Tuesday, May 21, 2013

സൌഹൃദം

പാര്‍ട്ടി കഴിഞ്ഞപ്പോള്‍ കുറെ വൈകി.കുറെ എന്ന് പറഞ്ഞാല്‍ പാതിരാത്രി ആയി കാണും.അല്പം ഫിറ്റ് ആണ് .കാലുകള്‍ ശരിയായി നിലത്തുറക്കുനില്ല.ഇനി വീട്ടിലേക്കു ബൈക്ക് ഒടിച്ചു പോകുക അല്പം വിഷമം  തന്നെ ..എന്നാലും വേണ്ടില്ല പോകണം .അല്ലെങ്കില്‍ പരിചയമില്ലാത്ത ഇവിടെ എവിടെ ബൈക്ക് സൂക്ഷിക്കും ?വീടെന്ന് പറഞ്ഞാല്‍ കൂട്ടുകാര്‍ ഒക്കെ ഒന്നിച്ചു താമസിക്കുന്ന ഹോസ്റ്റല്‍.നമ്മുടെ പല കളികള്‍ക്കും കോളേജ്‌ ഹോസ്റ്റല്‍ വിലക്ക് കല്പ്പിച്ചപ്പോള്‍ സമാനചിന്താഗതിക്കാര്‍ ഒന്നിച്ചു കൂടി എടുത്ത തന്ത്രം.കളവു പറഞ്ഞു വീട്ടുകാരെ ഹോസ്റ്റല്‍ എന്നത് മാന്യമായി കഴിയുവാനുള്ള ഇടമല്ല എന്ന് വരുത്തി തീര്‍ത്തു.ഇവിടെ പൂര്‍ണ സുഖം ..ഒന്നിനും ഒരു നിയന്ത്രണം എന്ന മതില്‍കെട്ടുകള്‍ ഇല്ല.അത് കൊണ്ട് തന്നെ ഈ സുഖം അനുഭവിക്കുന്നു.

നവീന്‍ ഒന്ന് രണ്ടു തവണ വിളിച്ചു ..വൈകിയിട്ടും കാണാത്തത് കൊണ്ടാവാം.അവന്‍ അങ്ങിനെയാണ്.എല്ലാറ്റിനും പേടി ..കൂട്ടത്തില്‍ അവനുമായാണ് കൂടുതല്‍ അടുപ്പവും ആത്മബന്ധവും.അത് കൊണ്ട് തന്നെയാണ് അവനെയും ഹോസ്റ്റല്‍ നിന്നും ഒപ്പം കൂട്ടിയതും.പക്ഷെ അവനു ഈ മാതിരി വെള്ളമടിയോ പാതിരാകറക്കമോ ഒന്നുമില്ല.ഇഷ്ട്ടവുമല്ല.അങ്ങിനത്തെ കാര്യത്തില്‍ അവനു എതിരുമാണ് .ഒരു പാവം ചെക്കന്‍..കപടതകള്‍ ഒന്നുമില്ലാത്ത സമൂഹത്തില്‍ വളരെണ്ടവന്‍ ..പക്ഷെ എന്നോടൊപ്പ മായിപോയി .എനിക്ക് നല്ല രീതിയില്‍ രാഷ്ട്രീയവും പ്രവര്‍ത്തനവും ഒക്കെ ഉള്ളതിനാല്‍ കാമ്പസില്‍ എതിരാളികളായി കുറെ പേര്‍ ഉണ്ട്.അത് അവനെ ഭയപ്പെടുത്താരുണ്ട് പലപ്പോഴും.കുറച്ചു സമയം കാണാതിരുന്നാല്‍ ,വരാന്‍ വൈകിയാല്‍ ഒക്കെ അവന്റെ വിളി വരും.കഴിഞ്ഞ ദിവസവും കോളേജില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായി.അതായിരിക്കാം അവന്റെ ഇന്നത്തെ പേടിയുടെ കാരണം.


