Friday, August 2, 2013

അവര്‍ കരുതിവെച്ചത് ...

നാട്ടിലെ വായനശാല നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്.അത് കൊണ്ട് തന്നെ ആഘോഷം നല്ല രീതിയില്‍ വിപുലമായി നടത്തേണ്ടതുണ്ട്.ജാതി മത രാഷ്ട്രീയ ഭേദ്യമെന്യേ നാട്ടുകാരെ മുഴുവന്‍ സഹകരിപ്പിക്കണം എന്നാണ് കമ്മിറ്റികാരുടെ ആവശ്യം..അതിനാണ് ഇന്ന് ജനറല്‍ ബോഡി വിളിച്ചിരിക്കുന്നത്.ഇപ്പോള്‍ തന്നെ പത്തിരുനൂര്‍ ആളുകള്‍ വന്നിട്ടുണ്ട്.ഇനിയും വരാനുണ്ട്.ഇവരില്‍ നിന്നും ഒക്കെ കൂടി ഒരു കൂട്ടായ തീരുമാനം ആണ് ഇപ്പോഴത്തെ ഭരണസമിതി പ്രതീക്ഷിക്കുന്നത്.ഇവരില്‍ ഉള്ള കുറച്ചുപേരെ കൂടി ഉള്‍പ്പെടുത്തി ഒരു സംഘാടക സമിതിയും മറ്റു ആഘോഷ കമ്മിറ്റികളും ഉണ്ടാക്കണം.പരിപാടി ഗംഭീരം ആക്കുകയും വേണം.





ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒടുവില്‍ എല്ലാറ്റിനും ഒരു ഏകദേശ ധാരണയായി.പക്ഷെ ഉൽഘാടകന്റെ കാര്യത്തിൽ  മാത്രം തര്‍ക്കം നിലനിന്നു. നമ്മുടെ നാട്ടിലെ അറിയപെടുന്ന എഴുത്തുകാരന്‍ അബു സത്താര്‍വേണം എന്ന് ഒരു വിഭാഗം.അയാള്‍ നിഷേധിയും ദൈവഭയമില്ലാത്തവന്‍ ആണെന്നും അയാള്‍ വേണ്ടെന്നും നമ്മുടെ എം എല്‍ എ   കരീം സാഹെബ്  മതിയെന്ന്  രാഷ്ട്രീയമായി മാത്രം ചിന്തിക്കുന്ന മറുവിഭാഗം.ഈ അടുത്തകാലത്തായി അബു സത്താർ മറുപക്ഷ ചിന്തകൻ ആണെന്ന് അവർക്ക് തോന്നി തുടങ്ങിയിരുന്നു.അയാളുടെ എഴുത്തുകളില്‍ കൂടി ,പ്രസംഗങ്ങളില്‍ കൂടി ..പക്ഷെ അയാള്‍ എതിര്‍ത്തത് വര്‍ഗീയമായി ചിന്തിക്കുന്ന രാഷ്ട്രീയമായിരുന്നു.. ചര്‍ച്ചകള്‍ മുറുകി ..സമയം കുറെയായിട്ടും പക്ഷെ തീരുമാനം മാത്രം വന്നില്ല.ജയിച്ചതിനു ശേഷം മണ്ഡലത്തിൽ കാര്യമായി ഒന്നും ചെയ്യാത്ത എന്തിനു തന്റെ ആവശ്യങ്ങൾക്കല്ലാതെ വരികപോലുമില്ലാത്ത എം എൽ എ യെ എല്ലാവരും വെറുത്തു തുടങ്ങിയ സമയവുമായിരുന്നു അത്.പക്ഷെ വല്ലതും തടയുന്ന അനുയായികള്‍ മാത്രം ഒച്ചാനിച്ചു നിന്നു .

