Tuesday, May 7, 2013

പ്രവാസി

ആരാണ് പ്രവാസി ?

കുറേകാലമായി എന്റെ മനസ്സില്‍ ഉയരുന്ന ഒരു ചോദ്യം ആണ്.വര്‍ഷങ്ങളായി  അന്യ നാട്ടിലും രാജ്യത്തും ജോലി ചെയ്യുന്ന ഞാന്‍ പ്രവാസിയല്ലേ ?ആരോട് ചോദിക്കുവാന്‍.?സംശയം വല്ലാതെ മനസ്സിനെ പ്രഹരിച്ചു കൊണ്ടിരുന്നപ്പോള്‍ ഫേസ് ബുക്ക്‌ വഴി അതിനൊരു പരിഹാരം കാണാം എന്ന് വിചാരിച്ചു.ഞാന്‍ അംഗമായ സകല ഗ്രൂപ്പിലും പോസ്റ്റ്‌ ഇട്ടു ..


'ആരാണ് പ്രവാസി ?
എന്താണ് പ്രവാസിയുടെ നിര്‍വചനം?നാടും വീടും വിട്ടു കഴിയുന്ന എല്ലാവരും പ്രവാസികള്‍ ആണോ ,അതോ ഗള്‍ഫില്‍ ഉള്ളവര്‍ മാത്രമോ പ്രവാസികള്‍ ?'

മിനിട്ടുകള്‍ക്കുള്ളില്‍ അഭിപ്രായങ്ങള്‍ ഒഴുകി ഒഴുകി വന്നു.ഭൂരിപക്ഷം പേരും നാടും വീടും വിട്ടു നില്‍ക്കുന്നവര്‍ എല്ലാവരും പ്രവാസികള്‍ ആണെന്ന് പറഞ്ഞു തന്നു.ചിലര്‍ അതിന്റെ ഇംഗ്ലീഷ് വേര്‍ഡ്‌  വരെ പറഞ്ഞു എനിക്ക് എന്ത് കൊണ്ട് ഇത്തരക്കാരെ പ്രവാസികള്‍ എന്ന് പറയുന്നത് എന്ന് കൂടി  നന്നായി വിശദീകരിച്ചു തന്നു.എനിക്ക് മനസ്സിലായി തുടങ്ങി .പ്രവാസി എന്ന് വെച്ചാല്‍ വീടും നാടും ഒക്കെ വേര്‍പിരിഞ്ഞു ജീവിക്കുന്നവന്‍ എന്നാണ് അര്‍ഥം,അല്ലാതെ ഗള്‍ഫില്‍ മാത്രം താമസിക്കുന്നവര്‍ അല്ല എന്ന് .....ഗള്‍ഫില്‍ ആയാലും കാനഡ ആയാലും കോയമ്പത്തൂര്‍ ആയാലും അവന്‍ പ്രവാസി തന്നെ.അതായത് കണ്ണൂര്‍ വിട്ട്‌ കൊല്ലത്ത് താമസിക്കുന്നവനും കേരളം വിട്ടു തമിള്‍നാടില്‍ താമസിക്കുന്നവനും ഇന്ത്യ വിട്ടു അമേരിക്കയില്‍ താമസിക്കുന്നവനും  പ്രവാസി തന്നെ.

എന്നിട്ടും ചിലര്‍ എന്നെ വട്ടം കറക്കി.അവരുടെ ഉള്ളിന്റെ ഉള്ളില്‍ പണ്ടേ ഉണ്ടായിരുന്ന ഉത്തരമാണ് എനിക്ക് വേണ്ടി അവര്‍ പോസ്റ്റ്‌ ചെയ്തത്.അതിനു മുകളിലത്തെ ഉത്തരങ്ങള്‍ അവര്‍ വായിക്കാത്തത് കൊണ്ടോ അതോ മനസ്സില്‍ പതിഞ്ഞതിനെ ഇല്ലായ്മ ചെയ്യാന്‍ വയ്യാത്തത് കൊണ്ടോ എന്നറിയില്ല ...അവരുടെ അഭിപ്രായത്തില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ മാത്രമാണ് പ്രവാസികള്‍.പലരും കാലാകാലമായി അത് വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.പ്രവാസം എന്നാല്‍ ഗള്‍ഫ്‌ മാത്രം ആണെന്നാണ്‌ ഇത്തരക്കാര്‍ പലരും ഇപ്പോഴും  ധരിച്ചും വെച്ചിരിക്കുന്നത്. അവരെ പെട്ടെന്ന് പറഞ്ഞു മനസ്സിലാക്കുവാനും ബുദ്ധിമുട്ടാണ് ..അവര്‍ പതിയെ മനസ്സിലാക്കട്ടെ.

