Friday, February 8, 2013

ശാപം

ആശാന്‍ കിടപ്പിലായിട്ട് കുറച്ചായി.എപ്പോഴും കാണാന്‍ പോകണം എന്ന് വിചാരിക്കും.പക്ഷെ ഓരോരോ കാരണങ്ങളാല്‍ പോകുവാന്‍ പറ്റിയില്ല.ഒന്നാമത് ആശാന്റെ വീട്ടിലേക്കു ശരിയായ ഒരു വഴിയില്ല.പല ഇടവഴികളും മറ്റുള്ളവരുടെ  പറമ്പും താണ്ടി പോകണം.അല്ലെങ്കില്‍ റോഡു വഴിയാണെങ്കില്‍ വണ്ടി ആശാന്റെ വീട് വരെ പോകില്ല.വഴിയില്‍ പാര്‍ക്ക് ചെയ്തു ഒന്ന് രണ്ടു പറമ്പ് കയറി പോകണം.മറ്റൊന്ന് നടക്കുവാനുള്ള മടിയായിരുന്നു ഇത്രകാലം എന്നെ അവിടേക്ക് പോകുന്നതില്‍ നിന്നും വിലക്കിയത്.ഒന്ന് രണ്ടു ദിവസമായി ആശാന് കുറച്ചു കൂടുതലാണെന്ന് പറയപ്പെടുന്നു.ആശുപത്രിക്കാരും രക്ഷയില്ല എന്ന് പറഞ്ഞതോടെ വീട്ടില്‍ തന്നെയാണ് കുറച്ചു നാളുകള്‍ ആയിട്ട്.ആശുപത്രിയില്‍ പോയി കണ്ടിരുന്നു .അത് പോരല്ലോ ആളുകള്‍ എന്ത് വിചാരിക്കും അത് കൊണ്ട് ഒന്ന് പോയി കാണണം എന്ന് വിചാരിച്ചു ...എല്ലാവരും
"ഞാന്‍ "എന്നതില്‍ മാത്രം ഒതുങ്ങുന്ന ഈ കാലത്ത് എന്റെയും സ്ഥിതി  അങ്ങിനെ തന്നെ.എന്നിലേക്ക്‌ മാത്രം ഒതുങ്ങുന്നു.നമ്മുടെ കാര്യം മാത്രം.

       ആശാന്‍ മുന്‍പ് കുറെ ഉപകാരങ്ങള്‍ ചെയ്തിട്ടുണ്ട്.അതിനൊക്കെ പ്രതിഫലവും കൊടുത്തിട്ടുണ്ട്‌.അത് കൊണ്ട് തന്നെ ഇനിയും ആശാനേ കാണണമോ കണ്ടിട്ട് എന്ത് പ്രയോജനം എന്നൊക്കെ മനസ്സിലില്‍ അങ്ങിനെ ചുറ്റിതിരിയുന്നു.എന്തായാലും വേണ്ടില്ല ഇന്ന് പോകണം .അങ്ങിനെയാണ് ആറു വയസ്സുള്ള മോനെയും കൂട്ടി പുറപ്പെട്ടത്‌.ആശാന്റെ വീടുവരെ ഒറ്റയ്ക്ക് പോക്ക് നടക്കില്ല ,മിണ്ടാനും പറയാനും ആരെങ്കിലും വേണം ..  കൂട്ടുകാര്‍ പലരെയും വിളിച്ചെങ്കിലും ഞാന്‍ ഇന്നലെ കണ്ടു ,മിനഞാന്നു പോയി എന്നൊക്കെയാണ് മറുപടി കിട്ടിയത്.അത് കൊണ്ട് മകനെ കൂട്ടുവാന്‍ വിചാരിച്ചു.അവനാകുമ്പോള്‍ എന്തെങ്കിലും ഒക്കെ പറഞ്ഞു കൊണ്ടിരിക്കും .ചെറിയ വായിലെ വലിയ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുവാന്‍ രസമാണ്.

അവന്റെ വര്‍ത്തമാനത്തിനിടയില്‍ കുറെ സംശയങ്ങള്‍ ഉണ്ടായിരുന്നു. കുറെ അവന്റെ അമ്മയെ പറ്റിയായിരുന്നു.ഒരിക്കലും അവന്‍ കാണാത്ത അമ്മയെ കുറിച്ച്...ഉള്ളില്‍ വേദനയോടെ പലതിനും മറുപടി കൊടുത്തു.പലതും കള്ളം ആയിരുന്നുവെങ്കിലും....അവന്‍ അങ്ങിനെയാണ്.എന്നെ ഒറ്റയ്ക്ക് കിട്ടുമ്പോള്‍ മാത്രം ആണ് അമ്മയെ പറ്റി  ചോദിക്കുക.വിഷയം പലതവണ മാറ്റിയെങ്കിലും പിന്നെയും അവന്‍ അതില്‍ത്തന്നെ എത്തി.

ആശാന്റെ വീട്ടില്‍ എല്ലാവരും മരണം പ്രതീക്ഷിച്ചു നില്‍ക്കുകയാണേന്നത് പോലെ ..ആശാന്  ബോധം ഇല്ല ...എപ്പോഴെങ്കിലും ബോധം വന്നാല്‍ പിച്ചും പേയും പറയുന്നു .മക്കള്‍ ഒക്കെ അടുതുതന്നെ ഉണ്ട്.വെറുതെ അകത്തു കയറി ഒന്ന് നോക്കി.ആളുകള്‍ വരുന്നു പോകുന്നു.ആര്‍ക്കും സമയം ഇല്ല.ഒരു ഉപചാരം പോലെ .....മകനെ കൊണ്ട് വരേണ്ടിയിരുനില്ല  എന്ന് തോന്നി.അവന്‍ ഓരോരോ സംശയങ്ങള്‍ ചോദിച്ചു തുടങ്ങി.ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നു .അത് കൊണ്ട് തന്നെ വേഗം അവിടുന്നിറങ്ങി.

അവന്റെ സംശയങ്ങള്‍ ഒക്കെ ഒരുവിധം തീര്‍ത്തു കൊണ്ടിരുന്നു .നമ്മള്‍ നടക്കുകയാണ് .

"ഇനിയും കുറെ ദൂരം ഉണ്ടോ വീട്ടിലെത്തുവാന്‍ ?"


അവനു കാലുകള്‍ വേദനിക്കുന്നുണ്ടാവാം .കുറെ ദൂരം നടന്നതല്ലേ.മറുപടി പറയും മുന്നേ
പെട്ടെന്നാണ് വഴിയില്‍ എന്തോ കണ്ടത് .രണ്ടു പാമ്പുകള്‍ ചുറ്റിപിടിച്ചു കിടക്കുന്നു.ഇണ ചെറുക ആവാം ..ഇപ്പോള്‍ ചവിട്ടിപോയേനെ ...ഭാഗ്യം...അവനും കണ്ടു.ഞാന്‍ പുറകോട്ടു മാറി.അവന്‍ കല്ലെടുത്തു എറിയാന്‍ ഭാവിച്ചപ്പോള്‍ തടഞ്ഞു.

"വേണ്ട മോനെ ഉപദ്രവിക്കേണ്ട ..ശാപം കിട്ടും..."
"അമ്മമ്മ പറഞ്ഞിട്ടുണ്ടല്ലോ  ..അച്ഛന്‍ പാമ്പിനെ എവിടെ കണ്ടാലും തള്ളി കൊല്ലുംമെന്നു .."
"എന്നാലും വേണ്ടമോനെ ...നമുക്ക് വേറെ വഴിയില്‍ പോകാം ...."

ഇവിടുന്നു തിരിച്ചു പോകണം എങ്കില്‍ കുറെ ചുറ്റിതിരിയണം.എന്നാലും വേണ്ടില്ല ഇവറ്റകളെ ഉപദ്രവിക്കുവാന്‍ ഞാനില്ല ,കുറെ നടന്നാലും സാരമില്ല .ഇവന്‍ ഇപ്പോഴേ തളര്‍ന്നു.അവനെയും എടുത്തു ഞാന്‍ തിരിഞ്ഞു നടന്നു.

"അച്ഛനല്ലേ പറഞ്ഞിരുന്നത് ..ഞാന്‍ വലുതായി ഇനി എടുക്കില്ലെന്ന് ..."

ഞാന്‍ ചിരിച്ചു ,മറുപടി ഒന്നും പറഞ്ഞില്ല.അവനു എടുത്തത്‌ ഇഷ്ട്ടപെട്ടിരിക്കും ..കാലുകള്‍ വേദനിച്ചിട്ടും എന്റെ വഴക്ക് കേള്‍ക്കും എന്ന് വിചാരിച്ചു  പരയാതിരുന്നതാവാം.ഇരുട്ടി തുടങ്ങി .ഞാന്‍ അവനെയും എടുത്തു വേഗം നടന്നു.

അവന്‍ പറഞ്ഞത് ശരിയാണ് ..പണ്ടൊക്കെ പാമ്പ് എന്ന് പറഞ്ഞാല്‍ ഒരു കലിപ്പ് ആയിരുന്നു.എവിടെ കണ്ടാലും തല്ലി കൊല്ലുമായിരുന്നു.പാമ്പ് മാത്രം അല്ല സകല ജീവികളെയും ഉപദ്രവിക്കുമായിരുന്നു.എന്തോ ഒരു രസം.കിളികൂടും പുറ്റുകളും ഒക്കെ നശിപ്പിക്കുക .എന്തോ ഒരു ഹരം ആയിരുന്നു. അവര്‍ ജീവിക്കുന്ന വീടാണ് ഞാന്‍ നശിപ്പിക്കുന്നതെന്ന്  അറിയാഞ്ഞിട്ടല്ല ..പ്രായത്തിന്റെ ഓരോരോ വിക്രിയകള്‍ .ഇണ ചേരുന്നവയെ പോലും അടിച്ചു കൊന്നിട്ടുണ്ട് .എടാ അവറ്റകളെ കൊന്നാല്‍ പാപം കിട്ടും എന്ന് മുത്തശ്ശി പറഞ്ഞിട്ടും പിന്‍മാറിയിരുനില്ല ..ഒരിക്കല്‍ മുത്തശ്ശി തന്നെ ശപിച്ചു ...''നിനക്കും ഈ ഗതിതന്നെയാണെടാ വരിക "

അതാവുമോ പ്രസവത്തിനിടയില്‍ ഇവന്റെ അമ്മ മരിക്കുവാന്‍ കാരണം ..തുടക്കത്തില്‍ ഒരു പ്രശ്നവും ഇല്ലായിരുന്നു .. ..പിന്നേ വന്ന ഒരു പനിയാണ് കാരണം.അത് കൊണ്ട് തന്നെ പ്രസവം കുറച്ചു പ്രശ്നം ഉണ്ടാക്കുമെന്ന്  മുന്നറിയിപ്പ് തന്നിരുന്നു.പക്ഷെ.....ഇവനോടൊപ്പം അവളുടെ ശ വം ആണ്  കിട്ടിയത്....

അവളുടെ ആഗ്രഹം ആയിരുന്നു ഒരു കൊച്ചുവീട്.അതിന്റെ പണിയും തുടങ്ങിയതാണ്‌ .പക്ഷെ ഓരോരോ കാരനങ്ങള്‍ കൊണ്ട് മുടങ്ങി.അവള്‍ പോയതില്‍ പിന്നെ കുറേകാലം ഇനി എന്തിനു വീട് എന്ന് ചിന്തിച്ചു. ഒരു വര്‍ഷത്തിനു മുന്‍പ് വീണ്ടും പണി  തുടങ്ങി പക്ഷെ ഇപ്പോഴും തീര്‍നില്ല ..ഓരോരോ പ്രശ്നങ്ങള്‍.അതിപ്പോഴും തുടരുന്നു ..വഴി മുടക്കികള്‍ ആയി.

ദൈവവിശ്വാസി പോലും അല്ലാതിരുന്ന ഞാന്‍ ഇപ്പോള്‍ അന്ധ വിശ്വാസിയായിരിക്കുന്നു.ഞാന്‍ ഉപദ്രവിച്ചു വിട്ടവയുടെ ശാപം അല്ലെ എന്നെ ഈ നിലയിലാക്കിയത്. ഇണ നഷ്ട്ടപെട്ടു പോയി..... ആറേഴു വര്‍ഷമായിട്ടും ഒരു വീടു പൂര്‍ത്തിയാക്കുവാന്‍ കഴിയുനില്ല .

ഇണ നഷ്ട്ടപെട്ട പാമ്പുകള്‍ മനസ്സിലൂടെ ഇഴയുന്നത്‌പോലെ തോന്നി.ജീവിച്ചുകൊണ്ടിരുന്ന താവളം നഷ്ട്ടപെട്ട ഉറുമ്പുകള്‍ ശരീരം മുഴുവന്‍ അരിക്കുന്നതായും ....ഞാന്‍ മോനെയും മുറുക്കെ പിടിച്ചു വേഗം വീട് ലക്ഷ്യമാക്കി നടന്നു.അപ്പോള്‍ മനസ്സില്‍ ആരോ പറഞ്ഞു കൊണ്ടിരുന്നു .ഈ ഭൂമിയില്‍ ജീവിക്കുന്ന എല്ലാവര്ക്കും ഈ മണ്ണിനു അവകാശം ഉണ്ട് ..അത് മനുഷ്യര്‍ക്ക്‌ മാത്രം അല്ല ...ഭൂമിയിലുള്ള സകലചരാചരങ്ങള്‍ക്കും അവകാശ പെട്ടതാണ്.അത് കൊണ്ട് അവര്‍ക്ക് വേണ്ടത് അവര്‍ക്ക് തന്നെ കൊടുക്കണം......അല്ലെങ്കില്‍ അനുഭവിക്കും ...ഇന്നലെങ്കില്‍ നാളെയെങ്കിലും ..

കഥ ;പ്രമോദ് കുമാര്‍.കെ.പി.




3 comments:

  1. ഞാന്‍ മോനെയും മുറുക്കെ പിടിച്ചു വേഗം വീട് ലക്ഷ്യമാക്കി നടന്നു.അപ്പോള്‍ മനസ്സില്‍ ആരോ പറഞ്ഞു കൊണ്ടിരുന്നു .ഈ ഭൂമിയില്‍ ജീവിക്കുന്ന എല്ലാവര്ക്കും ഈ മണ്ണിനു അവകാശം ഉണ്ട് ..അത് മനുഷ്യര്‍ക്ക്‌ മാത്രം അല്ല ...ഭൂമിയിലുള്ള സകലചരാചരങ്ങള്‍ക്കും അവകാശ പെട്ടതാണ്.

    ReplyDelete
  2. കഥ നല്ല സന്ദേശത്തില്‍ അവസാനിപ്പിച്ചു. നന്നായി.

    ReplyDelete
  3. നന്ദി എല്ലാവര്ക്കും

    ReplyDelete