കഴിഞ്ഞ തവണത്തെ രാമവര്‍മ അവാര്‍ഡ്‌ കിട്ടിയ അബു സത്താറിനെ ആദരിക്കുക കൂടിയാകണമീ  പരിപാടി  അത് കൊണ്ട് അയാളെ തന്നെ ഉൽഘാടകനാക്കണം എന്ന് ഒരു വിഭാഗം വാദിച്ചു കൊണ്ടേയിരുന്നു.അത് വേണ്ട നമ്മുടെ നാട്ടുകാരന്‍ ആയ എം എല്‍ എ യെ ഉൽഘാടനത്തിൽ  കുറഞ്ഞു ഒന്നിനും സഹകരിപ്പിക്കുന്നതിനു യോജിപ്പില്ലെന്നും മതത്തിന്റെ മുഖംമൂടി അണിഞ്ഞ രാഷ്ട്രീയകാര്‍..അവസാനം ഭൂരിപക്ഷം നടപ്പാക്കണം എന്ന് തീരുമാനമായി.അതില്‍ അഥവാ അബുസത്താര്‍ വിഭാഗം വിജയി ആയാൽ മറ്റുള്ളവര്‍ സഹകരിക്കില്ല എന്ന നിലപാട് സ്വീകരിച്ചു.അവര്‍ക്ക് ഒക്കെ രാഷ്ട്രീയമായി മുന്നോട്ടു പോകണം.അവര്‍ക്ക് എന്ത് വായന ,എന്ത് വായനശാല  ...അവര്‍ നമ്മൾപിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്നാ നിലയില്‍ ഉറച്ചു നിന്നു.

വായനശാല കമ്മിറ്റി പ്രതിസന്ധിയിലായി.ഒരു വിഭാഗം സഹകരിച്ചില്ലെങ്കില്‍ പരിപാടി പൊളിയും.അതും രാഷ്ട്രീയകാരെ പിണക്കി  പരിപാടി വിജയിപ്പിക്കുവാൻ പറ്റില്ല.വായനശാല കമ്മിറ്റിക്കാർ ആലോചിച്ചു.സിക്രട്ടറി ആദ്യം രാഷ്ട്രീയകാരിൽ ചിലരെ വിളിച്ചു സംസാരിച്ചു ,പിന്നെ മറു വിഭാഗത്തെയും .അവരിൽ ചിലര്‍ രഹസ്യമായി സിക്രട്ടറിയോടു എന്തോ കാതില്‍ പറഞ്ഞു .അങ്ങിനെ അവസാനം ഉത്ഘാടനം   എം എൽ എ യും അധ്യക്ഷൻ അബുവും ആണെന്ന് തീരുമാനമായി.മതം കൊണ്ട് കളിക്കുന്ന രാഷ്ട്രീയകാര്‍ കൈ അടിച്ചു ..നാട്ടുകാരെ നോക്കാത്ത എം എല്‍ എ ക്ക് പണി കൊടുക്കണം എന്ന് വിചാരിച്ചവര്‍ നിരാശരായി.

ഉദ്ഘാടന ദിവസം വന്നു.പതിവുപോലെ തന്നെ എം എല്‍ എ വരുവാന്‍ വൈകി കൊണ്ടിരുന്നു.അബു സത്താര്‍ നേരത്തെ തന്നെ വന്നിരുന്നു.അവസാനം ഒന്ന് ഒന്നര മണിക്കൂര്‍ വൈകി എം എൽ എ  എത്തി.പരിപാടികള്‍ ആരംഭിച്ചു.അതിനിടയില്‍ ചിലര്‍ ചേര്‍ന്ന് ഒരു കൂറ്റന്‍ നിലവിളക്ക് സ്റ്റേജിലേക്ക് കൊണ്ടുവന്നു വെച്ചു .