മുന്‍പ് ഞാനും ആദ്യമൊക്കെ അങ്ങിനെയാണ് കരുതിയിരുന്നതും.പ്രവാസികള്‍ക്ക്  പ്രശ്നം ഉണ്ടെന്നു നമ്മളുടെ ജനപ്രതിനിധികള്‍ പറഞ്ഞു വന്നതും അതുകൊണ്ട് അവരുടെ കാര്യം നോക്കാന്‍ അവര്‍ക്ക് ഒരു മന്ത്രി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതും ഗള്‍ഫ്‌കാരെ ഉദ്ദേശിച്ചു മാത്രം ആയിരുന്നു.അത് കൊണ്ട് തന്നെ പ്രവാസം എന്നാല്‍ മരുഭൂമിയില്‍ അവര്‍ ഒതുക്കി.അവിടുത്തെ ആള്‍ക്കാരുടെ പ്രശ്നങ്ങളില്‍ മാത്രം നേതാക്കളും ഭരണവും തലയിട്ടു ..അതിനു മറ്റൊരു കാരണം കൂടി യുണ്ടായിരുന്നു ..കൂടുതല്‍ ഉള്ളയിടത്ത് നിന്നല്ലേ അവര്‍ക്കൊക്കെ കയ്യിട്ടു വാരുവാന്‍ പറ്റൂ. പേരിനു മാത്രം പ്രവാസികള്‍ ഉള്ള സ്ഥലത്ത് അവര്‍ പോയില്ല ,അവിടുത്തെ പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടില്ല.അവിടുത്തെ പല പ്രശ്നങ്ങളും അവര്‍ അറിഞ്ഞില്ല അല്ലെങ്കില്‍ കണ്ടില്ല എന്ന് നടിച്ചു.

ഗള്‍ഫ്‌ അന്നന്ന്  ശുഷ്ക്കിച്ചപ്പോള്‍ അവര്‍ക്ക് ബോധം വന്നിട്ടുണ്ടാവണം ..അവര്‍ മറ്റു സ്ഥലത്തും ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്.മുന്‍പ് വെറും ടൂറിനു വേണ്ടി മാത്രം പോയ സ്ഥലത്തെ പ്രശ്നങ്ങള്‍ അവര്‍ ഇന്ന് മനസ്സിലാക്കുന്നു...ചിലതൊക്കെ ചെയ്യുന്നുമുണ്ട്.അങ്ങിനെ അവര്‍ പ്രവാസം എന്നത് ഗള്‍ഫ്‌ മാത്രം അല്ല എന്ന് നമുക്ക് കൂടി  മനസ്സിലാക്കി തരുന്നു.അങ്ങിനെ ഭൂരിഭാഗം ജനങ്ങളും പ്രവാസികളായ നമ്മുടെ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും ഭരണത്തിന്റെ ചെറു കിരണങ്ങള്‍ പലപ്പോഴായി  കിട്ടുമെന്ന് പ്രത്യാശിക്കാം.

വാല്‍കഷ്ണം :ഇപ്പോഴും ഗള്‍ഫിലെ ഭൂരിഭാഗം സംഘടനകള്‍ക്കും  പ്രവാസം എന്ന് പറഞ്ഞാല്‍ ഗള്‍ഫ്‌ മാത്രമാണ് ,അവര്‍ " പ്രവാസ മത്സരങ്ങള്‍ "എന്ന തലക്കെട്ട്‌ കൊടുത്തു നടത്തുന്ന മത്സരങ്ങള്‍  ഗള്‍ഫ്‌കാരെ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണ്.സംഘടനകളുടെ തലപത്തിരിക്കുന്നവന്  പ്രവാസം  എന്തെന്ന് അറിയില്ലെങ്കില്‍ പിന്നെ അവിടെ ആര്‍ക്കു അറിയാന്‍ ?
 

1 comment: