്ളിക്ക് പുറത്തു കാത്തു നില്‍ക്കും.പള്ളിയില്‍ നിന്നും കിട്ടുന്ന ഭക്ഷണസാധനങ്ങള്‍  അവര്‍ക്കും പങ്കിടും .അങ്ങിനെ പലതും പങ്കിട്ടു നല്‍കിയ ബാല്യകാലം.

ഒരു നോമ്പ് കാലം.എല്ലാ നോമ്പും എടുക്കണം എന്ന വാശി .ആദ്യം ഒന്ന് രണ്ടു ദിവസം ഉച്ച ആയപ്പോഴേക്കും മുറിഞ്ഞു.ആരും കാണാതെ ജനുവേച്ചിയുടെ അടുക്കളയില്‍ നിന്നും വെള്ളം കട്ട് കുടിച്ചു.പക്ഷെ അത് ജനുവേച്ചി  കണ്ടു .മനം നൊന്ത  ചേച്ചി അപ്പോള്‍ തന്നെ ചോറും കറിയും തന്നു ഞാന്‍ വാരി വലിച്ചു തിന്നു..ആര്‍ത്തിയോടെ തിന്നുന്നത് ജനുവേച്ചി നോക്കി കണ്ടു..മക്കളായ സുനിയോടു പോലും പറയില്ല എന്ന ഉറപ്പില്‍ ആണ് ഞാന്‍ ചോറ് തിന്നത് തന്നെ....പിറ്റേന്ന് മുതല്‍ സുനിയും സുധിയും കൂടി എന്നോടൊപ്പം നോമ്പിന് കൂടി ..ആ കൊല്ലം നമ്മള്‍ രണ്ടു മൂന്നെണ്ണം ഒഴിഞ്ഞു ...അപ്പോഴും ശരണം ജനുവേച്ചിയുടെ അടുക്കള തന്നെ ആയിരുന്നു.വൈകുന്നേരം എന്റെ വീടും...ഉമ്മക്ക് എല്ലാവരും ജനുവേച്ചിയെപോലെ സ്വന്തം മക്കള്‍ തന്നെ ആയിരുന്നു.ആയിഷയും ,ശബാനയും ,അമ്മുവും ,സുധിയും,സുനിയും എല്ലാവരും ഒരുമിച്ചു കളിച്ചു വളര്‍ന്നു.പക്ഷെ ഉപ്പക്കു അവരൊക്കെ വീട്ടില്‍ വരുന്നത്  തീരെ ഇഷ്ടം അല്ലായിരുന്നു.അത് കൊണ്ട് തന്നെ ഉപ്പ ഉള്ളപ്പോള്‍ അവര്‍ കളിയ്ക്കാന്‍ വരാറില്ല.ആയിഷയും ,ശബാനയും,ഞാനും അങ്ങോട്ടും പോകില്ല.

നമ്മള്‍ വളരുന്ന മുറക്ക്  നമ്മുടെ ബന്ധവും നല്ല രീതിയില്‍ വളര്‍ന്നു.പക്ഷെ ഉപ്പ പലപ്പോഴും അത് പലവിധത്തില്‍ എതിര്‍ത്തു.ആയിടക്ക് രാമേട്ടനും  ഉപ്പയും തമ്മില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായി.അങ്ങിനെ നില്‍ക്കകളിയില്ലാതെ അവര്‍ നമ്മുടെ  നാട്ടില്‍ നിന്നും വീട് വിട്ടു പോവേണ്ടി വന്നു..ഉപ്പയുടെ എന്തോ കൊള്ളരുതായ്മകള്‍ രാമേട്ടന്‍ കണ്ടുപിടിച്ചതിനു കൊടുത്ത വലിയ ശിക്ഷ. ഉപ്പക്കു പിന്നില്‍ വലിയൊരു ശക്തിതന്നെ ഉണ്ടായിരുന്നു.പണം കൊണ്ട് നേടിയെടുത്ത ശക്തി.അത് മുന്‍കൂട്ടി മനസ്സിലാക്കിയ  രാമേട്ടന്‍ അതിനെതിരു നില്ക്കാന്‍ പറ്റാതെ പിന്‍വാങ്ങുകയായിരുന്നു.അങ്ങിനെ വലിയൊരു സൌഹൃദം മാഞ്ഞുപോകുകയായിരുന്നു.പക്ഷെ അവരുടെ പ്രാക്കോ ശാപമോ എന്തോ പിന്നീട് അങ്ങോട്ട്‌ ഉപ്പയുടെ നില വഷളാവുകയായിരുന്നു.രാമനോട് ചെയ്തതിനു പടച്ചോന്‍ കൊടുക്കുന്നതാണെന്നു നാട്ടുകാരോക്കെ പറഞ്ഞു തുടങ്ങി ...ഉമ്മയും മക്കളായ നമ്മള്‍ പോലും അങ്ങിനെ കരുതി.ഉപ്പക്ക് തൊടുന്നതെല്ലാം പിഴച്ചു ...പിന്നെ അതില്‍ നിന്നും ഒരിക്കലും കരകയറുവാന്‍ ഉപ്പക്കു കഴിഞ്ഞില്ല.