സിക്രട്ടറി ഉദ്ഘാടനം നടത്തുവാന്‍ എം എല്‍ എ യെ ക്ഷണിച്ചു.രാഷ്ട്രീയക്കാരുടെ കയ്യടിയുടെ അകമ്പടിയോടെ അയാള്‍ എഴുനേറ്റു.നാട്ടിലെ തരുണീമണികള്‍ ദീപം കൊണ്ടുവന്നു എം എല്‍ യുടെ കയ്യില്‍ കൊടുത്തപ്പോള്‍ അനൌണ്സ് മെന്റ്  ഉണ്ടായി.

"നമ്മുടെ പ്രിയപ്പെട്ട എം എല്‍ എ ഇപ്പോള്‍ വിളക്ക് തെളിയിച്ചു കൊണ്ട് ഈ വായനശാലയുടെ നൂറാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുന്നു."

എം എല്‍ എ ..ഞെട്ടി.നിലവിളക്ക്  കൊളുത്തുന്നത് വേറെ മതങ്ങളുടെ ആചാരം ആണെന്നും നമ്മുടെ  മതത്തിനും പാർട്ടിക്കും  അത് നിഷിദ്ധം ആണെന്നും പ്രസംഗിച്ചു നടന്ന എം എല്‍  എ എങ്ങിനെ നിലവിളക്ക് കൊളുത്തും.അയാള്‍ അത് പറ്റില്ല എന്ന് തീര്‍ത്ത്‌ പറഞ്ഞു..

"വിളക്ക് പ്രകാശം ആണ് ...നിരക്ഷരതഎന്ന അന്ധകാരത്തിൽ നിന്നും സാക്ഷരതയിലേക്ക് എത്തിക്കുന്ന വെളിച്ചമാണ് ..അത് ദിവ്യമാണ് .അതിനു ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല .. .ഇത് അക്ഷരങ്ങള്‍ കൂടിചേരുന്ന വായനശാലയുടെ ആഘോഷമാണ്..അത് കൊണ്ട് വെളിച്ചത്തിൽ നിന്നും തന്നെ തുടങ്ങണം ......."

എന്തൊക്കെ പറഞ്ഞിട്ടും അയാൾ  തയ്യാറായില്ല.അയാള്‍ പറഞ്ഞ മുരട്ടുവാദങ്ങള്‍ ഒക്കെ ഓഫ്‌ ചെയ്യാത്ത മൈക്കിലൂടെ ജനം കേട്ട് കൊണ്ടിരുന്നു.അവര്‍ കൂവി തുടങ്ങി.അവര്‍ക്ക് കിട്ടിയ അവസരം അവര്‍ ശരിക്ക് വിനിയോഗിക്കുവാന്‍ തുടങ്ങി.കാര്യങ്ങള്‍ വിചാരിച്ചത് പോലെ തന്നെ എത്തി എന്ന് നിശ്ചയമായപ്പോള്‍ സിക്രട്ടറി മൈക്ക്  കയ്യിലെടുത്തു കൊണ്ട് പറഞ്ഞു.

"പ്രിയപ്പെട്ട നാടുകാരെ ,നമ്മുടെ എം എല്‍ എ നിലവിളക്ക് കത്തിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ചത് കൊണ്ട്  നമ്മുടെ നാടിന്റെ  പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീ അബു സത്താര്‍ ഈ വായനശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കണം എന്ന് അപേക്ഷിക്കുന്നു....."

ജനങ്ങള്‍ക്കിടയില്‍ നിന്നും ഒരു ആരവം ഉണ്ടായി.ഉദ്ഘാടനം കഴിയുംവരെ അവര്‍ കയ്യടിച്ചു കൊണ്ടിരുന്നു.അപമാനിതനായി പുറത്തേക്ക് ഇറങ്ങിയ എം എൽ  എ യെ നാട്ടുകാർ കൂവി വിളിച്ചു .ജനങ്ങളിൽ നിന്നും വോട്ടു  വാങ്ങി ജയിച്ചാൽ മാത്രം പോര അവരുടെ ക്ഷേമം കൂടി അന്വേഷിക്കണം എന്ന് അയാൾക്ക്‌ അപ്പോൾ തോന്നിയിരിക്കുമോ ?ആവോ ?