.പെണ്‍കുട്ടികള്‍ ..അത് മാത്രം അവനു വീക്ക്‌ നെസ്  ആണ് ..അവരുടെ ഒരു ചിരി ,സംസാരം അവനെ വീഴ്ത്തും.അത് മതിയവന് ഒരു ദിവസം മുഴുവന്‍ സന്തോഷിക്കുവാന്‍...അല്ലാതെ മറ്റു പരിപാടികള്‍ ഒന്നുമില്ല.കോളേജില്‍ വന്നന്നു മുതല്‍ പല പിള്ളേരെയും വളയ്ക്കാന്‍ അവന്റെ മനസ്സ് ശ്രമിച്ചു നോക്കി ..ഒന്നും സംഭവിച്ചില്ല .കാരണം പെണ്‍ പിള്ളേരെ കാണുമ്പോള്‍ അവന്‍  ആവിയായി പോകും.മനസ്സില്‍ പറയാന്‍ വെച്ചതൊക്കെ മറന്നു  പോകും.പിന്നെ ചിരിയിലോ മറ്റു ചെറു സംഭാഷണങ്ങളിലോ ആ കൂടിച്ചേരല്‍ അവസാനിക്കും..ഇപ്പോള്‍ അവന്‍ മനസ്സ് ഒന്നിന്റെ പിറകെയാണ്  .നിമിഷ ...പക്ഷെ അത് ഞാന്‍ നോക്കിവച്ചതും .ഞങ്ങള്‍ തമ്മില്‍ നല്ല ഒരു സൌഹൃദം ഇപ്പോള്‍  ഉണ്ട് ..കാര്യങ്ങള്‍ ഒക്കെ തുറന്നു പറയും രണ്ടുപേരും..പക്ഷെ എനിക്ക് അവളോട്‌ പ്രേമം ഒന്നും ഇല്ല..ഒരു ടൈം പാസ്  ആണ് മനസ്സില്‍ .. .അത് കൊണ്ട് തന്നെ അവന്‍ അവളോട്‌  എപ്പോള്‍ ഇഷ്ടം പറയുന്നോ അന്നേരം ഒഴിയാന്‍ നില്‍ക്കുന്നു..വേണമെങ്കില്‍ സൌഹൃദം പോലും..പക്ഷെ അവന്‍ ഭയങ്കര നാണം കുണുങ്ങിയാണ്.ചെറിയ ക്ലാസ്സ്‌ മുതല്‍ ബോയ്സ് സ്കൂളില്‍ പഠിച്ചതു കൊണ്ട് പലര്‍ക്കും കിട്ടുന്ന ഒരു തരംനാണം.

അങ്ങിനത്തെ ചിലര്‍ക്ക് പെണ്‍കുട്ടികളെ കാണുമ്പോള്‍ അത് ആക്രാന്തം ആകും മറ്റു ചിലര്‍ക്ക് അത് ഒരു തരം വിറയലും.രണ്ടാമത്തേതാണ് നവീനിന്റെത് ..അത് മാറ്റാന്‍ കൂടിയാണ് ഞാന്‍ കാത്തിരിക്കുന്നതും.പലപ്പോഴും അവര്‍ സംസാരിക്കാറുണ്ട് ..പക്ഷെ അവന്‍ മനസ്സിലെ കാര്യം മാത്രം പറയാറില്ല. കാരണം ഞാന്‍ ആവാം ..എന്നോട് അവള്‍ക്കു ഒരു ഇഷ്ടം ഉണ്ടെന്നു അവന്‍ കരുതുന്നു..ഞാനും അത് തിരുത്തുവാന്‍ പോയില്ല .അവന്റെ കാര്യങ്ങള്‍ നിമിഷ ഇടയ്ക്കു പറയാറുമുണ്ട്...കൂടുതലും അവന്റെ  നാണത്തെ പറ്റി തന്നെ..ഇന്നലെ നമ്മള്‍ കൂടുതല്‍ സമയം ഒന്നിച്ചു ചിലവഴിച്ചു .അവന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..ഇന്ന് കാലത്ത് അവന്‍ അത് ചോദിക്കുകയുമുണ്ടായി.

"പ്രേമിന്  നിമിഷയുമായി എന്തെങ്കിലും ?'
"എന്തിനാ അറിഞ്ഞിട്ടു ..നീ അവളോട്‌ ചോദിക്കൂ ..എന്തെങ്കിലും ഉണ്ടെങ്കില്‍ അവള്‍ പറയും " ഉള്ളില്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

അത് കേട്ടപ്പോള്‍ അവന്റെ മുഖം മങ്ങിയത് ശ്രദ്ധിച്ച് എങ്കിലും ഉള്ളില്‍ ചിരിച്ചു.അങ്ങിനെ എങ്കിലും അവന്‍ അവന്റെ ഇഷ്ടം പറയട്ടെ...അവന്‍ ചോദിച്ചു കാണുമോ എന്തോ ?ചോദിച്ചുവെങ്കില്‍ അവന്‍ മണ്ടന്‍ ...എന്തായാലും അവനോടു ഇന്ന് തന്നെ സത്യം പറയണം..അവന്റെ രാവിലത്തെ മുഖഭാവം മനസ്സില്‍ നീററ്ലുണ്ടാക്കുന്നു. എന്തായാലും അവനു അവളെ ഒന്ന് കാര്യമായി മുട്ടിച്ചു കൊടുക്കണം .പിന്നെ അവന്റെ കഴിവ് പോലെ യോഗം പോലെ നടക്കും.

കഷ്ട്ടപെട്ടു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു ..റോഡിലേക്കിറങ്ങി ..പോലീസുകാര്‍ ഉണ്ടാവുമോ ?പാതിരാത്രിയായി ..അവരൊക്കെ വിശ്രമിക്കാന്‍ പോയികാണും എന്ന് വിശ്വസിക്കാം..ഒരു മൂളിപ്പാട്ടുമായി വണ്ടി എടുത്തു.അര മണിക്കൂര്‍ പോയിക്കാണും.വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിയും മുന്‍പേ ഒരു ബൈക്ക് വന്നു ഇടിച്ചത് ഓര്‍മയുണ്ട് ...ദൈവമേ ചതിച്ചോ ?പിന്നെ ഒക്കെ മറയുന്ന മനസ്സിലെ വ്യെക്തമാകാത്ത ചില അപൂര്‍ണ ചിത്രങ്ങള്‍.


പോലീസുകാര്‍ മൊഴിയെടുത്തു പുറത്തേക്ക് ഇറങ്ങുമ്പോള്‍ നവീന്‍ അകത്തേക്ക് കയറി.
"ഇന്നലെ കുറച്ചു ഓവര്‍ ആയിപോയി ..അതാ പറ്റിയത് .."
"ഇന്നലെയോ ?'
"പിന്നെ ?'
'നീ ഒരാഴ്ചയായി പൂര്‍ണ ബോധമില്ലാതെ ഇവിടെ കിടക്കുകയാണ് .കയ്യ്ക്കും കാലിനും ഒടിവുണ്ട്..തലയ്ക്കു ചെറിയ ഒരു മുറിവും .ചതവും ..പേടിക്കേണ്ട എന്നാണ് ഡോക്ടര്‍ പറഞ്ഞത് ."
"ഒരാഴ്ചയോ ?"
"അതെ ഒരാഴ്ച ...ചില സമയത്ത്  ഉണരും പിന്നെ ബോധം മായും...ഇന്നലെ വൈകിയാ ശരിക്കും ബോധം വന്നത് ..."

അവരുടെ സംഭാഷണത്തെ മുറിച്ചു കൊണ്ട് നിമിഷയും വേറെ ഒരാളും ആ മുറിയിലേക്ക് പ്രവേശിച്ചു ."എങ്ങിനുണ്ട് പ്രേം ?"
'കാണുന്നില്ലേ ..അത്ര തന്നെ നിമിഷ "
"ഞാന്‍ എത്ര തവണ പറഞ്ഞു ..ഈ രാഷ്ട്രീയം കളയാന്‍...എന്നിട്ടും നീ കൂടെ കൊണ്ട് നടന്നു ..പോരാഞ്ഞ് അവരോടു കശപിശക്കും പോയി ......"
"സാരമില്ല വരേണ്ടത് വഴിയില്‍ തങ്ങില്ല ....ഇത്രയല്ലേ സംഭവിച്ചുള്ളൂ ..."

"ഓ സോറി ഞാന്‍ വിജയിയെ പരിചയപ്പെടുത്താന്‍ മറന്നു ...ഇതു എന്റെ വുഡ് ബീ വിജയ്‌.ദുബായില്‍ ആണ് .അടുത്ത പതിനെട്ടിന് വിവാഹം.പടിപ്പു കഴിഞ്ഞു അടുത്ത വര്‍ഷത്തേക്ക് വെച്ചതായിരുന്നു.പക്ഷെ ജര്‍മനിയിലേക്ക് ഒരു ഓഫര്‍ ..അത് കൊണ്ട് നേരത്തെയാക്കി.ഞാന്‍ ക്ഷണിക്കാന്‍ വരും ...അപ്പോഴേക്കും സുഖമാകട്ടെ.'

അവര്‍ പുറത്തിറങ്ങിയതും പ്രേം ആയാസപെട്ടു പൊട്ടി പൊട്ടി ചിരിച്ചു ..നവീനിനെ ആക്കിയ ഒരു ചിരി.പക്ഷെ ആ സമയത്ത് അവന്റെ കാലുകളില്‍ കെട്ടിപിടിച്ചു നവീന്‍ കരയുക ആയിരുന്നു.അവന്‍ മുഖമുയര്‍ത്തി പ്രേമിനെ നോക്കി ..കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ...ഏങ്ങി കൊണ്ടിരിക്കുന്നു ..കരഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു

"ക്ഷമിക്കൂ പ്രേം ...ഞാന്‍ ആണ് നിന്നെ ഈ ഗതിയില്‍ ആക്കിയത് ...അതും ഇവളെ നഷ്ട്ടപെടാതി രിക്കാന്‍ വേണ്ടി മാത്രം.പക്ഷെ .ഞാന്‍ സത്യം പറയാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു ,,അന്ന് മുതല്‍ . ."

"എനിക്കറിയാം "
നവീന്‍ ഞെട്ടി മുഖമുയര്‍ത്തി
"കള്ളപണി ചെയ്യുംപോഴെങ്കിലും നിനക്ക് നിന്റെ ബൈക്ക് എടുക്കാതിരുന്നൂടെ ..?ഞാന്‍ നിന്റെ ബൈക്ക് ശ്രദ്ധിച്ചതാ ...ഹെല്‍മറ്റ്‌ ഇട്ടിട്ടും നിന്നെ തിരിച്ചറിഞ്ഞതാ ...എല്ലാം ചെയ്തിട്ടും  നീ തന്നെയല്ലേ എന്നെ ആശുപത്രിയിലും എത്തിച്ചത് ..മായുന്ന ബോധത്തിലും നിന്റെ കരച്ചിലും വെപ്രാളവും ക്ഷമപറച്ചിലും വാഹനത്തിനു വേണ്ടിയുള്ള ഓട്ടവും ഒക്കെ ചെറിയ ഒരു ഓര്‍മയില്‍ ഉണ്ട് .."

"ആരോടും ഞാന്‍ സത്യം പറയില്ല ..ഒരു രാഷ്ട്രീയ ശത്രുതയായി എല്ലാവരും കരുതട്ടെ ...എന്നാലും നീ എന്നെ സംശയിചില്ലേ തെണ്ടി ...നിമിഷ എനിക്ക് കൂട്ടുകാരി മാത്രമായിരുന്നു.നീ അവളോട്‌ ആഗ്രഹം പറയാന്‍ ഞാന്‍ കാത്തു നിന്നതാ...ഇനി വേണ്ടല്ലോ ......" അയാള്‍ അവനെ തഴുകി.

പൊട്ടികരഞ്ഞു കൊണ്ട് അവന്‍ പ്രേമിനെ കെട്ടി പിടിച്ചു ..അറിഞ്ഞോ അറിയാതെയോ അവര്‍ക്കിടയിലെ സൌഹൃദത്തിലുണ്ടായ മുറിവുകള്‍  ഉണങ്ങുകയായിരുന്നു.

കഥ :പ്രമോദ്‌ കുമാര്‍ .കെ.പി 

(ഇത് നിങ്ങള്ക്ക് അറിയുന്ന കഥയായിരിക്കാം .,നിങ്ങള്‍ അറിയുന്ന കഥാപാത്രങ്ങള്‍ ആവാം .എന്നാലും എഴുതാതെ വയ്യ )


2 comments:

  1. ഈ കഥാപാത്രങ്ങൾ പണ്ടത്തെ ഞങ്ങളൊക്കെ തന്നെയാണ്..!

    ReplyDelete
    Replies
    1. അതെ ഞാനും കൂടിയുണ്ട്

      Delete