സമയം ഉച്ചയോടടുക്കുന്നു .നാസ്ത പോലും കഴിച്ചില്ല ..എന്തിനു പല്ലുപോലും തേച്ചു വൃത്തിയാക്കിയില്ല.പിന്നെയല്ലേ നാസ്ത..ഭാഗ്യം ചെയ്തവര്‍ ഒക്കെ ഇന്ന് ഇപ്പോള്‍ ബിരിയാണിയുടെയും നല്ല ശാപ്പടിന്റെയും  നടുവില്‍ ആയിരിക്കും. പുത്തന്‍ ഉടുപ്പുകള്‍ അണിഞ്ഞു നില്‍ക്കുന്ന അവര്‍ക്ക് മനസ്സിലും പുറത്തും ആഘോഷം ആയിരിക്കും.ജാംശീര്‍ മോനും ആ ഭാഗ്യം ചെയ്തവരുടെ പട്ടികയില്‍ ഉണ്ടല്ലോ അത് മാത്രമാണ്‌ ആശ്വാസം.സുഹിന ..പാവം ഞാന്‍ എന്തെങ്കിലും കഴിച്ചോ എന്ന ചിന്തയില്‍ ചോറ് ഇറക്കാന്‍ പാടുപെടുകയായിരിക്കും.കണ്ണുനീര്‍ ഒലിചിറങ്ങുന്നതു ഞാൻ അറിയുന്നുണ്ടായിരുന്നു.

എനിക്ക് എല്ലാം ഉണ്ട് പക്ഷെ ഒന്നുമില്ലാത്തതുപോലെ  ...എന്ന് തീരും എന്റെ ഈ ഗതികേട് ?എന്നെങ്കിലും തീരുമോ ?അല്ലെങ്കില്‍ മരണംവരെ ചിലരെ സന്തോഷിപ്പിച്ചു കൊണ്ടും വേണ്ടപെട്ടവരെ ദുഖത്തിലാഴ്ത്തി കൊണ്ടും എരിഞ്ഞു തീരേണ്ടി വരുമോ ഇവിടെ തന്നെ ..?കൂടുതൽ ചിന്തിക്കാൻ മിനക്കെടാതെ ഞാൻ വീണ്ടും പുതപ്പിനുള്ളിലേക്ക് മുഖം പൂഴ്ത്തി.ഈ പെരുന്നാൾ ദിനത്തിൽ കൂടി നോമ്പ് എടുത്തു കൊണ്ട് എന്നെ ഇങ്ങിനെ ആക്കിയ പടച്ചവനോടുള്ള വാശി തീര്‍ത്തുകളയാം.അപ്പോൾ അത് മാത്രമാണ് മനസ്സില് തോന്നിയത് .


കഥ :പ്രമോദ്‌ കുമാര്‍.കെ.പി
.




11 comments:

  1. ജീവിതപാഠങ്ങള്‍!

    ReplyDelete
    Replies
    1. ചില അനുഭവ പാഠങ്ങള്‍

      Delete
  2. ഒരു സാധാരണ പ്രവാസിയുടെ ആത്മനൊമ്പരം നന്നായി വരച്ചു കാട്ടി ,
    ആശംസകൾ പ്രോമോദേട്ടാ .

    ReplyDelete
    Replies
    1. സാകീര്‍ ഭായ് ഒരു ഗ്രൂപ്പില്‍ ഇട്ട ഫോട്ടോ പോസ്റ്റ്‌ ആണ് ഇതിനു പ്രചോദനം ...കുറെയേറെ ഇത്തരം ജീവിതങ്ങള്‍ കണ്മുന്നില്‍ ഉള്ളപ്പോള്‍ കാര്യങ്ങള്‍ വിവരിക്കുവാന്‍ എളുപ്പമായി

      Delete
  3. വളരെ നല്ല കഥ. അതിലേറെ കഥയിലെ കാര്യങ്ങൾ. ആശംസകൾ

    ReplyDelete
    Replies
    1. പ്രവാസ ജീവിതത്തില്‍ ഇതുപോലുള്ളവര്‍ കുറെ വന്നു പോയിട്ടുണ്ട് ...അവരുടെ ദൈന്യത ,സ്വപ്നം ഒക്കെ കണ്മുന്നില്‍ ഉണ്ടായിരുന്നു.

      Delete
  4. മറ്റുള്ളവരുടെ സുഖം കാംക്ഷിക്കുന്നവരുടെ വ്യഥകള്‍....
    ആശംസകള്‍

    ReplyDelete
    Replies
    1. മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം ഉരുകി തീരുന്നവര്‍ ആണ് കുറെ പ്രവാസികള്‍.

      Delete
  5. നന്നായി ജീവിതം ചിത്രീകരിച്ചു, ആശംസകള്‍

    ReplyDelete
  6. നന്നായിട്ടുണ്ട് ഈ ജീവിത നൊമ്പരങ്ങൾ ....

    ReplyDelete
  7. നന്ദി കൂട്ടുകാരെ ...ഇനിയും വരിക വായിക്കുക ,പോസ്റ്റ്‌ നല്ലതായാലും മോശം ആയാലും അഭിപ്രായങ്ങള്‍ രേഖപെടുത്തുക ...

    ReplyDelete