പിന്തുണയ്ക്കുന്ന ജനമാണ്  അയാളുടെ ശക്തി എന്നറിയാമെങ്കിലും  മതവും രാഷ്ട്രീയവും  തന്നെ എപ്പോഴും പിന്തുണക്കും എന്ന് കരുതിയതായിരുന്നു അയാൾക്ക് പറ്റിയ തെറ്റ്.ഇന്ന് പല നേതാക്കളുടെയും ന്യുനതയും ഇതുതന്നെ.ജനത്തിന്റെ മനസ്സ് ഒന്ന് മാറിയാൽ താഴെ വീഴുന്നതാണ് തന്റെ കസേര എന്ന് അറിയാവുന്നവർ അത് കൊണ്ട് തന്നെ നല്ലതുപോലെ അവരുടെ ക്ഷേമം കാക്കുവാൻ പ്രയത്നിക്കുന്നു.അത്തരകാർക്ക്  വിജയമായിരിക്കും പരാജയത്തെകാൾ  കൂടുതൽ രുചിക്കുവാൻ കഴിയുക.എല്ലാ ജനനേതാക്കളും അങ്ങിനെ ചിന്തിച്ചിരുന്നുവെങ്കിൽ നമ്മുടെ നാട് എന്നെ നന്നായേനെ ..അല്ലെ ?

-പ്രമോദ് കുമാർ .കെ.പി
കാര്‍ടൂണ്‍ :ഗൂഗിള്‍







18 comments:

  1. അധികാരം കൈയ്യടക്കാന്‍ എല്ലാ കുറുക്കു വഴികളും ഉപയോഗപ്പെടുത്തി, അത് കയ്യിലെത്തിക്കഴിഞ്ഞാല്‍, ജയിപ്പിച്ചു വിട്ട ജനങ്ങളെയും നമ്മുടെ നാടിന്‍റെ സംസ്കാരത്തെയും മറന്നു, അവര്‍ക്ക് സഞ്ചരിക്കാന്‍ ജില്ലകള്‍ തോറും വിമാനത്താവളങ്ങളും, അവര്‍ക്ക് ഷോപ്പിംഗ്‌ ചെയ്യാന്‍ ഷോപ്പിംഗ്‌ മാളുകളും ഉണ്ടാക്കുന്നതില്‍ കവിഞ്ഞ് ഒന്നും ഇങ്ങനെയുള്ളവരില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല. മറിച്ചു ചിന്തിക്കുന്ന ജനങ്ങളും ഇപ്പോള്‍ ഇതിനൊക്കെ എതിരായി പ്രതികരിച്ചു തുടങ്ങിയിക്കുന്നു എന്നതില്‍ ആശ്വസിക്കാം----- എങ്കിലും നിയമം കയ്യിലെടുക്കുന്നത് തെറ്റ് തന്നെയാണ് താനും-- ഏതു നാട്ടില്‍ ജീവിക്കുന്നുവോ, അവിടുത്തെ സംസ്കാരത്തെ മാനിക്കാന്‍ തയ്യാറായാല്‍ അവരവര്‍ക്ക് നന്ന്-- ഇല്ലേ?

    ReplyDelete
  2. പലപ്പോഴും നമ്മള്‍ നമ്മുടെ വില അറിയുനില്ല.നമ്മളാണ് രാജാവ്.നമ്മള്‍ ഉണ്ടെങ്കിലെ മന്ത്രിയും ജനപ്രതിനിധികളും ഉള്ളൂ ..പക്ഷെ എത്ര പേര്‍ ഇത് മനസ്സിലാക്കുന്നുണ്ട് ?

    ReplyDelete
  3. ഇതു നമ്മള്‍ എപ്പോഴും കാണുന്ന കാര്യമല്ലേ..മലബാറുകാര്‍ക്ക് ആണ് കാണാന്ന്‍ കൂടുതല്‍ യോഗമെന്ന് തോന്നുന്നു.നന്നായി അവതരിപ്പിച്ചിരിക്കുന്നു......

    ReplyDelete
    Replies
    1. മനസ്സ് ഇരുണ്ട കുറെയെണ്ണം ഉണ്ട് ....അവര്‍ക്ക് ഇപ്പോഴും ദീപം ഒരു മതത്തിന്റെതാന് താനും .എല്ലാം മതത്തിന്റെ ചട്ടകൂട്ടില്‍ കാണുന്ന ഇവറ്റകളെ എന്ത് ചെയ്യാന്‍...സഹതപിക്കുക അത്ര തന്നെ.ചിലര്‍ പറയുകയാ സ്വിച് ഇട്ടാല്‍ കത്തുന്ന പ്രകാശം ഉള്ളപ്പോള്‍ എന്തിനു നിലവിളക്ക് കത്തിക്കണം എന്ന് .....അവരോടൊക്കെ എന്തുപറയാന്‍?

      Delete
  4. നാട് കുട്ടിച്ചോരാക്കുന്നവരെ
    പറ്റിയുള്ള ചില ഉത്തമ ഉദാഹരണങ്ങൾ...

    ReplyDelete
    Replies
    1. ഇവരാണ് നമുക്ക് എന്നും ഭീഷണി ...ഇത്തരക്കാര്‍ മനസ്സ് ഇപ്പോഴും എല്ലായ്പ്പോഴും ഇടുങ്ങിയതായിരിക്കും.എത്ര വിദ്യ കിട്ടിയാലും ഒരു ചട്ടക്കൂട് വിട്ടു പുറത്തു വരില്ല

      Delete
  5. ഗ്രന്ഥശാലയേയും,ഗ്രന്ഥശാലാപ്രസ്ഥാനത്തിന്‍റെ പ്രസക്തിയേയും പറ്റി
    മനസ്സിലാക്കത്തവരെ ഇത്തരം ചടങ്ങില്‍ എഴുന്നള്ളിച്ചാല്‍ ഇങ്ങനെയൊക്കെയാകും...
    നന്നായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
    Replies
    1. ചിലര്‍ക്ക് എല്ലാറ്റിലും ഇടപെടണം ....ഒന്നും അറിയില്ല എങ്കില്‍ കൂടി...പഠിക്കുന്ന സമയത്ത് ബസ്സിനും മറ്റും കല്ലെറിഞ്ഞു ഉണ്ടാക്കിയ നേതാവിന്‍ പട്ടം അവര്‍ക്ക് ആഘോഷിക്കപെടണം ,അല്ലാതെ ജന സേവനത്തിനല്ല ജനപ്രതിനിധി ആകുന്നതു ഇവരെ പോലുള്ളവര്‍

      Delete
  6. വെളിച്ചം വേണം

    ReplyDelete
    Replies
    1. ഇരുണ്ടു കിടക്കുന്ന നമ്മളുടെ മനസ്സിലാണ് പ്രകാശം വേണ്ടത്

      Delete
  7. നമ്മുടെ നാടിന്‍റെ സംസ്കാര പാരംബര്യത്തിന്റെ പ്രതീകമാണ്‌ വിളക്ക് കത്തിച്ചു തുടങ്ങുക എന്നത്. എല്ലാത്തിലും മതവും രാഷ്രീയവും ചേര്‍ക്കുന്നവര്‍, അവര്‍ക്കെന്തു വായനശാല.

