Friday, October 19, 2012

വൃദ്ധസദനം

കഴിഞ്ഞ ഒരാഴ്ചയായി വൃദ്ധസദനം വൃത്തിയാക്കുകയാണ് ..ചായം പൂശിയും പുല്ലുകള്‍ പറിച്ചും എന്ന് വേണ്ട ഏതെല്ലാം  രീതിയില്‍ മുഖം മിനുക്കുവാന്‍ പറ്റും അതൊക്കെ ചെയ്യുനുണ്ട് .ഇതുവരെ ഇവിടങ്ങളിൽ കാണാത്ത ഭാരഭാഹികളും മറ്റും സ്ഥിരം സന്ദര്‍ശനം നടത്തുന്നുമുണ്ട് ,അവരുടെതായ അഭിപ്രായങ്ങളില്‍ മുഖചായയിൽ ചില മാറ്റങ്ങള്‍ വരുത്തുന്നുമുണ്ട് .അന്തേവാസികള്‍ക്ക് കാര്യങ്ങള്‍ അത്രക്ക് പിടികിട്ടിയിട്ടില്ല.എന്തിനാണ് ഈ ഒരുക്കങ്ങള്‍ എന്നോ ഒന്നും അവര്‍ക്കറിയില്ല.മക്കള്‍ ഇവിടെ തള്ളിയ ഭൂരിഭാഗം പേര്‍ക്കും അതറിയാന്‍ താല്‍പര്യവും ഇല്ല.ഇവിടെ ഒരുകണക്കിന് സുഖം തന്നെ ..ആരെയും ബുദ്ധിമുട്ടിക്കാതെ കഴിയാമല്ലോ .അത്ര തന്നെ.എങ്കിലും പലരുടെയും ഉള്ളില്‍ വിങ്ങലാണ് ..പോറ്റി വളര്‍ത്തിയ മക്കള്‍ തന്നെ ഇങ്ങിനെ ചെയ്തല്ലോ എന്ന്.

ഇന്ന് എല്ലാവരോടും നന്നായി ഒരുങ്ങാന്‍ പറഞ്ഞിരിക്കുന്നു,എന്തിനാണെന്ന് തിരിച്ചു ചോദിച്ചുമില്ല അവര്‍ പറഞ്ഞുമില്ല.പതിനൊന്നു മണിയായികാണും.ഗേറ്റ് കടന്നു വരുന്നവരെ കണ്ടു ആനന്ദന്‍ നോക്കി ..ചാനല്‍കാര്‍ ആണെന്ന് തോന്നുന്നു.അയാള്‍ ഭാര്യ സുമതിയെ വിളിച്ചു കാണിച്ചു.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവര്‍ ഇവിടെയാണ്‌ ,മക്കള്‍ രണ്ടുപേരും ഇപ്പോള്‍ നല്ല നിലയില്‍. പക്ഷെ അവര്‍ക്ക് ഇവരെ നോക്കുവാന്‍ സമയമില്ല .അവര്‍ അവരുടെതായ തിരക്കില്‍ വിദേശത്തില്‍ ആണ് കുടുംബ സമേതം.മൂന്നോ നാലോ വര്‍ഷത്തില്‍ ഒരിക്കല്‍ വരും ,കാണാനല്ല അവിടുത്തെ ഇല്ലാത്ത പ്രാരാബ്ധങ്ങള്‍ പറയുവാന്‍.മുന്‍പ് ഒരിക്കല്‍ രണ്ടുപേരും വന്നു ഇത്തരം കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ ഇവിടെ എത്തിപെട്ടത്.പങ്കു കച്ചവടം ചെയ്ത അവര്‍ക്കുണ്ടായ ബാധ്യതകള്‍ തീര്‍ക്കുവാന്‍ വേണ്ടി വീട് പണയം വെച്ച്  പണം കൊടുത്തു.അവരുടെ പ്രാരാബ്ദങ്ങള്‍ക്ക് അറുതി വരാത്തതുകൊണ്ട് അത് വില്‍ക്കേണ്ടി വന്നു.ആദ്യം വാടക വീട്ടില്‍ ..പിന്നെ ഇവിടെ ..ഇവിടെ ആക്കിയപ്പോള്‍ അവര്‍ക്ക് വലിയ സ്നേഹം ഇല്ലാതെയായി .

അവര്‍ നല്ല നിലയില്‍ ആണെന്ന് അറിയാം .പക്ഷെ ഭാരം താങ്ങുവാന്‍ വയ്യാത്തതുകൊണ്ട് പ്രാരാബ്ദകാരായി അഭിനയിക്കുന്നു.പല പ്രാവശ്യം പറഞ്ഞതാണ് ആ വീടെങ്കിലും ഒന്ന് തിരികെ എടുത്തു തരുവാന്‍ ..അടുത്ത പ്രാവശ്യം ആകട്ടെ എന്ന് പറഞ്ഞു.. ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു.പിന്നെ ചോദ്യം നിര്‍ത്തി.സുമതി ഇതും പറഞ്ഞു കരയാത്ത ദിവസങ്ങള്‍ ഇല്ല .പലപ്പോഴും ശപിക്കുന്നതും കേട്ടിട്ടുണ്ട് .ഒരു തവണ മക്കളെ കാണുവാന്‍ പോലും കൂട്ടാക്കിയില്ല.ഒരു അമ്മ ഇത്രയും സഹിക്കുമോ എന്നുപോലും തോന്നിപോയിട്ടുണ്ട് .ഇപ്പോള്‍ ഇതാണ് നമ്മളുടെ വീട് ,കുറെ കാലമായി .കുറവുകള്‍ അനവധി ഉണ്ടെങ്കിലും പോരുത്തപെട്ടു കഴിഞ്ഞു .എന്തോ ശബ്ദം അയാള്‍ ഓര്‍മകളില്‍ നിന്നും ഞെട്ടി;പിന്നെ സുമതിയെയും കൂട്ടി പുറത്തേക്കു നടന്നു.


ചാനലുകാര്‍ അവരുടെ പണി ആരംഭിച്ചിരിക്കണം.കരച്ചിലും കുറ്റം പറച്ചിലും ഒക്കെ കേള്‍ക്കുന്നുണ്ട്. അവതാരകയും കേമറമാനും എല്ലാം നന്നായി ചിത്രീകരിക്കുന്നുമുണ്ട് .എല്ലാവരും അവരുടെ മനസ്സിനുള്ളില്‍ അണയാതെ കൊണ്ട് നടന്ന തീയും കനലും പുറത്തേക്കു വിടുകയാണ്.ഇത്തരം മക്കളെ പ്രസവിച്ചതിനു സ്വയം പഴിക്കുന്നവരും ...അവരെ കുറ്റം പറയുന്നവരും.ചാനലുകാര്‍ക്ക് പായസം കുടിച്ച ഭാവം .ഇത് ഒരു മൂന്നു നാല് ഭാഗമാക്കി കാണിച്ചാല്‍ റെറ്റിംഗ് കൂടും...അങ്ങിനെ അവരുടെ മനസ്സില് പല ബിസിനെസ്സ് ചിന്തകള്‍ ..

അവതാരക സുമതിയുടെ മുന്നിലെത്തി .മൈക്ക് മുന്നിലേക്ക്‌ നീട്ടി ചോദിച്ചു

"അമ്മ എങ്ങിനെ ഇവിടെ എത്തി ?"

"ഞാന്‍ മാത്രമല്ല ,എന്റെ ഭര്‍ത്താവും ഇവിടെയാണ് ..എത്തി പെട്ടതോന്നുമല്ല ,നമ്മള്‍ സ്വയം വന്നതാണ്.വയസ്സുകാലത്ത് ഒറ്റയ്ക്ക് കഴിയുന്നതിലും ഭേദം ഇവിടെ കുറെ പേര്‍കൊപ്പം ഒരു കുടുംബം പോലെ കഴിയുന്നതാണ് എന്ന് തോന്നി .മക്കള്‍ ഒക്കെ വിദേശത്തിലാണ് ..അവര്‍ പല പ്രാവശ്യം കൊണ്ട് പോകുവാന്‍ വന്നതാണ് ..അറിയാത്ത ഒരു നാട്ടില്‍ പോയി വേറെ ഒരു സമൂഹത്തില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് നമ്മള്‍ അറിയുന്ന നമ്മളെ അറിയുന്നവര്‍കിടയില്‍ കഴിയുന്നതാണെന്ന് തോന്നി "...പിന്നെയും അവര്‍  എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.കൂടുതലും മക്കളെ പുകഴ്ത്തി കൊണ്ട് ...കേട്ടതൊന്നും വിശ്വാസം വരാതെ ആനന്ദന്‍ മിഴിച്ചിരുന്നു ..പിന്നെ സാവധാനം മുറിയിലേക്ക് നടന്നു.

കുറച്ചു സമയം കഴിഞ്ഞു കാണും ..വിങ്ങി വിങ്ങി കരഞ്ഞു കൊണ്ട് സുമതി മുറിയിലേക്ക് വന്നു .വന്നപാടെ അയാളുടെ മേലിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു .

"എനിക്ക് എന്റെ മക്കളെ കുറിച്ച് അന്യരോട് മോശം  പറയാന്‍ തോന്നിയില്ല ..അവര്‍ മറ്റുള്ളവരുടെ മുന്നില്‍ നാണം കേടുവാന്‍ പാടില്ലല്ലോ ...എന്തായാലും അവര്‍ നമ്മളുടെ മക്കളല്ലേ ..അവര്‍ എന്ത് തെറ്റ് ചെയ്താലും നമ്മളല്ലേ ക്ഷമിക്കേണ്ടത്‌ ..."

അയാള്‍ ഒരമ്മയുടെ വലിപ്പം വീണ്ടും അനുഭവിച്ചറിഞ്ഞു ..അവരെ ഒന്നുകൂടി അമര്‍ത്തി ആലിംഗനം ചെയ്തു.നിനക്ക് എപ്പോഴും ഞാന്‍ ഉണ്ട് എന്നര്‍ത്ഥത്തില്‍ ....

കഥ :പ്രമോദ് കുമാര്‍. കെ.പി.

5 comments:

  1. Very much touching

    ReplyDelete
  2. നന്നായിട്ടുണ്ട്...

    ReplyDelete
  3. അമ്മയ്ക്ക് പകരം അമ്മ മാത്രമാണ്......അത് നാം തിരിച്ചറിയുംബോഴേക്കും ഒരു പാട് വൈകിയിട്ടുണ്ടാകും ....വരികള്‍ ...മനസ്സില്‍ എവിടെയോ നോവ്‌ പടര്‍ത്തുന്നു ....ആശംസകള്‍ ........

    ReplyDelete
  4. മക്കള്‍ സംരക്ഷിക്കുന്ന മാതാപിതാക്കള്‍ ഭാഗ്യം ചെയ്തവര്‍

    ReplyDelete