Tuesday, June 18, 2013

നമ്മള്‍ മറന്നുപോകുന്ന ചില സത്യങ്ങള്‍

പഴയ വഴികളില്‍ കൂടി "അയാള്‍" നടന്നു.ഇവിടുന്നു "പോയിട്ടു" പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കണം .ഇടവഴികള്‍ ഒക്കെ മാറി റോഡുകള്‍ ആയിരിക്കുന്നു.ഉള്ളിലേക്ക് പോകുംതോറും കാര്യമായ വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല .മുൻപ് എത്ര ആൾക്കാർ അയാളെ  തിരഞ്ഞു വന്ന വഴിയാണ്. ഇന്ന് ഈ വഴിയിൽ ആളനക്കം പോലുമില്ല .എല്ലാവരും അയാളെ  മറവിയുടെ കയങ്ങളിലേക്ക് തള്ളിയിരിക്കുന്നു.പക്ഷെ ചിലരുണ്ട് ..എല്ലാ കൊല്ലവും ഈ ദിവസം അയാളെ  ഓർമിക്കുന്നവർ ..അവർക്ക് അങ്ങിനെ മറക്കുവാൻ പറ്റുമോ അയാളെ  ?ജന്മം തന്ന അമ്മ ,കൂടപിറപ്പുകൾ ...അയാളുടെ പേരും പറഞ്ഞു പലതും ഉണ്ടാക്കിയവർ ,അയാൾ  സഹായിച്ചു ഒരു നിലയിലായവർ .അങ്ങിനെ പലരും....അവർ ഇപ്പോഴും അത് തന്നെയല്ലേ തുടരുന്നതും ഒരു ഓർമ വെറുതെ ...വീടിനരികില്‍ എത്തിയപ്പോള്‍ ഒന്ന് ശങ്കിച്ച്  നിന്നുപോയി ..കയറണമോ ?കയറിയാൽ എന്നും കേൾക്കുന്ന ആവലാധികൾ തന്നെ അമ്മയിൽ നിന്നും വരും .സഹോദരിമാർ എല്ലാം കണ്ണ്നീരിൽ ഒളിപ്പിക്കും .എങ്കിലും അവരുടെ ഉള്ളിൽ ഈ ചേട്ടനോടുള്ള അമർഷം കെട്ടികിടപ്പുണ്ട്.അത് ഉറപ്പാണ്.ഈ ചേട്ടൻ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്തോ ?വീടിനു വേണ്ടി എന്തെങ്കിലും ?ഒന്നുമില്ല ,അവർക്ക് ഓർമിക്കുവാൻ തക്കതായ ഒന്നും ചെയ്തില്ല .നാട്ടുകാർക്കും പാർട്ടിക്കും വേണ്ടി ഓടി പ്രവർത്തിച്ചപ്പോൾ വീട്ടിനു വേണ്ടി ഒന്നും ഉണ്ടാക്കിയില്ല.ആദർശവാനായ നേതാവായിരുന്നു അയാള്  ...പക്ഷെ വീടിനെയും അമ്മയെയും കൂടപിറപ്പുകളെയും മറന്നു ..എങ്കിലും  അവർക്ക് പല സ്ഥലത്തും നേതാവിന്റെ വീട്ടിലെ ആൾക്കാർ എന്ന പരിഗണന ലഭിച്ചു ..പക്ഷെ പരിഗണന കൊണ്ട് മാത്രം വിശപ്പ്‌ മാറില്ലല്ലോ ?വിശപ്പ്‌ മാറുവാൻ അവരൊക്കെ ജോലിക്ക് പോയി തുടങ്ങി  ..അവർ ഇപ്പോൾ പോകുന്നതിലും നല്ല സ്ഥലത്ത് അവരെ അയാൾക്ക്‌  നല്ല ജോലി കൊടുത്ത്  സംരക്ഷിക്കാമായിരുന്നു  പക്ഷെ ഉള്ളിന്റെ ഉള്ളിൽ തറച്ചു പോയ ആദർശങ്ങൾ അയാളെ അതിൽ നിന്നും വിലക്കി.