    ReplyDelete
    Replies
    1. പാരമ്പര്യം ഉള്ളവര്‍ക്കല്ലേ സംസ്കാരം എന്താണെന്ന് മനസ്സിലാക്കുവാന്‍ കഴിയൂ ...നമ്മുടെ അബ്ദുല്‍ കലാമിനും മമ്മൂട്ടിക്കും ഒന്നും ദീപം വിളക്കിലേക്ക് പകര്‍ത്തുവാന്‍ യാതൊരു വിഷമവും ഇല്ല ...രാഷ്ട്രീയത്തേക്കാള്‍ മതം തലയ്ക്കു പിടിച്ചാല്‍ ഇവര്‍ ഇങ്ങിനെ പലതും ബഹിഷ്കരിക്കും

      Delete
  8. ശരിക്കും നടന്ന സംഭവം തന്നെയാണോ.. ?? എങ്കില്‍ നന്നായിരിക്കുന്നു.. :) അല്ലെങ്കിലും..;)

    ReplyDelete
    Replies
    1. സമാനമായ ഒരു സംഭവം ആര്‍ക്കും പരിക്കെല്പിക്കാതെ ഭാവനയില്‍ നിന്നും ഉണ്ടാക്കി.ഇത് ഒന്ന് രണ്ടു ഗ്രൂപ്പില്‍ ഇട്ടപ്പോള്‍ പല അവസരവാദികളും വന്നു പല മുടന്തന്‍ ന്യായങ്ങളും നയങ്ങളും നിരത്തി ..അത് കൊണ്ട് ഞാന്‍ ഉള്ള മറ്റു ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തില്ല.ബ്ലോഗില്‍ കിടന്നാല്‍ ആര്‍ക്കും ഉപദ്രവം ഇല്ലല്ലോ .കുറച്ചു അട്മിനുകള്‍ക്ക് അയച്ചു കൊടുത്തു അവര്‍ പോസ്റ്റ്‌ ചെയ്യാന്‍ സമ്മതിച്ചു,

      Delete
  9. ഇതിന്റെ പകുതി ഭാഗം നടന്നത് ആണെന്ന് ഉറപ്പാണ്‌ :). മറുഭാഗം ഭാവനയും, ആഗ്രഹവും ! . ആശംസകള്‍...

    ReplyDelete
    Replies
    1. പകുതിയില്‍ കൂടുതല്‍ ഞാന്‍ നേരിട്ട് കണ്ടതാണ്.ഞാനും ആ വായനശാലയുടെ ഭാഗമായിരുന്നു.രാഷ്ട്രീയം മനസ്സില്‍ മാത്രം സൂക്ഷിക്കുന്ന ആളായതുകൊണ്ട് അവിടെ നടന്നത് വൃത്തികേടായി തോന്നി.വന്നതിലും അഭിപ്രായം പറഞ്ഞതിനും നന്ദി

      Delete
  10. ഇത് ഒരു കഥയോ ലേഖനമോ എന്തുമാവട്ടെ, പക്ഷെ ഇതിലെ ആദ്യഭാഗത്ത്‌ പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥ സംഭവമാണെങ്കില്‍,അവസാന ഭാഗത്ത്‌ പറഞ്ഞത് സത്യമല്ല; കാരണം ഇതിലും മോശമായ കാര്യങ്ങളാവും അവിടെ നടന്നിട്ടുണ്ടാവുക.

    എഴുത്തിനു ആശംസകള്‍.

    ReplyDelete
    Replies
    1. ഒരു പത്തു പതിനഞ്ചു കൊല്ലം മുന്‍പ് ഉള്ഘാടനത്തിന് വന്ന ജനപ്രതിനിധി ഇതെപോലത്തെ കാരണത്താല്‍ ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായതും പോലീസ് രക്ഷപെടുത്തിയതും പത്രത്തില്‍ വായിച്ച്ട്ടുണ്ടാവുമല്ലോ.അത് കുറച്ചു എന്റെ ഭാവനയില്‍ എഴുതി.അവസാന ഭാഗം നമ്മുടെ കേരളത്തില്‍ നടക്കില്ല ..അത്ര മതഭ്രാന്തന്മാര്‍ വാഴുന്ന സ്ഥലം ..നന്ദി വോയിസ്‌

      Delete