നിയമസഭ സീറ്റിനെ ചൊല്ലി പാർട്ടിയിൽ കലാപം ഉണ്ടായപ്പോൾ ഒത്തുതീർപ്പ് സ്ഥാനാർഥിയായി അയാളുടെ  പേര് പാർട്ടിയിൽ പൊന്തിവന്നു.മുൻപ് പലപ്പോഴും പാർട്ടി നിർബന്ധിച്ചിട്ടും ഒഴിഞ്ഞു മാറുകയായിരുന്നു.സ്ഥാന മാനങ്ങൾ കിട്ടിയാൽ പലതിനും അത് വിലങ്ങു തടിയാവും എന്ന ബോധം മുൻപേ മനസ്സിൽ തറഞ്ഞിരുന്നു.ഇപ്പോഴും താല്പര്യം ഉണ്ടായിട്ടല്ല പാർട്ടിക്കുവേണ്ടി അത് ഏറ്റെടുക്കുവാൻ നിർബന്ധിതനായി ..അതോടെ പാർട്ടിക്കുള്ളിൽ ശത്രുക്കൾ ഉണ്ടാവുന്നത്  അയാൾ  അറിയാതെപോയി.ആ മണ്ഡലത്തിൽ ഏറ്റവും സ്വീകാര്യനായത് അയാൾ ആയതു കൊണ്ട് എതിർപ്പുകൾ പുറത്തേക്ക് വന്നില്ല ..അത് കൊണ്ട് തന്നെ പലരുടെയും മനസ്സിലിരിപ്പും അറിയാതെപോയി.എതിർ പാർട്ടിയിലും അയാളുടെ  സ്ഥാനാർഥിത്വം അങ്കലാപ്പുണ്ടാക്കി ..വിജയനാണ് സ്ഥാനാർഥി എങ്കിൽ അവർക്ക് സിറ്റിംഗ് സീറ്റ് പോകും എന്നുറപ്പായി.അത്രക്ക് ജന സമ്മിതി വിജയന് ഉണ്ടായിരുന്നു 

നോമിനേഷൻ കൊടുക്കേണ്ട തീയതി അടുത്തു വന്നു.അന്നും  പതിവുപോലെ പാർട്ടി കാര്യങ്ങൾ ,നാട്ടു കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്തത് കൊണ്ട് വീട്ടിലേക്കു പോകുവാൻ വൈകി .കൂരാ കൂരിരുട്ടു വക വെയ്ക്കാതെ പരിചിത വഴിയിലൂടെ അയാള് നടന്നു.വീടിനടുത്തുള്ള ഇടവഴിയിൽ നിന്നും ആരോ പിന്നിലൂടെ വട്ടം പിടിച്ചു .പിന്നെ വായും മൂക്കും പൊത്തി..മുന്നിലായി ഇരുട്ടിൽ ഒന്ന് രണ്ടു രൂപങ്ങൾ ഒന്നും വ്യക്തമല്ല .എന്തോ ഒന്ന് ശരീരത്തിലൂടെ തുളച്ചു കയറി ഒരിക്കലല്ല പല പ്രാവശ്യം.ശരീരത്തിലെ പല ഭാഗങ്ങളിൽ അത് ആഴ്ന്നിറങ്ങി ...അബോധാവസ്ഥയിലേക്ക് മറയും മുൻപേ കഠാര കയ്യിൽ പിടിച്ച ആളുടെ മുഖം ഒരു തവണ കണ്ടു ..വിശ്വസിക്കാനായില്ല സ്വന്തം പാർട്ടികാരൻ  തന്നെ ...എന്തിനെന്നോട്  നിങ്ങൾ ഇത് ചെയ്തു ..എന്ന് പൂര്ത്തിയാക്കിയില്ല .വായിൽ നിന്നും ശബദം പുറത്തേക്കു വന്നില്ല .പകരം ചോരയും തുപ്പലും കലർന്ന മിശ്രിതം പുറത്തേക്ക് ചാടി .....വീണ്ടും ആക്രമണങ്ങൾ ....പിന്നെ ഒന്നും ഓർമയില്ല .അയാൾ മയക്കത്തിലേക്ക് പോയി.

പൊതുവഴിയിൽ അനേകം വെട്ടേറ്റു കിടന്ന അയാളെ ആശുപത്രിയിൽ എത്തിച്ചിട്ടും ഫലമുണ്ടായില്ല  പിറ്റേന്ന് എതിർ പാർട്ടികാരാൽ കൊല്ലപ്പെട്ട നേതാവായി അയാൾ ചരിത്രത്തിൽ കയറി..പരാജയം മണത്ത അവരുടെ ക്രൂര ചെയ്തിയായി സമൂഹം ഒന്നാകെ വിശ്വ സിച്ചു   .അയാളുടെ പാർട്ടി അതിനു വേണ്ടി നന്നായി പ്രവർത്തിക്കുകയും ചെയ്തു.അങ്ങിനെ പാർട്ടിക്ക് പുതിയ ഒരു രക്തസാക്ഷിയെ കൂടി കിട്ടി...സഹതാപതരംഗത്തിൽ പാർട്ടി നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു.യദാർത്ഥ കൊലയാളികൾ മറക്കു പിന്നിലായി ..എതിർപാർട്ടികാർ  കൊലയാളികളായി മുദ്രകുത്തപെട്ടു.ആ പാർട്ടിയിലെ കുറേപേർ പല വകുപ്പുകൾചാർത്തപെട്ടു അകത്തായി...അവസാനം പാർട്ടിക്കുവേണ്ടി എന്നും കൊല നടത്തുന്ന ചിലർക്ക് മാത്രം ശിക്ഷ കിട്ടി.അയാളുടെ കാര്യത്തിൽ അവർ നിരപരാധികൾ ആയിരുന്നുവെങ്കിലും പാർട്ടികാരുടെ ശക്തമായ ഇടപെടലുകൾ അവരെ ജയിലഴിക്കുള്ളിലാക്കി .മെല്ലെ കോണിപടികൾ കയറി വീട്ടിലെത്തി .അമ്മാവൻ കോലായിൽ ഉണ്ട് ..അമ്മ എന്തൊക്കെയോ പറഞ്ഞു കരയുന്നു .അയാള്  പറമ്പിലേക്ക് നോക്കി അവിടെ അയാളെ  ദ ഹിപ്പിചിടത്തു വിളക്ക് കത്തുന്നുണ്ട് .ചന്ദനതിരികളും പുകയുന്നു.ഒന്ന് രണ്ടു മാലകളും അവിടെ കണ്ടു.

കുറെകാലമായി അറ്റകുറ്റ പണികൾ ഒന്നും ചെയ്യാത്തത് കൊണ്ട് നശിച്ചു കൊണ്ടിരിക്കുന്ന വീട് .കല്യാണ പ്രായം കഴിഞ്ഞിട്ടും ഇറക്കിവിടാൻ കഴിയാത്ത പെങ്ങൾമാർ.അവർക്ക് വേണ്ടി അവരുടെ കുടുംബത്തിനുവേണ്ടി പാർട്ടി പിരിച്ചതിൽ മുഴുവനും നേതാക്കന്മാർ കൊണ്ട് പോയി.ഒന്ന് രണ്ടു മാസം ആശ്വാസവും വാഗ്ദാനവും കൊണ്ട് നേതാക്കളും പാർട്ടികാരും ആ  വീട്ടിൽ  കയറിയിറങ്ങി ..പിന്നെ ആരും അത് വഴി വരാതെയായി .എന്നാലും അവർ എല്ലാ വർഷവും മുടങ്ങാതെ അയാളുടെ  രക്തസാക്ഷിത്വം ആചരിക്കുന്നു അല്ല ആഘോഷിക്കുന്നുണ്ട് .ജീവിച്ചിരിക്കുന്നവരെക്കാൾ മരിച്ചവരെയാണ് പല പാർട്ടികാർക്കും ആവശ്യം.ജീവിച്ചിരിക്കുന്നവന് പങ്കു കൊടുക്കണം ചത്തവന് വേണ്ടി ആര് ചോദിക്കുവാൻ.?..ജീവിച്ചിരിക്കുമ്പോൾ കുടുംബത്തിനു ഉപകാരം ഇല്ലാത്തവന്റെ  കുടുംബത്തെ ചത്തു മണ്ണടിഞാൽ  ചില പാർട്ടിക്കാർ സഹായിക്കും ..അതുപോലെ  ചുരുക്കം ചിലർക്ക് ഉപകാരം കിട്ടുന്ന ഈ കാലത്ത് അയാളെ കൊണ്ട്  അതിനുകൂടി കഴിഞ്ഞില്ല .അയാളെ പോലുള്ളവരെ ജീവനുള്ളപ്പോൾ മാത്രമാണ് പാർട്ടിക്ക് ആവശ്യം.

അയാൾ മെല്ലെ ഇറങ്ങി നടന്നു.നടന്നു നടന്നു കവലയിലെത്തി .അവിടുണ്ടായിരുന്ന ഒരു കൂറ്റൻ പ്രതിമക്കടുത്തെത്തിയപ്പോൾ അയാൾ ബ്രേക്ക്‌ ഇട്ടതുപൊലെ  നിന്നുപോയി.ആ പ്രതിമ മാലയും പൂവും മറ്റും കൊണ്ട് നന്നായി അലങ്കരിച്ചിട്ടുണ്ട് ....കുറേപേർ അതിനു ചുറ്റും അവിടിവിടങ്ങളിലായി ഉണ്ട്.ചിലർ വിളക്ക് തെളിയിക്കുന്നു.ചിലർ പുഷ്പാഭിഷേകം നടത്തുന്നു ..ചിലർ കൈകൂപ്പി നിൽക്കുന്നു .മൈക്കിലൂടെ അയാളുടെ  പഴയ പ്രസംഗങ്ങൾ ഒഴുകുന്നു.അയാൾ മെല്ലെ തല ഉയരത്തി നോക്കി

അത് അയാളുടെ  രൂപം തന്നെ ..പെയിന്റ് ഒക്കെ അടിച്ചും മറ്റും വൃത്തിയാക്കിയിട്ടുണ്ട് .ചുവടെ ജനിച്ച തീയതിയും മരിച്ച തീയതിയും കല്ലിൽ കൊത്തിവെച്ചിരിക്കുന്നു .അപ്പുറത്ത് സൈഡിൽ ഒരു ബാനറിൽ വണ്ണത്തിൽ എഴുതി വെഛിരിക്കുന്നു .

"കാപാലികരാൽ കൊല്ലപെട്ട പ്രിയ നേതാവ് വിജയന്റെ പതിനഞ്ചാം രക്തസാക്ഷി  ദിനം "

വേറെ ഒരു ബോർഡിൽ വൈകുന്നേരത്തെ അനുസ്മരണ സമ്മേളനത്തെ കുറിച്ചും അതിൽ പങ്കുചേരുന്നവരെ കുറിച്ചും ആയിരുന്നു .അത് വായിച്ചപ്പോൾ അയാൾക്ക്‌ ചിരി വന്നു.തന്നോട് തന്നെ പുച്ഛവും ..പാർട്ടിയോട് ഒരുതരം വെറുപ്പും അയാളിൽ കുടികൊണ്ടു .

പതുക്കെ അയാൾ ആ പ്രതിമയിലെക്കുള്ള പടിക്കെട്ടുകൾ കയറി ചുറ്റുമുള്ള കൽകെട്ടിലൊന്നിൽ ഇരുന്നു ..അവിടെ നിന്ന് കൊണ്ട് ആത്മാർഥതയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവരോട് പലതും വിളിച്ചു പറയണം എന്ന്  അയാൾക്ക്‌ തോന്നി .അയാൾ അവിടെ കൂടിയിരിക്കുന്നവരോട് ഉച്ചത്തിൽ പറഞ്ഞു .


"നിങ്ങൾ ആദ്യം നിങ്ങളുടെ കുടുംബം നോക്ക് എന്നിട്ടുമതി ജനസേവനം ...അല്ലെങ്കിൽ അധികാരമോഹികളുടെ കാൽച്ചുവട്ടിൽ തീർന്നു പോകും നിങ്ങൾ ..നിങ്ങളുടെ കുടുംബം അനാഥരുമായി പോകും...പലർക്കും ഇത് ബിസിനസ് ആണ് സ്വയം നന്നാകുവാൻ സ്വന്തം കുടുംബം നന്നാക്കുവാൻ അവരുടെ ക്രൂരമുഖവും സ്വാർത്ഥമുഖവും  മറച്ചു പിടിച്ചു ,നമ്മുടെ മുഖം മറന്നു കൊണ്ടുള്ള അഭ്യാസം.അതിനു അവര്‍ പരസ്പരം മത്സരിക്കും ,ചതിക്കും ,കൊല്ലും..അവിടെ സഹോദരരോ സുഹൃത്തുക്കളോ ഇല്ല ശത്രുക്കള്‍ മാത്രം.അവന്റെ വഴിയില്‍ തടസ്സം നില്‍ക്കുന്നവരെ  ഒക്കെ അവന്‍ അറിഞ്ഞു കൊണ്ട് ദ്രോഹിക്കും ...ചിലപ്പോള്‍ കൊല്ലും..പൊതുജന സേവനമാണ് ലക്ഷ്യമെങ്കിൽ എന്തിനു അധികാരത്തിനു വേണ്ടി ഈ വടം വലികൾ ....?സ്വയം ചിന്തിക്കുക നിങ്ങൾ ..ഒരു പത്തു മിനിട്ട്  ചിന്തിച്ചാൽ നിങ്ങൾക്ക് കാര്യം മനസ്സിലാകും .അധികാര മോഹ മില്ലാത്ത ഒരു സമൂഹമേ നന്മകൾ കൊണ്ട് വരികയുള്ളൂ അവിടെയെ ശാന്തിയും സമാധാനവും കടന്നു വരൂ "

അയാളുടെ ശബ്ദം ആരും കേട്ടില്ലെങ്കിലും അയാൾക്ക്‌ മനസ്സിൽ എന്തോ ഒരു സമാധാനം കൈവന്നതുപോലെ തോന്നി .അയാൾ മുന്നോട്ടേക്ക് നടന്നു ..ഇനി അടുത്തവർഷം ഒരു വിളിയുണ്ടാകും അന്നേരം വരാം 

കഥ ;പ്രമോദ് കുമാർ .കെ.പി 

No comments:

Post a Comment